സകാത്ത്; എന്ത്, എന്തിന്?

ഭാഷയിൽ ‘സകാത്തി’ന്റെ അർഥം ‘വളർച്ച,’ ‘വർധനവ്’ എന്നൊക്കെയാണ്. കൃഷി വളർന്നാൽ ‘സകാ അസ്സർഉ’ (കൃഷി വളർന്നു) എന്നു പറയപ്പെടും. മതത്തിന്റെ സാങ്കേതികഭാഷയിൽ, ഒരു നിർണിത നിസ്വാബ് (തോത്) എത്തിയ സമ്പത്തിൽ പ്രത്യേകമായ നിബന്ധനകളോടുകൂടി പ്രത്യേക വിഭാഗത്തിനുള്ള അവകാശത്തെ കുറിക്കുന്ന പ്രയോഗമാകുന്നു സകാത്ത്. അതു ഒരു ദാസനു ശുദ്ധിയും അവന്റെ ആത്മാവിനു സംസ്‌കരണവുമാകുന്നു. അല്ലാഹു പറഞ്ഞു:

ﺧُﺬْ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ﺻَﺪَﻗَﺔً ﺗُﻄَﻬِّﺮُﻫُﻢْ ﻭَﺗُﺰَﻛِّﻴﻬِﻢ ﺑِﻬَﺎ

അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക ……..(ഖു൪ആന്‍:9/103)

മുസ്‌ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പര സംരക്ഷണവും സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കുവാനുള്ള കാരണങ്ങളിലൊന്നാകുന്നു സകാത്ത്.

സകാത്തിന്റെ വിധിയും തെളിവും

ഇസ്‌ലാമിലെ നിർബന്ധകാര്യങ്ങളിൽ ഒന്നും അതിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നുമാകുന്നു സകാത്ത്. നമസ്‌കാരം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്തംഭം അതത്രേ. അല്ലാഹു പറഞ്ഞു:

وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ

 പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:2/43)

ﺧُﺬْ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ﺻَﺪَﻗَﺔً ﺗُﻄَﻬِّﺮُﻫُﻢْ ﻭَﺗُﺰَﻛِّﻴﻬِﻢ ﺑِﻬَﺎ

അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക ……..(ഖു൪ആന്‍:9/103)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَإِقَامِ الصَّلاَةِ وَإِيتَاءِ الزَّكَاةِ وَحَجِّ الْبَيْتِ وَصَوْمِ رَمَضَانَ ‏”‏ ‏.‏ ‏.‏

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ചു സ്തംഭങ്ങളിലായി ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുൻ റസൂലുല്ലാഹ് എന്ന ശഹാദത്ത്, നമസ്‌കാരം യഥാവിധം നിലനിർത്തൽ, സകാത്തു നൽകിവീട്ടൽ, കഅ്ബത്തിങ്കൽ (ചെന്ന്) ഹജ്ജുചെയ്യൽ, റമാദാനിലെ നോമ്പ്. (ബുഖാരി-മുസ്ലിം)

മുആദ് ഇബ്‌നു ജബൽ رَضِيَ اللَّهُ عَنْهُ വിനെ യമനിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിനുള്ള വസ്വിയ്യത്തിൽ നബിﷺ പറഞ്ഞു:

 ادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنِّي رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ قَدِ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ، تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ ‏

അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂലാണെ ന്നും സാക്ഷ്യം വഹിക്കുവാൻ താങ്കൾ അവരെ ക്ഷണിക്കണം. അതിന് അവർ താങ്കളെ അനുസരിച്ചാൽ എല്ലാദിവസവും രാവും പകലുമായി അഞ്ചു നമസ്‌കാരങ്ങൾ അല്ലാഹു അവരുടെമേൽ നിർബന്ധമാക്കിയിരിക്കുന്നുവെന്ന് താങ്കൾ അവരെ അറിയിക്കണം. അതിനും അവർ താങ്കളെ അനുസരിച്ചാൽ അവരുടെ സമ്പത്തുകളിൽ അല്ലാഹു അവർക്കു സകാത്ത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അറിയിക്കുക. സകാത്ത് അവരിലെ ധനികന്മാരിൽനിന്നു വസൂലാക്കപ്പെടുകയും അവരിലെ സാധുക്കളിലേക്കു തിരിച്ചുനൽകപ്പെടുകയും ചെയ്യണം. (ബുഖാരി:1395)

എല്ലാ നാടുകളിലുമുള്ള മുസ്‌ലിംകൾ സകാത്ത് നിർബന്ധമാണെന്നതിൽ ഏകോപിച്ചിരിക്കുന്നു. സകാത്തു നൽകൽ നിർബന്ധമാണെന്ന വിധി ക്വുർആൻകൊണ്ടും സുന്നത്തുകൊണ്ടും ഇജ്മാഉകൊണ്ടും സ്ഥിരപ്പെട്ടിരിക്കുന്നു എന്ന് വ്യക്തം.

സകാത്തിനെ നിഷേധിച്ചവന്റെ വിധി

ഒരാൾ സകാത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തം അതു നിർബന്ധമാണെന്നതിനെ നിരാകരിച്ചാൽ അതു നിർബന്ധമാണെന്നത് അവന് അറിയിച്ചുകൊടുക്കണം. പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവനും പട്ടണങ്ങളിൽനിന്നു വിദൂരമായ മരുഭൂപ്രദേശങ്ങളിൽ വളർന്നവനും സകാത്തിന്റെ വിഷയത്തിൽ അജ്ഞനായിരിക്കും. അവന്റെമേൽ സത്യനിഷേധം (കുഫ്ർ) വിധിക്കപ്പെടരുത്; കാരണം അവൻ ഒഴിവുകഴിവുള്ളവനാണ്.

സകാത്തിനെ നിഷേധിക്കുന്നവൻ മുസ്‌ലിം നാടുകളിലും പണ്ഡിതന്മാർക്കിടയിലും വളർന്ന മുസ്‌ലിമാണെങ്കിൽ അവൻ മുർതദ്ദാകുന്നു (മതഭ്രഷ്ടനാകുന്നു). അവനിൽ രിദ്ദത്തിന്റെ (മതപരിത്യാഗത്തിന്റെ) വിധിനടപ്പിലാകും. കാരണം, സകാത്ത് നിർബന്ധമാണെന്നതിന്റെ തെളിവുകൾ ക്വുർആനിലും സുന്നത്തിലും മുസ്‌ലിം സമുദായത്തിന്റെ ഇജ്മാഇലും സുവ്യക്തമാണ്. മുസ്‌ലിം നാടുകളിലും പണ്ഡിതന്മാർക്കിടയിലും വളർന്ന ഒരാൾക്ക് ഇതൊരിക്കലും ഗോപ്യമാകില്ല. അതിനാൽ അവൻ സകാത്ത് നിർബന്ധമാണെന്നതിനെ നിഷേധിച്ചാൽ അത് അവൻ ക്വുർആനും സുന്നത്തും കളവാക്കുന്നതിനാലും അവയിൽ അവിശ്വസിക്കുന്നതിനാലും മാത്രമാണ്.

പിശുക്കിനാൽ സകാത്തു നൽകാത്തവന്റെ വിധി

സകാത്ത് നിർബന്ധമാണെന്ന് വിശ്വാസമുള്ളതോടൊപ്പം വല്ലവനും സകാത്ത് നൽകാതിരുന്നാൽ അവൻ കുറ്റക്കാരനാകും; അത് അവനെ ഇസ്‌ലാമിൽനിന്ന് പുറത്താക്കുകയില്ല. കാരണം, സകാത്ത് ഇസ്‌ലാമിലെ ഒരു കർമപരമായ കാര്യമാണ്. അതുപേക്ഷിക്കുന്നതുകൊണ്ട് മാത്രം ഉപേക്ഷവരുത്തുന്നവൻ കാഫിറാവുകയില്ല. കാരണം, സകാത്തു നൽകാത്തവന്റെ വിഷയത്തിൽ നബിﷺ പറഞ്ഞു:

ثُمَّ يُرَى سَبِيلَهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ

ശേഷം അവൻ തന്റെ വഴികാണും; ഒന്നുകിൽ സ്വർഗത്തിലേക്ക്, അല്ലെങ്കിൽ നരകത്തിലേക്ക്. (മുസ്ലിം987)

അവൻ കാഫിറായിട്ടുണ്ടെങ്കിൽ സ്വർഗത്തിലേക്ക് അവനു മാർഗമുണ്ടാകുമായിരുന്നില്ല. തഅ്‌സീറായ ഒരു ശിക്ഷ അയാൾക്കു നൽകുന്നതോടൊപ്പം അയാളിൽനിന്നു ബലമായി സകാത്ത് പിടിച്ചുവാങ്ങണം. അതു പിടിച്ചുവാങ്ങാതിരിക്കുവാൻ അയാൾ യുദ്ധം ചെയ്താൽ അയാൾ അല്ലാഹുവിന്റെ കൽപനക്കു കീഴ്‌പെട്ടു സകാത്തു നൽകുന്നതുവരെ അയാളോടു യുദ്ധം ചെയ്യണം. അല്ലാഹു പറഞ്ഞു:

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ

ഇനി അവർ (ബഹുദൈവ വിശ്വാസികൾ) പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നപക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. (ഖു൪ആന്‍:9/5)

قَالَ أَبُو بَكْرٍ ـ رضى الله عنه ـ: لَوْ مَنَعُونِي عَنَاقًا كَانُوا يُؤَدُّونَهَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقَاتَلْتُهُمْ عَلَيْهَا

അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:  അല്ലാഹുവാണേ, അവർ അല്ലാഹുവിന്റെ തിരുദൂതനു നൽകാറുണ്ടായിരുന്ന ഒരു പെണ്ണാടിൻകുട്ടിയെ നൽകുവാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാൻ അവരോടു യുദ്ധം ചെയ്യുകതന്നെ ചെയ്യും. (ബുഖാരി,മുസ്ലിം)

(പെണ്ണാടിൻകുട്ടിക്ക് ‘അനാക്വ്’ എന്നാണുള്ളത്. മഅസ്സിന്റെ (കോലാടിന്റെ) കുട്ടികളിൽ ഒരു വയസ്സു തികയാത്ത പെണ്ണിനാണ് അതു പറയപ്പെടുക).

അബൂബക്കർ رَضِيَ اللَّهُ عَنْهُ നൊപ്പം അതേ അഭിപ്രായത്തിലായിരുന്നു മൂന്നു ഖലീഫമാരും മറ്റെല്ലാ സ്വഹാബികളും. അതോടെ ഈ നിലപാട് സകാത്തു നൽകുവാൻ വിസമ്മതിക്കുന്നവരോടു യുദ്ധം ചെയ്യണമെന്നതിൽ അവരുടെ ഇജ്മാഅ് (ഏകോപിച്ചുള്ള തീരുമാനം) ആയി. പിശുക്കിനാൽ സകാത്ത് നൽകുവാൻ വിസമ്മതിക്കുന്നവർ ഈ പ്രമാണവചനങ്ങളുടെ വിധിക്കുകീഴിൽ ഉൾപ്പെടുന്നു.

സകാത്ത് നിർബന്ധമാകുന്ന സമ്പത്തുകൾ

സമ്പത്തിൽ അഞ്ചു വകുപ്പുകളിൽ സകാത്തു നിർബന്ധമാകും:

1) കന്നുകാലികൾ: ഒട്ടകം, മാട്, ആട് എന്നിവയാണവ.

قَالَ رَسُولُ اللَّهِ صلى الله عليه و سلم : مَا مِنْ صَاحِبِ إِبِلٍ وَلاَ بَقَرٍ وَلاَ غَنَمٍ لاَ يُؤَدِّي زَكَاتَهَا إِلاَّ جَاءَتْ يَوْمَ الْقِيَامَةِ أَعْظَمَ مَا كَانَتْ وَأَسْمَنَهُ تَنْطِحُهُ بِقُرُونِهَا وَتَطَؤُهُ بِأَظْلاَفِهَا كُلَّمَا نَفِدَتْ أُخْرَاهَا عَادَتْ عَلَيْهِ أُولاَهَا حَتَّى يُقْضَى بَيْنَ النَّاسِ ‏

നബിﷺ പറഞ്ഞു:  …ഒട്ടകം, ആട്, മാട് എന്നിവയുടെ സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല (അന്ത്യനാളിൽ വരാതെ), അന്ത്യനാളായാൽ അവ നല്ലവണ്ണം തടിച്ചുകൊഴുത്ത നിലയിൽ വരികയും അവനെ അവയുടെ കൊമ്പുകൾകൊണ്ട് കുത്തുകയും കുളമ്പുകൾകൊണ്ട് ചവിട്ടുകയും ചെയ്യും. അവയിൽ ഒടുക്കത്തേത് അവന്റെ മേൽ നടന്നുപോയാൽ ഒന്നാമത്തേതിനെ അവനിലേക്കു മടക്കപ്പെടുന്നതാണ്. അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കുന്നതുവരെ അപ്രകാരമായിരിക്കും. (മുസ്ലിം)

2) നാണ്യങ്ങൾ: സ്വർണവും വെള്ളിയുമാണവ; അതുപോലെ അവ രണ്ടിന്റെയും സ്ഥാനത്തു നിൽ ക്കുന്ന, ഇന്നു കൈമാറ്റം ചെയ്യപ്പെടുന്ന കറൻസികളും.

وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ

സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാ-തിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ (നരക) ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/34)

قَالَ رَسُولُ اللَّهِ صلى الله عليه و سلم : مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ

നബിﷺ പറഞ്ഞു: സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല; അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ. ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. (മുസ്ലിം)

3) ധാന്യങ്ങളും ഫലങ്ങളും: സൂക്ഷിച്ചു വെക്കപ്പെടുകയും ഭക്ഷ്യമായുപയോഗിക്കപ്പെടുകയും ചെയ്യുന്ന ഗോതമ്പ്, ബാർലി, അവയല്ലാത്ത മറ്റു ധാന്യങ്ങൾ, ഇവയാണ് ധാന്യങ്ങൾ (ഹുബൂബ്). കാരക്കയും ഉണക്കമുന്തിരിയുമാണ് ഫലങ്ങൾ (സിമാർ).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِ

അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. (ഖു൪ആന്‍:6/141)

قَالَ رَسُولُ اللَّهِ صلى الله عليه و سلم : فِيمَا سَقَتِ السَّمَاءُ وَالْعُيُونُ أَوْ كَانَ عَثَرِيًّا الْعُشْرُ، وَمَا سُقِيَ بِالنَّضْحِ نِصْفُ الْعُشْرِ ‏

നബിﷺ പറഞ്ഞു: മഴവെള്ളമോ നദിയിലെ വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്നങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തും മറ്റുമുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊന്നാകുന്നു(പത്തു ശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും).(ബുഖാരി)

4) ഖനിജങ്ങളും നിധിയും: ഖനിജം (മആദിൻ) എന്നാൽ സ്വർണം, വെള്ളി, ചെമ്പ്, തുടങ്ങിയ വിലയു ള്ളതും ആരും കൊണ്ടുവെക്കാത്ത നിലയ്ക്കു ഭൂമിയിൽ പടക്കപ്പെട്ടതും അതിൽനിന്നു പുറത്തെടുക്കപ്പെടുന്നതുമാണ്. നിധി (രികാസ്) എന്നാൽ അനിസ്‌ലാമിക കാലഘട്ടങ്ങളിൽ കുഴിച്ചുമൂടപ്പെട്ടത് ഭൂമിയിൽ നിന്നു കണ്ടെടുക്കപ്പെടുന്നതാണ്. ഇവയിൽ സകാത്തു നിർബന്ധമാണെന്നതിന്റെ തെളിവ് ഒരു വിശുദ്ധ വചനത്തിന്റെ പൊതുതാൽപര്യമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ക്വുർത്വുബി പറഞ്ഞു:

يعني النبات والمعادن والركاز

അഥവാ സസ്യലതാതികകൾ, ഖനിജങ്ങൾ, നിധി എന്നിവയാണ്.

قَالَ رَسُولُ اللَّهِ صلى الله عليه و سلم : وَفِي الرِّكَازِ الْخُمُسُ

നബിﷺ പറഞ്ഞു: രികാസിൽ അഞ്ചിലൊന്ന് (ഇരുപതു ശതമാനം) സകാത്തു കൊടുക്കണം. (ബുഖാരി:1499)

ഖനിജ വസ്തുക്കളിൽ സകാത്ത് നിർബന്ധമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.

5. കച്ചവടച്ചരക്കുകൾ: ലാഭം നേടുവാനായി വിൽക്കുവാനും വാങ്ങുവാനും ഒരുക്കപ്പെട്ടതെല്ലാമാണ് ഉറൂദുത്തിജാറഃ (കച്ചവടച്ചരക്കുകൾ).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

ഈ ആയത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കച്ചവടച്ചരക്കിന്റെ സകാത്താണെന്ന് പണ്ഡിതന്മാരിൽ പലരും ഉണർത്തിയിട്ടുണ്ട്.

സകാത്ത് നിർബന്ധമാക്കിയതിലെ യുക്തി (ഹിക്മത്ത്):

മഹിതമായ യുക്തികൾക്കും മഹനീമായ ലക്ഷ്യങ്ങൾക്കുമാണ് സകാത്തു നിയമമാക്കപ്പെട്ടിരിക്കുന്നത്; പ്രസ്തുത യുക്തികളും ലക്ഷ്യങ്ങളും ധാരാളമാണ്. അവയിൽ ചിലത്:

1. സമ്പത്തു ശുദ്ധീകരിക്കുക, അതു പോഷിപ്പിക്കുക, അതിൽ ബറകത്ത് കടാക്ഷിക്കുക, അതിലുള്ള വിപത്തും കെടുതിയും നീക്കുക, ആപത്തുകളിൽനിന്നും നാശത്തിൽനിന്നും അതിനെ കാക്കുക.

2. പിശുക്ക്, ലുബ്ധത എന്നിവയിൽനിന്നും; പാപങ്ങൾ, കുറ്റങ്ങൾ, എന്നിവയുടെ മ്ലേച്ഛതകളിൽനിന്നും സകാത്തുനൽകുന്നവനെ ശുദ്ധീകരിക്കൽ. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുവാനും വിനിയോഗിക്കുവാനും അവനെ അഭ്യസിപ്പിക്കൽ.

3. അഗതിക്ക് ആശ്വാസമേകുക, ആവശ്യക്കാരുടെയും പരവശരുടെയും നിർധനരുടെയും ആവശ്യങ്ങൾ പരിഹരിക്കുക.

4. സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പര സംരക്ഷണവും സഹകരണവും സ്‌നേഹവും സാക്ഷാത്കരിക്കുക. ധന്യതയായി തനിക്കുള്ള അനുഗ്രഹം നീങ്ങിപ്പോകുവാൻ ഒരു സാധുവിലുണ്ടായേക്കാവുന്ന ദുരാഗ്രഹവും അവന്റെ ഹൃദയത്തിലുണ്ടായേക്കാവുന്ന പകയും ധനികൻ തന്റെ സഹോദരനായ സാധുവിനു തന്റെ സ്വത്തിലെ സകാത്തു നൽകുമ്പോൾ എടുത്തുമാറ്റുകയാണ് ചെയ്യുന്നത്. അതിലൂടെ വിദ്വേഷങ്ങൾ വഴിനീങ്ങുന്നു. നിർഭയത്വമെങ്ങും കളിയാടുന്നു.

5. മുസ്‌ലിമിന് അല്ലാഹു ചൊരിഞ്ഞുനൽകിയ സമ്പത്താകുന്ന അനുഗ്രഹത്തിന് അവനു നന്ദി പ്രകാശിപ്പിക്കുക. അല്ലാഹുവിന്റെ കൽപന നടപ്പിലാക്കുന്നതിലൂടെ അവനു വഴിപ്പെടുക.

6. സകാത്തു നൽകുന്നവന്റെ ഈമാൻ സത്യസന്ധമാണെന്ന് അതറിയിക്കുന്നു; കാരണം തനിക്ക് ഇഷ്ടപ്പെട്ട ധനം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവനുവേണ്ടിയല്ലാതെ അയാൾ പുറത്തിറക്കുകയില്ല. അതി നാലാണ് സകാത്തിനു സ്വദക്വയെന്നു പേരുവിളിക്കപ്പെട്ടത്. അഥവാ സകാത്തു നൽകുന്നവൻ അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും തേടുന്നതിൽ സത്യസന്ധനാണെന്നതിനാൽ.

7. റബ്ബിന്റെ തൃപ്തിക്കും അനുഗ്രഹത്തിനും പാപമോചനത്തിനും മറ്റും അതു കാരണമാകുന്നു.

സകാത്ത് നിർബന്ധമാകുവാ നുള്ള നിബന്ധനകൾ

താഴെ നൽകുന്ന ശർത്വുകൾ ഒരാളിൽ ഒത്തുവന്നാൽ അവനു സകാത്ത് നിർബന്ധമാകും:

1. ഇസ്‌ലാം: കാഫിറിന്റെമേൽ സകാത്തു നിർബന്ധമില്ല. കാരണം, അതു സമ്പത്തിലുള്ള ഇബാദത്താകുന്നു. ഒരു മുസ്‌ലിം അതിലൂടെ അല്ലാഹുവിലേക്കു സാമീപ്യം തേടുന്നു. അവിശ്വാസി ഇസ്‌ലാമിൽ പ്രവേശിക്കുന്നതുവരെ അവനിൽനിന്ന് ഇബാദത്തു സ്വീകരിക്കപ്പെടുകയില്ല.

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَٰرِهُونَ

അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്. (ഖുർആൻ:9/54)

അവരിൽനിന്ന് അതു സ്വീകരിക്കപ്പെടുകയില്ലെങ്കിൽ അതിൽ അവരെ നിർബന്ധിക്കുന്നതിൽ കാര്യമില്ല.

ഇസ്‌ലാം നിബന്ധനയാണെന്നതിന്റെ തെളിവാണ് അബൂബക്കർ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള വചനത്തിന്റെ ഭാഷ്യം. അദ്ദേഹം പറഞ്ഞു:

هَذِهِ فَرِيضَةُ الصَّدَقَةِ الَّتِي فَرَضَ رَسُولُ اللَّهِ صلى الله عليه وسلم عَلَى الْمُسْلِمِينَ،

അല്ലാഹുവിന്റെ തിരുദൂതർ മുസ്‌ലിംകളുടെമേൽ നിർബന്ധമാക്കിയ നിർബന്ധ സ്വദക്വഃയാകുന്നു ഇത്. (ബുഖാരി:1454)

2. സ്വാതന്ത്ര്യം: അടിമക്കും മുകാതിബിനും (അടിമമോചനമെഴുതപ്പെട്ടവൻ) സകാത്തു നിർബന്ധമില്ല. കാരണം അടിമ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. മുകാതിബിന്റെ ഉടമസ്ഥത ദുർബലവുമാണ്. അടിമയും അവന്റെ കൈവശമുള്ളതും അവന്റെ യജമാനനുള്ളതാണ്. അതിനാൽ യജമാനന്റെമേൽ സകാത്തു നിർബന്ധമാകും.

3. നിസ്വാബ് ഉടമപ്പെടുത്തൽ: സമ്പൂർണവും നാശത്തിനു വിധേയമല്ലാത്തവിധം സുസ്ഥിരവുമായ നിലയിലാണ് നിസ്വാബ് ഉടമപ്പെടുത്തേണ്ടത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലുള്ള, ഒരു മനുഷ്യന് ഒരിക്കലും ധന്യനാകുവാൻ കഴിയാത്ത നിർബന്ധ ആവശ്യങ്ങൾ കഴിച്ചു മിച്ചമുള്ളതുമായിരിക്കണം അത്. കാരണം സാധുക്കളെ സാന്ത്വനപ്പെടുത്തുവാനാണ് സകാത്ത് നിർബന്ധമാക്കിയത്. അതിനാൽതന്നെ പരിഗണനീയമായ ധന്യത കരഗതമാകുന്ന നിസ്വാബിനെ ഉടമപ്പെടുത്തണമെന്നതും പരിഗണിക്കൽ നിർബന്ധമാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لَيْسَ فِيمَا دُونَ خَمْسَةِ أَوْسُقٍ صَدَقَةٌ وَلَيْسَ فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ وَلَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ

നബിﷺ പറഞ്ഞു: അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല. അഞ്ച് ഒട്ടകങ്ങൾക്കു താഴെയുള്ളതിൽ സകാത്തില്ല. അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തില്ല. (മുസ്ലിം)

4. സമ്പത്തിനു വർഷം തികയൽ: ഉടമസ്ഥന്റെ സംരക്ഷണത്തിലുള്ള നിസ്വാബിനു പന്ത്രണ്ട് ചന്ദ്രമാസങ്ങൾ കഴിഞ്ഞുപോകലാണ് ഉദ്ദേശ്യം. നബിﷺ പറഞ്ഞു: “ഒരു സമ്പത്തിനും അതിൽ ഒരു വർഷം പൂർത്തിയാകുന്നതിനുമുമ്പ് സകാത്തില്ല.’’ ഈ നിബന്ധന കാലിസമ്പത്ത്, നാണ്യങ്ങൾ, കച്ചവടച്ചരക്ക് എന്നിവയ്ക്കു പ്രത്യേകമാണ്. എന്നാൽ കൃഷി, ഫലവർഗം, ഖനി, നിധി എന്നിവയ്ക്ക് വർഷം തികയൽ നിബന്ധനയല്ല.

كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِ

അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. (ഖു൪ആന്‍:6/141)

ഖനിജങ്ങളും നിധിയും ഭൂമിയിൽനിന്ന് എടുക്കപ്പെടുന്ന സമ്പത്താണ്. അതിനാൽ കൃഷി, ഫലവർഗം എന്നിവപോലെ അവയിലും സകാത്ത് നിർബന്ധമാകുവാൻ വർഷം തികയൽ പരിഗണനീയമല്ല.

സകാത്തിന്റെ വിഭജനങ്ങൾ

സകാത്ത് രണ്ടു നിലയ്ക്കാണ്:

1) സമ്പത്തുകളിലുള്ള സകാത്ത്. അതു സമ്പത്തുമായി ബന്ധപ്പെട്ടതത്രെ.

2) ശരീരങ്ങളിലുള്ള സകാത്ത്. അതു ശരീരവുമായി ബന്ധപ്പെട്ടതത്രെ. അതാകുന്നു സകാതുൽ ഫിത്വ‌്ർ.

കടത്തിന്റെ സകാത്ത്

ഞെരുക്കക്കാരന്റെയോ വീട്ടുന്നതിൽ വീഴ്ച കാണിക്കുന്നവന്റെയോ അടുക്കലാണ് കടമെങ്കിൽ കടം നൽകിയവൻ അതു തിരിച്ചുവാങ്ങിയ വർഷം ഒരു വർഷത്തെ സകാത്തു നൽകുകയാണു വേണ്ടത്. എന്നാൽ കടം വീട്ടുന്നതിൽ വീഴ്ച കാണിക്കാത്ത, കഴിവുള്ള ഒരു ധനികന്റെ അടുക്കലാണ് കടം ഉള്ളതെങ്കിൽ കടം നൽകിയവൻ എല്ലാ വർഷവും സകാത്തു നൽകണം; കാരണം, അതിന് തന്റെ അടുക്കലുള്ള തിന്റെ അതേ വിധിയാണ്.

വിധിയും തെളിവുകളും:

സ്വർണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകുന്നു:

وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ

സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ (നരക) ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/34)

ഒരു നിർബന്ധകർമം ഉപേക്ഷിച്ചാലല്ലാതെ ഇത്തരമൊരു ശിക്ഷകൊണ്ട് മുന്നറിയിപ്പു നൽകപ്പെടുകയില്ല.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ

നബിﷺ പറഞ്ഞു: “സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല; അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ, ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കും. (മുസ്ലിം)

ഇരുന്നൂറു ദിർഹമിൽ അഞ്ചു ദിർഹം സകാത്തു നൽകണമെന്നതിലും സ്വർണം ഇരുപതു മിസ്‌ക്വാൽ ഉണ്ടായാൽ (അതിന്റെ വില ഇരുന്നൂറു ദിർഹമാകുന്നു) അതിലും സകാത്തു നിർബന്ധമാകുമെന്നതിലും പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപിച്ചുള്ള അഭിപ്രായം) ഉണ്ട്.

സകാത്തിന്റെ തോത്

സ്വർണത്തിലും വെള്ളിയിലും സകാത്തിന്റെ തോത് പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) ആകുന്നു. അഥവാ, സ്വർണത്തിന്റെ ഓരോ ഇരുപതു ദീനാറിനും അര ദീനാറുവീതം. ഇരുപതിൽ അധികമുണ്ടായാൽ, അധികമുള്ളത് കുറച്ചായാലും കൂടുതലായാലും അതിന്റെ കണക്കനുസരിച്ചു സകാത്തു നൽകണം.

വെള്ളിയുടെ ഓരോ ഇരുന്നൂറു ദിർഹമിനും അഞ്ചു ദിർഹമാകുന്നു സകാത്ത്. ഇരുന്നൂറിൽ അധികമുണ്ടായാൽ അതിന്റെ കണക്കനുസരിച്ചു നൽകണം. സ്വദക്വഃയുടെ വിഷയത്തിൽ നബിﷺ പറഞ്ഞു:

كل مائتي درهم ربع العشر،

(വെള്ളിയിൽ) ഓരോ ഇരുന്നൂറു ദിർഹമിനും പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (അഞ്ചു ദിർഹം).

മറ്റൊരു ഹദീസിൽ:

وَلَيْسَ عَلَيْكَ شَىْءٌ – يَعْنِي فِي الذَّهَبِ – حَتَّى يَكُونَ لَكَ عِشْرُونَ دِينَارًا فَإِذَا كَانَ لَكَ عِشْرُونَ دِينَارًا وَحَالَ عَلَيْهَا الْحَوْلُ فَفِيهَا نِصْفُ مثقال

നിന്റെ പക്കൽ സ്വർണത്തിന്റെ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്ക് യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാർ ഉണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസ്‌ക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്. (അബൂദാവൂദ്)

തിരുനബിﷺ സ്വീകരിച്ചിരുന്നതായി ഇപ്രകാരം വന്നിട്ടുണ്ട്:

كان يأخذ من كل عشرين مثقالاً نصف مثقال

നബിﷺ എല്ലാ ഇരുപതു മിസ്‌ക്വാലിൽനിന്നും അര മിസ്‌ക്വാൽ വസൂലാക്കുമായിരുന്നു’’ എന്നും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. (ദാറഖുത്നി,ഇബ്നുമാജ)

സകാത്തിന്റെ ശർത്വുകൾ

സ്വർണത്തിലും വെള്ളിയിലും സകാത്തു നിർബന്ധമാകുവാൻ താഴെ വരുന്ന നിബന്ധനകളുണ്ട്:

1. നിസ്വാബ് എത്തൽ. ഇരുപത് മിസ്‌ക്വാലാണ് സ്വർണത്തിനു നിസ്വാബ്. അലിയ്യിൽ(റ) നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

وَلَيْسَ عَلَيْكَ شَىْءٌ – يَعْنِي فِي الذَّهَبِ – حَتَّى يَكُونَ لَكَ عِشْرُونَ دِينَارًا فَإِذَا كَانَ لَكَ عِشْرُونَ دِينَارًا وَحَالَ عَلَيْهَا الْحَوْلُ فَفِيهَا نِصْفُ مثقال

സ്വർണത്തിൽ നിന്റെ പക്കൽ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്കു യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാറുണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്.

ഇരുപതു ദീനാർ എൺപത്തിയഞ്ചു ഗ്രാമിനു തുല്യമാകുന്നു.

വെള്ളിയുടെ നിസ്വാബ് ഇരുന്നൂറു വെള്ളിനാണയങ്ങളാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : ليسَ فيما دونَ خَمسةِ أواقٍ صدقةٌ

നബിﷺ പറഞ്ഞു: അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തില്ല.

ഒരു ഊക്വിയ നാൽപതു ദിർഹമാകുന്നു. അപ്പോൾ അഞ്ചു ഊക്വിയ ഇരുനൂറു ദിർഹമിനു തുല്യമാകുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَفِي الرِّقَةِ رُبْعُ الْعُشْرِ، فَإِنْ لَمْ تَكُنْ إِلاَّ تِسْعِينَ وَمِائَةً فَلَيْسَ فِيهَا شَىْءٌ، إِلاَّ أَنْ يَشَاءَ رَبُّهَا ‏”‏‏.‏

നബിﷺ പറഞ്ഞു: വെള്ളിയിൽ പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (രണ്ടര ശതമാനം) സകാത്ത്. നൂറ്റിത്തൊണ്ണൂറ് ദിർഹമു മാത്രമാണുള്ളതെങ്കിൽ അതിൽ യാതൊന്നും സകാത്തായി ഇല്ല; അതിന്റെ ഉടമ നൽകുവാനുദ്ദേശിച്ചാലല്ലാതെ. (ബുഖാരി:1454)

وقد أجمع العلماء على أن نصاب الفضة خمس أواق، ونصاب الذهب عشرون مثقالاً

വെള്ളിയുടെ നിസ്വാബ് അഞ്ചു ഊക്വിയയാണെന്നതിലും സ്വർണത്തിന്റെ നിസ്വാബ് ഇരുപത് മിസ്‌ക്വാലാണെന്നതിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (ശറഹ് മുസ്ലിം)

2. സകാത്തു നിർബന്ധമാകുന്നവരുടെ വിഷയത്തിൽ മുമ്പ് പരാമർശിച്ച പൊതുവിലുള്ള മറ്റു ശർത്ത്വുകൾ: ഇസ്‌ലാം, സ്വാതന്ത്ര്യം, സമ്പൂർണ ഉടമസ്ഥത, വർഷം തികയൽ.

സ്വർണവും വെള്ളിയും ഒന്നിനോടൊന്നു ചേർക്കൽ

നിസ്വാബു പൂർത്തിയാക്കുവാൻ സ്വർണവും വെള്ളിയും തമ്മിൽ ഒന്നിലേക്കു ചേർക്കപ്പെടുകയില്ലയെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം ഒട്ടകം, മാട്, ബാർളി, ചോളം എന്നിവ പോലെ അവ രണ്ടും വ്യത്യസ്ത വർഗങ്ങളാണ്; അവയാലുള്ള ഉദ്ദേശ്യം ഒന്നാണെങ്കിലും ശരി. ഒട്ടകത്തിലും മാടിലും തൻമിയത്തും (വളർച്ച) ബാർലിയിലും ചോളത്തിലും ഭക്ഷണവുമാണ് അത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : ليسَ فيما دونَ خَمسةِ أواقٍ صدقةٌ

നബിﷺ പറഞ്ഞു: വെള്ളിയിൽ അഞ്ചു ഊക്വിയക്കു താഴെയുള്ളതിനും സകാത്തില്ല.

നിസ്വാബ് തികക്കുവാൻ സ്വർണവും വെള്ളിയും ഒന്നൊന്നിലേക്കു ചേർക്കണമെന്നത് അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തു നൽകൽ നിർബന്ധമാണെന്നതിനെ അനിവാര്യമാക്കും; അവന്റെയടുക്കൽ നിസ്വാബ് തികക്കുന്ന സ്വർണമുണ്ടെങ്കിൽ. ഹദീസാകട്ടെ അഞ്ചു ഊക്വിയ തികക്കുന്ന സ്വർണം അവന്റെ പക്കലുണ്ടെങ്കിലെന്നത് ഉൾകൊള്ളുന്നുമില്ല. അതിനാൽ ഒരാളുടെ അടുക്കൽ പത്തു ദീനാറും നൂറു ദിർഹമുമുണ്ടായാൽ അയാൾക്ക് സകാത്തില്ല. കാരണം സ്വർണത്തിനു തനിച്ചാണ് സകാത്തു നൽകപ്പെടേണ്ടത്. ഇതുപോലെ തന്നെയാണ് വെള്ളിക്കും.

ആഭരണത്തിന്റെ സകാത്ത്

സൂക്ഷിച്ചുവെക്കുവാനും വാടകക്കു നൽകുവാനും ഒരുക്കപ്പെട്ട ആഭരണങ്ങൾക്കും നിഷിദ്ധമായ ആഭരണങ്ങൾക്കും സകാത്തു നിർബന്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.

പുരുഷൻ തനിക്കുവേണ്ടി സ്വീകരിക്കുന്ന സ്വർണമോതിരവും മൃഗങ്ങളുടെ രൂപത്തിൽ നിർമിച്ചും അല്ലെങ്കിൽ മൃഗങ്ങളുടെ രൂപംവെച്ചും സ്ത്രീ തനിക്കു സ്വീകരിക്കുന്ന ആഭരണവും നിഷിദ്ധമായ ആഭരണങ്ങൾക്ക് ഉദാഹരണമാണ്. എന്നാൽ അനുവദനീയമായ ഉപയോഗത്തിനും വായ്പക്കും ഒരുക്കപ്പെട്ട ആഭരണത്തിൽ സകാത്തു നിർബന്ധമാണെന്നതാണ് പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങളിൽ ശരിയായത്; താഴെ വരുന്ന കാരണങ്ങളാലാണ് അത്:

1. സ്വർണത്തിലും വെള്ളിയിലും സകാത്തു നിർബന്ധമാണെന്ന വിഷയത്തിൽ വന്ന പ്രമാണ വചനങ്ങളുടെ പൊതുതാൽപര്യം. അതിൽ ആഭരണവും അതല്ലാത്തതും ഉൾപ്പെടും.

2. അംറ് ഇബ്‌നു ശുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽനിന്നു നിവേദനം ചെയ്തതായി സുനനുകളിൽ ഇപ്രകാരമുണ്ട്:

 أَنَّ امْرَأَةً، أَتَتْ رَسُولَ اللَّهِ صلى الله عليه وسلم وَمَعَهَا ابْنَةٌ لَهَا وَفِي يَدِ ابْنَتِهَا مَسَكَتَانِ غَلِيظَتَانِ مِنْ ذَهَبٍ فَقَالَ لَهَا ‏”‏ أَتُعْطِينَ زَكَاةَ هَذَا ‏”‏ ‏.‏ قَالَتْ لاَ ‏.‏ قَالَ ‏”‏ أَيَسُرُّكِ أَنْ يُسَوِّرَكِ اللَّهُ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ ‏”‏ ‏.‏ قَالَ فَخَلَعَتْهُمَا فَأَلْقَتْهُمَا إِلَى النَّبِيِّ صلى الله عليه وسلم

ഒരു സ്ത്രീ തിരുദൂതരുടെ അടുക്കൽവന്നു. അവരോടൊപ്പം അവരുടെ മകളുമുണ്ടായിരുന്നു. മകളുടെ കൈയിൽ കട്ടിയുള്ള രണ്ടു സ്വർണവളകളുണ്ടായിരുന്നു. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: ‘നിങ്ങൾ ഇതിന്റെ സകാത്തു നൽകാറുണ്ടോ?’  അവർ പറഞ്ഞു: ‘ഇല്ല.’ തിരുമേനിﷺ പറഞ്ഞു: ‘ഇവ കാരണത്താൽ തീയിനാലുള്ള രണ്ടു വളകൾ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നത് നിങ്ങൾക്ക് ഇഷ്ടകരമാണോ?’ ഉടൻ അവർ ആ രണ്ടു വളകൾ ഊരി നബിﷺയിലേക്ക് ഇട്ടുകൊടുത്തു. (അബൂദാവൂദ്)

ഈ ഹദീസ് ഈ വിഷയത്തിൽ വ്യക്തമായ പ്രമാണമാണ്. ഇതിന് ഉപോൽബലകമായ വേറേയും ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലും മറ്റുമുണ്ട്.

3. ആഭരണത്തിനു സകാത്തു നിർബന്ധമാണെന്ന അഭിപ്രായമാണ് സൂക്ഷ്മതക്ക് ഉചിതവും ഉത്തര വാദിത്തം വീടുവാൻ കരണീയവുമായത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ

നബിﷺ പറഞ്ഞു: നിനക്കു സംശയം ജനിപ്പിക്കുന്നത് വിട്ടു സംശയമുണ്ടാക്കാത്തത് നീ സ്വീകരിക്കുക.

കച്ചവടച്ചരക്കിന്റെ സകാത്ത്

അർദ്വ്, അറദ്വ് എന്നീ പദങ്ങളുടെ ബഹുവചനമാണ് (ചരക്കുകൾ എന്നർഥമുള്ള) ഉറൂദ്വ്. ഏത് വർഗത്തിൽ പെട്ടതാണെങ്കിലും ഒരു മുസ്‌ലിം കച്ചവടം ചെയ്യുവാൻ ഒരുക്കിയതാണത്. സകാത്തു നൽകേണ്ട സ്വത്തിനെക്കാൾ വിപുലവും അവയെയെല്ലാം ഉൾക്കൊള്ളുന്നതുമാണ് ഉറൂദ്വ്. അതിനെ പ്രദർശിപ്പിക്കുകയും അതു നീങ്ങുകയും ചെയ്യുന്നതിനാൽ അതിനു സ്ഥായീഭാവമില്ലാത്തതിനാലാണ് ഈ പേരു വെക്കപ്പെട്ടത്. കാരണം കച്ചവടക്കാരൻ ഈ ചരക്കിനെ ഉദ്ദേശിക്കുന്നില്ല. പ്രത്യുത നാണയങ്ങളായി അതിന്റെ ലാഭമാണ് ഉദ്ദേശിക്കുന്നത്.

കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാണ്. താഴെ വരുന്ന വിശുദ്ധ വചനങ്ങളുടെ പൊതു താൽപര്യമാണ് അത് അറിയിക്കുന്നത്. അല്ലാഹു പറഞ്ഞു:

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

നബിﷺ മുആദ് ഇബ്‌നു ജബൽ رَضِيَ اللَّهُ عَنْهُ വിനോടു പറഞ്ഞു:

فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ، تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ

…അവരുടെ സമ്പത്തുകളിൽ അല്ലാഹു അവർക്കു സകാത്ത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അറിയിക്കുക. സകാത്ത് അവരിലെ ധനികന്മാരിൽനിന്നു വാങ്ങി അവരിലെ സാധുക്കളിലേക്കു തിരിച്ചുവിടണം. (ബുഖാരി:1395)

കച്ചവടച്ചരക്കുകൾ സമ്പത്താണെന്നതിൽ യാതൊരു സംശയവുമില്ല.

കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാകുവാനുള്ള ശർത്ത്വുകൾ (നിബന്ധനകൾ):

1. വാങ്ങുക, സമ്മാനം സ്വീകരിക്കുകപോലെ തന്റെ പ്രവൃത്തിയിലൂടെ അതിനെ ഉടമപ്പെടുത്തുക.

2. കച്ചവടം നിയ്യത്താക്കി അത് ഉടമപ്പെടുത്തുക.

3. അതിന്റെ തുകക്ക് നിസ്വാബ് എത്തുക. തുടക്കത്തിൽ സൂചിപ്പിച്ച, സകാത്തിന്റെ അഞ്ചു ശർത്ത്വുകൾ ഇതിലേക്കു ചേർക്കുന്നതോടൊപ്പമാണിത്.

കച്ചവടച്ചരക്കുകൾക്ക് വർഷം തികഞ്ഞാൽ സ്വർണം അല്ലെങ്കിൽ വെള്ളി എന്നീ നാണയങ്ങളിലൊന്നു കൊണ്ട് അവയെ വിലക്കെട്ടുകയും പ്രസ്തുത വില നിസ്വാബ് എത്തിയതാവുകയും ചെയ്താൽ അതിൽ പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) സകാത്ത് നിർബന്ധമായി.

ചരക്കുകൾ വാങ്ങിയപ്പോഴുള്ള വിലനിർണയം പരിഗണനീയമല്ല. കാരണം, സാധനങ്ങളുടെ വില കൂടിയും കുറഞ്ഞും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വർഷം തികയുമ്പോഴുള്ള വില മാത്രമാണ് സകാത്ത് കൊടുക്കുവാൻ പരിഗണിക്കുക.

ഉൽപന്നങ്ങളുടെ സകാത്ത്

നിർബന്ധമാകുന്ന സമയവും അതിന്റെ തെളിവും:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

പാലുറക്കുകയും മൂക്കുകയും ചെയ്താൽ ധാന്യങ്ങൾക്കു സകാത്തു നിർബന്ധമായി. ഭക്ഷ്യയോഗ്യമാം വിധം നല്ലനിലയിൽ ഫലങ്ങളായിത്തീരുന്നതിലൂടെ നിലനിൽപ്പ് വെളിപ്പെട്ടാൽ ഫലങ്ങളിലും സകാത്ത് നിർബന്ധമായി. വർഷം തികയൽ അതിൽ ശർത്വാക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:

كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِ

അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. (ഖു൪ആന്‍:6/141)

ഗോതമ്പ്, ബാർലി, കമ്പം, നെല്ല്, കാരക്ക, ഉണക്കമുന്തിരി പോലുള്ള ഫലങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മുദ്ദഖറും (സൂക്ഷിച്ചു വെക്കപ്പെടുന്നത്) മകീലും (അളക്കപ്പെടുന്നത്) ആയതിലെല്ലാം സകാത്ത് നിർബന്ധമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും സകാത്തു നിർബന്ധമാവുകയില്ല. അവ ധാന്യങ്ങളും ഫലങ്ങളും മകീലും മുദ്ദഖറുമല്ലാത്ത കാലത്തോളം അവയിൽ സകാത്തില്ല.

കാർഷിക വിളകളിൽ സകാത്തിന്റെ ശർത്വുകൾ

ധാന്യങ്ങളിലും ഫലങ്ങളിലും സകാത്തു നിർബന്ധമാകുവാൻ രണ്ടു നിബന്ധനകളുണ്ട്:

1. നിസ്വാബ് എത്തൽ. അഞ്ചു വസ്‌ക്വാകുന്നു അത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ فِيمَا دُونَ خَمْسَةِ أَوْسُقٍ صَدَقَةٌ

നബിﷺ പറഞ്ഞു: അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല. (ബുഖാരി:1484)

ഒരു ‘വസ്‌ക്വ്’ ഒരു ഒട്ടകം വഹിക്കുന്ന ഭാരമാകുന്നു. നബിﷺ ഉപയോഗിച്ചിരുന്ന സ്വാഉകൊണ്ട് അറുപതു സ്വാആകുന്നു അത്. അഞ്ചു വസ്‌ക്വ് മുന്നൂറു സ്വാഅ് ആകുന്നു. അപ്പോൾ ഒരു സ്വാഇന്റെ തൂക്കം രണ്ടു കിലോ നാനൂറു ഗ്രാം എന്ന പരിഗണനയിൽ മുന്തിയതരം ഗോതമ്പിന്റെ നിസ്വാബിനുള്ള തൂക്കം ഏകദേശം അറുന്നൂറ്റി പന്ത്രണ്ട് കിലോ ആകുന്നു.

2. സകാത്ത് നിർബന്ധമാകുന്ന സമയത്ത് നിസ്വാബിനെ അയാൾ ഉടമപ്പെടുത്തിയിരിക്കണം.

നിർബന്ധമായി നൽകേണ്ട വിഹിതം:

നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തോ നദിയിലെ വെള്ളം ഉപജീവിച്ചോ ചെലവുകൂടാതെ വെള്ളം ലഭിച്ചുണ്ടായ ധാന്യങ്ങളിലും കായ്കനികളിലും പത്തിലൊന്നും ബക്കറ്റുകളോ ആധുനിക യന്ത്രങ്ങളോ മൃഗങ്ങളെയുപയോഗിച്ചു തേവിയോ മറ്റോ ചെലവോടുകൂടി വെള്ളം നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നിർബന്ധമായ സകാത്ത്.

قَالَ رَسُولُ اللَّهِ صلى الله عليه و سلم : فِيمَا سَقَتِ السَّمَاءُ وَالأَنْهَارُ وَالْعُيُونُ أَوْ كَانَ بَعْلاً الْعُشْرُ وَفِيمَا سُقِيَ بِالسَّوَانِي أَوِ النَّضْحِ نِصْفُ الْعُشْرِ

നബിﷺ പറഞ്ഞു:“മഴവെള്ളമോ നദികളിലെയും അരുവികളിലെയും വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്ന ങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊന്നാകുന്നു(പത്തുശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും)(അബൂദാവൂദ്)

തേനിന്റെ സകാത്ത്

പണ്ഡിതന്മാരിൽ ഭൂരിപക്ഷവും തേനിൽ സകാത്തില്ല എന്ന അഭിപ്രായക്കാരാണ്. അതാണ് പ്രബലമായ അഭിപ്രായവും. കാരണം, വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും തേനിൽ സകാത്തു നിർബന്ധമാണെന്നറിയിക്കുന്ന വ്യക്തവും സ്വഹീഹുമായ യാതൊരു തെളിവും വന്നിട്ടില്ല. സകാത്ത് നിർബന്ധമാണെന്നറിയിക്കുന്ന തെളിവു സ്ഥിരപ്പെടുന്നതുവരെ തേൻ സകാത്തിൽനിന്ന് ഒഴിവാണ് എന്നതാണ് അടിസ്ഥാനം.

ഇമാം ശാഫിഈ പറഞ്ഞു: “തേനിൽ പത്തിലൊന്ന് സകാത്തുണ്ട് എന്നറിയിക്കുന്ന ഹദീസ് ദുർബലമാണ്. അതിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല എന്നറിയിക്കുന്ന ഹദീസും ദുർബലമാണ്.’’

എന്നാൽ ഉമർ ഇബ്‌നു അബ്ദിൽഅസീസിൽനിന്ന് ഇപ്രകാരം വന്നിട്ടുണ്ട്: എന്റെ അഭിപ്രായം അതിൽനിന്ന് സകാത്ത് സ്വീകരിക്കപ്പെടരുത് എന്നാണ്. കാരണം, സകാത്ത് സ്വീകരിക്കപ്പെടുന്ന വസ്തുക്കളുടെ വിഷയത്തിൽ സുന്നത്തുകളും അസറുകളും സ്ഥിരപ്പെട്ടിട്ടുണ്ട്. തേനിന്റെ വിഷയത്തിൽ സുന്നത്തു സ്ഥിരപ്പെട്ടിട്ടില്ല. അപ്പോൾ അത് സകാത്തിൽനിന്ന് ഒഴിവാക്കപെട്ടതുപോലെയാണ്.

ഇമാം ഇബ്‌നുൽമുൻദിർ പറഞ്ഞു: തേനിൽ സകാത്ത് നിർബന്ധമെന്നറിയിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല.

രികാസിലുള്ള സകാത്ത്

ജാഹിലിയ്യത്തിൽ (ഇസ്‌ലാമിനു മുമ്പുള്ള കാലങ്ങളിൽ) കുഴിച്ചുമൂടപ്പെട്ടതും (നിധി) കുഫ്‌റിന്റെ ചിഹ്നമു ള്ളതുമായ സ്വർണം, വെള്ളി, തുടങ്ങിയ വസ്തുക്കൾ കാണപ്പെടുന്നതാണ് രികാസ്. അതു പണം കൊടുത്തു നേടിയെടുക്കുന്നതോ ചെലവോ കൂടുതൽ അധ്വാനമോ ആവശ്യമായതല്ല. പണം ആവശ്യപ്പെടുന്നതോ കൂടുതൽ അധ്വാനം ആവശ്യമായതോ രികാസല്ല. രികാസ് കൂടുതലായാലും കുറ വായാലും അതിൽ അഞ്ചിലൊന്ന് (ഇരുപത് ശതമാനം) സകാത്ത് നിർബന്ധമാണ്. വർഷം തികയലും നിസ്വാബ് എത്തലും അതിൽ ശർത്ത്വാക്കപ്പെടുകയില്ല. തിരുവചനത്തിന്റെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്.

قَالَ رَسُولُ اللَّهِ صلى الله عليه و سلم : وَفِي الرِّكَازِ الْخُمُسُ

നബിﷺ പറഞ്ഞു: രികാസിൽ അഞ്ചിലൊന്ന് (ഇരുപതു ശതമാനം) സകാത്തു കൊടുക്കണം. (ബുഖാരി:1499)

അത് മുസ്‌ലിംകളുടെ പൊതുനന്മകളിൽ വിനിയോഗിക്കപ്പെടേണ്ട ‘ഫയ്അ്’ സ്വത്താകുന്നു. അത് ഒരു നിർണിത സ്വത്തായിരിക്കണമെന്ന് നിബന്ധനയില്ല. സ്വർണമോ വെള്ളിയോ മറ്റേതെങ്കിലും വസ്തുക്കളോ ആയാലും അതിന്റെ അഞ്ചിലൊന്നു സകാത്തു നൽകുകയാണുവേണ്ടത്.

അവിശ്വാസികളുടെ പേരുകൾ എഴുതുക, അവരുടെ രൂപങ്ങൾ കൊത്തുക തുടങ്ങിയുള്ള കുഫ്‌റിന്റെ അടയാളങ്ങൾകൊണ്ട് അതു ജാഹിലിയ്യത്തിലെ നിധികളിൽ പെട്ടതാണെന്നു അറിയപ്പെടും.

‘മഅ്ദിൻ’ (ഖനി) എന്നാൽ ഭൂവർഗത്തിൽപെടാത്തതും(മണ്ണ്, മണൽ, പാറപോലെ) സസ്യലതാതിക ളല്ലാത്തതുമായ ഭൂമിയിൽനിന്ന് പിറവിയെടുക്കുന്നതെല്ലാമാണ്. അതു പെട്രോൾ, ടാർ പോലെ ഒഴുകുന്നതാ കട്ടെ, അല്ലെങ്കിൽ ഇരുമ്പ്, ചെമ്പ്, സ്വർണം, വെള്ളി, മെർക്കുറി എന്നിവപോലെ ഘര രൂപത്തിലുള്ളതാ കട്ടെ. മുമ്പ് ഉണർത്തിയതുപോലെ അവയിൽ സകാത്തു നിർബന്ധമാണെന്നതിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ട്. ഭൂഉൽപന്നങ്ങൾക്ക് സകാത്തു നിർബന്ധമാണെന്ന വിഷയത്തിൽ വന്ന പ്രമാണവചന ങ്ങളുടെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. (ഖു൪ആന്‍:2/267)

ആരാണ് സകാത്തിന്റെ അവകാശികൾ?

സകാത്തിന്റെ അഹ്‌ലുകാർ സകാത്ത് അർഹിക്കുന്നവരാണ്. അല്ലാഹു വിശുദ്ധവചനത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ എട്ടു കൂട്ടരാണവർ. അല്ലാഹു പറഞ്ഞു:

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/60)

ഈ വിഭാഗങ്ങളെ കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്:

1. ഫുക്വറാഅ്: ‘ഫക്വീർ’ എന്നതിന്റെ ബഹുവചനമാണിത്. തന്റെ ആവശ്യവും തന്നെ ആശ്രയിക്കുന്നവരുടെ ആവശ്യവും നികത്തുവാനുള്ള ഭക്ഷണം, പാനീയം, വസ്ത്രം, പാർപ്പിടം എന്നിവ കയ്യിലില്ലാത്തവനാണ് ഫക്വീർ. ഒന്നുകിൽ അവയൊന്നും അയാൾ കണ്ടെത്തുന്നില്ല. അല്ലെങ്കിൽ ആവശ്യമായതിന്റെ പകുതിയിൽ കുറഞ്ഞത് കണ്ടെത്തുന്നവനാണ്. ഫക്വീറിന് പൂർണമായ ഒരു വർഷത്തിനു മതിയായത് സകാത്തിൽനിന്ന് നൽകപ്പെടും.

2. മസാകീൻ: ‘മിസ്‌കീൻ’ എന്നതിന്റെ ബഹുവചനമാണിത്. തനിക്കു മതിയായതിന്റെ പകുതിയോ അല്ലെങ്കിൽ പകുതിയിൽ കൂടുതലോ ഉള്ളവനാണ് മിസ്‌കീൻ. നൂറു രൂപ കയ്യിലുണ്ടാവുകയും ഇരുന്നൂറ് രൂപക്ക് ആവശ്യക്കാരനാവുകയും ചെയ്തവനെപോലെ. മിസ്‌കീനിനും ഒരു വർഷത്തിനു മതിയായത് സകാത്തിൽനിന്നു നൽകപ്പെടും.

3. ആമിലൂൻ (ജോലിക്കാർ): ‘ആമിൽ’ എന്നതിന്റെ ബഹുവചനമാണ് ‘ആമിലൂൻ.’ സകാത്ത് വസൂലാക്കുവാനായി ഭരണാധികാരി നിയോഗിക്കുന്ന വ്യക്തിയാണ് ആമിൽ. അയാളുടെ പോക്കുവരവിന്റെ കാലമത്രയും അയാൾക്കു മതിയായത് സകാത്തിൽനിന്ന് ഭരണാധികാരി നൽകണം; അയാൾ ധനി കനാണെങ്കിലും ശരി. കാരണം അയാൾ ഈ ജോലിക്കുവേണ്ടി ഒഴിഞ്ഞിരിക്കുകയാണ്. സകാത്ത് പിരിക്കുവാനും അതിന്റെ എഴുത്തുകുത്ത് നടത്തുവാനും അതിനു കാവൽ നിൽക്കുവാനും അതിന്റെ അർഹർക്ക് അതു വീതിക്കുവാനും പണിയെടുക്കുന്നവരെല്ലാം ‘ആമിലൂൻ’ എന്നതിൽ ഉൾപ്പെട്ടു.

4. മുഅല്ലഫതുൽക്വുലൂബ്: സകാത്തിൽനിന്ന് നൽകപ്പെടുന്ന ഒരു വിഭാഗമാകുന്നു ഇവർ. അവിശ്വാസികളാണെങ്കിൽ ഇസ്‌ലാമിലേക്ക് അവരുടെ ഹൃദയങ്ങൾ ഇണക്കപ്പെടുവാനും തങ്ങളുടെ ആരാധനകളിൽ അലംഭാവമുള്ള ദുർബല വിശ്വാസികളാണെങ്കിൽ അവരുടെ വിശ്വാസമുറപ്പിക്കുവാനുമാണ് അവർക്ക് സകാത്തു നൽകുന്നത്. നൽകപ്പെടുന്നവരുടെ ഉറ്റവർക്ക് ഇസ്‌ലാമിലേക്കു താൽപര്യം ജനിക്കുവാനോ അല്ലെങ്കിൽ അവരുടെ സഹായമോ ഉപദ്രവം നിറുത്തലോ പ്രതീക്ഷിച്ചുമാണ് അവർക്കു സകാത്ത് നൽകുന്നത്.

5. രിക്വാബ്: ‘റക്വബതി’ന്റെ ബഹുവചനമാണിത്. മുസ്‌ലിമായ അടിമയോ അടിമസ്ത്രീയോ ആണ് ഉദ്ദേശ്യം. സകാത്തു മുതലുകൊണ്ട് അടിമ വിലക്കുവാങ്ങിക്കപ്പെടുകയും മോചിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. മോചനപത്രം എഴുതപ്പെട്ട അടിമയാണെങ്കിൽ എഴുത്തനുസരിച്ചുള്ള ഘഡുക്കൾ അടച്ചുവീട്ടുവാൻ സകാത്തിൽനിന്നു നൽകപ്പെടണം. അതിലൂടെ അടിമ ഇടപാടുകളിൽ സ്വാതന്ത്ര്യമു ള്ളവനും സമൂഹത്തിൽ ഉപകരിക്കുന്ന അംഗവും ആയിത്തീരുന്നതിനുവേണ്ടിയും പരിപൂർണമായ നിലക്ക് അല്ലാഹുവിനു ഇബാദത്തെടുക്കുവാൻ അയാൾക്കു സാധിക്കുന്നതിനു വേണ്ടിയുമാണ്. ഇപ്രകാരമാണ് മുസ്‌ലിമായ ബന്ധി. സകാത്തുമുതൽകൊണ്ട് അയാൾ ശത്രുക്കളിൽനിന്ന് മോചിപ്പിക്കപ്പെടണം.

6. ഗാരിമൂൻ: (കടബാധ്യതയുള്ളവർ) ‘ഗാരിം’ എന്നതിന്റെ ബഹുവചനമാണ് ‘ഗാരിമൂൻ.’ അല്ലാഹുവിനോട് തെറ്റാകാത്ത വിഷയത്തിൽ കടഭാരം ഏൽക്കേണ്ടി വന്നവനാണത്. അനുവദനീയമായ വിഷയത്തിൽ സ്വന്തത്തിനുവേണ്ടി കടംകൊണ്ടാലും പിണക്കമുള്ളവർക്കിടയിൽ രഞ്ജിപ്പ് (സ്വുൽഹ്) ഉണ്ടാക്കുവാൻ മറ്റുള്ളവർക്കു വേണ്ടി കടംകൊണ്ടാലും തുല്യമാണ്. തന്റെ കടം വീട്ടുവാനാവശ്യമായത് സകാത്തിൽനിന്ന് അയാൾക്കു നൽകപ്പെടണം. ജനങ്ങൾക്കിടയിൽ സ്വുൽഹുണ്ടാക്കുന്നതിനുവേണ്ടി കടം കൊണ്ടവനും സകാത്തിൽനിന്നു നൽകപ്പെടണം; അയാൾ ധനികനായാലും ശരി.

7. ഫീ സബീലില്ലാഹ്: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന, സ്വയം സന്നദ്ധരായവരും ബയ്‌തുൽമാലിൽനിന്നു ശമ്പളം പറ്റാത്തവരുമായ യോദ്ധാക്കളാണ് ഫീ സബീലില്ലാഹ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവർ ധനികരായാലും ദരിദ്രരായാലും സകാത്തിൽനിന്ന് നൽകപ്പെടണം.

8. ഇബ്‌നുസ്സബീൽ: തന്റെ നാടുവിടുകയും നാട്ടിലേക്കുള്ള യാത്ര തുടർത്തുവാൻ സമ്പത്ത് ആവശ്യമായി വരുന്നവനുമാണ് ഇബ്‌നുസ്സബീൽ.

സകാത്ത് നൽകപ്പെടുവാൻ പാടില്ലാത്തവർ

സകാത്ത് നൽകൽ അനുവദനീയമല്ലാത്ത വിഭാഗങ്ങൾ താഴെ പറയുന്നവരാണ്:

1. ധനികന്മാരും സമ്പാദിക്കുവാൻ കഴിവുള്ളവരും:

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : ‏لاَ حَظَّ فِيهَا لِغَنِيٍّ وَلاَ لِقَوِيٍّ مُكْتَسِبٍ

നബിﷺ പറഞ്ഞു: ധനികനും അധ്വാനിക്കുവാൻ കെൽപ്പുള്ളവനും സകാത്തിൽ യാതൊരു വിഹിതവുമില്ല. (അബൂദാവൂദ്)

എന്നാൽ മുമ്പു വിവരിച്ചതുപോലെ സകാത്തിനുവേണ്ടി ജോലിചെയ്യുന്നവനും കടബാധ്യതയുള്ളവനും ധനികനാണെങ്കിലും സകാത്തിൽ നിന്നുനൽകപ്പെടും. അധ്വാനിക്കുവാൻ ശേഷിയുള്ളവൻ മതവിജ്ഞാനം നേടുന്നതിന് ഒഴിഞ്ഞിരിക്കുന്നവനും സമ്പത്തില്ലാത്തവനുമാണെങ്കിൽ അവനും സകാത്തിൽനിന്ന് നൽകപ്പെടും. കാരണം, മതവിജ്ഞാ നം തേടൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദാണ്. എന്നാൽ അധ്വാനിക്കുവാൻ ശേഷിയുള്ളവൻ ആബിദാവുകയും (ആരാധനക്കു ഒഴിഞ്ഞിരിക്കുന്നവൻ) ഐച്ഛിക കർമങ്ങൾക്ക് ഒഴിഞ്ഞിരിക്കുവാൻ ജോലി ഉപേക്ഷിക്കുകയും ചെയ്താൽ അയാൾക്കു സകാത്തിൽനിന്നു നൽകപ്പെടാവതല്ല. കാരണം വിജ്ഞാനത്തിൽനിന്ന് വ്യത്യസ്തമായി ഇബാദത്തിന്റെ പ്രയോജനം ആബിദിൽ പരിമിതമാണ്.

2. ഉസ്വൂൽ (മാതാപിതാക്കൾ), ഫുറൂഅ് (മക്കൾ), ഭാര്യ എന്നിങ്ങനെ തന്റെമേൽ ചെലവുനൽകൽ നിർബന്ധമായവർ:

പിതാക്കൾ, മാതാക്കൾ, പിതാമഹന്മാർ, മാതൃമഹതികൾ, മക്കൾ, മക്കളുടെ മക്കൾ പോലുള്ള; ഒരു മുസ്‌ലിം ചെലവുകൊടുക്കൽ നിർബന്ധമായവർക്ക് തന്റെ സകാത്തു നൽകൽ അനുവദനീയമല്ല. കാരണം അവർക്കു സകാത്തു നൽകുന്നതിലൂടെ തന്റെമേൽ നിർബന്ധമായ ചെലവുകളെതൊട്ട് അവരെ അവൻ ധന്യരാക്കുകയും തന്റെമേലുള്ള ബാധ്യത ഇല്ലാതാക്കുകയും ചെയ്യും. അതിൽപിന്നെ സകാത്തിന്റെ ഫലം അയാളിലേക്കുതന്നെ മടങ്ങുകയും അയാൾ സ്വന്തത്തിനു സകാത്ത് നൽകിയതു പോലെയാവുകയും ചെയ്യും.

3. മുഅല്ലഫുകളല്ലാത്ത (മനസ്സ് ഇണക്കപ്പെടാത്ത) അവിശ്വാസികൾ:

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ ‏

നബിﷺ പറഞ്ഞു: സകാത്ത് അവരിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ തന്നെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം.

അഥവാ, മുസ്‌ലിംകളിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം. മറ്റുള്ളവരിൽനിന്നോ മറ്റുള്ളവരിലേക്കോ അല്ല. കാരണം, മുസ്‌ലിംകളിലെ അഗതികളെ ധന്യരാക്കലും മുസ്‌ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ സാഹോദര്യത്തിന്റെയും സ്‌നേഹത്തിെൻറയും സ്തംഭങ്ങളെ നിലയുറപ്പിക്കലും സകാത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.

ഈ വിഭാഗമാളുകൾക്ക് സകാത്തു നൽകൽ അനുവദനീയമല്ലെന്ന് അറിവുള്ളതോടൊപ്പം വല്ലവനും അവർക്കു സകാത്തു നൽകിയാൽ അവൻ കുറ്റക്കാരനായി. എന്നാൽ ഐച്ഛികമായ ദാനധർമങ്ങളും സഹായങ്ങളും നൽകുന്നതിൽ വിശ്വാസികളെയും അവിശ്വാസികളെയുമൊക്കെ പരിഗണിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

സകാത്തു വീതിക്കുമ്പോൾ ഈ എട്ടു വിഭാഗങ്ങളെയും ഉൾപ്പെടുത്തൽ നിബന്ധനയാണോ?

സകാത്തു വീതിക്കുമ്പോൾ പരാമർശിക്കപ്പെട്ട എട്ടു വിഭാഗങ്ങളെയും ഉൾപ്പെടുത്തൽ നിബന്ധനയല്ല എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ശരിയായത്. പ്രത്യുത, എട്ടിൽ ഏതു വിഭാഗത്തിനു നൽകിയാലും അത് അനുവദനീയമാണ്. അല്ലാഹു പറഞ്ഞു:

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (ഖു൪ആന്‍:2/271)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ ‏

നബിﷺ പറഞ്ഞു: സകാത്ത് അവരിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെതന്നെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം.

ക്വുബയ്‌സ്വ رضى الله عنه വിനോട് തിരുമേനി ﷺ പറഞ്ഞു:

أقم عندنا حتى تأتينا الصدقة فنأمر لك بها

സകാത്തു മുതൽ വരുന്നതുവരെ താങ്കൾ നമ്മുടെ അടുക്കൽ താമസിക്കുക. അതിൽനിന്നു താങ്കൾക്കു നൽകുവാൻ ഞാൻ കൽപിക്കാം. (മുസ്ലിം)

ഈ തെളിവുകളെല്ലാം  إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ {ദാനധർമങ്ങൾ (നൽകേണ്ടത്) ദരിദ്രന്മാർക്കും … മാത്രമാണ്} (ക്വുർആൻ 9: 60) എന്ന വചനത്തിന്റെ ഉദ്ദേശ്യം സകാത്തിന്റെ അവകാശികളെ വിവരിക്കലാണെന്നും സകാത്ത് വീതിക്കുമ്പോൾ അവകാശികളെ മൊത്തത്തിലുൾക്കൊള്ളിക്കലല്ലെന്നും അറിയിക്കുന്നു.

സകാത്ത് മറ്റൊരു നാട്ടിലേക്കു കൊണ്ടുപോകൽ

ആവശ്യമെങ്കിൽ സകാത്ത് മറ്റൊരു നാട്ടിലേക്ക് – പ്രസ്തുത നാട് അടുത്തതാകട്ടെ അകന്നതാകട്ടെ – കൊണ്ടുപോകൽ അനുവദനീയമാകുന്നു. ആ നാട് കൂടുതൽ ദരിദ്രമാവുക, അല്ലെങ്കിൽ സകാത്തു നൽകുന്നവന് വിദൂരമായ നാട്ടിൽ തന്റെ നാട്ടിലെ അഗതികളെപ്പോലെ അഗതികളായ ബന്ധുക്കളുണ്ടാവുക പോലുള്ള ആവശ്യങ്ങളാൽ സകാത്തു മറുനാട്ടിൽ വിതരണമാകാവുന്നതാണ്. സകാത്ത് ബന്ധുക്കൾക്ക് നൽകുമ്പോൾ അതിൽ സകാത്ത് നൽകുക, കുടുംബബന്ധം ചാർത്തുക എന്നീ പുണ്യങ്ങൾ കരഗതമാക്കലുമുണ്ട്. സകാത്ത് മറ്റൊരു നാട്ടിലേക്കു കൊണ്ടുപോകാമെന്ന അഭിപ്രായമാകുന്നു സ്വഹീഹായത്. വിശുദ്ധ വചനത്തിന്റെ പൊതുപ്രയോഗം അതാണറിയിക്കുന്നത്.

 

അബ്ദുൽ ജബ്ബാർ മദീനി

ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *