ഇരട്ടി പ്രതിഫലം

ഏതൊരു കാര്യവും കൂടുതല്‍ ലഭിക്കുന്നത് മനുഷ്യ൪ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഏതൊരു സാധനം വാങ്ങുമ്പോഴും ‘ഓഫ൪’ നോക്കി വാങ്ങുവാനാണ് അധികമാളുകളും ശ്രമിക്കുന്നത്. 
     
ഏത് കാര്യവും കൂടുതല്‍ ലഭിക്കുന്നത് മനുഷ്യ൪ക്ക് ഏറെ ഇഷ്ടമാണെന്നുള്ളതുകൊണ്ടുതന്നെ മനുഷ്യ൪ ചെയ്യുന്ന നന്‍മകള്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്. ഒരാള്‍ ഒരു തിന്മ ചെയ്‌താല്‍ അതിനുമാത്രം  അല്ലാഹു പ്രതിഫലം നല്‍കുമ്പോള്‍, ഒരു നന്മക്ക് ഇരട്ടിയിരട്ടിയായിട്ടാണ് പ്രതിഫലം നല്‍കുന്നത്. 

 

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ

 

ആര് നന്‍മയും കൊണ്ട് വന്നുവോ അവന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:28/84)

 

إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا

 

തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:4/40)

 

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ

 

വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന് അതിന്റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:6/160)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ‘ആരെങ്കിലും എല്ലാ മാസവും മൂന്നു നോമ്പു (വീതം) നോറ്റാല്‍, അവന്‍ മുഴുവന്‍ കാലവും നോമ്പ്‌ പിടിച്ചമാതിരിയായി’  എന്നും, ‘ഒരു ജുമുഅഃ ആ ജുമുഅഃയുടെയും അടുത്ത ജുമുഅഃയുടെയും ഇടക്കുള്ള പാപവും, കൂടുതലായി മൂന്നു ദിവസത്തെ പാപവും പൊറുക്കപ്പെടുന്നതാണ്‌’ എന്നുംമറ്റും ഒന്നിനു പത്തിരട്ടി പ്രതിഫലം കാണിച്ചുകൊണ്ടുള്ള ഹദീസുകള്‍ ഈ വചനത്തിന് നബി (സ്വ) നല്‍കിയ വിശദീകരണവും, ഉദാഹരണങ്ങളുമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/160 ന്റെ വിശദീകരണത്തില്‍ നിന്ന്)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ ‏ “‏ إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً ‏”‏‏.‏

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം:  നബി(സ്വ) പറഞ്ഞു: അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത്‌ വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്ത് മുതല്‍ എഴുന്നൂറ്‌ ഇരട്ടിയായും അതിന്‌ മേല്‍പ്പോട്ട്‌ എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്‌, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്‍റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി:6491) 

 

നന്മ ചെയ്‌യുന്നവ൪ക്ക്  അതിന്റെ പത്തിരട്ടി മുതല്‍ അല്ലാഹു ഉദ്ദേശിക്കുന്നയത്രവരെയുള്ള  പ്രതിഫലം നല്‍കുമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഏത് നന്‍മകള്‍ക്കും ഇരട്ടിയിരട്ടിയാണ് പ്രതിഫലം. ചില നന്‍മകള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ടെന്ന് ഖു൪ആനിലും സുന്നത്തിലും പ്രത്യേകം പരാമ൪ശിച്ചിട്ടുള്ളതായും കാണാം. അത്തരം നന്‍മകള്‍ക്ക് പ്രത്യേകം പരിഗണനകള്‍ നല്‍കി അവ വ൪ദ്ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അവയില്‍ ചിലത് താഴെ ചേ൪ക്കുന്നു. 

 

1.സത്യവിശ്വാസവും സല്‍ക൪മ്മവും

 

അല്ലാഹുവിലും അവന്റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ്‌ എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത്.  സത്യവിശ്വാസം സ്വീകരിക്കാതെ ചെയ്യുന്ന കാര്യങ്ങളൊന്നുംതന്നെ പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ പരിഗണിക്കപ്പെടുകയില്ല. സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സല്‍ക൪മ്മങ്ങള്‍ക്ക് ഇരട്ടിയിരട്ടിയായിട്ടാണ് പ്രതിഫലം ലഭിക്കുന്നത്.

 

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ

 

നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌.  (ഖു൪ആന്‍:34/37)

 

ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ

 

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.(ഖു൪ആന്‍:42/23)

 

2.അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കല്‍ (തഖ്’വ)

 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

 

സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്‌. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (ഖു൪ആന്‍:57/28)

 

3.അഞ്ച് നേരത്തെ നമസ്കാരം 

 

ദിനേനയുള്ള അഞ്ച് നേരത്തെ നിർബന്ധ നമസ്‌ക്കാരങ്ങൾ സമയനിഷ്ഠയോടെ മുറപോലെ നിർവ്വഹിക്കുന്നവർക്കു് ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ് അല്ലാഹു നൽകുന്നത്. നബിയുടെ (സ്വ) മിഅ്റാജ് യാത്രയിൽ വെച്ച് അമ്പത് സമയത്തെ നമസ്‌ക്കാരം അല്ലാഹു നിർബന്ധമാക്കി നല്‍കി.  ഈ അമ്പത് സമയത്തെ നമസ്‌കാരം നബി(സ്വ) സ്വീകരിച്ച് വരുന്ന വഴിയിലാണ്‌ മൂസാനബിയെ (അ) കണ്ടുമുട്ടിയത്‌. നബിയോട്(സ്വ) മൂസാ (അ) ചോദിച്ചു : എന്താണ്‌ അല്ലാഹു താങ്കള്‍ക്ക്‌ നല്‍കിയത്‌? നബി (സ്വ) പറഞ്ഞു. 50 നേരത്തെ നമസ്‌കാരം. മൂസാനബി (അ) പറഞ്ഞു: ഇത്‌ താങ്കളുടെ ജനതക്ക്‌ പ്രയാസങ്ങള്‍ വരുത്തും. അതവര്‍ക്ക്‌ കഴിയുകയില്ല. താങ്കള്‍ അല്ലാഹുവിനോട് കുറച്ചു തരാന്‍ പറയണം. അങ്ങനെ നബി (സ്വ) മടങ്ങി. പല പ്രാവശ്യമായി അല്ലാഹു അത്‌ അഞ്ച്‌ നേരത്തെ നമസ്‌കാരമാക്കി ചുരുക്കി  നല്‍കി. അമ്പത്‌ നേരത്തെ നമസ്‌കാരത്തിന്റെ പ്രതിഫലവും വാഗ്‌ദാനവും ചെയ്‌തു.മിഅ്റാജ് യാത്ര വിവരിച്ചുക്കൊണ്ട് നബി (സ്വ) പറയുന്നു: 

فَنُودِيَ إِنِّي قَدْ أَمْضَيْتُ فَرِيضَتِي وَخَفَّفْتُ عَنْ عِبَادِي، وَأَجْزِي الْحَسَنَةَ عَشْرًا

………. അപ്പോള്‍ (അല്ലാഹുവില്‍ നിന്നും) പറയപ്പെട്ടു: ‘നിശ്ചയം ഞാൻ നിർബന്ധ നമസ്‌ക്കാരങ്ങൾ നടപ്പിലാക്കുകയും എന്റെ അടിമകൾക്ക് ലഘൂകരിച്ചു നൽകുകയും ചെയ്തു. ഒരു സല്‍കർമ്മത്തിന് ഞാൻ പത്തിരട്ടി പ്രതിഫലം നൽകുന്നതായിരിക്കും. (ബുഖാരി : 3207)

 

4.ജമാഅത്ത് നമസ്കാരം

 

അഞ്ച് നേരത്തെ നമസ്കാരം ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തായി നമസ്കരിക്കുന്നതിന് ഇരട്ടിയിരട്ടി പ്രതിഫലമുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: صَلاَةُ الْجَمَاعَةِ تَفْضُلُ صَلاَةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി: 645)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: فَضْلُ صَلاَةِ الْجَمِيعِ عَلَى صَلاَةِ الْوَاحِدِ خَمْسٌ وَعِشْرُونَ دَرَجَةً

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:  നിങ്ങളിൽ ഒരാൾ ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തായി നമസ്ക്കരിക്കുന്നതിന് 25 ഇരട്ടി പുണ്യമുണ്ട് എന്നു തിരുമേനി(ﷺ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി:4717)

 

5.അസ്൪ നമസ്കാരം

عَنْ أَبِي بَصْرَةَ الْغِفَارِيِّ، قَالَ صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم الْعَصْرَ بِالْمُخَمَّصِ فَقَالَ ‏ “‏ إِنَّ هَذِهِ الصَّلاَةَ عُرِضَتْ عَلَى مَنْ كَانَ قَبْلَكُمْ فَضَيَّعُوهَا فَمَنْ حَافَظَ عَلَيْهَا كَانَ لَهُ أَجْرُهُ مَرَّتَيْنِ 

അബൂബസ്റത്തല്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) ഞങ്ങളേയും കൊണ്ട് അസ്വ്൪ നമസ്കരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഈ നമസ്കാരമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരില്‍ (കൂടുതല്‍ പേ൪ക്കും) നഷ്ടപ്പെട്ടിട്ടുള്ളത്. ആര് അതിനെ കാത്തുസൂക്ഷിക്കുന്നുവോ അവ൪ക്ക് ഇരട്ടി പ്രതിഫലമുണ്ട്. (മുസ്ലിം:830)

 

6.അല്ലാഹുവിന്റെ മാ൪ഗത്തില്‍ സമ്പത്ത് ചിലവഴിക്കല്‍

 

إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ

 

തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/18)

 

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(ഖു൪ആന്‍:2/245)

 

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

 

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)

 

ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.(ഖു൪ആന്‍:2/261)

 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികം പ്രതിഫലം നല്‍കുന്നതിലും പിശുക്കോ, മടിയോ, വിഷമമോ ഇല്ലാത്തവനാണ് അവന്‍ എന്നും, ആര്‍ക്കെല്ലാമാണ് കൂടുതല്‍ നല്‍കേണ്ടതെന്നും, ഏതിനൊക്കെയാണ് അധികം നല്‍കേണ്ടതെന്നുമൊക്കെ അവനറിയാമെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ فَقَالَ هَذِهِ فِي سَبِيلِ اللَّهِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقِةٍ كُلُّهَا مَخْطُومَةٌ

ഒരാള്‍ ഒരു മൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി (സ.അ) യോട് പറഞ്ഞു: ‘റസൂലേ, ഇത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ളതാണ്.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അതിന് പകരം തനിക്ക് ക്വിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.’ (മുസ്ലിം:1892)

 

7. ഖുർആന്‍ പാരായണം

عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഉദില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ

ആയിശയില്‍(റ) നിന്ന് നിവേദനം:  നബി(സ്വ) പറഞ്ഞു: വിശുദ്ധ ഖുർആനിനെ കുറിച്ച് മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവർ സമാദരണീയരും പുണ്യാത്മാക്കളുമായവരുടെ കൂടെയാണ്. പ്രയാസത്തോടെ തപ്പിത്തടഞ് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ട്‌ പ്രതിഫലമുണ്ട്.(ബുഖാരി: 4937- മുസ്‌ലിം: 798)
8.നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍ 

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ( മുസ്ലിം: 408)

 

അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ പത്തിരട്ടിയായി അനുഗ്രഹിക്കുമെന്നുമാണ്.
                                  
                                  
www.kanzululoom.com    
Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.