ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് മാസം ഇരുപത്തഞ്ചിന് ശനിയാഴ്ച നബിﷺയും അനുയായികളും ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടു. നബി ﷺ അറഫയുടെ സമീപത്ത് ‘നമിറ’ എന്ന സ്ഥലത്ത് നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹ്റിന്റെ സമയമായപ്പോള്‍ നബി ﷺ തന്റെ ഒട്ടകപ്പുറത്ത് കയറി ‘ബത്വ്നുല്‍വാദി’ എന്ന ഇന്ന് അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത് നിന്ന് ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ് (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബിﷺയുടെ പ്രസംഗം ശ്രവിച്ചുകൊണ്ട് നബിﷺയോടൊപ്പം ഹജ്ജ് നിര്‍വഹിക്കുകയുണ്ടായി.
നബിﷺയുടെ വിടവാങ്ങല്‍ പ്രസംഗം വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ട് വന്നിട്ടുണ്ട്. ആയതിന്റെ രത്നച്ചുരുക്കം താഴെ ചേ൪ക്കുന്നു:
മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷംഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്.
നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ് സ്വത്തുകള്‍) ഉണ്ടെങ്കില്‍ അത് കൊടുത്തുവീട്ടുക.
ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക് അവകാശപ്പെടുന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃവ്യന് അബ്ബാസ്(റ)വിന് കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു. ഓന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന് ഹാരിഥിന്റെ മകന് റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു.
ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച് ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന് നിരാശനായി രിക്കുന്നു. എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്തനങ്ങളാല്‍ അവന് അനുസരിക്കപ്പെടുന്നതില്‍ അവന് തൃപ്തിയടയും. പിശാചിന് ആരാധനയുണ്ടാവുകയില്ല, എന്നാല്‍ അനുസരണം ഉണ്ടാവും.
ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവര്‍ക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങള്‍ അവരോട് മാന്യമായി പെരു മാറുക. അവര്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക.
ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ട് കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും (ഖു൪ആന്‍) അവന്റെ പ്രവാചകന്റെ ചര്യയുമാണ്.
ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച് സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ് അനുഷ്ഠി ക്കുക, സകാത്ത് നല്‍കുക, ഹജ്ജ് നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.
ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക? അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന് ഞങ്ങള്‍ പറയും’. അന്നേരം പ്രവാചകന് തന്റെ ചൂണ്ടുവിരല്‍ മേല്പ്പോട്ട് ഉയര്‍ത്തി “അല്ലാഹുവേ, നീ ഇതിന് സാക്ഷി . . . നീ ഇതിന് സാക്ഷി . . .” എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
ജനങ്ങളേ,നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്. എല്ലാവരും ആദമില്‍ നിന്ന്, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭയഭക്തി(തഖ്വ) ഉള്ളവനാണ്. അറബിക്ക് അനറബിയേക്കാള് തഖ്വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല.
ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്ത വര്‍ക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം.
നബിﷺയുടെ പ്രസംഗശേഷം വിശുദ്ധ ഖുര്ആ നിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (സൂറ: അല്‍ മാഇദ:3)
kanzululoom.com