ഇബ്രാഹീം നബി عليه السلام ക്ക് വാർദ്ധക്യത്തിൽ ലഭിച്ച പുത്രനെ അല്ലാഹുവിനായി ബലി അർപ്പിക്കണമെന്ന് സ്വപ്നത്തിൽ അറിയിക്കുകയും മകന്റെ അനുവാദത്തോടെ മകനെ ബലി അറുക്കാനായി കിടത്തിയ അവസരത്തില്‍ ബലി അറുക്കേണ്ടതില്ലെന്നും അല്ലാഹു അറിയിക്കുകയും പകരം ഒരു മൃഗത്തെ ബലി അർപ്പിക്കാൻ കൽപ്പിക്കുകയും ചെയ്തു. അങ്ങനെ ഇബ്രാഹീം നബി عليه السلام ഒരു മഹത്തായ ബലിമൃഗത്തെ ബലിയര്‍പ്പിച്ചു.
ഏത് പുത്രനെയാണ് ബലി അർപ്പിക്കാനായി അല്ലാഹു ഇബ്രാഹീം നബി عليه السلام യോട് കൽപ്പിച്ചത്. അത് ഇസ്മാഈൽ عليه السلام യായിരുന്നുവന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. ജൂത-ക്രൈസ്തവരാകട്ടെ അത് ഇസ്ൽഹാഖ് عليه السلام യാണെന്ന് പറയുന്നു. അത് ആരായിരുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്. ആദ്യമായി, വിശുദ്ധ ഖുർആൻ പ്രസ്തുത രംഗം വിശദീകരിക്കുന്നത് കാണുക:
رَبِّ هَبْ لِي مِنَ الصَّالِحِينَ ﴿١٠٠﴾ فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ﴿١٠٢﴾فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ﴿١٠٣﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾ إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ ﴿١٠٦﴾ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ﴿١٠٧﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٠٨﴾ سَلَٰمٌ عَلَىٰٓ إِبْرَٰهِيمَ ﴿١٠٩﴾ كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿١١٠﴾ إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴿١١١﴾
(ഇബ്റാഹിം നബി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചു)എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നിന്റെ അഭിപ്രായം എന്താണ്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം:നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ ഇബ്റാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്രാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു. (ഖു൪ആന്‍ : 37/100-111)
തുടർന്ന് അല്ലാഹു പറയുന്നു:
وَبَشَّرْنَٰهُ بِإِسْحَٰقَ نَبِيًّا مِّنَ ٱلصَّٰلِحِينَ ﴿١١٢﴾ وَبَٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ ﴿١١٣﴾
ഇസ്ഹാഖ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകന് എന്ന നിലയില്‍. അദ്ദേഹത്തിനും ഇസ്ഹാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്. (ഖു൪ആന്‍ : 37/112-113)
ഇബ്രാഹീം عليه السلام ബലിയര്‍പ്പിച്ച പുത്രന്റെ പേര് ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ബലവത്തായ ഹദീസുകളിലും പേര് പറയപ്പെട്ടിട്ടില്ല. എങ്കിലും ഖുര്‍ആന്റെ പ്രസ്താവനകളും, വാചകക്രമവും നോക്കുമ്പോള്‍ അത് ഇസ്മാഈല്‍ നബി عليه السلام തന്നെയാണെന്നു വ്യക്തമാകുന്നതാണ്. പല സ്വഹാബികളില്‍നിന്നും, മുന്‍ഗാമികളായ മഹാന്മാരില്നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും ഇസ്മാഈല്‍ നബി عليه السلام ആയിരുന്നുവെന്നു തന്നെ. വിശുദ്ധഖുർആനിന്റെ മേൽ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
(ഒന്ന്) 100-ാം വചനത്തില്‍ തനിക്ക് പിന്‍തുടര്‍ച്ചക്കാരുണ്ടാകുവാന്‍വേണ്ടി ഇബ്രാഹീം നബി عليه السلام പ്രാര്‍ത്ഥിച്ചതായും, 101-ാം വചനത്തില്‍, അപ്പോള്‍ അദ്ദേഹത്തിനു ഒരു ആണ്‍കുട്ടി ഉണ്ടാകുവാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിച്ചതായും പറഞ്ഞുവല്ലോ. തുടര്‍ന്നുള്ള കുറെ ആയത്തുകളില്‍ അതേ ആണ്‍കുട്ടിയെ ബലിയര്‍പ്പിച്ച സംഭവമാണ് വിവരിച്ചിരിക്കുന്നത്. 111 വരെയുള്ള വചനങ്ങളില്‍ വേറെ ഒരു മകനെപ്പറ്റി പ്രസ്താവിച്ചിട്ടേയില്ല. പിന്നീടു 112 ല്‍ അദ്ദേഹത്തിനു ഇസ്ഹാഖിനെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിച്ചതായി (وَبَشَّرْنَاهُ بِإِسْحَاقَ) പ്രസ്താവിക്കുന്നു. ഈ രണ്ട് പുത്രന്മാരല്ലാതെ ഇബ്രാഹീം നബി عليه السلام ക്ക് വേറെ മൂന്നാമതൊരു പുത്രന് ഉണ്ടായതായി അറിയപ്പെടുന്നുമില്ല. അപ്പോള്‍, 102 മുതല്‍ ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട – ബലികര്മ്മത്തിന്ന് വിധേയനായ – മകന് ഇസ്മാഈല്‍ عليه السلام തന്നെയാണെന്ന് വ്യക്തം.
(രണ്ട്) 100-ാം വചനത്തില്‍ തനിക്ക് പിന്‍തുടര്‍ച്ചക്കാരുണ്ടാകുവാന്‍വേണ്ടി ഇബ്രാഹീം നബി عليه السلام പ്രാര്‍ത്ഥിച്ചതില്‍ ‘സദ്വൃത്തരില്‍പെട്ട’ (مِنَ الصَّالِحِينَ) പിന്തുടര്ച്ചകാരനായിരിക്കേണമെന്നു പറഞ്ഞിരുന്നുവല്ലോ. തൊട്ടടുത്ത വചനത്തില്‍ കുട്ടി ഉണ്ടാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ലഭിച്ചതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘സഹനശീലനായ ഒരാണ്‍കുട്ടി’ (ِغُلَام حَلِيم) എന്നാണ് ആ മകനെ അല്ലാഹു വിശേഷിപ്പിച്ചത്. ഇസ്മാഈല്‍ عليه السلام സദ്വൃത്തനല്ലാതിരുന്നതുകൊണ്ടല്ല, സദ്വൃത്തനായതോടുകൂടി അസാധാരണമായ സഹനശീലംകൂടി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതു നിമിത്തമാണ് അതെന്ന് മനസ്സിലാക്കാം. തന്നെ അറുത്ത് ബലിചെയ്വാന് സസന്തോഷം സന്നദ്ധത പ്രകടിപ്പിച്ചതില്പരം സഹനത്തിന്റെ മാതൃക മറ്റെന്താണ്? അതേസമയത്ത് ഇസ്ഹാഖ് عليه السلام യെ കുറിച്ചുള്ള സന്തോഷവാര്‍ത്തയില്‍ അദ്ദേഹത്തെപ്പറ്റി ഇബ്രാഹീം നബി عليه السلام പ്രാര്‍ത്ഥനയില്‍ വിശേഷിപ്പിച്ച അതേ വാക്ക് തന്നെ (مِنَ الصَّالِحِينَ ) ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നതും. അതായത് അദ്ദേഹം പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെട്ടപ്രകാരം സദ്വൃത്തരായ രണ്ട് മക്കളെ അല്ലാഹു അദ്ദേഹത്തിനു നല്കി. ഒന്നാമത്തെ മകന് സഹനശീലനാണെന്ന ഒരു പ്രത്യേകതയുംകൂടി ഉണ്ടായിരുന്നു എന്ന് സാരം.
(മൂന്ന്) ബലിസംഭവവും, ഇസ്ഹാഖ് عليه السلام യെ കുറിച്ചുള്ള സന്തോഷവാര്‍ത്തയും വിവരിച്ചതിനെ തുടർന്ന് (113-ാം വചനത്തില്‍) وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ (അദ്ദേഹത്തിന്റെ മേലും ഇസ്ഹാഖിന്റെ മേലും നാം ബര്‍ക്കത്ത് ചെയ്തിരിക്കുന്നു) എന്നും, وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ (അവരുടെ രണ്ടാളുടെയും സന്താനങ്ങളില്‍ സല്ഗുണവാന്മാരും അക്രമികളും ഉണ്ട്) എന്നും പറയുന്നു. അപ്പോള്‍, ആദ്യം പ്രസ്താവിക്കപ്പെട്ട പുത്രന് ഇസ്ഹാഖ് عليه السلام അല്ലെന്നും, വേറൊരാളാണെന്നും പറയേണ്ടതില്ലല്ലോ. രണ്ടുപേരുടെയും സന്താനപരമ്പരകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടുതാനും.
(നാല്) സൂറത്തു ഹൂദ് 71 ല്‍ ഇബ്രാഹീം നബി عليه السلام യുടെ ഭാര്യക്ക് ഇസ്ഹാഖിനെക്കുറിച്ചും, അദ്ദേഹത്തിനുശേഷം യഅ്ക്കൂബിനെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിച്ചു എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
فَبَشَّرْنَٰهَا بِإِسْحَٰقَ وَمِن وَرَآءِ إِسْحَٰقَ يَعْقُوبَ
അപ്പോള്‍ അവര്‍ക്ക് (പുത്രനായി) ഇസ്ഹാഖിനെപ്പറ്റിയും, (പൗത്രനായി) ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. (ഖു൪ആന്‍ : 11/71)
അപ്പോള്‍, ഇസ്ഹാഖിനെപ്പറ്റി സന്തോഷമറിയിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തില്‍നിന്നു വഴിയെ ഉണ്ടാവാന്‍ പോകുന്ന മകനെക്കുറിച്ചും അറിയിച്ചിരിക്കെ, അതിനുമുമ്പായി അദ്ദേഹത്തെ ബലിയര്‍പ്പിക്കുവാന്‍ കല്പിക്കപ്പെടുന്നതില് അര്‍ത്ഥമില്ല.
(അഞ്ച്) ബൈബിളിൽ അല്ലാഹു ഇബ്രാഹീം നബി عليه السلام യെ വിളിച്ച് ഇങ്ങിനെ പറയുന്നതായി പ്രസ്താവിക്കുന്നു: ‘നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസ്ഹാക്കിനെത്തന്നെ, കൂട്ടിക്കൊണ്ട് മോരിയാ ദേശത്തു ചെന്നു അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.’ (ഉല്പത്തി: 22ല്‍ 1-3). ഏകജാതന്‍ എന്നു പറയുമ്പോള്‍, ഇബ്രാഹീം നബി عليه السلام ക്ക് ആ സന്ദര്‍ഭത്തില്‍ വേറെ മക്കളുണ്ടായിരുന്നില്ലെന്നാണ് വരുന്നത്. വാസ്തവത്തില്‍ മൂത്ത പുത്രനായ ഇസ്മാഈല്‍ عليه السلام നിലവിലുണ്ടുതാനും. ഇസ്മാഈല്‍ عليه السلام ജനിച്ചപ്പോള്‍ ഇബ്രാഹീം നബി عليه السلام ക്ക് 86 വയസ്സാണെന്നും, ഇസ്ഹാഖ് عليه السلام നെ കുറിച്ചു സന്തോഷവാര്‍ത്ത ലഭിച്ചതു അദ്ദേഹത്തിനു 99 വയസ്സുള്ളപ്പോഴാണെന്നും ബൈബിൾ തന്നെ പ്രസ്താവിക്കുന്നു. (ഉല്പത്തി 16ല്‍ 16ഉം; 17ല്‍ 1ഉം). അപ്പോള്‍, ഏകജാതന്‍ എന്ന വിശേഷണം ഇസ്മാഈല്‍ عليه السلام ക്കല്ലാതെ ഇസ്ഹാഖ് عليه السلام ക്ക് യോജിക്കുകയില്ലല്ലോ. ആ സ്ഥിതിക്ക് ‘ഇസ്ഹാക്കിനെത്തന്നെ’ എന്ന ഭാഗം ബൈബിളിൽ പിന്നീട് കൂട്ടിച്ചേര്ക്കപ്പെട്ടതായിരിക്കാം. അക്കാലത്ത് ഇസ്മാഈല്‍ عليه السلام യെയും മാതാവിനെയും മക്കയില്‍ കൊണ്ടുപോയി താമസിപ്പിച്ചു കഴിഞ്ഞിരുന്നതുകൊണ്ടാണ് ഇസ്ഹാഖിനെപ്പറ്റി ‘ഏകജാതന്‍’ എന്നു പറഞ്ഞതെന്നു വേദക്കാര്‍ പറയാറുള്ള ന്യായം സ്വീകാര്യമല്ലെന്ന് അധികം ആലോചിക്കാതെത്തന്നെ മനസ്സിലാകുന്നതാണ്.
(ആറ്) ഏത് നിലക്കും ബലികഴിക്കപ്പെടുവാന്‍ ന്യായം മൂത്ത പുത്രനാണല്ലോ. മൂത്ത പുത്രന് ഇസ്മാഈലാണെന്നതില് തര്‍ക്കവുമില്ല. കൂടാതെ, ബലികര്‍മ്മം നടന്ന സ്ഥലം മോരിയാദേശമാണെന്നും, അവിടെ ഒരു മലയില്‍ വെച്ചാണെന്നും ബൈബിൾ പ്രസ്താവിക്കുന്നു. ഈ സ്ഥലം എവിടെയാണെന്ന് വേദക്കാര്‍ക്കു അറിഞ്ഞുകൂടാ. ‘വേദപുസ്തകനിഘണ്ടു’ ഇത് തുറന്നു സമ്മതിച്ചിട്ടുമുണ്ട്. (പേജ്: 352). ചെറുപ്പം മുതല്ക്കേ ഇസ്മാഈല്‍ عليه السلام വസിച്ചുകൊണ്ടിരുന്ന മക്കായുടെ പരിസരമായ മിനായും, അവിടെ സ്ഥിതിചെയ്യുന്ന മലയും ആയിരിക്കാം മോരിയാ പ്രദേശം. ഇസ്മാഈലീ വര്‍ഗ്ഗമായ അറബികളോട് – നബി ﷺ നിയോഗിക്കപ്പെടുന്നതിനുമുമ്പുതന്നെ – ഇസ്രാഈല്‍ വര്‍ഗ്ഗത്തിനുണ്ടായിരുന്ന അസൂയയില്‍നിന്നും, തങ്ങളാണ് ഉല്കൃഷ്ടവര്ഗ്ഗമെന്ന നാട്യത്തില്‍നിന്നും ഉടലെടുത്തതാണ് വാസ്തവത്തില്‍ ‘ഹോമയാഗം ചെയ്യപ്പെട്ട പുത്രന് ഇസ്ഹാക്കാണെ’ന്ന വാദം. ഈ പരമാര്‍ത്ഥം ഉമറുബ്നു അബ്ദില്‍ അസീസ് رَحِمَهُ اللَّهُ ന്റെ ഖിലാഫത്ത് കാലത്തു യഹൂദരില്‍നിന്നു ഇസ്ലാമില്‍ വന്ന ചില ആളുകള്‍ തുറന്നുപറഞ്ഞതായി ഇബ്നു ഇസ്ഹാഖ് رَحِمَهُ اللَّهُ രേഖപ്പെടുത്തിയിരിക്കുന്നു. തൗറാത്തില്‍ വേദക്കാരാല് നടത്തപ്പെട്ട ഈ കൈകടത്തല്‍ വളരെ അത്ഭുതകരമോന്നുമല്ല.
അവലംബം : അമാനിതഫ്സീര്‍
kanzululoom.com