മുശ്രിക്കുകളുടെ ആരോപണവും മറുപടിയും

മുശ്രിക്കുകളെ കുറിച്ച് അല്ലാഹു പറയുന്നു:

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ‎﴿٩٨﴾‏ لَوْ كَانَ هَٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَٰلِدُونَ ‎﴿٩٩﴾

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:21/98-99)

കിട്ടുന്ന സന്ദര്‍ഭമെല്ലാം കുതര്‍ക്കങ്ങള്‍ക്കു ഉപയോഗിക്കാറുള്ള മക്കയിലെ മുശ്രിക്കുകള്‍ ഇതുകേട്ടപ്പോള്‍ ഇപ്രകാരം  തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു.  “അങ്ങിനെയാണെങ്കില്‍, ചിലര്‍ മലക്കുകളെയും, ചിലര്‍ ഉസൈര്‍ عليه السلام  നെയും, മറ്റു ചിലര്‍ ഈസാ  عليه السلام നെയും ആരാധിച്ചു വരുന്നുണ്ടല്ലോ. അതേ സമയത്ത് ഇവരെല്ലാം അല്ലാഹുവിങ്കല്‍ നല്ല ആളുകളാണെന്ന് മുഹമ്മദ്  സമ്മതിക്കുകയും ചെയ്യുന്നു.  ഇവരെല്ലാവരും നരകത്തിന്റെ വിറകായിരിക്കേണ്ടതല്ലേ? അവര്‍ നരകത്തിൽ പോകുമെങ്കിൽ അക്കൂട്ടത്തില്‍ ഞങ്ങളും, ഞങ്ങള്‍ ആരാധിച്ചുവരുന്ന വസ്തുക്കളും നരകത്തില്‍ പോകുകയാണെങ്കില്‍ ആയിക്കൊള്ളട്ടെ”. ഇതിനുള്ള മറുപടി അല്ലാഹു പറഞ്ഞിട്ടുണ്ട്:

إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ

തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:21/101)

ആരാധിക്കപ്പെട്ടു വന്നിരുന്നത് സദ്‌വൃത്തരായ മനുഷ്യരോ, മലക്കുകളോ ആണെങ്കിൽ അവര്‍ നരകശിക്ഷയില്‍ നിന്നു ഒഴിവാക്കപ്പെടുന്നവരാണ്. അതിനുള്ള കാരണം മലക്കുകളും,  ഉസൈര്‍ عليه السلام  യും,  ഈസാ  عليه السلام യുമൊക്കെ തങ്ങളെ ആരാധിക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, എല്ലാ പ്രവാചകൻമാരും പഠിപ്പിച്ചിട്ടുള്ളത് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നുമാണ്.

സൂറഃ അസ്സുഖ്റുഫിൽ അല്ലാഹു പറയുന്നു:

وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ

മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു. (ഖു൪ആന്‍:43/57)

അല്ലാഹു പറയുന്നു: {മർയമിന്റെ മകൻ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോൾ} അദ്ദേഹത്തെ ആരാധിക്കുന്നതിനെ വിലക്കുകയും അതിനെ അല്ലാഹുവിന് തുല്യന്മാരെ ഉണ്ടാക്കുകയും ബിംബാരാധന നടത്തുകയും ചെയ്യുന്നതു പോലെയാക്കി. {നിന്റെ ജനത} നിന്നെ കളവാക്കുന്നവർ. {അതിനാൽ} ഈ ഉദാഹരണം പറഞ്ഞതിന്റെ കാരണത്താൽ. {അവർ ആർത്തുവിളിക്കുന്നു} നിന്നോടുള്ള തർക്കത്തിൽ അവർ ബഹളം വെക്കുകയും അട്ടഹസിക്കുകയും തങ്ങളുടെ തെളിവുകളിൽ തങ്ങൾ വിജയിച്ചെന്ന് വാദിക്കുകയും ചെയ്യുന്നു.

وَقَالُوٓا۟ ءَأَٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلَۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ

ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്‌. എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു. (ഖു൪ആന്‍:43/58)

മുഹമ്മദേ, നീയും ഞങ്ങളും അംഗീകരിക്കുന്ന കാര്യമാണ് ഈസാ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച നല്ലവനായ ദാസന്മാരിൽപെട്ടവനാണെന്നത്. ആരാധിക്കാൻ പാടില്ലെന്ന് പറഞ്ഞവരിൽ അദ്ദേഹത്തെയും ഞങ്ങളുടെ ആരാധ്യരെയും ഒരുപോലെയാക്കുന്നത് എന്തിനാണ്? നിന്റെ വാദം ശരിയാണെങ്കിൽ വൈരുധ്യമുണ്ടാകി്ല്ലല്ലോ? നീ പറഞ്ഞില്ലേ:

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ‎

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. (ഖു൪ആന്‍:21/98)

നരകത്തിൽ പ്രവേശിക്കുമെന്ന് പറഞ്ഞതിൽ ഈസാ നബി  عليه السلام യും ഉൾപ്പെടുമല്ലോ എന്നതാണ് അവരുടെ വാദം. ഇതിൽ വൈരുധ്യമില്ലേ? തെളിവിലെ വൈരുധ്യം അതിന്റെ നിരർത്ഥകതയെ അറിയിക്കുന്നു. അവരന്യോന്യം ഏറെ ആഘോഷിച്ചു. ഒരു ആശയക്കുഴപ്പമാണിത്. അതാവട്ടെ – അൽഹംദുലില്ലാഹ് – ഏറ്റവും ദുർബലമായ വാദവുമാണ്. വിഗ്രഹാരാധനയെയും ഈസാ നബി  عليه السلام യെ ആരാധിക്കുന്നതിനെയും തുല്യപ്പെടുത്തി എന്നതാണവരുടെ വാദം. ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അതാവട്ടെ സൃഷ്ടികളിൽ ഒരാൾക്കും; മലക്കായാലും പ്രവാചകന്മാരായാലും പാടില്ല. ഈസാ നബി  عليه السلام യെ ആരാധിക്കുന്നത് മറ്റുള്ളവരെ ആരാധിക്കുന്നതിനോട് തുല്യപ്പെടുത്തുന്നതിൽ എന്ത് ആശയക്കുഴപ്പമാണുള്ളത്?

ഈസാ നബി  عليه السلام യുടെ മഹത്ത്വമോ അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനാണെന്നതോ ഇവിടെ അദ്ദേഹത്തിനും അവർക്കുമിടയിൽ വേർതിരിവ് കൽപിക്കണമെന്നതിന് തെളിവല്ല. അല്ലാഹു പറഞ്ഞതുപോലെ,

إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ

അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. (ഖു൪ആന്‍:43/59)

അതായത് : പ്രവാചകത്വം, യുക്തിജ്ഞാനം, അറിവ്, പ്രവർത്തനം എന്നിവയെക്കൊണ്ട് അനുഗ്രഹം നൽകി.

തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. മൂന്ന് രൂപത്തിൽ ഇതിന് മറുപടി പറയാം:

ഒന്ന് : إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ (അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത്)  എന്നതിൽ مَا (മാ) എന്ന നാമം ജീവനില്ലാത്തവയെ കുറിക്കുന്നു. അപ്പോൾ അതിൽ ഈസാ നബി  عليه السلام ഉൾപ്പെട്ടിട്ടില്ല.

രണ്ട് : ഈ അഭിസംബോധന അന്ന് മക്കയിലും പരിസരത്തുമുണ്ടായിരുന്ന മുശ്‌രിക്കുകളോടാണ്. അവർ ഈസാ നബി  عليه السلام യെ ആരാധിച്ചിരുന്നില്ല. അവർ ബിംബങ്ങളെയും പ്രതിമകളെയും ആയിരുന്നു ആരാധിച്ചിരുന്നത്.

മൂന്ന് : ഈ വചനത്തിനുശേഷം അല്ലാഹു പറഞ്ഞത്:

إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ

തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:21/101)

ഇവരിൽ ഈസാ നബി  عليه السلام യും മറ്റു പ്രവാചകന്മാരും മഹത്തുക്കളും ഉൾപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

 

അവലംബം : അമാനി തഫ്സീര്‍, തഫ്സീറുസ്സഅ്ദി

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *