അർഥവും മതവിധിയും
‘വക്ഫി’ന്റെ അർഥം: അടിസ്ഥാനം (തടി) അവശേഷിക്കുന്നതോടൊപ്പം ആദായമെടുക്കൽ സാധ്യമാകുന്ന വസ്തുവിനെ അല്ലാഹുവിലേക്കുള്ള സാമീപ്യമെന്ന നിലയ്ക്ക് ബന്ധിച്ചിടലാണ് വക്വ‌്‌ഫ് . അടിസ്ഥാനത്തെ നിലനിർത്തി ആദായം അല്ലാഹുവിന്റെ മാർഗത്തിൽ നൽകലാണത്. ഉദാഹരണം: ഒരാൾ ഒരു വീട് വക്വ്ഫാക്കി അതിനെ വാടകക്ക് നൽകുന്നു. ആവശ്യക്കാർക്കോ പള്ളികൾക്കോ മതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ മറ്റോ അതിന്റെ വാടക ചെലവഴിക്കുകയും ചെയ്യുന്നു.
മതവിധിയും തെളിവുകളും
വക്വ‌്‌ഫ് പ്രതിഫലാർഹമായ കർമമാകുന്നു. അതിൽ അടിസ്ഥാന പ്രമാണം ഉമര്‍ رضى الله عنه വിൽ നിന്നുള്ള ഹദീസാകുന്നു. ‘അദ്ദേഹത്തിന് ഖയ്ബറിൽനിന്ന് ഒരു ഭൂസ്വത്ത് ലഭിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഖയ്ബറിൽ അൽപം ഭൂസ്വത്ത് ലഭിച്ചിട്ടുണ്ട്. അതിനെക്കാൾ അമൂല്യമായ സ്വത്ത് എനിക്ക് ലഭിച്ചിട്ടേയില്ല. താങ്കൾ എന്നോട് എന്താണ് കൽപിക്കുന്നത്?’ തിരുമേനിﷺ പറഞ്ഞു:
إن شئتَ حبست أصلها، وتصدَّقت بها، غير أنه لا يباع أصلها ولا يوهب ولا يورث
താങ്കൾക്ക് അതിന്റെ അടിസ്ഥാനം നിലനിർത്തികൊണ്ടുതന്നെ അതുകൊണ്ട് ദാനം ചെയ്യാം. എന്നാൽ അതിന്റെ അടിസ്ഥാനം വിൽക്കപ്പെടാവതോ ദാനം ചെയ്യപ്പെടാവതോ അനന്തമെടുക്കപ്പെടാവതോ അല്ല.’ (ബുഖാരി, മുസ്ലിം)
عن أبي هريرة – رضي الله عنه – أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: (إذا مات ابن آدم انقطع عمله إلا من ثلاث: صدقة جارية، أو علم ينتفع به، أو ولد صالح يدعو له)
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ പുത്രൻ (മനുഷ്യൻ) മരിക്കുന്നതോടെ അവന്റെ കർമങ്ങൾ നിലച്ചുപോകുന്നു. പ്രയോജനം നിലനിൽക്കുന്ന ദാനം, ഉപകരിപ്പെടുന്ന അവന്റെ അറിവ്, അവനുവേണ്ടി പ്രാർഥിക്കുന്ന സുകൃതവാനായ സന്തതി എന്നിവയൊഴികെ. (മുസ്‌ലിം: 1631 )
ഇവിടെ പറഞ്ഞ പ്രയോജനം നിലനിൽക്കുന്ന ദാനം (സ്വദകത്തുൻജാരിയ) വക്വ‌്ഫാകുന്നു.
വക്വ‌്‌ഫുമായി ബന്ധപ്പെട്ട വിധികൾ താഴെ കൊടുക്കുന്നു:
1. വക്വ‌്‌ഫ് ചെയ്യുന്ന വ്യക്തി ബുദ്ധിയും പ്രായപൂർത്തിയും സ്വാതന്ത്ര്യവും തന്റേടവുമുള്ള, സമ്പത്ത് കൈകാര്യം ചെയ്യുവാൻ അനുവാദമുള്ളവനായിരിക്കണം.
2. അടിസ്ഥാനം നിലനിൽക്കവെ നിത്യമായി ആദായമെടുക്കപ്പെടുന്നതായിരിക്കണം വക്വ‌്‌ഫ് . അത് നിർണയിക്കപ്പെടുകയും വേണം.
3. പള്ളികൾ, അഗതികൾ, വിജ്ഞാന ഗ്രന്ഥങ്ങൾ പോലുള്ള നന്മകൾക്കും പുണ്യത്തിനുമായിരിക്കണം വക്വ‌്‌ഫ് . കാരണം അത് അല്ലാഹുവിലേക്കുള്ള സൽപ്രവൃത്തിയാകുന്നു. അതിനാൽ ഇതരമതസ്ഥരുടെ ആരാധനാലയങ്ങൾക്കോ നിഷിദ്ധങ്ങൾ വാങ്ങുന്നതിനോ വക്വ‌്‌ഫ് ചെയ്യുന്നത് ഹറാമാകുന്നു.
4. വക്വ‌്‌ഫിന്റെ ഉപകാരങ്ങൾ നിലയ്ക്കുകയും ആദായമെടുക്കുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ വക്വ‌്‌ഫ് വിൽക്കപ്പെടുകയും അതിന്റെ വില അതുപോലുള്ളതിൽ ചെലവിടുകയും വേണം. വക്വ‌്‌ഫ് പള്ളിയാണെങ്കിൽ അതിന്റെ വില മറ്റൊരു പള്ളിയിൽ ചെലവു ചെയ്യണം. വക്വ‌്‌ഫ് ഒരു വീടാണെങ്കിൽ അത് വിൽക്കപ്പെടുകയും കിട്ടിയ തുകകൊണ്ട് മറ്റൊരു വീട് വാങ്ങുകയും വേണം. കാരണം അതാണ് വക്വ‌്‌ഫ് ചെയ്തവന്റെ ഉദ്ദേശ്യത്തോട് ഏറ്റവും അടുത്ത നിലപാട്.
5. വക്വ‌്‌ഫ് സ്ഥിരമായി നിൽക്കേണ്ട ഇടപാടാണ്. വക്വ‌്‌ഫ് ചെയ്തു എന്ന മൊഴിയോടുകൂടി അത് സ്ഥിരപ്പെടും. അത് അവസാനിപ്പിക്കുവാനോ വിൽക്കുവാനോ പാടില്ല.
6. വക്വ‌്‌ഫ് ചെയ്യപ്പെടുന്ന വസ്തു ക്ലിപ്തമായിരിക്കണം. ക്ലിപ്തപ്പെടുത്താത്തതിൽ വക്വ‌്‌ഫ് ശരിയാവുകയില്ല.
7. ഉപാധിയുള്ളതോ താൽകാലികമോ ആയ വക്വ‌്‌ഫ് സാധുവാകുകയില്ല. എന്നാൽ, എന്റെ മരണ ശേഷം ഞാൻ വക്ഫാക്കിയിരിക്കുന്നു എന്ന ഉപാധിവെക്കൽ സാധുവാകും.
8. വക്വ‌്‌ഫ് ചെയ്തവന്റെ നിബന്ധനക്കനുസരിച്ച് പ്രവൃത്തിക്കൽ നിർബന്ധമാകുന്നു; നിബന്ധന മതത്തിനെതിരാകാതെയാണെങ്കിൽ.
9. തന്റെ മക്കളുടെ പേരിൽ വക്വ‌്‌ഫു ചെയ്താൽ അതിൽ ആൺമക്കളും പെൺമക്കളും തുല്യമാകുന്നു.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com