നമസ്കാരവും സൂറ: അല്‍ ഫാതിഹയും

നമസ്കാരത്തിന്റെ റുക്നുകളിൽ പെട്ടതാണ് ഫാത്തിഹ പാരായണം ചെയ്യൽ.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه أَنَّ رَجُلاً، دَخَلَ الْمَسْجِدَ وَرَسُولُ اللَّهِ صلى الله عليه وسلم جَالِسٌ فِي نَاحِيَةِ الْمَسْجِدِ فَصَلَّى، ثُمَّ جَاءَ فَسَلَّمَ عَلَيْهِ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَعَلَيْكَ السَّلاَمُ ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَرَجَعَ فَصَلَّى، ثُمَّ جَاءَ فَسَلَّمَ‏.‏ فَقَالَ ‏”‏ وَعَلَيْكَ السَّلاَمُ فَارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَقَالَ فِي الثَّانِيَةِ أَوْ فِي الَّتِي بَعْدَهَا عَلِّمْنِي يَا رَسُولَ اللَّهِ‏.‏ فَقَالَ ‏”‏ إِذَا قُمْتَ إِلَى الصَّلاَةِ فَأَسْبِغِ الْوُضُوءَ، ثُمَّ اسْتَقْبِلِ الْقِبْلَةَ فَكَبِّرْ، ثُمَّ اقْرَأْ بِمَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَسْتَوِيَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، ثُمَّ افْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ പള്ളിയില്‍ പ്രവേശിച്ചു. നബി ﷺ പള്ളിയില്‍ ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നു. അങ്ങനെ അയാൾ നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി ﷺ ക്ക് സലാം ചൊല്ലി. നബി ﷺ സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ നബി ﷺ യുടെ അടുത്തുവന്ന്‌ നബി ﷺ ക്ക് സലാം പറഞ്ഞു. നബി ﷺ പറഞ്ഞു: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം നബി ﷺ പറഞ്ഞു: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. ഇത്‌ നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി: 757)

ഈ ഹദീസ് നമസ്കാരത്തിന്റെ നിർബന്ധ കർമങ്ങളുടെ അടിസ്ഥാന രേഖയായി പരിഗണിക്കപ്പെടുന്നു. مَا تَيَسَّرَ مِنَ الْقُرْآنِ (ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെടുന്ന ഭാഗം) കൊണ്ടുദ്ദേശ്യം ഫാത്തിഹയാണെന്ന് (അറിയാവുന്നവന്) വ്യക്തമായിത്തന്നെ വേറെ ഹദീസുകളിൽ വന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ. ثَلَاثًا غَيْرُ تَمَامٍ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഉമ്മുല്‍ ഖുര്‍ആന്‍ (ഫാതിഹ) പാരായണം ചെയ്യാതെ നിസ്കരിച്ചാല്‍ അവന്റെ നിസ്കാരം അപൂര്‍ണ്ണമാണ്. (മുസ്ലിം: 395)

عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏

ഉബാദത്ത് ബ്നു സ്വമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഫാതിഹ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല. (ബുഖാരി: 756)

ഫാതിഹ നമസ്കാരത്തില്‍ ഒഴിച്ചുകൂടാത്തതാകയാല്‍ سورة الصلاة (നമസ്കാരത്തിന്റെ അദ്ധ്യായം) എന്നും ഇതിന് പേരുണ്ട്.

‘നമസ്കാരം’ എന്ന അർത്ഥത്തിലാണ് ‘സ്വലാത്ത്’ എന്ന പദം ഉപയോഗിക്കാറുള്ളത് എന്നാൽ ഫാത്തിഹയെ തന്നെ ‘സ്വലാത്ത്’ എന്ന് അല്ലാഹു വിളിച്ചതായി ഹദീസിൽ കാണാം.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللَّهُ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:അല്ലാഹു പറഞ്ഞു: നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ്, എന്റെ അടിമ ചോദിച്ചത് അവനുണ്ട്. ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം:395)

ഒരു റക്അത്തിന്റെ കർമങ്ങൾ വിശദീകരിച്ചതിന് ശേഷം ثُمَّ افْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا (പിന്നെയത് നിന്റെ നമസ്കാരത്തിലെല്ലാം – എല്ലാ റക്അത്തിലും – ചെയ്യുക.) എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളത്,  നമസ്കാരത്തിൽ ഏതെങ്കിലുമൊരു റക്അത്തിൽ ഫാത്തിഹ ഓതിയാൽ പോരാ എല്ലാ റക്അത്തിലും ഓതണം എന്നതിന് തെളിവാണ്.

ഇനിയുള്ളത് ജമാഅത്തായി നമസ്കരിക്കുമ്പോൾ ഇമാമും മഅ്മൂമുകളും ഫാത്തിഹ ഓതണമോ അതോ ഇമാം മാത്രം ഓതിയാൽ മതിയോ എന്നാണ്. മഅ്മൂമിന് ഫാത്തിഹ ഓതൽ നിർബന്ധമില്ലെന്ന അഭിപ്രായം പറഞ്ഞവരുണ്ടെങ്കിലും മുകളിൽ പറഞ്ഞ ഉബാദ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസ് ഇതിനെ അംഗീകരിക്കുന്നില്ല.

ഇമാം ഉറക്കെ ഓതുന്ന നമസ്കാരത്തിൽ മഅ്മൂമും ഫാതിഹ ഓതേണ്ടതുണ്ടോയെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഒരു വിഭാഗം പണ്ഢിതൻമാര്‍ പറയുന്നത് പതുക്കെ ഓതുന്ന ളുഹ്ര്‍,അസ്ര്‍ നമസ്കാരത്തിൽ മഅ്മൂം ഫാതിഹ ഓതണം. ഉറക്കെ ഓതുന്ന സുബ്ഹി, മഗ്രിബ്, ഇശാഅ് നമസ്കാരത്തിൽ മഅ്മൂം ഫാതിഹ ഓതേണ്ടതില്ല. ഈ വിഭാഗം പണ്ഢിതൻമാര്‍ അതിനായി പറയുന്ന തെളിവ് കാണുക:

وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:7/204)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا قَرَأَ فَأَنْصِتُوا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം നിശ്ചയിക്കപ്പെട്ടത് അദ്ദേഹത്തെ തുടരുന്നതിനു വേണ്ടിയാണ്. അതിനാൽ അദ്ദേഹം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക. അദ്ദേഹം ഓതിയാൽ നിങ്ങൾ നിശ്ശബ്ദരാകുക. (നസാഇ: 921)

മറ്റൊരു വിഭാഗം പണ്ഢിതൻമാര്‍ പറയുന്നത് പതുക്കെ ഓതുന്ന നമസ്കാരങ്ങളിലും ഉറക്കെ ഓതുന്ന നമസ്കാരങ്ങളിലും മഅ്മൂം  ഫാതിഹ ഓതണം. മേൽ ആയത്തിലും ഹദീസിലും പറഞ്ഞ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ ശ്രദ്ധിച്ച് കേള്‍ക്കണമെന്നും നിശ്ശബ്ദരാകണമെന്നും പറഞ്ഞത് പൊതു തത്വമാണ്. ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹയുടെ കാര്യത്തിൽ ഇത് ബാധകമല്ല. മുകളിൽ ഉദ്ധരിച്ച ഉബാദ رَضِيَ اللَّهُ عَنْهُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവരുടെ ഹദീഥുകൾ ഫാതിഹയുടെ കാര്യം പ്രത്യേകമായി എടുത്തു പറയുന്നു. മാത്രമല്ല, മറ്റൊരു ഹദീഥിൽ നബി ﷺ ഇങ്ങനെ ചോദിച്ചതായി കാണാം.

لعلَّكم تقرؤون خلف إمامِكم. قالوا نعم. قال: لا تفعلوا إلا بفاتحةِ الكتابِ فإنه لا صلاةَ لمنْ لم يقرأْ بها

നിങ്ങൾ നിങ്ങളുടെ ഇമാമിന്റെ പിറകിൽ നിന്ന് ഓതാറുണ്ടോ? ഞങ്ങൾ പറഞ്ഞു: അതെ. അവിടുന്നു പറഞ്ഞു: നിങ്ങളങ്ങനെ ചെയ്യരുത്. ഫാതിഹ അല്ലാതെ. കാരണം അത് ഓതാത്തവന്ന് നമസ്കാരമില്ല.

മാത്രമല്ല, أنصات (നിശ്ശബ്ദത പാലിക്കുക) എന്ന നിർദേശത്തെ മറികടക്കാതെ തന്നെ സ്വകാര്യമായി ഫാതിഹ ഓതാമെന്നതും പരിഗണിക്കാവുന്ന കാര്യമാണ്. എങ്കിൽ ഇതും മറ്റു ഹദീസുകളും തമ്മിൽ പൊരുത്തക്കേടില്ല.

ചുരുക്കത്തിൽ ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ മഅ്മൂം ഫാതിഹ ഓതണമോയെന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇരുപക്ഷത്തും പ്രബലരായ പണ്ഢിതരുണ്ട്. ഏത് വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. മേൽ വിവരിച്ചതിൽ നിന്നും പതുക്കെ ഓതുന്ന നമസ്കാരങ്ങൾക്ക് പുറമേ, ഉറക്കെ ഓതുന്ന നമസ്കാരങ്ങളിലും മഅ്മൂം ഫാതിഹ ഓതണമെന്നതാണ് ശരിയോട് കൂടുതൽ അടുത്ത അഭിപ്രായം. الله اعلم

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *