യൂനുസ് عليه السلام യുടെ മഹത്തായ പ്രാര്‍ത്ഥന

യൂനുസ് നബി عليه السلام തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിശുദ്ധ ക്വുര്‍ആൻ വിവരിക്കുന്നുണ്ട്:

وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ ‎﴿١٣٩﴾‏ إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ ‎﴿١٤٠﴾‏ فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ ‎﴿١٤١﴾‏ فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ ‎﴿١٤٢﴾

യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി. അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. (ഖുർആൻ:37/139-142)

وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (ഖുർആൻ:21/87)

അല്ലാഹുവിന്റെ അനുവാദം കിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം അത് അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു.

മത്സ്യത്തിന്റെ വയറ്റിൽ നിന്ന് അദ്ധേഹം രക്ഷപെടാൻ കാരണം അദ്ധേഹത്തിന്റെ പ്രാര്‍ത്ഥനയായിരുന്നു. അക്കാര്യം വിശുദ്ധ ഖുര്‍ആൻ പറയുന്നത് കാണുക:

فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ ‎﴿١٤٣﴾‏ لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ ‎﴿١٤٤﴾

എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍. ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു. (ഖുർആൻ:37/143-144)

അദ്ദേഹം മുമ്പ് ധാരാളം ആരാധനകൾ ചെയ്തിരുന്നു. അല്ലാഹുവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്തു. മത്സ്യത്തിന്റെ വയറ്റിലായപ്പോഴും അദ്ദേഹം പറഞ്ഞു: {നീയല്ലാതെ ആരാധ്യനില്ല. നീ മഹാപരിശുദ്ധൻ. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു. (21/87)} (തഫ്സീറുസ്സഅ്ദി)

വിശുദ്ധ ഖുര്‍ആൻ 21/87 ൽ പരാമര്‍ശിച്ച യൂനുസ് നബി عليه السلام യുടെ പ്രസ്തുത പ്രാര്‍ത്ഥന ശ്രദ്ധിക്കുക:

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു.

യൂനുസ് عليه السلام മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് അല്ലാഹുവിനോട് നടത്തിയ ഈ പ്രാര്‍ഥന നാം ഓരോരുത്തരും മനഃപാഠമാക്കേണ്ടതുണ്ട്. കാരണം, നമുക്ക് വല്ല ആവശ്യവും നേരിടുന്ന വേളയില്‍ അല്ലാഹുവിനോട് ആ പ്രാര്‍ഥന നടത്തിയാല്‍ അതിന് ഉത്തരം നല്‍കപ്പെടുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്.

عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ ‏.‏ فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ ‏”‏ ‏.‏

സഅദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞു: യൂനുസ് عليه السلام മത്സ്യത്തിന്റെ വയറ്റില്‍ ആയിരിക്കെ പ്രാര്‍ഥിച്ച പ്രാര്‍ഥന:{(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു}. നിശ്ചയമായും ഒരു മുസ്‌ലിമായ ആള്‍ ഏതൊരു കാര്യത്തില്‍ ഇത് കൊണ്ട് പ്രാര്‍ഥിക്കുന്നുവോ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കില്ല. (തിര്‍മിദി:3505, സ്വഹീഹുല്‍ തര്‍ഗീബ്:1644)

ഇബ്‌നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ദുനിയാവിലെ കഷ്ടതകൾ തൗഹീദ് കൊണ്ട് തടുക്കപ്പെടുന്നത് പോലെ മറ്റൊന്നു കൊണ്ടും തടുക്കപ്പെടുകയില്ല, അതുകൊണ്ടാണ് കഷ്ടതകളിൽ ചൊല്ലേണ്ട ദുആ തൗഹീദിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്നതായത്. അതുകൊണ്ട് തന്നെയാണ് പ്രയാസങ്ങളിൽ അകപ്പെട്ടവൻ പ്രാർത്ഥിച്ചാൽ അതുമൂലം അല്ലാഹു അവന്റെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്ന ദുന്നൂനിന്റെ ദുആ തൗഹീദിന്റെ വചനങ്ങൾ നിറഞ്ഞ് നിൽക്കുന്നതായത്. ഒരാളെ പ്രയാസങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കാകുന്നു, അതിൽ നിന്നും തൗഹീദല്ലാതെ മറ്റൊന്നും അവനെ രക്ഷപ്പെടുത്തുകയില്ല; അതാകുന്നു അവന്റെ സംരക്ഷണവും സ്ഥായിയായ പരിഹാരവും. (അല്‍ ഫവാഇദ് )

അല്ലാഹു യൂനുസ് عليه السلام ന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ പറയുന്നു:

فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (ഖുർആൻ:21/88)

{وكذلك ننجي المؤمنين} أي : إذا كانوا في الشدائد ودعونا منيبين إلينا ، ولا سيما إذا دعوا بهذا الدعاء في حال البلاء ،

{സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു} അതായത് : അവർ (സത്യവിശ്വാസികൾ) എന്തെങ്കിലും പ്രയാസങ്ങളിൽ അകപ്പെടുകയും എന്നിട്ട് താഴ്‍മയുളളവരായി അല്ലാഹുവിലേക്ക് ദുആ ചെയ്ത് മടങ്ങുകയും ചെയ്താൽ, പ്രത്യേകിച്ച് പരീക്ഷണ ഘട്ടങ്ങളിൽ ഈ പറയപ്പെട്ട ദുആ കൊണ്ട് പ്രാർത്ഥിച്ചാൽ (അവരെ നാം രക്ഷിക്കും). (ഇബ്നുകസീര്‍)

യൂനുസ് عليه السلام യുടെ മഹത്തായ ഈ പ്രാര്‍ത്ഥന മൂന്ന് കാര്യങ്ങൾ ഉൾക്കൊളളുന്നതാണ്. ഒന്നാമത്തേത്, لاَ إِلَهَ إِلاَّ الله എന്ന ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യമാകുന്നു.

രണ്ടാമത്തേത്, അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തലാണ് (سُبحان الله). ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്, അവന്‍ ഉന്നതനാണെന്ന് പ്രഖ്യാപിക്കലാണ്. അതോടൊപ്പം എല്ലാ പോരായ്മകളില്‍ നിന്നും, സൃഷ്ടികള്‍ അവന്റെമേല്‍ ജല്‍പ്പിച്ച് വെച്ചിട്ടുള്ള അവന് അനുയോജ്യമല്ലാത്ത എല്ലാത്തില്‍ നിന്നും അല്ലാഹു മുക്തനാണെന്ന് പ്രഖ്യാപിക്കലുമാണ്.

മൂന്നാമത്തേത്, തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് പൊറുക്കലിനെ തേടലാണ്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *