ഉത്ബത് ബ്നു റബീഅയെ അമ്പരപ്പിച്ച ആയത്തുകൾ

ഇമാം ബൈഹഖീ, ഹാകിം (رحمهما الله) മുതലായ പല ഹദീഥ്‌ പണ്‌ഡിതന്‍മാരും നിവേദനം ചെയ്‌തിട്ടുള്ള ഒരു സംഭവമാണ്‌ ചുവടെ ചേര്‍ക്കുന്നത്‌:

ഒരിക്കല്‍ ഖുറൈശികള്‍ ഒരു യോഗം ചേര്‍ന്ന്‌ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: `നമുക്കിടയില്‍ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (മുഹമ്മദ് നബി ﷺ യുടെ) അടുക്കല്‍ ചെന്ന്‌ ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയില്‍ സമര്‍ത്ഥനായ ഒരാള്‍ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതില്‍നിന്ന്‌ പിന്‍മാറ്റുവാന്‍ സാധിക്കുമോ എന്ന്‌ നോക്കട്ടെ. `ഇതിനായി ഉത്ബത് ബ്നു റബീഅയെ അവര്‍ പറഞ്ഞയച്ചു. ഉത്ബത്  നബി ﷺ യുടെ അടുക്കല്‍ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: `മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്‌ദുല്ലയോ ഉത്തമന്‍?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ബത് ചോദിച്ചു: `അല്ലെങ്കില്‍ നീയോ (നിന്റെ പിതാമഹന്‍) അബ്‌ദുല്‍ മുത്വലിബോ ഉത്തമന്‍?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ബത് തുടര്‍ന്നു: `ഇവരെല്ലാം നിന്നെക്കാള്‍ ഉത്തമന്‍മാരായിരുന്നുവെങ്കില്‍, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാള്‍ ഉത്തമന്‍ നീയാണെന്ന്‌ പറയുന്നുവെങ്കില്‍ നീയൊന്ന്‌ സംസാരിക്കൂ, ഞങ്ങള്‍ കേള്‍ക്കട്ടെ!’

ഉത്ബത് തുടര്‍ന്നു: ‘അല്ലാഹുവാണ സത്യം! ഈ ജനതയില്‍ നിന്നെക്കാള്‍ ലക്ഷണം കെട്ടവന്‍ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി: ഞങ്ങളുടെ കാര്യങ്ങള്‍ നീ താറുമാറാക്കി: മതത്തെ നീ കുറ്റപ്പെടുത്തി: അറബികളുടെ മുമ്പില്‍ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക്‌ (സാമ്പത്തികമായ) വല്ല ആവശ്യവുമാണുള്ളതെങ്കില്‍, ഞങ്ങള്‍ നിനക്ക്‌ ധനം ശേഖരിച്ചുതന്ന്‌ നിന്നെ ക്വുറൈശികളില്‍ വലിയ ഒരു ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കില്‍, നീ ഇഷ്‌ടപ്പെടുന്ന സ്‌ത്രീയെ നിനക്ക്‌ വിവാഹം ചെയ്‌തുതരാം. വേണമെങ്കില്‍ പത്തുപേരെ വിവാഹം കഴിച്ചുതരാം.’

നബി ﷺ ചോദിച്ചു: `താങ്കള്‍ പറഞ്ഞ്‌ കഴിഞ്ഞുവോ?’ ഉത്ബത് പറഞ്ഞു: ‘അതെ,’ ‘എന്നാല്‍ കേള്‍ക്കൂ’ എന്ന്‌ പറഞ്ഞുകൊണ്ട്‌ തിരുമേനി ‘ഹാമീം സജദഃയുടെ (സൂറ: ഫുസ്സിലത്) ‘ബിസ്‌മില്ലാഹി’ മുതല്‍ 13-ാം വചനം തീരുന്നതുവരെ  ഉത്ബത്തിനെ ഓതികേള്‍പ്പിച്ചു. കൈകള്‍ പിന്നോക്കം കെട്ടിനിന്ന്‌ അതെല്ലാം കേട്ട ഉത്ബത് നബി ﷺ യോട്‌ അപേക്ഷിച്ചു: ‘മതി!മതി! ഉത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ഖുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാള്‍ മടങ്ങിപ്പോയത്‌.

ഉത്ബത് മതം മാറിപ്പോയോ എന്ന്‌ പോലും ഖുറൈശികള്‍ സംശയിച്ചു. അബൂ ജഹ്‌ല്‍ മുതലായവര്‍ അയാളെ വീട്ടില്‍ ചെന്ന്‌ കണ്ടു. അയാള്‍ അവരോടിങ്ങനെ പറഞ്ഞു: ‘മുഹമ്മദില്‍ നിന്ന്‌ ഞാന്‍ ചിലതെല്ലാം കേള്‍ക്കുകയുണ്ടായി, അത്‌ ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അവസാനം അവന്‍ ‘ആദു-ഥമൂദി’ന്റെതു പോലെയുള്ള ശിക്ഷയെകുറിച്ചു നമ്മെ താക്കീതും ചെയ്കയുണ്ടായി. അപ്പോള്‍ ഞാനവന്റെ വായക്കുപിടിച്ച്‌ കേണപേക്ഷിച്ചു. എന്നിട്ടാണ്‌ അവനത്‌ നിറുത്തിയത്‌. നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ്‌ കളവ്‌ പറയാറില്ലെന്ന്‌. അതുകൊണ്ട്‌ നമുക്ക്‌ വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടുപോയി!’

ഒരു നിവേദനത്തില്‍ ഉത്ബത്തിന്റെ മറുപടിയില്‍ ഇപ്രകാരവും കാണാം: ‘മുഹമ്മദിനെയും, അവന്റെ കാര്യത്തെയും നിങ്ങള്‍ വിട്ടേക്കുക. നിശ്ചയമായും അവനോരു ഭാവിയുണ്ട്‌. ഞാന്‍ ഇപ്പറയുന്നത്‌ നിങ്ങള്‍ അനുസരിക്കണം. വേറെ ഏത്‌ വാക്ക്‌ നിങ്ങള്‍ നിരസിച്ചാലും വിരോധമില്ല. അറബികള്‍ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക്‌ അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന്‌ പ്രതാപം വര്‍ദ്ധിക്കുകയാണെങ്കില്‍, അത്‌ നിങ്ങളുടെ – ഖുറൈശികളുടെ – യും പ്രതാപമായിരിക്കും.’

ഉത്ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളെ മനസ്സിരുത്തി വായിക്കുമ്പോള്‍ അറിയാം അവയിലടങ്ങിയ ആശയങ്ങളുടെ ഗൗരവം. (അമാനി തഫ്സീര്‍ – സൂറ: ഫുസ്സിലത് തുടക്കത്തിൽ നിന്നും)

സൂറ: ഫുസ്സിലത് 1-13 ആയത്തുകളിലൂടെ ….

حمٓ

ഹാമീം. (1)

تَنزِيلٌ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌. (2)

അല്ലാഹുവിന്റെ കരുണ എല്ലാറ്റിലും വിശാലമായിരിക്കുന്നു. അറിവും സന്മാർഗവും ലഭിക്കുന്ന, വെളിച്ചവും ശമനവും കാരുണ്യവും ഒട്ടനവധി ഗുണങ്ങളും ഉൾക്കൊണ്ട വിശുദ്ധ ഖുര്‍ആൻ അവന്റെ കാരുണ്യമാണ്. തന്റെ ദാസന്മാർക്ക് അവൻ നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹവുമാണ്. ഇരുലോകത്തും സൗഭാഗ്യത്തിനുള്ള മാർഗവുമാണത്.

كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ‎

വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.) (3)

ഖുർആനിലെ ഓരോ വചനവും, ഓരോ അദ്ധ്യായവും, അതതിലെ ആശയങ്ങൾ ജനങ്ങൾക്ക് വേണ്ടത് പോലെ ഗ്രഹിക്കുമാറ് സമർത്ഥമായ രീതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഓരോന്നിനെയും അതിന്റെ ഇനമനുസരിച്ച് സൂക്ഷ്മമായി വിശദീകരിക്കുന്നു. അതിന്റെ ആശയം അവർക്ക് വ്യക്തമാക്കി കൊടുക്കുന്നതിനുവേണ്ടി ഭാഷകളിൽ മികച്ച സാഹിത്യ ഭാഷയിൽ അതായത് അറബിയിൽ ഖുര്‍ആൻ ആക്കപ്പെടുകയും ചെയ്തു. അതിന്റെ പദങ്ങൾ വ്യക്തമായതുപോലെത്തന്നെ വഴികേടിൽനിന്ന് സന്മാർഗവും നേർമാർഗത്തിൽനിന്ന് ദുർമാർഗവും വ്യക്തമാകുന്നു.

‏ بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ

സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല. (4)

ഇപ്പോഴും പിന്നിട് ലഭിക്കുന്നതുമായ പ്രതിഫലത്തെക്കുറിച്ച് ഖുര്‍ആൻ സന്തോഷവാർത്ത അറിയിക്കുന്നു. അതുപോലെതന്നെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുന്നു. ആ ശിക്ഷയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും അത് വിശദീകരിച്ചുതരികയും അതിന്റെ കാരണങ്ങൾ പരാമർശിക്കുകയും ചെയ്യുന്നു. ആ സന്തോഷവും താക്കീതും ലഭിക്കുന്നത് എന്തുകൊണ്ടൊക്കെയാണെന്ന് വ്യക്തമാക്കുന്നു. അതിന് അനിവാര്യമായി സ്വീകരിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കുന്നു. കീഴ്‌പ്പെടേണ്ടതും വിശ്വസിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായതെല്ലാം. എന്നാൽ അധിക പടപ്പുകളും അഹങ്കാരത്തോടെ ഇതിൽനിന്നെല്ലാം തിരിഞ്ഞുകളയുന്നു. അവർ കേട്ട് മനസ്സിലാക്കുന്നില്ല. അതായത് സ്വീകരിക്കാനും ഉത്തരം നൽകാനും മനസ്സ് കാണിക്കുന്നില്ല.

ഇതിലേക്കെത്തുന്ന സർവവഴികളും കൊട്ടിയടച്ച തങ്ങളോടിത് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് സത്യനിഷേധികൾ വ്യക്തമാക്കുന്നു. നബി ﷺയോടുള്ള അവരുടെ വെറുപ്പും അവർ ഇപ്പോൾ നിലകൊള്ളുന്ന നിലപാടിലുള്ള തൃപ്തിയും പ്രകടമാക്കുകയും ചെയ്തു.അതാണ് തുടര്‍ന്ന് പറയുന്നത്:

وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَٰمِلُونَ

അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്‌. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു. (5)

സന്മാർഗത്തിനുപകരം വഴികേടുകൊണ്ട് തൃപ്തിപ്പെടുക. വിശ്വാസത്തിന് പകരം അവിശ്വാസത്തെ പകരമാക്കുക. ഇഹലോകത്തിന് വേണ്ടി പരലോകത്തെ അവർ വിറ്റുകളയുക. ഏറ്റവും വലിയ നിരാകരണമാണിത്. ഞങ്ങൾ സത്യം ചെവിക്കൊള്ളുവാൻ ഒരിക്കലും തയ്യാറില്ലെന്ന് അവര്‍ പ്രഖ്യാപിക്കുമ്പോഴും സൗമ്യമായ രീതിയിൽ അവരോടു മറുപടി പറയുവാൻ അല്ലാഹു നബി ﷺ യെ ഉപദേശിക്കുന്നു:

 قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ ‎﴿٦﴾‏ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ‎﴿٧﴾

(നബിയേ) താങ്കൾ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ. (6-7)

അതായത് ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. യാതൊരുവിധ കൽപനാധികാരവും എനിക്ക് സ്വന്തമായില്ല. നിങ്ങൾ ധൃതികൂട്ടുന്ന ശിക്ഷ തരാനും എനിക്കാവില്ല. അല്ലാഹു എന്നെ നിങ്ങളെക്കാൾ ശ്രേഷ്ഠനാക്കി എന്നുമാത്രം. എനിക്ക് നൽകപ്പെട്ട ദിവ്യസന്ദേശത്തിലൂടെ എന്നെ സവിശേഷനാക്കുകയും പ്രത്യേകപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിനെ പിൻപറ്റാനും അവനിലേക്ക് ക്ഷണിക്കാനും എന്നോട് കൽപിക്കുകയും ചെയ്തു.

അല്ലാഹുവിലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുക. അതായത് അല്ലാഹുവിലേക്കെത്തുന്ന മാർഗത്തിൽ നിങ്ങൾ പ്രവേശിക്കുക. അവൻ അറിയിച്ച വിവരങ്ങളിൽ വിശ്വസിച്ചും അവന്റെ കൽപനകളെ പിൻതുടർന്നും അവന്റെ വിരോധങ്ങളെ ഉപേക്ഷിച്ചും. ഇതാണ് നേരെനിലകൊള്ളുക എന്നതിന്റെ താൽപര്യം. തുടർന്ന് അതിൽ നിത്യമായി നിലകൊള്ളുകയും ചെയ്യുക.

“അവനിലേക്ക് ” എന്ന പദത്തിൽ ‘ആത്മാർഥമായിരിക്കണം’ (ഇഖ്ലാസ്) എന്ന ഓർമപ്പെടുത്തലുമുണ്ട്. പ്രവർത്തിക്കുന്നവന്റെ ഉദ്ദേശ്യവും ലക്ഷ്യവും യഥാർഥ ലക്ഷ്യത്തിനുവേണ്ടിയാവണം. അങ്ങനെയാകുമ്പോൾ അവന്റെ പ്രവർത്തനം നിഷ്‌ക്കളങ്കവും ഫലപ്രദവുമായിരിക്കും. ഈ ആത്മാർഥത നഷ്ടപ്പെട്ടാൽ അവന്റെ പ്രവർത്തനം നിഷ്ഫലമാകും.

ഒരു ദാസൻ നേരെ നിലകൊള്ളാൻ എത്രതന്നെ ആഗ്രഹിച്ചാലും ചില കാര്യങ്ങളിൽ അവന് വീഴ്ചകളും തകരാറുകളും സംഭവിക്കാതിരിക്കില്ല. ചില വിരോധങ്ങൾ പ്രവർത്തിച്ചെന്നും വരാം. അപ്പോൾ അതിൽ ഉറച്ചു നിൽക്കാതെ ഉടനെ അതിൽ നിന്ന് പിൻമാറി അവല്ലാഹുവിനോട് പാപമോചനം തേടുക.

അല്ലാഹുവിലേക്കുള്ള മാർഗത്തിൽ നേരെ നിലകൊള്ളാത്തവരാണ് മുശ്രിക്കുകൾ. അവർ അല്ലാഹുവിന് പുറമെ ആരാധിച്ചത് ഗുണമോ ദോഷമോ മരണമോ ജീവിതമോ പുനരുദ്ധാനമോ ഉടമപ്പെടുത്താത്തവരെയാണ്. തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തെ അംഗീകരിച്ചുകൊണ്ടും ആരാധന അവന് മാത്രമാക്കിക്കൊണ്ടും അവരുടെ മനസ്സുകളെ അവർ സംസ്‌കരിച്ചില്ല. നമസ്‌കരിക്കുകയോ സകാത്ത് നൽകുകയോ ചെയ്തില്ല. സ്രഷ്ടാവിന് നൽകേണ്ട ഏകദൈവാരാധനയിലും നമസ്‌കാരത്തിലും അവർ അവനോട് ആത്മാർഥത കാണിച്ചില്ല. സകാത്ത്‌ പോലുള്ള കാര്യങ്ങളെക്കൊണ്ട് പടപ്പുകൾക്കും അവർ പ്രയോജനകരമായില്ല. അവർ ഉയിർത്തെഴുന്നേൽപിലും വിശ്വസിച്ചിരുന്നില്ല. അതുപോലെതന്നെ സ്വർഗ നരകങ്ങളിലും.

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മുറിഞ്ഞ് പോവാത്ത പ്രതിഫലമുള്ളത്‌. (8)

സത്യവിശ്വാസികൾക്ക് മഹത്തായ പ്രതിഫലമുണ്ട്. തീർത്തുപോകാത്തതും നിന്നുപോകാത്തതും. എല്ലാ സമയത്തും അത് തുടർന്നുകൊണ്ടിരിക്കും. ചില സമയങ്ങളിൽ അത് വർധിക്കും. അതാവട്ടെ, എല്ലാ ആഗ്രഹങ്ങളെയും ആസ്വാദനങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്.

ഭൂലോകം സൃഷ്ടിക്കുകയും അതിൽ മനുഷ്യനും ഇതരജീവികൾക്കും വേണ്ടതെല്ലാം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ളത്‌ അല്ലാഹുവാണ്‌. അതിൽ മറ്റാർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, ലോകരക്ഷിതാവായ അവനുപുറമേ, മറ്റുചിലരെ അവനു പങ്കാളികളായി ഗണിക്കുന്നതിന്റെ അർത്ഥ ശൂന്യത ചൂണ്ടിക്കാട്ടുകയാണ്‌ തുടര്‍ന്നുള്ള വചനങ്ങളിൽ.

قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَٰلَمِينَ ‎﴿٩﴾‏ وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ ‎﴿١٠﴾

നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. അതില്‍ (ഭൂമിയില്‍) – അതിന്‍റെ ഉപരിഭാഗത്ത് – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. (9-10)

അല്ലാഹു അത്യുദാരനായ രാജാവാണ്. വലുതും ബലിഷ്ഠവുമായ ഭൂമിയെ രണ്ട് ദിനങ്ങളിൽ സൃഷ്ടിച്ചവനാണവൻ. തുടർന്ന് രണ്ട് ദിനങ്ങളിൽ അതിനെ വിതാനിച്ചു. അങ്ങനെ അതിനുമുകൾ പർവതങ്ങളെ ഉണ്ടാക്കി. അത് ഇളകാതെയും കുലുങ്ങാതെയും അസ്ഥിരമാകാതെയും അതിനെ ഉറപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള അല്ലാഹുവിനാണവര്‍  സമന്മാരെ ഏർപ്പെടുത്തിയത്. അവനിൽ പങ്കുചേർക്കുന്നതിനെയും അവർക്ക് തോന്നിയപോലെ അവരെ ആരാധിക്കുന്നതിനെയും മഹത്ത്വമേറിയവനായ അല്ലാഹുവോട് അവരെ സമമാക്കുന്നതിനെയും ചെയ്യുന്ന സത്യനിഷേധികളുടെ നിലപാടിനെ അല്ലാഹു എതിർക്കുകയും അതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ആകാശഭൂമികളെ സൃഷ്ടിച്ചത്‌ ആറു ദിവസങ്ങളിലായിട്ടാണെന്ന് ഖുർആൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അതിന്റെ ഒരു വിശദീകരണം ഈ ആയത്തിൽ നിന്നും അടുത്ത ആയത്തിൽ നിന്നും കൂടി ലഭിക്കുന്നു. ഭൂമിയെ സൃഷ്ടിച്ചത്‌ രണ്ടു ദിവസം കൊണ്ടാണെന്നും അതിൽ പർവതങ്ങൾ സ്ഥാപിച്ചതും ആഹാരത്തിനുള്ള വകകളും മറ്റും വ്യവസ്ഥപ്പെടുത്തിയതും വേറെ രണ്ടുദിവസം കൊണ്ടാണെന്നും അങ്ങനെ ഭൂമിയുടെ സൃഷ്ടികാര്യങ്ങൾ നാലുദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയിരിക്കുന്നതെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കി. ആകാശത്തിന്റെ കാര്യം പൂർത്തിയാക്കിയത്‌ രണ്ടുദിവസം കൊണ്ടാണെന്ന് അടുത്ത വചനത്തിലും പറയുന്നുണ്ട്‌. ഇങ്ങനെയാണ്‌ ആറു ദിവസം പൂർത്തിയാകുന്നതെന്നു മനസ്സിലാക്കാം. എന്നാൽ, ‘ദിവസം’ (يوم) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്ക് പരിചയപ്പെട്ട രാവും പകലും ചേർന്ന ദിവസമായിരിക്കയില്ല. ചില പ്രത്യേക തരത്തിലുള്ള കാലഘട്ടമായിരിക്കുവാനേ നിവൃത്തിയുള്ളൂ. കാരണം സൂര്യന്റെ ഉദയാസ്തമനങ്ങളാല്‍ ഉണ്ടായിത്തീരുന്ന ഒരു രാവും പകലും ചേര്‍ന്ന സമയത്തിനാണു നാം സാധാരണ ദിവസം എന്നു പറയുന്നത്. ആകാശഭൂമികളുടെ സൃഷ്ടിയും, അവയുടെ നിലവിലുള്ള വ്യവസ്ഥയും, പൂര്‍ത്തിയാകും മുമ്പ് രാപ്പകലുകളോ, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളോ ഉണ്ടാകുകയില്ലല്ലോ.

ഭൂമിയിൽ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നുവെന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. മനുഷ്യരടക്കം ഭൂമിയിലുള്ള കോടാനുകോടി ജീവികൾക്ക്‌ ജനിക്കുവാനും ജീവിക്കുവാനും അതതിന്റേതായ ജീവിതാവശ്യങ്ങൾ നിർവ്വഹിക്കുവാനും ഉപയുക്തമായ വിധത്തിൽ അന്നപാനാദി നൂറുനൂറായിരം കാര്യങ്ങൾ അല്ലാഹു ഇവിടെ നേരത്തേതന്നെ സജ്ജീകരിച്ച്‌ ക്രമപ്പെടുത്തി വെച്ചിരിക്കുന്നു. ഒരു വിത്ത്‌ ഭൂമിയിൽ നിക്ഷേപിച്ചാൽ അത്‌ അനേകം ഇരട്ടിയാക്കി അത്‌ തിരിച്ച്തരുന്നു. അതിന്റെ ഉപരിഭാഗത്ത്‌ ഇടതടവില്ലാതെ മനുഷ്യൻ വിവിധ മർദ്ദനപരാക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം അത്‌ സഹിക്കുന്നു. സഹിക്കുക മാത്രമല്ല അതിന്റെ ഉള്ളിൽ നിന്നു അതേ മർദ്ദകർക്ക്‌ വേണ്ട ഉൽപന്നങ്ങൾ അത്‌ ഉൽപാദിപ്പിച്ച്കൊടുക്കുകയും ചെയ്യുന്നു. എന്തെല്ലാം മാലിന്യങ്ങളും മ്ലേഛങ്ങളും കൊണ്ടാണ്‌ മനുഷ്യൻ ഭൂമിയെ നിത്യേന അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നതെന്നു കയ്യുംകണക്കുമില്ല. പക്ഷെ, അതെല്ലാം വളമയും പശിമയുമാക്കി മാറ്റിക്കൊടുക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. ഇതെല്ലാം ഭൂമിയിൽ അല്ലാഹു നൽകിയ എണ്ണമറ്റ ബർക്കത്തുകളിൽ ചിലതത്രേ.

ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ

അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. (11)

ഭൂമിയേയും ആകാശത്തേയും അഭിമുഖീകരിച്ചുകൊണ്ട്‌ അനുസരണപൂർവ്വമോ നിർബന്ധിതമായോ വരുവാൻ കൽപിച്ചുവെന്നും അവ അനുസരണപൂർവം തന്നെ വന്നുവെന്നും പറഞ്ഞിട്ടുള്ളത്‌ കേവലം ഒരു ഉപമാലങ്കാരപ്രയോഗമാകുന്നു. അവയും അവയിലുള്ള സർവവസ്‌തുക്കളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും വ്യവസ്ഥകൾക്കും പരിപൂർണ്ണമായും വിധേയമാണെന്നും അതിൽ എന്തെങ്കിലും വിഘ്നം വരുത്തുവാൻ അവക്ക്‌ സാധ്യമല്ലെന്നും സാരം.

فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ

അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. (12)

അങ്ങനെ ആറു ദിനങ്ങളിലായി ആകാശ ഭൂമികളുടെ സൃഷ്ടിപ്പും അവൻ പൂർത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. അഥവാ അതിന് യോജ്യമായ നിയന്ത്രണങ്ങളും നിർദേശങ്ങളും അല്ലാഹുവിന്റെ യുക്തി താൽപര്യപ്പെടും പ്രകാരം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.

നക്ഷത്രഗോളങ്ങൾ ഓരോന്നും നമ്മുടെ ഭൂമിയേക്കാൾ എത്രയോ മടങ്ങു വലുതാണെങ്കിലും നമ്മുടെ ദൃഷ്ടിയിൽ അവ ഒരു മേൽപുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുതവിളക്കുകൾ പോലെയാണല്ലോ. അതുകൊണ്ടാണ്‌  അടുത്ത ആകാശത്തെ വിളക്കുകൾ കൊണ്ട്‌ അലങ്കരിച്ചു എന്നു പറഞ്ഞിരിക്കുന്നത്‌. നക്ഷത്രങ്ങൾ ആകാശത്തിന് അലങ്കാരവും ഭംഗിയും ആണ്. അതിനുപുറമെ അവകൊണ്ട് വെളിച്ചം തേടപ്പെടുകയും വഴികണ്ടെത്തപ്പെടുകയും ചെയ്യുന്നു. അവ സർവ ധിക്കാരികളായ പിശാചുക്കളിൽനിന്നും ആകാശത്തിന് സംരക്ഷണവുമാണ്.

എന്നിരിക്കെ എല്ലാം അടക്കിഭരിക്കുന്ന ഏകനും മഹാനമായ ഈ രക്ഷിതാവിനോട് ആത്മാർഥത കാണിക്കുന്നതിനെ ബഹുദൈവവിശ്വാസികൾ ഉപേക്ഷിക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങളും അവന്റെ കൽപനകൾക്ക് കീഴൊതുങ്ങുകയും അവയിലെല്ലാം അവന്റെ വിധി നടപ്പിലാക്കുകയും ചെയ്യുന്നു. എന്നിട്ടും അവന് സമന്മാരെ സ്വീകരിക്കുന്നതും അവരെ അവനോട് സമപ്പെടുത്തുന്നതും അവർ അവരുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം വീഴ്ച വരുത്തുന്നതും മഹാത്ഭുതം തന്നെ. ഇവർ ഈ തിരിഞ്ഞുകളയൽ തുടരുകയാണെങ്കിൽ ഇഹലോകത്തും പരലോകത്തുമുള്ള ശിക്ഷയല്ലാതെ മറ്റൊരു മരുന്നുമില്ല അവർക്ക്. അതാണ് അല്ലാഹു അവരെ ഭീഷണിപ്പെടുത്തിപ്പറയുന്നത്:

فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ

എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. (13)

പ്രസിദ്ധമായ രണ്ട് ഗോത്രങ്ങളായ ആദ്, സമുദ് വിഭാഗങ്ങളുടെ സംഭവം മുമ്പ് കഴിഞ്ഞുപോയിട്ടുള്ളതാണ്. അവരെ ശിക്ഷ പിഴുതെറിഞ്ഞു. ശിക്ഷയുടെ നാശങ്ങൾ അവരിലിറങ്ങി. അതവരുടെ അവിശ്വാസവും അക്രമവും കാരണമായിരുന്നു അത്. ഇക്കാര്യം ഈ സത്യനിഷേധികളെയും അല്ലാഹു ഓര്‍മ്മിപ്പിക്കുകയാണ്.

9 മുതൽ 12 കൂടി വചനങ്ങളിലെ ഉള്ളടക്കം ഓർത്തുകൊണ്ടു ഈ വചനത്തിലെ താക്കീതിന്റെ ആഴം ഒന്നാലോചിച്ചുനോക്കുക! മുമ്പ് പ്രസ്താവിച്ചതുപോലെ ആ കടുത്ത മുശ്‌രിക്കായ ഉത്ബത്തിന്റെ മുഖഭാവം മാറിയതും കരിങ്കല്ലു പോലെ ഉറച്ചു കടുത്തിരുന്ന ആ ഹൃദയത്തിനു ചാഞ്ചല്യം നേരിട്ടതും ഈ താക്കീതിന്റെ ഗൗരവം നിമിത്തമാണ്.

 

അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *