مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ‎﴿١٩﴾‏ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ‎﴿٢٠﴾

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.  അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌. (ഖു൪ആന്‍:55/19-20)

രണ്ട് കടലുകള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ശുദ്ധജലമുള്ള കടലും ഉപ്പുജലമുള്ള കടലുമാണ്. അവ രണ്ടും പരസ്പരം കൂടിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഉപ്പുകടലില്‍ ശുദ്ധജലം പതിക്കുന്നു. അവരണ്ടും കൂടിച്ചേരുകയും കൂടിക്കലരുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു ഭൂമിക്കുള്ളില്‍ അവക്കിടയിലൊരു മറയുണ്ടാക്കി. ഒന്ന് മറ്റൊന്നിലേക്ക് കടക്കുന്നില്ല. രണ്ടിന്‍റെയും പ്രയോജനം ലഭിക്കുന്നു. ശുദ്ധജലത്തില്‍നിന്ന് അവര്‍ കുടിക്കുന്നു. അവരുടെ മരങ്ങളും കൃഷികളും വിളകളും (ആ വെള്ളം) കുടിക്കുന്നു. ഉപ്പുജലം; അതുമൂലം വായു ശുദ്ധമാവുന്നു. മത്സ്യങ്ങള്‍ പ്രസവിച്ചുണ്ടാകുന്നു. മുത്തുകളും പവിഴങ്ങളും ഉണ്ടാകുന്നു. വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഒരു താവളമായിത്തീരുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

وَمَا يَسْتَوِى ٱلْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന് കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന് കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം എടുത്ത് തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്‌. (ഖു൪ആന്‍:35/12)

എല്ലാ മനുഷ്യരുടെയും ഗുണത്തിനായി അവൻ (അല്ലാഹു) രണ്ടു ജലാശയങ്ങൾ ഉണ്ടാക്കി. പക്ഷേ, അവന്‍ അവയെ ഒരുപോലെ ആക്കിയില്ല. അത് കുടിക്കുന്നവർക്കും നട്ടു പിടിപ്പിക്കുന്നവർക്കും കൃഷി ചെയ്യുന്നവർക്കും പ്രയോജനമാകേണ്ട ശുദ്ധവും ഹൃദ്യവുമായ വെള്ളം നിറഞ്ഞ നദികൾ ഉണ്ടാവണമെന്ന് ജനങ്ങളുടെ താൽപര്യങ്ങൾ ആവശ്യപ്പെട്ടു. കയ്പ്പുറ്റ ഉപ്പുവെള്ളവും ഉണ്ടാകണം. അന്തരീക്ഷവായു കടലിൽ ചത്തടങ്ങുന്ന ജീവികളാൽ ദുർഗന്ധം നിറഞ്ഞതാവാതിരിക്കാൻ കാരണം അത് ഒഴുകാത്തതാണല്ലോ. ഉപ്പുരസം അതിന്റെ മാറ്റത്തെ തടുക്കുന്നു. അതുമൂലം അതിലെ ജീവികൾ അത്യധികം രുചികരവുമാകുന്നു. (തഫ്സീറുസ്സഅ്ദി)

അല്ലാഹു മനുഷ്യര്‍ക്കു ചെയ്തുകൊടുത്തിട്ടുള്ള ചില അനുഗ്രഹങ്ങളെയും, അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെയും ഓര്‍മ്മിപ്പിക്കുകയാണ്. സുഖമായി കുടിക്കുവാനും, ഉപയോഗിക്കുവാനും ഉതകുമാറ് രുചിയും, ശുചിയും തികഞ്ഞ ശുദ്ധജലാശയങ്ങളും, ചവര്‍പ്പും പുളിപ്പും കവിഞ്ഞ് കൈപ്പുരസമായിത്തീര്‍ന്നിട്ടുള്ള ഉപ്പുജലാശയങ്ങളും പ്രകൃത്യാ വ്യത്യസ്തങ്ങളാണല്ലോ. മുത്തു, ചിപ്പി, പവിഴം തുടങ്ങിയ പല വിഭവങ്ങളും അവയില്‍ നിന്നു ലഭിക്കുന്നു. മനുഷ്യരുടെ അലങ്കാരവസ്തുക്കളായും മറ്റും അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൂരസഞ്ചാരം ചെയ്തും, ചരക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്തും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തേടിത്തിരഞ്ഞുകൊണ്ട് മനുഷ്യന്‍ സമുദ്രത്തില്‍ കപ്പല്‍ യാത്ര നടത്തുന്നു. സമുദ്രജലം ഭേദിച്ചുകൊണ്ടും, തിരമാലകളെ പിന്നിട്ടുകൊണ്ടും കപ്പലുകള്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യന്‍റെ ഐഹികജീവിതാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്ന അല്ലാഹുവിനു അവന്‍ നന്ദിചെയ്യേണ്ടതില്ലയോ?! നിശ്ചയമായും ഉണ്ട്. അതവന്‍റെ ഭാവിജീവിത വിജയത്തിലേക്കുള്ള മൂലധനമായി വകയിരുത്തപ്പെടുകയും ചെയ്യും. (അമാനി തഫ്സീര്‍)

وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَٰذَا عَذْبٌ فُرَاتٌ وَهَٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا

രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/53)

‘രണ്ടു സമുദ്രങ്ങള്‍’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന് ശുദ്ധജലം കുടിക്കുവാനും ദാഹം തീര്‍ക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത് കഠിനമായ ഉപ്പുരസം നിമിത്തം കയ്പുള്ളതും കുടിക്കുവാന്‍ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവങ്ങളുള്ള രണ്ട് ജലങ്ങളും ഭൂമിയില്‍ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ, അവ അന്യോന്യം തൊട്ടും കൂടിച്ചേര്‍ന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ച്‌ പരാജയപ്പെടുത്തുകയോ, തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ, ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച് ഉപ്പുജലം അതിരുകടന്ന് ശുദ്ധജലം ഇല്ലാതാക്കുകയും ചെയ്യുന്നില്ല, ഏതോ ഒരു അദൃശ്യമഹാശക്തി അതിന് തടസ്സമായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ് (القدرة) ഒന്നുമാത്രമാണത്. (അമാനി തഫ്സീര്‍)

ശുദ്ധജലവും ഉപ്പുജലവും അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയില്‍ തടസ്സം ഏര്‍പ്പെടുത്തിയവൻ അല്ലാഹുവാണ്. അവൻ മാത്രമാണ് ആരാധനക്ക് അര്‍ഹൻ.

أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَٰلَهَآ أَنْهَٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. (ഖുര്‍ആൻ:27/61)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *