ഈ ലോകവ്യവസ്ഥയുടെ പിന്നിലുള്ള മൗലികതത്വം

അല്ലാഹു പറയുന്നു:

وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ ‎﴿١٩﴾‏ وَجَعَلْنَا لَكُمْ فِيهَا مَعَٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ ‎﴿٢٠﴾

ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതില്‍ നാം ഉറച്ചു നില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതില്‍ നാം തൂക്കം (അഥവാ നിശ്ചിതമായ തോതു വ്യവസ്ഥ) ചെയ്യപ്പെട്ട എല്ലാ വസ്തുക്കളില്‍ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കു നാം പല ജീവിതോപാധികളെയും ഏര്‍പ്പെടുത്തിയിരിക്കുന്നു;- (നിങ്ങള്‍ക്കുമാത്രമല്ല) നിങ്ങള്‍ ആഹാരം നല്‍കുന്നവരല്ലാത്തവര്‍ക്കും. (ഖുർആൻ:15/19-20)

എല്ലാ മനുഷ്യർക്കും ജീവിക്കാനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ഉപാധികളും വിവിധതരം ഉപജീവനമാര്‍ഗ്ഗങ്ങളും ഭൂമിയില്‍ അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമുക്ക് മാത്രമല്ല, നാം ആഹാരം നല്‍കി വരുന്നവരോ, നമുക്ക് ആഹാരം കൊടുക്കുവാന്‍ കഴിയാത്തവരോ ആയ മനുഷ്യര്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയ എണ്ണമറ്റ വസ്തുക്കള്‍ക്കും വേണ്ടതായ ജീവിതോപാധികള്‍ ഭൂമിയില്‍ അവന്‍ ഏര്‍പ്പെടുത്തിവെച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍:-

وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ

ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കള്‍ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയപ്പെട്ട (നിശ്ചിത) തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല. (ഖുർആൻ:15/21)

ഈ ലോകവ്യവസ്ഥയുടെ പിന്നിലുള്ള മൗലികതത്വം ഉള്‍ക്കൊള്ളുന്ന ഒരു വചനമാണിത്. شَيْء (വസ്തു അല്ലെങ്കില്‍ വസ്തുത) എന്നു പറയപ്പെടാവുന്ന എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം നിക്ഷേപവും ഭണ്ഡാരവും അല്ലാഹുവിങ്കലാണുള്ളത്. അവ മുഴുവനും അവന്റെ അധീനത്തിലും നിയന്ത്രണത്തിലുമാണ്. എങ്ങിനെ അല്ലാതിരിക്കും?

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖുർആൻ:36/82)

وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (ഖുർആൻ:2/117)

പക്ഷെ, ഒരു നിശ്ചിത തോതും വ്യവസ്ഥയും അനുസരിച്ചു മാത്രമേ അവയെ അല്ലാഹു പുറത്തിറക്കുകയും വിതരണം ചെയ്യുകയും പതിവുള്ളു. ഓരോന്നിന്റെയും സന്ദര്‍ഭം, ആവശ്യം, അളവു ആദിയായവയെല്ലാം അവന്നറിയാവുന്നതുമാകുന്നു. അഥവാ അവനേ അറിയാവൂ. അനുഭവം, അന്വേഷണം, പരീക്ഷണം, നിരീക്ഷണം എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ അവയിലടങ്ങിയ വളരെ ചുരുക്കം രഹസ്യങ്ങള്‍ ചിലപ്പോള്‍ മനുഷ്യര്‍ക്കു അറിയുവാന്‍ കഴിഞ്ഞെന്നു വരുമെന്നു മാത്രം. അല്ലാഹു പറഞ്ഞതുപോലെ:

وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. (ഖുർആൻ:17/85)

ചില വസ്തുക്കള്‍ ധാരാളക്കണക്കിലും, ചിലത് അല്‍പാല്‍പമായും, ചിലത് ചില കാലങ്ങളിലും ദേശങ്ങളിലും, മറ്റു ചിലത് എല്ലാ ഇടത്തും എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ വ്യവസ്ഥയനുസരിച്ചാകുന്നു. ഒരു ചെറിയ ഉദാഹരണം നോക്കുക: ഇന്ന് മനുഷ്യ ലോകത്തിന് ഭക്ഷണവും, വെള്ളവും കണക്കെ ഒരത്യാവശ്യവസ്തുവാണു വിദ്യുച്ഛക്തി. അതില്ലാതെ നിമിഷങ്ങള്‍ പോലും കഴിച്ചു കൂട്ടുവാന്‍ കഴിയാതായിരിക്കുന്നു. ഈ വിദ്യുച്ഛക്തി മുമ്പും ഈ ലോകത്തു സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷേ, അതിന്റെ അറിവും ആവശ്യവും ഉപയോഗവുമെല്ലാം അടുത്ത കാലങ്ങളിലാണ് മനുഷ്യര്‍ക്കുണ്ടായത്. വിദ്യുച്ഛക്തിയുമായി ബന്ധപ്പെടേണ്ടുന്ന ഒരു ജീവിതരീതി അതുവരെ മനുഷര്‍ക്കുണ്ടായിരുന്നില്ല. അക്കാലത്ത് അതിനെപ്പറ്റി അറിവുണ്ടായാല്‍ തന്നെയും അതിനെ ചൂഷണം ചെയ്തു ഇന്നത്തെപ്പോലെ ഉപയോഗപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങളും അജ്ഞാതമായിരുന്നു. അങ്ങനെ, ആവശ്യവും സന്ദര്‍ഭവും വന്നപ്പോള്‍ അല്ലാഹു അതിനെ പുറത്തിറക്കുകയും, അതിന്റെ പ്രയോജനവും ലഭ്യതയും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍!

പ്രകൃതി രഹസ്യങ്ങളെപ്പറ്റി പുതിയ അറിവുകള്‍ ലഭിക്കുംതോറും, പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുവാനുള്ള കഴിവ് വര്‍ദ്ധിക്കുംതോറും അല്ലാഹു നിശ്ചയിച്ച പ്രകൃതി വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കും. രണ്ട് കണ്ണും അടച്ചുകൊണ്ടു ഈ ലോകത്തിനൊരു സ്രഷ്ടാവിനെ കാണുന്നില്ലെന്നും, ഇതു എങ്ങിനെയോ സ്വയമേവ രൂപം കൊണ്ടതായിരിക്കുമെന്നും വിഭാവനം ചെയ്യുകയും, ഈ വിഭാവനത്തെ യഥാര്‍ത്ഥമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അതില്‍നിന്നു പാഠമൊന്നും ലഭിക്കാതിരിക്കുകയുള്ളു.

എല്ലാ വസ്തുക്കളെയും കുറിച്ച് نُنَزِّلُهُ (നാം അതിനെ ഇറക്കുന്നു) എന്നു പറഞ്ഞതിന്റെ താല്‍പര്യം അവയൊക്കെ മുകള്‍ഭാഗത്തു നിന്നു മഴ വര്‍ഷിപ്പിക്കും പോലെ കീഴ്പോട്ടു ഇറക്കുന്നുവെന്നല്ല. അവയെ ഉല്‍പാദിപ്പിക്കുകയും രംഗത്തു കൊണ്ടുവരുകയും ചെയ്യുന്നുവെന്നാകുന്നു. അതോടുകൂടി ആ പ്രയോഗത്തില്‍ മറ്റു ചില യഥാര്‍ത്ഥ്യങ്ങള്‍ കൂടി സൂചിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം അല്ലാഹുവിന്റെ കല്‍പനയും പ്രവൃത്തിയും അനുസരിച്ചാണു ഉണ്ടായിത്തീരുന്നത്. ഭൗമികമായ കാര്യങ്ങളില്‍ മലക്കുകളുടെ കൈക്കും ചില പ്രവര്‍ത്തനങ്ങള്‍ നടമാടുന്നുണ്ട്. എന്നിങ്ങനെയുള്ള സൂചനകള്‍ അതില്‍ അടങ്ങിയിരിക്കുന്നു. മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞ വാക്കില്‍ നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നതാണ്.

يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ

അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌. (ഖുർആൻ:32/5)

അപ്പോള്‍ അല്ലാഹു ഇറക്കുന്നുവെന്ന പ്രയോഗം കേവലം ഒരു അലങ്കാര പ്രയോഗം മാത്രമല്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. എല്ലാ വസ്തുക്കളുടെയും നിക്ഷേപം അല്ലാഹുവിങ്കലാണെന്നും, ഒരു നിശ്ചിത തോതനുസരിച്ചു അവന്‍ അവയെ ഇറക്കിക്കൊണ്ടിരിക്കുകയാണെന്നും മനസ്സിലാക്കാം.

 

അവലംബം: അമാനി തഫ്സീർ

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *