സലഫീ പ്രബോധനം ഊന്നിനിൽക്കുന്ന രണ്ട് അടിസ്ഥാന സന്ദേശങ്ങൾ

‘ഏകദൈവ വിശ്വാസം’ എന്ന് പറയുമ്പോൾ, ഈ പ്രപഞ്ചത്തെയും അതിലും അതിന്നപ്പുറവുമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവം, ഏകനായ അല്ലാഹുവാണ് എന്ന് വിശ്വസിക്കൽ മാത്രമല്ല; അവൻ മാത്രമാണ് ആരാധനക്കർഹൻ എന്നംഗീകരിച്ച്, മറ്റെല്ലാ ആരാധ്യരെയും തിരസ്‌കരിക്കലുംകൂടിയാണ്. അതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന വചനം പ്രഖ്യാപിക്കുന്നത്; ‘ഒരു ആരാധ്യനുമില്ല; അല്ലാഹു അല്ലാതെ.’ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം, അതിന്റെ മജ്ജ, പ്രാർഥനയാണ്. പ്രാർഥനയില്ലാതെ ആരാധനയില്ല. നബി ﷺ പറഞ്ഞതും ‘പ്രാർഥന; അതുതന്നെയാണ് ആരാധന’ എന്നാണ്. അപ്പോൾ പ്രാർഥിക്കപ്പെടുവാൻ അർഹനായിട്ട്, പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന വചനത്തിത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഈ കാര്യം നടപ്പിലാക്കാൻ മനുഷ്യന് വളരെ എളുപ്പമാണ്. ഒരു പ്രയാസവും ഈ കാര്യത്തിലില്ല.

പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ മാത്രമെ ആരാധിക്കുകയുള്ളൂ, അവനോട് മാത്രമെ പ്രാർഥിക്കുകയുള്ളൂ എന്ന് ഒരു മനുഷ്യൻ തീരുമാനിച്ച്, ആ തീരുമാനം നടപ്പിൽ വരുത്താൻ, അവന്നു ശാരീരികമോ, സാമ്പത്തികമോ ആയ ഒരു വിഷമവും നേരിടേണ്ടതില്ല. ആർക്കും എപ്പോഴും എവിടെനിന്നും, ഒരു വിഷമവുമില്ലാതെ അല്ലാഹുവിനെ വിളിച്ച് പ്രാർഥിക്കാം. വലിയ ശബ്ദമുണ്ടാക്കി വിഷമിക്കയും കൂടി വേണ്ട! മനസ്സിൽ വിചാരിച്ചാൽ പോലും അവൻ അറിയും. ഇത്ര പ്രയാസം കുറഞ്ഞ ലളിതമായ കാര്യമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമായി അല്ലാഹു വെച്ചിട്ടുള്ളത്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ളതും ഈ കാര്യം തന്നെ. എന്നിട്ടും മനുഷ്യരിൽ ഭൂരിപക്ഷവും എളുപ്പമുള്ള, ലളിതമായ, നേർക്കുനേരെയുള്ള ഈ തത്ത്വം സ്വീകരിക്കാതെ, ശാരീരികവും സാമ്പത്തികവുമായ കഷ്ടനഷ്ടങ്ങൾ സഹിച്ചുകൊണ്ട്, പലതരം ആരാധ്യവസ്തുക്കളെയും സങ്കൽപദൈവങ്ങളെയും കെട്ടിച്ചമച്ചുണ്ടാക്കി, അവയ്ക്ക് ആരാധനയും പൂജയും വഴിപാടും അർപ്പിക്കാൻ പാടുപെടുന്നു. മനുഷ്യർക്ക് ആരാധനയുടെ കാര്യത്തിൽ അവരുടെ ബുദ്ധിയും വിവേകവും ഉപയുക്തമാകുന്നില്ല എന്നത് വ്യക്തമാണ്. ലൗകിക കാര്യങ്ങളിലെല്ലാം വളരെ തന്റേടത്തോടുകൂടി പ്രവർത്തിക്കുന്ന മനുഷ്യൻ ആരാധനയുടെ കാര്യം വരുമ്പോൾ, അവന്റെ ബുദ്ധിക്കും വിവേകത്തിനും ‘ഹോളിഡെ’ അനുവദിക്കുന്നു. പരമ്പരാഗതമായി പൂർവികന്മാർ ആരാധിച്ചുപോന്നിരുന്ന മൂർത്തികളെയോ സങ്കൽപദൈവങ്ങളെയോ പ്രതിഷ്ഠകളെയോ അവർ ആരാധിച്ചുപോന്നിരുന്ന അതേ രീതിയിൽ ആരാധിക്കുക എന്നല്ലാതെ, അവരുടെ ചിന്താശക്തിയും യുക്തിയും ആ രംഗത്ത് ഉപയുക്തമാകുന്നില്ല. മനുഷ്യരെ വഴിപിഴപ്പിക്കാൻ വ്രതമെടുത്തിട്ടുള്ള പിശാച് ഏറ്റവും ശക്തിയായി പ്രവർത്തിക്കുന്ന രംഗമായ ‘ആരാധന’യുടെ കാര്യത്തിൽ വഴിപിഴച്ചാൽ, ആ മനുഷ്യന് പിന്നെ രക്ഷയില്ല എന്നറിയുന്ന പിശാച് അവന്റെ എല്ലാ കഴിവുകളും അവിടെയാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടായിരിക്കണം ബുദ്ധിമാന്മാരായ, ചിന്താശക്തിയുള്ള മനുഷ്യർപോലും ‘ആരാധന’യുടെ വിഷയത്തിൽ അവതാളത്തിലാകുന്നത്. ക്വുർആൻ പറയുന്നത് നോക്കുക:

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ

അവനും അവന്റെ കൂട്ടരും നിങ്ങളെ കാണും; നിങ്ങൾ അവരെ കാണാത്ത നിലയിൽ. തീർച്ചയായും പിശാചുക്കളെ നാം വിശ്വസിക്കാത്തവരുടെ മിത്രങ്ങളാക്കിയിരിക്കുന്നു. (അൽഅഅ്‌റാഫ് 16).

അല്ലാഹുവിലും പരലോകത്തിലും ഉറച്ചുവിശ്വസിക്കുന്നവരെ പിശാചിനു വഴിതെറ്റിക്കാൻ സാധ്യമാകുകയില്ല.

إِنَّهُۥ لَيْسَ لَهُۥ سُلْطَٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٩٩﴾‏ إِنَّمَا سُلْطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ ‎﴿١٠٠﴾

വിശ്വസിക്കയും അവരുടെ രക്ഷിതാവിങ്കൽ ഭരമേൽപിക്കയും ചെയ്തവരുടെമേൽ അവന്ന് യാതൊരു അധികാരവുമില്ല. അവന്റെ അധികാരം, അവനെ മിത്രമാക്കുകയും അവനെ (അല്ലാഹുവിൽ) പങ്കുകാരനാക്കുകയും ചെയ്യുന്നവരുടെമേൽ മാത്രമാണ്. (അന്നഹ്ൽ: 99,100).

അല്ലാഹുവിലും പരലോകത്തിലും ശരിയായ വിശ്വാസമുള്ളവരെ, എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപിക്കുന്ന സത്യവിശ്വാസികളെ, പിശാചിന്നു വഴിതെറ്റിക്കാൻ സാധ്യമാകയില്ല; വിശ്വാസത്തിന് ഇടിവുതട്ടുന്നതിന്റെ തോതനുസരിച്ച്, പൈശാചിക പ്രേരണകൾ സ്വാധീനം ചെലുത്തുകയും ചെയ്യും. അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് വിശ്വാസത്തിന് ഇടിവുബാധിക്കൽ ആദ്യമായി പരലോക വിശ്വാസത്തിന്നാണ്. മനുഷ്യരെല്ലാം മരണമടഞ്ഞ് മണ്ണായി മാറിയശേഷം എല്ലാ മനുഷ്യരെയും, അല്ലാഹു ഭൂമിയിൽനിന്നും ജഡത്തോടുകൂടി ഉയിർത്തെഴുന്നേൽപിച്ച് അവന്റെ മുമ്പിൽ ഹാജരാക്കി വിചാരണ ചെയ്യുമെന്നും അവരുടെ കർമങ്ങൾ അനുസരിച്ച് ശിക്ഷാരക്ഷകൾ നൽകുമെന്നുമുള്ള വിശ്വാസത്തിന്നാണ് ആദ്യമായി മങ്ങലേൽക്കുക. ഇഹലോകജീവിതത്തെ അതിയായി സ്‌നേഹിക്കുകയും പരലോകവിശ്വാസത്തിന്ന് മങ്ങലേൽക്കുകയും ചെയ്യുമ്പോൾ, പൈശാചിക പ്രേരണക്ക് വശംവദരായി അല്ലാഹുവിനു പുറമെയുള്ളവരെ വിളിച്ചുപ്രാർഥിക്കാനും ആരാധിക്കാനും മറ്റും ആരംഭിക്കുന്നു.

وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ

അല്ലാഹുവിനെ മാത്രം ഏകനായി, അനുസ്മരിപ്പിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ വെറുപ്പ് പ്രകടിപ്പിക്കും. അല്ലാഹുവിന് പുറമെയുള്ളവരെ അനുസ്മരിപ്പിക്കപ്പെട്ടാൽ; അതാ, അവൻ സന്തോഷിക്കുകയായി. (അസ്സുമർ 45)

മരണാനന്തരം ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നും അല്ലാ ഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമെന്നും ദൃഢമായി വിശ്വസിക്കുന്ന ഒരു മനുഷ്യനും അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയോ, വിളിച്ചു പ്രാർഥിക്കുകയോ ചെയ്യുകയില്ല. നിത്യേന പതിനേഴ് പ്രാവശ്യമെങ്കിലും ഒരു മുസ്‌ലിം നമസ്‌കാരത്തിൽ ആവർത്തിച്ച് ഉരുവിടുന്ന ‘ഫാതിഹ’ സൂറത്തിൽ, مَٰلِكِ يَوْمِ ٱلدِّينِ ‘മാലികി യൗമിദ്ദീൻ’ (വിചാരണനാളിന്റെ ഉടമസ്ഥൻ) എന്ന് പറഞ്ഞയുടനെ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ‘നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുന്നു’ എന്ന് അല്ലാഹുവിനോട് കരാർ ചെയ്യുന്നു. അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു, വിചാരണക്ക് വിധേയനാക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മനുഷ്യരിൽനിന്ന് പ്രകൃത്യായുണ്ടാകുന്ന ഒരു പ്രഖ്യാപനമാണ് ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈൻ’ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം സഹായം തേടുന്നു) എന്നത്. എല്ലാ ദൈവദൂതൻമാർക്കും ഏറ്റവുമധികം എതിർപ്പ് നേ രിടേണ്ടി വന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾ പ്രബോധനം ചെയ്തപ്പോഴായിരുന്നു. ഒന്ന്, തൗഹീദിന്റെ സന്ദേശം, ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല’ എന്നത്. രണ്ടാമത്തേത് പുനരുത്ഥാനത്തിന്റെ സന്ദേശം. അവ രണ്ടും അവർക്ക് ഒട്ടും ദഹിച്ചില്ല. അവ രണ്ടും അവരിൽ അങ്ങേയറ്റത്തെ ആശ്ചര്യവും അന്ധാളിപ്പു മുണ്ടാക്കി. ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത് നോക്കുക:

أَجَعَلَ ٱلْـَٔالِهَةَ إِلَٰهًا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌ

അവൻ ദൈവങ്ങളെയെല്ലാം കൂടി ഒരു ദൈവമാക്കിയോ? ഇത് വലിയ ആശ്ചര്യകരമായ കാര്യം തന്നെ! (സ്വാദ് 5)

‏ بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَٰفِرُونَ هَٰذَا شَىْءٌ عَجِيبٌ ‎﴿٢﴾‏ أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعُۢ بَعِيدٌ ‎﴿٣﴾‏

എന്നാൽ അവർ അവരിൽനിന്നുതന്നെ ഒരു മുന്നറിയിപ്പുകാരൻ വന്നതിൽ അത്ഭുതപ്പെട്ടു. അവിശ്വാ സികൾ പറയുകയും ചെയ്തു: ഇത് വലിയ ആശ്ചര്യകരമായ കാര്യം തന്നെ. മരണപ്പെട്ട് മണ്ണായിത്തീർന്നിട്ട്, അത് വളരെ വിദൂരമായ ഒരു മടക്കം തന്നെ! (കാഫ് 2,3)

അല്ലാഹുവല്ലാതെ വേറെ ദൈവമില്ല എന്ന തൗഹീദിന്റെ സന്ദേശവും, മരണാനന്തരം അവസാന നാളിൽ മനുഷ്യരെല്ലാം ജഡത്തോടുകൂടി ഉയർത്തെഴുന്നേൽപിക്കപ്പെടുമെന്ന പുനരുത്ഥാനത്തിന്റെ സന്ദേ ശവും ഒരേമാതിരി പ്രതികരണമാണ് അവിശ്വാസികളിൽ ഉണ്ടാക്കിയത്. നൂഹ് عليه السلام മുതൽ മുഹമ്മദ് ﷺ വരെയുള്ള എല്ലാ പ്രവാചകൻമാരുടെയും എതിരാളികൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നു. അല്ലാഹുവാണ് പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനുമെന്നു അവർ ഉറപ്പിച്ച് പറഞ്ഞിരുന്നു. പക്ഷേ, അവരുടെ പൂർവികൻമാർ ആരാധിച്ചുപോന്നിരുന്ന ദൈവങ്ങളെ കയ്യൊഴിക്കാൻ അവർ കൂട്ടാക്കിയില്ല. മരണാനന്തരം പുനർ ജീവിപ്പിക്കപ്പെടുമെന്ന് വിശ്വസിക്കാനും അവർ കൂട്ടാക്കിയില്ല. അവരുടെ പൂർവികർക്ക് പരലോക വിശ്വാസം കുറയുകയും ഇഹലോക ജീവിതത്തോടുള്ള പ്രതിപത്തി വർധിക്കുകയും ചെയ്തപ്പോൾ, അല്ലാഹുവിനു പുറമെ പലരെയും വിളിച്ച് പ്രാർഥിക്കുവാനുള്ള പൈശാചിക പ്രേരണകൾക്ക് അവർ വശംവദരായി. പുനരുത്ഥാനത്തിലും പരലോകത്തിലുമുള്ള വിശ്വാസം തീരെ ഇല്ലാതായപ്പോൾ ബിംബാരാധനയും മറ്റു ബഹുദൈവ സങ്കൽപദൈവങ്ങളും തഴച്ചുവളർന്നു. അവ അവരുടെ സംസ്‌കാരങ്ങളുടെ അവിഭാജ്യഘടകങ്ങളായിത്തീർന്നു. പിശാച് അവരുടെ അത്തരം ആരാധനകളം പൂജകളും വഴിപാടുകളുമെല്ലാം മഹത്തായ കാര്യങ്ങളായി അവരുടെ മനസ്സുകളിൽ തോന്നിപ്പിക്കുകയും ചെയ്തു. ഇതിനെ എതിർത്ത പ്രവാചകൻമാരെ മർദിക്കാനും നാടുകടത്താനും കൊല്ലുവാൻപോലും അവർ ഒരുമ്പെട്ടു. ഈ ലൗകിക ജീവിതത്തിലെ കാര്യങ്ങൾ നേടാനാണ് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നതും ആരാധിക്കുന്നതും. പരലോക മോക്ഷത്തിനുവേണ്ടി ആരും അങ്ങനെ ചെയ്യാറില്ല. പരലോക വിശ്വാസത്തിന് ക്ഷതമേൽക്കുന്നതിന്റെ തോതനുസരിച്ച് ശിർക്ക് വർധിക്കുന്നതായി കാണാം.

പരലോകവിശ്വാസത്തിന്റെ മർമം പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ്. എല്ലാ കാലക്കാരും ഭാഷക്കാരും ദേശക്കാരുമായ മനുഷ്യരെ ഒന്നടങ്കം ജീവനോടെ, ജഡത്തോടെ ഉയിർത്തെഴുന്നേൽപിക്കുമെന്ന കാര്യം ഉൾക്കൊള്ളാനും വിശ്വസിക്കാനും അല്ലാഹുവിനെ കണക്കാക്കേണ്ട മാതിരി കണക്കാക്കിയവർക്കേ സാധ്യമാകുകയുള്ളു. അതുകൊണ്ട് അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവർക്ക് ആദ്യം നഷ്ടപ്പെടുന്ന വിശ്വാസം പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ്.

ഈ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ തോതനുസരിച്ച് ബഹുദൈവ വിശ്വാസം മനുഷ്യരെ ബാധിക്കുന്നു. അല്ലാഹുവിന്റെ ദൂതൻമാർക്ക് നേരിടേണ്ടിവന്നിട്ടുള്ളവരിൽ അധികവും പുനരുത്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ബഹുദൈവാരാധകൻമാരെയായിരുന്നു. പൂർവിക പ്രവാചകൻമാരുടെയും അവസാനത്തെ പ്രവാചകനായ മുഹമ്മദ് ﷺ യുടെയും എതിരാളികളിൽ അധികംപേരും ഈ തരത്തിൽ പെട്ടവരായിരുന്നു. പൂർവ പ്രവാചകരുടെ എതിരാളികൾ പറയുന്നത് നോക്കുക:

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَٰمًا أَنَّكُم مُّخْرَجُونَ ‎﴿٣٥﴾‏ ۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ‎﴿٣٦﴾‏ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ‎﴿٣٧﴾

അവൻ (പ്രവാചകൻ) നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നുവോ, ‘മരണമടഞ്ഞ് എല്ലും മണ്ണുമായിത്തീർന്ന ശേഷം, നിങ്ങൾ പുറപ്പെടിക്കപ്പെടുമെന്ന്? നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം എത്രയെത്ര വിദൂരം! നമ്മുടെ ഈലോക ജീവിതമല്ലാതെ (വേറെ ഒരു ജീവിതമില്ല). നാം മരിക്കുന്നു, ജീവിക്കുന്നു. നാം ഒരിക്കലും പുനർജീവിപ്പിക്കപ്പെടുകയില്ല. (അൽമുഅ്മിനൂൻ 35-37)

ഇതുപോലെത്തന്നെ മുഹമ്മദ് നബി ﷺ യുടെ എതിരാളികൾ പറയുന്നു:

بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ ‎﴿٨١﴾‏ قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ‎﴿٨٢﴾‏ لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَٰذَا مِن قَبْلُ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ‎﴿٨٣﴾

എന്നാൽ അവർ പറയുന്നു; ആദ്യകാലക്കാർ പറഞ്ഞതുപോലെത്തന്നെ: നാം മരണപ്പെട്ട് എല്ലും മണ്ണുമായതിന്റെ ശേഷം നാം പുനർജീവിപ്പിക്കപ്പെടുകയോ? നിശ്ചയമായും ഇത് നമ്മോടും നമ്മുടെ പൂർവപിതാക്കളോടും വാഗ്ദത്തം ചെയ്യപ്പെട്ടതാണ്. ഇത് പൂർവികരുടെ കെട്ടുകഥകൾ മാത്രമാണ്. (അൽമുഅ്മിനൂൻ 81-83)

മക്കയിലെ ക്വുറൈശി അവിശ്വാസികൾ അല്ലാഹുവിന്റെ പേരിൽ ആണയിട്ടും കൊണ്ട്, പുനരുത്ഥാനത്തെ നിഷേധിച്ചു:

‏ وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അവർ അല്ലാഹുവിന്റെ പേരിൽ ഏറ്റവും ശക്തമായി സത്യം ചെയ്തുകൊണ്ട് പറഞ്ഞു: മരിക്കുന്നവരെ അല്ലാഹു ഉയർത്തെഴുന്നേൽപിക്കയില്ല എന്ന്. എന്നാൽ അത് (ഉയർത്തെഴുന്നേൽപിക്കൽ) അല്ലാഹുവിന്റെ മേൽ സത്യമായും ബാധ്യസ്ഥമായ വാഗ്ദത്തമാണ്. എങ്കിലും അധികം മനുഷ്യരും അറിയുന്നില്ല. (അന്നഹ്ൽ 38)

അല്ലാഹുവാണ് പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനുമെന്നെല്ലാം സമ്മതിച്ചിരുന്ന മക്കയിലെ അവിശ്വാസികൾക്ക് നഷ്ടപ്പെട്ടിരുന്ന വിശ്വാസം പുനരുത്ഥാനത്തിലുള്ള വിശ്വാസമായിരുന്നു. അതുകൊണ്ട് ഈ ജീവിതത്തിലെ കാര്യങ്ങൾ മാത്രമായിരുന്നു അവർക്ക് ജീവിതലക്ഷ്യങ്ങളായി ഉണ്ടായിരുന്നത്. അവ നേടാൻ, അല്ലാഹുവിന്റെയടുക്കൽ ശുപാർശക്കാരായും ഇടത്തട്ടുകാരായും പല ദൈവങ്ങളെയും അവർ കെട്ടിച്ചമച്ചുണ്ടാക്കി അവയോട് പ്രാർഥിക്കാനും അവയെ ആരാധിക്കാനും തുടങ്ങി. അല്ലാഹുവിന്റെ മുമ്പിൽ മരണാനന്തരം ഹാജരാക്കപ്പെടുമെന്ന് ഉറച്ചുവിശ്വസിക്കുന്നവൻ അല്ലാഹുവിനെയല്ലാതെ ആരാധിക്കയില്ല, അവനോടല്ലാതെ പ്രാർഥിക്കയില്ല. പുനരുത്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിനു പുറമെ എത്ര ദൈവങ്ങളുണ്ടായാലും മതിവരികയുമില്ല. അതുകൊണ്ട് പ്രവാചകന്മാരെല്ലാം ഏകദൈവാരാധനയുടെ സന്ദേശവും, പുനരുത്ഥാനത്തിന്റെ സന്ദേശവും ഒരേ പ്രാധാന്യത്തോടെ പ്രബോധനം ചെയ്തു. പരിശുദ്ധ ക്വുർആൻ ഈ രണ്ട് സന്ദേശങ്ങൾക്കാണ് ഏറ്റവുമധികം പ്രാധാന്യവും പ്രാമുഖ്യവും കൊടുത്തിട്ടുള്ളതും.

ആധുനിക കാലഘട്ടത്തിലും, ഇസ്‌ലാമിന്റെ പ്രബോധനം ഈ രണ്ട് അടിസ്ഥാന സന്ദേശങ്ങളിൽ ഊന്നിക്കൊണ്ടായിരിക്കണം. ഏത് കാലഘട്ടത്തിലും ഇസ്‌ലാമിന്റെ പ്രബോധനം ഈ രണ്ട് അടിസ്ഥാന സന്ദേശങ്ങളിൽ ഊന്നിക്കൊണ്ടായിരിക്കണം.

ആധുനിക ലോകത്തിൽ പുനരുത്ഥാനത്തിലും പരലോക ജീവിതത്തിലും വിശ്വസിക്കാത്ത മനുഷ്യർ ലൗകിക ജീവിതത്തിലെ ക്ഷണികമായ കാര്യങ്ങൾക്ക് വേണ്ടി എത്രയെത്ര സങ്കൽപദൈവങ്ങളെയാണ് ആരാധിക്കുന്നത്! എവിടേക്കെല്ലാം തീർത്ഥാടനങ്ങൾ നടത്തുന്നു! വഴിപാടുകളും നേർച്ചകളും അർപ്പിച്ച് എത്രയെത്ര ഭണ്ഡാരങ്ങൾ നിറക്കുന്നു! രോഗശമനത്തിനും സാമ്പത്തികനേട്ടങ്ങൾക്കും സന്താനലാഭത്തി ന്നും അധികാരലബ്ധിക്കും ഉള്ളത് നഷ്ടപ്പെടാതിരിക്കാനും ജാറങ്ങളിലും ക്ഷേത്രങ്ങളിലും ദിവ്യന്മാരുടെയും ജ്യോൽസ്യന്മാരുടെയും സന്നിധികളിലും അഭയംപ്രാപിക്കുന്നരുടെ എണ്ണം കൂടിക്കൂടിവരുന്നു. ആധുനിക വിദ്യാഭ്യാസവും ശാസ്ത്രീയ-സാങ്കേതിക പുരോഗതിയും ഈ പോക്കിന്ന് ഒരു ശമനവും നൽകുന്നില്ല. ഇന്ത്യയിൽ ഇന്ന് അഞ്ഞൂറിലധികം ജീവിക്കുന്ന മനുഷ്യദൈവങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. അവരുടെ അടുക്കൽ ജനകോടികൾ അഭയം പ്രാപിക്കുന്നു. അവരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും തേടുന്നു. ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും രാജ്യതന്ത്രജ്ഞന്മാരും രാഷ്ട്രീയനേതാക്കൻമാരും സിനിമാനടൻമാരും എല്ലാം അല്ലാഹുവിന് പുറമെയുള്ള അഭയസങ്കേതങ്ങൾ തേടി ഓടിനടക്കുന്നു. അധികാരത്തിലുള്ളവർ അധികാരം നിലനിർത്താനും ഇല്ലാത്തവർ അധികാരം നേടുവാനും ദിവ്യന്മാരെയും സന്യാസിമാരെയും ജ്യോ ൽസ്യൻമാരെയും എല്ലാം ശരണം പ്രാപിക്കുന്നു. എലക്ഷനും കൂടി ആയാൽ ദിവ്യൻമാർക്ക് നല്ല ബിസിനസ്സ് തന്നെ. പരലോകവിശ്വാസമില്ലാത്തവൻ ചെന്നെത്തുന്ന സ്ഥിതി എത്ര ശോചനീയം!

പരലോക വിശ്വാസത്തിന്റെ മർമം പുനരുത്ഥാനത്തിലുള്ള വിശ്വാസമാണ്. മനുഷ്യൻ മരിക്കുമെന്ന കാര്യം എത്ര ഉറപ്പാണോ അത്രതന്നെ ഉറപ്പായ കാര്യമാണ് അവൻ ജഡത്തോടുകൂടി ജീവനോടെ ഭൂമിയിൽ നിന്നും ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്ന കാര്യവും. ശാസ്ത്രത്തിന്നോ, തത്ത്വജ്ഞാനങ്ങൾക്കോ കണ്ടെത്താൻ കഴിയാത്ത ഈ സത്യം പ്രവാചകൻമാരും വേദഗ്രന്ഥങ്ങളും മുഖേന, അല്ലാഹു മനുഷ്യവംശത്തെ തെര്യപ്പെടുത്തിയതാണ്. മനുഷ്യ ജീവിതത്തിന് അർഥവും ലക്ഷ്യവും നൽകുന്ന ഈ സത്യം ഉൾകൊള്ളാൻ കൂട്ടാക്കാത്തവർ എത്ര വലിയവരും ഉന്നതരുമായാലും വമ്പിച്ച വിഡ്ഢിത്തത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഈ സത്യം ഉൾകൊള്ളാൻ തടസ്സമായി നിൽക്കുന്നത് അഹംഭാവമാണ്. അഹന്ത ബാധിച്ച മനസ്സുകൾക്ക് ഏകദൈവവിശ്വാസവും പുനരുത്ഥാനത്തിലുള്ള വിശ്വാസവും ഉൾകൊള്ളാൻ സാധിക്കയില്ല. അതാണ് പരിശുദ്ധ ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത്:

أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ‎﴿٢١﴾‏ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ ‎﴿٢٢﴾

നിങ്ങളുടെ ആരാധ്യൻ (ദൈവം) ഒരേ ഒരു ആരാധ്യൻ മാത്രമാണ്. എന്നാൽ പരലോക വിശ്വാസമില്ലാത്തവർ; അവരുടെ ഹൃദയങ്ങൾ നിഷേധിക്കുന്നവയാണ്, അവർ അഹംഭാവികളാണ്, സംശയമില്ല. അവർ രഹസ്യമാക്കുന്നതും വെളിവാക്കുന്നതും അല്ലാഹു അറിയുന്നു. നിശ്ചയം, അവൻ അഹംഭാവികളെ ഇഷ്ടപ്പെടുന്നില്ല. (അന്നഹ്ൽ 21-22)

പരലോക വിശ്വാസമില്ലാത്തവർക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന ഏകദൈവവിശ്വാസത്തിന്റെ പ്രഖ്യാപനം ഉൾകൊള്ളാൻ സാധ്യമാകയില്ല. പരലോകവിശ്വാസത്തിന് ഇടിവ് പറ്റുകയും, ഇഹലോകജീവിത ത്തോട് പ്രതിപത്തി കൂടുകയും ചെയ്യുമ്പോൾ പൈശാചിക പ്രേരണക്ക് വശംവദരായി, ബഹുദൈവാരാധന യിലേക്ക് മനുഷ്യർ നീങ്ങുന്നു. ആധുനിക കാലഘട്ടത്തിലും മനുഷ്യരുടെ നില ഇതുതന്നെ. അതുകൊണ്ട് പ്രവാചകൻമാരുടെ മാതൃക സ്വീകരിച്ചുകൊണ്ട് ഏകദൈവ വിശ്വാസത്തിന്റെയും പരലോക വിശ്വാസത്തിന്റെയും സന്ദേശങ്ങൾ നമ്മുടെ പ്രബോധനത്തിന്റെ മുഖ്യഘടകങ്ങളായിരിക്കട്ടെ. നമ്മുടെ കടമ നിർവഹിക്കുവാനുള്ള കഴിവും തൗഫീഖും അല്ലാഹു പ്രദാനം ചെയ്യട്ടെ- ആമീൻ.

ഡോ. എം. ഉസ്മാൻ

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *