വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനം

തെളിമയാർന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെറുതും വലുതുമായ പാഠങ്ങൾ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. ഇസ്ലാമിലെ ഏതു കർമത്തിന്‌ പിന്നിലും ഉറച്ച വിശ്വാസമുണ്ടെന്ന സത്യമാണ്‌ വ്യാജവിശ്വാസ ആശയങ്ങളിൽ നിന്ന്‌ തികച്ചും അതിനെ വ്യതിരിക്തമാക്കുന്നത്‌. ഈ വസ്തുത ഉൾക്കൊള്ളുന്നതിലൂടെയാണ്‌ ഒരാൾ യഥാർഥ വിശ്വാസിയാവുകയെന്ന്‌ അല്ലാഹു അറിയിക്കുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:4/136)

ഇഖ്ലാസ്‌, സത്യസന്ധത, തിന്മകൾ വെടിയൽ, തെറ്റുകളിൽ നിന്ന്‌ തൗബ ചെയ്യൽ തുടങ്ങി വിശ്വാസ കാര്യങ്ങൾ ശരിപ്പെടുത്തണമെന്നും തെളിവുള്ള കാര്യങ്ങളുടെ അർഥം മനസ്സിലാക്കി അതിൽ വിശ്വസിക്കണമെന്നുമാണ്‌ ഈ ആയത്തിൽ കൽപിക്കപ്പെട്ടിട്ടുള്ളത്‌. (തഫ്സീറുസ്സഅദി)

വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനമായതിനാൽ അതു സംബന്ധിച്ച്‌ അറിയേണ്ട ചില കാര്യങ്ങൾ ഉണർത്തുന്നു.

1. വിശ്വാസം സംശയമുക്തമാക്കണം

ഇസ്ലാമിൽ വിശ്വസിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾ സംശയമുക്തമായതിനാൽ അവയിൽ വിശ്വസിക്കുന്നവനും അതിൽ സംശയമുക്തനാകണം. വിശ്വസിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം അല്ലാഹുവിലും അവന്റെ റസൂൽ  ﷺ യിലും വിശ്വസിക്കലാണല്ലോ. അല്ലാഹു പറയുന്നു:

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ

അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട്‌ സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അവർ തന്നെയാകുന്നു സത്യവാൻമാർ. (ഖുർആൻ:49/15)

{ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا} أي : لم يشكوا ولا تزلزلوا ، بل ثبتوا على حال واحدة

{അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട്‌ സംശയിക്കാതിരിക്കുകയും,}അവർ (വിശ്വാസികൾ) സംശയിക്കാതെയും തെറ്റിപ്പോകാതെയും സത്യപാതയിൽ ഉറച്ച്‌ നിൽക്കുന്നവരായിരിക്കണം. (ഇബ്നുകഥീർ)

عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنِّي رَسُولُ اللَّهِ، لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا، إِلَّا دَخَلَ الْجَنَّةَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്” എന്ന രണ്ട് സാക്ഷ്യവചനങ്ങളിൽ ഒരു സംശയവുമില്ലാതെ അല്ലാഹുവിനെ കണ്ടു മുട്ടുന്ന ഏതൊരാളും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (മുസ്‌ലിം)

വിശ്വാസത്തിൽ നിന്ന്‌ മനുഷ്യരെ തെറ്റിക്കുന്ന പണിയാണല്ലോ പിശാചിന്റെത്‌. കുതന്ത്രങ്ങൾ പലതും അതിനായി അവൻ മെനയും. പൈശാചിക കെടുതിയിൽ നിന്ന്‌ രക്ഷപ്രാപിക്കാനുള്ള വഴിയും ഇസ്ലാം പഠിപ്പിച്ചു. അല്ലാഹു പറയുന്നു:

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ‎﴿٩٧﴾‏ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ‎﴿٩٨﴾

നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന്‌ ഞാൻ നിന്നോട്‌ രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ രക്ഷിതാവേ, ഞാൻ നിന്നോട്‌ രക്ഷതേടുന്നു. (ഖുർആൻ:23/97-98)

قَالَ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ مَنْ خَلَقَ كَذَا مَنْ خَلَقَ كَذَا حَتَّى يَقُولَ مَنْ خَلَقَ رَبَّكَ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ، وَلْيَنْتَهِ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞു: പിശാച് നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് ചോദിക്കും: ഇതിനെ സൃഷ്ടിച്ചതാരാണ്? അതിനെ സൃഷ്ടിച്ചതാരാണ്? അങ്ങിനെ ചോദിച്ച് അവസാനം നിന്റെ റബ്ബിനെ സൃഷ്ടിച്ചതാരാണ് എന്ന് ചോദിക്കും. അവിടെ എത്തിയാൽ (ഇത്തരം ദുർബോധനങ്ങളിൽ നിന്ന്) അല്ലാഹുവിൽ അഭയം തേടുകയും, അവിടെവെച്ച് അവസാനിപ്പിക്കുകയും ചെയ്യുക. (ബുഖാരി: 3276)

2. വിശ്വാസം കർമസ്വീകാര്യതയുടെ മാനദണ്ഡം

സൽകർമ സമ്പാദനമാണ്‌ പരലോക വിജയത്തിനുള്ള ഏകവഴി. അതിൽ സംഭവിക്കുന്ന പിഴവ്‌ നികത്താനാവാത്ത നഷ്ടമാണ്‌. അല്ലാഹു പറയുന്നു:

‏ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَٰمِلِينَ

വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ നാം സ്വർഗത്തിൽ താഴ്ഭാഗത്ത്‌ കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്‌. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം! (ഖുർആൻ:29/58)

എന്നാൽ വിശ്വാസം ചോർന്നൊലിച്ച മനസ്സോടെ ആരെങ്കിലും പ്രവർത്തിച്ചാൽ അത്തരക്കാരുടെ പ്രവർത്തനങ്ങളെ അല്ലാഹു പരലോകത്ത്‌ വെച്ച്‌ പൊടിച്ചുകളയും. അല്ലാഹു പറയുന്നു:

وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا

അതിൽ (നരകത്തിൽ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ അവരെ ഇട്ടാൽ അവിടെ വെച്ച്‌ അവർ നാശമേ, എന്ന്‌ വിളിച്ചുകേഴുന്നതാണ്‌. (ഖുർആൻ:25/13)

ഇഖ്ലാസ്‌, ഇത്തിബാഅ് എന്നീ മതനിബന്ധകൾ നഷ്ടപ്പെടുത്തിയതിനാലാണിത്‌. ഇവ രണ്ടുമില്ലാത്ത ഏതു പ്രവർത്തനവും നിരർഥകമാണ്‌. (ഇബ്നുകഥീർ: 3/416)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു പറഞ്ഞു: ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)

ശിർക്ക്‌, ബിദ്അത്ത്‌, കളവ്‌, കാപട്യം, മതപരിഹാസം തുടങ്ങിയ ദുർഗുണങ്ങൾ വിശ്വാസ മാധുര്യം നുകർന്നവരിൽ നിന്ന്‌ ഉണ്ടാവില്ലെന്ന്‌ അർഥം.

3. പ്രവാചകന്മാർ വിശ്വാസം നിലനിർത്തിയവർ

പ്രവാചകൻമാർ അഖിലവും വിശ്വാസത്തെ ഏറ്റവും നന്നായി ശ്രദ്ധിച്ചവരും സൂക്ഷിച്ചവരുമായിരുന്നു. അവരുടെ അനുചരന്മാരും അതേ പാത പിന്തുടർന്നു. വിശ്വാസമുറപ്പിച്ചു എന്ന ഒറ്റക്കാരണത്താലാണ്‌ അവർക്ക്‌ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത്‌. അല്ലാഹു പറയുന്നു:

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

പ്രതാപശാലിയും സ്തുത്യർഹനുമായ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേൽ അവർ (മർദകർ) ചുമത്തിയ കുറ്റം. (ഖുർആൻ:85/8)

وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ

ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്ക്‌ വന്നപ്പോൾ ഞങ്ങൾ അത്‌ വിശ്വസിച്ചു എന്നത്‌ മാത്രമാണല്ലോ നീ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ. (ഖുർആൻ:7/126)

വിശ്വാസത്തെ ഇഷ്ടപ്പെട്ട്‌ നമുക്ക്‌ നൽകിയവൻ അല്ലാഹുവാണ്‌. അതനുസരിച്ച്‌ ജീവിക്കുക എന്ന ബാധ്യത നിറവേറ്റിയാൽ അവനിൽ നിന്നുള്ള പ്രകാശത്തിലും സമാധാനത്തിലുമാണ്‌ നാം നിലക്കൊള്ളുക. അതിനെ വകവെക്കാതിരുന്നാൽ വ്യക്തമായ വഴികേടിലും. അല്ലാഹു പറയുന്നു:

أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ

അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്‌ അകന്ന്‌ ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ. (ഖുർആൻ:39/22)

4. വിശ്വാസ വ്യതിയാനം പിഴവുകൾക്ക്‌ കാരണം

وَهَٰذَا صِرَٰطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا ٱلْـَٔايَٰتِ لِقَوْمٍ يَذَّكَّرُونَ

നിന്റെ രക്ഷിതാവിന്റെ നേരായ മാർഗമാണിത്‌. ശ്രദ്ധിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു. (ഖുർആൻ:6/126)

സ്വഹാബത്തിന്‌ നബി ﷺ നൽകിയ പ്രധാന ഉത്ബോധനം തന്നെ ഈ മാർഗം മുറുകെ പിടിക്കുക എന്നതാണ്‌. അല്ലാഹു പറയുന്നു:

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത്‌ പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക്‌ നൽകിയ ഉപദേശമാണത്‌. (ഖുർആൻ:6/153)

عن ابن عباس  قال : أمر الله المؤمنين بالجماعة ، ونهاهم عن الاختلاف والفرقة ، وأخبرهم أنه إنما هلك من كان قبلهم بالمراء والخصومات في دين الله ونحو هذا .

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു: `വിശ്വാസികൾ സംഘടിതമായി നിലകൊള്ളണമെന്നും കക്ഷിത്വവും ഭിന്നതയും പാടില്ലെന്നും അല്ലാഹു കൽപ്പിച്ചു.  മതകാര്യങ്ങളിലെ അനാവശ്യ തർക്കമാണ്‌ മുൻഗാമികളെ നശിപ്പിച്ചതെന്നും ഇതിലൂടെ അറിയിക്കുന്നു. (ഇബ്നുകഥീർ)

ഈ സൽസരണിയിൽ ഉറച്ച്‌ നിൽക്കുന്നവർക്കാണ്‌ അഹ്ലുസ്സുന്നത്തി വൽജമാഅഃ എന്ന്‌ പറയുക. വിശ്വാസബോധവും പ്രമാണപ്രതിബദ്ധതയും കർമനിഷ്ഠയുമില്ലെങ്കിൽ ഇതിൽനിന്ന്‌ വ്യതിചലിക്കുമെന്നതിൽ സംശയമില്ല. അത്തരം വ്യതിയാന കക്ഷികൾ സമൂഹത്തിൽ ഏറെ ഉടലെടുത്തിട്ടുണ്ട്‌. ഖവാരിജുകൾ, ക്വദ്‌രിയ്യാക്കൾ, റാഫിളികൾ, ജബ്‌രിയ്യാക്കൾ, മുഅ‍്തസിലിയാക്കൾ, ശിയാക്കൾ, സ്വൂഫികൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നു അവരുടെ പട്ടിക. ഖബ്ര് പൂജകർ, ത്വരീഖത്തുകാർ, പ്രമാണ നിഷേധികൾ തുടങ്ങിയവർ അത്തരക്കാരുടെ അനുയായികളായി ഇന്നും സമൂഹമധ്യത്തിലുണ്ട്‌. അല്ലാഹു പറയുന്നു:

مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبِۭ بِمَا لَدَيْهِمْ فَرِحُونَ

അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ. (ഖുർആൻ:30/32)

وهذه الأمة أيضا اختلفوا فيما بينهم على نحل كلها ضلالة إلا واحدة ، وهم أهل السنة والجماعة ، المتمسكون بكتاب الله وسنة رسول الله صلى الله عليه وسلم ، وبما كان عليه الصدر الأول من الصحابة والتابعين ، وأئمة المسلمين في قديم الدهر وحديثه

ഈ സമുദായത്തിലെ ഒരു വിഭാഗമൊഴികെ ബാക്കിയുള്ളവരെല്ലാം അവർക്കിടയിലെ അഭിപ്രായ ഭിന്നതകളാൽ പിഴവിലാകും. അല്ലാഹുവിന്റെ കിതാബും നബി ﷺ യുടെ ചര്യയും ഉത്തമ തലമുറക്കാരും ആധുനികരും പൗരാണികരുമായിട്ടുള്ള പണ്ഡിതർ നിലകൊണ്ട മാർഗം മുറുകെ പിടിക്കുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅഃയാണ്‌ ആ വിഭാഗം. (ഇബ്നു കഥീർ)

عَنْ عُمَيْرَ بْنَ هَانِئٍ، قَالَ سَمِعْتُ مُعَاوِيَةَ، عَلَى الْمِنْبَرِ يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي قَائِمَةً بِأَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَذَلَهُمْ أَوْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ ظَاهِرُونَ عَلَى النَّاسِ ‏”‏ ‏.‏

ഉമൈറുബ്നുൽ ഹാനിഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മുആവിയ رَضِيَ اللَّهُ عَنْهُ മിമ്പറിൽ നിന്ന്‌ പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: എന്റെ സമൂഹത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കൽപനയിൽ നിലകൊള്ളുന്നവരായിരിക്കും. അവരെ നിന്ദിക്കുന്നവരോ അവരോട്‌ എതിരാകുന്നവരോ അവർക്ക്‌ ദോഷം വരുത്തുകയില്ല. അല്ലാഹുവിന്റെ കൽപന വരുന്നത്‌ വരെ അവർ ജനങ്ങളുടെ മേൽ വിജയിക്കുന്നവരായിരിക്കുംട. (മുസ്ലിം: 1037)

5.വിശ്വാസം പ്രമാണിക ദ്യഢത നൽകുന്നു

ഇസ്ലാമിന്റെ മുഖ്യപ്രമാണങ്ങൾ ക്വുർആനും അതിന്റെ വിവരണമായ ഹദീഥുകളുമാണ്‌. മതവിഷയങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക്‌ നാം പ്രതിവിധി കണ്ടെത്തേണ്ടത്‌ ഇവയിൽ നിന്നാണ്‌. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ‎

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ്‌ വേണ്ടത്‌). അതാണ്‌ ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും. (ഖുർആൻ:4/59)

فدل على أن من لم يتحاكم في مجال النزاع إلى الكتاب والسنة ولا يرجع إليهما في ذلك ، فليس مؤمنا بالله ولا باليوم الآخر

അടിസ്ഥാനപരവും ശാഖാപരവുമായ മതവിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രശ്നമുണ്ടായാൽ ക്വുർആനിലേക്കും സുന്നത്തിലേക്കും അത്‌ മടക്കണമെന്നതിനുള്ള കൽപനയാണിത്‌. അവയിൽ നിന്ന്‌ വിധി സ്വീകരിക്കാത്ത ഒരാൾ അല്ലാഹുവിലും, പരലോകത്തിലും വിശ്വാസമുള്ളവനാവുകയില്ല. (ഇബ്നു കഥീർ)

പ്രമാണങ്ങൾ നമ്മെ ക്ഷണിക്കുന്നത്‌ മരവിപ്പിക്കുന്ന കാര്യങ്ങളിലേക്കല്ല; മറിച്ച്‌ ഉണർവ്‌ നൽകുന്ന വിഷയങ്ങളിലേക്കാണ്‌. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

നിങ്ങൾക്ക്‌ ജീവൻ നൽകുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ്‌ കൊള്ളുക. (ഖുർആൻ:8/24)

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടത്‌ അംഗീകരിക്കാതിരിക്കലും അവയെ തൊട്ട്‌ പിന്തിരിയലും കടുത്ത തെറ്റാണ്‌. പിഴച്ച വഴിയിലൂടെയുള്ള ജീവിതവും നരക ശിക്ഷയുമാണ്‌ അത്തരക്കാർക്കുള്ളത്‌. അല്ലാഹുപറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:33/36)

വിശ്വാസം മനസ്സിലുറച്ച ഒരാൾക്കും ക്വുർആനും സുന്നത്തും ഒഴിവാക്കി ദീനിനെ ഉൾക്കൊള്ളാൻ കഴിയില്ല. അവർ എന്നും അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക്‌ ഉത്തരം നൽകുന്നവരായിരിക്കും. അല്ലാഹു പറയുന്നു:

إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവർ തന്നെയാണ്‌ വിജയികൾ. (ഖുർആൻ:24/51)

വിശ്വാസ ജീർണതകളും ആദർശ വൈകല്യങ്ങളും പ്രമാണങ്ങളോട്‌ പുറംതിരിഞ്ഞ്‌ നിൽക്കലും കൂടുതലായി സമൂഹത്തെ കാർന്നെടുക്കുമ്പോൾ അല്ലാഹു നൽകിയ ഹിദായത്തിന്റെ മൂല്യമറിഞ്ഞ്‌ അതിനെ കാത്ത്‌ സൂക്ഷിക്കാൻ നാം ഏറെ പ്രയത്നിക്കണം.

 

മൂസ സ്വലാഹി കാര

 

www.kanzululoom.com