സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കി. സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതാകട്ടെ, ഇരുലോകത്തും ലഭിക്കുന്നതുമാണ്. മനുഷ്യൻ തനിക്ക് ലഭിച്ച സ്വത്തുക്കൾ അത് സ്വന്തത്തിനും സ്വന്തക്കാര്‍ക്കും ഉപയോഗിക്കുന്നതോടൊപ്പം, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മറ്റുള്ളവർക്ക്കൂടി ദാനം ചെയ്യുമ്പോൾ മാത്രമെ സമ്പത്തിന്റെ യഥാർഥ ഉപകാരം ലഭിക്കുകയുള്ളൂ. ഇപ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്റെ മഹത്വം അല്ലാഹു ഒരു ഉപമയിലൂടെ അറിയിക്കുന്നത് കാണുക:
ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്. (ഖു൪ആന്‍:2/261)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا تَصَدَّقَ أَحَدٌ بِصَدَقَةٍ مِنْ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – إِلاَّ أَخَذَهَا الرَّحْمَنُ بِيَمِينِهِ وَإِنْ كَانَتْ تَمْرَةً فَتَرْبُو فِي كَفِّ الرَّحْمَنِ حَتَّى تَكُونَ أَعْظَمَ مِنَ الْجَبَلِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ أَوْ فَصِيلَهُ
നബി ﷺ പറഞ്ഞു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കയുടെ സമാനമായ വല്ലതും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും- അല്ലാഹു അതവന്റെ വലം കൈ കൊണ്ട് സസന്താഷം സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാള്‍ തന്റെ കുതിരക്കുട്ടിയെ ലാളിച്ചു വളര്‍ത്തുന്നതുപോലെ അതിന്റെ ആള്‍ക്കുവേണ്ടി അവന്‍ അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മല പോലെ ആയിത്തീരും.’ (മുസ്ലിം:1014)
എന്താണ് വഖ്ഫ്?
വഖ്ഫ് എന്ന അറബി പദത്തിന് നിര്‍ത്തിയിടുക, തടഞ്ഞുവെക്കുക, പിടിച്ചുനിര്‍ത്തുക എന്നൊക്കെയാണ് ഭാഷാപരമായി നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍. ഇസ്‌ലാമിലെ സാങ്കേതിക സംജ്ഞ എന്ന നിലയില്‍, മൂലവസ്തു നിലനിര്‍ത്തി അതിന്റെ ഫലം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഏര്‍പ്പെടുത്തുന്ന രീതിക്കാണ് വഖ്ഫ് എന്നു പറയുക. അഥവാ വഖ്ഫ് ആയി നൽകപ്പെടുന്ന സ്വത്തിന്റെ അടിസ്ഥാനമൂല്യം മരവിപ്പിക്കപ്പെടുകയും അതിനെ വില്പന, കൈമാറ്റം എന്നിവയിൽനിന്നും സംരക്ഷിക്കപ്പെടുകയും അതിനെ ഏതൊരു കാര്യത്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ്) നൽകിയിട്ടുള്ളത് അതിനു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നാണ് അതുകൊണ്ട് ഉദ്ദേശ്യം.
الوقف:تحبيس مال يمكن الانتفاع به مع بقاء عينه بقطع تصرف الواقف وغيره فى رقبته، يصرف فى جهة خير تقربا إلى الله تعالى
വഖ്ഫ് എന്നാൽ: ഒരാൾ ഉപകാരമെടുക്കാൻ പറ്റുന്ന ഒരു സമ്പാദ്യം, ഉപയോഗിച്ചാലും വസ്തു ബാക്കിയാകുന്ന രീതിയിൽ പിടിച്ച് വെക്കുന്നു, അയാൾക്കതിൽ ഉത്തരവാദിത്തമില്ലാത്ത വിധം. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചുകൊണ്ട് അവനിലേക്ക് കൂടുതൽ അടുക്കുന്നതിനായി ചെലവഴിക്കുന്നു. (ഇമാം നവവി)
സ്വദക്വത്തുൻ ജാരിയയായി അല്ലാഹുവിന് സമർപ്പിക്കുന്ന ദാനത്തെയാണ് പൊതുവിൽ വഖ്ഫ് എന്നു വിളിക്കുന്നത്. സാധാരണ സ്വദക്വകളിൽ നിന്നും വ്യത്യസ്തമാണ് ‘സ്വദക്വത്തുൻ ജാരിയ.’ സാധാരണ സ്വദക്വകൾ താത്കാലികമായ ആവശ്യങ്ങൾക്ക് പരിഹാരമാണ്. അതിനും മേൽപറഞ്ഞതുപോലെ വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ‘സ്വദക്വത്തുൻ ജാരിയ.’യുടെ പ്രതിഫലം മുറിഞ്ഞുപോകാത്തതാണ്, അത് നിലനിൽക്കുന്ന കാലത്തോളം.
ഒരു ഉദാഹരണം പറഞ്ഞാൽ ദാഹിച്ചു വലഞ്ഞ ഒരാൾക്ക് കുറച്ച് വെള്ളം കുടിക്കാൻ കൊടുത്താൽ അത് സ്വദഖയാണ്. എന്നാൽ ആളുകൾക്ക് കുടിക്കാനായി ഒരു കിണര്‍ കുഴിച്ചാലോ അത് വഖ്ഫാണ്. ദാഹിച്ചു വലഞ്ഞയാൾക്ക് വെള്ളം കുടിക്കാൻ കൊടുത്തതിന് പ്രതിഫലമുണ്ട്. എന്നാൽ കിണര്‍ കുഴിച്ചയാൾക്കോ അത് നിലനിൽക്കുന്ന കാലത്തോളം മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ട്, അയാൾ മരണപ്പെട്ടാലും. സാധാരണ ദാനങ്ങൾ അപ്പോഴുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടുകയും അതിന്റെ പ്രയോജനങ്ങൾ അതോടെ അവസാനിക്കുകയും ചെയ്യുമ്പോൾ വക്വ‌്‌ഫിന്റെ പ്രതിഫലം തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വഖ്ഫിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യമാണുള്ളത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631 )
‘സ്വദക്വത്തുൻ ജാരിയ’ എന്നത് വഖ്ഫ് ആണ്. (ശറഹു മുസ്ലിം)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ أَصَابَ عُمَرُ بِخَيْبَرَ أَرْضًا فَأَتَى النَّبِيَّ صلى الله عليه وسلم فَقَالَ أَصَبْتُ أَرْضًا لَمْ أُصِبْ مَالاً قَطُّ أَنْفَسَ مِنْهُ، فَكَيْفَ تَأْمُرُنِي بِهِ قَالَ “ إِنْ شِئْتَ حَبَّسْتَ أَصْلَهَا، وَتَصَدَّقْتَ بِهَا ”. فَتَصَدَّقَ عُمَرُ أَنَّهُ لاَ يُبَاعُ أَصْلُهَا وَلاَ يُوهَبُ وَلاَ يُورَثُ، فِي الْفُقَرَاءِ وَالْقُرْبَى وَالرِّقَابِ وَفِي سَبِيلِ اللَّهِ وَالضَّيْفِ وَابْنِ السَّبِيلِ، وَلاَ جُنَاحَ عَلَى مَنْ وَلِيَهَا أَنْ يَأْكُلَ مِنْهَا بِالْمَعْرُوفِ، أَوْ يُطْعِمَ صَدِيقًا غَيْرَ مُتَمَوِّلٍ فِيهِ.
ഇബ്നു ഉമര്‍ رضى الله عنه വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഖൈബറിൽ (ഗനീമത്തായി) ഉമർ رضى الله عنه വിന് ഭൂമി ലഭിച്ചപ്പോൾ നബി ﷺ യുടെ അടുക്കൽ വന്നു പറഞ്ഞു. “എനിക്ക് ഒരു കുറച്ച് ഭൂമി ലഭിച്ചു, അതിനേക്കാൾ നല്ലത് എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല (അത്ര നല്ലതാണ് എന്നര്‍ത്ഥം). അപ്പോൾ ഇക്കാര്യത്തിൽ അങ്ങക്ക് എന്നോട് എന്താണ് ഉപദേശിക്കാനുള്ളത്? നബി ﷺ പറഞ്ഞു: താങ്കൾ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന്റെ മൂല്യം പിടിച്ചുവെക്കുകയും ആദായം ദാനം ചെയ്യുകയും ചെയ്യുക. അങ്ങനെ, ഉമർ رضى الله عنه ആ ഭൂമി, വിൽക്കുകയോ സമ്മാനമായി നൽകുകയോ അനന്തരമെടുക്കകയോ പാടില്ല എന്ന വ്യവസ്ഥയിൽ ദാനമായി നൽകി. (അതിൽ നിന്നുള്ള വിളവ്) ദരിദ്രർക്കും ബന്ധുക്കൾക്കും അടിമമോചനത്തിനും അല്ലാഹുവിന്റെ മാര്‍ഗത്തിലും അതിഥികൾക്കും യാത്രക്കാർക്കും വേണ്ടി ഉപയോഗിക്കണം എന്ന വ്യവസ്ഥയിൽ; അതിന്റെ നടത്തിപ്പുകാര്‍ക്ക് അതിൽ നിന്നും ന്യായമായ രീതിയിൽ കഴിക്കാം, സുഹൃത്തുക്കളെ കഴിപ്പിക്കാം, അതുമുഖേനെ സാമ്പത്തികനേട്ടം പാടില്ല. (ബുഖാരി:2772)
إِنْ شِئْتَ حَبَّسْتَ أَصْلَهَا، وَتَصَدَّقْتَ بِهَا (താങ്കൾ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന്റെ മൂല്യം പിടിച്ചുവെക്കുകയും ആദായം ദാനം ചെയ്യുകയും ചെയ്യുക) എന്നാണല്ലോ നബി ﷺ പറഞ്ഞത്. ഇവിടെ പ്രയോഗിക്കപ്പെട്ട ‘ഹബ്‌സ്’ എന്ന പദത്തിന് പകരമായിട്ടാണ് പിന്നീട് വഖ്ഫ് ഉപയോഗിക്കപ്പെട്ടുവന്നത്.
عَنِ ابْنِ عُمَرَ، قَالَ قَالَ عُمَرُ بْنُ الْخَطَّابِ يَا رَسُولَ اللَّهِ إِنَّ الْمِائَةَ سَهْمٍ الَّتِي بِخَيْبَرَ لَمْ أُصِبْ مَالاً قَطُّ هُوَ أَحَبُّ إِلَىَّ مِنْهَا وَقَدْ أَرَدْتُ أَنْ أَتَصَدَّقَ بِهَا فَقَالَ النَّبِيُّ صلى الله عليه وسلم “ احْبِسْ أَصْلَهَا وَسَبِّلْ ثَمَرَتَهَا ” .
ഇബ്നു ഉമര്‍ رضى الله عنه വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:ഉമർ رضى الله عنه (നബി ﷺ യോട്) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഖൈബറിന്റെ നൂറ് ഓഹരികൾ, എനിക്ക് അവയേക്കാൾ പ്രിയപ്പെട്ട ഒരു സമ്പത്തുമില്ല, അവ ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നബി ﷺ പറഞ്ഞു: അതിന്റെ മൂല്യം പിടിച്ചുവെക്കുകയും ഫലം ദാനം ചെയ്യുകയും ചെയ്യുക. (ഇബ്നുമാജ:2397)
സ്വന്തം ഉടമസ്ഥതയിലുള്ളതും അനുവദനീയ സമ്പാദ്യങ്ങളില്‍ പെട്ടതുമായ വസ്തു വഹകള്‍ മാത്രമേ വഖ്ഫ് ചെയ്യാവൂ. സ്വമനസ്സാലെയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും കൊണ്ടുമായിരിക്കണം വഖ്ഫ് ചെയ്യേണ്ടത്. വഖ്ഫ് ചെയ്യുന്നത് എന്താണെന്നും എത്രയാണെന്നും എന്തിന് വേണ്ടിയാണെന്നും വഖ്ഫ് ചെയ്യുന്നയാള്‍ (വാഖിഫ്) വ്യക്തത വരുത്തണം. വഖ്ഫ് സ്വത്തുക്കൾ വാങ്ങാനോ വിൽക്കാനോ അനന്തരാവകാശമായി കൈമാറ്റം ചെയ്യപ്പെടാനോ ദാനമായി നൽകാനോ പാടില്ല.
മുസ്‌ലിം സമുദായത്തിന്റെ മതപരവും ആരാധനാപരവുമായ ആവശ്യങ്ങൾ, സമൂഹത്തിലെ ദുർബലരായ പാവപ്പെട്ടവരുടെ ഉന്നമനത്തിനാവശ്യമായ കാര്യങ്ങൾ, കുടിവെള്ളം പോലെയുള്ള പൊതുജനങ്ങൾക്ക് ഉപകരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വഖ്ഫിന്റെ സ്വാധീനം ചൂഴ്ന്നു നിൽക്കുന്നു എന്നത് വഖ്ഫിന്റെ മാനവികതയെയാണ് പ്രകടിപ്പിക്കുന്നത്. വഖ്ഫ് വഴി ലോകസമൂഹത്തിന് ഗുണമല്ലാതെ ദോഷമൊന്നുമില്ലെന്നത് ലോകം തിരിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണ്.
ഇതിന്റെ ശ്രേഷ്ടത അറിയിക്കുന്ന ചില വചനങ്ങൾ കാണുക:
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ
തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു. (ഖു൪ആന്‍ :36/12)
{وَآثَارَهُمْ} وَهِيَ آثَارُ الْخَيْرِ وَآثَارُ الشَّرِّ، الَّتِي كَانُوا هُمُ السَّبَبَ فِي إِيجَادِهَا فِي حَالِ حَيَاتِهِمْ وَبَعْدَ وَفَاتِهِمْ، وَتِلْكَ الْأَعْمَالُ الَّتِي نَشَأَتْ مِنْ أَقْوَالِهِمْ وَأَفْعَالِهِمْ وَأَحْوَالِهِمْ،فَكُلُّ خَيْرٍ عَمِلَ بِهِ أَحَدٌ مِنَ النَّاسِ، بِسَبَبِ عِلْمِ الْعَبْدِ وَتَعْلِيمِهِ أَوْ نُصْحِهِ، أَوْ أَمْرِهِ بِالْمَعْرُوفِ، أَوْ نَهْيِهِ عَنِ الْمُنْكَرِ، أَوْ عِلْمٍ أَوْدَعَهُ عِنْدَ الْمُتَعَلِّمِينَ، أَوْ فِي كُتُبٍ يُنْتَفَعُ بِهَا فِي حَيَاتِهِ وَبَعْدَ مَوْتِهِ، أَوْ عَمِلَ خَيْرًا، مِنْ صَلَاةٍ أَوْ زَكَاةٍ أَوْ صَدَقَةٍ أَوْ إِحْسَانٍ، فَاقْتَدَى بِهِ غَيْرُهُ، أَوْ عَمِلَ مَسْجِدًا، أَوْ مَحَلًّا مِنَ الْمَحَالِّ الَّتِي يَرْتَفِقُ بِهَا النَّاسُ، وَمَا أَشْبَهَ ذَلِكَ، فَإِنَّهَا مِنْ آثَارِهِ الَّتِي تُكْتَبُ لَهُ، وَكَذَلِكَ عَمَلُ الشَّرِّ،
{അവരുടെ അനന്തരഫലങ്ങളും} ജീവിതകാലത്തും മരണശേഷവും അവർ കാരണം ഉണ്ടായ നന്മയുടെയും തിന്മയുടെയും അനന്തരഫലങ്ങളാണത്. അതെല്ലാം ഉണ്ടായത് അവരുടെ വാക്കുകളിൽനിന്നോ പ്രവൃത്തികളിൽ നിന്നോ സാഹചര്യങ്ങളിൽനിന്നോ ആണ്. ഒരാളുടെ അറിവുമൂലമോ അധ്യാപനമോ ഉപദേശമോ കൊണ്ടോ, അതല്ലെങ്കിൽ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതുകൊണ്ടോ, അതുമല്ലെങ്കിൽ അയാൾ തന്റെ വിദ്യാർഥിക്ക് പകർന്നുനൽകിയതോ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതോ ആയ കാര്യങ്ങൾ; നമസ്‌കാരം, സകാത്ത്, ദാനം, മറ്റു നന്മകൾ എന്നിവ മറ്റുള്ളവർ പിൻപറ്റുമ്പോൾ, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സൗകര്യങ്ങളോ പള്ളികളോ നിർമിച്ചത്…ഇതെല്ലാമാണ് രേഖപ്പെടുത്തപ്പെടുന്ന അനന്തരഫലങ്ങൾ. തിന്മകളും അങ്ങനെ തന്നെ. (തഫ്സീറുസ്സഅ്ദി)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَهُ وَمُصْحَفًا وَرَّثَهُ أَوْ مَسْجِدًا بَنَاهُ أَوْ بَيْتًا لاِبْنِ السَّبِيلِ بَنَاهُ أَوْ نَهْرًا أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ ” .
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്‍യാവില്‍) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്, അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്‍കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (ഇബ്നുമാജ:242 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ചില വഖ്ഫ് മാതൃകകള്‍
عَنْ أَنَسِ بْنِ مَالِكٍ، ـ رضى الله عنه ـ لَمَّا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ أَمَرَ بِالْمَسْجِدِ وَقَالَ “ يَا بَنِي النَّجَّارِ ثَامِنُونِي بِحَائِطِكُمْ هَذَا ”. قَالُوا لاَ وَاللَّهِ لاَ نَطْلُبُ ثَمَنَهُ إِلاَّ إِلَى اللَّهِ.
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ വന്നപ്പോൾ ഒരു പള്ളി പണിയാൻ കല്പിച്ചു. അദ്ദേഹം പറഞ്ഞു: “ഓ ബനൂ നജ്ജാർ! നിങ്ങളുടെ തോട്ടത്തിന് ഒരു വില നിർദ്ദേശിക്കൂ.” അവർ മറുപടി പറഞ്ഞു: “അല്ലാഹുവാണ് സത്യം, ഞങ്ങള്‍ അതിന് വില കാംക്ഷിക്കുന്നില്ല, അല്ലാഹുവില്‍ നിന്നല്ലാതെ” (ബുഖാരി:2774)
ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് കുടിവെളളത്തിന്റെ കാര്യത്തിൽ ചില പ്രതിസന്ധികളുണ്ടായിരുന്നു. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഉസ്മാൻ رَضِيَ اللَّهُ عَنْهُ തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്തു.
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ حَفَرَ رُومَةَ فَلَهُ الْجَنَّةُ . فَحَفَرْتُهَا
നബി ﷺ പറഞ്ഞു: വല്ലവനും റൂമാ കിണര്‍ (വാങ്ങി) കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്. ഉസ്മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അങ്ങനെ ഞാനാണത് (വാങ്ങി) കുഴിച്ചത്. (ബുഖാരി 2778)
www.kanzululoom.com