മനുഷ്യരുടെ ഇഹലോക ജീവിതത്തിലെ കർമ്മങ്ങളുടെ സമാപനമാണ് മരണം. മരണാനന്തര ജീവിതം മനുഷ്യർ ചെയ്ത കർമങ്ങളുടെ പ്രതിഫലത്തിന്റെ വേദിയാണ്. മരണമാകട്ടെ ഏത് നിമിഷവും സംഭവിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ മരണചിന്തയോടെ ജീവിക്കുന്നത് മതം പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. മരണവുമായി ബന്ധപ്പെട്ട് സത്യവിശ്വാസികൾ മനസ്സിലാക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ ചില സുപ്രധാന കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
1. മുസ്ലിമായിട്ടല്ലാതെ മരിക്കരുത്
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.(ഖു൪ആന്‍:3/102)
മുസ്‌ലിമാകുകയെന്നാല്‍ ജാതി മുസ്‌ലിമാകുകയെന്നല്ല. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ചുകൊണ്ട് അവന് പൂര്‍ണമായും കീഴൊതുങ്ങുക എന്നത്രെ വിവക്ഷ. മുസ്‌ലിമായിക്കൊണ്ടല്ലാതെ മരണപ്പെടരുത്. ദീര്‍ഘകാലം മുസ്‌ലിമായി ജീവിച്ചശേഷം അവസാന നിമിഷത്തില്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടാല്‍ ആ ഇസ്‌ലാംകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ.
അല്ലാഹുവിന്റെ ഉന്നതന്മാരായ പ്രവാചകന്മാര്‍ പോലും മുസ്‌ലിമായി മരിപ്പിക്കണമേയെന്ന് അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നവരായിരുന്നു. അക്കാര്യം അവ൪ തങ്ങളുടെ മക്കളോട് വസ്വിയത്ത് ചെയ്യുകയും ചെയ്തിരുന്നു. മരണ രംഗത്തെ ഗൌരവപൂ൪വ്വം കാണുന്നവ൪ക്കുമാത്രമേ അതിന് കഴിയുകയുള്ളൂ.
ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ
(യൂസുഫ് നബി പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ,നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ. (ഖുർആൻ: 12/101)
وَوَصَّىٰ بِهَآ إِبْرَٰهِۦمُ بَنِيهِ وَيَعْقُوبُ يَٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്). (ഖുർആൻ: 2/132)
2. മരണം വന്നെത്തുന്നതിന് മുൻപ് തൗബ ചെയ്യണം (പശ്ചാത്തപിക്കണം)
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ
അനസിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ:37/4392)
അതുകൊണ്ട് തന്നെ മരണമെത്തും മുൻപേ നാം, നമ്മളിൽ അറിഞ്ഞോ അറിയാതയോ വന്നു പോയ തെറ്റുകൾക്കും കുറ്റങ്ങൾക്കും ആത്മാർത്ഥമായി അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുവാൻ തയ്യാറാകുക.
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ
അബ്ദുല്ലാഹി ബ്നു ഉമർ(റ) ൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ തൻ്റെ അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. (തിർമുദി: 3537)
3. അല്ലാഹുവിനെ കുറിച്ച് സൽവിചാരത്തോടെ മരിക്കുക
അല്ലാഹു എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മുടെ തെറ്റു കുറ്റങ്ങൾ അവൻ പൊറുക്കുമെന്നും അവൻ നമ്മോട് കരുണ കാണിക്കുമെന്നുമുള്ള ശുഭ പ്രതീക്ഷ വിശ്വാസികൾക്ക് ഉണ്ടാകേണ്ടതുണ്ട്. അപ്രകാരമല്ലാതെ ഒരു സത്യവിശ്വാസി മരണപ്പെടുകയും ചെയ്യരുത്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَبْلَ مَوْتِهِ بِثَلاَثَةِ أَيَّامٍ يَقُولُ “ لاَ يَمُوتَنَّ أَحَدُكُمْ إِلاَّ وَهُوَ يُحْسِنُ الظَّنَّ بِاللَّهِ عَزَّ وَجَلَّ ” .
ജാബിറില്‍(റ)നിന്ന് നിവേദനം: ‘നബി ﷺ വഫാത്താകുന്നതിന്റെ മൂന്നുദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായിക്കൊല്ലാതെ മരിക്കരുത്. (മുസ്‌ലിം:2877)
4. അല്ലാഹുവിനെപ്പറ്റി ഭയവും പ്രതീക്ഷയും ഉണ്ടായിരിക്കുക.
അല്ലാഹുവിനെപ്പറ്റിയുള്ള ഭയത്തോടെയും അതേസമയം അല്ലാഹുവിലുള്ള പ്രതീക്ഷയോടെയായും ആയിരിക്കണം ഒരു സത്യവിശ്വാസി മരണപ്പെടേണ്ടത്.
عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ فَقَالَ ” كَيْفَ تَجِدُكَ ” . قَالَ وَاللَّهِ يَا رَسُولَ اللَّهِ إِنِّي أَرْجُو اللَّهَ وَإِنِّي أَخَافُ ذُنُوبِي . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلاَّ أَعْطَاهُ اللَّهُ مَا يَرْجُو وَآمَنَهُ مِمَّا يَخَافُ ” .
അനസിൽ(റ) നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ചോദിച്ചു. എന്താണ് ഇപ്പോഴത്തെ അവസ്ഥ.? അദ്ദേഹം പ്രതികരിച്ചു. എനിക്ക് റബ്ബിൽ പ്രതീക്ഷയുണ്ട് പ്രവാചകരേ.. അതോടൊപ്പം എന്നിൽ സംഭവിച്ച തിന്മകളെ ഞാൻ പേടിക്കുന്നു. ഇത് കേട്ട തിരുനബി (സ്വ) പറഞ്ഞു: “ഇത്തരം ഒരു വേളയിൽ ഈ രണ്ട് ചിന്തകൾ (സ്വർഗ പ്രതീക്ഷയും നരകത്തെ കുറിച്ചുള്ള ഭയവും) ഒരടിമയിൽ ഒരുമിച്ചുണ്ടായാൽ ആ അടിമ പ്രതീക്ഷിക്കുന്നത് അല്ലാഹു അടിമക്ക് നൽകുകയും അവൻ പേടിക്കുന്നതിൽ നിന്ന് അല്ലാഹു അവന്ന് നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല.”
(തിർമിദി :983)
5. വസ്വിയത്ത് ചെയ്യുക.
كُتِبَ عَلَیۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَیۡرًا ٱلۡوَصِیَّةُ لِلۡوَ ٰلِدَیۡنِ وَٱلۡأَقۡرَبِینَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِینَ
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്. (ഖുർആൻ: 2/180)
അനന്തരാവകാശികള്‍ക്കെല്ലാം അനന്തരാവകാശ നിയമപ്രകാരം അവരവരുടെ അവകാശങ്ങള്‍ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതുകൊണ്ട് അവർക്കായി വസ്വിയ്യത്ത് ആവശ്യമില്ല. എന്നാൽ സ്വത്തവകാശം ലഭിക്കാത്ത അടുത്ത ബന്ധുക്കള്‍ക്ക് വല്ലതുമൊക്കെ വസ്വിയ്യത്ത് ചെയ്യല്‍ കഴിവുള്ളവരുടെ മേൽ ധാര്‍മികമായ കടമയാകുന്നു. ഇങ്ങനെയുള്ളതോ മറ്റുള്ളതോ ആയ എന്തെങ്കിലും വസ്വിയ്യത്ത് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അത് അനാവശ്യമായി നീട്ടികൊണ്ട് പോകരുത്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَىْءٌ، يُوصِي فِيهِ يَبِيتُ لَيْلَتَيْنِ، إِلاَّ وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ
അബ്ദുല്ലാ ഹിബ്നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വസിയ്യത്ത് ചെയ്യാൻ അർഹതപ്പെട്ടതെന്തെങ്കിലും കൈവശമുള്ള ഒരു മുസ്ലിമിന് ആ വസ്വിയ്യത്ത് എഴുതി രേഖപ്പെടുത്തിവെക്കാതെ രണ്ടു രാത്രികൾ കഴിച്ചുകൂട്ടാൻ പാടുള്ളതല്ല. (ബുഖാരി: 2738)
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി ﷺ അത് പറയുന്നത് കേട്ട ശേഷം എന്‍റെ വസ്വിയ്യത്ത് കൈവശമില്ലാത്ത ഒരൊറ്റ രാത്രിപോലും ഞാന്‍ കഴിച്ചുകൂട്ടിയിട്ടില്ല.
kanzululoom.com