سُئِلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الصَّلاَةِ أَفْضَلُ بَعْدَ الْمَكْتُوبَةِ قَالَ صَلاَةُ اللَّيْلِ

നബി ﷺ ചോദിക്കപ്പെട്ടു: ഫർള് നമസ്‌കാരത്തിന്‌ ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം ഏതാണ്.നബി ﷺ പറഞ്ഞു: രാത്രി നമസ്‌കാരം. (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലുള്ളതാണ്. ഫർള് നമസ്‌കാരത്തിന്‌ ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്. (മുസ്‌ലിം:1163)

ﻗﺎﻝ ﺟﺒﺮﻳﻞ – ﻋﻠﻴﻪ ﺍﻟﺴﻼﻡ – ﻟﻠﻨﺒﻲ – ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ – : ﻭﺍﻋﻠَﻢْ ﺃَﻥَّ ﺷَﺮَﻑَ ﺍﻟْﻤُﺆْﻣِﻦِ ﻗِﻴَﺎﻣُﻪُ ﺑِﺎﻟﻠَّﻴْﻞِ، ﻭَﻋِﺰُّﻩُ ﺍﺳْﺘِﻐْﻨَﺎﺅُﻩُ ﻋَﻦِ ﺍﻟﻨَّﺎﺱِ )

ജിബ് രീൽ (അ) നബി ﷺ യോട് പറഞ്ഞു:നീ അറിയണം, തീർച്ചയായും സത്യവിശ്വാസിയുടെ മഹത്വം അവന്റെ രാത്രി നമസ്കാരമാണ്..അവന്റെ ഇസ്സത്ത് [ പ്രതാപം, അന്തസ്സ്] ജനങ്ങളിൽ നിന്ന് (ഒന്നും ആഗ്രഹിക്കാതെ) ധന്യനാകലാണ്.(ﺻﺤﻴﺢ ﺍﻟﺘﺮﻏﻴﺐ- ﺭﻗﻢ 627:)

ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ

തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരാകുന്നു (റഹ്’മാനായ റബ്ബിന്റെ യഥാ൪ത്ഥ അടിമകള്‍). (ഖു൪ആന്‍ :25/64)

സ്വ൪ഗ്ഗവാസികളെ കുറിച്ച് അല്ലാഹു പറയുന്നു:

ﻛَﺎﻧُﻮا۟ ﻗَﻠِﻴﻼً ﻣِّﻦَ ٱﻟَّﻴْﻞِ ﻣَﺎ ﻳَﻬْﺠَﻌُﻮﻥَ ﻭَﺑِﭑﻷَْﺳْﺤَﺎﺭِ ﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥ

രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖു൪ആന്‍ :51/ 17-18)

عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ

ബിലാലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്‌വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്‌,അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)

രാത്രി നമസ്കാരം(ഖിയാമുലൈല്‍) എല്ലാ ദിവസവും നി൪വ്വഹിക്കേണ്ട നമസ്കാരമാണ്. ഉറക്കത്തില്‍ നിന്നും ഉണ൪ന്നെഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ അതിന്റെ പേര് തഹജ്ജുദ് എന്നാകുന്നു.

وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا

രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഖുര്‍ആന്‍ പാരായണത്തോടെ (ഉറക്കമുണര്‍ന്ന ശേഷമുള്ള) തഹജ്ജുദ് നമസ്കാരം നി൪വ്വഹിക്കുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖു൪ആന്‍17/79)

രാത്രി നമസ്കാരം ഒറ്റയായിട്ടാണ് അവസാനിപ്പിക്കേണ്ടത്. അതാണ് വിത്റ് നമസ്കാരം.

عَنِ ابْنِ عُمَرَ، أَنَّ رَجُلاً، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم عَنْ صَلاَةِ اللَّيْلِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: صَلاَةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: രാത്രി നമസ്കാരത്തെ കുറിച്ച് ഒരാള്‍ നബി ﷺ യോട്  ചോദിച്ചു. അവിടുന്ന് പറഞ്ഞു: രാത്രി നമസ്കാരം ഈരണ്ടീരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവന്‍ നമസ്കരിച്ചതിനെ വിത്റ് (ഒറ്റ) ആക്കും.(മുസ്ലിം:749)

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ اجْعَلُوا آخِرَ صَلاَتِكُمْ بِاللَّيْلِ وِتْرًا ‏‏

അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങൾ വിത്റ്(ഒറ്റ) ആക്കുവീൻ. (ബുഖാരി:998)

നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ(റ) പറയുന്നു :

يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا،

ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. (ബുഖാരി:1147).

ഇവിടെ പരാമ൪ശിച്ചിട്ടുള്ള മൂന്ന് റക്അത്ത് നമസ്കാരം വിത്റ് നമസ്കാരമാണ്.

ഈ രാത്രി നമസ്കാരം റമളാനില്‍ നി൪വ്വഹിക്കുമ്പോള്‍ അത് ഖിയാമു റമളാന്‍ എന്നറിയപ്പെടുന്നു. ഖിയാമു റമളാനിന് പ്രത്യേകം ശ്രേഷ്ടതയും പ്രതിഫലവുമുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.(ബുഖാരി:2009)

നബി ﷺ യുടെ കാലത്ത് ഖിയാമു റമളാന്‍

عَنِ ابْنِ شِهَابٍ، أَخْبَرَنِي عُرْوَةُ، أَنَّ عَائِشَةَ ـ رضى الله عنها ـ أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم خَرَجَ لَيْلَةً مِنْ جَوْفِ اللَّيْلِ، فَصَلَّى فِي الْمَسْجِدِ، وَصَلَّى رِجَالٌ بِصَلاَتِهِ، فَأَصْبَحَ النَّاسُ فَتَحَدَّثُوا، فَاجْتَمَعَ أَكْثَرُ مِنْهُمْ، فَصَلَّوْا مَعَهُ، فَأَصْبَحَ النَّاسُ فَتَحَدَّثُوا، فَكَثُرَ أَهْلُ الْمَسْجِدِ مِنَ اللَّيْلَةِ الثَّالِثَةِ، فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم فَصَلَّى، فَصَلَّوْا بِصَلاَتِهِ، فَلَمَّا كَانَتِ اللَّيْلَةُ الرَّابِعَةُ عَجَزَ الْمَسْجِدُ عَنْ أَهْلِهِ، حَتَّى خَرَجَ لِصَلاَةِ الصُّبْحِ، فَلَمَّا قَضَى الْفَجْرَ أَقْبَلَ عَلَى النَّاسِ، فَتَشَهَّدَ ثُمَّ قَالَ ‏ “‏ أَمَّا بَعْدُ، فَإِنَّهُ لَمْ يَخْفَ عَلَىَّ مَكَانُكُمْ، وَلَكِنِّي خَشِيتُ أَنْ تُفْتَرَضَ عَلَيْكُمْ فَتَعْجِزُوا عَنْهَا ‏”‏‏.‏ فَتُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَالأَمْرُ عَلَى ذَلِكَ

ഇബ്നു ശിഹാബില്‍(റ) നിന്നും നിവേദനം: ആയിശ(റ) ഉര്‍വയോട് പറഞ്ഞു : നബി ﷺ ഒരു രാത്രി പുറപ്പെട്ട് പള്ളിയില്‍ വന്നു നമസ്കരിച്ചു. അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി ﷺ  നമസ്കരിച്ചു. ജനങ്ങളും കൂടി. നബി ﷺ നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി ﷺ നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹി നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹി നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങള്‍ ഇവിടെ തടിച്ചു കൂടിയത് ഞാന്‍ അറിയാഞ്ഞതല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി ﷺ വഫാത്തായത്. (ബുഖാരി:2012)

നബി ﷺ  മൂന്ന് ദിവസം മാത്രമാണ് ഖിയാമു റമളാന്‍ ജമാഅത്തായി നമസ്കരിച്ചത്. നാലാമത്തെ ദിവസം നബി ﷺ ജമാഅത്തിന് പള്ളിയിലേക്ക് വരാതെ, സ്വഹാബികളോട് ഒറ്റക്ക് നമസ്കരിച്ചുകൊള്ളാൻ പറഞ്ഞതിന്റെ കാരണം പ്രസ്ത്തുത നമസ്കാരത്തിന് ആളുകൾ അധികരിച്ചപ്പോൾ അത് ഫര്‍ളായി വിധിക്കപ്പെടുമോ എന്നാ ഭയമാണ്. അബൂബക്കറിന്റെ(റ) ഖിലാഫത്തിന്റെ കാലത്തും ഉമറിന്റെ(റ) ഖിലാഫത്തിന്റെ ആരഭത്തിലും ഖിയാമു റമളാന്‍ ആളുകള്‍ ഒറ്റക്ക് ഒറ്റക്കായി നി൪വ്വഹിച്ചുപോന്നു.

ഖിയാമു റമളാനും തറാവീഹും

നബി ﷺ എല്ലാ രാത്രിയിലും നി൪വ്വഹിച്ചിട്ടുള്ള നമസ്കാരമാണ് ഖിയാമുല്ലൈല്‍. ഈ നമസ്കാരം റമളാനില്‍ നമസ്കരിക്കുമ്പോള്‍ അതിന് ഖിയാമു റമദാന്‍ എന്ന് പറയും. ദൈർഘ്യമേറിയ ആയത്തുകൾ ഓതി നമസ്കരിക്കുന്നതുകൊണ്ട് ഖിയാമു റമദാനില്‍ ഇടക്ക് ഇടക്ക് വിശ്രമിച്ചിരുന്നതിനാൽ പിൽകാലത്ത് ഈ നമസ്കാരത്തിനു തറാവീഹ് (വിശ്രമ നമസ്‌കാരം) എന്ന് പേരും ലഭിച്ചു.

سميت الصلاة في الجماعة في ليالي رمضان التراويح ؛ لأنهم أول ما اجتمعوا عليها كانوا يستريحون بين كلتسليمتين

ഇമാം ഇബ്ൻ ഹജർ അസ്കലാനി(റ) പറയുന്നു : ‘റമദാനിന്റെ രാത്രികളിൽ സംഘമായി നടത്തുന്ന നമസ്കാരത്തിന് തറാവീഹ് എന്ന് പറയപ്പെട്ടു എന്തുകൊണ്ടെന്നാൽ തറാവിഹിന് അവർ ആദ്യം ഒരുമിച്ചു കൂട്ടിയപ്പോൾ എല്ലാ ഈ രണ്ട് സലാമുകൾക്കിടയിലും അൽപ്പം വിശ്രമിക്കാറുണ്ടായിരുന്നു. (ഫത്ഹുൽ ബാരി: 2 / 25)

المراد بقيام رمضان صلاة التراويح

ഇമാം നവവി(റ)പറയുന്നു : ‘ഖിയാമു റമദാൻ കൊണ്ടുള്ള ഉദ്ദേശം തറാവിഹ് നമസ്കാരമാകുന്നു ‘. (ശറഹു മുസ്‌ലിം: 1/ 159)

ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ ‘കിത്താബു സ്വലാത്തു തറാവീഹ് ‘ എന്ന അദ്ധ്യായത്തില്‍ ഖിയാമു റമളാനിന്റെ ഹദീസ് കൊടുത്തിട്ടുള്ളതില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. നബി ﷺ യുടെയും സ്വഹാബത്തിന്റേയും കാലത്ത് നടന്ന ഖിയാമു റമളാന്‍ ആണ് പിന്നീട് തറാവീഹ് എന്ന പേരില്‍ അറിയപ്പെട്ടതെന്ന് സാരം.

ചുരുക്കത്തില്‍ ഖിയാമു ലൈലും ഖിയാമു റമളാനും തറാവീഹും തഹജ്ജുദും വിത്റുമെല്ലാം ഒരു നമസ്കാരമാണ്. ഇങ്ങനെ വിവിധ പേരുകള്‍ ഒരേ നമസ്കാരത്തെ കുറിച്ച് പറയുന്നത് പുത്തന്‍വാദമായിട്ടാണ് ചില൪ ചിത്രീകരിക്കാറുള്ളത്. അത്തരക്കാ൪ താഴെ കൊടുക്കുന്ന ഉദ്ദരണികള്‍ വായിച്ചു നോക്കുക.

ഇമാം തി൪മിദി(റ) ഉദ്ദരിക്കുന്നു:

قَالَ إِسْحَاقُ بْنُ إِبْرَاهِيمَ مَعْنَى مَا رُوِيَ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُوتِرُ بِثَلاَثَ عَشْرَةَ قَالَ إِنَّمَا مَعْنَاهُ أَنَّهُ كَانَ يُصَلِّي مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً مَعَ الْوِتْرِ فَنُسِبَتْ صَلاَةُ اللَّيْلِ إِلَى الْوِتْرِ ‏.‏ وَرَوَى فِي ذَلِكَ حَدِيثًا عَنْ عَائِشَةَ وَاحْتَجَّ بِمَا رُوِيَ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ “‏ أَوْتِرُوا يَا أَهْلَ الْقُرْآنِ ‏”‏ ‏.‏ قَالَ إِنَّمَا عَنَى بِهِ قِيَامَ اللَّيْلِ يَقُولُ إِنَّمَا قِيَامُ اللَّيْلِ عَلَى أَصْحَابِ الْقُرْآنِ ‏.‏

ഇസ്ഹാഖ്ബ്നു ഇബ്റാഹിം പറയുന്നു: നബി  13 റക്അത്ത് കൊണ്ട് വിത്റ് ആക്കിയിരുന്നു എന്ന റിപ്പോ൪ട്ടിന്റെ ആശയം നബി ﷺ രാത്രിയില്‍ വിത്റ് ഉള്‍പ്പടെ 13 റക്അത്ത് നമസ്കരിച്ചിരുന്നു എന്നുമാത്രമാണ്. അങ്ങനെ സ്വലാത്തുലൈലും കൂടി വിത്റിലേക്ക് ചേ൪ത്ത് പറയപ്പെട്ടു. ഈ വിഷയത്തിലേക്കുള്ള തെളിവായി ആയിശയില്‍ നിന്നുള്ള ഒരു ഹദീസും അദ്ദേഹം ഉദ്ദരിച്ചിട്ടുണ്ട്. മാത്രമല്ല, ഖു൪ആനിന്റെ ആളുകളേ നിങ്ങള്‍ വിത്റ് നമസ്കരിക്കൂ എന്ന ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യവും ഖിയാമുല്ലൈല്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ഖിയാമുല്ലൈല്‍ കടമയുള്ളത് ഖു൪ആനിന്റെ ആളുകള്‍ക്ക് മാത്രമാണ്. (സുനനുത്തി൪മിദി:2/7)

ഈ ഉദ്ദരണിയിലൂടെ ഖിയാമുല്ലൈലിനെ / സ്വലാത്തുല്ലൈലിനെ വിത്റ് എന്നും വിത്റിനെ കുറിച്ച് ഖിയാമുല്ലൈല്‍ / സ്വലാത്തുല്ലൈല്‍ എന്നും മാറിമാറി പ്രയോഗിക്കാമെന്നാണ് ഹിജ്റ 230 ല്‍ മരണമടഞ്ഞ പ്രഗല്‍ഭ പണ്ഢിതനായിരുന്ന ഇമാം ഇസ്ഹാഖ്ബ്നു റാവഹൈവിയുടെ സമ൪ത്ഥനത്തെ തെളിവാക്കികൊണ്ട് ഇമാം തി൪മിദി(റ) സ്ഥാപിക്കുന്നത്.

ഇമാം സുയൂത്തി(റഹി) തറാവീഹിനെ കുറിച്ചുള്ള ച൪ച്ചക്കിടയില്‍ പറഞ്ഞത് കാണുക: ശൈഖുല്‍ ഇസ്ലാം (ഇബ്നു ഹജറുല്‍ അസ്ഖലാനി) പറയുന്നു: (തറാവീഹിന്റെ) റക്അത്തുകളെ കുറിച്ച് ഇബ്നുഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ ഉദ്ദരിച്ച ജാബിറിന്റെ ഹദീസില്‍ നബി ﷺ സ്വഹാബികളുമായി എട്ട് റക്അത്ത് നമസ്കരിച്ചു, പിന്നെ വിത്റാക്കി എന്ന് വന്നിട്ടുണ്ട്. ഇബ്നുഹിബ്ബാന്റെ സ്വഹീഹില്‍ നിന്നും ഇബ്നു ഹജ൪ ഉദ്ദരിച്ചത് നാം അംഗീകരിച്ച ആശയത്തിന് അങ്ങേയറ്റത്തെ തെളിവാണ്. നാം അംഗീകരിച്ചതാകട്ടെ ‘റമദാനിലും അല്ലാത്ത കാലത്തും നബി ﷺ പതിനൊന്നില്‍ അധികം നമസ്കരിച്ചിരുന്നില്ല എന്ന ബുഖാരി ഉദ്ദരിച്ച ആയിശയുടെ(റ) ഹദീസാണ്. ഇബ്നുഹിബ്ബാന്റെ മേല്‍പറഞ്ഞ ഹദീസ് തറാവീഹ് എട്ടും ശേഷം വിത്റ് മൂന്നും ഉള്‍പ്പടെ നബി ﷺ പതിനൊന്ന് റക്അത്താണ് നമസ്കരിച്ചത് എന്ന കാര്യത്തില്‍ ആയിശയുടെ(റ) ഈ ഹദീസിനോട് യോജിച്ചു വന്നിട്ടുണ്ട്. (അല്‍ഹാവി ലില്‍ ഫതാവാ : 1/349)

ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഢിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റഹി) തന്റെ ഫതാവല്‍ കുബറയില്‍ ‘നബി ﷺ ഇരുപത് റക്അത്ത് തറാവീഹ് നമസ്കരിച്ചു’ എന്ന റിപ്പോ൪ട്ട് അങ്ങേയറ്റം ദു൪ബലമാണെന്ന് സ്ഥാപിച്ച ശേഷം ഇപ്രകാരം എഴുതുന്നു:അതെ, നബി ﷺ സ്വഹാബികളെയും കൊണ്ട് എട്ട് റക്അത്തും വിത്റും നമസ്കരിച്ചു. അടുത്ത ദിവസം സ്വഹാബികള്‍  നബി ﷺ യെ കാത്തിരുന്നുവെങ്കിലും നബി ﷺ പുറത്തേക്ക് വരികയുണ്ടായില്ല എന്നിങ്ങനെ ഇബ്നുഹിബ്ബാനും ഇബ്നുഖുസൈമയും അവരുടെ സ്വഹീഹുകളില്‍ ഉദ്ദരിച്ചിട്ടുണ്ട്. (ഫതാവല്‍ കുബറാ:1/195)

നബി ﷺക്ക് ശേഷം തറാവീഹ്

നബി ﷺ മൂന്ന് ദിവസം മാത്രമാണ് ഖിയാമു റമളാന്‍ ജമാഅത്തായി നമസ്കരിച്ചത്. അതിന് ശേഷം സ്വഹാബികള്‍ വീട്ടിലും പള്ളിയിലുമായി നമസ്കരിച്ചുവന്നു. അബൂബക്കറിന്റെ(റ) ഖിലാഫത്തിന്റെ കാലത്തും ഉമറിന്റെ(റ) ഖിലാഫത്തിന്റെ ആരഭത്തിലും ഖിയാമു റമദാന്‍ ആളുകള്‍ ഒറ്റക്ക് ഒറ്റക്കായി നി൪വ്വഹിച്ചുപോന്നു.

قَالَ ابْنُ شِهَابٍ فَتُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَالأَمْرُ عَلَى ذَلِكَ، ثُمَّ كَانَ الأَمْرُ عَلَى ذَلِكَ فِي خِلاَفَةِ أَبِي بَكْرٍ وَصَدْرًا مِنْ خِلاَفَةِ عُمَرَ ـ رضى الله عنهما.‏

ഇബ്നു ശിഹാബ് പറയുന്നു: നബി ﷺ യുടെ കാലത്ത് (മൂന്നോ നാലോ രാത്രി പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കുകയും فرض ആക്കപ്പെടുമെന്നു ഭയപ്പെടുക കാരണം ജമാഅത്ത് ഉപേക്ഷിക്കുകയും ചെയ്തതിന് ശേഷം) ജമാഅത്തില്ലാതെ ഒറ്റക്കും ചെറുസംഘങ്ങളായും നമസ്കരിച്ചു കൊണ്ടിരിക്കെ നബി വഫാത്തായി. എന്നാല്‍ അബൂബക്കറി(റ)ന്‍റെ ഖിലാഫത്ത് കാലത്തും ഉമറി(റ)ന്‍റെ ഖിലാഫത്തിന്‍റെ ആരഭത്തിലും സ്ഥിതി അങ്ങിനെ ത്തന്നെയായിരുന്നു.(ബുഖാരി:2009)

ഒരു പള്ളിയിൽ തന്നെ പലരും ഒറ്റക്ക് നമസ്കരിക്കുന്നത് ഉമർ(റ) കണ്ടപ്പോൾ അത് ഒരു ഒരു ഇമാമിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു.

عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، أَنَّهُ قَالَ خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ لَيْلَةً فِي رَمَضَانَ، إِلَى الْمَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلاَتِهِ الرَّهْطُ فَقَالَ عُمَرُ إِنِّي أَرَى لَوْ جَمَعْتُ هَؤُلاَءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ‏.‏ ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَىِّ بْنِ كَعْبٍ، ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى، وَالنَّاسُ يُصَلُّونَ بِصَلاَةِ قَارِئِهِمْ، قَالَ عُمَرُ نِعْمَ الْبِدْعَةُ هَذِهِ، وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي يَقُومُونَ‏.‏ يُرِيدُ آخِرَ اللَّيْلِ، وَكَانَ النَّاسُ يَقُومُونَ أَوَّلَهُ

‘അബ്ദുരഹ്മാനുബ്നു അബ്ദില്‍ ഖാരി(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ റമദാനില്‍ ഒരു രാത്രി ഉമറിന്റെ(റ) കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ സംഘങ്ങള്‍ ആണ്. ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുന്നു. മറ്റൊരാള്‍ നമസ്കരിക്കുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്നു മറ്റൊരു സംഘവും നമസ്കരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇവരെല്ലാവരെയും ഒരേ ഖാരിഇന്റ (ഇമാമിന്റെ) കീഴില്‍ ഒരുമിച്ചു കൂട്ടിയാല്‍ വളരെ നന്നായിരിക്കും. പിന്നെ ഉമര്‍(റ) (അങ്ങിനെ ചെയ്യാന്‍) തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ഉമയ്യുബ്നു കഅ്ബിന്റെ നേതൃത്വത്തില്‍ അവരെ ഒരുമിച്ചു കൂട്ടി. പിന്നീട് മറ്റൊരു രാത്രി ഞാന്‍ ഉമറിന്റെ(റ) കൂടെ പുറപ്പെട്ടു. ജനങ്ങളെല്ലാവരും ഒരേ ഖാരിഇനെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഈ പുതിയ കാര്യം വളരെ നല്ലത്. ഈ നമസ്കാരം ഉറങ്ങിയതിനു ശേഷം നമസ്കരിക്കുന്നത് ഉറങ്ങുന്നതിനു മുമ്പ് നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ജനങ്ങള്‍ രാത്രിയുടെ ആദ്യത്തിലായിരുന്നു നമസ്കരിച്ചിരുന്നത്. (ബുഖാരി:2010)

തറാവീഹ് എത്ര റക്അത്ത്

നബി ﷺ മൂന്ന് ദിവസം ഖിയാമു റമളാന്‍ ജമാഅത്തായി നമസ്കരിച്ചപ്പോള്‍ 11റക്അത്താണ് നമസ്‌കരിച്ചത്.

ജാബിറില്‍(റ) നിന്ന് നിവേദനം: ‘നബി ﷺ റമളാനില്‍ ഞങ്ങളെയുംകൊണ്ട് എട്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം വിത്‌റാക്കുകയും ചെയ്തു’ (ത്വബ്‌റാനി – ഇബ്‌നു ഖുസൈമ – ഇബ്‌നു ഹിബ്ബാന്‍).

ഈ ഹദീസിനെ കുറിച്ച് പ്രഗല്‍ഭ ഹദീസ് നിരൂപകനായ ഹാഫിളു ദഹബി(റ) പറയുന്നു: ഇതിന്റെ പരമ്പര മധ്യമ നിലവാരം പുല൪ത്തുന്നതാണ്. (മീസാന്‍:3/311)

ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹസന്‍ എന്ന ഗണത്തിലാണ് ശൈഖ് അല്‍ബാനി(റഹി) എണ്ണിയിട്ടുള്ളത്. (സ്വലാത്തുതറാവീഹ് : പേജ് – 21)

ഖിയാമു റമളാനിന്റെ ജമാഅത്ത് ഉമർ(റ) പുനസംഘടിപ്പിച്ചപ്പോഴും 11 റക്അത്താണ് നമസ്കരിച്ചത്.

عَنِ السَّائِبِ بْنِ يَزِيدَ، أَنَّهُ قَالَ أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ

‘സാഇബുബ്നുയസീദില്‍(റ) നിന്നും നിവേദനം: ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ധാരിയോടും ജനങ്ങള്‍ക്ക്‌ 11 റക്അത്ത് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു. അങ്ങിനെ ഞങ്ങള്‍ നിറുത്തത്തിന്റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്‍ക്കാറുണ്ടായിരുന്നു. പ്രഭാതത്തിന്റെ ഉദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞു പോവാറുണ്ടായിരുന്നില്ല.'(മുവത്വ:6/250)

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ബാജി(റഹി) പറയുന്നു: ഉമ൪(റ) അത് ( 11 റക്അത്ത് നമസ്കാരം) നബി ﷺ യുടെ പ്രവൃത്തിയില്‍ നിന്നും മനസ്സിലാക്കിയതായിരിക്കാം. (തന്‍വീറുല്‍ ഹവാലിക് : 1/105)

നബി ﷺ യും( സ്വഹാബത്തും പള്ളിയില്‍ വെച്ച് മൂന്ന് ദിവസം റമളാനിലെ രാത്രി നമസ്കാരം ജമാഅത്തായി നമസ്കരിച്ചുവെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസിനെ വിശദീകരിച്ച് ഹദീസിനെ വിശദീകരിച്ച് ഇമാം ഇബ്ൻ ഹജർ അസ്കലാനി(റ) പറയുന്നു :

പ്രസ്തുത രാത്രികളില്‍ നബി ﷺ നമസ്കരിച്ചത് എത്രയാണെന്ന് ഈ ഹദീസിന്റെ ആയിശ(റ) ഉദ്ദരിച്ച ഒരു പരമ്പരയിലും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഇബ്നു ഖുസൈമയും ഇബ്നു ഹിബ്ബാനും റിപ്പോ൪ട്ട് ചെയ്ത ജാബിറിന്റെ ഹദീസില്‍(റ) ഇപ്രകാരം കാണാം: ജാബി൪(റ) പറയുന്നു: ‘നബി ﷺ റമളാനില്‍ ഞങ്ങളെയുംകൊണ്ട് എട്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം വിത്‌റാക്കുകയും ചെയ്തു. (ഫത്ഹുല്‍ബാരി:3/16)

നബി ﷺ മൂന്ന് ദിവസമാണ് ഖിയാമു റമദാന്‍ ജമാഅത്തായി നമസ്കരിച്ചത്. അതിന് ശേഷം നബി ﷺ രാത്രി നമസ്കാരം വീട്ടില്‍ വെച്ചാണ് നമസ്കരിച്ചത്. അതിനാല്‍ തന്നെ നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് അവിടുത്തെ പത്നിമാ൪ക്കാണ്.

عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا‏.‏ فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ ‏ “‏ يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي ‏”‏‏.‏

അബൂസലമതുബ്നു അബ്ദുറഹിമാന്‍(റ) നിവേദനം: റമളാന്‍ മാസത്തിലെ നബി ﷺ യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശയോട്(റ) ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: നബി ﷺ റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. ആയിശ(റ) പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, വിത്റാക്കുന്നതിന്റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി ﷺ അരുളി: ആയിശാ, എന്റെ രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി 2013 – കിത്താബു സ്വലത്തിൽ തറാവിഹ് -ബാബു ഫള്ൽ മിൻ ഖാമ റമദാൻ )

സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് ഇബ്നുഖുസൈമയിലും ഈ ഹദീസ് സ്വലാത്തുത്തറാവീഹ് എന്ന അദ്ധ്യായത്തിലാണ് ഉദ്ദരിച്ചിട്ടുള്ളത്. ഇമാം മാലിക്കിന്റെ(റ) മുവത്വയില്‍ വിത്റിന്റെ അദ്ധ്യായത്തിലും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബൈഹഖിയുടെ(റഹി) സുനനുല്‍ കുബ്റയാല്‍ രാത്രി നമസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം വിവരിക്കുന്ന അദ്ധ്യായത്തില്‍ ഒന്നാമതായി ഉദ്ദരിച്ചതും ഈ ഹദീസ് തന്നെ (സുനനുല്‍ കുബ്റ:4/60). ഈ ഹദീസിനെ വിശദീകരിച്ച് ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതി:

നബി ﷺ യുടെ  രാത്രി നമസ്കാരം വ൪ഷത്തില്‍ എല്ലാ കാലത്തും ഒരുപോലെയായിരുന്നുവെന്ന് ഈ ഹദീസ് തെളിയിക്കുന്നുണ്ട്. (ഫത്ഹുല്‍ ബാരി:3/40)

ഇമാം സുബുക്കി (റഹി) ഈ ഹദീസിനെ വിശദീകരിച്ച് പറഞ്ഞു : നബി ﷺ യുടെ  പ്രവർത്തനത്തിൽ നിന്നും 20 റക്അത്ത് സ്ഥിരപ്പെട്ടിട്ടില്ല. ഇബ്നു ഹജർ (റഹി) ഇബ്ൻ ഹിബ്ബനിൽ(റഹി) നിന്നും ഉദ്ദരിച്ച ഹദീസാകട്ടെ, നബി ﷺ റമദാനിലും മറ്റ് കാലത്തും പതിനൊന്നിൽ കൂടുതൽ നമസ്ക്കരിച്ചിരുന്നില്ല എന്ന ഇമാം ബുഖാരി (റഹി) ആയിശയില്‍(റ) നിന്നുദ്ദരിച്ചതും നാം അംഗീകരിക്കുന്നതുമായ ഹദീസിൽ പറഞ്ഞതിന്റെ പരമാവധിയാണ്. നബി ﷺ എട്ട് റക്അത്തും 3 വിതറും നമസ്കരിച്ചുവെന്ന് പറഞ്ഞതിനോട് അത് യോജിക്കുന്നുമുണ്ട്. അപ്പോൾ അത് പതിനൊന്നായി. നബി ﷺ ഒരു കർമ്മം തുടങ്ങിയാൽ അത് നിരന്തരം തുടരുമെന്നത് അറിവുള്ള കാര്യമാണ് .അപ്പോൾ ഒരു തവണയെങ്കിലും നബി  20 നമസ്കരിച്ചിരുന്നുവെങ്കിൽ അത് ഉപേക്ഷിക്കുമായിരുന്നില്ല. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ ആയിശ(റ) അത് അറിയാതെ പോകുമായിരുന്നുമില്ല. (അൽ ഹാവി ലിൽ ഫതാവ: 77 )

നബി ﷺ യുടെ രാത്രിനമസ്കാരം, അത് സാധാരണദിവസങ്ങളിലെ ഖിയാമുലൈല്‍ ആയാലും റമളാനിലെ ഖിയാമുറമളാന്‍ ആയാലും അത് ഒരു കാലത്തും 11 റക്അത്തില്‍ കൂടുതലായിട്ടില്ലെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല ‘റമദാനില്‍ ആകട്ടെ അല്ലാത്ത കാലത്താകട്ടെ’ എന്ന പ്രയോഗം ഏറെ ശ്രദ്ധേയമാണ്. ഈ ഹദീസ് മുഹദ്ദിസുകള്‍ രാത്രി നമസ്കാരത്തിന്റേയും തറാവീഹിന്റേയും വിത്റിന്റേയും തഹജ്ജുദിന്റേയും അദ്ധ്യാത്തില്‍ കൊടുത്തു. അതായത് ഇതെല്ലാം ഒന്നാണെന്നാണ് മുഹദ്ദിസുകള്‍ മനസ്സിലാക്കിയിട്ടുള്ളതെന്ന൪ത്ഥം.

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) പറഞ്ഞു: ‘നബി ﷺ റമദാനില്‍ ഇരുപത് റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഇ്ബനു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്ന ഹദീഥിന്റെ സനദ് ദുര്‍ബലമാണ്. മറ്റുള്ളവരെക്കാള്‍ നബി ﷺ യുടെ രാത്രി അവസ്ഥയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആഇശ(റ)വില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ച ഹദീഥിന് തീര്‍ച്ചയായും അത് എതിരായിട്ടുമുണ്ട്. (ഫത്ഹുല്‍ ബാരി വാള്യം 5, പേജ് 2644).

നബി ﷺ മൂന്ന് ദിവസം ഖിയാമു റമളാന്‍ ജമാഅത്തായി നമസ്കരിച്ചത് 11 റക്അത്താണെന്ന് മറ്റ് ചില റിപ്പോ൪ട്ടിലുമുണ്ട്.

ജാബിറില്‍(റ) നിന്ന് നിവേദനം: റമളാന്‍ മാസത്തില്‍ നബി ﷺ എട്ട് റക്അത്തും വിത്റും ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. അടുത്ത രാത്രിയില്‍ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ച് കൂടി. നബി ﷺ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെടുമെന്ന് ഞങ്ങളാശിച്ചു. പ്രഭാതം വരെ തിരുമേനി പുറപ്പെട്ടില്ല. പിന്നീട് ഞങ്ങള്‍ നബി ﷺ യുടെ അടുത്ത് ചെന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമെന്നു ഞങ്ങളാഗ്രഹിച്ചു. നബി ﷺ പറഞ്ഞു. ഇത് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപെടുമെന്ന് ഞാന്‍ ഭയന്നു. ( അബൂയഅ്ല – ത്വബ്റാനി)

ഈ ഹദീസിന്റെ സനദിലെ ഈസബ്നു ജാരിയ്യ എന്ന റിപ്പോര്‍ട്ടര്‍ ഇബ്നു മഈന്‍ അയോഗ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം യോഗ്യനാണെന്ന് ഇബ്നു ഹിബ്ബാനും മറ്റ് ചിലരും പറഞ്ഞിട്ടുണ്ട്.

ഇമാം ദഹബി(റ) പറയുന്നു.

اسناده وسط (ميزان الاعتدال ص:311 )

ഇതിന്റെ പരമ്പര മദ്ധ്യ നിലവാരം പുലര്‍ത്തുന്നു.

ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം സുയൂത്തി(റഹി) ഇബ്നു ഹിബ്ബാനിന്റെ(റഹി) ‘എട്ടും മൂന്നും പതിനൊന്ന്’ എന്ന റിപ്പോര്‍ട്ട് ‘പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിക്കാറില്ല’ എന്ന സ്വഹീഹായ ഹദീസിന് പിന്‍ബലമാണെന്നും അത്കൊണ്ട് ഇത് സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

وما نقله عن صحيح ابن حبان غاية فيما ذهبنا إليه من تمسكنا بما في البخاري عن عائشة أنه كان لا يزيد في رمضان ولا في غيره على إحدى عشرة ; فإنه موافق له من حيث إنه صلى التراويح ثمانيا ثم أوتر بثلاث ، فتلك إحدى عشرة (الحاوى للفتاوى للسيوطي 1-249)

ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹില്‍ നിന്ന് അദ്ദേഹം (ഇബ്നുഹജര്‍) ഉദ്ധരിച്ച ഹദീസ് നബി ﷺ റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന ആയിശയില്‍(റ) നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനോട് യോജിച്ചത്കൊണ്ട് നമ്മുടെ അഭിപ്രായത്തില്‍ അത് തറാവീഹ് എട്ടും വിത്ര്‍ മൂന്നും ആണെന്നതിന്റെ അങ്ങേയറ്റത്തെ തെളിവാണ്.’

ഇബ്നു ഹജറുല്‍ ഹൈത്തമി(റഹി) പറഞ്ഞു:

نعم روح ابنا حزيمة وحبان فى صحيحيهما انه صلى الله عليه وسلم صلى بهم ثمان ركعات ثم اوتر ثم اتنظروه فى القابلة فلم يخرج اليهم

പക്ഷെ ഇബ്നു ഖുസൈമയും ഇബ്നുഹിബ്ബാനും രണ്ടു പേരുടെയും സ്വഹീഹുകളില്‍ നബി ﷺ സഹാബാക്കളെ കൊണ്ട് എട്ടു റക്അത്തും വിത്റും നമസ്കരിച്ചുവെന്നും, അടുത്ത ദിവസം സഹാബാക്കള്‍ നബിയെ പ്രതീക്ഷിച്ചപ്പോള്‍ അവിടുന്ന് പുറത്തേക്ക് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.(ഫത്താവല്‍ കുബ്റാ:2/194)

ചുരുക്കത്തില്‍ ഈസബ്നു ജാരിയ്യയെ കുറിച്ച് അഭിപ്രായഭിന്നതയുണ്ടെങ്കിലും സ്വഹീഹാണെന്നുറപ്പുള്ള സ്വഹീഹുല്‍ ബുഖാരിയിലെ ആയിശയുടെ(റ) ഹദീസിനോട് യോജിച്ചതിനാല്‍ ഇത് സ്വീകരിക്കാവുന്നതാണ്.

ജാബിറില്‍(റ) നിന്ന് നിവേദനം: ഉബയ്യുബ്‌നു കഅബ്(റ) നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു: ‘പ്രവാചകരേ, ഇന്നലെ രാത്രിയില്‍ (ഇത് റമളാനിലായിരുന്നു) ഒരു സംഭവമുണ്ടായി.’ നബി ﷺ എന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ വീട്ടിലെ സ്ത്രീകള്‍ അവര്‍ക്ക് കൂടുതല്‍ ഖുര്‍ആന്‍ ഓതാന്‍ അറിയാത്തതിനാല്‍ എന്നെ തുടര്‍ന്ന് നമസ്‌കരിക്കുന്നു. ഞാന്‍ അവര്‍ക്ക് എട്ട് റക്അത്ത് നമസ്‌കരിച്ചുകൊടുത്തു, ശേഷം വിത്‌റും നമസ്‌കരിച്ചു.’ തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘നബിക്ക് അത് തൃപ്തിപ്പെട്ടതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല’. (ഇബ്‌നുഹിബ്ബാന്‍:6/290)

ഈ ഹദീസിനെ കുറിച്ച് ശാഫിഈ മദ്ഹബിലെ പണ്ഢിതനായ നൂറുദ്ദീന്‍ ഹൈസമി തന്റെ മജ്മൂഅ് സവാദില്‍ പറയുന്നു: ഈ ഹദീസ് അബൂയഅ്ലയും ത്വബ്റാനി തന്റെ ഔസത്വിലും ഉദ്ദരിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പര നല്ലതാണ്. (മജ്മൂഅ് സവാദ്:2/77 )

ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹസന്‍ എന്ന ഗണത്തിലാണ് ശൈഖ് അല്‍ബാനി(റഹി) എണ്ണിയിട്ടുള്ളത്. (സ്വലാത്തുതറാവീഹ് : പേജ് – 79)

പതിനൊന്ന് റക്അത്തിനെക്കാള്‍ അധികരിക്കാത്ത വിധം കഴിയുന്നത്ര ഖുര്‍ആന്‍ പാരായണം ചെയ്ത് ഈരണ്ട് റക്അത്തുകളായി ദീര്‍ഘമായി നമസ്‌കരിച്ച് ഒറ്റയില്‍ അവസാനിപ്പിക്കുക എന്നതാണ് നബിചര്യ.

നബി ﷺ പതിനൊന്ന്  റക്അത്തില്‍ അധികം നമസ്കരിച്ചതായി സ്വഹീഹായി വന്നിട്ടുണ്ടോ?

നബി ﷺ തറാവീഹ് 20 റക്അത്ത് നമസ്കരിച്ചുവെന്ന് സ്വഹീഹായ റിപ്പോ൪ട്ടുകളില്‍ വന്നിട്ടില്ല. എന്നാല്‍ നബി 13 റക്അത്ത് നമസ്കരിച്ചതായി സ്വഹീഹായി വന്നിട്ടുണ്ട്.

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം : നബി ﷺ യുടെ രാത്രി നമസ്കാരം 13 റക്അത്തായിരുന്നു. (ബുഖാരി)

ഇവിടെ 13 റക്അത്ത് തറാവിഹും, വിത്റുമായി 11 റക്അത്തും സുബ്ഹിയുടെ സുന്നത്തായി 2 റക്അത്തുമാണ്.

أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي ثَلاَثَ عَشْرَةَ رَكْعَةً بِرَكْعَتَىِ الْفَجْرِ ‏.‏

ആയിശ(റ) പറഞ്ഞു: നബി ﷺ റമദാനിലും അല്ലാത്തപ്പോഴും 13 റക്അത്ത് നമസ്കരിക്കുമായിരുന്നു . അതിൽ ഫജ്റിന്റെ രണ്ട് റക്അത്തും പെടും. (മുസ്‌ലിം:737 – അബൂ ദാവൂദ് :1360)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي مِنَاللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً مِنْهَا الْوِتْرُ وَرَكْعَتَا الْفَجْرِ‏.‏

ആയിശാ(റ) നിന്നും നിവേദനം : നബി 13 റകാഅത്ത് ഖിയാമുലൈൽ നമസ്ക്കരിക്കുമായിരുന്നു. അതിൽ വിത്റും സുബ്ഹിയുടെ രണ്ട് റക്അത്ത് സുന്നത്തും ഉൾപ്പെട്ടിരുന്നു. (ബുഖാരി 1140)

തറാവിഹ് 11 റക്അത്തില്‍ അധികം നമസ്കരിക്കാമോ?

ഒരു മനുഷ്യന്‍ റമദാനിലും അല്ലാത്തപോഴും അവന്റെ രാത്രി നിസ്കാരം പതിനൊന്ന് റക്അത്തായി പരിമിതപ്പെടുത്തുക. പണ്ഡിതന്മാരിൽ ഒരു വിഭാഗം ആളുകൾ പതിനൊന്നിൽ കൂടുതൽ നിസ്കരിക്കുന്നതിനെ അനുവദനീയമായി കാണുന്നുണ്ട്. അതിനുള്ള തെളിവ് ഈ ഹദീസാണ്.

عَنِ ابْنِ عُمَرَ، أَنَّ رَجُلاً، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم عَنْ صَلاَةِ اللَّيْلِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: صَلاَةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: രാത്രി നമസ്കാരത്തെ കുറിച്ച് ഒരാള്‍ നബി ﷺ യോട്  ചോദിച്ചു. അവിടുന്ന് പറഞ്ഞു: രാത്രി നമസ്കാരം ഈരണ്ടീരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവന്‍ നമസ്കരിച്ചതിനെ വിത്റ് (ഒറ്റ) ആക്കും.(മുസ്ലിം:749)

എന്നാൽ 23 എന്നോ മറ്റോ എണ്ണം നിശ്ചയിച്ച്, അതാണ് സുന്നത്ത് എന്ന് പറയുവാൻ തെളിവൊന്നുമില്ല. എണ്ണം കൃത്യമായി പറഞ്ഞതിൽ 11 എന്നാണുള്ളത്.

തറാവീഹിന്റെ സമയം

ഇശാ നമസ്കാരത്തിന് ശേഷമുള്ള സുന്നത്ത് നമസ്കാരത്തിന് ശേഷം സുബ്ഹി ബാങ്കിന് മുമ്പായി ഏത് സമയത്തും ഈ നമസ്കാരം നി൪വ്വഹിക്കാം. നബി ﷺ രാത്രിയുടെ മൂന്നില്‍ ഒരു ഭാഗം കഴിഞ്ഞായിരുന്നു ഒന്നാമത്തെ രാത്രി നമസ്കരിച്ചത്. രണ്ടാമത്തെ ദിവസമാകട്ടെ, അ൪ദ്ധരാത്രക്ക് ശേഷവും. മൂന്നാമത്തെതില്‍ രാത്രിയുടെ തുടക്കം മുതല്‍ ഒടുക്കം വരെയായിരുന്നു നമസ്കരിച്ചത്. (ദാരിമി:1227)

തറാവീഹിന്റെ ദൈ൪ഘ്യം

നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ(റ) അബൂസലമതുബ്നു അബ്ദുറഹിമാനോട്(റ)പറഞ്ഞത് ‘അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല’ എന്നാണ്. അഥവാ നബി ﷺ യുടെ രാത്രി നമസ്കാരം വളരെ ദൈ൪ഘ്യമായിരുന്നുവെന്ന൪ത്ഥം.

عَنِ الْمُغِيرَةَ ـ رضى الله عنه ـ قَالَ إِنْ كَانَ النَّبِيُّ صلى الله عليه وسلم لَيَقُومُ لِيُصَلِّيَ حَتَّى تَرِمُ قَدَمَاهُ أَوْ سَاقَاهُ، فَيُقَالُ لَهُ فَيَقُولُ : أَفَلاَ أَكُونُ عَبْدًا شَكُورًا ‏

മുഗീറത്തുബ്‌നു ശുഹ്ബ(റ) പറയുന്നു: നിശ്ചയം, നബി ﷺ നമസ്‌കരിക്കാൻ നിൽക്കാറുണ്ടായിരുന്നു, തന്റെ കാൽപാദം അല്ലെങ്കിൽ കണങ്കാൽ നീരു കെട്ടി വീർക്കുവോളം. അതിനെപ്പറ്റി ചോദിച്ചാൽ അവിടുന്ന് പറയും: ഞാൻ നന്ദിയുള്ള അടിമയാകേണ്ടതില്ലേ? (ബുഖാരി: 1130)

ഉമറിന്റെ(റ) കാലത്ത് തറാവീഹ് പുനസംഘടിപ്പിച്ചപ്പോള്‍ നമസ്കാരത്തില്‍ ദീ൪ഘിച്ച് ഖു൪ആന്‍ പാരായണം ചെയ്യുമായിരുന്നു. എത്രത്തോളമെന്നാല്‍ ദൈ൪ഘ്യം കാരണം ചില൪ വടിയിലും മറ്റും ഊന്നി നില്‍ക്കുകപോലുമുണ്ടായിരുന്നു.

عَنِ السَّائِبِ بْنِ يَزِيدَ، أَنَّهُ قَالَ أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ

‘സാഇബുബ്നുയസീദില്‍(റ) നിന്നും നിവേദനം: ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ധാരിയോടും ജനങ്ങള്‍ക്ക്‌ 11 റക്അത്ത് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു. അങ്ങിനെ ഞങ്ങള്‍ നിറുത്തത്തിന്റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്‍ക്കാറുണ്ടായിരുന്നു. പ്രഭാതത്തിന്റെ ഉദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞു പോവാറുണ്ടായിരുന്നില്ല.'(മുവത്വ:6/250)

ഇമാം മാലിക്(റഹി) പറഞ്ഞു: ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റക്അത്താണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അതുതന്നെയാണ് അല്ലാഹുവിന്റെ ദൂതന്റെ നമസ്കാരവും. അദ്ദേഹം ചോദിക്കപ്പെട്ടു: ഈ 11 റക്അത്ത് വിത്൪ ഉള്‍പ്പടെയാണോ? അദ്ദേഹം പറഞ്ഞു: അതെ, പതിമൂന്ന് അതിനോട് അടുത്തതാണ്. ഇമാം മാലിക്(റഹി) പറയുന്നു: ഈ വ൪ദ്ധിച്ച റക്അത്തുകള്‍ എവടെനിന്ന് കടന്നുകൂടി എന്ന് എനിക്ക് അറിഞ്ഞുകൂടാ. (സുയൂത്വിയുടെ അല്‍ഹാവിയില്‍ ഇമാം സുബുക്കിയില്‍ നിന്നും ഉദ്ദരിച്ചത്: 1/250)

ഇമാമിനോടൊപ്പം തറാവീഹ് നമസ്കാരം പൂ൪ത്തിയാക്കുന്നതിന്റെ ശ്രേഷ്ടത

عَنْ أَبِي ذَرٍّ،عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ الرَّجُلَ إِذَا صَلَّى مَعَ الإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ ‏

അബൂദർറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഇമാമിനോടൊപ്പം പിരിയുന്നതുവരെ നമസ്കരിച്ചാൽ ഒരു രാത്രി നമസ്കാരം അവന് കണക്കാക്കപ്പെടും. (അബൂദാവൂദ് :1375)

രാത്രിനമസ്കാരങ്ങളിൽ ഓരോ രണ്ട് റക്അത്തുകൾ ആരംഭിക്കുമ്പോഴും പ്രാരംഭപ്രാർത്ഥന ചൊല്ലേണ്ടതുണ്ടോ? അതല്ല, ആദ്യത്തെ റക്അത്തിൽ മാത്രം ചൊല്ലിയാൽ മതിയോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു: ഓരോ രണ്ട് റക്അത്തുകളിലും പ്രാരംഭപ്രാർത്ഥന ചൊല്ലണം. കാരണം, ഓരോ രണ്ട് റക്അത്തുകളും സ്വതന്ത്രമായ നമസ്കാരങ്ങളാണ്. (https://youtu.be/pDox3wUyhsU)

ശൈഖ് അസീസ് ഫർഹാൻ അൽ അനിസി (ഹഫിള്വഹുല്ലാഹ്) പറയുന്നു: സലാം വീട്ടുന്ന എല്ലാ നമസ്കാരങ്ങളുടെയും ആരംഭത്തിൽ പ്രാരംഭപ്രാർത്ഥന ചൊല്ലണം. നമസ്കരിക്കുമ്പോൾ പ്രാരംഭപ്രാർത്ഥന ചൊല്ലുക എന്നുള്ളത് സുന്നത്താണ്; നിർബന്ധമല്ല. ഒരാൾ മനപ്പൂർവ്വം പ്രാരംഭപ്രാർത്ഥന ഒഴിവാക്കിയാലും അയാളുടെ നമസ്കാരം സ്വീകാര്യയോഗ്യമാണ്. പക്ഷേ, പ്രതിഫലം കൂടുതൽ കിട്ടുമെന്നതിനാൽ ഒരിക്കലും അത് ഒഴിവാക്കരുത്. അതിനാൽ, രണ്ട് റക്അത്തുകൾ നമസ്കരിച്ച ശേഷം വീണ്ടും രണ്ട് റക്അത്ത് നമസ്കരിക്കുകയാണെങ്കിൽ, തക്ബീറത്തുൽ ഇഹ്റാമിന് ശേഷം പ്രാരംഭ പ്രാർത്ഥന ചൊല്ലണം. രാത്രി നമസ്കാരങ്ങളിലും ഇങ്ങനെത്തന്നെയാണ് ചെയ്യേണ്ടത്. ഓരോ രണ്ട് റക്അത്തുകളിലും തക്ബീറത്തുൽ ഇഹ്റാമിന് ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലണം. (https://youtu.be/FzAPVID5P0s)

രാത്രി നമസ്കാരം (തറാവീഹ്) നിർവ്വഹിക്കുമ്പോൾ എല്ലാ തക്ബീറതുൽ ഇഹ്റാമിന് ശേഷവും ദുആഉൽ ഇസ്തിഫ്താഹ് ചൊല്ലേണ്ടതാണ്. [നൂറുൻ അലദ്ദർബ് (375) – ശൈഖ് ഉഥൈമീൻ(റഹി)]

പ്രാരംഭ പ്രാർത്ഥന ഒഴിവായാൽ നമസ്കാരം സ്വീകാര്യമാകാത്ത വിധം നിർബന്ധമല്ല. എന്നാൽ നമസ്കാരത്തിൻ്റെ തുടക്കത്തിൽ തക്ബീറതുൽ ഇഹ്റാമിന് ശേഷം ഫറള് സുന്നത്ത് എന്ന വ്യത്യാസമില്ലാതെ എല്ലാ തുടക്കത്തിലും പ്രാരംഭ പ്രാർത്ഥന ചൊല്ലേണ്ടതാണ്. തറാവീഹ് നമസ്കാരത്തിൽ സലാം വീട്ടിയ ശേഷം വീണ്ടും നമസ്കാരം ആരംഭിക്കുമ്പോൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കേണ്ടതാണ്.

തറാവീഹ് നമസ്കാരത്തിന്റെ ഓരോ രണ്ടു റക്അത്തുകൾക്ക് ശേഷവും വല്ല പ്രത്യേക പ്രാർത്ഥനയുമുണ്ടോ?

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു: അങ്ങനെയൊരു പ്രത്യേക പ്രാർത്ഥനക്ക് അടിസ്ഥാനമൊന്നുമില്ല. ഓരോ രണ്ടു റക്അത്തുകൾക്ക് ശേഷവും ഒരാൾക്ക് ഇഷ്ടമുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കാവുന്നതാണ്. അതിന് പ്രശ്നമൊന്നുമില്ല. എന്നാൽ, ഓരോ തവണ സലാം വീട്ടുമ്പോഴും പ്രത്യേകമായ പ്രാർത്ഥനകളൊന്നുമില്ല. (https://bit.ly/3x7ziN2)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *