അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)
عن عليٍّ في قولِه { قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا } قال : علِّموا أهليكُم خيرًا.
ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’.
അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.
അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.
ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ”ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്” (അഹ്കാമുന്നിസാഅ്).
ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.
അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ”സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു.” (ബുഖാരി)
ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.”
عَنْ أُمِّ سَلَمَةَ ـ رضى الله عنها ـ قَالَتْ جَاءَتْ أُمُّ سُلَيْمٍ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لاَ يَسْتَحِي مِنَ الْحَقِّ، فَهَلْ عَلَى الْمَرْأَةِ غُسْلٌ إِذَا احْتَلَمَتْ فَقَالَ “ نَعَمْ إِذَا رَأَتِ الْمَاءَ ”.
ഉമ്മുസലമയില്‍ (റ) നിന്ന് നിവേദനം: ഉമ്മുസുലൈം(റ) അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കല്‍ വന്ന് ചോദിച്ചു; അല്ലാഹുവിന്റെ റസൂലേ, അല്ലാഹു സത്യത്തിന്റെ കാര്യത്തിൽ ലജ്ജിക്കാത്തവനാണല്ലോ, സ്ത്രീക്ക് സ്വപ്നസ്ഖലനം സംഭവിച്ചാൽ അവൾ കുളിക്കേണ്ടതുണ്ടോ? നബി ﷺ പറഞ്ഞു:അതെ, അവൾ ഇന്ദ്രിയം കണ്ടാൽ (കുളിക്കണം). (ബുഖാരി:6121)
قَالَتْ عَائِشَةُ نِعْمَ النِّسَاءُ نِسَاءُ الْأَنْصَارِ لَمْ يَمْنَعْهُنَّ الْحَيَاءُ أَنْ يَتَفَقَّهْنَ فِي الدِّينِ
ആയിശ(റ) പറഞ്ഞു : അന്‍സ്വാരി സ്ത്രീകള്‍ എത്ര നല്ലവരാണ്, ദീന്‍ പഠിക്കുന്ന കാര്യത്തില്‍ ലജ്ജ അവരെ തടയുകയില്ല. (ബുഖാരി)
قال عمر رضي الله عنه : علموا نساءكم سورة النور.
ഉമർ رضي الله عنه പറഞ്ഞു : നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ സൂറത്തു ന്നൂർ പഠിപ്പിക്കുക. (സ്വഹീഹു മുസ്വന്നിഫി അബ്ദിറസാഖ് : 1133)
قال القرطبي : مقصود السورة ذكر أحكام العفاف والستر
ഇമാം അൽ ഖുർത്വുബി رحمه الله പറഞ്ഞു : ഈ സൂറത്തിന്റെ ഉദ്ദേശ്യം ലൈംഗിക വിശുദ്ധിയുടെയും, നഗ്നത മറക്കലിന്റെയും മതവിധികൾ പ്രസ്താവിക്കലാകുന്നു.
ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.
മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.
ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും” (മിഫ്താഹു ദാരിസ്സആദ).
അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.
അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.
ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; ‘ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്’ (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).
അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് മേല്‍ സൂചിപ്പിച്ച, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…’
അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും.
قال الشيخ صالح الفوزان حفظه الله : الواجب على المسلمة أن تتفقه في دينها بقدر ما تستطيع؛ ولكن القيام بخدمة زوجها وطاعة زوجها وتربية أولادها واجب عظيم. فتجعل للتعلم فرصة يومية ولو كانت قليلة أو جلسة قليلة، أو تجعل وقتًا للقراءة من كل يوم والبقية من الوقت تكون لأعمالها اليومية فهي لا تترك التفقه في دينها ولا تترك أعمالها وأولادها وتكلهم إلى الخادمة. تعتدل في هذا الأمر تجعل للتفقه وقتًا ولو قصيرًا وتجعل للأعمال البيتية وقتًا يكفيها.
ശെയ്ഖ് സ്വാലിഹ് അൽഫൗസാൻ حفظه الله പറഞ്ഞു : ഒരു മുസ്ലിം സ്ത്രീക്ക് അവൾക് സാധിക്കുന്നത്ര ദീനിൽ വിജ്ഞാജനമുണ്ടാകുക എന്നത് നിർബന്ധമാകുന്നു. എന്നാൽ അവളുടെ ഭർത്താവിനെ അനുസരിക്കലും അദ്ദേഹത്തിന് സേവനം ചെയ്യലും സന്താനങ്ങളെ പരിപാലിക്കലും ഗൗരവമേറിയ കടമയുമാണ്. അതിനാൽ ദിവസവും പഠിക്കാനായി അവൾ അവസരം കണ്ടത്തേണ്ടതുണ്ട്. അത് കുറച്ചാണെങ്കിൽ പോലും. കുറച്ചുസമയത്തെ ഇരുത്തമാണെങ്കിൽ കൂടി. അല്ലെങ്കിൽ ഓരോ ദിവസവും വായനക്കായി അവൾ സമയം കണ്ടെത്തികൊള്ളട്ടെ. ബാക്കിയുള്ള സമയം ദിനേനയുള്ള അവളുടെ ജോലികൾക്കായി മാറ്റിവെക്കുകയും ചെയ്യട്ടെ. ദീനിൽ വിജ്ഞാനമുണ്ടാകുന്നതിനെ അവൾക് ഉപേക്ഷിക്കാവതല്ല. എന്നാൽ അവളുടെ ജോലികളെയും സന്താനങ്ങളെയും വേലക്കാരിയെ ഏല്പിച്ചുകൊണ്ട് ഉപേക്ഷിക്കാനും പാടുള്ളതല്ല. ഈ കാര്യത്തിൽ അവൾ തുല്യത പാലിക്കുകയാണ് വേണ്ടത്. പഠിക്കാനായി കുറച്ചുസമയം കണ്ടെത്തണം. അതെത്ര കുറച്ചാണെങ്കിൽ പോലും. വീട്ടിലെ ജോലികൾക്കും അവൾക് മതിയാകുന്നത്ര സമയം അവൾ കണ്ടെത്തട്ടെ. (المنتقى 4/179)
قال العلامة إبن عثيمين رحمه الله : لتعلم كل إمرأة أنها لن تصل الى الصلاح الا بالعلم، وما أعنيه بالعلم هو العلم الشرعي
ശെയ്ഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു : അറിവ് കൊണ്ടല്ലാതെ നന്മയിലേക്ക് എത്തിച്ചേരാൻ കഴിയുകയില്ല എന്ന് ഓരോ സ്ത്രീയും മനസ്സിലാക്കട്ടെ. അറിവെന്നത് കൊണ്ട് നാം ഉദ്ദേശിച്ചത് മതപരമായ വിജ്ഞാനം ആകുന്നു. (دور المرأة:ص ٧)
മേൽ പറഞ്ഞിട്ടുള്ള ഖു൪ആന്‍ :66/6 ആയത്തിന്റെ വിശദീകരണത്തിൽ മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു: ഇങ്ങനെയുള്ള നരകശിക്ഷയില്‍ അകപ്പെടാന്‍ കാരണമാകാതെ ഓരോ സത്യവിശ്വാസിയും തന്താങ്ങളെയും, തന്താങ്ങളുടെ ഭാര്യാമക്കള്‍ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.
അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മത ബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നല്‍കുക, അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്തു ജീവിക്കുവാനും സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍. ഒരാള്‍ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കുകയും, അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നല്‍കാതിരിക്കുകയും ചെയ്യുന്ന പക്ഷം – സ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽകര്‍മ്മിയും ആയിരുന്നാലും ശരി – അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കുറ്റക്കാരന്‍ തന്നെയായിരിക്കും. അല്ലാഹു നമ്മുക്ക് തൗഫീഖു നല്‍കട്ടെ. (അമാനി തഫ്സീർ: ഖുർആൻ 66/6 ന്റെ വിശദീകരണത്തിൽ നിന്ന്)
kanzululoom.com