عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ لاَ تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അന്ത്യസമയം വന്നെത്തുകയും നിങ്ങളിൽ ഒരാളുടെ കൈയിൽ ഒരു (വൃക്ഷ) തൈ ഉണ്ടായിരിക്കുകയും, അത് സംഭവിക്കുന്നതിനു മുന്‍പായി അയാള്‍ക്കത് നടാന്‍ സാധിക്കുമെങ്കില്‍, അവൻ അത് നടട്ടെ. (അദബുല്‍ മുഫ്രദ്:1/479)
عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു മുസ്ലിമാകട്ടെ, ഒരു വൃക്ഷം നട്ടു പിടിപ്പിക്കുകയോ, ഒരു വിത്ത് കുഴിച്ചിടുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ നാല്‍ക്കാലിയോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അയാള്‍ക്ക് ഒരു സ്വദഖ (ദാനധര്‍മ്മം) ആകാതിരിക്കുകയില്ല. (ബുഖാരി: 2320 – മുസ്ലിം: 1553)
അഥവാ, താന്‍ നട്ട മരം കാരണമായി നട്ടയാളിന് തന്റെ മരണ ശേഷവും പ്രതിഫലം ലഭിക്കുന്നു. അതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവര്‍ക്ക് അത് നിലനിൽക്കുന്ന കാലംവരെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്നതാണ്!
മുഹ്യുസ്സുന്നയില്നിന്ന് ത്വയ്യിബി റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഒരാള്‍ അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കലൂടെ നടന്നുനീങ്ങി. അദ്ദേഹം മരംനടുകയായിരുന്നു. അപ്പോള്‍ അയാള്‍ ചോദിച്ചു: ‘വാര്‍ദ്ധക്യത്തിലാണോ താങ്കള്‍ ഈ മരം നടുന്നത്? ഇന്നാലിന്ന വര്‍ഷമല്ലാതെ താങ്കള്‍ ഇതില്‍നിന്ന് ഭക്ഷിക്കുകയില്ല.’ (ഒരുപാട് വര്‍ഷം കാത്തിരിക്കേണ്ടതായി വരും). അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അതില്‍നിന്ന് മറ്റുള്ളവര്‍ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ് (ഞാന്‍ ആഗ്രഹിക്കുന്നത്).
ആ മരത്തണലിൽ, എത്രകാലം അവിടെ ആരൊക്കെ വിശ്രമിക്കുന്നുവോ ആരൊക്കെ തണല്‍ കൊള്ളുന്നുവോ അതിനെല്ലാം കാരണക്കാരനായ ഇവന് അതിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَهُ وَمُصْحَفًا وَرَّثَهُ أَوْ مَسْجِدًا بَنَاهُ أَوْ بَيْتًا لاِبْنِ السَّبِيلِ بَنَاهُ أَوْ نَهْرًا أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്യാവില്) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്, അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (ഇബ്നുമാജ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
സത്യവിശ്വാസികളെ, നമുക്കും ഒരു തൈ നടാം. ഇവിടെ സാന്ദർഭികമായി ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കട്ടെ: മനുഷ്യർക്കും മറ്റു ജീവികൾക്കും ഫലങ്ങളും തണലും ലഭിക്കുന്നതിനുവേണ്ടി മരങ്ങൾ ഏത് കാലത്തും എപ്പോൾ വേണമെങ്കിലും നടാവുന്നതാണ്. ഇന്ന ദിവസം മരം നടന്നത് പുണ്യകരമാണ് എന്ന തരത്തിൽ പ്രത്യേകിച്ച് ദിവസങ്ങളോ സമയങ്ങളോ നിശ്ചയിക്കപ്പെട്ടിട്ടില്ല. മരങ്ങൾ പ്രകൃതിയുടെ സന്തുലനത്തിന് അനിവാര്യമാണെന്നിരിക്കെ, ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മരം നടുന്നത് അതിനപ്പുറം വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആയിരിക്കണം. നിയത്തനുസരിച്ചാണ് കർമ്മങ്ങളുടെ സ്വീകാര്യതയെന്ന കാര്യം മറക്കാതിരിക്കുക.
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. . ഓരോ വ്യക്തിക്കും അവനവന്റെ ഉദ്ദേശം അനുസരിച്ച് (പ്രതിപലം) ലഭിക്കും. …… (ബുഖാരി: 1 – മുസ്ലിം:1907)
kanzululoom.com