മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ മോശമാകുന്നത്

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറെ സവിശേഷതകളുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മറ്റു സൃഷ്ടികള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ട്. ചിന്താശേഷിയും സത്യവും അസത്യവും നന്മയും തിന്മയും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും കൊണ്ട് അനുഗൃഹീതനാണ് ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന്‍. മനുഷ്യന് ഒരുപാട് പ്രത്യേകതകളുണ്ടെങ്കിലും അവന്റെ ഏറ്റവും വലിയ പ്രത്യേകത ചിന്താശേഷി തന്നെയാണ്.  ഇതര ജീവജാലങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടുവെങ്കിലും മനുഷ്യന്‍ അങ്ങനെ മാത്രമല്ല, അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതോടൊപ്പം ചിന്തിക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ഹൃദയം കൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെ അവന്‍ അപഗ്രഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മനുഷ്യന്‍ ഇതര ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തനായി നിലകൊള്ളുന്നു.

 

               
മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ള സവിശേഷമായ ഈ കഴിവ് യഥാവിധി ഉപയോഗപ്പെടുത്താത്ത ആളുകളെ കുറിച്ച് അവ൪ കാലികളെപ്പോലെയാകുന്നു അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതായി കാണാം. മാത്രമല്ല, അത്തരം ആളുകള്‍ നരകാവകാശികളാണെന്നും ഉണ൪ത്തിയിട്ടുണ്ട്.

 

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

 

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖു൪ആന്‍:7/179)

 

أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا

 

അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.(ഖു൪ആന്‍:25/44)

     
വളരെ ഗൌരവത്തോടെയാണ് അല്ലാഹു ഈ വിഷയം ഉണ൪ത്തിയിട്ടുള്ളത്.  കാണേണ്ടത് കാണാനും കേള്‍ക്കേണ്ടത് കേള്‍ക്കാനും ചിന്തിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാനും തയ്യാറാകാത്തവരാണവരെ ഉപമിക്കാവുന്നത് കന്നുകാലികളോടാണ്.  കാരണം കന്നുകാലികള്‍ക്ക് ചിന്തിക്കുവാനും ആലോചിക്കുവാനും ഉള്ള കഴിവ് നല്‍കപ്പെട്ടിട്ടില്ല. എന്നാല്‍ മനുഷ്യന്‍ ഈ കഴിവുകളെല്ലാം നല്‍കപ്പെട്ടിട്ടും യഥാര്‍ഥത്തില്‍ ഇതൊന്നും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നരകാവകാശികളായിത്തീരുന്നു. ആദ് സമുദായത്തിന്റെ അക്രമങ്ങളെയും, അവര്‍ക്കു നല്‍കപ്പെട്ട ശിക്ഷയെയും കുറിച്ചു പറഞ്ഞശേഷം, അവര്‍ക്കു ആ ഗതി വന്നു ചേരുവാനുള്ള കാരണം പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറയുന്നത് കാണുക: 

 

 وَجَعَلْنَا لَهُمْ سَمْعًا وَأَبْصَٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ

 

കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു.(ഖു൪ആന്‍:46/26)

 

മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നത് അവന്റെ ചിന്താശേഷിയാണെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ അവന്റെ കണ്ണുകളെയും കാതുകളെയും ശരിയായ രൂപത്തില്‍ അവന്‍ ഉപയോഗപ്പെടുത്തണം. അവന്റെ ചുറ്റിലും കാണുന്ന മഹാപ്രതിഭാസങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കേണ്ടതുണ്ട്. ദൈവിക വചനങ്ങളും പ്രവാചക സന്ദേശങ്ങളും കേള്‍ക്കുമ്പോള്‍ അവന്‍ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ സത്യത്തെ കണ്ടെത്താനോ സത്യത്തെ കുറിച്ച്  കേള്‍ക്കാനോ തയ്യാറാകാതെ കന്നുകാലികളെപ്പോലെ ജീവിക്കുന്ന അവസ്ഥ മുനുഷ്യന് ഒരിക്കലും ഉണ്ടായിക്കൂടാ. നേരം വെളുക്കുന്നു; വൈകുന്നേരമാകുന്നു. ഭക്ഷണം കഴിക്കുന്നു, വസ്ത്രം ധരിക്കുന്നു, സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നു… ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനപ്പുറം ജീവിതത്തെ സംബന്ധിച്ച് ഗൗരവപ്പെട്ട ഒരു ചിന്തയേ പലര്‍ക്കുമില്ല.
     
എണ്ണമറ്റ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും സൃഷ്ടിച്ച് സംവിധാനിച്ചവന്‍ ആരാണ്? പൂക്കള്‍, പൂമ്പാറ്റകള്‍, നദികള്‍, അരുവികള്‍, സമുദ്രങ്ങള്‍, കാടുകള്‍, മരുഭൂമികള്‍… എണ്ണമറ്റ സൃഷ്ടിജാലങ്ങളെ ആരാണ് ഈ ഭൂമിയില്‍ സംവിധാനിച്ചത്? സൃഷ്ടിപ്രപഞ്ചത്തെ മുഴുവന്‍ ജോഡികളായി സൃഷ്ടിച്ചവന്‍ ആരാണ്? നിസ്സാരമായ ഒരു ബീജകണികയെ മനോഹരമായ ഒരു മനുഷ്യരൂപമാക്കി മാറ്റുന്നവന്‍ ആരാണ്? വേദഗ്രന്ഥങ്ങള്‍ സത്യസന്ധമാണോ? പ്രവാചകന്മാര്‍ പറഞ്ഞതെല്ലാം സത്യമായിരുന്നോ? മരണശേഷം എന്ത് സംഭവിക്കുന്നു? സ്വര്‍ഗവും നരകവും യാഥാര്‍ഥ്യമാണോ? എന്താണ് ആത്മാവ്? എന്താണ് ജീവന്‍? ആരാണ് ജീവന്‍ നല്‍കുന്നത്? എന്തുകൊണ്ട് മരണം സംഭവിക്കുന്നു? ആരാണ് നമ്മെ മരിപ്പിക്കുന്നത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ചത്? ആരാണ് നമ്മോട് ചോദിക്കാതെ നമ്മെ മരിപ്പിക്കുന്നത്? മഴവര്‍ഷിപ്പിക്കുന്നതും സസ്യലതാദികള്‍ മുളപ്പിക്കുന്നതും സൂര്യനെയും ചന്ദ്രനെയും നിയന്ത്രിക്കുന്നതും ആരാണ്? ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ മനുഷ്യന് ചോദിക്കാനുണ്ട് . എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അവന്‍ തയ്യാറാകുന്നില്ല. കന്നുകാലികളെപ്പോലെ തിന്നും കുടിച്ചും രമിച്ചും ജീവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തരഫലം എന്താണ്; നരകമല്ലാതെ?
       
മനുഷ്യന്‍ തനിക്ക് ലഭിച്ചിട്ടുള്ള ചിന്താശേഷി ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ അവന് സ്വ൪ഗത്തിലെത്താന്‍ സഹായകരമാണ്. ഒന്നാമതായി അവന് ഈ ലോകത്ത് ഒരു സൃഷ്ടാവുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ആ സ്രഷ്ടാവിന്റെ  സൃഷ്ടിവൈഭവത്തേയും കണ്ടെത്താന്‍ കഴിയും. അതുകൊണ്ടുതന്നെ മനുഷ്യനോട് അവന്റെ ചുറ്റുമുള്ള പ്രകൃതി പ്രതിഫാസങ്ങളെയും മറ്റും ചിന്തിക്കുവാന്‍ അല്ലാഹു ഖുര്‍ആനിലൂടെ പ്രേരിപ്പിക്കുന്നത് കാണാം:

 

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَءَايَٰتٍ لِّقَوْمٍ يَعْقِلُونَ

 

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.(ഖു൪ആന്‍:2/164)

 

وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَٰرًا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

 

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:13/3)

 

وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَعْقِلُونَ

 

രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:16/12)

 

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ – وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ – وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ – وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

 

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌. (ഖു൪ആന്‍:88/17-20)

 

وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ – وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ

 

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍:51/20-21)

 

أَفَرَءَيْتُم مَّا تُمْنُونَ – ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ

 

അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌? (ഖു൪ആന്‍:56/58-59)

 

മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ള സവിശേഷമായ ഈ കഴിവ് യഥാവിധി ഉപയോഗപ്പെടുത്താതെ നരകത്തില്‍ പ്രവേശിച്ചവരുടെ ഒരു വിലാപം ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വരച്ച് കാണിക്കുന്നുണ്ട്:

 

وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَٰبِ ٱلسَّعِيرِ

 

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.(ഖു൪ആന്‍:67/10)

 

അതുകൊണ്ട് അല്ലാഹു നമുക്ക് നല്‍കിയ കണ്ണിനെയും കാതിനെയും ചിന്താശേഷിയെയും യഥാവിധി ഉപയോഗപ്പെടുത്തി മനുഷ്യനായി ജീവിച്ച് വിജയംവരിക്കണം എന്ന ഖര്‍ആനിന്റെ ആഹ്വാനം നാം സ്വീകരിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 

      

www.kanzululoom.com        

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.