മാസപ്പിറവിയുടെ വിഷയത്തിൽ മുസ്ലിം കൂട്ടായ്മകൾ പലതട്ടിലാണ്. ഹിജ്റ വർഷം 1442  (2022) ലെ റമളാനിലെ അഭിപ്രായവ്യത്യാസങ്ങൾ ഇതിന് തെളിവാണ്. ഓരോ വിഭാഗവും മാസനിർണയത്തിന് വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചു എന്നതാണ് ഈ അഭിപ്രായ ഭിന്നതകൾക്ക് കാരണം.

ഒരു വിഭാഗം ന്യൂമൂണിന്റെ കണക്ക് അടിസ്ഥാനപ്പെടുത്തി മാസാരംഭം നിശ്ചയിച്ചപ്പോൾ മറ്റൊരു വിഭാഗം സൂര്യാസ്തമയ ശേഷം ചക്രവാളത്തിലെ ചന്ദ്രസാന്നിധ്യം (മൂൺസെറ്റ് ലാഗ്) എന്ന കണക്കാണ് അടിസ്ഥാനപ്പെടുത്തിയത്. മൂന്നാമതൊരു വിഭാഗമാകട്ടെ, ശഅ്ബാൻ മാസം മൂൺ സെറ്റ് ലാഗിനെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുകയും തദടിസ്ഥാനത്തിലുള്ള 29 ന് മാസപ്പിറവി കാണാൻ അണികളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ മൂന്ന് വിഭാഗങ്ങളുടെയും തീരുമാനങ്ങൾ പ്രവാചചര്യക്ക് വിരുദ്ധമാണ്. നാലാമത്തെ വിഭാഗമാകട്ടെ, മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തിൽ റജബ് 30 പൂർത്തിയാക്കുകയും തദടിസ്ഥാനത്തിലുള്ള ശഅ്ബാൻ 29 ന് മാസപ്പിറവി കാണാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ നാലാമത്തെ വിഭാഗത്തിന്റേതാണ് അഥവാ എല്ലാ മാസവും മാസപ്പിറവിക്ക് കാഴ്ചയെ അവലംബിച്ച വിഭാഗത്തിന്റേതാണ് ശരിയായ നിലപാട്. പ്രസ്തുത സാഹചര്യത്തിൽ മാസപ്പിറവിയുമായി ബന്ധപ്പെട്ട്,  പ്രാമാണികമായ ഒരു വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇസ്ലാമിന്റെ ഏത് കാര്യവും യുക്തിഭദ്രവും കാലാതിവർത്തിയുമാണ് കാരണം അതിൻറെ പ്രമാണങ്ങൾ റബ്ബിന്റെ പക്കൽ നിന്നുള്ള ബോധനമാണ്. അതിൽ അബദ്ധങ്ങളോ സ്ഖലിതങ്ങളോ സംഭവിക്കില്ല.

ഇസ്ലാമിലെ ആരാധനാകർമങ്ങൾ സൂര്യചന്ദ്രൻമാരുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സർവ്വ മനുഷ്യർക്കും സർവ്വകാലത്തും അനായാസേനെ ഗ്രഹിക്കുവാൻ വേണ്ടിയാണത്. സൂര്യൻറെ ചലനമാണ് നമസ്കാര സമയങ്ങളുടെ അടിസ്ഥാനമെങ്കിൽ മാസങ്ങളും ആഘോഷങ്ങളും തീയതിയും തീരുമാനിക്കുന്നത് ചന്ദ്രപ്പിറവിയാണ്. അഥവാ മാസം പിറക്കുന്നത് ചന്ദ്രപ്പിറവിയിലൂടെ മാത്രമാണ് എന്നർത്ഥം. ഈ വിഷയത്തിലും ഇസ്ലാം നിർദ്ദേശിക്കുന്ന കാര്യങ്ങൾ എക്കാലത്തും ഏവർക്കും പ്രായോഗികവും തീർത്തും യുക്തിഭദ്രവും ആണ് . അതേസമയത്ത് ഈ വിഷയത്തിലെ നിരവധി പുത്തൻ വാദങ്ങൾ ഈ മേഖലയെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. തെളിഞ്ഞ മനസ്സോടെ പ്രമാണങ്ങൾ സമീപിച്ചാൽ ഒരു തർക്കത്തിനും ഇടമില്ലാതെ വ്യക്തമാണ് ഈ വിഷയം.

മാസാരംഭം: മാനദണ്ഡം കാഴ്ച തന്നെ

ഒരുമാസം ആരംഭിക്കുന്നത് ഹിലാൽ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് ഇസ്ലാമിൻറെ പ്രമാണങ്ങൾ നൽകുന്ന പാഠം. അഥവാ മാസം 29 ന് ചന്ദ്രപ്പിറ ദർശിക്കാനായാൽ അടുത്തമാസം പിറന്നു. ഇല്ലെങ്കിൽ 30 പൂർത്തീകരിച്ച് അടുത്ത മാസത്തിലേക്ക് പ്രവേശിക്കണം. 29 30 ദിനങ്ങളാണ് ഒരു മാസത്തിൽ ഉണ്ടാവുക. ഏറുകയോ കുറയുകയോ ഇല്ല.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ الشَّهْرُ هَكَذَا وَهَكَذَا ‏”‏‏.‏ يَعْنِي مَرَّةً تِسْعَةً وَعِشْرِينَ، وَمَرَّةً ثَلاَثِينَ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: “നമ്മൾ ഒരു നിരക്ഷര സമൂഹമാണ്; നമ്മൾ എഴുതുകയോ കണക്കുകൾ നോക്കുകയോ ഇല്ല, മാസം ഇങ്ങനെയും ഇങ്ങനെയുമാണ്”. അതായത്: ചിലപ്പോൾ 29 ദിവസവും ചിലപ്പോൾ 30 ദിവസവും. (ബുഖാരി:1913)

ഹിലാലിനെ നേത്രങ്ങൾ കൊണ്ട് ദർശിക്കുക എന്നത് തന്നെയാണ് മാസാരംഭത്തിനുള്ള അടയാളം. അല്ലാഹു പറയുന്നു:

يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (ഖു൪ആന്‍ : 2/189)

ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ ഇക്കാര്യം ഉണർത്തിയിട്ടുണ്ട്. (ഇബ്നു കസീർ)

ഹിലാലിനെ നേത്രങ്ങൾ കൊണ്ട് ദർശിക്കുക എന്നത് തന്നെയാണ് മാസാരംഭത്തിനുള്ള അടയാളമെന്ന് ഹദീസുകളിൽ കൃത്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

عن عَبْدَ اللَّهِ بْنَ عُمَرَ، – رضى الله عنهما قال: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَاقْدِرُوا لَهُ ‏

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (മുസ്ലിം:1080)

മറ്റൊരു റിപ്പോർട്ടിൽ فَاقْدِرُوا ثَلاَثِينَ‏ ‏ എന്നുണ്ട് അഥവാ 30 പൂർത്തീകരിക്കുക എന്നർത്ഥം. കാഴ്ചയ്ക്ക് പകരം കണക്കുകൾ ഉപയോഗിക്കുന്നത് പ്രമാണ വിരുദ്ധമാണ്. കാരണം മാസപ്പിറവിയുടെ വിഷയത്തിൽ നബി ﷺ പറഞ്ഞത് ഇപ്രകാരമാണല്ലോ.

‏ إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ

നമ്മൾ ഒരു നിരക്ഷര സമൂഹമാണ്; നമ്മൾ എഴുതുകയോ കണക്കുകൾ നോക്കുകയോ ഇല്ല, മാസം ഇങ്ങനെയും ഇങ്ങനെയുമാണ്. (ബുഖാരി:1913)

കാഴ്ചയെ അവഗണിച്ച് കണക്കിനെ അവലംബിക്കാൻ ഈ ഹദീസിനെ ചിലർ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിൻറെ ശറഹിൽ ഇബ്നു ഹജർ അസ്ഖലാനി  رحمه الله പറഞ്ഞത് ശ്രദ്ധേയമാണ്:

فعلق الصوم وغيره بالرؤية لرفع الحرج عنهم في معاناة حساب التسيير، واستمر الحكم في الصوم ولو حدث بعدهم من يعرف ذلك

വിശ്വാസികൾക്ക് പ്രയാസം ഒഴിവാക്കുക എന്നതിനു വേണ്ടിയാണ് നോമ്പിന്റെയും മറ്റും വിധികളെ കാഴ്ചയുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. എഴുത്തും കണക്കും അറിയുന്നവർ പിന്നീട് വന്നാലും ഇതിന്റെ വിധിയിൽ മാറ്റം ഉണ്ടാകില്ല. (ഫത്ഹുൽ ബാരി)

കാഴ്ചയെ അവഗണിച്ച് കണക്കിനെ മാത്രം അവലംബിക്കുന്ന ഒരു ഇമാമിനെ കുറിച്ച് ഇമാം മാലിക് رحمه الله പറഞ്ഞു:

إنه لا يقتدى به ولا يتبع

അയാളെ അനുകരിക്കുകയോ പിന്തുടരുകയോ പാടില്ല.

മാസം കാണാൻ സാധ്യതയുള്ള രാത്രി മഗ്രിബിന്റെ നമസ്കാരം കുറച്ച് പിന്തിക്കണം – മാസം നോക്കാൻ – എന്നുവരെ ഇമാം സുഹ്‌രി رحمه الله പറഞ്ഞതായി കാണാവുന്നതാണ്. (بغية الباحث)

കാഴ്ചയെ വിട്ട് ‘ന്യൂ മൂൺ’ എന്ന കറുത്ത വാവിനെ മാസാരംഭമായി കണക്കാക്കുന്നത് തികഞ്ഞ വഴികേടും സുവ്യക്തമായ ഹദീസ് നിഷേധവുമാണ്.

മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസ് അക്ഷരാർത്ഥത്തിൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഹിലാലിനെ നിങ്ങൾ കാണുന്നതുവരെ നോമ്പ് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യരുതെന്ന് ഹദീസിൽ വ്യക്തമായി വന്നിട്ടുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم ذَكَرَ رَمَضَانَ فَقَالَ ‏ :‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ ‏

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ റമളാൻ പരാമർശിച്ചുകൊണ്ട് പറഞ്ഞു: ഹിലാലിനെ നിങ്ങൾ കാണുന്നതുവരെ നോമ്പ് തുടങ്ങരുത്, അതിനെ നിങ്ങൾ കാണുന്നതുവരെ നോമ്പ് മുറിക്കരുത്. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (ബുഖാരി:1906)

ഹിലാലിന് ഹിലാൽ എന്ന പേര് വന്നത് തന്നെ ജനങ്ങൾ അതിനെ കാണുമ്പോൾ ശബ്ദം ഉയർത്തുന്നതിനാലാണ്.

قال شيخ الإسلام ابن تيمية  رحمه الله : والهلال مأخوذ من الاستهلال وهو رفع الصوت، والشهر مأخوذ من الاشتهار . فما لم يستهل الناس به ، ولم يشتهر بينهم ، فلا يكون هلالاً ولا شهراً

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله പറയുന്നു: ഹിലാൽ എന്ന പദം ‘ശബ്ദമുയർത്തുക’ എന്നർത്ഥം വരുന്ന ‘ഇസ്തിഹ്ലാൽ’ എന്നതിൽ നിന്നുണ്ടായതാണ്. ‘പരസ്യമാവുക’ എന്നർത്ഥം വരുന്ന ‘ഇശ്തിഹാർ’ എന്ന പദത്തിൽ നിന്നാണ് ശഹ്ർ (മാസം) എന്നത് ഉണ്ടായത്. ജനങ്ങൾ ശബ്ദം ഉയർത്താത്തതോ അറിയപ്പെടാത്തതോ ഹിലാലോ ശഹ്റോ ആവില്ല. (മജ്മൂഉൽ ഫതാവാ)

“നമ്മൾ ഒരു നിരക്ഷര സമൂഹമാണ്; നമ്മൾ എഴുതുകയോ കണക്കുകൾ നോക്കുകയോ ഇല്ല” എന്ന ഹദീസിലെ പ്രയോഗം യഥാർത്ഥത്തിൽ കാഴ്ച തന്നെയാണ് വേണ്ടത് എന്നതിനാണ് തെളിവാകുന്നത്.

قال الحافظ ابن حجر رحمه الله :  قيل للعرب أميون لأن الكتابة كانت فيهم عزيزة قال تعالى (هو الذي بعث في الأميين رسولا منهم ) ولا يرد على ذلك أنه كان فيهم من يكتب ويحسب لأن الكتابة فيهم قليلة نادرة والمراد بالحساب هنا حساب النجوم وتسييرها ولم يكونوا يعرفون من ذلك أيضا إلا النزر اليسير فعلق الحكم بالصوم وغيره بالرؤية لرفع الحرج عنهم في معاناة حساب التسيير واستمر الحكم في الصوم ولو حدث بعدهم من يعرف ذلك

ഇബ്നു ഹജർ അസ്ഖലാനി  رحمه الله പറഞ്ഞു: അറബികളെ കുറിച്ച് ഉമ്മിയ്യൂൻ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കാരണം എഴുത്ത് അറിയുന്നവർ അവരിൽ തുലോം തുച്ഛം ആയിരുന്നു. അല്ലാഹു പറഞ്ഞു:{അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍} അതേസമയം എഴുത്തും കണക്കും അറിയുന്നവർ അവരിൽ ഉണ്ടായിരുന്നു എന്നത് ഇതിനെതിരല്ല. അവർ നന്നേ കുറവായിരുന്നു. ഇവിടെ കണക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് നക്ഷത്രങ്ങളെക്കുറിച്ചും അവയുടെ സഞ്ചാരങ്ങളെ കുറിച്ചുള്ള വിജ്ഞാനമാണ്. അതറിയുന്നവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ നോമ്പും മറ്റുമൊക്കെ കണക്കുകൂട്ടൽ അവർക്ക് പ്രയാസം ഉണ്ടാവാതിരിക്കാൻ കാഴ്ചയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിച്ചു. ആ വിധി ഇപ്പോഴും തുടരുന്നു. എഴുത്തും കണക്കുമെല്ലാം അറിയുന്നവർ പിന്നീട് ഉണ്ടായാലും ശരി. (ഫത്ഹുൽബാരി)

ഈ ഉമ്മത്തിൽ കണക്ക് അറിയുന്നവർ അന്നും ഉണ്ടായിരുന്നു. പക്ഷേ കുറവായിരുന്നു. അതിനാൽ കാഴ്ചയെ തന്നെ അവലംബിക്കണം എന്നതാണ് മത നിയമം. കണക്ക് അറിയുന്നവർ പിന്നീട് വന്നാലും ശരി.

قال السندي رحمه الله: قوله (أمية) أي منسوبة إلى الأم باعتبار البقاء على الحالة التي خرجنا عليها من بطون أمهاتنافي عدم معرفة الكتابة والحساب فلذلك ما كلفنا الله تعالى بحساب أهل النجومولا بالشهور الشمسية الخفية بل كلفنا بالشهور القمرية الجلية لكنها مختلفة كما بين بالإشارة مرتين كما في كثير من الروايات فالعبرة حينئذ للرؤية والله تعالى أعلم

ഇമാം സിന്ദി رحمه الله പറഞ്ഞു: ‘മാതാവ്’ എന്നർത്ഥം വരുന്ന ‘ഉമ്മ’ എന്ന പദത്തിലേക്ക് ചേർത്തികൊണ്ടാണ് ‘ഉമ്മിയായ ഉമ്മത്ത്’ എന്ന് പറഞ്ഞത്.അഥവാ മാതാവിൻറെ വയറ്റിൽ നിന്ന് പുറത്തു വന്നപ്പോൾ എഴുത്തോ കണക്കോ അറിയാത്ത അവസ്ഥയിലായിരുന്നല്ലോ ആ അവസ്ഥയിൽ തന്നെ നിലനിൽക്കുന്നു എന്ന അർത്ഥത്തിലാണിത്.അതിനാൽ തന്നെ ഗോപ്യമായ സൗരമാസമോ നക്ഷത്രങ്ങളുടെ കണക്കോ ആധാരമാക്കാൻ മതം പറഞ്ഞിട്ടില്ല. പ്രത്യുത പ്രത്യക്ഷമായ ചാന്ദ്രിക മാസങ്ങളെയാണ് നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. എന്നാൽ അവ വ്യത്യാസപ്പെടാം. അപ്പോൾ മാസനിർണയത്തിന് കാഴ്ച തന്നെയാണ് വേണ്ടത്. (حاشيته على سنن النسائي)

കാഴ്ച പ്രാദേശികം

ലോകത്ത് എവിടെയെങ്കിലും ഹിലാൽ ദൃശ്യമായാൽ അതിൻറെ അടിസ്ഥാനത്തിൽ ലോകത്ത് എല്ലായിടത്തും മാസാരംഭം കണക്കാക്കുക എന്നതിനേക്കാൾ, ഓരോ നാട്ടുകാരും അവരുടെ ഹിലാലിനെ പരിഗണിക്കുക എന്നതാണ് പ്രാമാണികമായി കൂടുതൽ ശരിയായിട്ടുള്ളത്.

عَنْ كُرَيْبٍ، أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي عَبْدُ اللَّهِ بْنُ عَبَّاسٍ – رضى الله عنهما – ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ ‏.‏ فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ ‏.‏ فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ ‏.‏ فَقُلْتُ أَوَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏.‏ وَشَكَّ يَحْيَى بْنُ يَحْيَى فِي نَكْتَفِي أَوْ تَكْتَفِي ‏.‏

കുറൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ ശാമില്‍ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമളാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമളാന്‍ മാസത്തിന്റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ? ഞാന്‍ പറഞ്ഞു: ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്. അദ്ദേഹം ചോദിച്ചു: നീ നേരിട്ട് കണ്ടുവോ? ഞാന്‍ പറഞ്ഞു: അതെ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയ رَضِيَ اللَّهُ عَنْهُ വും മാസം കണ്ടത് പ്രകാരം നോമ്പ് എടുത്തു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: പക്ഷെ ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ (പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും.അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ رَضِيَ اللَّهُ عَنْهُ മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ? നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ? ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍ ﷺ ഞങ്ങളോട് കല്പിച്ചിട്ടുള്ളത്. (മുസ്‌ലിം : 1087)

ഈ ഹദീസിന് ഇമാം നവവി رحمه الله നൽകിയ തലവാചകം ഇങ്ങനെയാണ് :

باب بيان أن لكل بلد رؤيتهم وأنهم إذا رأوا الهلال ببلد لا يثبت حكمه لما بعد عنهم

‘ഓരോ നാട്ടിലും അവരുടെ ചന്ദ്രദർശനമാണ് പരിഗണനീയം, ഒരു നാട്ടിൽ ചന്ദ്രപ്പിറ കണ്ടാൽ അവരിൽനിന്ന് വിദൂരത്തുള്ളവർക്ക് അത് ബാധകമായിരിക്കുകയില്ല’ എന്ന് വിവരിക്കുന്ന അദ്ധ്യായം.

ആയതിനാൽ ഓരോ നാട്ടുകാരും അവരുടെ മാസപ്പിറവിയെ മാനദണ്ഡമാക്കുക എന്നതാണ് കൂടുതൽ സൂക്ഷ്മത.

أن الأرجح قول من قال: إن لكل بلد رؤيته وعليهم أن يرجعوا إلى علمائهم في ذلك عملاً بما رواه مسلم في صحيحه من حديث كريب عن ابن عباس

ഓരോ നാട്ടുകാരും അവരുടെ ചന്ദ്രപ്പിറവി അടിസ്ഥാനമാക്കുക എന്നതാണ് ഏറ്റവും സ്വീകാര്യമായ അഭിപ്രായം. അവർ ആ വിഷയത്തിൽ അന്നാട്ടിലെ പണ്ഡിതന്മാരിലേക്കാണ് മടങ്ങേണ്ടത്. ഇമാം മുസ്ലിം رحمه الله കുറൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ. (ശൈഖ് ഇബ്നു ബാസ് – മജ്മൂഉൽ ഫതാവാ:15/109)

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ رحمه الله പറഞ്ഞു:

وهذا القول هو القول الراجح، وهو الذي تدل عليه الأدلة

ഇതാണ് കൂടുതൽ സ്വീകാര്യമായ വാദം. തെളിവുകൾ അറിയിക്കുന്നതും അക്കാര്യം തന്നെയാണ്. (ശറഹുൽ മുംതിഅ്:6/310)

മക്കയിലെ മാസപ്പിറവി

മക്കയെ അടിസ്ഥാനമാക്കി മാസാരംഭം നിർണയിക്കുക എന്നതിന് പ്രമാണങ്ങളുടെ പിൻബലമില്ല.

قال ابن باز رحمه الله : فأما قول من قال: إنه ينبغي أن يكون المعتبر رؤية هلال مكة خاصة، فلا أصل له ولا دليل عليه، ويلزم منه أن لا يجب الصوم على من ثبتت رؤية الهلال عندهم من سكان جهات أخرى إذا لم ير الهلال بمكة .

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: മക്കയെ അടിസ്ഥാനമാക്കി ചന്ദ്രപ്പിറ കണക്കാക്കണമെന്ന വാദത്തിന് യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ല. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവർ മാസം കണ്ടാൽ പോലും മക്കയിൽ മാസം കണ്ടില്ലെങ്കിൽ അവർ നോമ്പ് എടുക്കരുത് എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.

ഇന്ത്യയിൽ 2.30 മണിക്കൂർ മുമ്പ് മാസം കണ്ടാൽ, അത് ഉറപ്പിക്കണമെങ്കിൽ 2.30 മണിക്കൂർ കാത്തിരിക്കണം എന്ന് പറയുന്നതിലെ അസാംഗത്യം എല്ലാവർക്കും ഗ്രഹിക്കാവുന്നതാണ്.

വലിപ്പ ചെറുപ്പം അല്ല പരിഗണിക്കേണ്ടത്

മാസം 29 ന് ഉദയം ഉണ്ടെങ്കിലും എന്തെങ്കിലും കാരണത്താൽ ദർശനം സാധ്യമാകാതെ വരുമ്പോൾ പിറ്റേദിവസം ചന്ദ്രൻ വലുതായി കാണുക എന്നത് സ്വാഭാവികമാണ്. ആ വലുപ്പം നോക്കി ഇന്ന് രണ്ടാണ്, മൂന്നാണ് എന്ന് പറയുന്ന രീതി ശരിയല്ല, എന്നാണോ നാം ദർശിക്കുന്നത് അന്നാണ് നമുക്ക് ഒന്നാം തീയതി.

عَنْ أَبِي الْبَخْتَرِيِّ، قَالَ خَرَجْنَا لِلْعُمْرَةِ فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ – قَالَ – تَرَاءَيْنَا الْهِلاَلَ فَقَالَ بَعْضُ الْقَوْمِ هُوَ ابْنُ ثَلاَثٍ ‏.‏ وَقَالَ بَعْضُ الْقَوْمِ هُوَ ابْنُ لَيْلَتَيْنِ قَالَ فَلَقِينَا ابْنَ عَبَّاسٍ فَقُلْنَا إِنَّا رَأَيْنَا الْهِلاَلَ فَقَالَ بَعْضُ الْقَوْمِ هُوَ ابْنُ ثَلاَثٍ وَقَالَ بَعْضُ الْقَوْمِ هُوَ ابْنُ لَيْلَتَيْنِ ‏.‏ فَقَالَ أَىَّ لَيْلَةٍ رَأَيْتُمُوهُ قَالَ فَقُلْنَا لَيْلَةَ كَذَا وَكَذَا ‏.‏ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّ اللَّهَ مَدَّهُ لِلرُّؤْيَةِ فَهُوَ لِلَيْلَةِ رَأَيْتُمُوهُ ‏”‏ ‏.‏

അബൂബഖ്തരിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ ഉംറ നിർവഹിക്കാൻ പുറപ്പെട്ടു, നഖ്‌ലയുടെ താഴ്‌വരയിൽ ക്യാമ്പ് ചെയ്തപ്പോൾ ഞങ്ങൾ ഹിലാൽ കാണാൻ ശ്രമിച്ചു. ആളുകളിൽ ചിലർ പറഞ്ഞു: ഇത് മൂന്നിന്റേതാണ്. മറ്റുചിലർ പറഞ്ഞു: ഇത് രണ്ട് രാത്രിയുടേതാണ്. തുടർന്ന് ഞങ്ങൾ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനെ കണ്ടു. ഞങ്ങൾ പറഞ്ഞു: ഞങ്ങൾ ഹിലാൽ കണ്ടിരുന്നു, എന്നാൽ ആളുകളിൽ ചിലർ അതിന് മൂന്ന് രാത്രിയും മറ്റുചിലർ രണ്ട് രാത്രിയും ആണെന്ന് പറഞ്ഞു. അപ്പോൾ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഏത് രാത്രിയാണ് നിങ്ങൾ അത് കണ്ടത്. ഞങ്ങൾ പറഞ്ഞു: ഇന്നയിന്ന രാത്രികളിൽ. അപ്പോൾ അദ്ധേഹം പറഞ്ഞു: നബി ﷺ പറഞ്ഞിട്ടുണ്ട്: “അല്ലാഹു കാഴ്ചക്കുവേണ്ടി അതിനെ നീട്ടിയതാണ്. നിങ്ങൾ കണ്ട രാത്രിയുടേതാണ് അത്”. (മുസ്ലിം 1088)

അഥവാ കാണുന്ന വേളയിലെ ചന്ദ്രൻറെ വലിപ്പവ്യത്യാസം അല്ല, കാഴ്ചയുടെ ആരംഭമാണ് പരിഗണിക്കേണ്ടത് എന്നർത്ഥം.

എല്ലാ മാസവും നോക്കേണ്ടതുണ്ടോ?

ഇസ്ലാമിലെ നിരവധി കാര്യങ്ങൾ ദിനങ്ങളും മാസങ്ങളും ആയി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ ഇദ്ദാ കാലം, നാലു പവിത്രമായ മാസങ്ങൾ, കഫാറത്തിന്റെ ഭാഗമായി തുടർച്ചയായി രണ്ടുമാസം മുമ്പ് അനുഷ്ഠിക്കുന്നത്, ഹജ്ജ്, അയ്യാമുൽ ബീളിലെ നോമ്പ്, മുഹറത്തിലെ നോമ്പ് തുടങ്ങിയ അറബി മാസ പ്രകാരം നിർണയിക്കേണ്ട നിരവധി കാര്യങ്ങൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ട്. ഇവയ്ക്കൊന്നും നമ്മൾ ഉപയോഗിക്കുന്ന സൗരവർഷ കലണ്ടറിലെ ദിനങ്ങൾ അല്ല മാനദണ്ഡമാക്കേണ്ടത് എന്നതാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വർഷത്തിലെ എല്ലാ മാസത്തിലും സംഭവിക്കുന്നതും ആണ് അതിനാൽ എല്ലാ മാസവും അതിൻറെ ഹിലാലിനെ അടിസ്ഥാനപ്പെടുത്തി ഗണിച്ചു പോരുക എന്നതാണ് നബി ﷺ യുടെ കാലഘട്ടം മുതൽ മുസ്ലിം ലോകം അനുവർത്തിച്ചു വരുന്ന സമ്പ്രദായം. അതാണ് ഈ വിഷയത്തിലെ ശരിയും പ്രമാണങ്ങൾ നൽകുന്ന നിർദ്ദേശവും.

അല്ലാഹു പറയുന്നു:

يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (ഖു൪ആന്‍ : 2/189)

قال شيخ الإسلام ابن تيمية  رحمه الله  : فأخبر أنها مواقيت للناس وهذا عام في جميع أمورهم

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ رحمه الله പറയുന്നു:  മാസപ്പിറവികള്‍ ജനങ്ങള്‍ക്ക് കാലനിര്‍ണയത്തിനുള്ള ഉപാധികളാകുന്നു എന്ന് അല്ലാഹു അറിയിച്ചു. ഇത് അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ബാധകമായതാണ്. (മജ്മൂഉൽ ഫതാവാ)

എല്ലാ മാസത്തെ ഹിലാലിനെയും പരിഗണിച്ചാണ് ‘അഹില്ല’ എന്ന ബഹുവചനം പ്രയോഗിച്ചത് എന്നും മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

الأهلة جمع هلال وجمعها باعتبار هلال كل شهر

(ഇവിടെ) ‘അഹില്ലത്’ എന്നത് ‘ഹിലാലി’ന്റെ ബഹുവചനമാണ്. അങ്ങനെ ബഹുവചനമായി പറഞ്ഞത് എല്ലാ മാസത്തെയും ഹിലാലിനെ പരിഗണിച്ചുകൊണ്ടാണ്. (ഇമാം ശൗകാനി – ഫത്ഹുൽ ഖദീർ)

എല്ലാ മാസങ്ങളും നിര്‍ണയിക്കപ്പെടുന്നത് മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണെന്ന് ഈ വചനം നമ്മെ അറിയിക്കുന്നുണ്ട്.

പ്രമാണങ്ങൾ നൽകുന്ന നിർദ്ദേശവും അതുതന്നെയാണ് . അതേസമയം നോമ്പിന്റെയും പെരുന്നാളിന്റെയും ഹജ്ജിന്റെയും മാസങ്ങൾ മാത്രം മാസപ്പിറവിയുടെ അടിസ്ഥാനത്തിലും മറ്റു മാസങ്ങൾ കണക്കിന്റെ അടിസ്ഥാനത്തിലും പരിഗണിക്കുക എന്നത് ശരിയല്ല. മാസപ്പിറവിക്ക് കണക്കിന് അവലംബിക്കുക എന്ന നൂതനവാദത്തെ അംഗീകരിക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്. റജബിനെ സ്വഹാബത്ത് പ്രത്യേകം നോക്കിയിരുന്നു എന്ന ഹദീസ് ഈ വാദത്തെ തകർക്കുന്നതാണ്. മാത്രവുമല്ല യുദ്ധം നിഷിദ്ധമായ ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ മാസങ്ങൾ ഏതായാലും മാസപ്പിറവി ദർശിക്കൽ നിർബന്ധമാണല്ലോ. റമളാനും ശവ്വാലും ഏതായാലും വേണം. ശഅബാനിനെ നബി ﷺ പ്രത്യേകം പരിഗണിച്ചിരുന്നു എന്നും ഹദീസിൽ ഉണ്ട്.

قال شيخ الإسلام ابن تيمية  رحمه الله : فإن جميع الشهر تحسب بالاهلة

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله പറയുന്നു: മുഴുവൻ മാസങ്ങളും മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് കണക്കാക്കേണ്ടത്. (ഫതാവാ 25/143)

عَنِ الْحَكَمِ بْنِ الأَعْرَجِ، قَالَ انْتَهَيْتُ إِلَى ابْنِ عَبَّاسٍ – رضى الله عنهما – وَهُوَ مُتَوَسِّدٌ رِدَاءَهُ فِي زَمْزَمَ فَقُلْتُ لَهُ أَخْبِرْنِي عَنْ صَوْمِ عَاشُورَاءَ ‏.‏ فَقَالَ إِذَا رَأَيْتَ هِلاَلَ الْمُحَرَّمِ فَاعْدُدْ وَأَصْبِحْ يَوْمَ التَّاسِعِ صَائِمًا ‏.‏ قُلْتُ هَكَذَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُهُ قَالَ نَعَمْ ‏.‏

ഹകമുബ്‌നു അഅ്‌റജ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാന്‍ ഇബ്‌നു അബ്ബാസ് رضى الله عنهما വിന്റെ അടുത്ത് ചെന്നു. അദ്ദേഹം സംസമിന്റെ അടുത്ത് തന്റെ മേല്‍തട്ടം തലയിണയാക്കി കിടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘‘ആശൂറാ നോമ്പിനെപ്പറ്റി എനിക്ക് പറഞ്ഞുതരൂ.” അപ്പോള്‍ ഇബ്‌നു അബ്ബാസ് رضى الله عنهما പറഞ്ഞു: ‘‘നീ മുഹര്‍റം പിറവി കണ്ടാല്‍ പിറ്റേദിവസം എണ്ണി ഒമ്പതാം ദിവസം നോമ്പുകാരനായിക്കൊള്ളുക.” ഞാന്‍ ചോദിച്ചു: ‘‘നബി ﷺ ഇങ്ങനെയാണോ നോമ്പെടുത്തത്?” അദ്ദേഹം പറഞ്ഞു: ‘‘അതെ’’ (മുസ്‌ലിം: 1133).

നിര്‍ബന്ധ നോമ്പും പെരുന്നാളും ഹജ്ജും ഇല്ലാത്ത മാസമാണല്ലോ മുഹര്‍റം. അത് നബി ﷺ നിര്‍ണയിച്ചിരുന്നത് മാസപ്പിറവി ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തം.

റമദാനിന്റെ മുമ്പുള്ള ശഅബാൻ മാസത്തെ തിട്ടപ്പെടുത്തുന്നതിനെപ്പറ്റി പ്രത്യേകമായ കൽപന ഹദീുസുകളിൽ വന്നിട്ടുള്ളത് ശ്രദ്ധേയമാണ് . അതിന്റെ ഹിലാൽ (ചന്ദ്രപ്പിറവി ) ദർശിക്കൽ നിർബന്ധമാണെന്ന് തന്നെ ചില പണ്ഡിതൻമാർ പറയുന്നുണ്ട്.
പ്രസ്തുത മാസത്തിന്റെ ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ സൂചിപ്പിക്കുകയാണ്.

عن عَبْدَ اللَّهِ بْنَ عُمَرَ، – رضى الله عنهما قال: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَاقْدِرُوا لَهُ ‏

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (മുസ്ലിം:1080)

ഈ വിഷയത്തിൽ നമുക്കാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവുകയില്ല. എന്നാൽ ഇതോടൊപ്പം പണ്ഡിതർ പറയുന്ന ഒരു കാര്യം ശഅബാൻ മാസപ്പിറവിയും പ്രത്യേകം കാണണമെന്നാണ്. ചിലർ നിർബന്ധമാണെന്നും പറയുന്നു. അതിനുള്ള ഒരു തെളിവാണ് മുകളിലെ ഹദീസ്.

റമദാൻ മാസപ്പിറവി നോക്കേണ്ടത് ശഅബാൻ 29 നാണ് . അപ്പോൾ എന്നാണ് ശഅബാൻ 29 എന്നറിയണം. അതിന് ശഅബാൻ മാസപ്പിറവി നോക്കണം.ശഅബാൻ 29 ന് റമദാൻ പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 തികയ്ക്കണം. ശഅബാൻ 30 കണക്കാക്കണമെങ്കിലും ശഅബാൻ മാസപ്പിറവി ശ്രദ്ധയോടെ കണ്ടിരിക്കണം. റമദാൻ കൃത്യമാവാൻ നബി ﷺ ശഅബാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

عَنْ عَائِشَةَ – رضى الله عنها – قَالَتْ : كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَحَفَّظُ مِنْ شَعْبَانَ مَا لاَ يَتَحَفَّظُ مِنْ غَيْرِهِ ثُمَّ يَصُومُ لِرُؤْيَةِ رَمَضَانَ فَإِنْ غُمَّ عَلَيْهِ عَدَّ ثَلاَثِينَ يَوْمًا ثُمَّ صَامَ ‏.‏

ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: മറ്റേതൊരു മാസത്തെ സൂക്ഷിക്കുന്നതിനെക്കാള്‍ ഉപരിയായി ശഅ്ബാനിന്റെ ഹിലാലിനെ നബി ﷺ ശ്രദ്ധിക്കാറുണ്ടായിരുന്നു. ശേഷം, റമദാന്‍പിറവി കണ്ടുകഴിഞ്ഞാല്‍ അദ്ദേഹം നോമ്പുപിടിക്കും. മേഘം കൊണ്ട് മറക്കപ്പെട്ടാല്‍ മുപ്പത് ദിവസം കണക്കാക്കുകയും പിന്നീട് നോമ്പുപിടിക്കുകയും ചെയ്യും. (അബൂദാവൂദ്: 2325)

ഇനി റമദാനിന്റെ ക്യത്യതക്ക് വേണ്ടി ശഅബാൻ മാസപ്പിറവി പ്രത്യേകം കാണാൻ നബി ﷺ കൽപിക്കുന്നത് നോക്കൂ,

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ أَحْصُوا هِلاَلَ شَعْبَانَ لِرَمَضَانَ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: റമദാനിനുവേണ്ടി നിങ്ങൾ ശഅബാൻ മാസപ്പിറവി കൃത്യമായി നിർണയിക്കുക. (തിർമിദി:687)

ഇത് പറഞ്ഞ നബി ﷺ യും അത് കേട്ട സ്വഹാബിമാരും മാസം നിര്‍ണയിച്ചത് കണക്ക് നോക്കിയിട്ടല്ല, മാസപ്പിറവി നോക്കിയിട്ടാണ്. അതിനാല്‍ ശഅ്ബാന്‍ മാസം കാഴ്ചയിലൂടെയാണ് നിര്‍ണയിക്കേണ്ടത് എന്ന് ഈ ഹദീസില്‍നിന്നും മനസ്സിലാക്കാം. പണ്ഡിതന്മാരും ഈ ഹദീസിനെ അങ്ങനെത്തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ അസ്ഖലാനി  رحمه الله പറയുന്നു.

أي اجتهدوا في إحصائه وضبطه بأن تتحروا مطالعه وتتراءوا منازله لأجل أن تكونوا على بصيرة في إدراك هلال رمضان على حقيقة حتى لا يفوتكم منه شيء

അതായത് അത് (ശഅ്ബാന്‍ മാസപ്പിറവി) നിര്‍ണയിക്കാനും കൃത്യമാക്കാനും നിങ്ങള്‍ നന്നായി പരിശ്രമിക്കുക. റമദാനില്‍നിന്ന് നിങ്ങള്‍ക്ക് ഒന്നും നഷ്ടമാവാതിരിക്കാന്‍ അതിന്റെ (ശഅ്ബാന്‍ മാസപ്പിറവി) ഉദയ സ്ഥലങ്ങള്‍ നിര്‍ണയിക്കുക. അത് ഇറങ്ങിവരുന്ന സ്ഥലങ്ങള്‍ കാണാന്‍ കഴിയുമോ എന്ന് നിങ്ങള്‍ സൂക്ഷിച്ചു നോക്കുക.’

ഇമാം സ്വന്‍ആനി رحمه الله തന്റെ  التَّنويرُ شَرْحُ الجَامِع الصَّغير എന്ന ഗ്രന്ഥത്തിൽ ഹദീസിൽ വന്ന إحصاء ന് രണ്ടർത്ഥമാണ് അദ്ദേഹം നൽകുന്നത്. അദ്ദേഹം പറയുന്നു:

(أحصوا هلال شعبان لرمضان) ..والإحصاء هنا من الحفظ من قولك أحصيت الشيء إذا حفظته أي احفظوا ليلة رؤيته لتعرفوا أول رمضان بيقين أو من الإحصاء وهو التعداد أي أحصوا عدة شعبان وذلك بعد معرفة ليلة هلاله.

ഇവിടെ إحصاء എന്നു പറഞ്ഞാൽ സൂക്ഷിക്കുക എന്നാണ് അർത്ഥം, ഒരു കാര്യം നീ إحصاء നടത്തി എന്ന് പറഞ്ഞാൽ അത് നീ സൂക്ഷിച്ചു വെച്ചു എന്നാണ്, (അപ്പോൾ ഹദീസിന്റെ അർത്ഥം) നിങ്ങൾക്ക് ദൃഢമായി റമദാൻ ഒന്ന് അറിയണമെങ്കിൽ നിങ്ങൾ ശഅബാൻ മാസപ്പിറവി കണ്ട രാത്രി മറന്നു പോകാതെ ഹൃദിസ്ഥമാക്കി സൂക്ഷിച്ചു വെക്കുക. അല്ലെങ്കിൽ അതിന്റെ അർത്ഥം എണ്ണിക്കണക്കാക്കുക എന്നാണ് അപ്പോൾ (ഹദീസിന്റെയർത്ഥം), നിങ്ങൾ ശഅബാനിന്റെ എണ്ണം കൃത്യമായി എണ്ണുക എന്നാണ് ,അത് ശഅബാനിന്റെ മാസപ്പിറവി കണ്ടാലാണ് സാധിക്കുക.

ഇമാം അബുല്‍ഹസന്‍ ഉബൈദുല്ലാഹ് തന്റെ مرعاة المفاتيح شرح مشكاة المصابيح എന്ന ഗ്രന്ഥത്തിൽ ഈഹദീസിന്റെ വിശദീകരണം ഇങ്ങനെ കൊടുക്കുന്നത് കാണാം.

اطلبوا هلال شعبان وأعلموه وعدوا أيامه لتعلموا دخول رمضان.

റമദാനിന്റെ പ്രവേശനം നിങ്ങളറിയാൻ ശഅബാൻ മാസപ്പിറവി അന്വേഷിക്കുക, എന്നിട്ട് അത് അറിയിക്കുക, അതിന്റെ ദിവസങ്ങൾ എണ്ണുക.

ശേഷം അതിന് ഉപോദ്ബലകമായി ഇബ്നു ഹജർ അസ്ഖലാനി  رحمه الله യുടെ മുകളിൽ നാം കൊടുത്ത വാചകം അദ്ദേഹം ഉദ്ധരിക്കുന്നു.

അതേപോലെ ഇമാം സുയൂത്വി തന്റെ قوت المغتذي على جامع الترمذي എന്ന ഗ്രന്ഥത്തിലും ഇമാം മുബാറക്ഫൂരി തന്റെ تحفة الأحوذي എന്ന ഗ്രന്ഥത്തിലും ഇമാംالملا الهروي القاري തന്റെ مرقاة المفاتيح شرح مشكاة المصابيح എന്ന ഗ്രന്ഥത്തിലും ശഅ്ബാന്‍ മാസപ്പിറവി കാണലാണ് ഹദീസിന്റെ ഉദ്ദേശ്യം എന്ന് വിശദീകരിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ الموسوعة الفقهية الكويتية എന്ന ഗ്രന്ഥത്തിലെ കൊടുത്ത വാചകങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. പ്രഗല്‍ഭരായ ഒരുപറ്റം പണ്ഡിതന്മാര്‍ തയ്യാര്‍ചെയ്ത, കുവൈത്തിലെ Ministry of Awqaf and Islamic Affairs പ്രസിദ്ധീകരിച്ച 45 വാള്യങ്ങളുള്ള ബൃഹത്തായ ഫിക്വ‌്ഹ് വിജ്ഞാനകോശമാണ് ഈ ഗ്രന്ഥം. ഒരു ആധികാരിക റഫറന്‍സായി പരിഗണിക്കപ്പെടുന്ന അതിലെ വാചകങ്ങള്‍ ഇങ്ങനെ വായിക്കാം:

وورد عنه صلى الله عليه وسلم حديث فيه أمر بالاعتناء بهلال شعبان لأجل رمضان قال : ( أحصوا هلال شعبان لرمضان ) ، وحديث يبين اعتناءه بشهر شعبان لضبط دخول رمضان , عن عائشة رضي الله عنها ( كان النبي صلى الله عليه وسلم يتحفظ من شعبان ما لا يتحفظ من غيره , ثم يصوم لرؤية رمضان فإن غم عليه عد ثلاثين يوما ثم صام) . قال الشراح : أي : يتكلف في عد أيام شعبان للمحافظة على صوم رمضان

‘‘റമദാനിന് വേണ്ടി ശഅ്ബാന്റെ മാസപ്പിറവി പ്രത്യേകം ശ്രദ്ധിക്കണമെന്ന് കല്‍പനയുള്ള ഹദീസ് നബി ﷺ യില്‍നിന്ന് വന്നിട്ടുണ്ട്. അവിടുന്ന് പഞ്ഞു: ‘നിങ്ങള്‍ റമദാനിന് വേണ്ടി ശഅ്ബാനിന്റെ മാസപ്പിറവി കൃത്യമായി നിര്‍ണയിക്കുക.’ റമദാനിന്റെ പ്രവേശനം കൃത്യമാക്കാന്‍ ശഅ്ബാന്‍ മാസത്തോട് നബി ﷺ യുടെ പ്രത്യേക ശ്രദ്ധ വിവരിക്കുന്ന (മറ്റൊരു) ഹദീസും വന്നിരിക്കുന്നു:

ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: ‘മറ്റു മാസങ്ങളില്‍ ശ്രദ്ധിക്കാത്ത അത്ര ശഅ്ബാന്‍ മാസപ്പിറവിയുടെ വിഷയത്തില്‍ നബി ﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ റമദാന്‍ മാസപ്പിറവി കണ്ടാല്‍ നോമ്പെടുക്കും. മേഘം മൂടിയാല്‍ ശഅ്ബാന്‍ മുപ്പത് തികയ്ക്കും. പിന്നെ നോമ്പെടുക്കും.’

നബി ﷺ ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ഉദ്ദേശ്യം ഹദീസ് വിശദീകരിക്കുന്നവര്‍ പറയുന്നു: ‘റമദാന്‍ നോമ്പിന്റെ സംരക്ഷണത്തിന് വേണ്ടി ശഅ്ബാന്‍ മാസത്തിലെ ദിവസങ്ങളെ എണ്ണാന്‍ അവിടുന്ന് കഷ്ടപ്പെട്ട് ശ്രമിക്കും.’’

ഇപ്രകാരം സുനനുത്തിര്‍മിദിയുടെ വ്യാഖ്യാനമെഴുതിയ ശൈഖ് സുലൈമാനുബിന്‍ നാസിര്‍ അല്‍ അലവാന്‍ رحمه الله ആ ഹദീസിനെ വിശദീകരിക്കുന്നത് കാണുക:

قوله ( أحصوا هلال شعبان ): ..وهذا أمر بالإحصاء والمقصود بالإحصاء ( العد) ، وترائي الهلال فرض كفاية إذا قام به البعض سقط الإثم عن الباقين وإذا لم يقم به أحد أثم الجميع لأنه ما لا يتم الواجب إلا به فهو واجب ، ولا يتأتى ضبط دخول رمضان إلا بإحصاء هلال شعبان فيجب على طائفة ممن له قدرة على الترائي أن يكلف نفسه بهذا ، ويجب على الحكام نصب أناس يتراءون الهلال…

നബി ﷺ പറഞ്ഞ ‘നിങ്ങള്‍ ശഅ്ബാനിന്റെ പിറവി നിര്‍ണയിക്കുക’ എന്നത് കൃത്യമായി (ശഅ്ബാന്‍ മാസപ്പിറവി) നിര്‍ണയിക്കാനുള്ള കല്‍പനയാണ്. ‘ഇഹ്‌സാഅ്’ എന്ന് പറഞ്ഞാല്‍ എണ്ണുക എന്നാണ് ഉദ്ദേശ്യം. മാസപ്പിറവി ദര്‍ശനം ഫര്‍ദു കിഫായയാണ് (സാമൂഹ്യ ബാധ്യത). ചിലര്‍ അത് നിര്‍വഹിച്ചാല്‍ എല്ലാവരില്‍നിന്നും കുറ്റം നീങ്ങും. ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവും. കാരണം ഒരു നിര്‍ബന്ധമായ കാര്യം ഏതൊന്നുകൊണ്ടാണോ പൂര്‍ത്തിയാവുന്നത് ആ കാര്യവും നിര്‍ബന്ധമാണ് (എന്നതാണ് തത്ത്വം). ശഅ്ബാന്‍ മാസപ്പിറവി കൃത്യമായി നിര്‍ണയിച്ചാലല്ലാതെ റമദാനിന്റെ പ്രവേശനം കൃത്യമാവുകയില്ല. അതുകൊണ്ട് മാസപ്പിറവി കാണാന്‍ സാധിക്കുന്ന ഒരു വിഭാഗം അത് കാണാന്‍ ഒരുങ്ങേണ്ടത് നിര്‍ബന്ധമാണ്. മാസപ്പിറവി ദര്‍ശിക്കാന്‍ ഒരു വിഭാഗത്തെ നിയോഗിക്കേണ്ടത് ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്.

ഇവിടെ ശഅ്ബാന്‍ മാസപ്പിറവിയുടെ കാര്യമാണ് പറയുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

قال عبد الله بن صالح الفوزان حَفِظَهُ اللَّهُ : وينبغي أن يعنى بهلال شعبان حتى تعرف ليلة الثلاثين التي يتحرى فيها هلال رمضان. ويستكمل الشهر عند عدم الرؤية، لما ورد عن أبي هريرة – رضي الله عنه – قال: قال رسول الله – صلى الله عليه وسلم – : “أحصوا هلال شعبان لرمضان . . . الحديث”. أي: اجتهدوا في إحصائه وضبطه، بأن تتحروا وتتراءوا منازله، لأجل أن تكونوا على بصيرة في إدراك هلال رمضان فلا يفوتكم منه شيء.

അബ്ദുല്ലാഹി ബ്നു സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: റമദാൻ മാസപ്പിറവി നോക്കാൻ ശഅബാൻ 29 എന്നാണെന്നറിയണം, അന്ന് മാസം കണ്ടിട്ടില്ലെങ്കിൽ മുപ്പത് തികയ്ക്കണം, അതിന് ശഅബാൻ മാസപ്പിറവി കാണാനുള്ള ശ്രദ്ധ അനിവാര്യമാണ്. ഇതിങ്ങനെ പറയാൻ കാരണം അബൂഹുറൈറ رضى الله عنه റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ ഇങ്ങനെ പറഞ്ഞതായി വന്നിട്ടുണ്ട്.നിങ്ങൾ റമദാനിനു വേണ്ടി ശഅബാൻ മാസപ്പിറവി കൃത്യമാക്കുക. അതായത് അത് (ശഅബാൻ മാസപ്പിറവി) നിർണയിക്കാനും കൃത്യമാക്കാനും നിങ്ങൾ നന്നായി പരിശ്രമിക്കുക. റമദാനിൽ നിന്ന് നിങ്ങൾക്ക് ഒന്നും നഷ്ടമാവാതിരിക്കാൻ അതിന്റെ (ശഅബാൻ മാസപ്പിറവി) ഉദയ സ്ഥലങ്ങൾ നിർണയിക്കുക, (അവിടെ പോയി) അത് കാണുക. ( من أحكام الصيام وآدابه )

قال شيخ الإسلام  رحمه الله : وقد بلغني أن الشرائع قبلنا أيضا إنما علقت الأحكام بالأهلة وإنما بدل من بدل من أتباعهم كما يفعله اليهود ….

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله പറയുന്നു: നമ്മുടെ മുമ്പുള്ള ശരീഅത്തുകളും ഹിലാലിെന്റയടിസ്ഥാനത്തിലായിരുന്നു മാസങ്ങളെ നിര്‍ണയിച്ചിരുന്നത് എന്ന് വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. പിന്നെ യഹൂദികള്‍ ചെയ്തതുപോലെ അവരുടെ പിന്‍ഗാമികള്‍ അതെല്ലാം മാറ്റിമറിച്ചതാണ്.

അദ്ദേഹം പറയുന്നു:

فظهر بما ذكرناه أنه بالهلال يكون توقيت الشهر والسنة، وأنه ليس شيء يقوم مقام الهلال البتة …

മാസവും വര്‍ഷവുമെല്ലാം ഹിലാല്‍ വഴിയാണ് നിര്‍ണയിക്കുക എന്ന് നമ്മള്‍ പറഞ്ഞതില്‍നിന്ന് വ്യക്തമായി. ഹിലാലിന്റെ സ്ഥാനത്തിന് പകരമായി മറ്റൊന്നും തന്നെയില്ല.’

قال الشيخ عبدالعزيز بن باز رحمه الله :إن الله سبحانه وتعالى علق بالهلال أحكاماً كثيرة كالصوم والحج والأعياد والعدد والإيلاء وغيرها ؛ لأن الهلال مشهود مرئي بالأبصار ومن أصح المعلومات ما شوهد بالأبصار

ശൈഖ് ഇബ്‌നു ബാസ് رحمه الله പറയുന്നു: ‘അല്ലാഹു നോമ്പ്, ഹജ്ജ്, ആഘോഷങ്ങള്‍, എണ്ണം, സത്യം ചെയ്യല്‍ തടങ്ങി അനേകം വിധികള്‍ ഹിലാലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാരണം മാസപ്പിറവി കണ്ണുകള്‍കൊണ്ട് കാണുന്നതും സാക്ഷ്യം നിര്‍വഹിക്കപ്പെടുകയും ചെയ്യുന്ന കാര്യമാണ്. കണ്ണുകള്‍കൊണ്ട് കാണുന്നത് ഏറ്റവും ശരിയായ വിവരങ്ങളില്‍ പെട്ടതാണ്.’

അദ്ദേഹം പറയുന്നു:

ومن هذا يتبين أن المعول عليه في إثبات الصوم والفطر وسائر الشهور هو الرؤية، أو إكمال العدة، ولا عبرة شرعا بمجرد ولادة القمر في إثبات الشهر القمري بدءا وانتهاء بإجماع أهل العلم المعتد بهم، ما لم تثبت رؤيته شرعا.

നോമ്പും പെരുന്നാളും മറ്റു മാസങ്ങളും നിര്‍ണയിക്കാനുള്ള അവലംബം കാഴ്ചയാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അല്ലെങ്കില്‍ എണ്ണം 30 തികയ്ക്കുക. ചന്ദ്രമാസത്തിന്റെ തുടക്കവും അവസാനവും സ്ഥിരീകരിക്കാന്‍ ചന്ദ്രന്‍ പിറന്നു എന്നത് മാത്രം പോരാ എന്നതില്‍ പരിഗണനീയമായ പണ്ഡിതന്മാര്‍ക്കിടയില്‍ എതിരഭിപ്രായമില്ല.

മാസപ്പിറവിയുടെ മാനദണ്ഡം കണക്കല്ല

സൂര്യചന്ദ്രന്മാർ ഒരു കണക്കനുസരിച്ച് സഞ്ചരിക്കുന്നു എന്ന് അല്ലാഹു പറയുന്നു:

ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ

സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.) (ഖുർആൻ:55/9)

ആ കണക്കുകൾ ഇന്ന് നമുക്ക് അറിയാവുന്നതാണ്. അതിനനുസരിച്ച് നാം നമസ്കാര സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അതനുസരിച്ചാണ് ലോകത്തെല്ലായിടത്തും നമസ്കാര സമയങ്ങൾ അറിയിച്ചുകൊണ്ടുള്ള ബാങ്ക് വിളിക്കപ്പെടുന്നത്. ചന്ദ്രൻറെ സഞ്ചാരത്തിന്റെ കണക്കും നമുക്ക് കൃത്യമായി അറിയാം. പക്ഷേ ചന്ദ്രദർശനമാണ് നബി ﷺ മാസത്തിന്റെ മാനദണ്ഡമാക്കിയത്. അതിനാൽ ദർശനം എപ്പോൾ സാധ്യമാകും എന്നത് കണക്കുകൊണ്ട് കൃത്യമായി അറിയാൻ സാധ്യമല്ല. മേഘം മൂടിയാൽ 30 പൂർത്തിയാക്കണം എന്ന് ഹദീസ് അതാണ് അറിയിക്കുന്നത്. കണക്കുപ്രകാരം ശഹബാൻ 29ന് ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെങ്കിലും നമുക്ക് പിറ്റേദിവസം റമളാൻ തുടങ്ങണമെങ്കിൽ ചന്ദ്രനെ ദർശിക്കുക തന്നെ വേണം. അതിനാൽ ഹിലാലിന്റെ വിഷയത്തിൽ കണക്കല്ല മാനദണ്ഡം കാഴ്ചയാണ്. ഇതാണ് പണ്ടുമുതലേ മുസ്ലിം സമൂഹം അനുവർത്തിച്ചു വരുന്ന നിലപാട്. അതേസമയം മേഘം മൂടിയാലും സമയമായാൽ നമുക്ക് നമസ്കരിക്കാം. സൂര്യനെ കാണണമെന്നില്ല. ഇതാണ് വ്യത്യാസം. ഇത് വിസ്മരിച്ച് ചന്ദ്രപ്പിറവിയിലും കണക്കിനെ മാത്രം അവലംബിക്കുന്ന രീതി പുത്തൻ രീതിയാണ് അത് ശരിയല്ല.

ومن خالف في ذلك من المعاصرين فمسبوق بإجماع من قبله وقوله مردود؛

ആധുനികരിൽ നിന്ന് ഇതിനെതിരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഈ വിഷയത്തിൽ മുമ്പ് ഇജ്മാഅ് ഉണ്ടായിട്ടുണ്ട്. അതിനാൽ ആ വാദം തള്ളപ്പെടേണ്ടതാണ്. (ശൈഖ് ഇബ്നുബാസ്)

ശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലത്ത് മാസം ഉറപ്പിക്കുന്നതിൽ ഗോളശാസ്ത്ര കണക്കുകൾ ഉപയോഗിക്കുകയല്ലേ വേണ്ടത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം. ഇവിടെ നാം ഗ്രഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാസപ്പിറവി നിർണയിക്കുന്നതിന് നബി ﷺ നിർണയിച്ച മാനദണ്ഡം ഹിലാൽ കാണുക എന്നതാണ്. കാണുന്നത് എപ്പോൾ എന്ന് കണ്ടെത്തുന്നതിനുള്ള ഒരു കണക്കും ഗോളശാസ്ത്രത്തിൽ ഇല്ല. അതുകൊണ്ടുതന്നെ മാസപ്പിറവി നിർണയത്തിൽ കണക്ക് ഉപയോഗിക്കാനാകും എന്ന വാദം നിരർത്ഥകമാണ്.

ചന്ദ്ര മാസം 29 ന് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ കണക്ക് ഉപയോഗിക്കാം. ചന്ദ്രൻ ചക്രവാളത്തിൽ ഇല്ല എങ്കിൽ അന്ന് മാസപ്പിറവി നോക്കേണ്ടതില്ല. ചക്രവാളത്തിൽ ഇല്ലാത്ത ചന്ദ്രനെ ആരെങ്കിലും കണ്ടു എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ ശാസ്ത്രീയമായ ഈ അറിവ് ഉപയോഗപ്പെടുത്താം.

സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട് എന്നതുകൊണ്ട് മാത്രം ഹിലാൽ രൂപപ്പെട്ടു കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ സൂര്യ അസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട് എന്നത് മാസാരംഭത്തിന് മാനദണ്ഡമായി കാണാൻ ആവില്ല. പിറവിയുടെ കാഴ്ചയെ മാസാരംഭത്തിന്റെ മാനദണ്ഡമായി നിശ്ചയിച്ച നബി ﷺ യുടെ കൽപ്പനകൾക്ക് വിരുദ്ധമായി സൂര്യാസ്തമയ ശേഷം ചക്രവാളത്തിലെ ചന്ദ്ര സാന്നിധ്യം എന്ന കണക്ക് ഉപയോഗിച്ചാണ് കേരളത്തിലെ കലണ്ടറിൽ മാസാരംഭം നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ഇത്തരം കലണ്ടറുകൾ മാത്രം ഉപയോഗിച്ച് ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ തീയതി നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല. അത് നബിചര്യയ്ക്ക് വിരുദ്ധമാണ്.

മാത്രവുമല്ല സൂര്യൻ അസ്തമിച്ച ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ മാസം പിറന്നതായി കണക്കാക്കുക എന്നതാണിവിടെ സംഭവിക്കുന്നത്.

സൂര്യാസ്തമയശേഷം എത്ര സമയം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ ഹിലാൽ കാണാനാകും എന്ന് ശാസ്ത്രത്തിന് തീർത്ത് പറയാനാവില്ല. ചിലപ്പോൾ പത്തോ പതിനഞ്ചു മിനിറ്റ് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ ഹിലാൽ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ മറ്റു ചില മാസങ്ങളിൽ 45 മിനിറ്റ് ചക്രവാളത്തിൽ ഉണ്ടായാൽ പോലും ദൃശ്യയോഗ്യമായ നിലയിൽ ഹിലാൽ രൂപപ്പെട്ട് കൊള്ളണമെന്നില്ല.

എന്തുകൊണ്ടാണ് ഈ അനശ്വരത്വം എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. ഭൂമിക്ക് ചുറ്റും ചന്ദ്രൻ ചലിക്കുന്ന പാതയിൽ (orbit) മാസാവസാനം ചന്ദ്രൻ എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ദൃശ്യ സാധ്യത നിലനിൽക്കുന്നത്. ഭൂമിക്ക് ചുറ്റും ചന്ദ്രൻ ചലിക്കുന്നത് ദീർഘ വൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയാണെന്ന് നമുക്കറിയാം. അതിനാൽ എല്ലാ സമയത്തും ചന്ദ്രനും ഭൂമിയും ഒരേ അകലത്തിൽ ആയിരിക്കില്ല. പാത വൃത്താകൃതിയായിരുന്നുവെങ്കിൽ ഈ അകലം എല്ലായിപ്പോഴും ഒന്നുതന്നെയായിരിക്കും. എന്നാൽ പാതയുടെ ആകൃതി ദീർഘവൃത്തം ആയതിനാൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഓരോ ദിവസവും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. മാസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരെ സന്ദർഭവും (Perigee) ഭൂമിയോട് ഏറ്റവും അകലത്തിൽ നിൽക്കുന്ന സന്ദർഭവും (apogee ) ഉണ്ടാകും. Kepler’s law of planetory motion അനുസരിച്ച് മാസാവസാനം ചന്ദ്രൻ ഭൂമിയോടടുത്ത് ആണെങ്കിൽ ഹിലാൽ രൂപപ്പെടാൻ ആവശ്യമായ elongation angle കൈവരിക്കാൻ ചന്ദ്രന് പെട്ടെന്ന് സാധിക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ഹിലാൽ വേഗത്തിൽ രൂപപ്പെടും. ഭൂമിയിൽനിന്ന് അകലം കൂടുന്തോറും ഹിലാൽ രൂപീകരണം വൈകുകയും ദൃശ്യ സാധ്യത കുറയുകയും ചെയ്യും. ഇത് മൂലം ഹിലാൽ രൂപപ്പെടാൻ ആവശ്യമായ elongation angle കൈവരിക്കാൻ ചന്ദ്രന് കൂടുതൽ സമയം ആവശ്യമായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സൂര്യാസ്തമയശേഷം ദീർഘിച്ച സമയം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായിരുന്നാലും ആ ചന്ദ്രനെ കാണാൻ കഴിയില്ല.

ശാസ്ത്ര വസ്തുതകൾ ഇങ്ങനെയായിരിക്കെ സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട് എന്ന കാരണത്താൽ മാസം പിറന്നു എന്ന് കരുതുന്നത് തീർത്തും തെറ്റായ ധാരണയാണ്. അതുകൊണ്ടുതന്നെ സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ മാസം ആരംഭിക്കുന്നതായി കണക്കാക്കുന്ന കലണ്ടറുകൾ മാത്രം ഉപയോഗിച്ചു കാഴ്ചയെ പരിഗണിക്കാതെ മാസാരംഭം തീയതി നിശ്ചയിക്കുന്നത് മത അധ്യാപനങ്ങൾക്കെതിരാണ്.

സൂര്യാസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാകുന്ന ആദ്യദിവസം മാസപ്പിറവി കാണാനും കാണാതിരിക്കാൻ ഉള്ള സാധ്യതയുണ്ട്. മാസപ്പിറവി കാണാനുള്ള ആദ്യ സാധ്യത ദിനം എന്ന നിലയിൽ മാത്രമാണ് ഇസ്ലാമിക കലണ്ടറുകളിൽ തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ ആ തലത്തിൽ മാത്രം കണ്ടാൽ മതി.

മാസം ഉറപ്പിക്കുന്നതിനുള്ള അധികാരം

മാസം ഉറപ്പിക്കുന്നതിനുള്ള അധികാരം ഒരു നാട്ടിലെ മുസ്ലിം ഭരണാധികാരികൾക്കാണ്. ഇസ്ലാമിക ഭരണം അല്ലാത്ത രാജ്യങ്ങളിൽ അവിടത്തെ മുസ്ലിം കൂട്ടായ്മകൾക്ക് അത് തീരുമാനിക്കാം.

قال الشيخ محمد بن عثيمين رحمه الله: الأقليات الإسلامية في الدول الكافرة إن كان هناك رابطة، أو مكتب، أو مركز إسلامي؛ فإنها تعمل بقولهم، وإذا لم يكن كذلك فإنها تخيَّر، والأحسن أن تتبع أقرب بلد إليها.

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ رحمه الله പറയുന്നു: ഇസ്ലാമികമല്ലാത്ത രാജ്യങ്ങളിൽ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾ, ആ നാട്ടിലുള്ള മുസ്ലിം കൂട്ടായ്മയോ ഇസ്ലാമിക സെൻററുകളോ ഓഫീസുകളോ പറയുന്നതിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. (ശറഹുൽ മുതിഅ്:6/312)

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *