നാല്‍പതിനായിരം കിലോമീറ്റര്‍ ചുറ്റളവുള്ള, സൂര്യനില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെ സൂര്യനെ ചുറ്റുന്ന ഭൂമി എന്ന ഗ്രഹത്തിലാണ് എഴുന്നൂറ്റി അന്‍പത് കോടി ജനങ്ങള്‍ ജീവിക്കുന്നത്. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന് പതിമൂന്നര ലക്ഷം ഭൂമിക്ക് തുല്യമായ വലിപ്പമുണ്ട്. സൂര്യനും അതിനെ ചുറ്റുന്ന 8 ഗ്രഹങ്ങളും അവയെ ചുറ്റുന്ന 193 ഉപഗ്രഹങ്ങളും ചേര്‍ന്നതാണ് സൗരയൂഥം.
ഭൂമിക്ക് ഒരു ഉപഗ്രഹമേയുള്ളൂ; അതാണ് ചന്ദ്രന്‍. സൂര്യനില്‍ നിന്ന് അകലക്രമമനുസരിച്ചുള്ള ഗ്രഹങ്ങള്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയാണ്.
ഓരോ സെക്കന്റിലും 3 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന പ്രകാശം ഏറ്റവും അകലെയുള്ള നെപ്ട്യൂണിലേക്ക് സൂര്യനില്‍ നിന്ന് നാലേകാല്‍ മണിക്കൂര്‍ സഞ്ചരിക്കണം!
സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്ക് നാലേകാല്‍ വര്‍ഷം പ്രകാശം സഞ്ചരിക്കുന്നദൂരം, അഥവാ നാല്‍പത് ലക്ഷം കോടി കിലോമീറ്റര്‍ ദുരമുണ്ട്. അപ്രകാരം ചുരുങ്ങിയത് പതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന ഒരു വമ്പന്‍ സമൂഹമാണ് നമ്മുടെ മില്‍കീ വേ ഗ്യാലക്‌സി. അതില്‍ പത്ത് ശതമാനത്തോളം സ്വന്തം പ്രകാശമില്ലാത്ത ഗ്രഹങ്ങള്‍ ആണ്. ഈ ഗ്യാലക്‌സിയുടെ ഒരറ്റത്തുള്ള നക്ഷത്രത്തില്‍ നിന്ന് മറ്റേ അറ്റത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം അഥവാ വ്യാസം ഒരുലക്ഷം പ്രകാശ വര്‍ഷമാണ്. അതിന്റെ സെന്ററില്‍ നിന്ന് മുപ്പതിനായിരം പ്രകാശവര്‍ഷം ദൂരത്താണ് നമ്മുടെ ഭൂമിയുടെ സ്ഥാനം. ഇതേപോലെ 54 ഗ്യാലക്‌സികള്‍ ചേര്‍ന്ന സമൂഹമാണ് നമ്മുടെ വിര്‍ഗോക്ലസ്റ്റര്‍. ഒരു ലക്ഷം ഗ്യാലക്‌സികള്‍ ചേര്‍ന്ന ലൈനാകിയാ സൂപ്പര്‍ ക്ലസ്റ്ററിന്റെ ഒരു ചെറുഭാഗമാണ് നമ്മുടെ വിര്‍ഗോ ക്ലസ്റ്റര്‍. സൂപ്പര്‍ ക്ലസ്റ്ററുകള്‍ പോലും പത്ത് ലക്ഷം എണ്ണം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും അകലെയുള്ള ഏച്വ11 എന്ന ഗ്യാലക്‌സിയിലേക്ക് 1300 കോടി പ്രകാശ വര്‍ഷം ദൂരമുണ്ട്.
ഇതാണ് ഇതേവരെ കണ്ടെത്തിയ പ്രപഞ്ചം. മഹാപ്രപഞ്ചത്തിന്റെ ഒരു ചെറുഭാഗം മാത്രമെ ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ എന്ന് പ്രപഞ്ചശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. ഇനിയുള്ളവയെ കണ്ടെത്താനുള്ള സാധ്യത എത്രയോ കുറവാണ്. കാരണം അവ പ്രകാശത്തെക്കാള്‍ വേഗതയില്‍ നമ്മില്‍നിന്ന് അകന്ന് കൊണ്ടേയിരിക്കുകയാണ്. അതിനാല്‍ പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുകയാണ് എന്ന് എഡ്വിന്‍ പി ഹബ്ള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. 51ാം അധ്യായം സൂറതുദ്ദാരിയാത് 47ാം വചനത്തില്‍ ക്വുര്‍ആന്‍ പറയുന്നു:
وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ
ഉപരിലോകമാകട്ടെ നാം അതിനെ ശക്തിയാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചുകൊണ്ടിരിക്കും.
എല്ലാ ഗ്യാലക്‌സികളും അതിഭയാനകമായ വേഗതയില്‍ സഞ്ചരിച്ചിട്ടും എവിടെയും മുട്ടിയിട്ടില്ല. എല്ലാ ഗ്യാലക്‌സികളുടെയും പുറത്ത്കൂടെ എത്രയോ അകലത്തില്‍ ഒന്നാമത്തെ ആകാശം പൊതിഞ്ഞുനില്‍ക്കുന്നു. മുഹമ്മദ് നബി ﷺ പറഞ്ഞു.
”….ഓരോ ആകാശങ്ങള്‍ക്കിടയിലുള്ള ദൂരം ഭൂമിയില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കുള്ള ദൂരത്തിന് തുല്യമാണ്.” (അബൂദാവൂദ്, ഇബ്‌നുമാജ, തുര്‍മുദി).
അങ്ങനെ ഏറ്റവും പുറത്തുകൂടി ഏഴാമത്തെ ആകാശവും അതില്‍ നിന്ന് എത്രയോ, അനന്തവിദൂരതയില്‍ അല്ലാഹുവിന്റെ സിംഹാസവും സ്ഥിതിചെയ്യുന്നു. ആ സിംഹാസനത്തില്‍ ഉപവിഷ്ടനായ അല്ലാഹുവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്ന വിസ്മയ ഗ്രന്ഥം. നബി ﷺ യുടെ ആകാശയാത്ര അഥവാ മിഅ്‌റാജ് യാത്രയില്‍, ജറുസലേമില്‍ നിന്ന് അല്ലാഹുവിന്റെ സിംഹാസനത്തിനടുത്ത് വരെ പോയ ശേഷമാണ് ജറുസലേമിലേക്ക് അവിടുന്ന് തിരിച്ചു വന്നതും. ഏഴാമത്തെ ആകാശം ഉള്‍ക്കൊള്ളുന്ന പ്രപഞ്ചഗോളം മുഴുവനും ചേര്‍ന്നാല്‍ ദൈവിക സംഹാസനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മരുഭൂമിയിലേക്ക് എറിയപ്പെട്ട ഒരു കൊച്ചുവളയം പോലെ മാത്രമാണ് എന്ന് മുഹമ്മദ് നബി ﷺ വിശദീകരിച്ചിട്ടുണ്ട്.
ഇനി നമുക്ക് തിരിച്ചുവരാം. അഖില പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്റെ സിംഹാസനത്തിന് താഴെ എത്രയോ ചെറുത് മാത്രമാണ് ഏഴാം വാനം. ഏഴ് ആകാശങ്ങളില്‍ ഒന്ന് മാത്രമാണ് ഒന്നാംവാനം. അതിന് താഴെ കണ്ടെത്തിയ 10 ലക്ഷം സൂപ്പര്‍ ക്ലസ്റ്ററുകളില്‍ ഒന്ന് മാത്രമാണ് ലൈനാക്കിയ. അതിലെ ഒരുകൂട്ടം മാത്രമാണ് വിര്‍ഗോ ക്ലസ്റ്റര്‍. വിര്‍ഗോ ക്ലസ്റ്ററിലെ 54 ഗ്യാലക്‌സികളില്‍ ഒന്ന് മാത്രമാണ് മില്‍ക്കീവേ. അതിലെ കൂറെ ശാഖകളില്‍ ഒന്ന് മാത്രമാണ് ഓറിയോണ്‍ ആം. അതിലെ പതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ് സൂര്യന്‍.
സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന എട്ട് ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. ഭൂമിയിലെ 195 രാഷ്ട്രങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമായ കേരളത്തിലെ മൂന്നേമുക്കാല്‍ കോടി ജനങ്ങളില്‍ ഒരു വ്യക്തി മാത്രമാണ് ഞാന്‍!
അപ്പോള്‍, അല്ലാഹുവേ! നിന്റെ മുന്നില്‍ ഞാന്‍ എത്രയോ ചെറിയവനും നീ എത്രയോ മഹാനുമാണ്. നാഥാ! നിരര്‍ഥകമായിട്ടല്ല ഈ പ്രപഞ്ചത്തെ നീ സൃഷ്ടിച്ചത്. ഈ ചിന്തയാണ് 3ാം അധ്യായം സൂറഃ ആലുഇംറാന്‍ 190,191 വചനങ്ങളിലൂടെ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.
إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ ﴿١٩٠﴾ ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ﴿١٩١﴾
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
ഡോ. അബ്ദുറസാഖ് സുല്ലമി
kanzululoom.com