ഒരു സത്യവിശ്വാസിയില്‍ തീരെ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ദു൪ഗുണമാണ് ധൂ൪ത്ത്. എല്ലാ ഇനങ്ങളിലുള്ള ധൂര്‍ത്തിനെയും ഇസ്ലാം ആക്ഷേപിക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)
وَلَا تُبَذِّرْ تَبْذِيرًا – إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا
നീ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:17/26-27)
മുസ്ലിം സമുദായത്തിലെ നല്ലൊരു വിഭാഗം ധൂര്‍ത്ത് കാണിക്കുന്നവരാണെങ്കിലും, അല്ലാഹുവിലുള്ള വിശ്വാസം യഥാവിധി ഉള്‍ക്കൊണ്ടിട്ടുള്ള, ഇസ്ലാമിനെ ഗൌരവത്തോടെ സമീപിച്ചിട്ടുള്ള സത്യവിശ്വാസികള്‍ പൊതുവേ ധൂര്‍ത്ത് കാണിക്കാത്തവരാണ്. എന്നാല്‍ ഈ സത്യവിശ്വാസികളില്‍ ഭൂരിഭാഗവും ശ്രദ്ധിക്കാതെ അവഗണിക്കുന്ന ധൂ൪ത്തിന്റെ ഒരു മേഖലയാണ് വുളൂഅ് ചെയ്യുന്നതിനായി വെള്ളം ഉപയോഗിക്കുമ്പോഴുള്ള ധൂര്‍ത്ത്.
മുന്‍ കാലങ്ങളിലൊക്കെ വുളൂഅ് ചെയ്യുന്നതിന് പള്ളികളില്‍ ഹൌള് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പള്ളികളിലൊക്കെ വുളൂഅ് ചെയ്യുന്നതിന് ധാരാളം ടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആളുകളൊക്കെ വുളൂഅ് ചെയ്യുന്നതിനായി ടാപ്പുകള്‍ ഉപയോഗിക്കുന്നു. അതിനായി ടാപ്പ് തുറക്കുമ്പോള്‍ വെള്ളം ശക്തിയായി പുറത്തേക്ക് വരുന്നു. വുളൂഅ് ചെയ്യുന്ന ഏകദേശം രണ്ട് മിനിട്ട് കൊണ്ട് ഒന്നോ രണ്ടോ ബക്കറ്റ് വെള്ളമാണ് പുറത്തേക്ക് വരുന്നത്. പലരും ഇതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. വുളൂഅ് ചെയ്യുന്നതിനിടയില്‍ സംസാരിക്കുന്നവരുണ്ട്. അപ്പോഴും ടാപ്പില്‍ നിന്ന് വെള്ളം പൊയ്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ ഇക്കാര്യം വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ ഓ൪മ്മിപ്പിക്കുന്നു.
ഒന്നാമതായി, സൃഷ്ടികളില്‍ ശ്രേഷ്ടനും അല്ലാഹുവിന് പൂര്‍ണ്ണമായും ഇബാദത്ത് ചെയ്ത വ്യക്തിയുമായ നബി ﷺ ഒരു മുദ്ദ് വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്തിരുന്നത്.
عَنْ أَنَسًا قَالَ: كَانَ النَّبِيُّ صلى الله عليه وسلم يَغْسِلُ ـ أَوْ كَانَ يَغْتَسِلُ ـ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ، وَيَتَوَضَّأُ بِالْمُدِّ.
അനസ്(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഒരു സാഅ് മുതൽ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യുകയും ചെയ്‌തിരുന്നു. (ബുഖാരി: 201)
ഒരു ‘മുദ്ദ്’ എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ (വളരെ വലിയ കൈയ്യോ, വളരെ ചെറുതോ അല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈ) നിറയെയാണ്. നാല് മുദ്ദ് ചേരുന്നതാണ് ഒരു സാഅ്.
രണ്ടാമതായി, വുളൂഇല്‍ അമിതമായി വെള്ളം ഉപയോഗിക്കുന്നത് ധൂര്‍ത്താണ്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ : مَا هَذَا السَّرَفُ يَا سَعْدُ ؟ قَالَ : أَفِي الْوُضُوءِ سَرَفٌ ؟ قَالَ : نَعَمْ ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ
അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്(റ) വില്‍ നിന്ന് നിവേദനം: സഅദ്(റ) വുളൂഅ് ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി ﷺ ചോദിച്ചു. ‘ഇതെന്ത് ദുര്‍വ്യയമാണ് സഅദേ’? അദ്ദേഹം തിരിച്ചുചോദിച്ചു: ‘വുളുവിലും അമിതവ്യയമുണ്ടോ?’നബി ﷺ പറഞ്ഞു: ‘ഉണ്ട്, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.'(അഹ്മദ്)
വുളൂഇല്‍, തലയും ചെവിയും ഒഴികെയുള്ള അവയവങ്ങള്‍ ഒരു പ്രാവശ്യം കഴുകല്‍ നി൪ബന്ധവും രണ്ടും മൂന്നും പ്രാവശ്യം കഴുകല്‍ സുന്നത്തുമാണ്. എന്നാല്‍ ഇത് മൂന്നില്‍ അധികമാകാന്‍ പാടില്ല.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ـ صلى الله عليه وسلم ـ فَسَأَلَهُ عَنِ الْوُضُوءِ فَأَرَاهُ ثَلاَثًا ثَلاَثًا ثُمَّ قَالَ : هَذَا الْوُضُوءُ فَمَنْ زَادَ عَلَى هَذَا فَقَدْ أَسَاءَ وَتَعَدَّى أَوْ ظَلَمَ .
അംറ് ബ്നു ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാവില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു : ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നിട്ട്, വുളൂഇനെ കുറിച്ച് ചോദിച്ചു. നബി ﷺ അദ്ദേഹത്തിന് മൂന്ന് തവണ (അവയവങ്ങള്‍ കഴുകി) അത് കാണിച്ചു കൊടുത്തു. ശേഷം പറഞ്ഞു : ഇതാണ് വുളൂഅ്. ആരെങ്കിലും ഇതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ തിന്‍മ ചെയ്തു, അതിരു വിട്ടു, ആക്രമിച്ചു. (ഇബ്നുമാജ:1/457)
വുളൂഅ് ചെയ്യാന്‍ ടാപ്പ് ഉപയോഗിക്കുന്നതിനാലോ മനസ്സിന് സംതൃപ്തി വരാത്തതിനാലോ ചിലരിലെങ്കിലും അവയവങ്ങള്‍ മൂന്നിലധികം പ്രാവശ്യം കഴുകുന്നത് കാണാം. ഇത് സുന്നത്തിനെതിരും വെള്ളം പാഴാക്കലുമാണ്.
عَنْ عَبْدَ اللَّهِ بْنَ مُغَفَّلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ قَوْمٌ يَعْتَدُونَ فِي الطُّهُورِ وَالدُّعَاءِ
അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ ശുചീകരണത്തിലും പ്രാര്‍ത്ഥനയിലും അതിക്രമിക്കന്നവരുണ്ടാകും. (അബൂദാവൂദ്:96- സ്വഹീഹ് അൽബാനി)
മൂന്നാമതായി, ഏതെങ്കിലും പാത്രത്തില്‍ വെള്ളമെടുത്ത് വുളൂഅ് ചെയ്യല്‍, വെള്ളം മിതമായി ഉപയോഗുക്കുന്നതിന് സഹായകരമാണ്. വീടുകളില്‍ വെച്ച് വുളൂഅ് ചെയ്യുമ്പോഴെല്ലാം അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. ഇനി ടാപ്പിലെ വെള്ളം ഉപയോഗിച്ച് വുളൂഅ് ചെയ്യുകയാണെങ്കില്‍ ചെറിയ അളവില്‍ വെള്ളം വരുന്ന രീതിയില്‍ ടാപ്പ് തുറക്കുക. സമയം അധികരിപ്പിക്കാതെ എത്രയും വേഗം വുളൂഅ് പൂ൪ത്തിയാക്കുക.
ശൈഖ് ഇബ്നു ഉസൈമീൻ رَحِمَهُ اللَّه പറഞ്ഞു : വുളൂഅ് എടുക്കുന്ന വേളയിൽ ഓരോ അവയവത്തിനും ധാരാളം വെള്ളം കോരി ഒഴിക്കുക എന്നത് പാടില്ലാത്തതാണ്. ആവശ്യത്തിന് മാത്രമാണ് വെള്ളം എടുക്കേണ്ടത്. അല്ലെങ്കിൽ അത് വെള്ളം ദുർവ്യയം ചെയ്യലാകും. ഇതാ ചില ആളുകൾ അവർ വുളൂഅ് എടുക്കാൻ ഒരുങ്ങിയാൽ പൈപ്പ് മുഴുവനായി തുറന്നു ഒരുപാട് വെള്ളം കളഞ്ഞുകൊണ്ടാണ് അവർ വുളൂഅ് എടുക്കുന്നത്! യഥാർത്ഥത്തിൽ അവർക്കത് അടക്കാൻ സാധിക്കുന്നതാണ്. അതിനാൽ ഞെക്കിയാൽ വെള്ളം വരുകയും കൈ എടുത്താൽ വെള്ളം നിൽക്കുകയും ചെയ്യുന്ന രീതിയിലുള്ള പൈപ്പുകൾ ആളുകൾ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്. അതിലൂടെ നമുക്ക് ഒരുപാട് വെള്ളം ലാഭിക്കാൻ പറ്റും. ഒരുപക്ഷെ ഇങ്ങനെ (തുറക്കുകയും അടക്കുകയും) ചെയ്യുന്നതിൽ ആളുകൾക്ക് പ്രയാസം ഉണ്ടായേക്കാം. പക്ഷെ ധാരാളം വെള്ളം നമുക്ക് ലാഭിക്കാം എന്നത് വസ്തുതയാണ്. (ശർഹു ഉംദത്തിൽ അഹ്കാം)
kanzululoom.com