സകാത്തിന്റെ അഹ്‌ലുകാർ സകാത്ത് അർഹിക്കുന്നവരാണ്. അല്ലാഹു വിശുദ്ധവചനത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ എട്ടു കൂട്ടരാണവർ. അല്ലാഹു പറഞ്ഞു:
إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍:9/60)
ഈ വിഭാഗങ്ങളെ കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്:
1. ഫുക്വറാഅ്: ‘ഫക്വീർ’ എന്നതിന്റെ ബഹുവചനമാണിത്. തന്റെ ആവശ്യവും തന്നെ ആശ്രയിക്കുന്നവരുടെ ആവശ്യവും നികത്തുവാനുള്ള ഭക്ഷണം, പാനീയം, വസ്ത്രം, പാർപ്പിടം എന്നിവ കയ്യിലില്ലാത്തവനാണ് ഫക്വീർ. ഒന്നുകിൽ അവയൊന്നും അയാൾ കണ്ടെത്തുന്നില്ല. അല്ലെങ്കിൽ ആവശ്യമായതിന്റെ പകുതിയിൽ കുറഞ്ഞത് കണ്ടെത്തുന്നവനാണ്. ഫക്വീറിന് പൂർണമായ ഒരു വർഷത്തിനു മതിയായത് സകാത്തിൽനിന്ന് നൽകപ്പെടും.
2. മസാകീൻ: ‘മിസ്‌കീൻ’ എന്നതിന്റെ ബഹുവചനമാണിത്. തനിക്കു മതിയായതിന്റെ പകുതിയോ അല്ലെങ്കിൽ പകുതിയിൽ കൂടുതലോ ഉള്ളവനാണ് മിസ്‌കീൻ. നൂറു രൂപ കയ്യിലുണ്ടാവുകയും ഇരുന്നൂറ് രൂപക്ക് ആവശ്യക്കാരനാവുകയും ചെയ്തവനെപോലെ. മിസ്‌കീനിനും ഒരു വർഷത്തിനു മതിയായത് സകാത്തിൽനിന്നു നൽകപ്പെടും.
3. ആമിലൂൻ (ജോലിക്കാർ): ‘ആമിൽ’ എന്നതിന്റെ ബഹുവചനമാണ് ‘ആമിലൂൻ.’ സകാത്ത് വസൂലാക്കുവാനായി ഭരണാധികാരി നിയോഗിക്കുന്ന വ്യക്തിയാണ് ആമിൽ. അയാളുടെ പോക്കുവരവിന്റെ കാലമത്രയും അയാൾക്കു മതിയായത് സകാത്തിൽനിന്ന് ഭരാണിധികാരി നൽകണം; അയാൾ ധനികനാണെങ്കിലും ശരി. കാരണം അയാൾ ഈ ജോലിക്കുവേണ്ടി ഒഴിഞ്ഞിരിക്കുകയാണ്. സകാത്ത് പിരിക്കുവാനും അതിന്റെ എഴുത്തുകുത്ത് നടത്തുവാനും അതിനു കാവൽ നിൽക്കുവാനും അതിന്റെ അർഹർക്ക് അതു വീതിക്കുവാനും പണിയെടുക്കുന്നവരെല്ലാം ‘ആമിലൂൻ’ എന്നതിൽ ഉൾപ്പെട്ടു.
4. മുഅല്ലഫതുൽ ക്വുലൂബ്: സകാത്തിൽനിന്ന് നൽകപ്പെടുന്ന ഒരു വിഭാഗമാകുന്നു ഇവർ. അവിശ്വാസികളാണെങ്കിൽ ഇസ്‌ലാമിലേക്ക് അവരുടെ ഹൃദയങ്ങൾ ഇണക്കപ്പെടുവാനും തങ്ങളുടെ ആരാധനകളിൽ അലംഭാവമുള്ള ദുർബല വിശ്വാസികളാണെങ്കിൽ അവരുടെ വിശ്വാസമുറപ്പിക്കുവാനുമാണ് അവർക്ക് സകാത്തു നൽകുന്നത്. നൽകപ്പെടുന്നവരുടെ ഉറ്റവർക്ക് ഇസ്‌ലാമിലേക്കു താൽപര്യം ജനിക്കുവാനോ അല്ലെങ്കിൽ അവരുടെ സഹായമോ ഉപദ്രവം നിറുത്തലോ പ്രതീക്ഷിച്ചുമാണ് അവർക്കു സകാത്ത് നൽകുന്നത്.
5. രിക്വാബ്: ‘റക്വബതി’ന്റെ ബഹുവചനമാണിത്. മുസ്‌ലിമായ അടിമയോ അടിമസ്ത്രീയോ ആണ് ഉദ്ദേശ്യം. സകാത്തു മുതലുകൊണ്ട് അടിമ വിലക്കുവാങ്ങിക്കപ്പെടുകയും മോചിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. മോചനപത്രം എഴുതപ്പെട്ട അടിമയാണെങ്കിൽ എഴുത്തനുസരിച്ചുള്ള ഘഡുക്കൾ അടച്ചുവീട്ടുവാൻ സകാത്തിൽനിന്നു നൽകപ്പെടണം. അതിലൂടെ അടിമ ഇടപാടുകളിൽ സ്വാതന്ത്ര്യമുള്ളവനും സമൂഹത്തിൽ ഉപകരിക്കുന്ന അംഗവും ആയിത്തീരുന്നതിനുവേണ്ടിയും പരിപൂർണമായ നിലക്ക് അല്ലാഹുവിനു ഇബാദത്തെടുക്കുവാൻ അയാൾക്കു സാധിക്കുന്നതിനു വേണ്ടിയുമാണ്. ഇപ്രകാരമാണ് മുസ്‌ലിമായ ബന്ധി. സകാത്തു മുതൽകൊണ്ട് അയാൾ ശത്രുക്കളിൽനിന്ന് മോചിപ്പിക്കപ്പെടണം.
6. ഗാരിമൂൻ: (കടബാധ്യതയുള്ളവർ) ‘ഗാരിം’ എന്നതിന്റെ ബഹുവചനമാണ് ‘ഗാരിമൂൻ.’ അല്ലാഹുവിനോട് തെറ്റാകാത്ത വിഷയത്തിൽ കടഭാരം ഏൽക്കേണ്ടി വന്നവനാണത്. അനുവദനീയമായ വിഷയത്തിൽ സ്വന്തത്തിനുവേണ്ടി കടംകൊണ്ടാലും പിണക്കമുള്ളവർക്കിടയിൽ രഞ്ജിപ്പ് (സ്വുൽഹ്) ഉണ്ടാക്കുവാൻ മറ്റുള്ളവർക്കു വേണ്ടി കടംകൊണ്ടാലും തുല്യമാണ്. തന്റെ കടം വീട്ടുവാനാവശ്യമായത് സകാത്തിൽനിന്ന് അയാൾക്കു നൽകപ്പെടണം. ജനങ്ങൾക്കിടയിൽ സ്വുൽഹുണ്ടാക്കുന്നതിനുവേണ്ടി കടം കൊണ്ടവനും സകാത്തിൽനിന്നു നൽകപ്പെടണം; അയാൾ ധനികനായാലും ശരി.
7. ഫീ സബീലില്ലാഹ്: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന, സ്വയം സന്നദ്ധരായവരും ബയ്‌തുൽമാലിൽനിന്നു ശമ്പളം പറ്റാത്തവരുമായ യോദ്ധാക്കളാണ് ഫീ സബീലില്ലാഹ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവർ ധനികരായാലും ദരിദ്രരായാലും സകാത്തിൽനിന്ന് നൽകപ്പെടണം.
8. ഇബ്‌നുസ്സബീൽ: തന്റെ നാടുവിടുകയും നാട്ടിലേക്കുള്ള യാത്ര തുടർത്തുവാൻ സമ്പത്ത് ആവശ്യമായി വരുന്നവനുമാണ് ഇബ്‌നുസ്സബീൽ.
സകാത്ത് നൽകപ്പെടുവാൻ പാടില്ലാത്തവർ
സകാത്ത് നൽകൽ അനുവദനീയമല്ലാത്ത വിഭാഗങ്ങൾ താഴെ പറയുന്നവരാണ്:
1. ധനികന്മാരും സമ്പാദിക്കുവാൻ കഴിവുള്ളവരും: തിരുനബിﷺ പറഞ്ഞു:
لا حظ فيها لغني، ولا لقويٍ مُكْتَسِب.
ധനികനും അധ്വാനിക്കുവാൻ കെൽപ്പുള്ളവനും സകാത്തിൽ യാതൊരു വിഹിതവുമില്ല. (അഹ്മദ്, അബൂദാവൂദ്)
എന്നാൽ മുമ്പു വിവരിച്ചതുപോലെ സകാത്തിനുവേണ്ടി ജോലിചെയ്യുന്നവനും കടബാധ്യതയുള്ളവനും ധനികനാണെങ്കിലും സകാത്തിൽ നിന്നുനൽകപ്പെടും. അധ്വാനിക്കുവാൻ ശേഷിയുള്ളവൻ മതവിജ്ഞാനം നേടുന്നതിന് ഒഴിഞ്ഞിരിക്കുന്നവനും സമ്പത്തില്ലാത്തവനുമാണെങ്കിൽ അവനും സകാത്തിൽനിന്ന് നൽകപ്പെടും. കാരണം, മതവിജ്ഞാനം തേടൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദാണ്. എന്നാൽ അധ്വാനിക്കുവാൻ ശേഷിയുള്ളവൻ ആബിദാവുകയും (ആരാധനക്കു ഒഴിഞ്ഞിരിക്കുന്നവൻ) ഐച്ഛിക കർമങ്ങൾക്ക് ഒഴിഞ്ഞിരിക്കുവാൻ ജോലി ഉപേക്ഷിക്കുകയും ചെയ്താൽ അയാൾക്കു സകാത്തിൽനിന്നു നൽകപ്പെടാവതല്ല. കാരണം വിജ്ഞാനത്തിൽനിന്ന് വ്യത്യസ്തമായി ഇബാദത്തിന്റെ പ്രയോജനം ആബിദിൽ പരിമിതമാണ്.
2. ഉസ്വൂൽ (മാതാപിതാക്കൾ), ഫുറൂഅ് (മക്കൾ), ഭാര്യ എന്നിങ്ങനെ തന്റെമേൽ ചെലവുനൽകൽ നിർബന്ധമായവർ: പിതാക്കൾ, മാതാക്കൾ, പിതാമഹന്മാർ, മാതൃ മഹതികൾ, മക്കൾ, മക്കളുടെ മക്കൾ പോലുള്ള; ഒരു മുസ്‌ലിം ചെലവുകൊടുക്കൽ നിർബന്ധമായവർക്ക് തന്റെ സകാത്തു നൽകൽ അനുവദനീയമല്ല. കാരണം അവർക്കു സകാത്തു നൽകുന്നതിലൂടെ തന്റെ മേൽ നിർബന്ധമായ ചെലവുകളെ തൊട്ട് അവരെ അവൻ ധന്യരാക്കുകയും തന്റെമേലുള്ള ബാധ്യത ഇല്ലാതാക്കുകയും ചെയ്യും. അതിൽപിന്നെ സകാത്തിന്റെ ഫലം അയാളിലേക്കുതന്നെ മടങ്ങുകയും അയാൾ സ്വന്തത്തിനു സകാത്ത് നൽകിയതു പോലെയാവുകയും ചെയ്യും.
3. മുഅല്ലഫുകളല്ലാത്ത (മനസ്സ് ഇണക്കപ്പെടാത്ത) അവിശ്വാസികൾ: നബിﷺ പറഞ്ഞു:
تؤخذ من أغنيائهم، وترد على فقرائهم
സകാത്ത് അവരിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ തന്നെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം.
അഥവാ, മുസ്‌ലിംകളിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം. മറ്റുള്ളവരിൽനിന്നോ മറ്റുള്ളവരിലേക്കോ അല്ല. കാരണം, മുസ്‌ലിംകളിലെ അഗതികളെ ധന്യരാക്കലും മുസ്‌ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും സ്തംഭങ്ങളെ നിലയുറപ്പിക്കലും സകാത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. അതാകട്ടെ അവിശ്വാസികളോട് അനുവദനീയവുമല്ല.
ഈ വിഭാഗമാളുകൾക്ക് സകാത്തു നൽകൽ അനുവദനീയമല്ലെന്ന് അറിവുള്ളതോടൊപ്പം വല്ലവനും അവർക്കു സകാത്തു നൽകിയാൽ അവൻ കുറ്റക്കാരനായി.
സകാത്തു വീതിക്കുമ്പോൾ ഈ എട്ടു വിഭാഗങ്ങളെയും ഉൾപ്പെടുത്തൽ നിബന്ധനയാണോ?
സകാത്തു വീതിക്കുമ്പോൾ പരാമർശിക്കപ്പെട്ട എട്ടു വിഭാഗങ്ങളെയും ഉൾപ്പെടുത്തൽ നിബന്ധനയല്ല എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ശരിയായത്. പ്രത്യുത, എട്ടിൽ ഏതു വിഭാഗത്തിനു നൽകിയാലും അത് അനുവദനീയമാണ്. അല്ലാഹു പറഞ്ഞു:
إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ
നിങ്ങൾ ദാനധർമങ്ങൾ പരസ്യമായി ചെയ്യുന്നുവെങ്കിൽ അത് നല്ലതുതന്നെ. എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെങ്കിൽ അതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. (ഖു൪ആന്‍:2/271)
നബിﷺ പറഞ്ഞു:
تؤخذ من أغنيائهم وترد على فقرائهم
സകാത്ത് അവരിലെ ധനികന്മാരിൽനിന്ന് സ്വീകരിക്കപ്പെടുകയും അവരിലെ തന്നെ അഗതികളിലേക്ക് തിരിച്ചുനൽകപ്പെടുകയും ചെയ്യണം.
ക്വുബയ്‌സ്വ رَضِيَ اللَّهُ عَنْهُ വോട് തിരുമേനിﷺ പറഞ്ഞു:
أقم عندنا حتى تأتينا الصدقة فنأمر لك بها
സകാത്തു മുതൽ വരുന്നതുവരെ താങ്കൾ നമ്മുടെ അടുക്കൽ താമസിക്കുക. അതിൽനിന്നു താങ്കൾക്കു നൽകുവാൻ ഞാൻ കൽപിക്കാം.(മുസ്ലിം)
ഈ തെളിവുകളെല്ലാം {ദാനധർമങ്ങൾ (നൽകേണ്ടത്) ദരിദ്രന്മാർക്കും… മാത്രമാണ്} (ക്വുർആൻ 9: 60) എന്ന വചനത്തിന്റെ ഉദ്ദേശ്യം സകാത്തിന്റെ അവകാശികളെ വിവരിക്കലാണെന്നും സകാത്ത് വീതിക്കുമ്പോൾ അവകാശികളെ മൊത്തത്തിലുൾക്കൊള്ളിക്കലല്ലെന്നും അറിയിക്കുന്നു.
സകാത്ത് മറ്റൊരു നാട്ടിലേക്കു കൊണ്ടുപോകൽ
ആവശ്യമെങ്കിൽ സകാത്ത് മറ്റൊരു നാട്ടിലേക്ക് – പ്രസ്തുത നാട് അടുത്തതാകട്ടെ അകന്നതാകട്ടെ – കൊണ്ടുപോകൽ അനുവദനീയമാകുന്നു. ആ നാട് കൂടുതൽ ദരിദ്രമാവുക, അല്ലെങ്കിൽ സകാത്തു നൽകുന്നവന് വിദൂരമായ നാട്ടിൽ തന്റെ നാട്ടിലെ അഗതികളെപ്പോലെ അഗതികളായ ബന്ധുക്കളുണ്ടാവുക പോലുള്ള ആവശ്യങ്ങളാൽ സകാത്തു മറുനാട്ടിൽ വിതരണമാകാവുന്നതാണ്. സകാത്ത് ബന്ധുക്കൾക്ക് നൽകുമ്പോൾ അതിൽ സകാത്ത് നൽകുക, കുടുംബബന്ധം ചാർത്തുക എന്നീ പുണ്യങ്ങൾ കരഗതമാക്കലുമുണ്ട്. സകാത്ത് മറ്റൊരു നാട്ടിലേക്കു കൊണ്ടുപോകാമെന്ന അഭിപ്രായമാകുന്നു സ്വഹീഹായത്. വിശുദ്ധ വചനത്തിന്റെ പൊതുപ്രയോഗം അതാണറിയിക്കുന്നത്.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com