മക്കയിലെ മുശ്‌രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും തൗഹീദിലേക്ക് ക്ഷണിക്കുവാന്‍ നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥ സൂറ : യാസീനിൽ 13-32 ആയത്തുകളിൽ വിവരിക്കുന്നുണ്ട്. അവരുടെ നിഷേധത്തിന്റെ ഫലമായി അല്ലാഹു അവരെ നശിപ്പിച്ചു. ഈ രാജ്യക്കാര്‍ ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. അതറിയേണ്ടത് അനിവാര്യമായതല്ല, പ്രത്യുത ഈ സംഭവത്തിലെ പാഠങ്ങൾ അറിയുകയും ഉൾക്കൊള്ളുകയുമാണ് വേണ്ടത്. പ്രസ്തുത ചരിത്രത്തിലൂടെ ….
وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ
ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം. (ഖു൪ആന്‍ :36/13)
മുഹമ്മദ് നബി ﷺ യുടെ രിസാലത്ത് അംഗീകരിക്കാത്ത സത്യനിഷേധികൾക്ക് മുമ്പ് കഴിഞ്ഞുപോയ ഈ സംഭവം വിവരിച്ചു കൊടുക്കാൻ അല്ലാഹു കൽപ്പി്ക്കുന്നു. അതായത് ഒരു ഗ്രാമക്കാർ, അവർ അവരിലേക്കു വന്ന പ്രവാചകന്മാരെ നിഷേധിച്ചപ്പോൾ അവർക്ക് വന്ന ശിക്ഷയെക്കുറിച്ച് വിവരിച്ചു കൊടുക്കുക. അല്ലാഹു അവർക്ക് നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്കതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളാനും സദുപദേശം സ്വീകരിക്കാനുമായേക്കാം.
അല്ലാഹുവിനെ മാത്രം ആരാധിക്കാനും ആരാധനകൾ അവനിൽ മാത്രം അർപ്പിക്കാനും അവനോട് പങ്കുചേർക്കുന്നതിനെയും പാപങ്ങളെയും വിലക്കാനും വേണ്ടി ദൈവദൂതന്മാർ അവിടെ ചെന്ന സന്ദർഭം. അല്ലാഹു പറയുന്നു:
إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ
അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു. (ഖു൪ആന്‍ :36/13)
ആദ്യം അല്ലാഹു ആ രാജ്യക്കാരിലേക്കു രണ്ടുപേരെ ദൂതന്മാരായി അയച്ചു. അവര്‍ അവരെ വ്യാജമാക്കി നിഷേധിച്ചപ്പോള്‍ മൂന്നാമതായി മറ്റൊരാളെയും അല്ലാഹു നിയോഗിച്ചു. അങ്ങനെ അവർ മൂന്ന് ദൂതന്മാരായി. ‘ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻമാരാണ്’ എന്നവര്‍ ജനങ്ങളോട് പറഞ്ഞു. പക്ഷേ, ജനങ്ങള്‍ നിഷേധത്തില്‍ തന്നെ ഉറച്ചുനിന്നു. പ്രവാചകന്മാർ പ്രബോധനം നടത്തുമ്പോഴെല്ലാം ജനങ്ങൾ പ്രതികരിച്ചത് പോലെതന്നെ ഇവരും പ്രതികരിച്ചു.
قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ
അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്. (ഖു൪ആന്‍ :36/15)
‘നിങ്ങൾക്ക് ഞങ്ങളെക്കാളുള്ള ശ്രേഷ്ഠത എന്താണ് ?’ എന്ന ചോദ്യത്തിന് പ്രവാചകൻമാർ തങ്ങളുടെ ജനങ്ങളോട് പറയുന്നത് :
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ
അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. (ഖു൪ആന്‍ :14/11)
ദൈവികസന്ദേശത്തെതന്നെ അവർ നിഷേധിച്ചു. ‘പരമകാരുണികൻ യാതൊന്നും അവതരിപ്പിച്ചിട്ടില്ല’ എന്നതിൽ നിന്ന് അത് വ്യക്തം. പ്രവാചകൻമാരോട് ‘നിങ്ങൾ കളവ് പറയുകതന്നെയാണ്’ എന്നുവരെ അവര്‍ പറഞ്ഞു. ഈ മൂന്ന് ദൂതന്മാരും പറഞ്ഞു:
قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ ﴿١٦﴾ وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴿١٧﴾
അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്. വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല. (ഖു൪ആന്‍ :36/16-17)
ഞങ്ങൾ കള്ളം പറയുകയായിരുന്നെങ്കിൽ അല്ലാഹു ഞങ്ങൾക്ക് അപമാനം വരുത്തുകയും ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. വ്യക്തമായ പ്രബോധനമാണ് ഞങ്ങളുടെ ജോലി. അത് ഞങ്ങൾ നിർവഹിക്കും. നിങ്ങൾക്കത് വിശദീകരിച്ച് തന്നു. നിങ്ങൾ നേർവഴിയിൽ ആയാൽ അത് നിങ്ങളുടെ ഭാഗ്യമാണ്. നിങ്ങൾ വഴിതെറ്റിയാലോ അതിൽ ഞങ്ങൾക്കൊരു ബന്ധവുമില്ല. എന്നാൽ സത്യനിഷേധികളുടെ സാധാരണ പതിവുപോലെ, ഈ രാജ്യക്കാരും ഭീഷണി പുറപ്പെടുവിക്കുകയാണുണ്ടായത്:
قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ
അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍ :36/18)
അതായത്; നിങ്ങൾ ഞങ്ങളിലേക്ക് വന്നതും ഞങ്ങളെ ബന്ധപ്പെട്ടതും ദുശ്ശകുനമായി (ദോഷമായി) മാത്രമാണ് ഞങ്ങൾ കാണുന്നത്. പ്രവാചകന്മാരുടെ പ്രബോധനത്തെ ധിക്കരിച്ച മുന്‍സമുദായങ്ങളിലും കാണാവുന്ന ഒന്നാണ് ഈ ദുശ്ശകുനവാദം. ഫിര്‍ഔനിന്റെ ആള്‍ക്കാരെപ്പറ്റി അല്ലാഹു പറയുന്നു:
فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُوا۟ لَنَا هَٰذِهِۦ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا۟ بِمُوسَىٰ وَمَن مَّعَهُۥٓ ۗ أَلَآ إِنَّمَا طَٰٓئِرُهُمْ عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. ഖു൪ആന്‍ :7/131)
ഇതുപോലെ, സ്വാലിഹ് നബി عليه السلام യുടെ ജനത അദ്ദേഹത്തെയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ദുശ്ശകുനക്കാരാക്കിയതു സൂറത്തുന്നംലു്: 47ലും പ്രസ്താവിച്ചിട്ടുണ്ട്.
ഇവരുടെ കാര്യം വിചിത്രമാണ്. അല്ലാഹു തന്റെ അടിമകൾക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹവും മഹത്തായ ആദരവും കൊണ്ടുവന്നവർ, അതാവട്ടെ അവർക്ക് ഏറ്റവും അത്യാവശ്യമുള്ളതും. എന്നിട്ട് അതിനെ ഏറ്റവും വലിയ തിന്മയായി കണക്കാക്കുന്നു. അതിനക്കാളെല്ലാം വഷളായ കാര്യം അവരതിനെ ദുശ്ശകുനമായി കാണുകയും ചെയ്തു എന്നതാണ്. ഇത് പരാജയവും നിർഭാഗ്യവുമാണ്. ഒരാൾക്ക് ശത്രു വരുന്നതിനെക്കാൾ ഏറ്റവും വലിയ ഉപദ്രവം അയാൾ സ്വയം വരുത്തുന്നു. മാത്രമല്ല, അവർ പ്രവാചകരെ ഭീഷണിപ്പെടുത്തുന്നു. അതായത്, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന്. പ്രവാചകന്മാർ അവരോട് പറയുന്നത് കാണുക:
قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു. (ഖു൪ആന്‍ :36/19)
അതായത്: നിങ്ങള്‍ക്കു വല്ല ദുശ്ശകുനവും ഉണ്ടെങ്കില്‍ അതു നിങ്ങളുടെ ദോഷംകൊണ്ടുതന്നെയാണ്. നിങ്ങളുടെ ദുര്‍ന്നടപ്പാണതിനു കാരണം. ഞങ്ങള്‍ നിങ്ങളെ തൗഹീദിലേക്കും സന്‍മാര്‍ഗ്ഗത്തിലേക്കും ക്ഷണിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ഇതൊരിക്കലും ശകുനപ്പിഴക്കു കാരണമല്ല. നിങ്ങള്‍ ഞങ്ങളുടെ ഉപദേശം സ്വീകരിക്കുന്നില്ലെന്നുമാത്രമല്ല, ഞങ്ങളെ ധിക്കരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ അതിരുകവിച്ചലാണ് നിങ്ങള്‍ക്കു ദുശ്ശകുനമായിത്തീരുന്നതു എന്നു നിങ്ങള്‍ മനസ്സിലാക്കണം. അവർക്കുണ്ടായിരുന്ന ബഹുദൈവവിശ്വാസവും തിന്മയും അവരെ ദുരന്തങ്ങളിലേക്കും ശിക്ഷകളിലേക്കും നയിക്കുകയും അനുഗ്രഹങ്ങൾ അവരിൽനിന്ന് എടുക്കപ്പെടാൻ കാരണമാവുകയും ചെയ്തു.
തന്റെ ആളുകൾ പ്രവാചകൻമാരോട് പ്രതികരിച്ചത് കേട്ടപ്പോൾ അവരെ ഉപദേശിക്കാൻ ആഗ്രഹിച്ചുകൊണ്ട് പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരാൾ ഓടിവന്നു. പ്രവാചകൻമാരെ പിന്തുടരാൻ അദ്ദേഹം അവരോട് കൽപിച്ചു. അവർ സത്യാവാന്മാരാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അതാണ് തുടര്‍ന്ന് പറയുന്നത്:
وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ ﴿٢٠﴾ ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴿٢١﴾
പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്ന് പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍. നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക. (ഖു൪ആന്‍ :36/20-21)
ഈ മനുഷ്യനെപ്പറ്റി കൂടുതല്‍ വിവരമൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. വിഷയം മനസ്സിലാക്കുവാന്‍ അതാവശ്യവുമില്ല. സത്യവിശ്വാസിയും, ഗുണകാംക്ഷിയുമായ ഒരു സല്‍പുരുഷനായിരുന്നു അദ്ദേഹമെന്നു വ്യക്തമാണ്. ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു അപരിചിതനായിരുന്നു അദ്ദേഹം എന്നത്രെ ഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ച വാചകം കാണുമ്പോള്‍ മനസ്സിലാകുന്നത്. അപരിചിതനായ ഒരാളുടെ ഉപദേശം – അയാള്‍ ഒരു കക്ഷിതാല്‍പര്യക്കാരനാണെന്നോ മറ്റോ പറഞ്ഞു – വേഗമങ്ങു പുറം തള്ളുന്നതു യുക്തമല്ലല്ലോ.
നിങ്ങളെ ഉപദേശിക്കുന്ന ദൂതന്മാര്‍, അവരുടെ ഉപദേശം വഴി നിങ്ങളുടെ സമ്പത്തോ ഉപദേശനിർദേശങ്ങൾക്ക് പ്രതിഫലമോ അവർ ഉദ്ദേശിച്ചില്ല, ഈ ഗുണങ്ങളുള്ളവരെ പിൻപറ്റേണ്ടതുണ്ട് എന്നാണ് ആ മനുഷ്യന്‍ ജനങ്ങളെ ആദ്യം പറഞ്ഞു മനസ്സിലാക്കുന്നത്. മാത്രമല്ല, അവർ സന്മാർഗം പ്രാപിച്ചവരാണ്. ശരിയായ ബുദ്ധി സാക്ഷ്യം വഹിക്കുന്ന നന്മയിലേക്കാണ് അവർ ക്ഷണിക്കുന്നത്. ശരിയായ ബുദ്ധി തെറ്റായി കാണാത്തതിനെ അവർ വിരോധിക്കുന്നുമില്ല.
അദ്ദേഹത്തിന്റെ ഉപദേശം അവർ സ്വീകരിച്ചില്ല. അല്ലാഹുവിനെ മാത്രം ആരാധിച്ചതിനും പ്രവാചകന്മാരെ പിൻപറ്റിയതിനും അവർ അദ്ദേഹത്തെ ആക്ഷേപിക്കുകയും ശത്രുത കാണിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം സംസാരഗതി മാറ്റുകയും, തന്നെത്തന്നെ സംസാരവിഷയമാക്കുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു:
وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ
ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം? (ഖു൪ആന്‍ :36/22)
ആരാധനക്ക് യഥാർത്ഥത്തിൽ അർഹനായവനെ ആരാധിക്കാതിരിക്കാൻ എനിക്കെന്ത് ന്യായം? കാരണം, അവനാണ് എന്നെ സൃഷ്ടിച്ചത്, എനിക്ക് ഉപജീവനം നൽകിയത്. അവനിലേക്കാണ് എല്ലാ സൃഷ്ടികളുടെയും മടക്കം. അപ്പോൾ അവൻ അവർക്ക് പ്രതിഫലം നൽകും. ആരുടെ കയ്യിലാണോ സൃഷ്ടിപ്പിന്റെയും ഉപജീവനം നൽകുന്നതിന്റെയും അധികാരം, ഇഹത്തിലും പരത്തിലും തന്റെ ദാസന്മാർക്കിടയിൽ വിധിക്കാനുള്ള അധികാരവും അവനുതന്നെയാണ്. ആരാധിക്കപ്പെടാൻ അർഹതയുള്ളവനും അവന്നാണ്. പുകഴ്ത്തപ്പെടാനും മഹത്ത്വപ്പെടുത്താനും അവകാശി അവൻ മാത്രമാണ്. അവനല്ലാതെ മറ്റാരും ഉപകാരത്തെയും ഉപദ്രവത്തെയും ഉടമപ്പെടുത്തുന്നില്ല. നൽകാനും തടയാനും മരിപ്പിക്കാനും ജീവിപ്പിക്കാനും ഉയിർത്തെഴുന്നേൽപിക്കാനും മറ്റാർക്കുമാവില്ല.
ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّى شَفَٰعَتُهُمْ شَيْـًٔا وَلَا يُنقِذُونِ ﴿٢٣﴾ إِنِّىٓ إِذًا لَّفِى ضَلَٰلٍ مُّبِينٍ ﴿٢٤﴾
അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും. (ഖു൪ആന്‍ :36/23-24)
അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെയടുക്കൽ ഒരാളും ശുപാർശ ചെയ്യില്ല. അവരുടെ ശുപാർശ എനിക്കൊരു പ്രയോജനവും ചെയ്യില്ല. അല്ലാഹു എനിക്ക് തരാൻ ഉദ്ദേശിക്കുന്ന ഉപദ്രവത്തിൽനിന്ന് അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല. അല്ലാഹു അല്ലാത്തവരെ ഞാൻ ആരാധിച്ചാൽ ഞാൻ വ്യക്തമായ ദുർമാർഗത്തിലായിരിക്കും.
സത്യവിശ്വാസിയായ ഈ വ്യക്തിയുടെ വാക്കുകളിൽ അദ്ദേഹത്തിന്റെ ഉപദേശവും ദൂതന്മാരുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തലും അല്ലാഹുവിനെ മാത്രം ആരാധിക്കണം, മറ്റുള്ളവയെ ആരാധിക്കുന്നത് തെറ്റാണെന്നുമെല്ലാം ഉൾക്കൊള്ളിച്ചു. അതിനുള്ള തെളിവുകളും കൊണ്ടുവന്നു. കൊന്നുകളയുമെന്ന ഭയമുണ്ടായിട്ടുകൂടി തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ
തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുക. (ഖു൪ആന്‍ :36/25)
അദ്ദേഹം അവരോട് പറഞ്ഞത് കേട്ടപ്പോൾ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഈ അവസ്ഥയിൽ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അയാളോട് പറയപ്പെട്ടു. അതിനെ കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്:
قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَٰلَيْتَ قَوْمِى يَعْلَمُونَ ﴿٢٦﴾ بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ ﴿٢٧﴾
സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി. (ഖു൪ആന്‍ :36/26-27)
അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചതിനും അവനോട് ആത്മാർത്ഥത കാണിച്ചതിനും തന്റെ ജനതയോട് ഗുണകാംക്ഷ കാണിച്ചതിനും അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ ആദരണീയസ്ഥാനം ലഭിച്ചു. തന്റെ ജനത സത്യം സ്വീകരിക്കുകയും, സദുപദേശം ചെവിക്കൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍ ഇതുപോലെയുള്ള മഹാഭാഗ്യം അവര്‍ക്കും കൈവരുമായിരുന്നുവല്ലോ എന്നു അദ്ദേഹം ആശിച്ചു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ശരിയായ അറിവ് അവരുടെ ഹൃദയങ്ങളിൽ എത്തിയാൽ അവർ അല്ലാഹുവിന് പങ്കാളികളെ ആക്കുന്നതിൽ നിലകൊള്ളുമായിരുന്നില്ല. എന്നാൽ അവരാകട്ടെ, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു പാത്രമാകുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ജനതക്കുള്ള ശിക്ഷയെക്കുറിച്ച് അല്ലാഹു പറയുന്നു:
وَمَآ أَنزَلْنَا عَلَىٰ قَوْمِهِۦ مِنۢ بَعْدِهِۦ مِن جُندٍ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ
അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്‍റെ ജനതയുടെ നേരെ ആകാശത്ത് നിന്ന് സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല. (ഖു൪ആന്‍ :36/28)
ദൂതന്മാരെ ധിക്കരിക്കുകയും, ഉപദേഷ്ടാവിനെ അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ആ ജനതയെ അല്ലാഹു വമ്പിച്ച ശിക്ഷമൂലം നശിപ്പിച്ചു. അതിനായി ആകാശത്തുനിന്നു ഒരു പട്ടാളത്തെ അയക്കുകയുണ്ടായില്ല, അതിന്റെ ആവശ്യവുമില്ല, അങ്ങിനെ അല്ലാഹുവിന്നു പതിവുമില്ല. അല്ലാഹുവിന്റെ ശക്തി അത്രമേൽ ഉയർന്നതും മനുഷ്യന്റെ ബലഹീനത അത്രയധികവുമാണ്. അവർ നശിക്കാൻ ദൈവികശിക്ഷയുടെ ചെറിയ ഒരു സ്പർശം മതിയാകും. ഒരൊറ്റ ഘോരശബ്ദംമാത്രം ഉണ്ടായി. അതോടെ ആ ജനതയുടെ കഥ കഴിഞ്ഞു!
إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ خَٰمِدُونَ
അത് ഒരൊറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു. (ഖു൪ആന്‍ :36/29)
ഈ നിഷേധികൾ അവരുടെ നിഷേധത്തിൽ ഖേദിക്കുമെന്നാണ്. അതാണ് അല്ലാഹു പറയുന്നത്:
يَٰحَسْرَةً عَلَى ٱلْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല. (ഖു൪ആന്‍ :36/30)
ഇത്രയും വമ്പിച്ച ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വന്നതു ദൈവദൂതന്മാരെയും, ദിവ്യദൗത്യത്തെയും പരിഹസിക്കല്‍ അവര്‍ ഒരു പതിവാക്കിത്തീര്‍ത്തതു കൊണ്ടായിരുന്നു. മുമ്പ് കഴിഞ്ഞുപോയ നിഷേധികളും അല്ലാഹു നശിപ്പിച്ചവരും ശിക്ഷിച്ചവരുമായ തലമുറകളിൽനിന്ന് മുഹമ്മദ് നബി ﷺ യുടെ രിസാലത്ത് അംഗീകരിക്കാത്ത സത്യനിഷേധികൾ പാഠം പഠിച്ചില്ലേ? എന്ന് ചോദിച്ചുകൊണ്ടാണ് ഈ സംഭവം അല്ലാഹു അവസാനിപ്പിക്കുന്നത്.
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ ﴿٣١﴾ وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٣٢﴾
അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ? തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍ :36/31-32)
അവരെല്ലാവരും നശിച്ചുപോയി. അവർ ഒരിക്കലും ഇനി ഈ ലോകത്തേക്ക് മടങ്ങിവന്നില്ല. മടങ്ങിവരികയുമില്ല. അല്ലാഹു അവരെ പുനർനിർമിക്കുകയും മരണശേഷം അവരെ ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും. അവർ അവന്റെ മുമ്പിൽ പ്രത്യേക്ഷപ്പെടും. അങ്ങനെ അവൻ അവർക്കിടയിൽ ന്യായവിധി നടത്തും.
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍ :4/40)
മുമ്പ് നശിച്ചുപോയവരാരെങ്കിലും മടങ്ങിവന്ന് മരണശേഷം യാതൊന്നും സംഭവിക്കുവാനില്ലെന്നു ഇവര്‍ക്കു പറഞ്ഞുകൊടുക്കുന്നുണ്ടെങ്കില്‍, ഇവര്‍ക്കു മരണാനന്തര കാര്യങ്ങളെ നിഷേധിക്കാമായിരുന്നു. പക്ഷേ, ആരും മടങ്ങി വരുന്നില്ല, വരുകയുമില്ല. ഒന്നടങ്കം അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുകയും, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആരും ഒഴിവില്ല.
അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍
kanzululoom.com