“മനുഷ്യന്‍ മരിച്ചു മണ്ണായിട്ടും ജീവിപ്പിക്കപ്പെടും, മുന്‍ജീവിതത്തില്‍ ചെയ്‌തതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടും, അതനുസരിച്ച് രക്ഷാശിക്ഷകള്‍ക്ക് വിധേയനാകും എന്നൊക്കെ നിങ്ങള്‍ പറയുന്നത് യഥാര്‍ത്ഥം തന്നെയാണോ? അതല്ല കേവലം തമാശയോ?“ സത്യനിഷേധികളുടെ ഇത്തരം ചോദ്യത്തിന് وَرَبِّي (എന്‍റെ റബ്ബിനെത്തന്നെ സത്യം) എന്ന് ശക്തിയായ സ്വരത്തില്‍ സത്യം ചെയ്‌തുകൊണ്ട് മറുപടി കൊടുക്കുവാന്‍ നബി ﷺ യോട് കല്‍പിക്കുന്ന മൂന്ന് ആയത്തുകൾ വിശുദ്ധ ഖുർആനിലുണ്ട്
وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّ ۖ وَمَآ أَنتُم بِمُعْجِزِينَ
ഇത് സത്യമാണോ എന്ന് നിന്നോട് അവര്‍ അന്വേഷിക്കുന്നു. (നബിയെ) താങ്കൾ പറയുക: അതെ; എന്‍റെ റബ്ബിനെ തന്നെയാണെ സത്യം! തീര്‍ച്ചയായും അത് സത്യം തന്നെയാണ്. നിങ്ങള്‍ക്ക് തോല്‍പിച്ചു കളയാനാവില്ല. (ഖുർആൻ:10/53)
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ ۖ
ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. (നബിയെ) താങ്കൾ പറയുക: അല്ല, എന്‍റെ റബ്ബിനെ തന്നെയാണെ സത്യം, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (റബ്ബ്). (ഖുർആൻ:31/3)
زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയെ) താങ്കൾ പറയുക: അതെ; എന്‍റെ റബ്ബിനെ തന്നെയാണെ സത്യം, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഖുർആൻ:64/7)
നിഷേധികള്‍ അവരുടെ നിഷേധവേളയില്‍ ഉപയോഗിച്ച അതേ വാക്കുകളെത്തന്നെയാണ് ഇവിടങ്ങളിലെല്ലാം ഖണ്‌ഡിച്ചിരിക്കുന്നതെന്ന് പ്രസ്‌താവ്യമത്രെ. മരണാനന്തര ജീവിതത്തെയും, പരലോക ജീവിതത്തെയും നിഷേധിക്കുന്നതിന്‍റെ ഗൗരവത്തെയും, അതില്‍ അവരോട് അല്ലാഹുവിനുള്ള അതികഠിനമായ അമര്‍ഷത്തെയുമാണിത് കാണിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍:10/53ന്റെ വിശദീകരണത്തിൽ നിന്നും)
രണ്ടാമതൊരു ജീവിതം നൽകൽ ഒരു അസാധ്യകാര്യമായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതു ഒട്ടും തന്നെ പ്രയാസപ്പെട്ടതല്ല – വളരെ നിസ്സാരമാണ് – എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍:64/7 ന്റെ വിശദീകരണത്തിൽ നിന്നും)
kanzululoom.com