മദീന സിയാറത്ത്

വർഷത്തിൽ ഏതു സമയത്തും മസ്ജിദുന്നബവി സിയാറത്ത് ചെയ്യലും അതിലേക്കു തീർഥാടനം നടത്തലും സുന്നത്താകുന്നു; അത് ഹജ്ജിനു മുമ്പായാലും ശേഷമായാലും ശരി. സിയാറത്തിന് ഒരു പ്രത്യേക സമയമില്ല. അത് ഹജ്ജിൽ ഉൾപ്പെടുകയുമില്ല. അത് ഹജ്ജിന്റെ ശർത്വുകളിൽ പെട്ടതോ അതിന്റെ നിർബന്ധകർമങ്ങളിൽ പെട്ടതോ അല്ല. എന്നാൽ ഹജ്ജു നിർവഹിക്കുന്നതിനു മുമ്പായാലും ശേഷമായാലും ഹജ്ജിനു വന്ന വ്യക്തി തിരുനബിയുടെ പള്ളി സന്ദർശിക്കൽ അനിവാര്യമാണ്; പ്രത്യേകിച്ച് ഈ സ്ഥലങ്ങളിലേക്ക് യാത്ര പ്രയാസകരമായവർക്ക്. ഹാജിമാർ മസ്ജിദുന്നബവിയിലൂടെ കടന്നുപോവുകയും അതിൽ നമസ്‌കരിക്കുകയും ചെയ്താൽ അതാണവർക്ക് സൗകര്യപ്രദവും അതിലാണവർക്ക് മഹത്തായ പ്ര തിഫലവും. അവർ രണ്ടു നന്മകളെ ശേഖരിച്ചു; ഹജ്ജു നിർവഹണവും മസ്ജിദുന്നബവിയിൽ നമസ്‌കരിക്കുവാനുള്ള സിയാറത്തും. മുമ്പുണർത്തിയതുപോലെ ഈ സിയാറത്ത് ഹജ്ജിനെ പൂർത്തീകരിക്കുന്ന കാര്യങ്ങളിൽപെട്ടതോ അതു ഹജ്ജിൽ ഉൾപ്പെട്ടതോ അല്ലെന്നത് ഇതോടൊപ്പം മനസ്സിലാക്കണം. സിയാറത്ത് കൂടാതെതന്നെ ഹജ്ജ് പരിപൂർണമാണ്. ഹജ്ജും സിയാറത്തും തമ്മിൽ യാതൊരു ബന്ധവുമില്ല തന്നെ.

മസ്ജിദുന്നബവിയിലേക്കു യാത്ര കെട്ടിപ്പുറപ്പെടലും അവിടെ നമസ്‌കരിക്കലും മതവിധിയാണെന്നറിയിക്കുന്ന തെളിവുകൾ ധാരാളമാണ്:

(ഒന്ന്)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മസ്ജി‌ദുൽഹറാം, മസ്ജിദുർറസൂൽ (മദീനത്തെ പള്ളി), മസ്ജിദുൽ അക്വ്‌സ്വാ എന്നീ മൂന്ന് പള്ളികളിലേക്കല്ലാതെ മറ്റൊരിടത്തേക്കും തീർഥാടനം പാടുള്ളതല്ല. (ബുഖാരി:1189)

(രണ്ട്)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മസ്ജിദുൽ ഹറാമൊഴികെ മറ്റേതൊരു പള്ളിയിൽവെച്ചു നമസ്‌കരിക്കുന്നതിനെക്കാളും ആയിരം മടങ്ങു ശ്രേഷ്ഠമാണ് എന്റെ ഈ പള്ളിയിൽ നിർവഹിക്കുന്ന ഒരു നമസ്‌കാരം. (ബുഖാരി:1190)

നമസ്‌കാരത്തിനുവേണ്ടി മസ്ജിദുന്നബവിയിലേക്കു യാത്രപുറപ്പെടൽ മതപരമാണെന്ന് ഈ പ്രമാണ വചനങ്ങൾ അറിയിക്കുന്നു. അവിടെ വെച്ചുള്ള നമസ്‌കാരത്തിന്റെ മഹത്ത്വത്താലും ഇരട്ടിച്ചുള്ള പ്രതിഫലത്താലുമാണത്. ഇബാദത്ത് ഉദ്ദേശിച്ച് ഈ മൂന്നു പള്ളികളല്ലാത്ത സ്ഥലങ്ങളിലേക്ക് തീർഥാടനം ഹറാമാണെന്നും ഈ പ്രമാണ വചനങ്ങൾ അറിയിക്കുന്നു. ഈ മൂന്നു പള്ളികളല്ലാതെ ലോകത്തിന്റെ ദിക്കുകളിൽ ഒരിടത്തേക്കും സിയാറത്തും യാത്രയും മതപരമല്ല. മസ്ജിദുന്നബവിയിൽ നമസ്‌കരിക്കുവാൻ മദീനയെ ലക്ഷ്യമാക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും മതനിയമമാണ്. മുകളിൽ നൽകിയ തെളിവുകളുടെ പൊതുതാൽപര്യം അപ്രകാരം അറിയിക്കുന്നതിനാലാണത്.

സിയാറത്തിന്റെ രീതി

യാത്രക്കാരൻ പള്ളിയിലേക്കെത്തിയാൽ അതിൽ പ്രവേശിക്കുമ്പോൾ തന്റെ വലതുകാൽ മുന്തിക്കലും പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർഥന ചൊല്ലലും അവനു സുന്നത്താകുന്നു:

بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ ദൂതരിൽ സ്വലാത്തും സലാമും അല്ലാഹുവിൽനിന്നുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ നീ എനിക്കു തുറക്കേണമേ.

മസ്ജിദുന്നബവിക്കായി ഒരു പ്രത്യേക പ്രാർഥനയില്ല. പള്ളിയിൽ പ്രവേശിച്ചതിൽപിന്നെ പള്ളിയിൽ എവിടെ വെച്ചായാലും രണ്ടു റക്അത്ത് നമസ്‌കരിക്കുക. അതു റൗദയിൽ വെച്ചായാൽ ഏറ്റവും ശ്രേഷ്ഠമായി. നബിﷺ പറഞ്ഞു:

مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ.

എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിയിലുള്ളത് സ്വർഗത്തോപ്പുകളിൽ ഒരു തോപ്പാകുന്നു. (ബുഖാരി:1196)

മഹത്തായ പ്രതിഫലവും കൂലിയും മോഹിച്ചുകൊണ്ട് നിർബന്ധ നമസ്‌കാരങ്ങൾ അഞ്ചും മസ്ജിദുന്നബവിയിൽ യഥാവിധം നിർവഹിക്കലും റൗദയിൽ ദിക്ർ, ദുആഅ്, സുന്നത്തു നമസ്‌കാരങ്ങൾ എന്നിവ വർധിപ്പിക്കലും മസ്ജിദുന്നബവി സന്ദർശിച്ചവന് അനിവാര്യമാണ്. എന്നാൽ സിയാറത്തു ചെയ്യുന്നവനും അല്ലാത്തവനും നിർബന്ധ നമസ്‌കാരങ്ങളിലേക്കു മുൻകടക്കുകയും കഴിയുന്നതും ഒന്നാം സ്വഫ്ഫ് ലഭിക്കുന്നതിനു കൂടുതൽ താൽപര്യം കാണിക്കുകയും ചെയ്യണം. കാരണം ഒന്നാമത്തെ സ്വഫ്ഫ് റൗദയെക്കാൾ മുന്നിലായാണുള്ളത്.

ക്വബ്ർ സിയാറത്ത്

ഒരു മുസ്‌ലിം മസ്ജിദുന്നബവി സന്ദർശിച്ചാൽ തിരുനബി ﷺയുടെ ക്വബ്ർ സിയാറത്തു ചെയ്യലും തിരുമേനിയുടെ കൂട്ടുകാരായ അബൂബക്ർ, ഉമർ رضي الله عنهما എന്നിവരുടെ ക്വബ്‌റുകൾ സിയാറത്തു ചെയ്യലും സുന്നത്താകുന്നു. കാരണം അത് മസ്ജിദുന്നബവി സന്ദർശിക്കുന്നതിന്റെ തുടർച്ചയാണ്. അടിസ്ഥാന ഉദ്ദേശ്യമല്ല. മതപരമായ സിയാറത്ത് ഇതത്രെ. ക്വബ്ർ സിയാറത്തിനായി തീർഥാടനം മതപരമല്ല. എന്നു മാത്രമല്ല, മസ്ജിദുൽഹറാം, മസ്ജിദുന്നബവി, മസ്ജിദുൽഅക്വ്‌സ്വാ എന്നീ പള്ളികളല്ലാത്ത മറ്റു സ്ഥലങ്ങൾ സിയാറത്തു ചെയ്യുന്നതിനും നബിമാർ, സ്വാലിഹുകൾ എന്നിവരുടെ ക്വബ്‌റുകൾ സിയാറത്തു ചെയ്യുന്നതിനും യാത്ര കെട്ടിപ്പുറപ്പെടൽ നിഷിദ്ധമാണെന്നതിൽ ഏകാഭിപ്രായമുണ്ട്. വല്ലവനും അപ്രകാരം ചെയ് താൽ അവന്റെ നിയ്യത്തിൽ അവൻ പാപിയും ലക്ഷ്യത്തിൽ അവൻ കുറ്റക്കാരനുമാകുന്നു. മൂന്നു പള്ളികളിലേക്കാണ് തീർഥാടനം എന്ന വിഷയത്തിൽ വന്ന ഹദീസിന്റെ താൽപര്യത്തിന് അവൻ എതിരാകുന്നതിനാലാണത്.

സിയാറത്തു ചെയ്യുന്ന രീതി

സിയാറത്തു ചെയ്യുന്നവൻ തിരുനബിയുടെ ക്വബ്‌റിനു നേരെ അദബോടും ശബ്ദം താഴ്ത്തിയും നിൽക്കുകയാണു വേണ്ടത്. ശേഷം സലാം പറയുക.

السلام عليك يا رسول الله ورحمة الله وبركاته

അസ്സലാമു അലൈക്ക യാ റസൂലല്ലാഹി വറഹ്മത്തുള്ളാഹി വബറകാത്തഹു

مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ

തിരുനബിﷺ പറഞ്ഞു: എനിക്ക് സലാം പറയുന്ന ആരുമില്ല; അല്ലാഹു എന്റെ റൂഹ് എനിക്കു മടക്കിത്തരികയും ഞാൻ അവന്റെ സലാംമടക്കുകയും ചെയ്യാതെ. (അബൂദാവൂദ്:2041)

സിയാറത്ത് ചെയ്യുന്നവൻ, {അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉത്തമരേ, താങ്കളുടെ മേൽ അല്ലാഹുവിൽനിന്നുള്ള സമാധാനം പെയ്തിറങ്ങുമാറാകട്ടെ. അവിടുന്ന് രിസാലത്ത് (അല്ലാഹുവിന്റെ സന്ദേശം) എത്തിക്കുകയും അമാനത്ത് നിർവഹിക്കുകയും ഉമ്മത്തിനെ ഉപദേശിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ യഥാവിധം ജിഹാദു ചെയ്യുകയും ചെയ്തിരിക്കുന്നുവെന്നതിനു ഞാൻ സാക്ഷിയാകുന്നു. അല്ലാഹുവേ, വസീലയും ഫദ്വീലയും തിരുമേനിക്കു കനിയേണമേ. നീ വാഗ്ദാനം ചെയ്ത മക്വാമുൻ മഹ്‌മൂദിലേക്കു (സ്തുത്യർഹമായ സ്ഥാനം) തിരുമേനിയെ ഉയിർത്തെഴുന്നേൽപിക്കേണമേ. ഉമ്മത്തിനെ തൊട്ട് അത്യുത്തമമായ പ്രതിഫലം നീ തിരുമേനിക്കു നൽകേണമേ} എന്നു ചൊല്ലിയാൽ അതിൽ കുഴപ്പമില്ല. അതിൽ പിന്നെ അബൂബക്ർ, ഉമർ رضي الله عنهما എന്നിവർക്കു സലാം പറയുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും കാരുണ്യത്തിനു തേടുകയും ചെയ്യുക.

(തിരുദൂതരുടെ ക്വബ്‌റിടമുള്ള) ഹുജ്‌റയെ തടവുക, ചുംബിക്കുക, ത്വവാഫു ചെയ്യുക, ദുആ ചെയ്യുന്ന അവസരത്തിൽ അതിലേക്കു മുന്നിടുക എന്നതെല്ലാം സിയാറത്തു ചെയ്യുന്നവനും അല്ലാത്തവനും നിഷിദ്ധമാകുന്നു. ആവശ്യ നിർവഹണത്തിനും പ്രയാസദൂരീകരണത്തിനും രോഗശമനത്തിനും മറ്റും തിരുനബിയോടു ചോദിക്കലും നിഷിദ്ധമാകുന്നു. കാരണം ഇതെല്ലാം അല്ലാഹുവിനുള്ളതാകുന്നു. അവനോടല്ലാതെ അത് ആവശ്യപ്പെടാവതല്ല.

തിരുനബിയുടെ ക്വബ്ർ സിയാറത്തു ചെയ്യലും തിരുമേനിയുടെ കൂട്ടുകാരായ അബൂബക്ർ, ഉമർ رضي الله عنهما എന്നിവരുടെ ക്വബ്ർ സിയാറത്തു ചെയ്യലും നിർബന്ധമല്ല. സാധാരണക്കാരായ ചില വിവരമില്ലാത്തവർ മനസ്സിലാക്കിയതുപോലെ അത് ഹജ്ജിന്റെ നിബന്ധനയുമല്ല. പ്രത്യുത, മസ്ജിദുന്നബവി സന്ദർശിച്ചവർക്കു സുന്നത്തായ കാര്യമാകുന്നു. അതും ഹജ്ജും തമ്മിൽ ഒരിക്കലും യാതൊരു ബന്ധവുമില്ല.

തിരുമേനിയുടെ ക്വബ്ർ സിയാറത്തിനായി യാത്രകെട്ടി പുറപ്പെടൽ മതപരമാണെന്നും അത് ഹജ്ജിന്റെ പൂർത്തീകരണത്തിൽ പെട്ടതാണെന്നും ജൽപിക്കുന്നവർ തെളിവുപിടിക്കുന്ന വിഷയത്തിൽ വന്ന ഹദീസുകൾ അടിസ്ഥാനരഹിതവും ബാലിശവുമാണ്. അവ ഒന്നുകിൽ ദുർബലമോ അല്ലെങ്കിൽ നിർമിതമോ ആണ്.

സിയാറത്തു ചെയ്യപ്പെടേണ്ട മറ്റു സ്ഥലങ്ങൾ

മദീന സന്ദർശിക്കുന്നവൻ ആണാകട്ടെ പെണ്ണാകട്ടെ, വുദ്വൂഅ് ചെയ്തു മസ്ജിദു ക്വുബാഇലേക്കു പുറപ്പെടലും അവിടെ നമസ്‌കരിക്കലും സുന്നത്താകുന്നു. വാഹനത്തിലേറിയും കാൽനടയായും തിരുനബിﷺ മസ്ജിദുക്വുബാഅ് സന്ദർശിക്കുകയും അവിടെ രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. നബിﷺ പറഞ്ഞു:

مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءٍ، فَصَلَّى فِيهِ صَلاَةً، كَانَ لَهُ كَأَجْرِ عُمْرَةٍ

വല്ലവനും തന്റെ വീട്ടിൽവെച്ചു ശുദ്ധിവരുത്തുകയും ശേഷം ക്വുബാഅ് പള്ളിയിൽ വന്ന് അതിൽ ഒരു നമസ്‌കാരം നിർവഹിക്കുകയുമായാൽ അവനു ഒരു ഉംറ ചെയ്ത പ്രതിഫലമായി. (ഇബ്നുമാജ:1412)

ബക്വീഇലെ ക്വബ്‌റിടങ്ങളും ഉഹ്ദു ശുഹദാക്കളിൽ ഹംസ رضي الله عنه വിന്റെയും മറ്റും ക്വബ്‌റിടങ്ങളും സന്ദർശിക്കൽ പുരുഷന്മാർക്ക് സുന്നത്താകുന്നു. അവർക്കു സലാം ചൊല്ലുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. തിരുനബിﷺ അവരെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. തിരുമൊഴിയുടെ പൊതുതാൽപര്യവും അറിയിക്കുന്നത് ഇതാണ്.

زُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ‏

നിങ്ങൾ ക്വബ്‌റുകൾ സന്ദർശിക്കുക. അതു മരണത്തെ ഓർമിപ്പിക്കും. (മുസ്ലിം:976)

ക്വബ്‌റുകൾ സന്ദർശിക്കുകയായാൽ ഇപ്രകാരം പറയുവാൻ തിരുനബി സ്വഹാബികളെ പഠിപ്പിച്ചിരുന്നു:

السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ.

മുഅ്മിനുകളിൽനിന്നും മുസ്‌ലിംകളിൽനിന്നും ഈ ഭവനങ്ങളിലുള്ളവരേ, നിങ്ങളുടെമേൽ അല്ലാഹുവിൽനിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടെ. ഇൻശാഅല്ലാഹ് നിശ്ചയം, ഞങ്ങളും നിങ്ങളിലേക്ക് വന്നുചേരുന്നവരാകുന്നു. നമുക്കും നിങ്ങൾക്കും സൗഖ്യത്തിനായി ഞാൻ അല്ലാഹുവോടു തേടുന്നു. (മുസ്ലിം:975)

മദീനയിൽ സിയാറത്ത് ചെയ്യൽ നിയമമുള്ള സ്ഥലങ്ങൾ ഇവയാകുന്നു. എന്നാൽ, സിയാറത്തു ചെയ്യൽ മതപരമാണെന്ന് പൊതുജനങ്ങൾ ധരിച്ചുവശായ മറ്റുചില സ്ഥലങ്ങളുണ്ട്. മബ്‌റകുന്നാക്വ (ഒട്ടകം മുട്ടുകുത്തിയ സ്ഥലം), മസ്ജിദുൽ ജുമുഅ, ഖാത്തം കിണർ, ബിഅ്‌റു ഉസ്മാൻ (റൂമാകിണർ), സബ്ഉ മസാജിദ്, മസ്ജിദുൽ ക്വിബ്‌ലതയ്ൻ പോലുള്ള സ്ഥലങ്ങൾ. ഇവ സിയാറത്തു ചെയ്യുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. ഇവ സിയാറത്തു ചെയ്തതും ഇവ സിയാറത്തു ചെയ്യുവാൻ കൽപിച്ചതും തിരുനബിയിൽനിന്ന് സ്ഥിരപ്പെട്ടിട്ടില്ല. സച്ഛരിതരായ മുൻഗാമികളിൽ ഒരാളിൽനിന്നും ഇവ സന്ദർശിച്ചതു വന്നിട്ടില്ല. മദീനയിൽ മസ്ജിദുന്നബവിക്കും മസ്ജിദു ക്വുബാഇനുമല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല. തിരുനബിﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

വല്ലവനും നമ്മുടെ കൽപനയില്ലാത്ത ഒരു കർമം ചെയ്താൽ അതു തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *