സ്ത്രീയുടെ പേര് ഭര്‍ത്താവിലേക്ക് ചേര്‍ത്തി പറയാമോ?

വിവാഹത്തിനുശേഷം ഭാര്യയെ ഭർത്താവിന്റെ പേരിലേക്ക് ചേർത്തിപ്പറയുന്ന സമ്പ്രദായം പല നാടുകളിലും മതങ്ങളിലും വ്യാപകമായി കാണുന്നുണ്ട്. മുസ്ലിംകളിൽപെട്ട ചിലരെങ്കിലും  വിവാഹ ശേഷം ഭര്‍ത്താവിലേക്ക് പേര് ചേര്‍ത്തി പറയുന്ന രീതി സ്വീകരിക്കുന്നത് കാണാം. ഉദാഹരണത്തിന്, സൈനബിനെ വിവാഹം കഴിച്ചത് സൈദ് ആണെങ്കിൽ, പിന്നീട് അവരുടെ പേര് എഴുതുമ്പോൾ സൈനബ് സൈദ് എന്നെഴുതുന്നു. ഇത് അനുവദനീയമാണോ എന്നതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

വിവാഹ ശേഷം സ്ത്രീയുടെ പേരിലേക്ക് ഭര്‍ത്താവിന്റെ പേര് ചേര്‍ത്തി പറയുന്ന രീതി ഇസ്ലാമികമല്ല. ഓരോ വ്യക്തിയും അത് സ്ത്രീയായാലും പുരുഷനായാലും അവരുടെ പേര് ചേര്‍ത്തി പറയേണ്ടത് അവരുടെ പിതാവിലേക്കാണ്. ദത്തുപുത്രന്‍മാരുമായി ബന്ധപ്പെട്ട് അവരെ ദത്തെടുത്ത വ്യക്തിയുടെ പേരിലേക്ക് ചേർത്ത് പിതാവ് എന്ന് വിളിക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്നു. ആ സമ്പ്രദായം വിരോധിച്ചുകൊണ്ട് അല്ലാഹു  പറഞ്ഞു:

ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. (ഖുർആൻ:33/5)

ഈ ആയത്ത് ദത്തുപുത്രൻമാരുടെ വിഷയത്തിൽ അവതരിപ്പിച്ചിട്ടുള്ളതാണെങ്കിലും ഇത് പൊതുവായ വിധിയാണെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അതായത്, ഏത് സാഹചര്യത്തിലും ഒരു മുസ്ലിം അവന്റെ/അവളുടെ പേര് അവന്റെ/അവളുടെ പിതാവിലേക്കല്ലാതെ ചേർത്തി പറയരുത്.

സഊദി അറേബ്യയുടെ ഔദ്യോഗിക ഫത്‌വാ ബോർഡായ ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:

لا يجوز نسبة الإنسان إلى غير أبيه، قال تعالى: ﴿ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ﴾[الأحزاب: 5] وقد جاء الوعيد الشديد على من انتسب إلى غير أبيه. وعلى هذا فلا يجوز نسبة المرأة إلى زوجها كما جرت العادة عند الكفار، ومن تشبه بهم من المسلمين.

ഒരാളെ പിതാവ് അല്ലാത്തവരിലേക്ക് ചേർത്തിപ്പറയരുത്. അത് അനുവദനീയമല്ല. “അവരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിച്ചുകൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്” എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. (ക്വുർആൻ – 33:5) ഒരാളെ പിതാവല്ലാത്തവരിലേക്ക് ചേർത്തിപ്പറയുന്നതിന് എതിരായി ശക്തമായ താക്കീത് വന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ, കുഫ്ഫാറുകളുടെയോ മുസ്‌ലിംകളിൽനിന്ന് അവരോട് സാദൃശ്യപ്പെട്ടവരുടെയോ പതിവ് പോലെ, ഒരു പെണ്ണിനെ അവളുടെ ഭർത്താവിലേക്ക് ചേർത്തിപ്പറയൽ അനുവദനീയമല്ല. (ലജ്നത്തുദ്ദാഇമ)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنِ ادَّعَى إِلَى غَيْرِ أَبِيهِ لَمْ يَرَحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ خَمْسِمِائَةِ عَامٍ

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേർക്കുന്നവന് സ്വർഗത്തിന്റെ വാസന പോലും ലഭിക്കില്ല. സ്വർഗത്തിന്റെ വാസനയാകട്ടെ അഞ്ഞൂറ് വർഷത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്. (ഇബ്നുമാജ:20/2709)

ഏറ്റവും ശ്രേഷ്ഠനായ മനുഷ്യനായിട്ട് പോലും, വിവാഹശേഷം നബി ﷺ യുടെ പത്നിമാർ ആരും അവരുടെ പേര് നബി ﷺ യുടെ പേരിലേക്ക് ചേർത്തിപ്പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  അതേപോലെ ധാരാളം ഹദീസുകളിൽ ഫാത്തിമാ ബിൻത് മുഹമ്മദ് എന്ന് വന്നിട്ടുണ്ട്. എന്നാൽ ഫാത്തിമാ അലി എന്നൊരു പേര് ഇസ്ലാമിക പ്രമാണങ്ങളിലോ പണ്ഢിതൻമാരുടെ ഗ്രന്ഥങ്ങളിലോ കാണുകയില്ല.

അതേപോലെ അന്ത്യനാളില്‍ ഓരോ മനുഷ്യനും അവന്റെ പിതാവിലെക്ക് ചേര്‍ത്ത് കൊണ്ടാണ് വിളിക്കപ്പെടുക.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا جَمَعَ اللَّهُ الأَوَّلِينَ وَالآخِرِينَ يَوْمَ الْقِيَامَةِ يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ فَقِيلَ هَذِهِ غَدْرَةُ فُلاَنِ بْنِ فُلاَنٍ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹു  ആദ്യ കാലക്കാരെയും അവസാന കാലക്കാരെയും അന്ത്യനാളില്‍ ഒരുമിച്ചു കൂട്ടിയാല്‍ എല്ലാ വഞ്ചകര്‍ക്കും (അവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍) ഒരു പതാക നാട്ടപ്പെടും. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇത് ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണ്.  (മുസ്‌ലിം: 1735)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *