വകാലത്ത് അഥവാ ചുമതലയേൽപിക്കൽ

الوكالة تفويض شخصٍ غيرَه؛ ليقوم مقامه فيما تدخله النيابة.

പ്രാധിനിത്യം സ്വീകാര്യമായ കാര്യങ്ങളിൽ തന്റെ സ്ഥാനത്ത് നിലകൊള്ളുവാൻ ഒരു വ്യക്തി മറ്റൊരാളെ ചുമതലയേൽപിക്കലാണ് വകാലത്ത്.

മതവിധിയും തെളിവുകളും

വകാലത്ത് മതപരമായി അനുവദനീയമാകുന്നു. അല്ലാഹു പറഞ്ഞു:

فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَٰذِهِۦٓ إِلَى ٱلْمَدِينَةِ

എന്നാൽ നിങ്ങളിൽ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. (ഖുര്‍ആൻ:18/19)

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا

ദാനധർമങ്ങൾ (നൽകേണ്ടത്) ദരിദ്രൻമാർക്കും അഗതികൾക്കും അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും… (ഖുര്‍ആൻ:9/60)

സകാത്തിനുവേണ്ടി അധ്വാനിക്കുന്നതിനെ അല്ലാഹു അനുവദിച്ചു. പ്രസ്തുത അധ്വാനം അർഹരായവരുടെ സ്ഥാനത്ത് പകരം നിൽക്കുന്നതിന്റെ വിധിയിലാകുന്നു.

عن جابر – رضي الله عنه – قال: أردت الخروج إلى خيبر، فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: إذا أتيت وكيلي فخذ منه خمسة عشر وسقاً …

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഖയ്ബറിലേക്കു പുറപ്പെടുവാനുദ്ദേശിച്ചു. അങ്ങനെ ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ ചെന്നു. തിരുമേനിﷺ എന്നോടു പറഞ്ഞു: ‘താങ്കൾ ഖയ്ബറിൽ എന്റെ വകീലിന്റെ അടുക്കൽ ചെന്നാൽ അയാളിൽനിന്ന് പതിനഞ്ച് വസ്ഖ് വാങ്ങിക്കൊള്ളുക. (അബൂദാവൂദ്, ദാറഖുത്നി)

عن عروة بن الجعد قال: عرض للنبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – جلَبٌ، فأعطاني ديناراً فقال: يا عروة، ائت الجلب فاشتر لنا شاة …

ഉർവത്ത് ഇബ്‌നു ജഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിരുനബിﷺക്ക് ഒരു കച്ചവടച്ചരക്ക് പ്രദർശിപ്പിക്കപ്പെട്ടു. തിരുനബിﷺ എനിക്ക് ഒരു ദീനാർ തന്നു. അവിടുന്ന് പറഞ്ഞു: ‘ഉർവാ, നിങ്ങൾ കച്ചവടച്ചരക്കിൽ ചെന്നു നമുക്ക് ഒരു ആടിനെ വാങ്ങിക്കുക…’ (ബുഖാരി)

വകാലത്ത് മൊത്തത്തിൽ അനുവദനീയമാകുന്നു എന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. കാരണം ഒരാൾക്കും തന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തീർക്കുകയെന്നത് സാധ്യമല്ലെന്നതിനാൽ ആവശ്യകതയാണ് വകാലത്തിനെയും അതു മതപരമാകുന്നതിനേയും ലക്ഷ്യമാക്കുന്നത്.

വകാലത്തിന്റെ നിബന്ധനകളും മതവിധികളും

1. പ്രായപൂർത്തിയെത്തുക, ബുദ്ധിയുണ്ടാവുക, തന്റേടമുണ്ടാവുക എന്നിങ്ങനെ വകീലും (വകാലത്ത് ഏൽപിക്കപ്പെട്ടവൻ) മുവക്കിലും (വകാലത്ത് ഏൽപിച്ചവൻ) സമ്പത്ത് കൈകാര്യം ചെയ്യുവാൻ അനുവാദമുള്ളവരാകൽ നിബന്ധനയാണ്.

2. കൊള്ളക്കൊടുപ്പുകൾ, മറ്റു ഉടമ്പടികൾ, ത്വലാക്വ്, ഖുൽഅ്, ഫസ്ഖ് എന്നിങ്ങനെ നിയാബത്ത് (പ്രാതിനിധ്യം) സ്വീകാര്യമാകാവുന്നതിലെല്ലാം വകാലത്ത് സാധുവാകും. സകാത്ത് നൽകുക, കഫ്ഫാറത്ത് നൽകുക, നേർച്ച വീട്ടുക, ഹജ്ജ് ചെയ്യുക പോലുള്ള ആരാധനകളിൽനിന്ന് പ്രാതിനിധ്യമാകാവുന്നതിലുമെല്ലാം വകാലത്ത് സാധുവാകും.

3. ശുദ്ധി, സ്വലാത്ത് പോലുള്ള, അല്ലാഹുവിന്റെ ഹക്ക്വായ, നിയാബത്ത് (പ്രാതിനിധ്യം) അസ്വീകാര്യമായ ഇബാദത്തുകളിൽ വകാലത്ത് സാധുവാകുകയില്ല.

4. വകാലത്ത് ഏൽപിച്ചവന്റെ അനുവാദമോ അല്ലെങ്കിൽ ജനങ്ങളുടെ നാട്ടുനടപ്പോ തേടുന്നത്ര കൈകാര്യകർതൃത്വമെ വകീൽ ഉടമപ്പെടുത്തുകയുള്ളൂ. വകാലത്ത് ഏൽപിച്ചവന് ഈ അനുവാദത്തെത്തുടർന്ന് യാതൊരുവിധ ഉപദ്രവവുമുണ്ടാകരുത് എന്ന നിബന്ധനയുള്ളതോടൊപ്പമാണ് ഇത്.

5. വകാലത്ത് ഏൽപിച്ചവൻ അനുവദിച്ചാലല്ലാതെ വകീലിന് മറ്റൊരാളെ വകാലത്തേൽപിക്കൽ സാധുവാകുകയില്ല. അല്ലെങ്കിൽ വകീൽ ജോലിയെടുക്കുവാൻ അശക്തനാവുകയോ നേരാംവിധം ജോലിയെടുക്കുവാൻ കഴിയാത്തവനോ ആയാൽ താൻ ഏൽപിക്കപെട്ടതിൽ തന്റെ സ്ഥാനത്ത് നിൽക്കുന്ന മറ്റൊരാളെ ഏൽപിക്കാവുന്നതാണ്.

6. താൻ ഏൽപിക്കപ്പെട്ടതിൽ വകീൽ അമീനാകുന്നു. വീഴ്ച വരുത്തുകയോ അതിക്രമിക്കുകയോ ചെയ്താലല്ലാതെ വകീൽ ഉത്തരവാദിയാവുകയില്ല.

7. വകാലത്ത് അനുവദനീയമായ ഉടമ്പടിയാകുന്നു. അത് ഏൽപിക്കപ്പെട്ടവനും ഏൽപിച്ചവനും ആവശ്യമെങ്കിൽ ദുർബലപ്പെടുത്താൻ അനുവാദമുണ്ട്.

8. രണ്ടിലൊരാളുടെ (വകീലിലോ മുവക്കിലോ) മരണപ്പെടൽകൊണ്ടോ രണ്ടിലൊരാൾക്ക് ഭ്രാന്തുപിടിക്കൽകൊണ്ടോ രണ്ടിലൊരാളുടെ വകാലത്ത് ദുർബലപ്പെടുത്തൽകൊണ്ടോ മുവക്കിൽ വകീലിനെ സ്ഥാനഭൃഷ്ടനാക്കൽ കൊണ്ടോ അവന്റെ മൂഢത്വം കാരണം അവന് സാമ്പത്തിക ഇടപാടിൽനിന്ന് വിലക്കേർപ്പെടുത്തൽകൊണ്ടോ വകാലത്ത് അസാധുവാകും.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *