ഇബ്രാഹിം നബി عليه السلام യുടെ ചരിത്രത്തിലെ ഒരു രംഗം വിശുദ്ധ ഖുർആൻ സൂറ:ശുഅറാഅ് 69-89 ആയത്തുകളിലൂടെ വിവരിക്കുന്നുണ്ട്. തന്റെ ജനത അല്ലാഹുവല്ലാത്തവരെ അഥവാ സൃഷ്ടികളെ ആരാധിക്കുന്നതിന്റെ നിരർത്ഥകതയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതാണ് ബുദ്ധിപരമന്നതും അദ്ധേഹം തന്റെ ജനതയെ പഠിപ്പിക്കുന്നു. ഈ രംഗം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:
وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ
ഇബ്രാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക. (ഖുർആൻ:26/69)
ഇബ്രാഹിം നബി عليه السلام തന്റെ ജനതയോട് ചോദിക്കുന്നു:
إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ
നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും, തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. (ഖുർആൻ:26/70)
പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് ഇബ്രാഹീം നബി عليه السلام ക്ക് അറിയാത്തതല്ല. അതിന്റെ നിരര്‍ത്ഥത വിവരിച്ചു കൊടുക്കുവാന്‍ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. അപ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു:
قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَٰكِفِينَ
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. (ഖുർആൻ:26/71)
തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട് ഭജനമിരിക്കയും ചെയ്യാറുണ്ടെന്നും അവര്‍ അറിയിച്ചു. അപ്പോൾ ഇബ്രാഹിം നബി عليه السلام വീണ്ടും ചോദിക്കുന്നു:
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ ﴿٧٢﴾ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ ﴿٧٣﴾
അദ്ദേഹം പറഞ്ഞു : നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? (ഖുർആൻ:26/72-73)
നിങ്ങളുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും അവര്‍ കേള്‍ക്കുമോ? അതില്ലെങ്കില്‍, അവ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരം ചെയ്യുമോ? അതുമില്ലെങ്കില്‍, എന്തെങ്കിലും ഉപദ്രവം ചെയ്വാനെങ്കിലും അവയ്ക്ക് കഴിയുമോ എന്നെല്ലാമാണ് അദ്ദേഹം ചോദിച്ചത്. അവരുടെ മറുപടി ഇപ്രകാരമായിരുന്നു:
قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം) (ഖുർആൻ:26/74)
നിങ്ങളുടെ ആരാധ്യ വസ്തുക്കൾ പ്രാര്‍ത്ഥനകൾ കേൾക്കുമോ, അവക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് ‘ഇല്ല, ഇല്ല’ എന്ന് മാത്രമാണവരുടെ അവരുടെ ഉത്തരം. പക്ഷേ, ഈ ഉത്തരംകൊണ്ട് മതിയാക്കിയാല്‍ അവരുടെ ആദർശം പൊളിഞ്ഞുപോകുമല്ലോ. അതുകൊണ്ട് അവര്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളെ ശരണം പ്രാപിക്കുകയാണ്. ഞങ്ങളുടെ പിതാക്കള്‍ അവയെ ആരാധിച്ചു വരുന്നത് കണ്ടു. ഞങ്ങളും അതനുകരിച്ചു വന്നു. ഒരു കാര്യവുമില്ലാതെ, അവരങ്ങനെ ചെയ്യുമോ? ഇതാണവരുടെ ന്യായീകരണം!
ഇബ്രാഹിം നബി عليه السلام തുടരുന്നു:
قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ ﴿٧٥﴾ أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ ﴿٧٦﴾ فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَٰلَمِينَ ﴿٧٧﴾
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ. (ഖുർആൻ:26/75-77)
ഈ ലോകത്ത് ആരാധിക്കപ്പെടുന്നവയില്‍ സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതില്‍ മാത്രമേ ഞാന്‍ നന്മ കാണുന്നുള്ളൂവെന്നാണ് ഇബ്രാഹിം നബി عليه السلام പ്രഖ്യാപിച്ചത്. താന്‍ ഏക ആരാധ്യനായി സ്വീകരിച്ച ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, ഇബാദത്തിനുള്ള അർഹത അവന് മാത്രമേയുള്ളൂവെന്നതിനുമുള്ള ന്യായങ്ങളും അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു.
മനുഷ്യന്റെ സൃഷ്ടി മുതല്‍ പരലോകജീവിതംവരെയുള്ള എല്ലാ പ്രധാന വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു വിവരണമാണ് ഇബ്രാഹിം നബി عليه السلام യുടെ പ്രസ്താവനയിലുള്ളത്. ഇവ ഓരോന്നിലും മറ്റാര്‍ക്കും യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ലാത്ത സ്ഥിതിക്ക് മറ്റാരെയും ആരാധ്യനായി സ്വീകരിക്കുവാന്‍ യാതൊരു ന്യായവുമില്ല എന്നാണ് അദ്ദേഹം താല്‍പര്യമാക്കുന്നത്. പ്രസ്തുത പ്രസ്താവന കാണുക:
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ
അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. (ഖുർആൻ:26/78)
അല്ലാഹു മാത്രമാണ് ഇബാദത്തിനര്‍ഹന്‍ എന്നതിനുള്ള പ്രഥമ ന്യായമാണിത്. അല്ലാഹുവാണ് സ്രഷ്ടാവ് എന്ന യാഥാര്‍ഥ്യം ഒട്ടുമിക്ക മനുഷ്യരും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സൃഷ്ടിയില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു കൂടി അവര്‍ സമ്മതിക്കുന്നു. അതിനാല്‍, ഇബ്രാഹിം നബി عليه السلام യുടെ ഒന്നാമത്തെ തെളിവ് ഇപ്രകാരമായിരുന്നു: എന്നെ സൃഷ്ടിച്ചവനെ ആരാധിക്കുന്നതിനെ മാത്രമേ ഞാന്‍ സത്യവും സാധുവുമായി കരുതുന്നുള്ളൂ. എന്റെ സൃഷ്ടിയില്‍ ഒരു പങ്കുമില്ലാത്ത മറ്റൊരു വസ്തുവും എന്റെ ആരാധന അര്‍ഹിക്കുന്നില്ല. സൃഷ്ടി അതിന്റെ സ്രഷ്ടാവിനാണ് അടിമപ്പെടേണ്ടത്. സ്രഷ്ടാവല്ലാത്തവര്ക്ക് അവര്‍ എന്തിനടിമപ്പെടണം?
وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ
എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്യുന്നവന്. (ഖുർആൻ:26/79)
മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവന് ഉപജീവനവും നല്‍കുന്നത്. അതിലും മറ്റാർക്കും പങ്കില്ല.
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. (ഖുർആൻ:26/80)
രോഗം എന്നത് അല്ലാഹുവിന്റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാല്‍ രോഗശമനം നൽകുന്നതും അല്ലാഹു മാത്രമാണ്.
وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ
എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്. (ഖുർആൻ:26/81)
ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. മരിപ്പിച്ചതിന് ശേഷം വീണ്ടും ജീവിപ്പിക്കുന്നവനും അവനാണ്. അവനല്ലാതെ മറ്റാർക്കും അത് ചെയ്യാൻ കഴിയില്ല,
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ
പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന് എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്. (ഖുർആൻ:26/82)
പ്രതിഫല നാളിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അന്ന് അവനാണ് പാപങ്ങൾ പൊറുത്തുകൊടുക്കാൻ അവകാശപ്പെട്ടവൻ. ഇഹത്തിലും പരത്തിലും പാപങ്ങൾ പൊറുത്തുകൊടുക്കാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹു പറഞ്ഞതുപോലെ: وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ (അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക? (ഖു൪ആന്‍: 3/135)
അല്ലാഹുവിന്റെ ഈ മഹല്‍ഗുണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, അതോടൊപ്പം തന്റെ ഇഹപരനന്മകള്ക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു:
رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴿٨٣﴾ وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ ﴿٨٤﴾ وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴿٨٥﴾ وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ﴿٨٦﴾ وَلَا تُخْزِنِى يَوْمَ يُبْعَثُونَ ﴿٨٧﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
എന്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (ഖുർആൻ:26/83-89)
ഈ മഹത്തായ പ്രാര്‍ത്ഥനയില്‍ ആറ് കാര്യങ്ങളാണ് ഇബ്രാഹിം നബി عليه السلام ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ പ്രാര്‍ത്ഥന നാമും സദാ ചെയ്യേണ്ടതാകുന്നുവെന്ന് പറയേണ്ടതില്ല. ഒന്നാമത്തേത് വിജ്ഞാനം ലഭിക്കുവാനുള്ള അപേക്ഷയാണ് (رَبِّ هَبْ لِى حُكْمًا). ഈ അപേക്ഷ സ്വീകരിച്ച് അല്ലാഹു അദ്ദേഹത്തിന് വിജ്ഞാനം കൊടുത്തിട്ടുണ്ടെന്ന് ഖുര്‍ആനില്‍നിന്നും മറ്റും ധാരാളം വ്യക്തമാണ്.
രണ്ടാമതായി സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തുവാനുള്ള അപേക്ഷയാണ് (وَأَلْحِقْنِى بِٱلصَّٰلِحِينَ). ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആനില്‍ തന്നെ കാണാം.
إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ ﴿١٢٠﴾ شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴿١٢١﴾ وَءَاتَيْنَٰهُ فِى ٱلدُّنْيَا حَسَنَةً ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّٰلِحِينَ ﴿١٢٢﴾
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന് തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്വൃത്തരുടെ കൂട്ടത്തിലായിരിക്കും. (ഖുർആൻ:16/120-122)
മൂന്നാമത്തേത് പിന്ഗാമികളില് സല്‍കീര്‍ത്തി നിലനിര്‍ത്തണമെന്നുള്ളതാകുന്നു (وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ). ഇതിനെക്കുറിച്ചും ഖുര്‍ആനില്‍ പലേടത്തും കാണുവാന്‍ കഴിയും. അദ്ദേഹത്തിനു മാത്രമല്ല, പുത്രനായ ഇസ്ഹാഖ് നബി عليه السلام യെയും പൗത്രന് യഅ്ഖൂബ് നബി عليه السلام യെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരിടത്തു ഇങ്ങിനെ പറയന്നു:
وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا
നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു. (ഖുർആൻ:19/50)
ദൈവിക വേദക്കാരായ ഏതു മതസ്ഥരും ഇബ്രാഹിം നബി عليه السلام യെ ബഹുമാനിക്കാത്തവരായിട്ടില്ല.
നാലാമത്തേത്, സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേയെന്ന പ്രാർത്ഥനയാണ് (وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ).
അഞ്ചാമത്തേത് പിതാവിന് പാപമോചനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് . പിതാവിനോട് അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദാനമനുസരിച്ചാണ് ഈ പ്രാര്‍ത്ഥന അദ്ദേഹം ചെയ്തിരുന്നതെന്നും, പിന്നീട് പിതാവ് അല്ലാഹുവിന്റെ ശത്രുതന്നെയാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുകളയുകയുണ്ടായെന്നും സൂറ: തൗബഃ 114-ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ
ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖുർആൻ:9/114)
ആറാമത്തെ പ്രാർത്ഥന പുനരുത്ഥാന നാളിൽ എന്നെ അപമാനത്തിലാക്കരുതേ എന്നതാണ്. (وَلَا تُخْزِنِى يَوْمَ يُبْعَثُونَ) പരലോകത്തുവെച്ച് സാധിക്കേണ്ടതായുള്ള രണ്ട് പ്രാര്‍ത്ഥനകളും – സ്വര്ഗ്ഗവാസികളില് ഉള്‍പ്പെടുത്തുവാനും, പുനരുത്ഥാന ദിവസം അപമാനത്തിലാക്കാതിരിക്കുവാനുമുള്ള അപേക്ഷകളും – തന്നെ അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍ വചനം സാക്ഷ്യം നല്കുന്നു. ‘അദ്ദേഹം പരലോകത്ത് സജ്ജനങ്ങളില്‍ പെട്ടവനാണ്’ എന്ന പ്രസ്താവനയില്‍ നിന്ന് ഇത് സ്പഷ്ടമാണ്.
നിര്‍ദ്ദോഷമായ – അഥവാ അവിശ്വാസത്തിന്റെ കറ ബാധിക്കാത്തതും, പാപപങ്കിലമല്ലാത്തതുമായ – സുരക്ഷിത ഹൃദയത്തോടുകൂടി അല്ലാഹുവിങ്കല്‍ വന്നവര്‍ക്കു മാത്രമേ സ്വത്തുക്കളും മക്കളും പരലോകത്തുവെച്ച് ഉപയോഗപ്പെടുകയുള്ളുവെന്ന് ഇബ്രാഹിം നബി عليه السلام യുടെ പ്രാര്‍ത്ഥനയില്‍ കൂടി അല്ലാഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെയുള്ളവര്‍, തങ്ങളുടെ സ്വത്തുക്കള്‍ നല്ല മാര്‍ഗ്ഗത്തില്‍ മാത്രം വിനിയോഗിക്കുന്നവരും, തങ്ങളുടെ മക്കളെ സല്പന്ഥാവില് നയിക്കുവാന്‍ കഴിവതെല്ലാം ചെയ്യുന്നവരുമായിരിക്കുക സ്വാഭാവികമാണ്. മനുഷ്യന്റെ മരണശേഷവും അവശേഷിക്കുന്ന മൂന്ന് സല്ക്കര്മ്മങ്ങളില് പെട്ടതാണ് സദ്-വൃത്തരായ മക്കളും നിലനിന്നുവരുന്ന ദാനധര്‍മ്മങ്ങളും.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്ലിം: 1631)
സത്യവിശ്വാസം സ്വീകരിക്കാതെ തോന്നിയതുപോലെ ജീവിക്കുന്നവ൪ക്ക് അവരുടെ സമ്പത്തുകളോ സന്താനങ്ങളോ പരലോകത്ത് അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല.
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ هُمْ وَقُودُ ٱلنَّارِ
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. (ഖു൪ആന്‍ :3/10)
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۚ هُمْ فِيهَا خَٰلِدُونَ
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :3/116)
kanzululoom.com