സിഹ്റ് : മൗദൂദി സാഹിബിന്റെ നിലപാട്

കണ്‍കെട്ട് പരിപാടികൾ, മായാജാലം, ചെപ്പടി വിദ്യ, വശീകരണം എന്നിവയെല്ലാം സിഹ്റിന്റെ ഇനങ്ങളാണ്. എന്നാൽ ഇതുമാത്രമല്ല സിഹ്റിന്റെ ഇനങ്ങൾ. ശൈത്വാനെ ഉപയോഗിച്ച് സാഹിറൻമാര്‍ ചെയ്യുന്ന പ്രവൃത്തികൾ സിഹ്റിന്റെ മുഖ്യ ഇനമാണ്. എന്നാൽ ശൈത്വാനെ ഉപയോഗിച്ചുള്ള സിഹ്റിനെ നിഷേധിക്കുകയും അത്തരം സിഹ്റുകൾക്ക്  ഹഖീഖത്തും തഅ്ഥീറും (യാഥാര്‍ഥ്യവും പ്രതിഫലനവും) ഇല്ലെന്ന് പറയുകയും ചെയ്യുന്നവരുണ്ട്. അത്തരം ആളുകൾ സിഹ്റിനെ കണ്‍കെട്ട് പരിപാടികൾ, മായാജാലം, ചെപ്പടി വിദ്യ, വശീകരണം തുടങ്ങിയ കാര്യങ്ങളിൽ മാത്രം സ്ഥാപിക്കുന്നു. അത്തരം സിഹ്റുകൾക്ക്  ഹഖീഖത്തും തഅ്ഥീറും (യാഥാര്‍ഥ്യവും പ്രതിഫലനവും) ഉണ്ടെന്നത് ഖുര്‍ആൻ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്.

സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്നും അതിന് സ്വാധീനമുണ്ടെന്നുമുള്ളതിന് തെളിവാണ് സൂറ : അല്‍ ഫലഖിലെ നാലാമത്തെ ആയത്ത്.

وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്ന് (അഭയം ചോദിക്കുന്നുവെന്ന് പറയുക)  (ഖുർആൻ:113/1-5)

നബി ﷺ ക്ക് സിഹ്റ് ബാധിച്ചത് സംഭവും ഇതിന് തെളിവാണ്. സിഹ്റിനെ നിഷേധിക്കുന്നവര്‍, മേൽ ആയത്തിലെ കെട്ടുകളില്‍ ഊതുന്ന സ്ത്രീകൾ എന്നത്  കുതന്ത്രക്കാരും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളുമാണെന്ന തരത്തിൽ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. നബി ﷺ ക്ക് സിഹ്റ് ബാധിച്ച സംഭവം വിവരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസാകട്ടെ, ഖു൪ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്യുന്നത്.

കണ്‍കെട്ട് പരിപാടികൾ, മായാജാലം, ചെപ്പടി വിദ്യ, വശീകരണം എന്നിവയിൽ മാത്രം സിഹ്റിനെ പരിമിതപ്പെടുത്തുന്നവര്‍ സത്യത്തിൽ നിന്നും അകലെയാണ്. ശൈത്വാനെ ഉപയോഗിച്ച് സാഹിറൻമാര്‍ ചെയ്യുന്ന പ്രവൃത്തികൾ സിഹ്റിന്റെ ഇനമാണെന്ന് അംഗീകരിക്കുകയും അത്തരം സിഹ്റുകൾക്ക്  ഹഖീഖത്തും തഅ്ഥീറും (യാഥാര്‍ഥ്യവും പ്രതിഫലനവും) ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ സത്യമാര്‍ഗത്തിലാണ്.

കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയിലെ സഹോദരങ്ങളിൽ മേൽ പറഞ്ഞ രണ്ട് നിലപാടുകാരുമുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ് രചിച്ച തഫ്ഹീമുൽ ഖു൪ആൻ പരിശോധിച്ചാൽ ശൈത്വാനെ ഉപയോഗിച്ചുള്ള സിഹ്റിനെ സ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്. അതാണ് ശരിയായിട്ടുള്ളത്. എന്നാൽ ജമാഅത്തെ ഇസ്ലാമിയിലെ പല സഹോദരങ്ങൾക്കും ഈ വസ്തുത അറിയില്ല. അവരുടെ ശ്രദ്ധയിലേക്ക് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ് രചിച്ച തഫ്ഹീമുൽ ഖു൪ആനിൽ നിന്നുള്ള ചില ഉദ്ധരണികൾ നൽകുന്നു.

ഖുര്‍ആൻ: 113/4 ആയത്തും വിശദീകരണവും തഫ്ഹീമുൽ ഖു൪ആനിൽ

وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ

ബന്ധനങ്ങളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്നും (ഞാന്‍ ശരണം തേടുന്നു).

نَفَّاثَاتِ فِى الْعُقَدِ എന്നാണ് മൂല വാക്ക്. നൂലിലും കയറിലുമൊക്കെ ഉണ്ടാക്കുന്ന കെട്ട് എന്ന അര്‍ഥത്തിലുള്ള عُقْدَة എന്ന പദത്തിന്റെ ബഹുവചനമാണ് عُقَد. ഊതുക എന്നാണ് نَفَث ന്റെ അര്‍ഥം. نَفَّاثَة ന്റെ ബഹുവചനമാണ് نَفَّاثَات. ഇതിനെ عَلاَّمَة പോലുള്ള പ്രയോഗമായി ഗണിച്ചാല്‍ അധികം ഊതുന്ന പുരുഷന്മാര്‍ എന്നാകും അര്‍ഥം. സ്ത്രീലിംഗ വചനമായി ഗണിച്ചാല്‍ അധികം ഊതുന്ന സ്ത്രീകള്‍ എന്നും. ആത്മാവുകള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ എന്നും ആവാം. അറബിയില്‍ نَفْس ഉം (ആത്മാവ്) جَمَاعَة ഉം (സംഘം) സ്ത്രീലിംഗ പദങ്ങളാകുന്നു.

കെട്ടില്‍ ഊതുക എന്നത് ഏതാണ്ടെല്ലാ മുഫസ്സിറുകളുടെയും വീക്ഷണത്തില്‍ ആഭിചാരത്തിന്റെ ഉല്‍പ്രേക്ഷയാകുന്നു. ആഭിചാരകര്‍ ചരടിലോ കുരുക്കിട്ട നൂലിലോ ഊതുക സാധാരണമാണല്ലോ. അപ്പോള്‍ സൂക്തത്തിന്റെ വിവക്ഷ ഇങ്ങനെയാകുന്നു: ആഭിചാരകരില്‍നിന്ന് അല്ലെങ്കില്‍ ആഭിചാരക്രിയകളില്‍നിന്ന് ഞാന്‍ പ്രഭാതോദയത്തിന്റെ നാഥനില്‍ ശരണം തേടുന്നു. പ്രവാചകന് (ﷺ) ആരോ ആഭിചാരം ചെയ്തപ്പോള്‍ ജിബ്‌രീല്‍ عليه السلام വന്ന് മുഅവ്വിദതൈനി ഓതാന്‍ അദ്ദേഹത്തോടു നിര്‍ദേശിച്ചു എന്ന നിവേദനം ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നുണ്ട്. മുഅവ്വിദതൈനിയില്‍ ഈ ഒരു വാക്യം മാത്രമേ ആഭിചാരവുമായി നേരിട്ടു ബന്ധപ്പെട്ടതായിട്ടുള്ളൂ. അബൂമുസ്‌ലിം ഇസ്ഫഹാനിയും സമഖ്ശരിയും نَفَّاثَات ന് മറ്റൊരാശയവും കൂടി പറഞ്ഞിട്ടുണ്ട്. അതിതാണ്: കെട്ടുകളില്‍ ഊതുക എന്നതിന്റെ വിവക്ഷ സ്ത്രീകളുടെ കുതന്ത്രങ്ങളുമാണ്. അവര്‍ പുരുഷന്മാരുടെ നിശ്ചയദാര്‍ഢ്യത്തിലും വിചാരവീക്ഷണങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ ആഭിചാരത്തോട് ഉപമിച്ചിരിക്കുകയാണ്. കാരണം, സ്ത്രീയോടുള്ള അനുരാഗത്തില്‍ മുങ്ങിപ്പോകുന്ന പുരുഷന്‍ ആഭിചാരം ബാധിച്ചവനെപ്പോലെ ആയിത്തീരുന്നു. ഈ വ്യാഖ്യാനം വളരെ ധൈഷണികമാണെങ്കിലും പൂര്‍വസൂരികള്‍ അംഗീകരിച്ചുപോന്നതിനെതിരാണ്. നാം മുഖവുരയില്‍ ചൂണ്ടിക്കാണിച്ച മുഅവ്വിദതൈനിയുടെ അവതരണ പശ്ചാത്തലവുമായും ഈ വ്യാഖ്യാനം പൊരുത്തപ്പെടുന്നില്ല.

ആഭിചാരം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്: മറ്റൊരാള്‍ക്ക് ദോഷഫലങ്ങളുണ്ടാക്കുന്നതിനുവേണ്ടി ചെകുത്താന്മാരുടെയോ ദുരാത്മാക്കളുടെയോ ഗ്രഹങ്ങളുടെയോ സഹായം തേടുകയാണതില്‍ ചെയ്യുന്നത്. അതുകൊണ്ട് ഖുര്‍ആന്‍ അതിനെ കുഫ്ര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അല്‍ബഖറ 102-ആം സൂക്തത്തില്‍ അല്ലാഹു പറഞ്ഞു:

وَمَاكَفَرَ سُلَيْمَانُ وَلَكِنْ الشَّيَاطِينَ كَفَرُوا يُعَلِّمُون النَّاسَ السِّحْرَ

സുലൈമാന്‍ കുഫ്ര്‍ ചെയ്തിട്ടില്ല; എന്നാല്‍, ചെകുത്താന്മാര്‍ കുഫ്ര്‍ ചെയ്തു. അവര്‍ ആളുകളെ ആഭിചാരം പഠിപ്പിച്ചിരുന്നു.

ആഭിചാരത്തില്‍ കുഫ്‌റിന്റെയോ ശിര്‍ക്കിന്റെയോ വാക്കുകളൊന്നുമില്ലെങ്കിലും അത് നിഷിദ്ധമാണെന്ന കാര്യം സര്‍വാംഗീകൃതമാകുന്നു. പരലോക മോക്ഷം ഹനിക്കുന്ന സപ്ത മഹാപാപങ്ങളിലൊന്നായി നബി ﷺ അതിനെ എണ്ണിയിരിക്കുന്നു. തിരുമേനി പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റയില്‍നിന്ന് ഉദ്ധരിക്കുന്നു: ‘വിനാശകരമായ ഏഴുകാര്യങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.’ ജനം ചോദിച്ചു: ‘അവ എന്തൊക്കെയാണ് തിരുദൂതരേ?’ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിന് പങ്കാളിയെ ആരോപിക്കുക, ആഭിചാരം, അല്ലാഹു ആദരിച്ച ജീവനെ അന്യായമായി ഹനിക്കുക, പലിശഭോഗം, അനാഥയുടെ മുതല്‍ തിന്നുക, യുദ്ധത്തില്‍ ശത്രുക്കളോടേറ്റുമുട്ടുമ്പോള്‍ പിന്തിരിഞ്ഞോടുക, സാത്വികകളും വിശുദ്ധകളുമായ വിശ്വാസിനികളുടെ പേരില്‍ വ്യഭിചാരമാരോപിക്കുക.’ (തഫ്ഹീമുൽ ഖുര്‍ആൻ)

സിഹ്റിൽ ശൈത്വാൻ ഇടപെടുന്നതിനെ സ്ഥാപിക്കുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബിന്റെ നിലപാട് ഖുര്‍ആൻ: 2/102 ന്റെ വിശദീകരണത്തിലും കാണാവുന്നതാണ്.

ഖുര്‍ആൻ: 2/102 ആയത്തും വിശദീകരണവും തഫ്ഹീമുൽ ഖു൪ആനിൽ

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ

എന്നിട്ടോ, അവര്‍ സുലൈമാന്റെ രാജവാഴ്ചയുടെ പേരില്‍ ചെകുത്താന്മാര്‍ പറഞ്ഞുപരത്തിയതിനെ പിന്‍പറ്റാന്‍ തുടങ്ങി.(*) സുലൈമാനോ, ഒരിക്കലും സത്യനിഷേധം പ്രവര്‍ത്തിച്ചിട്ടില്ല. ജനത്തെ ആഭിചാരം അഭ്യസിപ്പിച്ചുകൊണ്ടിരുന്ന ആ ചെകുത്താന്മാരാകുന്നു സത്യനിഷേധം പ്രവര്‍ത്തിച്ചത്. ബാബിലോണിലെ ‘ഹാറൂത്ത്’, ‘മാറൂത്ത്’ എന്നീ മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതിനെയും അവര്‍ പിന്തുടര്‍ന്നു. അവര്‍(മലക്കുകള്‍) ആകട്ടെ അത് ആരെ പഠിപ്പിക്കുമ്പോഴും വ്യക്തമായി പറയുമായിരുന്നു: ‘നോക്കൂ, ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാകുന്നു. നിങ്ങള്‍ സത്യനിഷേധത്തില്‍ അകപ്പെടാതിരിക്കുക.'(**) എന്നിട്ടും ഭാര്യാഭര്‍ത്താക്കളെ ഭിന്നിപ്പിക്കാനുതകുന്നത് ആ ജനം അവരില്‍നിന്ന് അഭ്യസിച്ചുകൊണ്ടിരുന്നു.(***) ദൈവഹിതമില്ലാതെ, അതുവഴി അവര്‍ക്ക് ആരെയും ദ്രോഹിക്കാനാവില്ലെന്നു സ്പഷ്ടം. എങ്കിലും ജനം തങ്ങള്‍ക്കു ദ്രോഹകരവും പ്രയോജനരഹിതവുമായ ആ വിദ്യ പഠിച്ചുകൊണ്ടിരുന്നു. അതു വാങ്ങുന്നവന്ന് പരലോകത്തില്‍ ഒരു വിഹിതവുമില്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു. അവര്‍ സ്വയം വിറ്റ് പകരം വാങ്ങിയത് എത്ര മോശം; അവരറിഞ്ഞിരുന്നുവെങ്കില്‍!

(*) ചെകുത്താന്മാര്‍ എന്നാല്‍ ജിന്നുകളില്‍പ്പെട്ട ചെകുത്താന്മാരും മനുഷ്യരില്‍പ്പെട്ട ചെകുത്താന്മാരും ആകാവുന്നതാണ്. രണ്ടു വിഭാഗവും ഇവിടെ ഉദ്ദേശിക്കപ്പെടുന്നുമുണ്ട്. ധാര്‍മികമായും ഭൗതികമായുമുള്ള അധഃപതനം ഇസ്രാഈല്യരെ ബാധിക്കുകയും അടിമത്ത മനഃസ്ഥിതി, അജ്ഞത, ദാരിദ്ര്യം, ദൈന്യത തുടങ്ങിയവ പുരോഗമനവാഞ്ഛയുടെയും സ്ഥിരചിത്തതയുടെയും എല്ലാ അവശിഷ്ടങ്ങളെയും അവരില്‍നിന്ന് നിശ്ശേഷം നശിപ്പിക്കുകയും ചെയ്തതോടെ അവരുടെ ശ്രദ്ധ ആഭിചാരം, മന്ത്രവാദം, ഇന്ദ്രജാലം, ഉറുക്ക്, ജപം തുടങ്ങിയവയിലേക്ക് തിരിഞ്ഞുതുടങ്ങി; അധ്വാനമോ ത്യാഗപരിശ്രമങ്ങളോ കൂടാതെ കേവലം ഹോമമന്ത്രാദികളുടെ ശക്തികൊണ്ട് കാര്യം നേടാനുള്ള കുറുക്കുവഴികള്‍ അവര്‍ അന്വേഷിച്ചു. അവരെ വഴിതെറ്റിക്കാന്‍ പിശാചുക്കള്‍ക്ക് ഇത് നല്ലൊരു സന്ദര്‍ഭമായിരുന്നു. സുലൈമാന്‍ നബി عليه السلام യുടെ അതിമഹത്തായ ഭരണകൂടവും വിസ്മയാവഹമായ കഴിവുകളുമെല്ലാം കേവലം ചില ജപമന്ത്രങ്ങളുടെയും അക്കങ്ങളുടെയും ‘കള’ങ്ങളുടെയും ഫലമായിരുന്നുവെന്നും അത് ഞങ്ങള്‍ പഠിപ്പിച്ചുതരാമെന്നും പറഞ്ഞു ചെകുത്താന്മാര്‍ അവരെ വ്യാമോഹിപ്പിച്ചു. അവരാകട്ടെ, അപ്രതീക്ഷിതമായ ഒരനുഗ്രഹമെന്ന് കണക്കാക്കി അതിലേക്ക് ചാടിവീണു. അതോടെ അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള അവരുടെ അഭിരുചിയും താല്‍പര്യവും നിശ്ശേഷം അവസാനിച്ചുപോവുകയും ഏതെങ്കിലും സത്യപ്രബോധകന്റെ ശബ്ദം ശ്രവിക്കാന്‍ പോലും അവര്‍ സന്നദ്ധരല്ലാതാവുകയും ചെയ്തു.

(**) ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിന്റെ ചുരുക്കമിതാണ്: ഇസ്രാഈല്‍സമുദായം മുഴുവനും ബാബിലോണില്‍ ബന്ധനസ്ഥരും അടിമകളുമായി കഴിഞ്ഞിരുന്ന കാലത്ത്, അവരെ പരീക്ഷിക്കാനായി അല്ലാഹു രണ്ടു മലക്കുകളെ മനുഷ്യരൂപത്തില്‍ അവരിലേക്ക് അയച്ചിരിക്കാം. ലൂത്വ് عليه السلام ന്റെ ജനതയുടെ അടുക്കല്‍ മലക്കുകള്‍ അഴകുള്ള ആണ്‍കുട്ടികളുടെ രൂപത്തില്‍ ചെന്നിരുന്നതുപോലെ, ഇസ്രാഈല്യരുടെ അടുത്ത് ഭിക്ഷുക്കളുടെയും സന്യാസിമാരുടെയും വേഷത്തില്‍ പോയിരിക്കണം. അവര്‍ അവിടെ ചെന്നു, ഒരു വശത്ത്, ആഭിചാരചന്തയില്‍ തങ്ങളുടെ വകയായും ഒരു കട തുറന്നിരിക്കാം. മറുവശത്ത്, ഇസ്രാഈല്യരുടെ മേല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനായി, ‘ഞങ്ങള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമാണ്; അതുകൊണ്ട് നിങ്ങളുടെ ഭാവിയെ നിങ്ങള്‍ അപകടപ്പെടുത്തരുത്’ എന്ന് ഓരോരുത്തര്‍ക്കും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കാം. എന്നിട്ടും അവര്‍ പഠിപ്പിച്ചിരുന്ന ഇന്ദ്രജാലങ്ങളും മന്ത്രവിദ്യകളും ഉറുക്കുപണികളും പഠിക്കാന്‍ തന്നെ ആ ജനത തുനിഞ്ഞിറങ്ങിയിരിക്കാം. മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആരും വിസ്മയിക്കേണ്ടതില്ല. ഈ മഹാപ്രപഞ്ചമാകുന്ന ദൈവിക ഭരണകൂടത്തിലെ പ്രവര്‍ത്തകരാണ് മലക്കുകള്‍. ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍, ഏതവസരത്തില്‍ ഏതു രൂപം കൈക്കൊള്ളേണ്ടത് ആവശ്യമായി വരുകയാണെങ്കിലും അതവര്‍ക്ക് സ്വീകരിക്കാം. നാമിതു പറയുമ്പോഴും എത്രയോ മലക്കുകള്‍ മനുഷ്യവേഷത്തില്‍ വന്ന് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാരറിഞ്ഞു! സ്വതേ നിഷിദ്ധമായ ഒരു സംഗതി മലക്കുകള്‍ പഠിപ്പിക്കുകയെന്ന പ്രശ്‌നമാണെങ്കില്‍, ഒരുദാഹരണത്തിലൂടെ അത് മനസ്സിലാക്കാം: കൈക്കൂലി വാങ്ങുന്ന ഒരു ഗവണ്‍മെന്റുദ്യോഗസ്ഥനെ കുറ്റം ചെയ്യുന്ന സന്ദര്‍ഭത്തില്‍ത്തന്നെ തൊണ്ടി സഹിതം പിടികൂടാനും താന്‍ നിരപരാധിയാണെന്ന് ഒഴികഴിവു പറഞ്ഞ് രക്ഷപ്പെടാന്‍ തീരെ പഴുതില്ലാതിരിക്കാനും വേണ്ടി, അവന്ന് അടയാളംവെച്ച നാണ്യങ്ങളോ നോട്ടുകളോ പോലീസ് വകുപ്പിലെ യൂനിഫോം ധരിക്കാത്ത ഒരു കോണ്‍സ്റ്റബ്ള്‍ കൈക്കൂലിയായി കൊടുക്കുന്നതുപോലെയാണിത്.

(***) അതായത്, അന്യരുടെ ഭാര്യമാരെ ഭര്‍ത്താക്കളില്‍നിന്ന് തെറ്റിച്ച്, തങ്ങളില്‍ അനുരക്തകളാക്കാന്‍ പറ്റുന്ന ആഭിചാരത്തിനും മാന്ത്രികവിദ്യകള്‍ക്കും ഉറുക്കുകള്‍ക്കുമാണ് ആ മാര്‍ക്കറ്റില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. ഇതത്രെ, അന്നവര്‍ അകപ്പെട്ടുകഴിഞ്ഞിരുന്ന ധാര്‍മികാധഃപതനത്തിന്റെ പാരമ്യം! ഒരു സമുദായത്തിലെ വ്യക്തികളുടെ ഏറ്റവും രസകരമായ ജോലി പരസ്ത്രീകളില്‍ കണ്ണുവെക്കുകയെന്നതായിത്തീരുകയും അന്യരുടെ വിവാഹത്തിലിരിക്കുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളില്‍നിന്ന് വേര്‍പെടുത്തി സ്വന്തമാക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ വിജയമായി ഗണിക്കുകയും ചെയ്കയെന്നതിനേക്കാള്‍ താണപടിയിലുള്ള ധാര്‍മികാധഃപതനം വിഭാവനം ചെയ്കപോലും സാധ്യമല്ല. ഭാര്യാഭര്‍ത്തൃബന്ധം മാനുഷിക നാഗരികതയുടെ അടിവേരാണ്. മനുഷ്യന്റെ നാഗരികതയുടെ നന്മ സ്ത്രീപുരുഷബന്ധം നന്നാകുന്നതിനെയും, നാഗരികതയുടെ നാശം സ്ത്രീപുരുഷബന്ധം ദുഷിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍, തന്റെയും താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെയും നിലനില്‍പ് ഏതൊന്നിന്റെ നിലനില്‍പിനെ ആശ്രയിച്ചിരിക്കുന്നുവോ അതിന്റെ അടിവേരിനുതന്നെ കോടാലിവെക്കുന്ന വ്യക്തി മനുഷ്യവംശത്തിലെ ഏറ്റവും ദുഷിച്ച നാശകാരിയാണ്. ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ഇബ്‌ലീസ് തന്റെ കേന്ദ്രത്തില്‍നിന്ന് ഭൂമിയുടെ നാനാഭാഗത്തേക്കും ഏജന്റുമാരെ അയക്കുന്നു; ഓരോ ഏജന്റും മടങ്ങിവന്ന് അവരവരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഇബ്‌ലീസിനെ കേള്‍പ്പിക്കുന്നു. ഒരുത്തന്‍ പറയും, ഞാന്‍ ഇന്ന കുഴപ്പം സൃഷ്ടിച്ചു. മറ്റൊരുവന്‍ പറയും, ഞാന്‍ ഇന്ന തിന്മ പ്രചരിപ്പിച്ചു. പക്ഷേ, ഇബ്‌ലീസ് ഓരോരുത്തരോടും മറുപടി പറയും, ‘നീ ഒന്നും പ്രവര്‍ത്തിച്ചില്ല’ എന്ന്. പിന്നീട് വേറൊരുത്തന്‍ വന്ന് ഇങ്ങനെ അറിയിക്കും: ‘ഞാന്‍ ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവില്‍നിന്ന് വേര്‍പെടുത്തിയിട്ടാണ് വന്നത്.’ ഇതുകേട്ട മാത്രയില്‍ ഇബ്‌ലീസ് ചാടിയെണീറ്റ് അവനെ ആലിംഗനം ചെയ്കയും ‘നീയാണ് കൃത്യം നിര്‍വഹിച്ച് വന്നിട്ടുള്ളതെ’ന്ന് പറയുകയും ചെയ്യും. ഈ നബിവചനത്തെക്കുറിച്ച് ചിന്തിക്കുന്നപക്ഷം, ഇസ്രാഈല്യരുടെ പരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട മലക്കുകളോട്, ഭാര്യാഭര്‍ത്താക്കളെ തെറ്റിക്കുന്ന മാരണവിദ്യ പഠിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്തിനാണെന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. അവരുടെ ധാര്‍മികാധഃപതനം ശരിക്കും അളന്നുപരിശോധിക്കാന്‍ കഴിയുന്ന ഏകമാനദണ്ഡം ഇതൊന്നുമാത്രമായിരുന്നു. (തഫ്ഹീമുൽ ഖുര്‍ആൻ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *