ഇസ്ലാമിൽ വിശ്വസിച്ച വേദക്കാരുടെ പ്രതിഫലവും അവരുടെ ഗുണങ്ങളും

വേദക്കാരായ ജൂത-ക്രൈസ്തവരിൽ അല്ലാഹുവിലും, ഖുര്‍ആനിലും, നബി ﷺ യിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ, ഐഹികമായ കാര്യലാഭങ്ങള്‍ക്കുവേണ്ടി സത്യത്തെ മൂടിവെക്കുകയോ, മാറ്റി മറിക്കുകയോ, ദുര്‍വ്യാഖ്യാനം നടത്തുകയോ അവര്‍ ചെയ്യുമായിരുന്നില്ല. അവരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَإِنَّ مِنْ أَهْلِ ٱلْكِتَٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ

തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്‌. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു. (ഖുർആൻ :3/199)

وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ ‎﴿٥١﴾‏ ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ ‎﴿٥٢﴾‏ وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ ‎﴿٥٣﴾

അവര്‍ ആലോചിച്ച് മനസ്സിലാക്കേണ്ടതിനായി വചനം (ഖുർആൻ) അവര്‍ക്ക് നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്‌.  ഇതിന് മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു.ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്പെടുന്നവരായിരിക്കുന്നു. (ഖുർആൻ :28/51-53)

ഈ വേദക്കാർക്ക് ഇരട്ടി പ്രതിഫലമുണ്ട്. അതാണ് അല്ലാഹു തുടർന്ന് പറയുന്നത്:

أُو۟لَٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٥٤﴾‏ وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ سَلَٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَٰهِلِينَ ‎﴿٥٥﴾

അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും.  വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക് ആാ‍വശ്യമില്ല. (ഖുർആൻ :28/54-55)

തങ്ങളുടെ വേദഗ്രന്ഥത്തില്‍നിന്നും അവര്‍ നബി ﷺ യെ കുറിച്ച് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് നബി ﷺ യുടെ നിയോഗവാര്‍ത്ത അറിഞ്ഞ ഉടനെ അവര്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ, നേരത്തെത്തന്നെ അവര്‍ മുസ്ലിംകളായിത്തീര്‍ന്നിരുന്നു. ആദ്യത്തില്‍ അവരുടെ വേദത്തിലും, അനന്തരം ഖുര്‍ആനിലും വിശ്വസിച്ചതിനാല്‍ അല്ലാഹു അവര്‍ക്കു ഇരട്ടി പ്രതിഫലം നല്‍കുന്നതാണ്. രണ്ട് ഗ്രന്ഥവും സ്വീകരിക്കുവാനും, അനുഷ്ഠാനത്തില്‍ വരുത്തുവാനും, അതിന്‍റെ പേരില്‍ ശത്രുക്കളില്‍നിന്നുണ്ടാകുന്ന മര്‍ദ്ദനങ്ങള്‍ അവഗണിക്കുവാനുമുള്ള അവരുടെ സഹനവും, ക്ഷമയുമാണതിനു കാരണം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 28/52-55 ന്റെ വിശദീകരണം)

عَنْ أَبِي بُرْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ ثَلاَثَةٌ لَهُمْ أَجْرَانِ رَجُلٌ مِنْ أَهْلِ الْكِتَابِ آمَنَ بِنَبِيِّهِ، وَآمَنَ بِمُحَمَّدٍ صلى الله عليه وسلم وَالْعَبْدُ الْمَمْلُوكُ إِذَا أَدَّى حَقَّ اللَّهِ وَحَقَّ مَوَالِيهِ، وَرَجُلٌ كَانَتْ عِنْدَهُ أَمَةٌ ‏{‏يَطَؤُهَا‏}‏ فَأَدَّبَهَا، فَأَحْسَنَ تَأْدِيبَهَا، وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا، ثُمَّ أَعْتَقَهَا فَتَزَوَّجَهَا، فَلَهُ أَجْرَانِ

അബൂബർദ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്നാളുകള്‍ക്കു അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം നല്‍കപ്പെടുന്നതാണ്.

ഒന്ന്: തന്‍റെ പ്രവാചകനില്‍ (ആദ്യം) വിശ്വസിക്കുകയും പിന്നീട് മുഹമ്മദ് നബി ﷺ യിൽ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യന്‍.

രണ്ട്: അല്ലാഹുവിനോടുള്ള ബാധ്യതയും, തന്‍റെ യജമാനന്‍മാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ.

മൂന്ന്: ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവള്‍ക്കു നല്ലപോലെ മര്യാദ പഠിപ്പിക്കുക (ശിക്ഷണം നല്‍കുക)യും, പിന്നീട് അവളെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച്‌ വിവാഹം ചെയ്ത മനുഷ്യന്‍. (ബുഖാരി:97)

മേല്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരായ വേദക്കാരുടെ ഗുണങ്ങളായി മൂന്ന് കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു കാട്ടുന്നു. ഓരോ ഗുണവും നമുക്ക് മാതൃകയായിരിക്കേണ്ടതാകുന്നു.

(ഒന്ന്) അവര്‍ തിന്‍മകളെ നന്‍മകൊണ്ടു തടുക്കുന്നു. അഥവാ തിന്‍മയെ തടുക്കുവാന്‍ തിന്‍മ ഉപയോഗിക്കുകയില്ല. സഹനം, ക്ഷമ, മാപ്പ്, ഉപകാരം, വിട്ടുവീഴ്ച ഇത്യാദി ഗുണങ്ങളായിരിക്കും അവരുടെ ആയുധങ്ങള്‍.

وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ

നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖുർആൻ :41/34)

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ

ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. (ഖുർആൻ:23/96)

عَنْ عَبْدِ اللَّهِ بْنِ عَمْرٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا

അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി:5991)

عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ “‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏”‏ ‏.

അബൂഹുറൈറയില്‍(റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി ﷺ പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം:2558)

ചുടുവെണ്ണീര്‍ തിന്നുന്നവര്‍ക്ക് വേദന അനുഭവിക്കേണ്ടിവരുന്നതുപോലെ, അവര്‍ക്ക് നിന്‍റെ ഉപകാരം മൂലം പാപം അനുഭവിക്കേണ്ടി വരുമല്ലോ എന്നു സാരം. (രിയാളുസ്വാലിഹീൻ)

(രണ്ട്) അവര്‍ക്കു അല്ലാഹു നല്‍കിയ കഴിവുകളില്‍നിന്ന് (നല്ലകാര്യങ്ങളില്‍) അവര്‍ ചിലവഴിക്കുന്നു. അഥവാ സക്കാത്തുപോലെയുള്ള നിര്‍ബ്ബന്ധ കടമകള്‍ മാത്രമല്ല, സാധുക്കള്‍ക്കും കഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കുക, അല്ലാഹുവിന്‍റെ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കുക മുതലായവയും അവര്‍ ചെയ്യുന്നു.

“നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും” എന്നാണ് ഇവിടെ വിശുദ്ധ ഖുർആനിന്റെ പ്രയോഗം. വിശുദ്ധ ഖു൪ആനില്‍ അല്ലാഹുവിന്റെ നേ൪മാ൪ഗ്ഗം ലഭിച്ചിട്ടുള്ള വിജയികളായ മുത്തഖികളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് ഒരു ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളത്, ഇതേ കാര്യമാണ്.

ٱﻟَّﺬِﻳﻦَ ﻳُﺆْﻣِﻨُﻮﻥَ ﺑِﭑﻟْﻐَﻴْﺐِ ﻭَﻳُﻘِﻴﻤُﻮﻥَ ٱﻟﺼَّﻠَﻮٰﺓَ ﻭَﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﻳُﻨﻔِﻘُﻮﻥَ

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:2/3)

അല്ലാഹുവിനോട് അങ്ങേ അറ്റത്തെ താഴ്മയും വിനയവും കാണിക്കുന്ന മുഖ്ബിതീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതിൽ ഒന്ന് ഇതേ കാര്യമാണ്.

وَبَشِّرِ ٱلْمُخْبِتِينَ ‎﴿٣٤﴾‏ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣٥﴾

(നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍:22/35)

സ്വർഗ പ്രവേശനം ലഭിക്കുന്ന ഭാഗ്യവാൻമാരുടെയും ഗുണഗണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്.

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് (സ്വ൪ഗ്ഗത്തില്‍) കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍:32/16,17)

വിശുദ്ധ ഖുർആനിലും തിരുസ്സുന്നത്തിലും ആവർത്തിച്ച് പറഞ്ഞിട്ടുള്ളതും ഇസ്ലാം ഏറെ പ്രോൽസാഹിപ്പിച്ചിട്ടുള്ളതുമായ ഒരു പുണ്യകർമ്മമാകുന്നു ഇത്.

(മൂന്ന്) വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും.

وقوله : ( وإذا سمعوا اللغو أعرضوا عنه ) أي : لا يخالطون أهله ولا يعاشرونهم ، بل كما قال تعالى : ( وإذا مروا باللغو مروا كراما ) [ الفرقان : 72 ] .

{വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുന്നു} അതായത്: അവർ അതിന്റെ ആളുകളുമായി ഇടപഴകുന്നില്ല, അവരുമായി കൂട്ടുകൂടുന്നില്ല. പകരം, അല്ലാഹു പറഞ്ഞതുപോലെ:അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍ (ഫുർഖാൻ:72). (തഫ്സീർ ഇബ്നുകസീർ)

ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി ﷺ യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞുപോ കുകയാണവര്‍ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങള്‍! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 28/52-55 ന്റെ വിശദീകരണം)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *