ത്രിത്വം : ഇസ്ലാമിന്റെ നിലപാട്

ക്രിസ്തീയ മതത്തിന്‍റെ പ്രധാന സിദ്ധാന്തം ത്രിയേകത്വ സിദ്ധാന്തമാകുന്നു. അതായത് പിതാവും (ദൈവവും), പുത്രനും (ഈസായും) പരിശുദ്ധാത്മാവും (റൂഹുല്‍ ക്വുദ്‌സും) ചേര്‍ന്നതാണ് സാക്ഷാല്‍ ദൈവം. മൂന്നും കൂടി ഒന്നാണുതാനും എന്നിങ്ങനെയുള്ള വിശ്വാസം. (അമാനി തഫ്സീര്‍ – ആമുഖത്തിൽ നിന്നും)

ക്രൈസതവ വിശ്വാസ പ്രകാരം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്  എന്നിങ്ങനെ മൂന്ന് വ്യക്തികൾ ചേര്‍ന്നതാണ് ദൈവം. അതായത് അനാദി കാലത്ത് ഒരു ദൈവം മറ്റൊരു ദൈവത്തിൽ നിന്നും ജനിച്ചു. ജനിച്ച ദൈവം പുത്രദൈവം, ആരിൽ നിന്നാണോ ജനിച്ചത് അത് പിതാവ് ദൈവം, ആ പിതാവിൽ നിന്നും പുത്രനിൽ നിന്നുമായി മൂന്നാമതായി പരിശുദ്ധാത്മാവ് എന്ന മറ്റൊരു ദൈവം പുറപ്പെടുന്നു. അങ്ങനെ മൂന്ന് ദൈവ വ്യക്തികൾ. അവർ മൂന്നുപേരും വ്യത്യസ്ഥരാണ്. അവർ നിത്യരുമാണ്. ദൈവത്വത്തിലും. ദൈവികഗുണങ്ങളിലും ഈ മൂന്ന് പേരും സമമാണെങ്കിലും ദൈവം ഏകനായുളളവന്‍ തന്നെ എന്നുളളതാണ് ത്രിത്വോപദേശത്തിന്‍റെ ആകെത്തുക. ഇതിനാണ് ‘ത്രിയേകത്വം’ എന്നു പറയപ്പെടുന്നത്. ഈ വിശ്വാസത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു.

يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَٰهٌ وَٰحِدٌ ۖ سُبْحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ഖുർആൻ:4/171)

لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّآ إِلَٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ

അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (ഖുർആൻ:5/73)

പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ ദൈവത്വമുളള മൂന്ന് വ്യക്തികൾ ചേര്‍ന്നതാണ് ദൈവമെന്നും, അതേ സമയത്ത് ദൈവം ഏകന്‍  തന്നെയാണെന്നുമുള്ളത് യുക്തിപരമോ ബുദ്ധിപരമോ, ന്യായപരമോ അല്ല. എതുകൊണ്ട് ഈ വൈരുദ്ധ്യമെന്നാൽ, അല്ലാഹു പറഞ്ഞത് കാണുക:

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. . (ഖുർആൻ:4/82)

അല്ലാഹു പറഞ്ഞതിന് പ്രത്യക്ഷത്തിലുള്ള ഉദാഹരണം തന്നെയാണിത്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *