തൗഹീദും അതിന്റെ ഇനങ്ങളും

എന്താണ് തൗഹീദ്?

‘വഹ്ഹദ’ എന്ന് പറഞ്ഞാല്‍ ‘അഫ്‌റദ’ അഥവാ ‘ഏകനാക്കുക’ എന്നാണ് അര്‍ഥം. ‘റുബൂബിയ്യഃ’ (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), ‘അല്‍അസ്മാഉ വസ്സ്വിഫാത്’ (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഈ വിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ തൗഹീദിനെ മുന്‍ഗാമികള്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

(1) തൗഹീദുര്‍റുബൂബിയ്യഃ

(2) തൗഹീദുല്‍ ഉലൂഹിയ്യഃ

(3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്

തൗഹീദുര്‍റുബൂബിയ്യഃ

സൃഷ്ടിപ്പും (الخلق) ആധിപത്യവും (الملك) നിയന്ത്രണവുമെല്ലാം (التدبير) അല്ലാഹുവിൽ മാത്രം പരിമിതപ്പെടുത്തലാണിത്.

സൃഷ്ട‌ിപ്പിലെ ഏകത്വം : അല്ലാഹു മാത്രമാണ് സ്രഷ്ടാവ്. അവനല്ലാതെ മറ്റൊരു സ്രഷ്‌ടാവുമില്ല.

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/2)

ٱللَّهُ خَٰلِقُ كُلِّ شَىْءٍ

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. (ഖു൪ആന്‍ :39/62)

يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍:35/3)

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. (ഖു൪ആന്‍ :1/2)

ആധിപത്യത്തിലെ ഏകത്വം : അല്ലാഹു മാത്രമാണ് അധിപതി.

تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :67/1)

قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ

നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) (ഖു൪ആന്‍ :23/88)

കാര്യ നിയന്ത്രണത്തിലെ ഏകത്വം: എല്ലാ കാര്യങ്ങളുടെയും നിയന്ത്രണാധികാരം അല്ലാഹുവിന് മാത്രമാണ്. ആകാശ ഭൂമികളുടെ കാര്യങ്ങളടക്കം അഖില സൃഷ്‌ടി ജാലങ്ങളെയും അവൻ നിയന്ത്രിക്കുന്നു.

أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുർആൻ:7/54)

ഈ ലോകത്തുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് അല്ലാഹുവാണ്. സൃഷ്ടിച്ചുവെന്ന് മാത്രമല്ല, അവയെയെല്ലാം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവനും അവന്‍ മാത്രമാണ്. ഉപജീവനം നൽകുന്നവനും അവനാണ്. അവനാണ് എല്ലാത്തിനേയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. ചുരുക്കത്തില്‍ എല്ലാത്തിന്റേയും റബ്ബ് അവന്‍ മാത്രമാണ്. ഈ പ്രവ൪ത്തനങ്ങളിലെല്ലാം അവന്‍ ഏകനാണ്. അതിലൊന്നും അവന് ഏതെങ്കിലും സഹായിയോ പങ്കാളിയോ ഇല്ല. ഇതാണ് റുബൂബിയ്യത്ത്.

തൗഹീദുല്‍ ഉലൂഹിയ്യഃ

തൗഹീദുല്‍ ഉലൂഹിയ്യഃ കൊണ്ട് ഉദ്ദേശിക്കുന്നത് മതം അനുശാസിക്കുന്ന രൂപത്തിൽ അല്ലാഹുവിലേക്ക് അടുപ്പബന്ധം ഉണ്ടാക്കുവാനായി അടിമകൾ ചെയ്യുന്ന നേർച്ച പ്രാർത്ഥന, ബലി, പ്രതീക്ഷ, ഭയം, ഭാരമേൽപ്പിക്കൽ, ആഗ്രഹം, പേടി, ഖേദിച്ചു മടക്കം തുടങ്ങിയ ആരാധനയുടെ ഇനങ്ങളെല്ലാം അല്ലാഹുവിന് മാത്രം നൽകുക എന്നതാണ്. ഇബാദത്തുകള്‍ അ൪പ്പിക്കപ്പെടാനും ആരാധിക്കപ്പെടാനും അ൪ഹതയുള്ള ഇലാഹ് അല്ലാഹു മാത്രമാണ്. അല്ലാഹു അല്ലാതെ ആരുംതന്നെ ആരാധിക്കപ്പെടരുത്. ഒരു സൃഷ്ടികള്‍ക്കും ഇബാദത്ത് അ൪പ്പിക്കപ്പെട്ടുകൂടാ. ഇതാണ് ഉലൂഹിയത്ത്.

إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍ :20/14)

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖു൪ആന്‍ :1/5)

അല്ലാഹു നിയോഗിച്ച ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ പ്രവാചകൻമാരുടെ പ്രബോധന വിഷയത്തിൽ പ്രഥമമായത് ഈ ഇനം തൗഹീദായിരുന്നു.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)

തൗഹീദുല്‍ അസ്മാഇ വസ്സിഫാത്

അല്ലാഹുവിന് അനേകം നാമങ്ങളും വിശേഷണങ്ങളും ഉണ്ട്. അതെല്ലാം അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ഒരു സൃഷ്ടിയും അതില്‍ അല്ലാഹുവിനോട് സാദൃശ്യമുള്ളവരായി ഇല്ല. ഇതാണ് അസ്മാഉ വ സ്വിഫാത്ത് കൊണ്ടുദ്ദേശിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ വിശുദ്ധ ഖുർആനും നബി ﷺ യും അല്ലാഹുവെ എങ്ങനെ വിളിച്ചുവോ, എന്തു വിശേഷിപ്പിച്ചുവോ അങ്ങനെത്തന്നെ അംഗീകരിക്കലാണ് നാമ, വിശേഷണങ്ങളിലെ ഏകത്വമെന്നതുകൊണ്ടുള്ള വിവക്ഷ. അല്ലാഹു തന്നിൽ സ്‌ഥിരീകരിച്ചവ  നാമും സ്‌ഥിരീകരിക്കുക. അതിൽ വ്യാഖ്യാനങ്ങളോ നിരാകരണമോ രൂപ സങ്കൽപമോ സദൃശ്യപ്പെടുത്തലോ പാടില്ല.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍ :7/180)

لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)

قال العلَّامة العثيمين رحمه الله: ينقسم التوحيد إلى ثلاثة أقسام :١ – توحيد الربوبية. ٢ – توحيد الألوهية. ٣ – توحيد الأسماء والصفات. وقد اجتمعت في قوله تعالى: {رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا} [مريم : ٦٥].

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു :തൗഹീദിനെ മൂന്ന് ഇനങ്ങളായി തരം തിരിച്ചിരിക്കുന്നു:  (1) തൗഹീദുര്‍റുബൂബിയ്യഃ, (2) തൗഹീദുല്‍ ഉലൂഹിയ്യഃ, (3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്. (ഈ മൂന്ന് ഇനങ്ങളും) അല്ലാഹുവിന്റെ ഈ ഖൗലിൽ ഒരുമിച്ചിരിക്കുന്നു :

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റേയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍ :19/65)

ഈ സൂക്തത്തിലെ ‘ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍’ എന്ന ഭാഗം തൗഹീദുര്‍റുബൂബിയ്യത്താണ്. ‘അതിനാല്‍ അവനെ നീ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക’ എന്നത് തൗഹീദുല്‍ ഉലൂഹിയ്യത്തും ‘അവന് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?’ എന്നത് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്തുമാണ്.

ഇമാം ഇബ്‌നുബത്ത്വ رحمه الله പറഞ്ഞു: അല്ലാഹുവിലുള്ള ഈമാന്‍ സ്ഥിരപ്പെടുത്താന്‍ ഒരു സൃഷ്ടിയുടെമേല്‍ ബാധ്യതയായിട്ടുള്ള വിശ്വാസത്തിന്റെ അടിത്തറ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, സ്രഷ്ടാവിനെ അംഗീകരിക്കാത്ത നിരീശ്വരവാദികളുമായി വേറിട്ടുനില്‍ക്കുന്ന, അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഒരു അടിമയുടെ വിശ്വാസം. രണ്ട്, സ്രഷ്ടാവിനെ അംഗീകരിക്കുന്നതോടൊപ്പം ആരാധനയില്‍ (ഉലൂഹിയ്യത്തില്‍) മറ്റുള്ളവരെ അവന്റെകൂടെ പങ്കുചേര്‍കുന്ന മുശ്‌രിക്കുകളില്‍നിന്ന് വേറിട്ട് അവന്റെ ഏകത്വത്തില്‍ വിശ്വസിക്കല്‍. മൂന്ന്; അറിവ്, കഴിവ്, ജ്ഞാനം എന്നിവ പോലെ തന്റെ ഗ്രന്ഥത്തില്‍ അവന്‍ സ്വയം വിശേഷിപ്പിച്ച, സ്രഷ്ടാവിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അവന്റെ വിശേഷണങ്ങളില്‍ വിശ്വസിക്കുക. (അല്‍ ഇബാന: പേജ് 693, 694).

റുബൂബിയ്യത്ത്, ഉലൂഹിയത്ത്, അസ്മാഉ വ സ്വിഫാത്ത് തുടങ്ങി അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് വിശ്വസിച്ചാല്‍ ശി൪ക്ക് സംഭവിക്കുന്നു. അതോടെ അവന്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നു.

വിശുദ്ധ ഖുർആനിലെ ആദ്യ കൽപ്പന തൗഹീദിനെ കുറിച്ചാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿٢١﴾‏ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ‎﴿٢٢﴾

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. (ഖു൪ആന്‍ : 2/21-22)

മനുഷ്യലോകത്തെ തൗഹീദാകുന്ന ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, അതിന്‍റെ അനിഷേധ്യമായ അനിവാര്യതകൂടി അല്ലാഹു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവന്‍’ എന്നു പറഞ്ഞതില്‍, നിങ്ങളുടെ പൂര്‍വ്വികന്‍മാരും ഈ തൗഹീദ് സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നുവെന്നും, അതുകൊണ്ട് അതിന് വിപരീതമായി അവര്‍ അനുവര്‍ത്തിച്ചു വന്ന ശിര്‍ക്കിന്‍റെ പാരമ്പര്യത്തില്‍ നിങ്ങള്‍ അവരെ പിന്‍പറ്റുന്നത് ശരിയല്ലെന്നുമുള്ള ഒരു സൂചന അടങ്ങിയിരിക്കുന്നു. തൗഹീദ് നിങ്ങളുടെ പ്രകൃത്യാ ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ നിങ്ങള്‍ക്ക് സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/21-22ന്റെ വിശദീകരണം)

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്‍റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പിക്കുക എന്നത്രെ അവന് സമന്മാരെ (أَنْدَادًا) ഏര്‍പ്പെടുത്തുക എന്നതിന്‍റെ വിവക്ഷ. ഈ സങ്കല്‍പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. ശിര്‍ക്കാകട്ടെ-അല്ലാഹുവും റസൂലും അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ – പാപങ്ങളില്‍ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/21-22ന്റെ വിശദീകരണം)

അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു സൃഷ്ടിച്ചത്.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)

َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ»

അലി  رَضِيَ اللَّهُ عَنْهُ  പറഞ്ഞു: എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം. (ഖുർത്വുബി)

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ  حَفِظَهُ اللَّهُ  പറയുന്നു: സർവ്വ സൃഷ്ടികളുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം തൗഹീദാകുന്നു. അത് പൂർത്തീകരിക്കുന്നതിന് വേണ്ടിയാകുന്നു അവരെയെല്ലാം അല്ലാഹു പടച്ചത്. അത് ഒരാൾ ഉപേക്ഷിക്കുക എന്നത് തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ അവഗണിക്കലാകുന്നു. (ഫിഖ്‌ഹുൽ അദ്ഇയ്യ)

സത്യവിശ്വാസികളെ, വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയമാണിത്. ഈ വിഷയത്തിൽ പണ്ഢിതൻമാർ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ വിഷയം പഠിക്കുന്നതിന്റെ ശ്രേഷ്ടത കൂടി അറിഞ്ഞിരിക്കുക:

قال شيخ الإسلام ابن تيمية-رحمه الله-: ولا شيء أحب إلى الله من التوحيد ولا شيء أبغض إليه من الشرك

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞു:‘തൗഹീദിനേക്കാള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യവുമില്ല.ശിര്‍ക്കിനേക്കാള്‍ അവന് ഏറ്റവും വെറുപ്പുള്ള ഒരു കാര്യവുമില്ല. (الإستقامة ٣٦٤)

قال العلامة ابن السعدي رحمه الله تعالى: التوحيد إذا كمل في القلب حبب الله لصاحبه الإيمان وزينه في قلبه، وكره إليه الكفر والفسوق والعصيان، وجعله من الراشدين

ഇമാം സഅദീ رحمه الله  പറഞ്ഞു: തൗഹീദ് ഒരുത്തന്റെ ഹൃദയത്തിൽ പൂർണ്ണമായാൽ, അല്ലാഹു അവന്ന് ഈമാൻ ഇഷ്ടമുള്ളതാക്കും.. അതവന്റെ ഹൃദയത്തിൽ അലങ്കാരമുള്ളതാക്കും.. സത്യനിഷേധത്തിനോടും.. തെമ്മാടിത്തരങ്ങളോടും.. അനുസരണക്കേടിനോടും അവന് വെറുപ്പുണ്ടാക്കും. അവനെ നേർമാർഗം ലഭിച്ചവരിൽ ആക്കുകയും ചെയ്യും. (القول السديد شرح كتاب التوحيد ص٢٣)

قال شيخ الإسلام ‏ابن تيمية:كلما قوي التوحيد في قلب العبد قوي إيمانه وطمأنينته وتوكله ويقينه

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞു: എപ്പോഴെല്ലാം ഒരടിമയുടെ ഖൽബിൽ തൗഹീദ് ശക്തിപ്പെടുന്നുവോ, അപ്പോഴെല്ലാം അവന്റെ ഈമാനും, സമാധാനവും, തവക്കുലും, യഖീനുമെല്ലാം ശക്തിപ്പെടും. (الفتاوى 28/35)

‏قال الإمام ابن القيم: فأصل ما تزكوا به القلوب والأرواح هو التوحيد

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു: ഖൽബുകളും റൂഹുകളും ശുദ്ധീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം തൗഹീദ് ആകുന്നു. (إغاثة اللهفان ١٠٨/١)

قال ابن رجب رحمه الله:  فإن التوحيد هو الإكسير الأعظم، فلو وضع منه ذرة على جبال الذنوب والخطايا لقلبها حسنات

ഇബ്നു റജബ് رحمه الله പറഞ്ഞു:  തീർച്ചയായും തൗഹീദ് മഹത്തരമാണ്, അതിൽ നിന്ന് ഒരണുവോളം പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളുടെ മേൽ വെച്ചാൽ അവയെല്ലാം നന്മകളായി മാറുന്നതാണ്. [أسباب المغفرة صـ ٢٩]

قال الحافظ ابن حجررحمه الله : أول ما نزل من القرآن الدعاء إلى التوحيد؛ فلما اطمأنت النفوس على ذلك أنزلت الأحكام

ഹാഫിള് ഇബ്നു ഹജർ رحمه الله  പറഞ്ഞു: ആദ്യമായി ഖുർആനിൽ ഇറങ്ങിയത് തൗഹീദിലേക്കുള്ള ക്ഷണമാണ്, തൗഹീദിനാൽ മനസ്സുകൾ സമാധാനമടഞ്ഞപ്പോൾ, വിധിവിലക്കുകൾ ഇറക്കപ്പെട്ടു. [الفتح ٥١/٩]

ഇബ്നുല്‍ഖയ്യിം رحمه الله  പറഞ്ഞു: തീര്‍ച്ചയായും തൗഹീദ് സ്വര്‍ഗ വാതിലിന്‍റെ താക്കോലാകുന്നു. ആരുടെ കൂടെ താക്കോല്‍ ഇല്ലയോ,അവന്ക്ക് സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറക്കപ്പെടുകയില്ല. (അല്‍വാബിലുസ്സ്വയ്യിബ്)

തൗഹീദിനെ കുറിച്ച് പഠിക്കുന്നതിനായി PDF ബുക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

അഖീദ : അൽ തൗഹീദ്

Leave a Reply

Your email address will not be published. Required fields are marked *