സകാത്തിന്റെ അവകാശികൾ

സകാത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിധിയാണ് അതിന്റെ അവകാശികൾ ആരാണെന്ന് മതത്തിന്റെ പ്രമാണങ്ങൾക്കനുസരിച്ച് കൃത്യമായി മനസ്സലാക്കുക എന്നത്. കാരണം സകാത്ത് അതിന്റെ അവകാശികൾക്ക് മാത്രമെ അനുവദനീയമാവുകയുള്ളൂ. അവകാശികൾക്ക് കൊടുക്കുമ്പോഴാണ് സകാത്ത് കൊടുക്കുന്നവന്റെ ഉത്തരവാദിത്തം പരിപൂർണമാവുക. അല്ലാഹു സകാത്തിന്റെ അവകാശികളായി എട്ട് വിഭാഗത്തെയാണ് എണ്ണിയിട്ടുള്ളത്. അല്ലാഹു പറയുന്നു:

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/60)

 الصَّدَقَاتُ (ദാനധര്‍മ്മങ്ങള്‍) എന്ന വാക്കില്‍ എല്ലാവിധ ദാനധര്‍മങ്ങളും ഉള്‍പ്പെടുമെങ്കിലും നിര്‍ബന്ധ ദാനമായ സകാത്താണ്‌ ഇവിടെ ഉദ്ദേശ്യം.

يقول تعالى‏:‏ ‏{‏إِنَّمَا الصَّدَقَاتُ‏}‏ أي‏:‏ الزكوات الواجبة، بدليل أن الصدقة المستحبة لكل أحد، لا يخص بها أحد دون أحد‏.‏

അല്ലാഹു പറയുന്നു:{ദാനധര്‍മ്മങ്ങള്‍}‏ അതായത്: നിർബന്ധമായ സകാത്തുകൾ ആണ്. കാരണം അല്ലാത്ത ഐച്ഛികമായ സ്വദഖകൾ ആർക്ക് വേണമെങ്കിലും നൽകാമല്ലോ. അവ ഇന്നയാൾക്ക് ഇന്നയാൾക്ക് എന്നിങ്ങനെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ല. (തഫ്സീറുസ്സഅദി)

1. الْفُقَرَاء (ഫഖീറുകള്‍ – ദരിദ്രന്‍മാര്‍)

സ്വന്തം ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാത്തവർ, അല്ലെങ്കിൽ കുറെയൊക്കെ നിറവേറ്റാൻ സാധിക്കുമെങ്കിലും പൂർത്തീകരിക്കാൻ കഴിയാത്തവരാകുന്നു അവർ. ഇവർ പാവപ്പെട്ടവരെക്കാളും കൂടുതൽ ആവശ്യമുള്ളവരാകുന്നു. അതുകൊണ്ട് തന്നെയാണ് അല്ലാഹു ആയത്തിൽ അവരെ മുന്തിച്ചത്.

لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ

സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ഫഖീറുകള്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). (ഖു൪ആന്‍:59/8)

മുഹാജിറുകളിലെ ഫഖീറുമാരെ കുറിച്ചാണ് ഈ വചനത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വീടും പറമ്പുമില്ലാത്ത, കടുത്ത ദരിദ്രന്മാരാണ്. ഇപ്രകാരം പ്രയാസം അനുഭവിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഫഖീറുമാര്‍.

2. الْمَسَاكِين (മിസ്‌കീനുകള്‍ – പാവങ്ങള്‍ അഥവാ സാധുക്കള്‍)

ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. അല്‍പമൊക്കെ വഴിയുണ്ടെങ്കിലും അതുകൊണ്ട്‌ തികയാതെ വരുന്നവനാണ് മിസ്‌കീൻ.

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا

എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും മിസ്‌കീനുകളുടേതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. (ഖു൪ആന്‍:18/79)

ഖളിര്‍ عليه السلام കേട് വരുത്തിയ കപ്പലിന്റെ അവകാശികള്‍ മിസ്‌കീന്മാരാണ് എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അഥവാ അവര്‍ കപ്പലിന്റെ ഉടമകള്‍ തന്നെയാണ്. എന്നാല്‍ അത് മുഖേന ധന്യരാകാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ട് നയിക്കുവാന്‍ പ്രയാസമനുഭവിക്കുന്നരാണവര്‍.

ഫഖീറിന്‍റെ ദരിദ്രാവസ്ഥ പുറമെയുള്ളവര്‍ക്ക്‌ കണ്ടറിയുവാന്‍ കഴിയും. അവനത്‌ മൂടിവെക്കുകയില്ല. മിസ്‌കീനാവട്ടെ, തന്‍റെ സ്ഥിതി പുറമെയുള്ളവരെ അറിയിക്കാത്തവിധം മൂടിവെച്ചുകൊണ്ട്‌ മാനവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لَيْسَ الْمِسْكِينُ بِالَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَاللُّقْمَتَانِ إِنَّمَا الْمِسْكِينُ الْمُتَعَفِّفُ اقْرَءُوا إِنْ شِئْتُمْ ‏{‏ لاَ يَسْأَلُونَ النَّاسَ إِلْحَافًا‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ‏}‏ ‏അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല.‏{‏ (ഖു൪ആന്‍ :2/273) ( മുസ്‌ലിം:1039)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ‏”‏ ‏.‏ قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല  മിസ്കീൻ’. അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് മിസ്കീൻ?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് മിസ്കീൻ’. (മുസ്‌ലിം:1039)

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ تَحِلُّ الصَّدَقَةُ لِغَنِيٍّ وَلاَ لِذِي مِرَّةٍ سَوِيٍّ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനികന്നാകട്ടെ, ശരിയായ ശരീരശേഷി (അദ്ധ്വാനിക്കുവാനുള്ള കഴിവ്‌) ഉള്ളവന്നാകട്ടെ, ഈ ധര്‍മം അനുവദനീയമാകുകയില്ല. (നസാഇ:2597)

عَنْ عُبَيْدِ اللَّهِ بْنِ عَدِيِّ بْنِ الْخِيَارِ، قَالَ أَخْبَرَنِي رَجُلاَنِ، أَنَّهُمَا أَتَيَا النَّبِيَّ صلى الله عليه وسلم فِي حَجَّةِ الْوَدَاعِ وَهُوَ يَقْسِمُ الصَّدَقَةَ فَسَأَلاَهُ مِنْهَا فَرَفَعَ فِينَا الْبَصَرَ وَخَفَضَهُ فَرَآنَا جَلْدَيْنِ فَقَالَ ‏ “‏ إِنْ شِئْتُمَا أَعْطَيْتُكُمَا وَلاَ حَظَّ فِيهَا لِغَنِيٍّ وَلاَ لِقَوِيٍّ مُكْتَسِبٍ ‏”‏ ‏.‏

ഉബൈദുല്ലാഹിബ്‌നു അദിയ്യ്‌ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: രണ്ടാളുകള്‍ എന്നോട്‌ ഇങ്ങിനെ പറഞ്ഞു: അവര്‍ രണ്ടുപേരും ധര്‍മത്തില്‍ നിന്ന്‌ വല്ലതും ചോദിച്ചുകൊണ്ട്‌ നബി ﷺ യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, നബി ﷺ അവരെ തിരിച്ചും മറിച്ചും നോക്കി. രണ്ടാളും ശരീരബലമുള്ളവരായി അവിടുന്ന്‌ കണ്ടു. എന്നിട്ട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഞാന്‍ നല്‍കാം. ധനികനാകട്ടെ, ജോലിയെടുക്കുവാന്‍ കഴിവുളളവനാകട്ടെ ഇതില്‍ ഓഹരിയില്ല.’ (അബൂദാവൂദ്: 1633-  സ്വഹീഹ് അൽബാനി)

3) الْعَامِلِين عَلَيْهَا (സകാത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍)

സകാത്ത് ശേഖരിക്കുന്നവർക്കും അത് വിതരണം ചെയ്യുന്നവർക്കും അതിനുവേണ്ടി ജോലി ചെയ്യുന്നവർക്കും സകാത്തിൽ അവകാശമുണ്ട്. അവർ ധനികരാണെങ്കിലും അവരുടെ ജോലിക്ക് സകാത്തിൽനിന്ന് ശമ്പളം പറ്റാവുന്നതാണ്. എന്നാർ ഇസ്‌ലാമിക രാജ്യം ഭരിക്കുന്ന ഭരണകർത്താക്കൾ ബൈതുൽ മാലിൽനിന്ന് അവർക്ക് വേറെ ശമ്പളം നൽകുന്നുവെങ്കിൽ സകാത്തിൽനിന്ന് യാതൊന്നും സ്വീകരിക്കാൻ പാടില്ല.

عَنِ ابْنِ السَّاعِدِيِّ، قَالَ اسْتَعْمَلَنِي عُمَرُ – رضى الله عنه – عَلَى الصَّدَقَةِ فَلَمَّا فَرَغْتُ مِنْهَا وَأَدَّيْتُهَا إِلَيْهِ أَمَرَ لِي بِعُمَالَةٍ فَقُلْتُ إِنَّمَا عَمِلْتُ لِلَّهِ وَأَجْرِي عَلَى اللَّهِ ‏.‏ قَالَ خُذْ مَا أُعْطِيتَ فَإِنِّي قَدْ عَمِلْتُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَعَمَّلَنِي فَقُلْتُ مِثْلَ قَوْلِكَ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا أُعْطِيتَ شَيْئًا مِنْ غَيْرِ أَنْ تَسْأَلَهُ فَكُلْ وَتَصَدَّقْ ‏”‏ ‏.‏

ഇബ്‌നുസ്സഅ്‌ദില്‍ മാലികീ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമര്‍ رَضِيَ اللَّهُ عَنْهُ എന്നെ സദക്വയുടെ കാര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ നിയമിച്ചു. പ്രവൃത്തികഴിഞ്ഞു അതെല്ലാം ഞാന്‍ അദ്ദേഹത്തിന്‍റെ വശം ഏല്‍പിച്ചു കൊടുത്തു. അപ്പോള്‍, അദ്ദേഹം എനിക്ക്‌ ഒരു പ്രതിഫലം നല്‍കുവാന്‍ കല്‍പിച്ചു. ഞാന്‍ പറഞ്ഞു: `ഞാന്‍ അല്ലാഹുവിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചതാണ്‌.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: `തനിക്ക്‌ നല്‍കപ്പെട്ടത്‌ താന്‍ സ്വീകരിച്ചുകൊള്ളുക. നബി ﷺ യുടെ കാലത്ത്‌ അവിടുന്ന്‌ എന്നെ ഒരു പ്രവര്‍ത്തകനാക്കുകയുണ്ടായി. എന്നിട്ട്‌ എനിക്ക്‌ പ്രവര്‍ത്തനത്തിന്‌ പ്രതിഫലം തന്നു. താന്‍ പറഞ്ഞതുപോലെ ഞാനും പറഞ്ഞു.’ അപ്പോള്‍, നബി ﷺ പറഞ്ഞു: `താന്‍ ചോദിച്ചാവശ്യപ്പെടാതെ തനിക്ക്‌ വല്ലതും നല്‍കപ്പെട്ടാല്‍, അത്‌ തിന്നുക (ഉപയോഗിക്കുക)യും, ധര്‍മ്മം കൊടുക്കുകയും ചെയ്‌തുകൊള്ളുക.’ (അബൂദാവൂദ്:1647 – സ്വഹീഹ് അൽബാനി)

4) وَالْمُؤَلَّفَةِ قُلُوبُهُمْ (ഹൃദയം ഇണക്കപ്പെട്ടവര്‍)

ഈ വകുപ്പില്‍ മൂന്ന് വിധം ആളുകള്‍ ഉള്‍പ്പെടുന്നു. ഒരു വിഭാഗം; ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു.

ഹുനൈനിലെ ഗനീമത്ത്‌ സ്വത്തുക്കളില്‍ നിന്ന്‌ സ്വഫ്‌വാനുബ്‌നു ഉമയ്യ رَضِيَ اللَّهُ عَنْهُ വിന് നബി ﷺ ഒരു വന്‍ തുക നല്‍കുകയുണ്ടായത്‌ ഇതിനൊരു ഉദാഹരണമാണ്‌. മക്കാ വിജയത്തെത്തുടര്‍ന്നു അനേകം ആളുകള്‍ വന്ന്‌ ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍, തന്‍റെ കാര്യത്തില്‍ ആലോചിക്കുവാന്‍ അല്‍പകാലം ഒഴിവു നല്‍കണമെന്ന്‌ നബി ﷺ യോട്‌ പറഞ്ഞ്‌ ഒഴിവായ ഒരു ക്വുറൈശീ പ്രമാണിയായിരുന്നു അദ്ദേഹം. മുശ്‌രിക്കായിക്കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്‌: ‘ഹുനൈനിന്‍റെ ദിവസം എനിക്ക്‌ റസൂല്‍ തരുവാന്‍ തുടങ്ങുമ്പോള്‍ അവിടുന്ന്‌ എനിക്ക്‌ ജനങ്ങളില്‍വെച്ച്‌ ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങിനെ, തന്നു തന്ന്‌ മനുഷ്യരില്‍വെച്ചു എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ആളായിത്തീര്‍ന്നു അവിടുന്ന്‌. അദ്ദേഹം പിന്നീട്‌ ഇസ്‌ലാമിനെ അംഗീകരിച്ച്‌ നല്ല നിലയിലായിത്തീരുകയും ചെയ്‌തു.

മറ്റൊരു വിഭാഗം: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്‌. ഇവര്‍ക്ക്‌ വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കുവാന്‍ ഇത്‌ സഹായകമായിരിക്കും.

മക്കാവിജയത്തില്‍ പുതുതായി വിശ്വസിച്ച പലര്‍ക്കും ഹുനൈനില്‍വെച്ചു വലിയ തുകകള്‍ നബി ﷺ നല്‍കുകയുണ്ടായി. ഇങ്ങിനെയുള്ളവരെ ഇസ്‌ലാമുമായി ഇണക്കുവാന്‍ വേണ്ടിയാണതെന്ന്‌ നബി ﷺ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. വിശ്വാസം സ്വീകരിച്ചത് കാരണത്താല്‍ മറ്റു മുസ്ലിമീങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് ഇവര്‍

മൂന്നാമതൊരു വിഭാഗം: മറ്റു ചിലരെ ഇസ്‌ലാമിലേക്ക്‌ ആകര്‍ഷിക്കുവാന്‍ കാരണമായിത്തീരുമെന്നോ, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ വല്ലവരില്‍ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാന്‍ ഉപകരിക്കുമെന്നോ കാണപ്പെടുന്നവര്‍. ഇവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

5) وَفِي الرِّقَابِ (അടിമകളുടെ വിഷയത്തില്‍)

സ്വന്തം യജമാനന്മാരുമായി മുകാതബ(ഞങ്ങൾ ഇത്ര സമയത്തിനുള്ളിൽ നിശ്ചിതമായ സംഖ്യ തരാം, ഞങ്ങളെ മോചിപ്പിക്കണമെന്നു പറഞ്ഞ് കരാറിൽ ഏർപ്പെടുന്നവർ) എഴുതുകയും എന്നിട്ട് അത് നിറവേറ്റാൻ കഴിയാത്തവരുമായ അടിമകൾ. അവർക്ക് അത് പൂർത്തീകരിക്കുവാനാവശ്യമായത് സകാത്തിൽനിന്നും നൽകാവുന്നതാണ്. അടിമകളെ വിലയ്ക്ക് വാങ്ങി സകാത്തിൽനിന്നുള്ള വിഹിതം കൊണ്ട് അവരെ മോചിപ്പിക്കലും അനുവദനീയമാണ്. ബന്ധികളായ മുസ്‌ലിംകളെ സകാത്തിന്റെ വിഹിതം കൊണ്ട് മോചിപ്പിക്കാം.

6) وَالْغَارِمِينَ (കടപ്പെട്ടവര്‍)

മറ്റുള്ളവര്‍ക്ക് കടം വീട്ടാനുണ്ടാവുകയും, എന്നാല്‍ വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കാണ് കടക്കാര്‍ എന്ന് പറയുക. അവർ രണ്ട് വിഭാഗം.

ഒന്ന്: മറ്റുള്ളവർക്ക് വേണ്ടി കടബാധ്യത ഏറ്റെടുത്തവർ, വ്യക്തികൾക്കിടയിലോ ഗോത്രങ്ങൾക്കിടയിലോ ഉള്ള വൈരം തീർത്ത് യോജിപ്പിലെത്താനായി ഒരു വ്യക്തി സ്വയം എറ്റെടുക്കുന്ന കടം. അത് ചിലപ്പോൾ വളരെ വലിയ നന്മയായിരിക്കും അനന്തരമായി നൽകുന്നത്. ആയതിനാൽ അങ്ങനെ യോജിപ്പിനുവേണ്ടി സ്വയം ഏറ്റെടുത്ത കടം വീട്ടാൻ കഴിയാത്തവരെയും സകാത്തിന്റെ വിഹിതം നൽകി സഹായിക്കാവുന്നതാണ്.

രണ്ട്: സ്വന്തം കടമുള്ളവർ: സ്വന്തത്തിന് വേണ്ടി കടം വാങ്ങിയിട്ട് അത് വീട്ടാൻ സാധിക്കാത്തവർക്കും സകാത്ത് നൽകാവുന്നതാണ്.

വ്യക്തിപരമോ, സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങിയോ, അന്യര്‍ക്കുവേണ്ടി ജാമ്യം ഏറ്റതുകൊണ്ടോ കടഭാരം താങ്ങേണ്ടി വരുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, തോന്നിയവാസങ്ങള്‍ക്കും, ദുര്‍ന്നടപ്പുകള്‍ക്കും വേണ്ടിയാണ്‌ കടപ്പെട്ടിരിക്കുന്നതെങ്കില്‍, അതില്‍ നിന്ന്‌ പശ്ചാത്തപിച്ചു മടങ്ങിയവര്‍ക്കേ നല്‍കാവൂ. അല്ലാത്തപക്ഷം അത്‌ ഇസ്‌ലാമിനെതിരെ സക്കാത്തിന്‍റെ ധനം ഉപയോഗിക്കലായിരിക്കുമല്ലോ.

عَنْ قَبِيصَةَ بْنِ، مُخَارِقٍ الْهِلاَلِيِّ قَالَ تَحَمَّلْتُ حَمَالَةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَسْأَلُهُ فِيهَا فَقَالَ ‏”‏ أَقِمْ حَتَّى تَأْتِيَنَا الصَّدَقَةُ فَنَأْمُرَ لَكَ بِهَا ‏”‏ ‏.‏ قَالَ ثُمَّ قَالَ ‏”‏ يَا قَبِيصَةُ إِنَّ الْمَسْأَلَةَ لاَ تَحِلُّ إِلاَّ لأَحَدِ ثَلاَثَةٍ رَجُلٍ تَحَمَّلَ حَمَالَةً فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَهَا ثُمَّ يُمْسِكُ وَرَجُلٍ أَصَابَتْهُ جَائِحَةٌ اجْتَاحَتْ مَالَهُ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – وَرَجُلٍ أَصَابَتْهُ فَاقَةٌ حَتَّى يَقُومَ ثَلاَثَةٌ مِنْ ذَوِي الْحِجَا مِنْ قَوْمِهِ لَقَدْ أَصَابَتْ فُلاَنًا فَاقَةٌ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – فَمَا سِوَاهُنَّ مِنَ الْمَسْأَلَةِ يَا قَبِيصَةُ سُحْتًا يَأْكُلُهَا صَاحِبُهَا سُحْتًا ‏”‏ ‏.‏

ക്വബീസ്വത്തുബ്‌നു മുഖാരിക്വ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  ഞാന്‍ ഒരു (കട) ഭാരം ഏറ്റെടുക്കുകയുണ്ടായി. ആ വിഷയത്തില്‍ (സഹായം) ചോദിച്ചു കൊണ്ട്‌ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, തിരുമേനി പറഞ്ഞു; `ക്ഷമിക്കൂ. നമുക്ക്‌ സദക്വകള്‍ (ധര്‍മത്തിനുള്ള സ്വത്തുക്കള്‍) വരട്ടെ, അപ്പോള്‍ നാം അതില്‍ നിന്നു നിനക്ക്‌ കല്‍പിക്കാം.’ പിന്നീട്‌ നബി ﷺ പറഞ്ഞു: `ക്വബീസ്വാ, മൂന്നിലൊരു കൂട്ടര്‍ക്കല്ലാതെ ചോദിച്ചു വാങ്ങല്‍ അനുവദനീയമല്ല. അതായത്‌; വല്ല ഭാരവും ഏറ്റെടുത്ത മനുഷ്യന്‍. അവന്‌ അത്‌ ലഭിക്കുന്നതു വരെ ചോദിക്കല്‍ അനുവദനീയമാണ്‌. പിന്നീടവന്‍ നിറുത്തണം. വല്ല അത്യാപത്തും വന്നു ധനം നഷ്‌ടപ്പെട്ടുപോയവനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്‌ ചോദ്യം അനുവദനീയമാകുന്നു. സ്വന്തക്കാരായ ആളുകളില്‍ നിന്ന്‌ ബുദ്ധിമാന്‍മാരായ ഒരു മൂന്നാളുകള്‍ എഴുന്നേറ്റു പറയത്തക്ക (ശരിവെക്കത്തക്ക) വിധം ഇല്ലായ്‌മ (ദാരിദ്ര്യം) ബാധിച്ച മനുഷ്യനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്നും ചോദിക്കാം. ഇതല്ലാതെയുള്ള ചോദ്യം- ക്വബീസ്വാ- നിഷിദ്ധമാകുന്നു. അത്‌ ചെയ്യുന്നവന്‍ അത്‌(ചോദിച്ചു വാങ്ങുന്നത്‌) നിഷിദ്ധമായിക്കൊണ്ടു തിന്നുകയായിരിക്കും.’ (മുസ്ലിം:1044)

7) وَ فيسَبِيلِ الَّله (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍)

ഇസ്‌ലാമിന്‌ വേണ്ടിയുള്ള ധര്‍മസമര സംബന്ധമായ കാര്യങ്ങളാണ്‌ ഈ വകുപ്പിലുള്ളത്. ശമ്പളക്കാരല്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിലകൊള്ളുന്ന സൈനികർക്ക് സകാത്തിൽനിന്ന് നൽകാം.

8) اِبْن السَّبِيلِ (വഴിപോക്കര്‍)

വിഭവങ്ങൾ നഷ്ടമായവരോ തീർന്നവരോ ആയ വഴിയാത്രക്കാർക്കും അവരുടെ ദേശങ്ങളിലേക്ക് എത്താനായത് സകാത്തിൽ നിന്ന് നൽകാവുന്നതാണ്.

സ്വന്തം നാട്ടില്‍ നിന്നു വല്ല ആവശ്യാര്‍ഥവും വിദേശത്തു വരുകയും നിത്യവൃത്തിക്കും അത്യാവശ്യങ്ങള്‍ക്കും വേണ്ടുന്ന വക കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന എല്ലാവരും -അവരുടെ സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ കഴിവുണ്ടെങ്കില്‍പോലും ഇതില്‍ ഉള്‍പ്പെടുന്നു. ന്യായമായ വല്ല ആവശ്യത്തിനും വേണ്ടി യാത്രപോകേണ്ടി വരുകയും ചിലവിനുള്ള വക ഇല്ലാതിരിക്കുകയും ചെയ്യുന്നവരും അതുപോലെതന്നെ.

വഴിയാത്രക്കാർ, കടമുള്ളവർ, അടിമകൾ, യുദ്ധം ചെയ്യുന്നവർ എന്നിവർ അവരുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരികയാണെങ്കിൽ അത് തിരികെ നൽകൽ നിർബന്ധമാകുന്നു. കാരണം അവർക്ക് ആവശ്യത്തിന് മാത്രമെ നൽകാവൂ, കൈവശപ്പെടുത്തുവാൻ പാടില്ല.

മേൽ വിവരിക്കാത്തവർക്ക് സകാത്തിന്റെ വിഹിതം നൽകുന്നതിന്റെ വിധി:

ആയത്തിൽ പരാമർശിക്കാത്തവർക്ക് സകാത്തിന്റെ വിഹിതം നൽകാൻ പാടില്ല. അത് പള്ളി, വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി നിർമാണം, ക്വുർആൻ വിതരണം, മയ്യിത്ത് മറമാടൽ പോലെയുള്ള നന്മയുടെയും പുണ്യത്തിന്റെ മാർഗത്തിലാണെങ്കിൽ പോലും. എന്നാൽ സ്വദഖകൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കും താൻ ഇഷ്ടപ്പെടുന്നവർക്കും നൽകാവുന്നതാണ്.

ചെലവിന് കൊടുക്കൽ നിർബന്ധമുള്ള ഭാര്യ, മക്കൾ, മാതാപിതാക്കൾ പോലെയുള്ള കുടുംബക്കാർക്കും സകാത്ത് കൊടുക്കാവുന്നതല്ല. കാരണം ഇവർ തന്റെ സമ്പത്തിൽ സംരക്ഷിക്കപ്പെടേണ്ടവരാണ്. അതുപോലെ ധനികനും അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും സകാത്ത് നൽകാവതല്ല.

ഉബൈദുല്ലാഹ് ഇബ്‌നു അദിയ്യ് ഇബ്‌നുൽ ഖായാർ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ധനികനും അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും അതിൽ(സകാത്തി) ഓഹരിയില്ല. (അബൂദാവൂദ്, നസാഇ, അഹ്‌മദ്. അൽബാനി സ്വഹീഹാണെന്ന് വിശേഷിപ്പിച്ച ഹദീസ്)

സകാത്ത് നൽകുന്ന വ്യക്തി സകാത്ത് വാങ്ങാൻ അർഹനായവന്നുതന്നെയാണ് ഞാൻ കൊടുക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൊടുക്കുന്ന സമയത്ത് അവൻ അർഹനാണെന്ന് വേണ്ട രൂപത്തിൽ ഉറപ്പ് വരുത്താതെ അർഹനാണെന്ന് വിചാരിച്ച് കൊടുത്തു, പിന്നെയാണ് അർഹനല്ലായെന്ന് മനസ്സിലായതെങ്കിൽ ആ സകാത്ത് ശരിയാവുകയില്ല. എന്നാൽ അത് അവൻ മനസ്സിലാക്കിയില്ല എങ്കിൽ ആ സകാത്ത് ശരിയാവുന്നതുമാണ്. സകാത്ത് കൊടുക്കുന്ന വ്യക്തി ഇത് സകാത്താണ് എന്ന് പറഞ്ഞ് കൊടുക്കണം. കാരണം ഒരുപക്ഷേ, വാങ്ങാൻ അർഹനല്ലാത്തവർക്കാണ് കൊടുക്കുന്നതെങ്കിൽ അവന് കാര്യം പറയാമല്ലോ. കാരണം തനിക്ക് അർഹിക്കാത്ത ധനം ഒരാൾ കൈപ്പറ്റിയാൽ അയാൾ അതിലൂടെ ഹറാമാണ് തിന്നുന്നത്. അത് നരകപ്രവേശനത്തിന് കാരണമാവുകയും ചെയ്‌തേക്കാം. സകാത്ത് സ്വീകരിക്കുന്നയാൾ അതിന് അർഹനല്ലായെങ്കിൽ ഞാൻ സകാത്തിനർഹനല്ലായെന്ന് പറയൽ നിർബന്ധമാണ്.

സകാത്ത്  ദരിദ്രരായ അമുസ്‌ലിംകൾക്ക് നൽകാൻ പറ്റുമോ?

അമുസ്‌ലിംകൾക്ക് സ്വദഖ (ഐച്ഛികമായ ദനധർമ്മങ്ങൾ) നൽകാം. അതിൽ പുണ്യവുമുണ്ട്. എന്നാൽ, സകാത്ത് (നിർബന്ധ ദാനം) അമുസ്‌ലിംകൾക്ക് നൽകാൻ പറ്റില്ല. സകാത്ത് മുസ്‌ലിംകളിലെ സമ്പന്നരിൽ നിന്നെടുത്ത് അവരിലെ ദരിദ്രർക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം:

فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ

അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. (ബുഖാരി:7372)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: സക്കാത്ത് കൊടുക്കേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നവർക്കാണ്. അല്ലാത്തവർക്ക് കൊടുക്കൽ അനിവാര്യമല്ല. കാരണം അല്ലാഹുവിനെ അനുസരിക്കുന്ന സത്യവിശ്വാസികൾക്ക് സഹായകമായിട്ടാണ് സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. നമസ്കരിക്കാത്ത ആവശ്യക്കാർക്ക്, അവർ പശ്ചാത്തപിച്ച് നമസ്കാരം നിലനിർത്തുന്നതുവരെ അവർക്ക് സക്കാത്ത് നൽകുവാൻ പാടില്ല.

പള്ളി നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനുമൊക്കെ സകാത്തിന്റെ പണം നൽകുന്നതിന്റെ വിധിയെന്താണ്?

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: അത് അനുവദനീയമല്ല. പള്ളി നിർമിക്കാനോ നന്നാക്കാനോ ഗ്രന്ഥങ്ങൾ അച്ചടിക്കാനോ ഒന്നും സകാത്തിന്റെ പണം ഉപയോഗിക്കാൻ പറ്റില്ല. സകാത്തിന്റെ അവകാശികളെ അല്ലാഹു നിർണയിച്ച് തന്നിട്ടുണ്ട്. അതിൽ എണ്ണിപ്പറഞ്ഞിട്ടുള്ള ‘ഫീ സബീലില്ലാഹ്’ എന്ന ഗണത്തിൽ ഉൾപെടുന്നത് അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദും അങ്ങനെ ജിഹാദ് ചെയ്യുന്ന ആളുകളുമാണ്. ഇക്കാര്യത്തിൽ സലഫുകളുടെ ഇജ്മാഅ് (ഏകാഭിപ്രായം) വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, ആ ‘ഫീ സബീലില്ലാഹ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉണ്ട് എന്നും ഒരു കൂട്ടം കർമശാസ്ത്രപണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, പള്ളി നിർമ്മിക്കുന്നതിനും ഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനുമൊക്കെ സകാത്തിന്റെ പണം ഉപയോഗിക്കാമെന്ന രീതിയിൽ പിൽക്കാലത്ത് വന്ന ഫത്‌വകൾ ശരിയല്ല. സകാത്തല്ലാത്ത ദാനധർമ്മങ്ങളും സമ്പത്തുമൊക്കെയാണ് പള്ളിക്ക് വേണ്ടി ചെലവഴിക്കേണ്ടത്. സകാത്താകട്ടെ, ക്വുർആനിലൂടെ അല്ലാഹു വിവരിച്ച അതിന്റെ അവകാശികൾക്കാണ് നൽകേണ്ടത്. (https://youtu.be/NZ_w8E4lTBI)

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:

الصواب أنه لا تنفق الزكاة للمساجد، الصواب عند جمهور أهل العلم أن الزكاة لا تصرف في المساجد، تصرف في الأصناف الثمانية التي بينها الله، في قوله :{ إِنَّمَا الصَّدَقَاتُ أي: الزكوات إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَاِبْنِ السَّبِيلِ [التوبة:60]} هذه مصارف الزكاة، ليس منها المساجد، والمدارس، لا، في سبيل الله الجهاد.

സകാത്തിന്റെ പണം പള്ളികൾക്ക് വേണ്ടി ചെലവഴിക്കാൻ പാടില്ല എന്നത് തന്നെയാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അടുക്കൽ ശരിയായ അഭിപ്രായം. അല്ലാഹു നിശ്ചയിച്ച വിഭാഗങ്ങൾക്കാണ് അത് നൽകേണ്ടത്. അല്ലാഹു പറയുന്നു: {നിശ്ചയമായും സകാത്ത്, ദരിദ്രന്‍മാര്‍ക്കും പാവപ്പെട്ടവര്‍ (അഥവാ സാധുക്കള്‍)ക്കും, അവക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ വിഷയത്തിലും, കടപ്പെട്ടവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴി(യാത്ര)ക്കാരനും തന്നെയാകുന്നു; (അതെ) അല്ലാഹുവില്‍ നിന്നുള്ള ഒരു (നിശ്ചിത) നിര്‍ബന്ധ നിയമം! അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (ക്വുർആൻ – 9:60)} ഈ മാർഗങ്ങളിലാണ് സകാത്ത് ചിലവഴിക്കേണ്ടത്. ഇവിടെ, അല്ലാഹു പള്ളികളും മദ്‌റസകളുമൊന്നും എണ്ണിയിട്ടില്ല.  ‘ഫീ സബീലില്ലാഹ്’ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ജിഹാദാണ്. (https://bit.ly/3naswmG)

അല്ലാഹുവിനെ അല്ലാതെ വിളിച്ചു തേടുന്ന ,അവനെ മുൻ നിർത്തി കൊണ്ടല്ലാതെ സത്യം ചെയ്യുന്ന, സ്വാലിഹീങ്ങളുടെ ക്വബ്‌ർ ത്വവാഫ്‌ ചെയ്യുകയും ,അവരെ കൊണ്ട്‌ നമുക്ക്‌ ഖൈറും ശർറും വരുത്തി തീർക്കാൻ പറ്റുമെന്നും വിശ്വസിക്കുന്ന ഒരു മുസ്‌ലിംമിന് സക്കാത്ത്‌ കൊടുക്കൽ അനുവദനീയമാണോ?

الشيخ ابن عثيمين رحمه الله: هذا الذي ذكر في السؤال مشرك كافر لايقبل الله منه صلاة ولا صيام ولا صدقة ولا غيرها، الذي يدعو غير الله مشرك ، والذي يعبد القبور مشرك، وهذا لا يعطى من الزكاة، بل يدعى إلى الإسلام ويُبين له التوحيد، فإن اعتنق التوحيد فهذا المطلوب وإلا فعلى ولي الأمر أن ينفذ فيه ما تقتضيه الشريعة، أما من حلف بغير الله فإنه يعطى من الزكاة، لأن الحلف بغير الله لا يخرج من الملة وإن كان شركاً، يعطى من الزكاة وينصح ويبين له أن الحلف بغير الله نوع من شرك، لعل الله أن يهديه، نعم

ശൈഖ്‌  ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ വ്യക്തി മുശ്‌രിക്കാണ്‌ ,കാഫിറാണ്‌. അല്ലാഹു അവനിൽ നിന്ന് നമസ്‌കാരമോ, നോമ്പോ, സ്വദഖയോ ഒന്നും തന്നെ സ്വീകരിക്കുകയില്ല.. അല്ലാഹുവിനെയല്ലാതെ വിളിച്ച്‌ തേടുന്ന ഒരു വ്യക്തി മുശ്‌രിക്കാണ്‌. ഖബ്ർ ആരാധന നടത്തുന്ന ഒരു വ്യക്തിയും മുശ്‌രിക്കാണ്‌. അയാൾക്ക്‌ സക്കാത്തിൽ നിന്ന് കൊടുക്കാൻ പാടുള്ളതല്ല. മറിച്ച്‌,അയാളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. തൗഹീദ്‌ വിശദീകരിച്ച്‌ കൊടുക്കുക.അയാൾ തൗഹീദ്‌ സ്വീകരിക്കുകയാണെങ്കിൽ അതാണ്‌ അയാൾക്ക്‌ അനിവാര്യമായത്‌. അവൻ സ്വീകരിച്ചില്ലായെങ്കിൽ,അവന്റെ മേൽ ശറഇയായ വിധി നടപ്പിലാക്കുക എന്നത്‌ ഊലുൽ അംറിന്റെ (ഭരണാധികാരി) ബാധ്യതയാണ്.

അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം,അയാൾ സക്കാത്തിന്‌ അർഹനാണ്‌. കാരണം അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നത്‌ ശിർക്കാണെങ്കിലും അയാൾ ഇസ്ലാമിന്റെ പരിധിയിൽ നിന്ന് പുറത്ത്‌ പോവുകയില്ല..അയാൾ സക്കാത്തിന്‌ അർഹനാണ്‌. അയാളെ ഉപദേശിക്കുക, അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യുന്നത്‌ ശിർക്കിൽ പെട്ടതാണെന്ന് വിശദീകരിച്ച്‌ കൊടുക്കുകയും ചെയ്യുക. അല്ലാഹുവാണ്‌ ഹിദായത്ത് നൽകുന്നവൻ.

സകാത്ത് സെൽ

ഇസ്‌ലാമിക ഭരണകൂടമില്ലാത്ത രാജ്യങ്ങളിൽ സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സകാത്തുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾ കൃത്യമായി പ്രമാണബന്ധമായി പഠിച്ച പണ്ഡിതരുടെ നേതൃത്വത്തിൽ പൊതുസംവിധാനം ഉണ്ടാക്കാവുന്നതാണ്. ഈ സംവിധാനം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ സകാത്തിന്റെ ഗൗരവവും അതിന്റെ പ്രാധാന്യവും അത് ഒരു വിശ്വാസിയുടെ ഇസ്‌ലാം പൂർണമാവുന്ന അർകാനുൽ ഇസ്‌ലാമിൽ പെട്ടതാണെന്നും ബോധ്യപ്പെടുത്തണം. വിശ്വാസികളിൽനിന്ന് സകാത്ത് സ്വീകരിക്കുകയും, ക്വുർആൻ പഠിപ്പിച്ച എട്ട് വിഭാഗം ആളുകൾക്ക് അത് വിതരണം ചെയ്യുകയും ചെയ്യുകയെന്നത് ഈ സംവിധാനത്തിലെ ഉത്തരവാദിത്തമുള്ളവരുടെ ബാധ്യതയാണ്.

സകാത്ത് വാങ്ങാൻ അർഹരായവരെ കണ്ടെത്തലും അവരെപ്പറ്റി കൃത്യമായി അന്വേഷിക്കലും, അവർക്ക് കൃത്യമായ രൂപത്തിൽ വിതരണം ചെയ്യലും ഈ സംവിധാനത്തിന്റെ നിർബന്ധ ബാധ്യതയാണ്. ഇതിൽ ഒരുതരത്തിലും വീഴ്ച വരുത്താൻ പാടില്ല. ഒരാൾ സകാത്ത് വേണ്ടപ്പെട്ട സംവിധാനത്തിന് കൈമാറുന്നത് അയാൾക്ക് സകാത്ത് നിർബന്ധമായതിന് ശേഷമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സംവിധാനത്തിലെ ഉത്തരവാദിത്തമുള്ളവർ സകാത്ത് ദാതാവിൽനിന്ന് സകാത്ത് സ്വീകരിച്ച് അധിക സമയം കൈവശം വെക്കാതെ അതിന്റെ അവകാശികളെ കണ്ടെത്തി വിതരണം നടത്തണം. അവകാശികളെ കണ്ടെത്താനുള്ള സമയംമാത്രമെ കൈവശം വെക്കാവൂ എന്നത് ഇങ്ങനെയുള്ള സംവിധാനത്തിന്റെ ഉത്തരവാദിത്തമുള്ളവർ മനസ്സിലാക്കണം.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *