തൗഹീദും വ്യതിയാനങ്ങളും

ഇസ്ലാമിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇസ്ലാമിന്റെ അടിവേരാണ് തൗഹീദ്. ഇസ്ലാമിന്റെ ജീവനാണ് തൗഹീദ്. ജീവൻ നഷ്ടമായാൽ, അടിത്തറ തകർന്നാൽ, അടിവേര് പൊട്ടിയാൽ അതോടുകൂടി എല്ലാം തകർന്നു തരിപ്പണമാകും. ഒരാളിലെ തൗഹീദ് തകർന്നാൽ അവനിലെ ഇസ്ലാം തകർന്ന് തരിപ്പണമാകും.

തൗഹീദ് സ്വർഗ്ഗം നിർബന്ധമാക്കുന്നു. തൗഹീദിന്റെ വിപരീതമായ ശിർക്ക് നരകം നിർബന്ധമാക്കുന്നു.

عَنْ جَابِرٍ، قَالَ أَتَى النَّبِيَّ صلى الله عليه وسلم رَجُلٌ فَقَالَ يَا رَسُولَ اللَّهِ مَا الْمُوجِبَتَانِ فَقَالَ ‏ :‏ مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ ക്ക് അരികില്‍വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് നിര്‍ബന്ധമായ രണ്ട് കാര്യങ്ങള്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെയാണ് ആരെങ്കിലും മരണമടഞ്ഞത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനെയും പങ്കുചേര്‍ത്താണ് മരണമടഞ്ഞത് എങ്കില്‍ അവന്‍ നരകത്തിലും പ്രവേശിച്ചു. (മുസ്‌ലിം: 93).

എന്താണ് തൗഹീദ്

‘വഹ്ഹദ’ എന്ന് പറഞ്ഞാല്‍ ‘അഫ്‌റദ’ അഥവാ ‘ഏകനാക്കുക’ എന്നാണ് അര്‍ഥം. ‘റുബൂബിയ്യഃ’ (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), ‘അല്‍അസ്മാഉ വസ്സ്വിഫാത്’ (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഇമാം ബുഖാരി رَحِمَهُ اللهُ തന്റെ സ്വഹീഹുൽ ‘കിത്താബുത്തൗഹീദ്’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ നൽകിയിരിക്കുന്നു. ഈ ഹെഡിങ്ങിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുഹജർ അസ്ഖലാനി رَحِمَهُ اللهُ പറയുന്നു:

التوحيد مصدر وحد يوحد ، ومعنى وحدت الله اعتقدته منفردا بذاته وصفاته لا نظير له ولا شبيه ، وقيل معنى وحدته علمته واحدا ، وقيل : سلبت عنه الكيفية والكمية فهو واحد في ذاته لا انقسام له ، وفي صفاته لا شبيه له ، في إلهيته وملكه وتدبيره لا شريك له ولا رب سواه ولا خالق غيره

ഏകാനാക്കി, ഏകനാക്കും എന്ന പദത്തിന്റെ മൂലപദമാണ് തൗഹീദ്. അല്ലാഹുവിനെ ഏകാനാക്കി എന്നാൽ : ഞാൻ അവനിൽ വിശ്വസിക്കുന്നു ഏകനായിക്കൊണ്ട് അവന്റെ സത്തയിൽ, അവന്റെ ഗുണവിശേഷണങ്ങളിൽ അവന് തുല്ല്യമോ സദൃശ്യമോ ഉള്ളത് ഒന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

പറയപ്പെട്ടു: അല്ലാഹുവിനെ ഏകാനാക്കി എന്നാൽ : അവൻ ഏകനാണെന്ന് അറിയപ്പെട്ടിട്ടുണ്ട്.

പറയപ്പെട്ടു: അല്ലാഹുവിനെ ഏകാനാക്കി എന്നാൽ : അവനെ  രൂപപ്പെടുത്തുന്നതിൽ നിന്നും എണ്ണം പറയുന്നതിൽ നിന്നും ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു. (കാരണം) അവന്റെ സത്തയിൽ അവൻ ഏകനാണ്, അവന് ഘടകങ്ങളില്ല. അവന്റെ ഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ്, അവന് സദൃശങ്ങളില്ല. അവന്റെ ആരാധനയിലും അധികാരത്തിലും നിയന്ത്രണത്തിലും അവന് യാതൊരു പങ്കുകാരുമില്ല. അവന് പുറമേ മറ്റൊരു രക്ഷിതാവോ സൃഷ്ടാവോ ഇല്ല.

ഈ തൗഹീദിലേക്കാണ് ലോകത്തേക്ക് അയക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തെ ക്ഷണിച്ചത്.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)

നൂഹ്, ഹൂദ്, സ്വാലിഹ്, ശുഹൈബ്  عليهم السلام എന്നീ പ്രവാചകൻമാർ  അവരുടെ സമൂഹത്തെ ഇതേ ആശയം പഠിപ്പിച്ചതായി ഖുർആൻ പറയുന്നു:

يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ

എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. (ഖുർആൻ:7/59,65,73,85)

മുഹമ്മദ് നബി ﷺ പറഞ്ഞു:

أَفْضَلُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ

ഞാനും എനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ (യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരേയില്ല) എന്ന വാക്യമാണ്. (മുവത്വ)

എന്നാൽ ഈ സമൂഹം തൗഹീദിൽ നിന്നും വ്യതിചലിക്കുമെന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ അറിയിച്ചിട്ടുണ്ട്.

عَنْ عَائِشَةَ، قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏:‏ لاَ يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللاَّتُ وَالْعُزَّى

ആയിശ رَضِيَ اللَّهُ عَنْها  പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ജനങ്ങൾ ലാത്തയെയും ഉസ്സയെയും ആരാധിക്കുന്നതുവരെ രാപ്പകലുകളുടെ (വ്യവസ്ഥിതി) അവസാനിക്കുകയില്ല. (മുസ്ലിം:2907)

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى يَعْبُدُوا الأَوْثَانَ

സൌബാൻ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തില്‍ പെട്ട ചില സംഘങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്രിക്കുകളുമായി കൂടിച്ചേരുകയും ചെയ്യുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. (തിർമിദി)

നബി ﷺ അറിയിച്ചത് മുസ്ലിം സമുദായത്തിൽ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന് തുടക്കമിട്ടത് ശിയാക്കളായിരുന്നു. പല വ്യക്തികൾക്കും അവർ അപ്രമാദിത്വം കൽപ്പിച്ചുകൊണ്ടും പല വ്യക്തികളിലും ദൈവികത്വം നൽകിക്കൊണ്ടും അവർ ശിർക്കിനെയും കുഫ്റിനെയും നെഞ്ചിലേറ്റി. അങ്ങനെ എല്ലാം കാണുന്ന, എല്ലാം അറിയുന്ന,  എവിടെ നിന്ന് വിളിച്ചാലും പ്രാർത്ഥന കേൾക്കുന്ന, സഹായിക്കുന്ന, ഉത്തരം നൽകുന്ന, പല വ്യക്തികളേയും അവർ പരിചയപ്പെടുത്തി. ശിയാക്കളിൽ നിന്നും സൂഫികൾ അത് ഏറ്റടുത്തു. അങ്ങനെ തസ്വവുഫിന്റെയും ത്വരീഖത്തിന്റെയും പേരിൽ ഈ അനാചാരം നമ്മുടെ നാട്ടിലുമെത്തി. ഈ ത്വരീഖത്തുകളെ സമസ്തയന്ന മുസ്ലിം സംഘടന തന്നെ ഏറ്റെടുത്തതോടെ ഈ സമൂഹത്തിൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണം എളുപ്പത്തിലായി. അവരൊക്ക തങ്ങൾ സുന്നത്ത് ജമാഅത്തിന്റെ ആതർശത്തിലാണെന്ന് ജൽപ്പിക്കുകയും ചെയ്യുന്നു.

പിന്നീട് തൗഹീദിന്റെ ഇനങ്ങളായി പണ്ഢിതൻമാർ പഠിപ്പിച്ചു തന്നതിലൊക്കെ അല്ലാഹുവിന് സമൻമാരെ സ്ഥാപിക്കുന്നതാണ് കണ്ടത്. അല്ലാഹുവിനെ കുറിച്ച് പറയാൻ പാടില്ലാത്തത് എന്താണെന്ന് അഹ്ലുസ്സുന്നത്തിന്റെ പണ്ഢിതൻമാർ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. എന്നാൽ അല്ലാഹുവിന്റെ കൈ, മുഖം പാദം, ഇറക്കം തുടങ്ങിയവയൊക്കെ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അല്ലാഹുവിന്റെ കൈ, മുഖം പാദം എന്നിവയൊക്കെ അല്ലാഹുവിന്റ വിശേഷണങ്ങളാണ്, അവയവങ്ങളല്ല എന്നാണ് അഹ്ലുസ്സുന്നത്തിന്റെ പണ്ഢിതൻമാർ നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്. അതിന്റെ രൂപം നമുക്കറിയില്ല. അത് സൃഷ്ടികളെപ്പോലെയെന്ന് വിശ്വസിക്കാനും പാടില്ല. എന്നാൽ അവയിലൊക്കെ നാം വിശ്വസിക്കണം.

അല്ലാഹുവിന്റെ ഗുണവിഷേണങ്ങൾ വരെ അല്ലാഹു അല്ലാത്തവർക്ക് വകവെച്ചുകൊടുക്കുന്നത് നമ്മുടെ നാടുകളിൽ വ്യാപകമായി. ഒരു ഉദാഹരണം കാണുക:

അല്ലാഹുവിന്റെ വിശേഷണങ്ങൾ ബാഹ്യമായി സൃഷ്ടികൾക്ക് നൽകിയാൽ ശിർക്ക് സംഭവിക്കുകയില്ലെന്നും, അല്ലാഹുവിന്റെതിന് തുല്യമായ രൂപത്തിൽ (സ്വയംപര്യാപ്തതയോടുകൂടി) സൃഷ്ടികളിൽ അത് ആരോപിക്കുമ്പോഴാണ് ശിർക്ക് വരികയെന്നതും നാം മനസ്സിലാക്കുക. (സുന്നത്ത് ജമാഅത്ത്, പേജ്: 28 – 29, സുലൈമാൻ സഖാഫി മാളിയേക്കൽ)

മാത്രമല്ല മഹാന്മാരായ ആളുകൾ അല്ലാഹു ചെയ്യുന്നതൊക്കെ ചെയ്യുമെന്നും അല്ലാഹു കാണുന്നതൊക്കെ കാണുമെന്നും അവർ പ്രചരിപ്പിച്ചു. സി.എം. മടവൂരിന്റെ പേരിൽ ഇറക്കിയ സി.എം.സ്മരണികയിൽ എഴുതിയത് കാണുക:

ഇഷ്ട ദാസന്റെ കണ്ണും കാതും കൈയ്യും കാലും ഞാനാകുമെന്ന് അല്ലാഹും ഖുദ്‌സിയ്യായ ഹദീസിലൂടെ പറഞ്ഞത് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേള്‍ക്കുന്നതു പോലെ കേള്‍ക്കുകയും കാണുകയും പ്രവൃത്തിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. (സി.എം സ്മരണിക, പേജ്:32).

തൗഹീദിന്റെ ഇനങ്ങളായി പഠിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ നിയന്ത്രണാധികാരമെന്നതിലും അട്ടിമറി നടത്തി. അല്ലാഹു അല്ലാത്തവർ ലോകം നിയന്തിക്കുന്നവരാണെന്ന സൂഫികളുടെ ആശയം നമ്മുടെ നാട്ടിൽവരെ പ്രചരിപ്പിക്കപ്പെട്ടു. സി എം മടവൂരിനാണ് ലോകത്തിൻറെ നിയന്ത്രണം എന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് വരെ പറയുന്ന അവസ്ഥയുണ്ടായി. മക്കയിലെ മുശ്രിക്കുകൾക്ക് പോലും ഈ വിശ്വാസമില്ലെന്നതാണ് വസ്തുത.

‏ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:10/31)

എന്തുകൊണ്ടാണ് ഈ വ്യതിയാനങ്ങൾ സംഭവിച്ചത്? അല്ലാഹു മഹാൻമാർക്ക് യഥേഷ്ടമുള്ള കഴിവ് നൽകി എന്നും അതായയത് അഭൗതികമായ കഴിവ് അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹുവിന് മാത്രം അല്ലെന്നും മഹാൻമാർക്കും ഉണ്ടെന്നുമുള്ള വിശ്വാസം സ്വീകരിച്ചപ്പോഴാണ് ഈ വ്യതിയാനം സംഭവിച്ചത്. യഥാർത്ഥത്തിൽ അഭൗതികമായ മാർഗങ്ങളിലുള്ള അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹു ആർക്കും നൽകിയിട്ടില്ല. അങ്ങനെ അല്ലാഹു ആർക്കെങ്കിലും കഴിവ് നൽകി എന്ന് പറഞ്ഞാൽ അല്ലാഹു സ്വയം ഒരു പങ്കാളിയെ സ്വീകരിച്ചു എന്നാണ്. نعوذ بالله  അതൊരിക്കലും ഉണ്ടാവുകയില്ല.

എന്താണ് കാര്യകാരണ ബന്ധം

കാര്യം, കാരണം, ബന്ധം എന്നീ പദങ്ങളാണ് ഇതിലുള്ളത്. കാര്യം നടക്കാൻ കാരണവുമായി ബന്ധപ്പെടുക എന്നർത്ഥം. ഈ ലോകത്ത് അല്ലാഹു സംവിധാനിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഒരു കാരണവുമായി ബന്ധപ്പെടുത്തി കൊണ്ടാണ്. വിശപ്പ് മാറാൻ ഭക്ഷണം കഴിക്കണം, ദാഹം മാറാൻ വെള്ളം കുടിക്കണം, രോഗം വന്നാൽ ചികിത്സിക്കണം അങ്ങനെ ഓരോന്നിനും കാരണങ്ങളെ ബന്ധപ്പെടുത്തണം. കാര്യകാരണ ബന്ധമില്ലാതെ ഈ ഭൂമിയിൽ ഒരു സൃഷ്ടിക്കും യാതൊരു കാര്യവും ചെയ്യാൻ കഴിയില്ല.

എന്നാൽ അല്ലാഹു സ്വയം ഒരു കാര്യം ചെയ്യുന്നതിൽ അവൻ കാരണങ്ങളെ ബന്ധപ്പെടുത്തുന്നില്ല. അവൻ കാര്യകാരണങ്ങൾക്കതീതനാണ്. കാര്യകാരണങ്ങൾക്ക് അതീതമായ ഈ കഴിവിനെയാണ് അഭൗതികമായ കഴിവ് എന്നു പറയുന്നത്.

‏ بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (ഖു൪ആന്‍:2/117)

സൃഷ്ടികളെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞ് ജനിക്കണമെങ്കിൽ അതിന് നിശ്ചയിച്ച കാരണമാണ് ഇണചേരുക എന്നുള്ളത്. എന്നാൽ ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ ഈ കാരണത്തെ ഉപയോഗപ്പെടുത്തേണ്ടതില്ല.

قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖു൪ആന്‍:30/47)

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا ‎﴿١٩﴾‏ قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا ‎﴿٢٠﴾‏ قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ‎﴿٢١﴾‏

അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (ഖു൪ആന്‍:19/19-21)

മർയം عليه السلام ക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ട രംഗം വിവരിക്കുന്ന വചനങ്ങളാണിവ. സൃഷ്ടികൾക്ക് കാര്യം നടക്കാൻ കാരണവുമായി ബന്ധപ്പെടണമെന്നും സൃഷ്ടാവിനത് ആവശ്യമില്ലെന്നും ഈ വചനങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ടപ്പോൾ മർയം عليه السلام പറഞ്ഞത് “യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല” എന്നായിരുന്നു. അതായത് കുഞ്ഞ് ഉണ്ടാകണമെങ്കിൽ പുരുഷനുമായി ഇണചേരണമെന്ന കാരണവുമായി ബന്ധപ്പെടണം. എന്നാൽ കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹു ഉദ്ദേശിച്ചപ്പോൾ ഈ കാരണത്തെ ഉപയോഗപ്പെടുത്തിയില്ല. “അല്ലാഹു ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു”,  “അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണ്” എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി.

ഇങ്ങനെ എല്ലാ കാര്യത്തിനും അല്ലാഹു വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്.  അത് ഉപയോഗിക്കാനേ മുഴുവൻ സൃഷ്ടികൾക്കും കഴിയും. പ്രവാചകന്മാർക്കും  മഹാന്മാർക്കും മലക്കുകൾക്കും ജിന്നുകൾക്കും മുഴുവൻ മനുഷ്യർക്കും  മുഴുവൻ സൃഷ്ടികൾക്കും അത് മാത്രമേ കഴിയൂ. എല്ലാ സൃഷ്ടികൾക്കും ഈ വ്യവസ്ഥ ബാധകമാണ് അതിനെയാണ് السبب والمسببات (കാര്യകാരണ ബന്ധങ്ങൾ) എന്ന് മുൻഗാമികൾ പരിചയപ്പെടുത്തിയിട്ടുള്ളത്. അതിനെ തന്നെയാണ് ما لا يقدر عليه إلا الله (അല്ലാഹുവിനല്ലാതെ കഴിയാത്ത കാര്യം) എന്ന് മുൻഗാമികൾ ആയ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ പരിചയപ്പെടുത്തിയത്. അസ്ബാബുകൾക്ക് അതീതമായ, വ്യവസ്ഥകൾക്ക്  അതീതമായ മുഴുവൻ കഴിവുകളും അല്ലാഹുവിന് മാത്രമാണ്. ഈ വ്യവസ്ഥകളെ നിശ്ചയിച്ചവനെ മാത്രമേ വ്യവസ്ഥകൾക്ക് അതീതമായ കാര്യം നടപ്പാക്കാൻ കഴിയുകയുള്ളൂ. ഇതുതന്നെയാണ് മുൻകാല മുജാഹിദ് പണ്ഡിതന്മാർ അഖിലവും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത്. കെ.എം. മൗലവി, വക്കം മൗലവി, പി.അബ്ദുൾ ഖാദർ മൗലവി, കുഞ്ഞിതു മദനി,പി.കെ.മൂസാ മൗലവി, അമാനി മൗലവി, ഉമർ മൗലവി  തുടങ്ങിയവരൊക്കെ ഇത് വിശദീകരിച്ചിട്ടുണ്ട്.

എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (കുഞ്ഞിതു മദനി / ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്: 12)

എന്നാൽ അല്ലാഹു അല്ലാത്തവർക്ക് കാര്യകാര്യണങ്ങൾക്കതീതമായ കഴിവുണ്ടെന്ന വാദം ചർച്ചയായപ്പോൾ രണ്ട് തരം വ്യതിയാനങ്ങളാണ് സമൂഹത്തിൽ ഉണ്ടായത്.

(ഒന്ന്) കാര്യകാരണങ്ങൾക്കതീതമായ കഴിവ് മഹാൻമാർക്കുണ്ടെന്നും അവരൊക്കെ സഹായിക്കുമെന്നും ഇലാഹാണെന്ന വിശ്വാസമില്ലെങ്കിൽ അവരോട് തേടിയാൽ ശിർക്കല്ലെന്നുമുള്ള പുത്തൻ വ്യാഖ്യാനം ഉണ്ടായി. അതിന്റെ പരിണിതഫലമോ രോഗം മാറ്റുന്ന മഹാൻമാർ,  ഗൈബ് അറിയുന്ന മഹാൻമാർ, നിഅ്മത്തുകൾ നൽകുന്ന മഹാൻമാർ അങ്ങനെ പലതും പ്രചരിപ്പിക്കപ്പെട്ടു. ചുരുക്കത്തിൽ ശിർക്ക് തൗഹീദായി മുദ്രകുത്തി. സമസ്തക്കാർ അതിന്റെ പ്രചാരകരായി മാറി.

(രണ്ട്) കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് എന്നത് പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായതെന്ന പുതിയ വ്യാഖ്യാനം കൊണ്ടുവന്നു. പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായതെല്ലാം അഭൗതികമെന്ന പുത്തൻ വ്യാഖ്യാനം പ്രചരിപ്പിക്കപ്പെട്ടു. സി.എൻ.അഹ്മദ് മൗലവി, ചേകന്നൂർ മൗലവി എന്നിവരാണ് ഈ വാദത്തിന്റെ തുടക്കക്കാർ. പിന്നീട് അബ്ദുൽ സലാം സുല്ലമിയിലൂടെ അതിന് പ്രചാരം ലഭിച്ചു. മർകസുദ്ദഅ്‌വയും കെ.എൻ.എം ഉം അതേറ്റെടുത്തു. അതിന്റെ പരിണിതഫലമോ, പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായതെല്ലാം അഭൗതികമാണെന്ന വാദം ഉണ്ടായി. അവർ തന്നെ പറയുന്നത് കാണുക:

അദൃശ്യവഴി എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ളത് എന്നാണ്. (സെന്‍സിംഗ്, 2007 ഏപ്രില്‍, സലാം സുല്ലമിയുടെ അഭിമുഖം)

നമുക്ക് ദര്‍ശിക്കാനോ ബന്ധപ്പെടാനോ സാധിക്കാത്ത യാതൊന്നും ഭൗതികമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അധീനമായതും നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് മനസ്സിലാകുന്നതുമായ വസ്തുക്കള്‍ ഭൗതികമാണ്. മതപരമായി അഭൗതികം എന്നത് മേല്‍ പറഞ്ഞ വിധം മനസ്സിലാകാത്ത, കേവലം വഹ്‌യ് കൊണ്ടുമാത്രം മനസ്സിലാകുന്ന വസ്തുക്കളാണ്. ജിന്നുകളെയും മലക്കുകളെയും പഞ്ചേന്ദ്രിയങ്ങള്‍ക്കോ ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കോ പിടുത്തം കിട്ടുന്നതല്ല. അത് കേവലം വഹ്്‌യു കൊണ്ടു മാത്രമേ പിടുത്തം കിട്ടൂ. അതുകൊണ്ടാണ് അവയെ അഭൗതികം എന്ന് പറയുന്നത്. (ശബാബ് 2023 February 24)

അങ്ങനെയാണ് മലക്കും ജിന്നുമെല്ലാം കാര്യകാരണ ബന്ധങ്ങള്‍ക്ക് പുറത്താണ് എന്ന പുത്തന്‍വാദം കേരളക്കര ശ്രവിച്ചത്. കാരണം അവയെ നാം കാണുന്നില്ലല്ലോ. അതോടുകൂടി എന്തു സംഭവിച്ചു എന്നു ചോദിച്ചാല്‍, മലക്കോ ജിന്നോ മനുഷ്യജീവിതത്തില്‍ ഇടപെടും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്ക് സംഭവിക്കും എന്ന അത്യധികം വിചിത്രമായ തൗഹീദിലേക്ക് അവരെത്തി. അവര്‍ എഴുതി. ”മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കുവാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു.”(തൗഹീദും നവ യാഥാസ്ഥിതികരുടെ വ്യതിയാനവും, പേജ്: 11, യുവത)

അപ്പോള്‍ സിഹ്‌റില്‍ ശൈത്വാന്‍ സാഹിറിനെ സഹായിക്കുന്നതോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങിനെ സഹായിക്കുന്നില്ല, സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാണ് എന്ന മുന്‍ഗാമികള്‍ക്കോ പിന്‍ഗാമികള്‍ക്കോ പരിചയമില്ലാത്ത വാദം മടവൂർ വിഭാഗത്തിന് അവര്‍ക്കു പറയേണ്ടി വന്നത്.

എന്നാൽ  മുജാഹിദ് പ്രസ്ഥാനത്തിന്റെ കൃത്യമായ നിലപാട് നേരത്തെ എഴുതിയിട്ടുള്ളത് കാണുക:

“ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്.” (വിചിന്തനം. 2007. ഫെബ്രുവരി. 16. പേജ്. 10)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *