ഉദ്‌ബോധനങ്ങളോടുള്ള സമീപനം

മനുഷ്യര്‍ വ്യത്യസ്ത തരക്കാരാണ്. വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും സംസാരങ്ങളിലും സംസ്‌കാരങ്ങളിലും സ്വഭാവങ്ങളിലും സമീപനങ്ങളിലും ഇടപാടുകളിലും ഇടപഴകലുകളിലുമെല്ലാം ഈ ഭിന്നത നമുക്ക് കാണാന്‍ സാധിക്കും. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വിഭിന്നമാണന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്:

إِنَّ سَعْيَكُمْ لَشَتَّىٰ

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. (ഖുർആൻ:92/4)

ഇസ്‌ലാമിക നിയമങ്ങള്‍ സ്വീകരിക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും മനുഷ്യര്‍ വിവിധ രൂപത്തിലുള്ളവരാണ്. പ്രധാനപ്പെട്ട അത്തരം ചില സമീപനങ്ങള്‍ താഴെ ചേ൪ക്കുന്നു.

1. കേള്‍ക്കാന്‍ തന്നെ മനസ്സ് കാണിക്കാത്തവര്‍

അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അതിന് ചെവി കൊടുക്കാതെ മാറിപ്പോകുന്ന, എനിക്കൊന്നും കേള്‍ക്കേണ്ട, എന്നൊടൊന്നും ഉപദേശിക്കേണ്ട എന്ന നിലപാട് സ്വീകരിക്കുന്നവര്‍. ഇത് അവിശ്വാസികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا – فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا – وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا

അദ്ദേഹം(നൂഹ് നബി) പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്‍റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്‌. (ഖുർആൻ:71/5-7)

കേള്‍ക്കാന്‍ തന്നെ തയ്യാറാകാത്ത, കേട്ടാല്‍ തന്നെ കേള്‍ക്കാത്ത പോലെ മാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് അപമാനകരമായ ശിക്ഷയാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്.

وَإِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്‌. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക. (ഖുർആൻ:31/7)

2. കളിയായിക്കൊണ്ട് അശ്രദ്ധമായി കേള്‍ക്കുന്നവ൪

مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا ٱسْتَمَعُوهُ وَهُمْ يَلْعَبُونَ – لَاهِيَةً قُلُوبُهُمْ ۗ

തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് പുതുതായി നല്‍കപ്പെടുന്ന ഏതൊരു ഉല്‍ബോധനവും – അവര്‍ കളിച്ചും കൊണ്ട് അതു കേള്‍ക്കുന്ന നിലയിലല്ലാതെ – അവര്‍ക്കു വരുന്നില്ല; അവരുടെ ഹൃദയങ്ങള്‍ (അതിനെകുറിച്ച്) ബോധരഹിതമായിക്കൊണ്ട്. …….. (ഖു൪ആന്‍ : 21/2-3)

ദൈവിക വെളിപാടില്‍നിന്ന് ലഭിക്കുന്ന ഏതൊരു സന്ദേശത്തെയും അശ്രദ്ധമായ മനസ്സോടെ തമാശയായിക്കൊണ്ടാണ് അവര്‍ കേള്‍ക്കുന്നവര്‍ക്ക് ഉല്‍ബോധനങ്ങള്‍ ഒരിക്കലും ഉപകാരപ്പെടുകയില്ല.

3.കേട്ടിട്ടും തിരിഞ്ഞ് കളയുന്നവര്‍

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌.(ഖു൪ആന്‍:32/22)

4.കേട്ടിട്ടും മറന്ന് കളയുന്നവര്‍

قَالُوا۟ سُبْحَٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا

അവര്‍ (ആരാധ്യര്‍ പരലോകത്ത് വെച്ച്) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു. (ഖു൪ആന്‍:25/18)

5. കേട്ടു മനസ്സിലാക്കിയാല്‍ തന്നെ പരിഹസിച്ച് തള്ളുന്നവര്‍

وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ – يَسْمَعُ ءَايَٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ – وَإِذَا عَلِمَ مِنْ ءَايَٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ

വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ. (ഖുർആൻ:45/7-9)

ഇസ്‌ലാമിക നിയമങ്ങളെയും മത ചിഹ്നങ്ങളെയും പരിഹസിക്കല്‍ മതത്തില്‍ നിന്ന് തന്നെ പുറത്ത് പോകാന്‍ കാരണമാകുന്ന തിന്മയാണ്.

وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ – لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ

നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്‌. (ഖു൪ആന്‍:9/65-66)

6. കേട്ടിട്ട് ചിലത് മാത്രം സ്വീകരിക്കുന്നവര്‍

ഉല്‍ബോധനങ്ങളും ഉപദേശങ്ങളുമെല്ലാം ധാരാളമായി കേള്‍ക്കുകയും പഠിക്കുകയും ചെയ്യുമെങ്കിലും ചിലത് മാത്രം സ്വീകരിച്ച് ബാക്കി തള്ളിക്കളയുന്ന സ്വഭാവം ഇസ്‌ലാം അനുവദിക്കുന്നില്ല. തനിക്ക് തോന്നിയതും എളുപ്പമുള്ളതും ഗുണം കിട്ടുന്നതും മാത്രം സ്വീകരിച്ച് പ്രയാസമായി തോന്നുന്നതും അല്‍പം ബുദ്ധിമുട്ടേണ്ടി വരുന്നതുമെല്ലാം മാറ്റിവെക്കുന്ന അവസ്ഥ തീര്‍ത്തും തെറ്റാണ്. അല്ലാഹു പറയുന്നു:

كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ – ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ

വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ. അതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍. (ഖുർആൻ:15/90-91)

( الذين جعلوا القرآن عضين ) أي : جزءوا كتبهم المنزلة عليهم ، فآمنوا ببعض وكفروا ببعض .

ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവ൪: …… അങ്ങനെ അവ൪’ചിലത് വിശ്വസിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നു. (ഇബ്‌നു കസീര്‍)

കേട്ടിട്ട് ചിലത് മാത്രം സ്വീകരിക്കുന്നവര്‍ക്ക് കനത്ത താക്കീതുണ്ട്:

أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ

നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖുർആൻ:2/85)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഈ വചനങ്ങള്‍ അവതരിച്ചത് യഹൂദികളുടെ പ്രസ്തുത വിഷയത്തിലാണെങ്കിലും ഇസ്‌ലാമിന്‍റെ വിധിവിലക്കുകളെ ശരിവെച്ചു സമ്മതിക്കുകയും എന്നിട്ട് അവയില്‍ചിലത് മാത്രം അനുഷ്ഠിക്കുകയും ചിലത് തീരെ വര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഇതിലെ താക്കീതും ആക്ഷേപവും ബാധകമാകുന്നു. ഉദാഹരണമായി മുസ്‌ലിംകളില്‍ ചിലര്‍ ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ബന്ധ കര്‍മമായ നമസ്‌കാരവും വേറെ ചിലര്‍ സക്കാത്തും പാടെ അവഗണിച്ചുകളയുന്നു. അതേ സമയത്ത് മറ്റു ചില മതാനുഷ്ഠാനങ്ങളില്‍ അവര്‍ക്ക് നിഷ്‌കര്‍ഷതയും ഉണ്ടായേക്കും. അതുപോലെ ചിലര്‍ പലിശയുടെ കാര്യത്തില്‍ യഹൂദികളുടെയും മററു ചില ദുര്‍വൃത്തികളില്‍ അവിശ്വാസികളുടെയും നിലപാടുകള്‍ സ്വീകരിച്ചു കാണാം. ചിലര്‍ ആരാധനകര്‍മങ്ങളില്‍ശ്രദ്ധയുള്ളവരും, സാമൂഹ്യ ബാധ്യതകള്‍ അവഗണിക്കുന്നവരുമായിരിക്കും. ചിലര്‍ നേരെമറിച്ചും. ഓരോന്നിനെക്കുറിച്ചുമുള്ള മതവിധിയും അതിന്‍റെ ഗൗരവവും അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെയാണ് പലരും അങ്ങിനെ ചെയ്യുന്നതെന്നുള്ളതാണ് വലിയ അല്‍ഭുതം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/85 ന്റെ വിശദീകരണം)

7. കേള്‍ക്കുകയും പൂര്‍ണമായി അംഗീകരിക്കുകയും ജീവിതത്തില്‍ പകർത്തുകയും ചെയ്യുന്നവർ

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളിയ മുന്‍കാല സമുദായങ്ങള്‍ക്ക് ലഭിച്ച ശിക്ഷയെ സംബന്ധിച്ച് ഉണര്‍ത്തിയതിനുശേഷം അല്ലാഹു പറയുന്നത് കാണുക:

إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ

ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌. (ഖു൪ആന്‍ :50/37)

ഉല്‍ബോധനങ്ങള്‍ ഒരു മനുഷ്യന് സ്വീകരിക്കുവാന്‍ കഴിയുന്നത് പ്രധാനമായും രണ്ടു ഗുണങ്ങള്‍ അവനില്‍ ഉണ്ടാകുമ്പോഴാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

ഒന്നാമതായി ‘ഹൃദയമുണ്ടാകണം.’ അതായത് ചിന്തിക്കുന്ന ഒരു ഹൃദയമുണ്ടാകണം. അത്തരം ആളുകള്‍ക്ക് മാത്രമാണ് ഉല്‍ബോധനങ്ങളും പൂര്‍വികരുടെ ചരിത്രങ്ങളും ഉപകാരപ്പെടുന്നത്. വെറുമൊരു ഹൃദയമുണ്ടായിട്ടു കാര്യമില്ല എന്നര്‍ഥം.

രണ്ടാമതായി ‘ശ്രദ്ധിച്ചുകേള്‍ക്കണം.’ അതായത് മനഃസാന്നിധ്യത്തോടുകൂടി, ഞാന്‍ ആവശ്യക്കാരനാണ് എന്ന ചിന്തയോടുകൂടി ശ്രദ്ധിച്ചുകേള്‍ക്കണം. മൂസാനബി(അ)യോട് അല്ലാഹു പറഞ്ഞത് കാണുക:

وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ

ഞാന്‍ നിന്നെ (പ്രവാചകനായി) തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക. (ഖു൪ആന്‍ :20/13)

ഇസ്‌ലാമിക നിയമങ്ങളിലേക്ക് പൂര്‍ണ്ണമായും പ്രവേശിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ചിന്തിക്കുന്ന ഒരു ഹൃദയമുണ്ടാകുകയും അതോടൊപ്പം മനഃസാന്നിധ്യത്തോടുകൂടി ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ഇസ്‌ലാമിക നിയമങ്ങളിലേക്ക് പൂര്‍ണ്ണമായും പ്രവേശിക്കാന്‍ കഴിയുക. മേല്‍ പറഞ്ഞതില്‍ ഏഴാമത്തെ നിലപാട് ആയിരിക്കണം ഒരു സത്യവിശ്വാസിയുടേത്. ഇസ്‌ലാമിലെ ചില നിയമനടപടികള്‍ അംഗീകരിക്കുകയും, മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യാന്‍ പാടില്ലെന്നും, ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് അതിലെ മുഴുവന്‍ നടപടി ക്രമങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു കല്‍പിക്കുന്നത് കാണുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖുർആൻ:2/208)

കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും നന്മ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കാണ് സന്തോഷ വാര്‍ത്ത:

ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَٰبِ

അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് . അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (ഖു൪ആന്‍ :39/18)

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീ൪(റഹി) പറയുന്നു:

وهذا جنس يشمل كل قول فهم يستمعون جنس القول ليميزوا بين ما ينبغي إيثاره مما ينبغي اجتنابه فلهذا من حزمهم وعقلهم أنهم يتبعون أحسنه

അവ൪ എല്ലാ സംസാരവും ശ്രദ്ധിച്ചു കേള്‍ക്കും, അതില്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വേ൪തിരിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി. അവരുടെ തന്റേടത്തിലും ബുദ്ധിയിലും പെട്ടതാണ് അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുന്നത്.

കേള്‍ക്കുന്നതിനനുസരിച്ച് വിശ്വാസം വര്‍ധിക്കേണ്ടതുണ്ട്:

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (ഖു൪ആന്‍ :8/2)

ഉല്‍ബോധനങ്ങള്‍ കേള്‍ക്കുമ്പോള്‍ കരഞ്ഞുപോകുന്നവരും രോമാഞ്ചം കൊള്ളുന്നവരുമാണ് ഈമാന്‍ വര്‍ധിച്ചവര്‍:

ﻭَﺇِﺫَا ﺳَﻤِﻌُﻮا۟ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰ ٱﻟﺮَّﺳُﻮﻝِ ﺗَﺮَﻯٰٓ ﺃَﻋْﻴُﻨَﻬُﻢْ ﺗَﻔِﻴﺾُ ﻣِﻦَ ٱﻟﺪَّﻣْﻊِ ﻣِﻤَّﺎ ﻋَﺮَﻓُﻮا۟ ﻣِﻦَ ٱﻟْﺤَﻖِّ ۖ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻛْﺘُﺒْﻨَﺎ ﻣَﻊَ ٱﻟﺸَّٰﻬِﺪِﻳﻦَ – وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّٰلِحِينَ – فَأَثَٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ

റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്‍റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ച് കൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും? അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്‌. (ഖു൪ആന്‍ :5/83-85)

ٱﻟﻠَّﻪُ ﻧَﺰَّﻝَ ﺃَﺣْﺴَﻦَ ٱﻟْﺤَﺪِﻳﺚِ ﻛِﺘَٰﺒًﺎ ﻣُّﺘَﺸَٰﺒِﻬًﺎ ﻣَّﺜَﺎﻧِﻰَ ﺗَﻘْﺸَﻌِﺮُّ ﻣِﻨْﻪُ ﺟُﻠُﻮﺩُ ٱﻟَّﺬِﻳﻦَ ﻳَﺨْﺸَﻮْﻥَ ﺭَﺑَّﻬُﻢْ ﺛُﻢَّ ﺗَﻠِﻴﻦُ ﺟُﻠُﻮﺩُﻫُﻢْ ﻭَﻗُﻠُﻮﺑُﻬُﻢْ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ۚ ﺫَٰﻟِﻚَ ﻫُﺪَﻯ ٱﻟﻠَّﻪِ ﻳَﻬْﺪِﻯ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﻀْﻠِﻞِ ٱﻟﻠَّﻪُ ﻓَﻤَﺎ ﻟَﻪُۥ ﻣِﻦْ ﻫَﺎﺩٍ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല. (ഖു൪ആന്‍ :39/23)

അല്ലാഹുവും റസൂലും ഒരു കാര്യം പഠിപ്പിച്ചാല്‍ അത് പൂര്‍ണമായും സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)

ഇബ്‌നുകസീര്‍(റഹി) പറയുന്നു:

فهذه الآية عامة في جميع الأمور ، وذلك أنه إذا حكم الله ورسوله بشيء ، فليس لأحد مخالفته ولا اختيار لأحد هاهنا ولا رأي ولا قول

‘ഈ വചനം മുഴുവന്‍ കാര്യങ്ങെളയും പൊതുവായി ഉള്‌ക്കൊള്ളുന്നതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ അഭിപ്രായമോ വാക്കോഒരാള്‍ക്കും പാടില്ല. (ഇബ്‌നുകസീര്‍ :3/641)

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِّﺮُﻭا۟ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻬِﻢْ ﻟَﻢْ ﻳَﺨِﺮُّﻭا۟ ﻋَﻠَﻴْﻬَﺎ ﺻُﻤًّﺎ ﻭَﻋُﻤْﻴَﺎﻧًﺎ

തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍. (ഖു൪ആന്‍:25/73)

അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ ഉള്‍ക്കാഴ്ചയോട് കൂടിയായിരിക്കും അവ൪ അതിനെ സമീപിക്കുന്നത്. അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും അത് ചെയ്യാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക.

لَقَدْ أَنزَلْنَآ إِلَيْكُمْ كِتَٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ

തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു൪ആന്‍:21/10)

ഉല്‍ബോധനങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *