എഴുത്തും വായനയും

മനുഷ്യന് അറിവ് ലഭിക്കുവാനുള്ള രണ്ട് പ്രധാന മാര്‍ഗങ്ങളാണ് എഴുത്തും വായനയും . ഇവ രണ്ടും അല്ലാഹു നല്‍കിയ രണ്ട് പ്രത്യേക അനുഗ്രഹങ്ങളാണ്.

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ‎﴿١﴾‏ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ‎﴿٢﴾‏ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ‎﴿٣﴾‏ ٱلَّذِى عَلَّمَ بِٱلْقَلَمِ ‎﴿٤﴾‏ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ‎﴿٥﴾‏

സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (ഖുര്‍ആൻ:96/1-5)

വിശുദ്ധ ക്വുര്‍ആനിലെ അധ്യായങ്ങളില്‍ നബി ﷺ ക്ക് ആദ്യമായി അവതരിച്ച അധ്യായമാണിത്. പ്രവാചകത്വത്തിന്റെ തുടക്കത്തിലാണ് ഇതിന്റെ അവതരണം. വിശ്വാസത്തെക്കുറിച്ചോ വേദഗ്രന്ഥത്തെക്കുറിച്ചോ യാതൊന്നും അറിയാത്ത സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ عليه السلام പ്രവാചകത്വം കൊണ്ടുവരികയും വായിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ വായന അറിയില്ലെന്ന് പറഞ്ഞ് വായിക്കാതിരുന്നു. ഞാന്‍ വായിക്കുന്നവനല്ലെന്ന് പറയുകയും ചെയ്തു. നബി ﷺ വായിക്കുന്നതുവരെ ജിബ്‌രീല്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ അല്ലാഹു ഇറക്കി: {സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക} എല്ലാ സൃഷ്ടിപ്പും ഇതിലുള്‍ക്കൊള്ളുന്നു. (തഫ്സീറുസ്സഅ്ദി)

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും മനുഷ്യനെ അല്ലാഹു പുറത്തെടുക്കുന്നത് യാതൊന്നും അറിയാത്തവനായിട്ടാണ്. അങ്ങനെ കാതും കണ്ണും ഹൃദയവും നല്‍കി വിജ്ഞാനത്തിന്റെ വഴികള്‍ അവന് സൗകര്യപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് ക്വുര്‍ആനും ഹിക്മത്തും അവനെ പഠിപ്പിക്കുകയും ചെയ്തു. ബാധ്യതകളെ നിര്‍ണയിക്കുകയും വിജ്ഞാനങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പേന കൊണ്ടും അവനെ പഠിപ്പിച്ചു. പേന മനുഷ്യരിലേക്കുള്ള ഒരു ദൂതനായിത്തീരുകയും പ്രവാചകന്മാര്‍ക്ക് പകരം അവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

മനുഷ്യന് അറിവ് സമ്പാദിക്കുവാന്‍ മാര്‍ഗങ്ങള്‍ പലതും അല്ലാഹു നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവയില്‍ മുഖ്യമായ ഒന്നെത്രേ എഴുത്തും വായനയും ശീലിക്കുവാനുള്ള ഉപകരണമാകുന്ന പേന. വേദഗ്രന്ഥത്തില്‍ ഒന്നാമതായി അവതരിച്ച ദിവ്യസന്ദേശത്തില്‍ വേദഗ്രന്ഥം വായിക്കുവാന്‍ കല്‍പിക്കുന്നതോടൊപ്പം തന്നെ പേനയുടെ കാര്യം എടുത്തുപറഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍, എഴുത്തിനും വായനക്കും സത്യവിശ്വാസികള്‍ എത്രമാത്രം വില കല്‍പിക്കേണ്ടതുണ്ടെന്നും അനുമാനിക്കാമല്ലോ. ഖത്താദഃ رحمه الله യില്‍ നിന്ന് നിവേദനം ചെയ്യപെട്ട ഒരു ചെറുവാക്യത്തില്‍ പേനയുടെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: പേന അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹമാണ്. അതില്ലായിരുന്നു എങ്കില്‍ ഒരു മതവും നിലനില്‍ക്കയില്ല; ഒരു ജീവിതവും നന്നായി തീരുകയുമില്ല. മതദൃഷ്ട്യാ നോക്കുമ്പോള്‍, എഴുത്തും വായനയും അഭ്യസിക്കുന്നതിന് ഇസ്ലാമിനോളം സ്ഥാനം കല്‍പിക്കുന്ന മറ്റൊരു മതം ഇല്ലെന്ന് തീര്‍ച്ചയാണ്. (അമാനി തഫ്സീര്‍)

അതിനിസ്സാരമായ അവസ്ഥയില്‍നിന്ന് സൃഷ്ടിച്ച മനുഷ്യനെ, സൃഷ്ടികളുടെ വിശിഷ്ടഗുണമായ അറിവിന്റെ വാഹകനാക്കി തീര്‍ത്തത് അല്ലാഹുവിന്റെ അങ്ങേയറ്റത്തെ അനുഗ്രഹമാകുന്നു. ഈ അറിവിനെ പ്രചരിപ്പിക്കാനും വളര്‍ത്താനും, തലമുറകളിലൂടെ കൈമാറി സംരക്ഷിച്ചു നിലനിര്‍ത്താനുമുള്ള ഉപാധിയായ, പേന ഉപയോഗിച്ച് എഴുതുക എന്നതും അല്ലാഹു നിശ്ചയിച്ചു. വിശുദ്ധ ക്വുര്‍ആനിൽ ആദ്യം അവതീർണമായ ഈ അഞ്ച് വചനങ്ങളിൽ വായന, പേന, അറിവ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിജ്ഞാനം ശേഖരിക്കപ്പെടുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും യഥാര്‍ഥത്തില്‍ എഴുത്തിലൂടെയും വായനയിലൂടെയുമാണ്. എഴുതിയാലേ വായിക്കാനാവൂ. വായിച്ചാലേ അനുഭവത്തിനപ്പുറമുള്ള അറിവ് നേടാനാകൂ.

മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് വായനയെ സംബന്ധിച്ചും എഴുത്തിനെ സംബന്ധിച്ചും അല്ലാഹു സൂചിപ്പിച്ചത് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനായിത്തീരുന്നത് എഴുത്തും വായനയും ഉണ്ടാകുമ്പോഴാണ് എന്ന കാര്യം നമ്മെ ബോധ്യപ്പെടുത്താനാണ്. വിശുദ്ധ ഖുർആനിലെ ഒരു അധ്യായത്തിന്റെ പേര് തന്നെ ‘പേന’ (സൂറ:ഖലം) എന്നാണ്.  പ്രസ്തുത സൂറത്ത് ആരംഭിക്കുന്നത് തന്നെ പേനയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞുകൊണ്ടാണ്. അതില്‍ നിന്നും നമുക്ക് എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.

نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ ‎﴿١﴾

നൂന്‍- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം. (ഖുര്‍ആൻ:68/1)

വിവിധ തരം വിജ്ഞാനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന, സര്‍വ എഴുത്തുപകരണങ്ങളെയും പൊതുവായി ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗനാമമാണ് ഇവിടെ قلم(പേന) എന്നത്. ഗദ്യങ്ങളും പദ്യങ്ങളും രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നു. ഇവിടെ പേന രേഖപ്പെടുത്തുന്നതാവട്ടെ, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായ അവന്റെ വിവിധ വചനങ്ങള്‍. അവ സത്യം ചെയ്ത് പറയാന്‍ അര്‍ഹമായവയാണ്;. (തഫ്സീറുസ്സഅ്ദി)

പേനകൊണ്ടും, പേന ഉപയോഗിച്ച് എഴുതി രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ – അല്ലെങ്കില്‍ ലിഖിതങ്ങള്‍ – കൊണ്ടും സത്യം ചെയ്തുകൊണ്ടാണ് അല്ലാഹു മുശ്‌രിക്കുകളെ ഖണ്ഡിച്ചത്. പേനക്കും എഴുത്തിനും അല്ലാഹു കല്‍പിച്ചിട്ടുള്ള പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നു. നബി ﷺ തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ക്വുര്‍ആന്‍ വാക്യങ്ങളില്‍തന്നെ علم بالقلم (അവന്‍ പേനകൊണ്ട് പഠിപ്പിച്ചു) എന്ന് പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്ന ഏതു വസ്തുവെകൊണ്ടും അവന് സത്യം ചെയ്യാവുന്നതാണ്. എങ്കിലും, സത്യത്തിനായി അവൻ ഉപയോഗിച്ച വസ്തുക്കളെപ്പറ്റി പരിശോധിക്കുമ്പോള്‍, അവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതും ചിന്തക്ക് വിഷയമാകേണ്ടതുമായിരിക്കും. ‘പേന’ (القلم) കൊണ്ട് ഇവിടെ ഉദ്ദേശ്യം, മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ ഉപയോഗിക്കുന്ന പേനയാണ് – അഥവാ നമ്മുടെ പേനയുടെ സ്ഥാനത്ത് അവര്‍ ഉപയോഗിക്കുന്ന ഉപകരണം ഏതോ അതാണ്‌ – എന്നും അവര്‍ ‘എഴുതുന്നത്‌’ (ما يسطرون) എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം മലക്കുകള്‍ രേഖപ്പെടുത്തുന്ന കര്‍മങ്ങളാണ് എന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, നാം ആദ്യം സൂചിപ്പിച്ചതു പോലെ മനുഷ്യര്‍ എഴുതുവാന്‍ ഉപയോഗിക്കുന്ന പേനകളും അവര്‍ എഴുതുന്ന ലിഖിതങ്ങളുമാണ് ഉദ്ദേശ്യം എന്നുള്ള അഭിപ്രായമാണ് കൂടുതല്‍ വ്യക്തവും യുക്തവുമായിക്കാണുന്നത്. الله اعلم (അമാനി തഫ്സീര്‍)

അല്ലാഹുവിന്റെ സൃഷ്ടികളിലെ ആദ്യ സൃഷ്ടിയും പേനയാണ്. തുടര്‍ന്ന് അല്ലാഹു ആ പേനയോട് ആവശ്യപ്പെട്ടതാകട്ടെ എഴുതാനായിരുന്നു.

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

അത് കൊണ്ട് തന്നെ ലോകത്തു ആദ്യം നടന്ന പ്രവര്‍ത്തി എഴുത്തായിരുന്നു എന്ന് പറയാം. എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ് ഈ തെളിവുകള്‍.

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ بَغْيَۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ‎

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകൽപ്പിക്കുവാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്ത മായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. (ഖുര്‍ആന്‍: 2/213)

അല്ലാഹു മനുഷ്യർക്ക് പ്രവാചകന്മാരിലൂടെ വേദഗ്രന്ഥം അവതരിപ്പിച്ചു എന്നത് തന്നെ എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ്. എന്നാല്‍ മുഹമ്മദ് നബി ﷺ നിരക്ഷരനായിരുന്നു. അതിനൊരു കാരണമുണ്ട്; പ്രവാചകന് എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ ക്വുര്‍ആന്‍ അദ്ദേഹം എവിടെനിന്നോ കേട്ട് എഴുതിയതാണ് എന്ന് ആളുകള്‍ സംശയിച്ചേനെ.അല്ലാഹു പറയുന്നു:

وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ

ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു. (ഖുര്‍ആന്‍: 29/48)

എന്നാല്‍ അതേ പ്രവാചകന്‍ ﷺ തന്നെ മറ്റുള്ളവരെ എഴുത്തും വായനയും പഠിക്കാന്‍ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിക്ക് നല്‍കിയ വലിയ പാഠങ്ങളില്‍ ഒന്ന് സൃഷ്ടിച്ച അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുകയും അത്യുദാരനായ അവന്റെ നാമത്തില്‍ എഴുതുകയും ചെയ്യുക എന്നതാണ്. അങ്ങനെ എഴുത്തിലൂടെയും വായനയിലൂടെയും യഥാര്‍ഥ മനുഷ്യരായി നാം മാറുക.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *