ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ

മുഹമ്മദ് നബി ﷺ കഴിഞ്ഞാൽ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടനായ വ്യക്തിയാണ് അബൂബക്കർ സിദ്ദീഖ് رضي الله عنه. അദ്ദേഹം കഴിഞ്ഞാൽ ഈ ഉമ്മത്തിൽ അടുത്ത സ്ഥാനമുള്ളയാളാണ് ഉമർ ബ്നു ഖത്വാബ് رضي الله عنه.

عَنِ ابْنَ عُمَرَ قَالَ كُنَّا نَقُولُ وَرَسُولُ اللَّهِ صلى الله عليه وسلم حَىٌّ أَفْضَلُ أُمَّةِ النَّبِيِّ صلى الله عليه وسلم بَعْدَهُ أَبُو بَكْرٍ ثُمَّ عُمَرُ ثُمَّ عُثْمَانُ رضى الله عنهم أَجْمَعِينَ ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ജീവിച്ചിരിക്കെ ഞങ്ങൾ പറയുമായിരുന്നു, നബി ﷺ യുടെ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടൻ നബി ﷺ കഴിഞ്ഞാൽ അബൂബക്കർ, പിന്നെ ഉമർ, പിന്നെ ഉസ്മാൻ. (അബൂദാവൂദ്:4628 – സ്വഹീഹ് അൽബാനി)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كُنَّا نُخَيِّرُ بَيْنَ النَّاسِ فِي زَمَنِ النَّبِيِّ صلى الله عليه وسلم فَنُخَيِّرُ أَبَا بَكْرٍ، ثُمَّ عُمَرَ بْنَ الْخَطَّابِ، ثُمَّ عُثْمَانَ بْنَ عَفَّانَ رضى الله عنهم‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമറിനെ. ശേഷം ഉസ്മാനെ. (ബുഖാരി:3655)

عن مسروق أنه قال: حب أبي بكرٍ وعُمَر، ومعرفة فضلهما من السنة

മസ്റൂഖ് رحمه الله പറഞ്ഞു: അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെയും ഉമർ رَضِيَ اللَّهُ عَنْهُ വിനേയും സ്നേഹിക്കുന്നതും അവരുടെ ശ്രേഷ്ടതകൾ മനസ്സിലാക്കുന്നതും സുന്നത്തിൽ പെട്ടതാകുന്നു.

وقد ذكر ابن الجوزي: أن السلف كانوا يُعلِّمون أولادهم حب أبي بكر وعمر، كما يعلمونهم السور من القرآن

ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: സലഫുകൾ (മുൻഗാമികൾ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നതുപോലെ അവരുടെ മക്കളെ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിനെയും ഉമർ رَضِيَ اللَّهُ عَنْهُ വിനേയും സ്നേഹിക്കാൻ പഠിപ്പിക്കുമായിരുന്നു.

سُئل الحسن البصري رحمه الله : هل حب أبي بكر وعمر سُنّة ؟ قال : لا. بل فريضة.

ഹസനുൽ ബസ്വരി رحمه الله ചോദിക്കപ്പെട്ടു: അബൂബക്കർ رَضِيَ اللَّهُ عَنْهُ , ഉമർ رَضِيَ اللَّهُ عَنْهُ ഇവരെ സ്നേഹിക്കൽ സുന്നത്താണോ? അദ്ദേഹം പറഞ്ഞു: അല്ല, മറിച്ച് നിർബന്ധമാണ്. ( اللالكائي: ١٣١٢/٧)

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اقْتَدُوا بِاللَّذَيْنِ مِنْ بَعْدِي مِنْ أَصْحَابِي أَبِي بَكْرٍ وَعُمَرَ‏

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ എനിക്ക് ശേഷം എന്റെ സ്വഹാബികളായ അബൂബക്കറിനെയും ഉമറിനെയും മാതൃകയാക്കുക. (തിർമിദി: 49/4175)

عَنْ عَمْرُو بْنُ الْعَاصِ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم بَعَثَهُ عَلَى جَيْشِ ذَاتِ السَّلاَسِلِ، فَأَتَيْتُهُ فَقُلْتُ أَىُّ النَّاسِ أَحَبُّ إِلَيْكَ قَالَ ‏”‏ عَائِشَةُ ‏”‏‏.‏ فَقُلْتُ مِنَ الرِّجَالِ فَقَالَ ‏”‏ أَبُوهَا ‏”‏‏.‏ قُلْتُ ثُمَّ مَنْ قَالَ ‏”‏ ثُمَّ عُمَرُ بْنُ الْخَطَّابِ ‏”‏‏.‏ فَعَدَّ رِجَالاً‏.‏

അംറു ബ്നു ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ദാത്തുസ്സലാസിൽ യുദ്ധത്തിൽ അദ്ദേഹത്തെ സൈന്യാധിപനായി നിയോഗിച്ചു. അപ്പോൾ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു: അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആരാണ്? അവിടുന്ന് പറഞ്ഞു; ആയിശ, അദ്ദേഹം പറയുന്നു; ഞാൻ ചോദിച്ചു; പുരുഷന്മാരിൽ ആരെയാണ്? അവിടുന്ന് പറഞ്ഞു: അവരുടെ പിതാവ് (അബൂബക്കർ). ഞാൻ ചോദിച്ചു; പിന്നെ ആരെയാണ്? അവിടുന്ന് പറഞ്ഞു; ഉമർ. പിന്നെ കുറേ ആളുകളെ എണ്ണിപ്പറഞ്ഞു. (ബുഖാരി: 3662)

അതുകൊണ്ടുതന്നെ ഈ ഉമ്മത്തിലെ ശ്രേഷ്ട വ്യക്തിയായ ഉമർ رضي الله عنه വിന്റെ ശ്രേഷ്ടതകൾ അറിയാനും അദ്ദേഹത്തെ സ്നേഹിക്കാനും അദ്ദേഹത്തിന്റെ മാർഗത്തിൽ നിലകൊള്ളാനും സത്യവിശ്വാസികൾക്ക് കഴിയണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ لَقَدْ كَانَ فِيمَنْ كَانَ قَبْلَكُمْ مِنْ بَنِي إِسْرَائِيلَ رِجَالٌ يُكَلَّمُونَ مِنْ غَيْرِ أَنْ يَكُونُوا أَنْبِيَاءَ، فَإِنْ يَكُنْ مِنْ أُمَّتِي مِنْهُمْ أَحَدٌ فَعُمَرُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു. അവര്‍ നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്‍റെ അനുയായികളില്‍ അത്തരം ഒരാളുണ്ടെങ്കില്‍ അത് ഉമര്‍ മാത്രമാണ്. (ബുഖാരി:3689)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لَوْ كَانَ بَعْدِي نَبِيٌّ لَكَانَ عُمَرَ بْنَ الْخَطَّابِ ‏

ഉഖ്ബത്തുബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് ശേഷം നബി ഉണ്ടായിരുന്നുവെങ്കിൽ അത് ഉമർ ആയിരുന്നേനെ. (തിർമിദി:49/4050)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ وَالَّذِي نَفْسِي بِيَدِهِ مَا لَقِيَكَ الشَّيْطَانُ قَطُّ سَالِكًا فَجًّا إِلاَّ سَلَكَ فَجًّا غَيْرَ فَجِّكَ

നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം, (ഉമറേ) താങ്കൾ ഒരു വഴിയിൽ പ്രവേശിക്കുന്നതായി പിശാച് കണ്ടെത്തിയാൽ ആ വഴിയിൽ പിശാച് പ്രവേശിക്കുകയില്ല.  (ബുഖാരി:3294)

മക്കക്കാരില്‍ അതി ധീരശാലിയായിരുന്നു ഉമർ. ആര്‍ക്കും വഴങ്ങാത്ത പരുക്കന്‍ പ്രകൃതിയുടെ ഉടമയായിരുന്നു അദ്ദേഹം. നബി ﷺ യുടെ പ്രാർത്ഥനയുടെ ഫലമാണ് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഇസ്ലാം ആശ്ലേഷണം.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ اللَّهُمَّ أَعِزَّ الإِسْلاَمَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الْخَطَّابِ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പ്രാർത്ഥിച്ചു: അല്ലാഹുവേ, അബൂജഹ്ൽ, ഉമർ ബ്നു ഖത്വാബ് ഈ രണ്ട് പേരിൽ നിനക്കിഷ്ടപ്പെട്ട ഒരാളെ കൊണ്ട് നീ ഇസ്ലാമിന് പ്രതാപം നൽകേണമേ. (തിർമിദി:49/4045)

നുബുവ്വത്തിന് ശേഷം ആറാം വർഷം, ഇരുപത്തി ഏഴാം വയസ്സിലാണ് ഉമർ رَضِيَ اللَّهُ عَنْهُ ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണം മുസ്ലിംകൾക്ക് കൂടുതൽ കരുത്തും ധൈര്യവും പകർന്നു.

قَالَ عَبْدُ اللَّهِ مَا زِلْنَا أَعِزَّةً مُنْذُ أَسْلَمَ عُمَرُ‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഇസ്ലാം സ്വീകരണത്തോടെ ഞങ്ങൾ പ്രതാപത്തിലായി. (ബുഖാരി:3684)

ഉമർ رَضِيَ اللَّهُ عَنْهُ തന്റെ ജാഹിലിയ്യത്തിൽ സ്വന്തം മകളെ ജീവനോടെ കുഴിച്ച് മൂടിയെന്ന് പലരും പറയപ്പെടാറുണ്ട്. അതിന് യാതൊരു അടിസ്ഥാനവുമില്ല.

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിദഹുല്ലാഹ്) പറയുന്നു: ജാഹിലിയ്യത്തിലെ പതിവനുസരിച്ച് ഉമർ رَضِيَ اللَّهُ عَنْهُ തന്റെ മകളെ ജീവനോടെ കുഴിച്ച് മൂടിയെന്നത് പല ആളുകൾക്കിടയിലും കുപ്രസിദ്ധി നേടിയ കഥയാണ്. ആ കുട്ടിയെ കുഴിച്ച് മൂടുന്ന സമയത്ത് അവൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ താടിരോമങ്ങളിലെ മണ്ണ് തട്ടിമാറ്റിയിരുന്നെന്നും ഇസ്‌ലാമിനു ശേഷം ഈ സംഭവമോർത്ത് ഉമർ رَضِيَ اللَّهُ عَنْهُ കരഞ്ഞിരുന്നു എന്നൊക്കെയുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ പേരിലുള്ള ഒരു കള്ളക്കഥയാണിത്. ഇസ്‌ലാമിനു മുമ്പ് ഉമർ رَضِيَ اللَّهُ عَنْهُ കഠിന ഹൃദയനും കൊടും കുറ്റവാളിയുമൊക്കെ ആയിരുന്നുവെന്ന് പറയാനാണ് ഈ കഥ പറയുന്നത്. ഇതൊരിക്കലും സ്വീകാര്യമായ കഥയല്ല. ഒന്നാമത് ഈ കഥയുടെ സനദ് സ്വീകാര്യമല്ല. കാരണമതിൽ ജാബിർ ജുഅ്ഫി എന്ന കള്ള റിപ്പോർട്ടറുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ സഹോദരി ഫാത്വിമ ബിൻത് ഖത്വാബ് رضي الله عنها യും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ മകൾ ഹഫ്സ رضي الله عنها യും അവിടെയുണ്ട്. അവർ കുഴിച്ച് മൂടപ്പെട്ടിട്ടില്ല. അല്ലാഹുവിനെ പേടിക്കാത്ത ചില കള്ളന്മാരാണ് ഈ കളവിന് പിന്നിൽ. (https://youtu.be/td24knvyWKI)

ഉമർ رَضِيَ اللَّهُ عَنْهُ തന്റെ ശിഷ്ടജീവിതം ഇസ്‌ലാമിനായി സമര്‍പ്പിച്ചു. ദീനീ വിജ്ഞാനം നേടുന്നതിൽ അദ്ദേഹം കഠിനമായി പരിശ്രമിച്ചു.

عَنْ عُمَرَ، قَالَ كُنْتُ أَنَا وَجَارٌ، لِي مِنَ الأَنْصَارِ فِي بَنِي أُمَيَّةَ بْنِ زَيْدٍ، وَهْىَ مِنْ عَوَالِي الْمَدِينَةِ، وَكُنَّا نَتَنَاوَبُ النُّزُولَ عَلَى رَسُولِ اللَّهِ صلى الله عليه وسلم يَنْزِلُ يَوْمًا وَأَنْزِلُ يَوْمًا، فَإِذَا نَزَلْتُ جِئْتُهُ بِخَبَرِ ذَلِكَ الْيَوْمِ مِنَ الْوَحْىِ وَغَيْرِهِ، وَإِذَا نَزَلَ فَعَلَ مِثْلَ ذَلِكَ،

ഉമ൪ ബ്‌നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഞാനും മദീനയിലെ ഉമയ്യത്തുബ്‌നു സൈദിന്റെ കുടുംബത്തില്‍ പെട്ട എന്റെ ഒരു അന്‍സ്വാരി അയല്‍വാസിയും തമ്മില്‍ ഊഴം നിശ്ചയിച്ച് നബിﷺയുടെ അടുക്കല്‍ ചെല്ലുമായിരുന്നു. ഒരു ദിവസം അദ്ദേഹം, മറ്റൊരു ദിവസം ഞാനും എന്നിങ്ങനെ. ഞാന്‍ പോകുന്ന ദിവസത്തെ വിവരങ്ങള്‍ ഞാനദ്ദേഹത്തിന്ന് പകര്‍ന്നുകൊടുക്കും അദ്ദേഹം പോകുന്ന ദിവസങ്ങളില്‍ അദ്ദേഹവും അപ്രകാരം ചെയ്യുമായിരുന്നു. (ബുഖാരി:89, )

عَنِ  بْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ بَيْنَا أَنَا نَائِمٌ أُتِيتُ بِقَدَحِ لَبَنٍ، فَشَرِبْتُ حَتَّى إِنِّي لأَرَى الرِّيَّ يَخْرُجُ فِي أَظْفَارِي، ثُمَّ أَعْطَيْتُ فَضْلِي عُمَرَ بْنَ الْخَطَّابِ ‏”‏‏.‏ قَالُوا فَمَا أَوَّلْتَهُ يَا رَسُولَ اللَّهِ قَالَ ‏”‏ الْعِلْمَ ‏”‏‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ഞാൻ  ഉറങ്ങി കിടക്കുമ്പോൾ ഒരു പാൽപാത്രം എന്റെ അടുക്കലേക്ക് കൊണ്ടുവന്നു. ഞാൻ അതിൽ നിന്ന് കുടിച്ചു. അതിന്റെ കുളിർമ നഖങ്ങൾക്കിടയിലൂടെ ഞാൻ അനുഭവിച്ചു. ശേഷം അത് ഞാൻ ഉമറിന് കൊടുത്തു.  അവർ ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ, അതിന്റെ വ്യാഖ്യാനം എന്താണ്? നബി പറഞ്ഞു: അത് الْعِلْمَ (അറിവ്) ആകുന്നു. (ബുഖാരി: 82)

عَنْ أَبِي سَعِيدٍ الْخُدْرِيَّ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: بَيْنَا أَنَا نَائِمٌ رَأَيْتُ النَّاسَ يُعْرَضُونَ عَلَىَّ، وَعَلَيْهِمْ قُمُصٌ مِنْهَا مَا يَبْلُغُ الثُّدِيَّ، وَمِنْهَا مَا دُونَ ذَلِكَ، وَعُرِضَ عَلَىَّ عُمَرُ بْنُ الْخَطَّابِ وَعَلَيْهِ قَمِيصٌ يَجُرُّهُ ‏”‏‏.‏ قَالُوا فَمَا أَوَّلْتَ ذَلِكَ يَا رَسُولَ اللَّهِ قَالَ ‏”‏ الدِّينَ ‏”‏‏.‏

അബൂസഈദില്‍ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാനൊരിക്കല്‍ ഉറങ്ങി കിടക്കുമ്പോൾ കുപ്പായം ധരിപ്പിച്ച്‌ ചില മനുഷ്യരെ എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ കണ്ടു. ചിലരുടെ കുപ്പായം മുലവരെ എത്തിയിട്ടുണ്ട്‌. ചിലരുടേത്‌ അത്രയും ഇറക്കമില്ല. അക്കൂട്ടത്തില്‍ ഉമറുബ്‌നു ഖത്താബും എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അദ്ദേഹം ധരിച്ച കുപ്പായം നിലത്ത്‌ ഇഴഞ്ഞു കിടന്നിരുന്നു. (ഇത്‌ കേട്ട്‌) അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! ഈ സ്വപ്നത്തിന്‌ അവിടുന്നു നല്‍കുന്ന വ്യാഖ്യാനമെന്ത്‌? നബി ﷺ പറഞ്ഞു: അത്‌ മതനിഷ്ഠ ആകുന്നു. (ബുഖാരി:23)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ، ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ ‏”‏ بَيْنَا رَجُلٌ يَسُوقُ بَقَرَةً إِذْ رَكِبَهَا فَضَرَبَهَا فَقَالَتْ إِنَّا لَمْ نُخْلَقْ لِهَذَا، إِنَّمَا خُلِقْنَا لِلْحَرْثِ ‏”‏‏.‏ فَقَالَ النَّاسُ سُبْحَانَ اللَّهِ بَقَرَةٌ تَكَلَّمُ‏.‏ فَقَالَ ‏”‏ فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ـ وَمَا هُمَا ثَمَّ ـ وَبَيْنَمَا رَجُلٌ فِي غَنَمِهِ إِذْ عَدَا الذِّئْبُ فَذَهَبَ مِنْهَا بِشَاةٍ، فَطَلَبَ حَتَّى كَأَنَّهُ اسْتَنْقَذَهَا مِنْهُ، فَقَالَ لَهُ الذِّئْبُ هَذَا اسْتَنْقَذْتَهَا مِنِّي فَمَنْ لَهَا يَوْمَ السَّبُعِ، يَوْمَ لاَ رَاعِيَ لَهَا غَيْرِي ‏”‏‏.‏ فَقَالَ النَّاسُ سُبْحَانَ اللَّهِ ذِئْبٌ يَتَكَلَّمُ‏.‏ قَالَ ‏”‏ فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി ﷺ സുബ്ഹി നമസ്കരിച്ച ശേഷം ആളുകളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു: മുമ്പ് കാലത്ത് ഒരാൾ പശുവിനെയും തെളിച്ച് പോവുകയായിരുന്നു . അങ്ങനെയിരിക്കെ അദ്ദേഹം പശുവിന്റെ പുറത്ത് കയറി ഇരിക്കുകയും , പശുവിനെ അടിക്കുകയും ചെയ്തു .അപ്പോൾ പശു പറഞ്ഞു : ഞങ്ങളെ ഇതിന് വേണ്ടി (യാത്ര ചെയ്യാൻ) സൃഷ്ടിക്കപ്പെട്ടവയല്ല . ഞങ്ങള്‍ കൃഷി ആവിശ്യ ങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവയാണ് .അപ്പോൾ സഹാബികൾ പറഞ്ഞു . സുബ്ഹാനല്ലാഹ് ! പശു സംസാരിക്കുന്നുവല്ലോ . നബി ﷺ പറഞ്ഞു : ഞാനും അബൂബക്കറും ഉമറും ഈ സംഭവത്തിൽ വിശ്വസിക്കുന്നു. അബൂബക്കറും , ഉമറും ആ സദസ്സിൽ ഉണ്ടായിരുന്നില്ല. (ബുഖാരി:3471)

സുന്നത്തുകൾക്ക് ഇസ്ലാമിലുള്ള സ്ഥാനം ഉന്നതാണ്. സമ്പൂർണ്ണമായി സുന്നത്തിന് മുമ്പിൽ കീഴടങ്ങാൻ കഴിയണം.  അവിടെ ബുദ്ധിക്ക് പ്രാധാന്യമില്ല. അതിന്റെ ഹിക്മത്ത് അന്വേഷിക്കേണ്ടതുമില്ല. ഇതിലെല്ലാം ഉമർ رَضِيَ اللَّهُ عَنْهُ വിൽ മഹനീയമായ മാതൃക കാണാം.

عَنْ زَيْدُ بْنُ أَسْلَمَ، عَنْ أَبِيهِ، قَالَ رَأَيْتُ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ قَبَّلَ الْحَجَرَ وَقَالَ لَوْلاَ أَنِّي رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم قَبَّلَكَ مَا قَبَّلْتُكَ‏.‏

സൈദ് ബ്നു അസ്ലം رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ  നിന്ന് നിവേദനം: ഉമർ ഇബ്നു ഖത്താബ് رَضِيَ اللَّهُ عَنْهُ ഹജ്റുൽ അസ് വദ് ചുംബിക്കുന്നത് ഞാൻ കണ്ടു: അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത കേവലം ഒരു കല്ലാണ് നീയെന്ന് എനിക്കറിയാം. നിന്നെ നബി ﷺ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല. (ബുഖാരി 1610)

عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، يَقُولُ فِيمَ الرَّمَلاَنُ الْيَوْمَ وَالْكَشْفُ عَنِ الْمَنَاكِبِ، وَقَدْ أَطَّأَ اللَّهُ الإِسْلاَمَ وَنَفَى الْكُفْرَ وَأَهْلَهُ مَعَ ذَلِكَ لاَ نَدَعُ شَيْئًا كُنَّا نَفْعَلُهُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏

സൈദ് ബ്നു അസ്ലം رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു ഇസ്ലാമിന് സ്വാധീനമുണ്ടാക്കുകയും കുഫ്റിനെയും ശിർക്കിനെയും അവിശ്വാസികളെയും മക്കയിൽ നിന്ന് തുടച്ച് നീക്കുകയും ചെയ്തതിൽ പിന്നെ ത്വവാഫ് ചെയ്യുമ്പോൾ എന്തിനാണ് റമൽ (കാലടുപ്പിച്ച് കൊണ്ടുള്ള ഓട്ടം)? എന്തിനാണ് ഇഹ്റാമിലെ വസ്ത്രം ധരിക്കുമ്പോൾ വലം ചുമൽ വെളിപ്പെടുത്തുന്നത്? (ഇപ്പോൾ അതിന്റെ ആവശ്യമില്ല). എന്നാലും നബി ﷺ യുടെ കാലത്ത് ചെയ്ത ഒന്നുമേ നാം ഉപേക്ഷിക്കുകയില്ലതന്നെ. (അബൂദാവൂദ്:1887 – സ്വഹീഹ് അൽബാനി)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ اللَّهَ جَعَلَ الْحَقَّ عَلَى لِسَانِ عُمَرَ وَقَلْبِهِ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഉമറിന്റെ നാവിലും ഹൃദയത്തിലും സത്യത്തെ നിക്ഷേപിച്ചിരിക്കുന്നു” (തിര്‍മിദി:49/78)

ഇതിന്റെ ഒരു വിശദീകരണമായി കൊണ്ടുള്ള മറ്റൊരു ഹദീസ് കാണുക:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّهُ قَدْ كَانَ فِيمَا مَضَى قَبْلَكُمْ مِنَ الأُمَمِ مُحَدَّثُونَ، وَإِنَّهُ إِنْ كَانَ فِي أُمَّتِي هَذِهِ مِنْهُمْ، فَإِنَّهُ عُمَرُ بْنُ الْخَطَّابِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള സമൂഹത്തിൽ ചില സംസാരിക്കുന്നവർ ഉണ്ടായിരുന്നു. അവരുടെ മനസിൽ അല്ലാഹു നല്ല തീരുമാനങ്ങൾ ഇട്ട് കൊടുക്കും. അങ്ങനെ ആരെങ്കിലും ഈ ഉമ്മത്തിൽ ഉണ്ടെങ്കിൽ അത് ഉമർ ബ്നു ഖത്വാബ് ആയിരിക്കും. (ബുഖാരി:3469)

ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ചരിത്രത്തിൽ ഇത് കാണാവുന്നതാണ്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും അല്ലാഹു ശരിവെച്ച് വിശുദ്ധ ഖുർആനിൽ ആയത്തുകൾ അവതരിപ്പിച്ചിട്ടുണ്ട്.

മക്വാമു ഇബ്‌റാഹീമിനെ ഇടയിലാക്കി കഅ്ബഃയുടെ നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കുന്നത് പുണ്യകരമാണ്.  ഈ സ്ഥാനത്ത് നമസ്‌കാരം പുണ്യകര്‍മമായി നിശ്ചയിച്ചതില്‍ ഉമർ ബ്‌നു  ഖത്വാബ് رَضِيَ اللَّهُ عَنْهُ വിന് ഒരു പങ്കുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ عُمَرُ قُلْتُ يَا رَسُولَ اللَّهِ لَوِ اتَّخَذْتَ مِنْ مَقَامِ إِبْرَاهِيمَ مُصَلًّى فَنَزَلَتْ ‏{وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى}‏ ‏.‏

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:  ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, മക്വാമു ഇബ്‌റാഹീമില്‍ നിന്ന് (അതിനടുത്ത് വെച്ച്) നാം ഒരു നമസ്‌കാരസ്ഥാനം സ്വീകരിച്ചെങ്കില്‍. അങ്ങനെ “മക്വാമു ഇബ്‌റാഹീമില്‍ നിന്ന് നിങ്ങള്‍ ഒരു നമസ്‌കാര സ്ഥാനം സ്വീകരിച്ചുകൊള്ളുവിന്‍” എന്ന് അവതരിച്ചു.  (ഇബ്നുമാജ:1009)

وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّى ۖ

ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക ….. (ഖുർആൻ:2/125)

അങ്ങയുടെ അടുക്കല്‍ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) ഹിജാബ് സ്വീകരിക്കുവാന്‍ അങ്ങ് കല്പിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് ഒരിക്കൽ ഉമർ رَضِيَ اللَّهُ عَنْهُ നബി ﷺ യോട് പറഞ്ഞു. അങ്ങനെ അല്ലാഹു ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചു.

‏ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا

നിങ്ങള്‍ അവരോട് (നബി ﷺ യുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (ഖുർആൻ:33/53)

സൂറ: തഹ്’രീമിലെ ഒരു ആയത്ത് അവതരിച്ചതിനും ഉമർ رَضِيَ اللَّهُ عَنْهُ കാരണമായിരുന്നു.

عَنْ أَنَسٍ، قَالَ قَالَ عُمَرُ ـ رضى الله عنه ـ اجْتَمَعَ نِسَاءُ النَّبِيِّ صلى الله عليه وسلم فِي الْغَيْرَةِ عَلَيْهِ فَقُلْتُ لَهُنَّ عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبَدِّلَهُ أَزْوَاجًا خَيْرًا مِنْكُنَّ‏.‏ فَنَزَلَتْ هَذِهِ الآيَةُ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ യുടെ പത്നിമാര്‍ നബി ﷺ ക്കെതിരില്‍ ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട്‌ സംഘടിച്ചു. അപ്പോള്‍ നബി ﷺ നിങ്ങളെ വിവാഹമുക്തരാക്കുന്നപക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന്‌ പകരം നല്‍കുമെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്ത് അവതരിപ്പിച്ചു. (ബുഖാരി:4916)

عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَٰتٍ مُّؤْمِنَٰتٍ قَٰنِتَٰتٍ تَٰٓئِبَٰتٍ عَٰبِدَٰتٍ سَٰٓئِحَٰتٍ ثَيِّبَٰتٍ وَأَبْكَارًا

(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. (ഖുർആൻ:66/5)

عَنْ أَنَسٍ، قَالَ قَالَ عُمَرُ وَافَقْتُ رَبِّي فِي ثَلاَثٍ، فَقُلْتُ يَا رَسُولَ اللَّهِ لَوِ اتَّخَذْنَا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى فَنَزَلَتْ ‏{‏وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى‏}‏ وَآيَةُ الْحِجَابِ قُلْتُ يَا رَسُولَ اللَّهِ، لَوْ أَمَرْتَ نِسَاءَكَ أَنْ يَحْتَجِبْنَ، فَإِنَّهُ يُكَلِّمُهُنَّ الْبَرُّ وَالْفَاجِرُ‏.‏ فَنَزَلَتْ آيَةُ الْحِجَابِ، وَاجْتَمَعَ نِسَاءُ النَّبِيِّ صلى الله عليه وسلم فِي الْغَيْرَةِ عَلَيْهِ فَقُلْتُ لَهُنَّ عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبَدِّلَهُ أَزْوَاجًا خَيْرًا مِنْكُنَّ‏.‏ فَنَزَلَتْ هَذِهِ الآيَةُ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: മൂന്ന്‌ പ്രശ്നങ്ങളില്‍ എന്‍റെ രക്ഷിതാവിനോട്‌ എന്‍റെ അഭിപ്രായം യോജിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ! മഖാമു ഇബ്രാഹിമിനെ നാം നമസ്കാരസ്ഥലമാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ അല്ലാഹു ആയത്ത് അവതരിപ്പിച്ചു. ‏‏{മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കി വെക്കുവീന്‍‏} , ഹിജാബിന്റെ ആയത്തിലും യോജിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ അങ്ങയുടെ പത്നിമാരോട്‌ ജനദ്റ്‍ഷ്ടിയില്‍ നിന്ന്‌ മറഞ്ഞിരിക്കാന്‍ അങ്ങുന്നു കല്‍പിച്ചെങ്കില്‍ നന്നായിരുന്നു. കാരണം അവരോട്‌ ഇന്ന്‌ ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോള്‍ ഹിജാബിന്റെ ആയത്തു അവതരിപ്പിച്ചു. നബി ﷺ യുടെ പത്നിമാര്‍ നബി ﷺ ക്കെതിരില്‍ ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട്‌ സംഘടിച്ചു. അപ്പോള്‍ നബി ﷺ നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന്‌ പകരം നല്‍കുമെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്ത് (ഖുർആൻ:66/5)  അവതരിപ്പിച്ചു. (ബുഖാരി:402)

ബദ്റിലെ  ബന്ദികളുടെ വിഷയത്തിലും  ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അഭിപ്രായത്തെ ശരി വെച്ച് കൊണ്ട് അല്ലാഹു ആയത്തിറക്കി. ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ എഴുപത് മുശ്രിക്കുകളെ കൊലപ്പെടുത്തുകയും, എഴുപത് പേരെ ബന്ധനസ്ഥരാക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലിമിൽ ഇപ്രകാരം കാണാം:

قَالَ ابْنُ عَبَّاسٍ فَلَمَّا أَسَرُوا الأُسَارَى قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي بَكْرٍ وَعُمَرَ ‏”‏ مَا تَرَوْنَ فِي هَؤُلاَءِ الأُسَارَى ‏”‏ ‏.‏ فَقَالَ أَبُو بَكْرٍ يَا نَبِيَّ اللَّهِ هُمْ بَنُو الْعَمِّ وَالْعَشِيرَةِ أَرَى أَنْ تَأْخُذَ مِنْهُمْ فِدْيَةً فَتَكُونُ لَنَا قُوَّةً عَلَى الْكُفَّارِ فَعَسَى اللَّهُ أَنْ يَهْدِيَهُمْ لِلإِسْلاَمِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا تَرَى يَا ابْنَ الْخَطَّابِ ‏”‏ ‏.‏ قُلْتُ لاَ وَاللَّهِ يَا رَسُولَ اللَّهِ مَا أَرَى الَّذِي رَأَى أَبُو بَكْرٍ وَلَكِنِّي أَرَى أَنْ تُمَكِّنَّا فَنَضْرِبَ أَعْنَاقَهُمْ فَتُمَكِّنَ عَلِيًّا مِنْ عَقِيلٍ فَيَضْرِبَ عُنُقَهُ وَتُمَكِّنِّي مِنْ فُلاَنٍ – نَسِيبًا لِعُمَرَ – فَأَضْرِبَ عُنُقَهُ فَإِنَّ هَؤُلاَءِ أَئِمَّةُ الْكُفْرِ وَصَنَادِيدُهَا فَهَوِيَ رَسُولُ اللَّهِ صلى الله عليه وسلم مَا قَالَ أَبُو بَكْرٍ وَلَمْ يَهْوَ مَا قُلْتُ فَلَمَّا كَانَ مِنَ الْغَدِ جِئْتُ فَإِذَا رَسُولُ اللَّهِ صلى الله عليه وسلم وَأَبُو بَكْرٍ قَاعِدَيْنِ يَبْكِيَانِ قُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي مِنْ أَىِّ شَىْءٍ تَبْكِي أَنْتَ وَصَاحِبُكَ فَإِنْ وَجَدْتُ بُكَاءً بَكَيْتُ وَإِنْ لَمْ أَجِدْ بُكَاءً تَبَاكَيْتُ لِبُكَائِكُمَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَبْكِي لِلَّذِي عَرَضَ عَلَىَّ أَصْحَابُكَ مِنْ أَخْذِهِمُ الْفِدَاءَ لَقَدْ عُرِضَ عَلَىَّ عَذَابُهُمْ أَدْنَى مِنْ هَذِهِ الشَّجَرَةِ ‏”‏ ‏.‏ شَجَرَةٍ قَرِيبَةٍ مِنْ نَبِيِّ اللَّهِ صلى الله عليه وسلم ‏.‏ وَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَى حَتَّى يُثْخِنَ فِي الأَرْضِ‏}‏ إِلَى قَوْلِهِ ‏{‏ فَكُلُوا مِمَّا غَنِمْتُمْ حَلاَلاً طَيِّبًا‏}‏ فَأَحَلَّ اللَّهُ الْغَنِيمَةَ لَهُمْ ‏.‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറയുന്നു: (ബദ്റിലെ ബന്ധനസ്ഥരുടെ വിഷയത്തില്‍) നബി ﷺ അബൂബക്കറിനോടും ഉമറിനോടും ചോദിച്ചു: ‘ഈ ബന്ദികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്താണ് അഭിപ്രായപ്പെടുന്നത്.’ അപ്പോള്‍ അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ പിതൃവ്യ പുത്രന്മാരും കുടുംബക്കാരും ആണല്ലോ. അവരില്‍ നിന്ന് നമുക്ക് പ്രായച്ഛിത്തം വാങ്ങാം. അപ്പോള്‍ നമുക്കത് നിഷേധികള്‍ക്കെതിരെ ഒരു ശക്തിയായി മാറും. മാത്രവുമല്ല അല്ലാഹു അവരെ ഹിദായത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.’ അപ്പോള്‍ നബി ﷺ ഉമറിനോട് ചോദിച്ചു: ‘ഉമര്‍, നിന്റെ അഭിപ്രായം എന്താണ്.’ അദ്ദേഹം പറഞ്ഞു: ‘ഇല്ല റസൂലേ, അബൂബക്കര്‍ പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. അവരുടെയെല്ലാം കഴുത്തു വെട്ടണം എന്നതാണ് എന്റെ അഭിപ്രായം. ഇന്നയിന്ന ആളുകളെ അലിയെ ഏല്‍പിക്കുക അലി അവരുടെ കഴുത്ത് വെട്ടട്ടെ. ഇന്നയിന്ന ആളുകളെ എന്നെ ഏല്‍പിക്കുക. ഞാന്‍ അവരുടെ കഴുത്ത് വെട്ടാം. കാരണം സത്യനിഷേധത്തിന്റെ നേതാക്കന്മാരാണിവര്‍.’ എന്നാല്‍ നബി ﷺ താല്‍പര്യം കാണിച്ചത് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞ അഭിപ്രായത്തോടായിരുന്നു. ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുകയാണ്: ‘പിറ്റേ ദിവസം ഞാന്‍ ചെന്നുനോക്കിയപ്പോള്‍ നബി ﷺ യും അബൂബക്കറും ഇരുന്നു കരയുകയായിരുന്നു. ഞാന്‍ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരേ, എന്തിന്റെ പേരിലാണ് നിങ്ങളും കൂട്ടുകാരനും കരയുന്നത്? കരയേണ്ട കാര്യമാണെങ്കില്‍ എനിക്കും കരയാമല്ലോ. ഇനി കരച്ചില്‍ വന്നില്ലെങ്കിലും നിങ്ങള്‍ കരയുന്ന കാരണത്താല്‍ ഞാനും ഉണ്ടാക്കി കരയാം.’ ‘ബന്ദികളുടെ കാര്യത്തില്‍ അവരില്‍നിന്ന് പ്രായച്ഛിത്തം സ്വീകരിക്കണം എന്ന നിന്റെയും കൂട്ടുകാരുടെയും അഭിപ്രായത്തിന്റെ പേരിലാണ് ഞാന്‍ കരയുന്നത്.’ തൊട്ടടുത്തുള്ള ഒരു മരം ചൂണ്ടിക്കാണിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഈ മരത്തെക്കാള്‍ സമീപത്തായിക്കൊണ്ട് അവര്‍ക്കുള്ള ശിക്ഷ എനിക്ക് കാണിക്കപ്പെട്ടു. അല്ലാഹു ഈ ആയത്തും അവതരിപ്പിച്ചിട്ടുണ്ട്.’ (മുസ്ലിം:1763)

مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ‎﴿٦٧﴾‏ لَّوْلَا كِتَٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ ‎﴿٦٨﴾‏ فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎﴿٦٩﴾‏

ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:8/67-69)

കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു രംഗം കാണുക:

عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنهم ـ أَنَّهُ قَالَ لَمَّا مَاتَ عَبْدُ اللَّهِ بْنُ أُبَىٍّ ابْنُ سَلُولَ دُعِيَ لَهُ رَسُولُ اللَّهِ صلى الله عليه وسلم لِيُصَلِّيَ عَلَيْهِ، فَلَمَّا قَامَ رَسُولُ اللَّهِ صلى الله عليه وسلم وَثَبْتُ إِلَيْهِ فَقُلْتُ يَا رَسُولَ اللَّهِ، أَتُصَلِّي عَلَى ابْنِ أُبَىٍّ وَقَدْ قَالَ يَوْمَ كَذَا وَكَذَا كَذَا وَكَذَا ـ أُعَدِّدُ عَلَيْهِ قَوْلَهُ ـ فَتَبَسَّمَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ‏”‏ أَخِّرْ عَنِّي يَا عُمَرُ ‏”‏‏.‏ فَلَمَّا أَكْثَرْتُ عَلَيْهِ قَالَ ‏”‏ إِنِّي خُيِّرْتُ فَاخْتَرْتُ، لَوْ أَعْلَمُ أَنِّي إِنْ زِدْتُ عَلَى السَّبْعِينَ فَغُفِرَ لَهُ لَزِدْتُ عَلَيْهَا ‏”‏‏.‏ قَالَ فَصَلَّى عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ انْصَرَفَ، فَلَمْ يَمْكُثْ إِلاَّ يَسِيرًا حَتَّى نَزَلَتِ الآيَتَانِ مِنْ ‏{‏بَرَاءَةٌ‏}‏ ‏{‏وَلاَ تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا‏}‏ إِلَى ‏{‏وَهُمْ فَاسِقُونَ‏}‏ قَالَ فَعَجِبْتُ بَعْدُ مِنْ جُرْأَتِي عَلَى رَسُولِ اللَّهِ صلى الله عليه وسلم يَوْمَئِذٍ، وَاللَّهُ وَرَسُولُهُ أَعْلَمُ‏.‏

ഉമര്‍(റ) പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു (തൗബ 84)} (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി:1366)

അല്ലാഹുവിന്റെ കൽപ്പനകൾക്ക് സമ്പൂർണ്ണമായി കീഴൊതുങ്ങിയ വ്യക്തിയായിരുന്നു ഉമർ رَضِيَ اللَّهُ عَنْهُ. തമീം ഗോത്രക്കാരുടെ നിവേദകസംഘം  നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബകർ  رضي الله عنه വും ഉമർ رضي الله عنه വും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ഖുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഖുർആൻ:49/2)

പിന്നീട് ഉമർ رضي الله عنه  നബി ﷺ യോട് സംസാരിക്കുമ്പോൾ, അതുകേട്ട് മനസ്സിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെ വരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്.

വിശുദ്ധ  ഖുർആൻ കേട്ടാൽ അവിടെ നില്‍ക്കുന്ന ആളായിരുന്നു ഉമർ رَضِيَ اللَّهُ عَنْهُ.

عَنِ ابْنَ عَبَّاسٍ ـ رضى الله عنهما ـ قَالَ قَدِمَ عُيَيْنَةُ بْنُ حِصْنِ بْنِ حُذَيْفَةَ فَنَزَلَ عَلَى ابْنِ أَخِيهِ الْحُرِّ بْنِ قَيْسٍ، وَكَانَ مِنَ النَّفَرِ الَّذِينَ يُدْنِيهِمْ عُمَرُ، وَكَانَ الْقُرَّاءُ أَصْحَابَ مَجَالِسِ عُمَرَ وَمُشَاوَرَتِهِ كُهُولاً كَانُوا أَوْ شُبَّانًا‏.‏ فَقَالَ عُيَيْنَةُ لاِبْنِ أَخِيهِ يَا ابْنَ أَخِي، لَكَ وَجْهٌ عِنْدَ هَذَا الأَمِيرِ فَاسْتَأْذِنْ لِي عَلَيْهِ‏.‏ قَالَ سَأَسْتَأْذِنُ لَكَ عَلَيْهِ‏.‏ قَالَ ابْنُ عَبَّاسٍ فَاسْتَأْذَنَ الْحُرُّ لِعُيَيْنَةَ فَأَذِنَ لَهُ عُمَرُ، فَلَمَّا دَخَلَ عَلَيْهِ قَالَ هِيْ يَا ابْنَ الْخَطَّابِ، فَوَاللَّهِ مَا تُعْطِينَا الْجَزْلَ، وَلاَ تَحْكُمُ بَيْنَنَا بِالْعَدْلِ‏.‏ فَغَضِبَ عُمَرُ حَتَّى هَمَّ بِهِ، فَقَالَ لَهُ الْحُرُّ يَا أَمِيرَ الْمُؤْمِنِينَ إِنَّ اللَّهَ تَعَالَى قَالَ لِنَبِيِّهِ صلى الله عليه وسلم ‏{‏خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ‏}‏ وَإِنَّ هَذَا مِنَ الْجَاهِلِينَ‏.‏ وَاللَّهِ مَا جَاوَزَهَا عُمَرُ حِينَ تَلاَهَا عَلَيْهِ، وَكَانَ وَقَّافًا عِنْدَ كِتَابِ اللَّهِ‏.‏

ഇബ്‌നു അബ്ബാസ്‌ رَضِيَ اللَّهُ عَنْهُما പറയുന്നു: ഉയൈനത്തു  ബ്‌നു ഹിസ്വാന്‍  رَضِيَ اللهُ تَعَالَى عَنْهُ  അദ്ദേഹത്തിന്റെ സഹോദര പുത്രനായ ഹുര്‍റുബ്‌നു ക്വൈസ്‌  رَضِيَ اللهُ تَعَالَى عَنْهُ  വിന്റെ അടുക്കല്‍ വന്ന്‌ തനിക്കു ഖലീഫ ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിനോട് ഒരു സംഭാഷണത്തിന് അനുമതി വാങ്ങികൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിന്റെ സദസ്സിലും, കാര്യാലോചനകളിലും അംഗങ്ങളായിരുന്നവര്‍ ഖുര്‍ആന്‍ അധികം പഠിച്ചവരായിരുന്നു. അവര്‍ യുവാക്കളോ വയസ്സു ചെന്നവരോ എന്ന വ്യത്യാസമില്ലായിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ഹുര്‍റും رَضِيَ اللهُ تَعَالَى عَنْهُ. അങ്ങനെ സമ്മതം ലഭിച്ചു ഉയൈനത്ത്‌ ചെന്നപ്പോള്‍ അദ്ദേഹം (ഖലീഫയോട്‌) ഇങ്ങനെ പറഞ്ഞു: “ഖത്ത്വാബിന്റെ മകനേ, അല്ലാഹുവിനെത്തെന്നയാണ! താങ്കള്‍ ഞങ്ങള്‍ക്കു അധികമൊന്നും തരാറില്ല; ഞങ്ങളില്‍ നീതിയനുസരിച്ചു വിധിക്കാറുമില്ല.”  ഇതു കേട്ടപ്പോള്‍ ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിനു കോപം വന്നു. അദ്ദേഹത്തെ വല്ലതും ചെയ്‌വാനുള്ള ഭാവമായി. അപ്പോള്‍, ഹുര്‍റ്‌ رَضِيَ اللهُ تَعَالَى عَنْهُ പറഞ്ഞു: “അമീറുല്‍ മുഅ്‌മിനീന്‍! അല്ലാഹു നബി ﷺ യോട് ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്‌. خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ {‏നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖുർആൻ:7/199)} ഇയാള്‍ (ഉയയ്‌നത്ത്‌) വിഡ്‌ഢികളില്‍പെട്ടവനുമാകുന്നു”. ഇബ്‌നു അബ്ബാസ്‌  പറയുകയാണ്: “അല്ലാഹുവാണ! ഈ വചനം ഓതിക്കേട്ടപ്പോള്‍ അതിനപ്പുറം പിന്നെ ഉമര്‍ ഒന്നും ചെയ്‌തില്ല. അദ്ദേഹം ക്വുര്‍ആന്‍ കേട്ടാല്‍ നില്‍ക്കുന്ന ആളായിരുന്നു.” (ബുഖാരി:4642)

 ഏറെ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ഒരു ഉദാഹരണം കാണുക:

قَالَ عُمَرُ لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ حَتَّى يَقُولَ قَائِلٌ لاَ نَجِدُ الرَّجْمَ فِي كِتَابِ اللَّهِ‏.‏ فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ، أَلاَ وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى، وَقَدْ أَحْصَنَ، إِذَا قَامَتِ الْبَيِّنَةُ، أَوْ كَانَ الْحَمْلُ أَوْ الاِعْتِرَافُ

ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ജനങ്ങളില്‍ കുറേകാലം ദീര്‍ഘിക്കുമ്പോള്‍ വല്ലവരും: ‘അല്ലാഹുവിന്റെ കിത്താബില്‍ ‘റജ്മു’ (വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലല്‍) നാം കാണുന്നില്ലല്ലോ’ എന്ന് പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ, അതുമൂലം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിര്‍ബ്ബന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവര്‍ പിഴച്ചുപോയേക്കും. അല്ലാ! (അറിയുക): എറിഞ്ഞുകൊല്ലുക (الرَّجْم) എന്നത് ‘മുഹ്സ്വനാ’യ നിലയില്‍ വ്യഭിചാരം ചെയ്തവന്റെ പേരില്‍ നടത്തല്‍ കടമയാകുന്നു – തെളിവ് സ്ഥാപിതമാകുകയോ, അല്ലെങ്കില്‍ ഗര്‍ഭമോ കുറ്റം സമ്മതിക്കലോ ഉണ്ടാവുകയോ ചെയ്‌താല്‍. (ബുഖാരി:6829)

ഉമര്‍  رضي الله عنه വിന്റെ ദീര്‍ഘദൃഷ്ടി നോക്കുക! അദ്ദേഹത്തിന്റെ കാലത്ത് ‘റജ്മി’നെ നിഷേധിക്കുന്നവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും, കാലാന്തരത്തില്‍ അങ്ങനെ ഒരു കൂട്ടര്‍ ഉടലെടുക്കുമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികൊണ്ട് അദ്ദേഹം മനസ്സിലാക്കി. അവരെ താന്‍ മുന്‍കൂട്ടി താക്കീതും ചെയ്തു. നബി ﷺ ക്ക് ശേഷം പ്രവാചകന്‍മാരുണ്ടാകുമായിരുന്നുവെങ്കില്‍ ‘ഉമര്‍ പ്രവാചകനാകുമായിരുന്നു’വെന്ന് കാണിക്കുന്ന നബിവചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 24/2 ന്റെ വിശദീകരണം)

നമസ്‌കാരത്തിനു വേണ്ടി ബാങ്ക് വിളിക്കുന്ന ഒരാളെ നിശ്ചയിക്കപ്പെട്ടതിലും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അഭിപ്രായമായിരുന്നു.

قَالَ ابْنَ عُمَرَ، كَانَ يَقُولُ كَانَ الْمُسْلِمُونَ حِينَ قَدِمُوا الْمَدِينَةَ يَجْتَمِعُونَ فَيَتَحَيَّنُونَ الصَّلاَةَ، لَيْسَ يُنَادَى لَهَا، فَتَكَلَّمُوا يَوْمًا فِي ذَلِكَ، فَقَالَ بَعْضُهُمْ اتَّخِذُوا نَاقُوسًا مِثْلَ نَاقُوسِ النَّصَارَى‏.‏ وَقَالَ بَعْضُهُمْ بَلْ بُوقًا مِثْلَ قَرْنِ الْيَهُودِ‏.‏ فَقَالَ عُمَرُ أَوَلاَ تَبْعَثُونَ رَجُلاً يُنَادِي بِالصَّلاَةِ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ يَا بِلاَلُ قُمْ فَنَادِ بِالصَّلاَةِ ‏”‏‏.‏

അബ്ദുല്ലാഹിബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُما പറയുന്നു: ”മുസ്‌ലിംകള്‍ മദീനയിലെത്തിയപ്പോള്‍ നമസ്‌കാരത്തിനു വേണ്ടി അവര്‍ സ്വയം ഒരുങ്ങി വരികയായിരുന്നു. നമസ്‌കാരത്തിനുവേണ്ടി വിളിക്കുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ദിവസം അവര്‍ പരസ്പരം കൂടിയിരുന്ന് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചിലര്‍ പറഞ്ഞു: ‘നസ്വാറാക്കള്‍ ഉപയോഗിക്കുന്നത് പോലെയുള്ള നാഖൂസ് (കുഴലൂത്തിനുള്ള ഉപകരണം)നമുക്ക് ഉപയോഗിക്കാം.’ മറ്റു ചിലര്‍ പറഞ്ഞു: ‘യഹൂദികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ശംഖ് ഉപയോഗിക്കാം.’ അപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘നമസ്‌കാരത്തിനു വേണ്ടി വിളിക്കുന്ന ഒരാളെ നമുക്ക് നിശ്ചയിച്ചു കൂടേ?’ നബി ﷺ പറഞ്ഞു: ‘ബിലാല്‍ നീ നമസ്‌കാരത്തിനു വേണ്ടി വിളിക്ക്” (ബുഖാരി: 604)

വിശുദ്ധ ഖുർആൻ ആദ്യമായി ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിച്ചതിലും ഉമർ رَضِيَ اللَّهُ عَنْهُ വിന് പങ്കുണ്ട്. അത് ആദ്യമായി ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിച്ചത് അബൂബക്കർ رضي الله عنهവിന്റെ കാലത്തായിരുന്നു. ഖുർആൻ മനഃപാഠമാക്കിയിരുന്ന പലരും യുദ്ധങ്ങളിൽ പങ്കെടുക്കുകയും രക്തസാക്ഷികളാകുകയും ചെയ്തു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. ഈ സാഹചര്യത്തിലാണ് ക്വുർആനിന്റെ ക്രോഡീകരണ ക്രമം അറിയാവുന്ന ഇവർ മരണപ്പെട്ടാൽ ക്വുർആൻ സംരക്ഷണത്തിന് പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയ ഉമർ رَضِيَ اللَّهُ عَنْهُ അബൂബക്കർ رَضِيَ اللَّهُ عَنْهُനോട് ക്വുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ നിർദ്ദേശം വെക്കുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ അതിനോട് ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും അതിന്റെ ഗൗരവം മനസ്സിലായപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു.

ധാരാളം യുദ്ധങ്ങളിൽ ഉമർ നബി ﷺ യോടൊപ്പം നിലകൊണ്ടു. പല യുദ്ധങ്ങളിലും നബി ﷺ ഉമർ رَضِيَ اللَّهُ عَنْهُ വിനെ അമീറാക്കി അയച്ചു. പലരും പതറിനിന്ന ഉഹ്ദ് യുദ്ധത്തിൽ ഉമർ رَضِيَ اللَّهُ عَنْهُ ധീരമായി പോരാടി നബി ﷺ ക്ക് സംരക്ഷണമേകി. അദ്ദേഹം ശഹീദാകുമെന്നും നബി ﷺ സൂചന നൽകിയിരുന്നു.

عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ ‏ “‏ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ‏”‏‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ رَضِيَ اللَّهُ عَنْهُمْ എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്, അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീഖും രണ്ട് ശഹീദുകളുമല്ലാതെയില്ല.(ബുഖാരി:3675)

നബി ﷺ യുടെ സ്വഹാബിമാര്‍ നിഫാഖിനെ കുറിച്ച് സദാ ഭയപ്പെട്ടുകൊണ്ടിരുന്നു. നബി ﷺ മുനാഫിഖുകളുടെ  പേരുകൾ ഹുദൈഫ رَضِيَ اللَّهُ عَنْهُ വിന് പറഞ്ഞുകൊടുത്തപ്പോള്‍ ഉമർ رَضِيَ اللَّهُ عَنْهُ എന്‍റെ പേര് അതിലുണ്ടോ എന്നറിയാൻ ഹുദൈഫ رَضِيَ اللَّهُ عَنْهُ വിനെ സമീപിക്കുമായിരുന്നു.

നബി ﷺ യുടെ അടുക്കൽ സാധാരണയായി സ്വഹാബികൾ ഇരുന്നിരുന്നതു അവരുടെ സ്ഥാനങ്ങൾക്കനുസരിച്ചായിരുന്നു. അബൂബക്കർ رَضِيَ اللهُ تَعَالَى عَنْه നബി ﷺ യുടെ വലത് ഭാഗത്തും  ഉമർ رضي الله عنه  നബി ﷺ യുടെ ഇടത് ഭാഗത്തുമാണ് ഇരിക്കാറുണ്ടായിരുന്നതെന്ന് കാണാവുന്നതാണ്. ഇത് അബൂബക്കറിന് ശേഷം  നബി ﷺ യുടെ അടുക്കലുള്ള സ്ഥാനം വ്യക്തമാക്കുന്നു.

നബി ﷺ യിൽ നിന്ന് സ്വർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടയാളാണ് ഉമര്‍ رَضِيَ اللَّهُ عَنْهُ.

عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَبُو بَكْرٍ فِي الْجَنَّةِ وَعُمَرُ فِي الْجَنَّةِ وَعُثْمَانُ فِي الْجَنَّةِ وَعَلِيٌّ فِي الْجَنَّةِ وَطَلْحَةُ فِي الْجَنَّةِ وَالزُّبَيْرُ فِي الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِي الْجَنَّةِ وَسَعْدٌ فِي الْجَنَّةِ وَسَعِيدٌ فِي الْجَنَّةِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِي الْجَنَّةِ ‏‏

അബ്ദുറഹ്മാനുബ്നു ഔഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അബൂബക്ക൪ സ്വ൪ഗത്തിലാണ്, ഉമ൪ സ്വ൪ഗത്തിലാണ്, ഉസ്മാന്‍ സ്വ൪ഗത്തിലാണ്, അലി സ്വ൪ഗത്തിലാണ്, ത്വല്‍ഹത്ത് സ്വ൪ഗത്തിലാണ്, സുബൈ൪ സ്വ൪ഗത്തിലാണ്, അബ്ദുറഹ്മാനുബ്നു ഔഫ് സ്വ൪ഗത്തിലാണ്, സഅ്ദ് ബ്നു അബീബക്വാസ് സ്വ൪ഗത്തിലാണ്, സഈദ് ബ്നു സെയ്ദ് സ്വ൪ഗത്തിലാണ്, അബൂഉബൈദ ആമി൪ ഇബ്നുല്‍ ജ൪റാഹ് സ്വ൪ഗത്തിലാണ്. (തി൪മിദി:49/4112)

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي حَائِطٍ مِنْ حِيطَانِ الْمَدِينَةِ، فَجَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ ‏”‏‏.‏ فَفَتَحْتُ لَهُ، فَإِذَا أَبُو بَكْرٍ، فَبَشَّرْتُهُ بِمَا قَالَ النَّبِيُّ صلى الله عليه وسلم فَحَمِدَ اللَّهَ، ثُمَّ جَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ ‏”‏‏.‏ فَفَتَحْتُ لَهُ، فَإِذَا هُوَ عُمَرُ، فَأَخْبَرْتُهُ بِمَا قَالَ النَّبِيُّ صلى الله عليه وسلم فَحَمِدَ اللَّهَ،

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യോടൊപ്പം മദീനയിലെ ഒരു തോട്ടത്തിലായിരുന്നു. അപ്പോൾ ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്തയും അറിയിക്കുക. അങ്ങനെ ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തു. അത് അബൂബക്കർ ആയിരുന്നു. നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്തയും അറിയിക്കുക. അങ്ങനെ ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തു. അത് ഉമർ ആയിരുന്നു. നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു ……. (ബുഖാരി: 3693)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَخَلْتُ الْجَنَّةَ فَإِذَا أَنَا بِقَصْرٍ مِنْ ذَهَبٍ، فَقُلْتُ لِمَنْ هَذَا فَقَالُوا لِرَجُلٍ مِنْ قُرَيْشٍ‏.‏ فَمَا مَنَعَنِي أَنْ أَدْخُلَهُ يَا ابْنَ الْخَطَّابِ إِلاَّ مَا أَعْلَمُ مِنْ غَيْرَتِكَ ‏”‏‏.‏ قَالَ وَعَلَيْكَ أَغَارُ يَا رَسُولَ اللَّ

ജാബി൪ ഇബ്നു അബ്‌ദുള്ള رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘ഞാൻ സ്വർഗ്ഗത്തിൽ കടന്നു. അങ്ങനെ ഞാനൊരു സ്വർണ്ണ മാളികക്ക്അടുത്തെത്തി. ഞാൻ ചോദിച്ചു.: ‘ഇത് ആർക്കുള്ളതാണ് ? അപ്പോൾ അവിടെയുള്ളവർ പറഞ്ഞു : ‘ ഇത്‌ ഖുറൈശികളിൽ പെട്ട ഒരാളുടേതാണ് ‘. (ശേഷം നബി ﷺ പറഞ്ഞു ) : ‘ഖത്താബിന്റെ മകനേ, താങ്കളുടെ നീരസം (അനിഷ്ടം ) വിചാരിച്ച് ഞാൻ അതിൽ കടന്നില്ല. (ഇത്‌ കേട്ട) ഉമ൪ ഇബ്നു ഖത്താബ്‌ رَضِيَ اللَّهُ عَنْهُ പറഞ്ഞു : ‘റസൂലേ അവിടുത്തോട്‌ ഞാൻ നീരസം കാണിക്കുമോ ?’ (ബുഖാരി:7024)

عَنْ عَلِيٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أَبُو بَكْرٍ وَعُمَرُ سَيِّدَا كُهُولِ أَهْلِ الْجَنَّةِ مِنَ الأَوَّلِينَ وَالآخِرِينَ مَا خَلاَ النَّبِيِّينَ وَالْمُرْسَلِينَ لاَ تُخْبِرْهُمَا يَا عَلِيُّ ‏”‏ ‏.‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: അലിയ്യേ, നബിമാരും മുർസലീങ്ങളും ഒഴികെയുള്ള പൂർവ്വഗാമികളിലും പിൻഗാമികളിലും പെട്ട മദ്ധ്യവയസ്കർക്ക് നേതാക്കളാണ് അബൂബക്കറും ഉമറും. അവർ രണ്ട് പേരോടും നിങ്ങളത് അറിയിക്കരുത്. (തിർമിദി: 49/4028)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : إِنَّ أَهْلَ الدَّرَجَاتِ الْعُلَى يَرَاهُمْ مَنْ أَسْفَلَ مِنْهُمْ كَمَا يُرَى الْكَوْكَبُ الطَّالِعُ فِي الأُفُقِ مِنْ آفَاقِ السَّمَاءِ وَإِنَّ أَبَا بَكْرٍ وَعُمَرَ مِنْهُمْ وَأَنْعَمَا ‏‏.‏

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗത്തിൽ ഉയർന്ന പദവിയുള്ളവരെ താഴ്ന്ന പദവിയുള്ളവർ നോക്കുന്നത്, (ഭൂമിയിൽ നിന്ന്) ആകാശത്തിലെ നക്ഷത്രങ്ങൾ കാണപ്പെടുന്നതുപോലെയാണ്. തീർച്ചയായും ഉമറും അബൂബക്കറും അവരിൽ പെട്ടവരാണ്, അവരതിന് യോജിച്ചവരാണ്. (ഇബ്നുമാജ:96)

നബി ﷺ യുടെ വഫാത്തിന് ശേഷം ഒന്നാമത്തെ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത് അബൂബക്കർ رَضِيَ اللَّهُ عَنْهُ ആയിരുന്നു. അദ്ദേഹം അടുത്ത ഖലീഫ ഉമർ ആയിരിക്കണമെന്ന് വസ്വിയത്ത് ചെയ്തിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഉമർ رَضِيَ اللَّهُ عَنْهُ രണ്ടാമത്തെ ഖലീഫയായി.

അമീറുൽ മുഅ്മിനീൻ എന്ന് ആദ്യമായി വിളിക്കപ്പെട്ടത് ഉമർ رَضِيَ اللَّهُ عَنْهُ വിനെ  ആയിരുന്നു. അബൂബക്കർ رَضِيَ اللَّهُ عَنْهُ ഖലീഫത്തു റസൂൽ എന്നാണ് വിളിക്കപ്പെട്ടത്. ശേഷം ഉമർ رَضِيَ اللَّهُ عَنْهُ ഖലീഫത്തു അബീബക്കർ എന്നാണ് വിളിക്കപ്പെട്ടതെങ്കിലും അമീറുൽ മുഅ്മിനീൻ എന്ന പേരിലാണ് വാഴ്ത്തപ്പെട്ടത്. അതിന്റെ കാരണം ഒരിക്കൽ ലബീദുബ്നു റബീഅയും അദിയ്യുബ്നു ഹാതിമും ഇറാഖിൽ നിന്ന് മദീനയിൽ അംറുബ്നു ആസിന്റെ അടുക്കൽ ചെന്ന് അമീറുൽ മുഅ്മിനീന്റെ അടുക്കലേക്ക് കയറാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു, അംറുബ്നു ആസ് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കലേക്കു ചെന്നു പറഞ്ഞു: ” അസ്സലാമു അലൈക്ക യാ അമീറുൽ മുഅ്മിനീൻ “, എന്ന് സലാം ഓതി. ഉമർ ആദ്യമായാണ് ഈ പേര് കേൾക്കുന്നത്. അദ്ദേഹം ചോദിച്ചു: “അംറ്, ഇങ്ങനെ വിളിക്കാൻ പ്രചോദനമായതെന്താണ്? ” അംറ് പറഞ്ഞു: ” ലബീദും അദിയ്യും എന്റെ അടുക്കൽ വന്ന് ഇങ്ങനെയാണ് അനുവാദം ചോദിക്കാനാണവശ്യപ്പെട്ടത് ആ നിലക്ക് ഞാൻ വിളിച്ചതാണ്, ഞാനവരോട് തന്നെ പറഞ്ഞു ഈ പേരിൽ നിങ്ങൾക്ക് ശരി ഭവിച്ചു അദ്ദേഹം അമീറും നമ്മൾ മുഅ്മിനീങ്ങളുമാണല്ലോ.” അത് ഉമർ സമ്മതിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വിളിപ്പേര് അമീറുൽ മുഅ്മിനീൻ എന്നായി.

ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിന്റെ കാലത്താണ് ഇസ്ലാമിക സാമ്രാജ്യം കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഒട്ടനവധി രാജ്യങ്ങൾ ഇസ്ലാമിന് കീഴൊതുങ്ങി.  ഹിജ്‌റ 18ാം വര്‍ഷമാണ് ഫിലസ്തീന്‍ ഉള്‍പെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടത്. ഉമര്‍ رَضِيَ اللَّهُ عَنْهُ നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും 560 ഓളം വര്‍ഷത്തെ റോമന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തത്. വിശുദ്ധ നഗരിയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ഖലീഫ അതു വരേക്കും ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യഹൂദര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ വിശുദ്ധ നഗരിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഇസ്ലാമിക രാജ്യത്തിന് മുസ്ലിം സൈന്യം രൂപീകരിച്ചത് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തായിരുന്നു. ഹിജ്റയെ അടിസ്ഥാനമാക്കി ഇസ്ലാമിക കലണ്ടർ ആരംഭിച്ചതും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തായിരുന്നു.

റമളാനിലെ തറാവീഹ് നമസ്കാരം ജമാഅത്തായി പുനസ്ഥാപിച്ചതും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തായിരുന്നു.  നബി ﷺ മൂന്ന് ദിവസം മാത്രമാണ് ഖിയാമു റമളാന്‍ ജമാഅത്തായി നമസ്കരിച്ചത്. നാലാമത്തെ ദിവസം നബി ﷺ ജമാഅത്തിന് പള്ളിയിലേക്ക് വരാതെ, സ്വഹാബികളോട് ഒറ്റക്ക് നമസ്കരിച്ചുകൊള്ളാൻ പറഞ്ഞതിന്റെ കാരണം പ്രസ്ത്തുത നമസ്കാരത്തിന് ആളുകൾ അധികരിച്ചപ്പോൾ അത് ഫര്‍ളായി വിധിക്കപ്പെടുമോ എന്നാ ഭയമാണ്. അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിന്റെ കാലത്തും ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിന്റെ ആരഭത്തിലും ഖിയാമു റമളാന്‍ ആളുകള്‍ ഒറ്റക്ക് ഒറ്റക്കായി നി൪വ്വഹിച്ചുപോന്നു. ഒരു പള്ളിയിൽ തന്നെ പലരും ഒറ്റക്ക് നമസ്കരിക്കുന്നത് ഉമർ رَضِيَ اللَّهُ عَنْهُ കണ്ടപ്പോൾ അത് ഒരു ഒരു ഇമാമിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു.

ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തിന്റെ ഖിലാഫത്തിന്റെ കാലത്ത് രാത്രിയിൽ ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് നടക്കുമായിരുന്നു. ഒരു ദിവസം  അടുത്തുള്ള വീട്ടിലെ ഒരു മാതാവും മകളും തമ്മിലുള്ള സംസാരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പാലിൽ വെള്ളം ചേർക്കുന്നതിനെ കുറിച്ചായിരുന്നു. അതാകട്ടെ വിലക്കപ്പെട്ടതും! എന്തായിരിക്കും അവരുടെ തീരുമാനം എന്നറിയാൻ ഉമർ رَضِيَ اللَّهُ عَنْهُ കാതോർത്തു. “പാലിൽ വെള്ളം ചേർത്താലൊന്നും ഉമർ അറിയില്ല, അതുകൊണ്ട് അൽപം വെള്ളം ചേർക്കാം” എന്ന് അഭിപ്രായപ്പെട്ട ഉമ്മയോട് ആ മകൾ പറഞ്ഞത്: “ഉമർ അറിഞ്ഞില്ലെങ്കിലും ഉമറിന്റെ റബ്ബ് അറിയുമെന്നായിരുന്നു” . സന്തോഷഭരിതനായ ഉമർ رَضِيَ اللَّهُ عَنْهُ ആ പെൺകുട്ടിയെ മകന് വിവാഹം ചെയ്തു കൊടുത്തു. ഈ ദമ്പതികളുടെ പേരക്കുട്ടിയാണ് അബൂ ഹഫ്സ് ഉമർ ബ്ൻ അബ്ദിൽ അസീസ് رحمه الله .

ധീരനും സത്യസന്ധനും സൽസ്വഭാവിയുമായ ഉമർ رَضِيَ اللَّهُ عَنْهُ ജീവിച്ചിരിക്കുന്ന കാലത്തോളം ഫിത്നക്ക് സാധ്യതയില്ലെന്നും എന്നാൽ അദ്ദേഹത്തിൻറെ കാലശേഷം അതിന് സാധ്യതയുണ്ടെന്നും നബി ﷺപ്രവചിച്ചിട്ടുണ്ട്.

عَنْ حُذَيْفَةَ، قَالَ كُنَّا جُلُوسًا عِنْدَ عُمَرَ ـ رضى الله عنه ـ فَقَالَ أَيُّكُمْ يَحْفَظُ قَوْلَ رَسُولِ اللَّهِ صلى الله عليه وسلم فِي الْفِتْنَةِ قُلْتُ أَنَا، كَمَا قَالَهُ‏.‏ قَالَ إِنَّكَ عَلَيْهِ ـ أَوْ عَلَيْهَا ـ لَجَرِيءٌ‏.‏ قُلْتُ ‏ “‏ فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ وَجَارِهِ تُكَفِّرُهَا الصَّلاَةُ وَالصَّوْمُ وَالصَّدَقَةُ وَالأَمْرُ وَالنَّهْىُ ‏”‏‏.‏ قَالَ لَيْسَ هَذَا أُرِيدُ، وَلَكِنِ الْفِتْنَةُ الَّتِي تَمُوجُ كَمَا يَمُوجُ الْبَحْرُ‏.‏ قَالَ لَيْسَ عَلَيْكَ مِنْهَا بَأْسٌ يَا أَمِيرَ الْمُؤْمِنِينَ، إِنَّ بَيْنَكَ وَبَيْنَهَا بَابًا مُغْلَقًا‏.‏ قَالَ أَيُكْسَرُ أَمْ يُفْتَحُ قَالَ يُكْسَرُ‏.‏ قَالَ إِذًا لاَ يُغْلَقَ أَبَدًا‏.‏ قُلْنَا أَكَانَ عُمَرُ يَعْلَمُ الْبَابَ قَالَ نَعَمْ، كَمَا أَنَّ دُونَ الْغَدِ اللَّيْلَةَ، إِنِّي حَدَّثْتُهُ بِحَدِيثٍ لَيْسَ بِالأَغَالِيطِ‏.‏ فَهِبْنَا أَنْ نَسْأَلَ حُذَيْفَةَ، فَأَمَرْنَا مَسْرُوقًا فَسَأَلَهُ فَقَالَ الْبَابُ عُمَرُ‏.‏

ഹുദൈഫ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ വിൻ്റെ സമീപത്ത് ഇരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം ചോദിച്ചു: ഫിത്നയെക്കുറിച്ച് നബി ﷺ പറഞ്ഞത് നിങ്ങളിൽ ആരാണ് ഓർമ്മിച്ചുവെച്ചിട്ടുള്ളത്. ഞാൻ പറഞ്ഞു: അവിടുന്ന് പറഞ്ഞതുപോലെ ഞാൻ ഓർക്കുന്നുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറഞ്ഞതുപോലെ പറയാൻ നിങ്ങൾ ധീരൻതന്നെ. ഞാൻ പറഞ്ഞു: ഒരു വ്യക്തി ഫിത്നയിലകപ്പെടുന്നത് അവൻ്റെ ഭാര്യ, ധനം, സന്തതികൾ, അയൽവാസികൾ എന്നിവയിലാണ്. നമസ്കാരവും, വ്രതവും, ധർമ്മവും, നന്മ കൽപിക്കലും, തിന്മ വിരോധിക്കലും കൊണ്ട് അതിനെ പരിഹരിക്കും.

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതല്ല ഞാൻ ഉദ്ദേശിക്കുന്നത്; ഞാൻ ഉദ്ദേശിച്ചത് സമുദ്രത്തിലെ തിരമാലകൾപോലെ അലയടിച്ചുവരുന്ന കുഴപ്പത്തെക്കുറിച്ചാണ്. അദ്ദേഹം പറഞ്ഞു: അമീറുൽ മുഅ്‌മിനീൻ, അങ്ങേയ്ക്ക് അതുകൊണ്ട് ഒരു പ്രശ്‌നവും വരികയില്ല. അങ്ങേക്കും അതിനുമിടയിൽ അടയ്ക്കപ്പെട്ട ഒരു കവാടമുണ്ട്. ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു. അതു തകർക്കപ്പെടുമോ, അതോ തുറക്കപ്പെടുമോ? അദ്ദേഹം പറഞ്ഞു: അത് തകർക്കപ്പെടും. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: എങ്കിൽ അതൊരിക്കലും പിന്നെ അടയ്ക്കപ്പെടുകയില്ല. ചോദിക്കപ്പെട്ടു: ആ കവാടമേതെന്ന് ഉമറിന് അറിയാമായിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ; രാത്രി കഴിഞ്ഞാൽ നാളെയുണ്ടാകുമെന്നത് ഉറപ്പാണെന്നത് പോലെ അറിയാം. അബദ്ധങ്ങളായ ഒരു വൃത്താന്തമല്ല അദ്ദേഹത്തിന് ഞാൻ പറഞ്ഞുകൊടുത്തത്. അപ്പോൾ ചോദിക്കപ്പെട്ടു: ഏതാണ് ആ വാതിൽ? അപ്പോൾ അദ്ദേഹം പറഞ്ഞു. ഉമർ തന്നെ. (ബുഖാരി:525)

ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ പ്രസിദ്ധമായ ചില വാക്കുകൾ കൂടി കാണുക.

عن عمر بن الخطاب رضي الله عنه: إنما تنقض عرى الإسلام عروة عروة إذا نشأ في الإسلام من لا يعرف الجاهلية

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ജാഹിലിയത്ത് എന്താണെന്ന് മനസ്സിലാക്കാത്തവർ ഇസ്ലാമിക സമൂഹത്തിൽ വളർന്നു വന്നാൽ ഇസ്ലാമിന്റെ ഇഴകള്‍ (പിരികള്‍) ഓരോന്നായി അഴിഞ്ഞ് പോകും”.

قال عمر بن الخطاب رضى الله عنه : حاسبوا أنفسكم قبل أن تحاسبوا وزنوا أنفسكم قبل أن توزنوا، فإنه أهون عليكم في الحساب غدا أن تحاسبوا أنفسكم اليوم، وتزينوا للعرض الأكبر. يَوۡمَئِذٍ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٌ

ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങളുടെ ആത്മാവുകളെ തൂക്കപ്പെടുന്നതിന് മുൻപ് നിങ്ങൾ സ്വയം തൂക്കിനോക്കിക്കൊള്ളുക. ആത്മാവുകളെ പരിശോധിക്കപ്പെടുന്നതിന് മുൻപ് നിങ്ങൾ സ്വയം ആത്മപരിശോധന നടത്തിക്കൊള്ളുക. നിങ്ങൾ അപ്രകാരം പ്രവർത്തിക്കൽ അന്ത്യദിനത്തിൽ നിങ്ങളുടെ വിചാരണ എളുപ്പമാക്കിത്തീർക്കുന്നതാണ്. റബ്ബിന്റെ തിരുസന്നിധിയിൽ നിങ്ങളുടെ ആത്മാവുകളെ ഹാജരാക്കപ്പെടുന്ന ദിനത്തിന് വേണ്ടി (ആത്മാവുകളെ തഖ്വാ കൊണ്ട്) നിങ്ങൾ അലങ്കരിച്ച് കൊള്ളുക. അല്ലാഹു പറയുന്നു: അന്നേ ദിവസം (റബ്ബിന്റെ സന്നിധിയിൽ) നിങ്ങളെ ഹാജരാക്കപ്പെടും. ഒരു രഹസ്യവും അന്ന് നിങ്ങളില്‍ നിന്ന്‌ മറഞ്ഞു പോകുന്നതല്ല. (അൽഹാഖ്ഖ : 18) (അൽഹിൽയ: 1-52 )

عَنْ أَنَسِ بْنِ مَالِكٍ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، وَخَرَجْتُ، مَعَهُ حَتَّى دَخَلَ حَائِطًا فَسَمِعْتُهُ وَهُوَ، يَقُولُ وَبَيْنِي وَبَيْنَهُ جِدَارٌ – وَهُوَ فِي جَوْفِ الْحَائِطِ – عُمَرُ بْنُ الْخَطَّابِ أَمِيرُ الْمُؤْمِنِينَ بَخٍ بَخٍ وَاللَّهِ لَتَتَّقِيَنَّ اللَّهَ أَوْ لَيُعَذِّبَنَّكَ ‏.‏

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ  പറഞ്ഞു:  ഒരിക്കൽ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കൂടെ ഞാൻ നടക്കാനിറങ്ങി. അങ്ങനെ അദ്ദേഹം ഒരു തോട്ടത്തിൽ പ്രവേശിച്ചു. ഞങ്ങൾക്കിടയിൽ ഒരു മതിലുണ്ട്. അപ്പോൾ അദ്ദേഹം ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ഉഖത്വാബിന്റെ മകനേ, അമീറുൽൻ മുഅ്മിനീൻ, കഷ്ടം കഷ്ടം നീ അല്ലാഹുവിനെ സൂക്ഷിച്ചേ പറ്റൂ. അല്ലെങ്കിൽ അല്ലാഹു നിന്നെ ശിക്ഷിക്കും. (മുവത്വ:56/1837)

قَالَ عمر: يَا لَيْتَنِي مِثْلُ هَذِهِ التِّبْنَةِ، لَيْتَ أُمِّي لَمْ تَلِدْنِي، لَيْتَنِي لَمْ أَكُ شَيْئًا، لَيْتَنِي كُنْتُ نَسْيًا مَنْسِيًّا.

ഉമർ رَضِيَ اللَّهُ عَنْهُ പറയുമായിരുന്നു: ഞാൻ ഈ മണ്ണ് പോലെയായിരുന്നുവെങ്കിൽ, എന്റെ ഉമ്മ എന്നെ പ്രസവിക്കാതിരുന്നുവെങ്കിൽ, ഞാൻ ഒന്നുമല്ലാതിരുന്നുവെങ്കിൽ, ഞാൻ എല്ലാം മറക്കപ്പെട്ടിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു).

قال علي ابن أبي طالب رضي الله عنه : رأيت عمر يجري بشدة ! فسألته، يا أمير المؤمنين أين تذهب؟ فقال: بعير فر من إبل الصدقة أطلبه. فقلت له: لقد أتعبت الخلفاء بعدك. فقال : يا أبا الحسن لا تلمني فـ والذي بعث محمداً بالنبوة لو أن عناقاً أخذت بشاطئ الفرات لأخذ بها عمر يوم القيام

അലി رَضِيَ اللَّهُ عَنْهُ പറയുന്നു: ഉമർ رَضِيَ اللَّهُ عَنْهُ തന്റെ ഒട്ടക പുറത്ത് വേഗത്തിൽ പോകുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അമീറുൽ മുഅ്മിനീൻ, താങ്കൾ (ധൃതിയിൽ) എങ്ങോട്ട് പോകുന്നു? അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: സ്വദഖയുടെ മുതലിൽ നിന്നുള്ള ഒട്ടകം കൂട്ടം തെറ്റി പോകുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾക്ക് ശേഷമുളള ഖലീഫമാരെയും താങ്കൾ നാണം കെടുത്തിയിരിക്കുന്നു (അതായത് ഒരാളെ അയച്ചാൽ പോരായിരുന്നോ) അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:ഹേ അബുൽ ഹസൻ, താങ്കൾ എന്നെ ആക്ഷേപിക്കരുത്, മുഹമ്മദ് നബി ﷺ യെ നുബുവ്വത്തുമായി അയച്ചവനായ(അല്ലാഹു) തന്നെ സത്യം. യൂഫ്രട്ടീസ് നദിയുടെ തീരത്ത് നിന്ന് (സ്വദഖയുടെ) ഒരു ആട്  അത് നഷ്ടപ്പെട്ടാൽ അതിന് ഞാൻ മറുപടി പറയേണ്ടിവരും.

ഒരു ദിവസം  മസ്ജിദുന്നബവിയിൽ സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ,  പേർഷ്യക്കാരനായ  മജൂസി,  ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി. ഉമർ  رضي الله عنه  കുത്തേറ്റ് , ആന്തരീയ അവയവങ്ങൾക്ക് മുറിവേറ്റു കിടക്കുന്ന സന്ദർഭത്തിൽ തന്റെ സഹാബാക്കൾ തന്നെക്കൊണ്ടു പാൽ കുടിപ്പിച്ചു. മുറിവുകളിലൂടെ പാൽ പുറത്തേയ്ക്ക് വരുന്നത് കണ്ട സഹാബാക്കൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ മരണം ഉറപ്പിച്ചു.  ഈ ഒരു വേദനീയമായ അവസ്ഥയിൽ പോലും ഉമർ رضي الله عنه ദീനിന്റെ കാര്യത്തിൽ എത്ര ശ്രദ്ധാലുവായിരുന്നുവെന്ന് കാണാം. ഉമർ رَضِيَ اللَّهُ عَنْهُ കുത്തേറ്റ് കിടക്കുന്ന സന്ദ൪ഭത്തില്‍ പലരും അദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി വന്നു. അതില്‍ വസ്ത്രം നിലത്തിഴച്ച് മടങ്ങി പോകുന്ന ഒരു ചെറുപ്പക്കാരനെ നോക്കി, മരണവുമായി മല്ലിടുന്ന അദ്ദേഹം പറഞ്ഞു:

ابن أخي ارفع ثوبك، فإنه أنقى لثوبك، وأتقى لربك

സഹോദര പുത്രാ, നീ നിന്റെ വസ്ത്രം പൊക്കി ഉടുക്കുക. അതാണ് നിന്റെ വസ്ത്രത്തിന്റെ വൃത്തിക്കും നിന്റെ രക്ഷിതാവിനോടുള്ള സൂക്ഷ്മതക്കും നല്ലത്. (ബുഖാരി)

”നാഥാ നിൻ്റെ പാതയിൽ ശഹീദിൻ്റെ പദവി നൽകേണമേ, എൻ്റെ മരണം നിൻ്റെ റസൂലിൻ്റെ നാട്ടിലാക്കേണമേ” എന്ന് ഉമർ رَضِيَ اللَّهُ عَنْهُ പ്രാർത്ഥിക്കുമായിരുന്നു. ഹിജ്റ ഇരുപത്തിരണ്ടാം വർഷം ദുൽഹിജ്ജ അവസാനത്തിൽ അദ്ദേഹം ശഹീദായി.

 

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *