وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَٰثًا وَمَتَٰعًا إِلَىٰ حِينٍ
അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു.) (ഖുര്‍ആൻ:16/80)
മനുഷ്യര്‍ക്ക് പൊതുവെയും, ഉഷ്ണപ്രദേശങ്ങള്‍, ശൈത്യപ്രദേശങ്ങള്‍, മരുഭൂമികള്‍ മുതലായവയില്‍ വസിക്കുന്നവര്‍ക്ക് വിശേഷിച്ചും അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുള്ള ചില സൗകര്യങ്ങളെ ഈ ആയത്തിൽ എടുത്തു കാണിക്കുന്നു.
(1) ചൂട്, തണുപ്പ്, വെയില്‍, മഴ പോലെയുള്ള പ്രയാലങ്ങളിൽ നിന്നു സ്വസ്ഥമായി ഇഷ്ടാനുസരണം താമസിക്കുവാനുള്ള വീടുകളുണ്ടാക്കുവാന്‍ മനുഷ്യന് അല്ലാഹു ഏര്‍പ്പാട് ചെയ്തുകൊടുത്തു.
(2) യാത്രകളില്‍ കൂടെകൊണ്ടുപോകുവാനും, താമസത്തിനുദ്ദേശിക്കുമ്പോള്‍ നിഷ്പ്രയാസം കെട്ടിയുണ്ടാക്കുവാനും, ആവശ്യംവരുമ്പോള്‍ വേഗം നീക്കം ചെയ്യാനും സാധിക്കുമാറ് കാലികളുടെ തോലുകൊണ്ട് തമ്പും കൂടാരവുമുണ്ടാക്കുവാന്‍ അല്ലാഹു സൗകര്യം ചെയ്തുകൊടുത്തു.
(3) ആടുമാടൊട്ടകങ്ങളുടെ രോമങ്ങളും മുടികളും കൊണ്ടു വസ്ത്രം, പുതപ്പ്, തമ്പ് തുടങ്ങി സന്ദര്‍ഭങ്ങള്‍ക്കൊത്ത പലതരം ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുവാന്‍ അല്ലാഹു സൗകര്യം ചെയ്തുകൊടുത്തു. അതാതിന് വേണ്ടുന്ന വസ്തുക്കളെ സൃഷ്‌ടിച്ചു തന്നതിന്നുപുറമെ, ഓരോന്നും ഉപയോഗപ്പെടുത്തുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതും, ഓരോന്നിനും ഉപയുക്തമായ സാഹചര്യങ്ങള്‍ സിദ്ധിക്കുന്നതും അല്ലാഹുവില്‍നിന്ന് മാത്രമാണ്.
وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلًا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَٰنًا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അല്ലാഹുവിന്) കീഴ്പെടുന്നതിന് വേണ്ടി. (ഖുര്‍ആൻ:16/81)
ഈ വചനത്തില്‍ എടുത്തുകാണിച്ച അനുഗ്രഹങ്ങള്‍ ഇതാണ്:
(1) ഉഷ്ണത്തില്‍ നിന്ന് രക്ഷ കിട്ടുമാറ് തണലേകുന്ന വൃക്ഷങ്ങള്‍, കുന്നുകള്‍, ഭിത്തികള്‍ തുടങ്ങിയ വസ്തുക്കളെ അല്ലാഹു സജ്ജമാക്കി. വെയിലിന്റെ ഉഷ്ണത്തില്‍ തണല്‍ കിട്ടാതിരുന്നാലത്തെ സ്ഥിതി ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
(2) വേണ്ടിവരുമ്പോള്‍ അഭയം പ്രാപിക്കുവാനും, ഒളിഞ്ഞിരിക്കുവാനും ഉതകുമാറ് തുരങ്കങ്ങള്‍, ഗുഹകള്‍, മാളങ്ങള്‍, പൊത്തുകള്‍ മുതലായവ മലകളില്‍ അല്ലാഹു ഏര്‍പ്പെടുത്തി. വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി മലകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കും ചില അടിയന്തരഘട്ടങ്ങളില്‍ ജീവരക്ഷക്ക് തന്നെയും, ഇത് അത്യന്താപേക്ഷിതമായിരിക്കും.
(3) ഉഷ്ണത്തില്‍ നിന്ന് രക്ഷനല്‍കുന്ന പലതരം ഉടുപ്പും വസ്ത്രവും നല്‍കി.
(4) യുദ്ധവേളയില്‍ നേരിടുന്ന കഠിനപരിക്കുകളില്‍ നിന്ന് രക്ഷകിട്ടുവാനുതകുന്ന പടയങ്കി, പടച്ചട്ട, പടത്തൊപ്പി മുതലായ ഉടുപ്പുകള്‍ നല്‍കി.
ഇതെല്ലാം ഓര്‍മ്മിപ്പിച്ചശേഷം, ഇങ്ങിനെയുള്ള അനേകമനേകം അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്തുതന്നിരിക്കുന്നത് നിങ്ങള്‍ അവനെ അനുസരിച്ചും, അവന്നു കീഴൊതുങ്ങിയും, ജീവിക്കുവാന്‍ വേണ്ടിയാണെന്നും ആയത്തിന്റെ അവസാന ഭാഗത്ത് ഉണര്‍ത്തിയിരിക്കുന്നു:
لَعَلَّكُمْ تُسْلِمُونَ
നിങ്ങള്‍ അല്ലാഹുവിന് കീഴ്പെടുന്നതിന് വേണ്ടി. (ഖുര്‍ആൻ:16/81)
അതിന് തയ്യാറില്ലാത്തവരെപ്പറ്റി അല്ലാഹു പറയുന്നു:
فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَٰغُ ٱلْمُبِينُ ﴿٨٢﴾ يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَٰفِرُونَ ﴿٨٣﴾
ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത (കാര്യങ്ങള്‍) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവ രില്‍ അധികപേരും നന്ദികെട്ടവരാകുന്നു. (ഖുര്‍ആൻ:16/82-83)
ഇതാണ് സത്യനിഷേധികളുടെ സ്ഥിതി. സത്യാവസ്ഥ അറിയാതെ വഴിപിഴച്ചു പോകുകയല്ല അവര്‍ ചെയ്യുന്നത്. അതുകൊണ്ടു അതിന്റെ ഫലം അവര്‍ അനുഭവിക്കുക തന്നെ വേണ്ടിവരും.
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ، عَنْ مُجَاهِدٍ؛ أَنَّ أَعْرَابِيًّا أَتَى رَسُولَ اللَّهِ ﷺ فَسَأَلَهُ، فَقَرَأَ عَلَيْهِ رَسُولُ اللَّهِ ﷺ: ﴿{وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَنًا}﴾ قَالَ الْأَعْرَابِيُّ: نَعَمْ. قَالَ: {وَجَعَلَ لَكُمْ مِنْ جُلُودِ الأنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ} قَالَ الْأَعْرَابِيُّ: نَعَمْ. ثُمَّ قَرَأَ عَلَيْهِ، كُلَّ ذَلِكَ يَقُولُ الْأَعْرَابِيُّ: نَعَمْ، حَتَّى بَلَغَ: {كَذَلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ} فَوَلَّى الْأَعْرَابِيُّ، فَأَنْزَلَ اللَّهُ: {يَعْرِفُونَ نِعْمَةَ اللَّهِ ثُمَّ يُنْكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ}
ഒരു അഅ്റാബി നബി ﷺ യുടെ അടുക്കൽ വന്നു. അപ്പോൾ നബി ﷺ അദ്ദേഹത്തിന് ഓതികേൾപ്പിച്ചു: {അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു} അഅ്റാബി പറഞ്ഞു:അതെ, ശരിയാണ്. നബി ﷺ ഓതി: {കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു} അഅ്റാബി പറഞ്ഞു:അതെ, ശരിയാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓര്‍മ്മിപ്പിക്കുന്ന ആയത്തുകൾ പിന്നെയും നബി ﷺ ഓതി. അപ്പോഴും അഅ്റാബി പറഞ്ഞു:അതെ,ശരിയാണ്. അങ്ങനെ നബി ഓതി: {നിങ്ങള്‍ അല്ലാഹുവിന് കീഴ്പെടുന്നതിന് വേണ്ടി.} അപ്പോൾ അഅ്റാബി തിരിഞ്ഞു നടന്നു. അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:{അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ അധികപേരും നന്ദികെട്ടവരാകുന്നു.} (ഇബ്നുകസീര്‍)
സത്യവിശ്വാസികളായ നമ്മുടെ അവസ്ഥയെന്താണ്? നമുക്ക് ലഭിച്ചിട്ടുള്ള ഓരോ അനുഗ്രഹങ്ങളും അത് നൽകിയ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുന്നുണ്ടോ? അതോ മഹാന്‍മാരുടെ പേരിലേക്ക് ചേര്‍ത്തി പറയുന്നുണ്ടോ? അതെല്ലാം അല്ലാഹു നൽകിയതാണെന്ന് സമ്മതിക്കുകയും എന്നിട്ട് അഅ്റാബി ചെയ്തതുപോലെ പിന്തിരിഞ്ഞ് പോകുകയുമാണോ? അതെല്ലാം അല്ലാഹു നൽകിയതാണെന്ന് സമ്മതിക്കുകയും എന്നാൽ ജീവിതത്തിൽ അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും നിര്‍ദ്ദേശങ്ങൾ പരിഗണിക്കാതെ സ്വന്തം ഹവക്കനുസരിച്ച് ജീവിക്കുകയുമാണോ?
kanzululoom.com