തസ്ബീഹ് മാലയുടെ വിധി

ദിക്റുകളുടെ എണ്ണം പിടിക്കുന്ന തസ്ബീഹ് മാലയോ ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്?

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم – يَعْقِدُ التَّسْبِيحَ قَالَ ابْنُ قُدَامَةَ – بِيَمِينِهِ ‏.‏

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ  പറയുന്നു: അല്ലാഹുവിന്റെ റസൂൽ  ﷺ   തസ്ബീഹ് ചെയ്ത് എണ്ണുന്നത് ഞാൻ കണ്ടു. ഇബ്‌നു ഖുദാമ رحمه الله പറയുന്നു:: “വലത് കൈകൾ കൊണ്ട്”. (അബൂദാവൂദ്: 1502)

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു:  ഒന്നാമതായി, എണ്ണം കാണിക്കുന്ന മോതിരം കൊണ്ട് ദിക്റുകളുടെ എണ്ണം പിടിക്കൽ സുന്നത്തിനെതിരാണ്. വിരലുകൾ കൊണ്ട് ദിക്റുകളുടെ എണ്ണം കണക്കാക്കലാണ് സുന്നത്ത്. നബിﷺ അവിടുത്തെ പവിത്രമായ വലതുകൈ കൊണ്ടാണ് ദിക്റിന്റെ എണ്ണം പിടിച്ചിരുന്നത്. (അബൂദാവൂദ്: 1502)

കൈവിരലുകൾ കൊണ്ട് ദിക്റുകളുടെ എണ്ണം പിടിക്കുമ്പോൾ നമുക്ക് രണ്ട് ഇബാദത്തുകൾ ചെയ്ത കൂലി കിട്ടും. ഒന്ന്, ദിക്ർ ചൊല്ലുന്നതിനും രണ്ടാമത്തേത് കൈ വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നതിനും. ദിക്ർ ചൊല്ലലും ഇബാദത്താണ്, വിരലുകൾ കൊണ്ട് എണ്ണം പിടിക്കലും ഇബാദത്താണ്. മാത്രമല്ല, നിങ്ങളുടെ കൈ നിങ്ങളുടെ കൂടെ ക്വബ്റിലും ഉയിർത്തെഴുന്നേൽപ്പിന്റെ സമയത്തുമുണ്ടാകും. ഈ സമയങ്ങളിൽ തസ്ബീഹ് മാലയും മോതിരവുമുണ്ടാകില്ല. ഈ നിലക്ക് ചിന്തിച്ചാലും, മോതിരം കൊണ്ടോ തസ്ബീഹ് മാല കൊണ്ടോ എണ്ണം പിടിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായത് കൈ വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നതാണ്.

ഇനിയുള്ള ഒരു ചോദ്യമിതാണ്; ദിക്റിന്റെ മോതിരമോ തസ്ബീഹ് മാലയോ ഒരു നിലക്കും ഉപയോഗിക്കാൻ പാടില്ലെന്നാണോ?

ചില നിബന്ധനകളോട് കൂടി ഉപയോഗിക്കാമെന്നാണ് നമുക്ക് പറയാനുള്ളത്. ഒന്നാമത്തെ നിബന്ധന; ഇവ കൊണ്ട് ദിക്റുകളുടെ എണ്ണം പിടിക്കൽ കൈ കൊണ്ട് എണ്ണം പിടിക്കുന്നതിനേക്കാൾ ഉത്തമമാണെന്നോ അല്ലെങ്കിൽ അതിന് തുല്യമാണെന്നോ ഉള്ള വിശ്വാസത്തിലാകരുത്. അങ്ങനെ വിശ്വസിക്കാനും പാടില്ല. കാരണം, നബിﷺ ദിക്റുകളുടെ എണ്ണം പിടിച്ചിരുന്നത് കൈ കൊണ്ടാണ്. അപ്പോൾ ചിലർ പറയും, നബിﷺയുടെ കാലത്ത് ഈ മോതിരമുണ്ടായിരുന്നില്ലല്ലോ എന്ന്. അവരോട് നമുക്ക് പറയാനുള്ളത്, നബിﷺയുടെ കാലത്ത് ഈത്തപ്പഴക്കുരുവും ചരൽ കല്ലുകളുമൊക്കെ ഉണ്ടായിരുന്നല്ലോ. നബി ﷺ ക്ക് അവ കൊണ്ട് എണ്ണം പിടിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും അതൊന്നും ഉപയോഗിക്കാതെ, അവിടുന്ന് വലതുകൈ കൊണ്ടാണ് എണ്ണം പിടിച്ചത്. അപ്പോൾ, ദിക്റിന്റെ മോതിരമോ തസ്ബീഹ് മാലയോ ഉപയോഗിക്കാനുളള ഒന്നാമത്തെ നിബന്ധന; ഇവ കൊണ്ട് ദിക്റുകളുടെ എണ്ണം പിടിക്കൽ കൈ കൊണ്ട് എണ്ണം പിടിക്കുന്നതിനേക്കാൾ ഉത്തമമാണെന്നോ അല്ലെങ്കിൽ അതിന് തുല്യമാണെന്നോ ഉള്ള വിശ്വാസത്തിലാകരുത്.

രണ്ടാമത്തെ നിബന്ധന; ഇവയെ എണ്ണം പിടിക്കാനുള്ള ഒരു മാർഗമായി മാത്രം കാണുക. ഇവകൊണ്ട് എണ്ണം പിടിക്കൽ സുന്നത്താണെന്ന് വിശ്വസിക്കരുത്. കാരണം, അങ്ങനെയൊരു കാര്യം നബിﷺയുടെ സുന്നത്തിലില്ല.

മൂന്നാമത്തെ നിബന്ധന, ഇവയെ ഭക്തിയുടെ അടയാളമായി കാണരുത് എന്നതാണ്. അതായത്, താൻ അല്ലാഹുവിനെ അനുസരിക്കുന്നവനും അവനെ ധാരാളമായി ഓർക്കുന്നവനുമാണെന്ന് ജനങ്ങളെ കാണിക്കാനുള്ള അടയാളമായി ഒരാൾ ഈ മോതിരമോ തസ്ബീഹ് മാലയോ ഉപയോഗിക്കാൻ പാടില്ല. അത് അനുവദനീയമല്ല.

ഇനി നാലാമത്തെ നിബന്ധന; ബിദ്അത്തിന്റെ ആളുകൾ ഉപയോഗിക്കുന്ന മാലകളോട് സാദൃശ്യമുണ്ടാകരുത്. ബിദ്അത്തിന്റെ ആളുകൾക്കിടയിൽ, അവരുടെ ശൈഖുമാർക്ക് പ്രത്യേക തസ്ബീഹ് മാലയും സാധാരണക്കാർക്ക് മറ്റൊരു രീതിയിലുള്ള മാലയുമാണ് ഉണ്ടാവുക. ആ നിലക്കുള്ള തസ്ബീഹ് മാലകൾ ഉപയോഗിക്കരുത്. ഈ നിബന്ധനകളൊക്കെ പാലിച്ച് കൊണ്ട്, വേണമെങ്കിൽ ഒരാൾക്ക് ദിക്റിന്റെ എണ്ണം പിടിക്കാൻ തസ്ബീഹ് മാലയോ മോതിരമോ ചരൽ കല്ലുകളോ ഉപയോഗിക്കാം. എന്നാലും, അതൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. (https://youtu.be/tM2OZwjD9II)

സത്യവിശ്വാസികളെ, നബി ﷺ യുടെ ഒരു സുന്നത്ത്, കൈവിരലുകൾ കൊണ്ട് ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അപ്രകാരം തന്നെ ചെയ്യുക. അതിന് കഴിയുമെങ്കിൽ തസ്ബീഹ് മാലയും ദിക്റുകളുടെ എണ്ണം പിടിക്കുന്ന മൊബൈൽ ആപ്പുകളും ഉപകരണങ്ങളുമെല്ലാം ഒഴിവാക്കുക. ചില ദിക്റുകൾ 100 പ്രാവശ്യം പറയണമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയുളള എണ്ണക്കൂടുതലുള്ള ദിക്റുകൾ കൈവിരലുകൾ കൊണ്ട് എണ്ണുമ്പോൾ എണ്ണം തെറ്റിപ്പോകുമെന്ന് ആരെങ്കിലും ഭയപ്പെടുന്നുവെങ്കിൽ അവർ മേൽ നിബന്ധനകളോട തസ്ബീഹ് മാലയോ മറ്റോ ഉപയോഗിക്കട്ടെ. അതല്ലാതെയുള്ള എളുപ്പത്തിൽ കഴിയുന്ന 3,10,25,33 തുടങ്ങിയവയൊക്കെ കൈവിരലുകൾ കൊണ്ട് നിർവ്വഹിക്കാൻ പരിശ്രമിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കുക.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *