അല്ലാഹു മനുഷ്യ൪ക്ക് ഒരു വസ്വിയത്തായി നല്‍കിയിട്ടുള്ള നി൪ദ്ദേശമാണ് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക അഥവാ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക’ എന്നത്.

وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ

… നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം ‘വസ്വിയ്യത്ത് ‘ ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ……. (ഖുർആൻ:4 /131)

പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളില്‍ ഒന്നാമത്തേത്‌ ഇബാദത്ത്‌ അല്ലാഹുവിന്‌ മാത്രം എന്നതായിരുന്നു. അതോടൊപ്പം അവർ പ്രബോധനം ചെയ്തതാണ്  അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം (തഖ്’വയുള്ളവരാകുക) എന്നതും.

ﻭَﻟَﻘَﺪْ ﺃَﺭْﺳَﻠْﻨَﺎ ﻧُﻮﺣًﺎ ﺇِﻟَﻰٰ ﻗَﻮْﻣِﻪِۦ ﻓَﻘَﺎﻝَ ﻳَٰﻘَﻮْﻡِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُۥٓ ۖ ﺃَﻓَﻼَ ﺗَﺘَّﻘُﻮﻥَ

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

ﺇِﺫْ ﻗَﺎﻝَ ﻟَﻬُﻢْ ﺃَﺧُﻮﻫُﻢْ ﻧُﻮﺡٌ ﺃَﻻَ ﺗَﺘَّﻘُﻮﻥَ

അവരുടെ സഹോദരന്‍ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:26 /106)

ﺇِﺫْ ﻗَﺎﻝَ ﻟَﻬُﻢْ ﺃَﺧُﻮﻫُﻢْ ﻫُﻮﺩٌ ﺃَﻻَ ﺗَﺘَّﻘُﻮﻥَ

അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം : നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ: 26 /124)

ﺇِﺫْ ﻗَﺎﻝَ ﻟَﻬُﻢْ ﺃَﺧُﻮﻫُﻢْ ﺻَٰﻠِﺢٌ ﺃَﻻَ ﺗَﺘَّﻘُﻮﻥَ

അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ: 26 /142)

ﺇِﺫْ ﻗَﺎﻝَ ﻟَﻬُﻢْ ﺃَﺧُﻮﻫُﻢْ ﻟُﻮﻁٌ ﺃَﻻَ ﺗَﺘَّﻘُﻮﻥَ

അവരുടെ സഹോദരന്‍ ലൂത്ത് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:26 /161)

ﺇِﺫْ ﻗَﺎﻝَ ﻟَﻬُﻢْ ﺷُﻌَﻴْﺐٌ ﺃَﻻَ ﺗَﺘَّﻘُﻮﻥَ

അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ: 26 /177)

ﻭَﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑُّﻚَ ﻣُﻮﺳَﻰٰٓ ﺃَﻥِ ٱﺋْﺖِ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦَ ﻗَﻮْﻡَ ﻓِﺮْﻋَﻮْﻥَ ۚ ﺃَﻻَ ﻳَﺘَّﻘُﻮﻥَ

(നബിയേ) നിന്റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക.അതായത്‌, ഫിര്‍ഔന്റെ ജനതയുടെ അടുക്കലേക്ക്, അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക). (ഖുർആൻ:26 /10-11)

അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് അല്ലാഹു മുഹമ്മദ് നബി ﷺ യോടും പറയുന്നു.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺒِﻰُّ ٱﺗَّﻖِ ٱﻟﻠَّﻪَ

(നബിയേ) താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുക……. (ഖുർആൻ:33 /1)

മാത്രമല്ല ഇത് പ്രഖ്യാപിക്കാനായി അല്ലാഹു നബി ﷺ യോട് പറയുന്നു.

ﻗُﻞْ ﻳَٰﻌِﺒَﺎﺩِ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺗَّﻘُﻮا۟ ﺭَﺑَّﻜُﻢْ

(നബിയേ) പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക…………(ഖുർആൻ: 39/10)

അല്ലാഹുവിന്റെ റസൂല്‍ ﷺ അവിടുത്തെ ഖുതുബകളില്‍ ഹംദും സ്വലാത്തും പറഞ്ഞ ശേഷം തഖ്‌വ കൊണ്ട് വസ്വിയത്ത് ചെയ്യുമായിരുന്നു.മാത്രവുമല്ല അവിടുത്തെ ഖുതുബകളില്‍ താഴെ പറയുന്ന മൂന്ന് ആയത്തുകള്‍ പാരായണം ചെയ്യുമായിരുന്നു.ഈ മൂന്ന് ആയത്തുകളിലും തഖ്‌വയെ കുറിച്ചുള്ള പരാമ൪ശം കാണാം.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടയാകരുത്. (ഖുർആൻ:. 3 /102)

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿۷۰﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿۷۱

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നേരെ ചൊവ്വായ വാക്കുപറയുകയും ചെയ്യുവിന്‍; എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരുകയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തു തരികയും ചെയ്യും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആര് അനുസരിക്കു-ന്നുവോ, തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു. (ഖുർആൻ: 33 /70,71)

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا

മനുഷ്യരേ, ഒരേ ആത്മാവില്‍ നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍, അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (രക്ഷിതാവിനെ); യാതൊരുവന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങളില്‍ മേല്‍നോട്ടം ചെയ്യുന്നവനാകുന്നു. (ഖുർആൻ:4 /1)

ഹജ്ജ് യാത്രക്ക് ഒരുങ്ങുമ്പോള്‍ യാത്രക്ക് ആവശ്യമായ സാധനങ്ങള്‍ ഒരുക്കി കൊണ്ട് പോകണമെന്ന് അല്ലാഹു പറയുന്ന ഭാഗത്ത്, ഏറ്റവും നല്ല യാത്രാ സാധനം തഖ്‌വ ആണെന്ന് ഓ൪മ്മിപ്പിക്കുന്നു.

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ…

…നിങ്ങള്‍ യാത്രാ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് ‘തഖ്‌വ’ [സൂക്ഷ്മത]യാകുന്നു. ഹേ, ബുദ്ധിമാന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍. (ഖുർആൻ: 2 /197)

ഓരോ വ്യക്തിയും കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

فَاتَّقُوا اللَّـه مَااسْتَطَعْتُمْ

അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍………(ഖുർആൻ:64/16)

ഒരു വ്യക്തിയോടും ആ വ്യക്തിയുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുകയില്ല ( لا يُكَلِّ فُ الَّله نَفْسًا إِلاَّ وُسْعَهَا ) എന്ന് അല്ലാഹു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ.

അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു………..(മുത്തഫഖുന്‍ അലൈഹി)

ഇബ്നുറജബ്  (റഹി) പറഞ്ഞു: സലഫുകളില്‍ ചിലര്‍ പറഞ്ഞു: ‘ആര് അല്ലാഹുവിനെ സൂക്ഷിച്ചുവൊ,അവന്‍ തന്‍റെ ശരീരത്തെ കാത്ത് സൂക്ഷിച്ചു.ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയൊ, അവന്‍ തന്‍റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു. (جامع العلوم والحكم ٢/٥٥٥)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ ‏

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കമല്ല നോക്കുന്നത്, പക്ഷെ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.(മുസ്ലിം:2564)

قال العلامة محمد بن صالح العثيمين رحمه الله في شرحه لهذا الحديث: فالله سبحانه وتعالى لا ينظر إلى العباد إلى أجسامهم هل هي كبيرة أو صغيرة أو صحيحة أو سقيمة ولا ينظر إلى الصور هل هي جميلة أو ذميمة .كل هذا ليس بشيء عند الله، وكذلك لا ينظر إلى الأنساب هل هي رفيعة أو دنيئة، ولا ينظر إلى الأموال ولا ينظر إلى شيء من هذا أبداً .ليس بين الله وبين خلقه صلة إلا بالتقوى، فمن كان لله أتقى كان من الله أقرب وكان عند الله أكرم إذن لا تفخر بمالك ولا بجمالك ولا ببدنك ولا بأولادك ولا بقصورك ولا بسيارتك ولا بشيء من هذه الدنيا أبداً، إنما إذا وفقك الله للتقوى فهذا من فضل الله عليك فاحمد الله عليه .

ഈ ഹദീഥിന്റെ വിശദീകരണത്തിൽ ശൈഖ് ഉഥൈമീൻ {رحمه الله} പറഞ്ഞു: അല്ലാഹു അടിമകളുടെ ശരീരങ്ങളിലേക്ക് അത് വലുതാണോ, ചെറുതാണോ, അരോഗ്യമുള്ളതാണോ അതോ രോഗം ബാധിച്ചതാണോ എന്നൊന്നും നോക്കുകയില്ല. അതുപോലെ തന്നെ രൂപം അത് ഭംഗിയുള്ളതാണോ ന്യൂനതയുള്ളതാണോ എന്നും നോക്കുകയില്ല. ഇവയൊന്നും അല്ലാഹുവിന്റെയടുക്കൽ ഒന്നുമല്ല. അതുപോലെ തന്നെ വംശപരമ്പരയിലേക്ക് അവ ഉയർന്നതാണോ താഴ്ന്നതാണോ എന്ന് നോക്കുകയില്ല, സമ്പത്തിലേക്കും അതുപോലുള്ള ഒന്നിലേക്കും ഒരിക്കലും നോക്കുകയില്ല.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിയുടെയും ഇടയിൽ തഖ്‌വ [അല്ലാഹുവിനെ സൂക്ഷിക്കുന്നതു] കൊണ്ടല്ലാതെ ഒരു ബന്ധവുമില്ല. അരോണോ ഏറ്റവും നന്നായി അല്ലാഹുവിനെ സൂക്ഷിക്കുന്നത്  അവനാണ് അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവനും, ആദരവുള്ളവനും. അതിനാൽ നിന്റെ സമ്പത്ത്, സൗന്ദര്യം, ശരീരം, മക്കൾ, വാഹനം ഇവകൊണ്ടൊന്നും,[മാത്രമല്ല]ദുനിയാവിലെ ഒരു കാര്യം കൊണ്ടും നീ അഹങ്കരിക്കണ്ട! എന്നാൽ, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാൻ അവൻ നിനക്ക് തൗഫീഖ് നൽകിയിട്ടുണ്ടെങ്കിൽ, അത് നിന്റെ മേലുള്ള അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന് നീ അല്ലാഹുവിനെ സ്തുതിക്കുക. [شرح رياض الصالحين]

എന്താണ് തഖ്‌വ

തടയുക എന്നർഥം വരുന്ന وقى എന്ന പദത്തിൽ നിന്നാണ് തഖ്‌വ എന്ന പദം ഉണ്ടായത്.

ഇമാം റാഗിബ് (റ) പറയുന്നു:

حفظ النفس عما يؤثم وذلك بترك المحظور ويتم ذلك بترك بعض الملاحظات

തിന്മകളിൽ നിന്ന് മനസ്സിനെ പിടിച്ചു നിർത്തലാണത്. വിലക്കപ്പെട്ടത് ഒഴിവാക്കിക്കൊണ്ടാണത് ചെയ്യേണ്ടത്. അനുവദിക്കപ്പെട്ട ചില കാര്യങ്ങൾ വെടിയുക കൂടി ചെയ്യുമ്പോൾ അത് പൂർണമാവുന്നു.

അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്‌വാ’ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്.

قال طلق ابن حبيب: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله

ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു:  അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്  അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം  വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)

عن عبدالله هو ابن مسعود اتَّقُوا اللَّهَ حَقَّ تُقَاتِهِ قال: أن يطاع فلا يعصى، وأن يذكر فلا ينسى، وأن يشكر فلا يكفر

ഇബ്‌നു മസ്ഊദ് (റ) പറയുന്നു : ( അല്ലാഹുവിനെ മുറപ്രകാരം സൂക്ഷിക്കുക എന്നാല്‍) ‘അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാതെ അവനെ അനുസരിക്കുക, അവനെ വിസ്മരിക്കാതെ ഓര്‍ക്കുക, അവനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.’

ഇബ്‌നു അബ്ബാസ് (റ) പറയുന്നു :മുത്തഖീങ്ങള്‍ അല്ലാഹുവിനേയും അവന്റെ ശിക്ഷയേയും ഭയപ്പെടുന്നവരാകുന്നു.

കല്ലും മുള്ളും കുപ്പിച്ചീളുകളുമുള്ള വഴിയിലൂടെ എപ്രകാരം സൂക്ഷിച്ച് കരുതലോടെ നടക്കുന്നുവോ, അതുപോലെ ജീവിതത്തിലുടനീളം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വയെന്ന് സലഫുസ്സ്വാലിഹീങ്ങള്‍ പറയാറുണ്ട്.

قال علي بن أبي طالب رضي الله عنه :  التقوى هي الخوف من الجليل ، والعمل بالتنزيل ، والقناعة بالقليل ، والإستعداد ليوم الرحيل

അലി (റ) പറഞ്ഞു: തഖ്‌വ എന്നാൽ അല്ലാഹുവിനെ ഭയപ്പെടലും അവൻ ഇറക്കിയത് കൊണ്ട് കർമ്മങ്ങൾ ചെയ്യലും മടങ്ങിപ്പോക്കിന്റെ നാളിനായി തയ്യാറാകലുമാകുന്നു.

قال عمر بن عبدالعزيز رحمه الله : ليس تقوى الله بصيام النهار ولا بقيام الليل والتخليط فيما بين ذلك ولكن تقوى الله ترك ما حرم الله وأداء ما افترض الله فمن رزق بعد ذلك خيرا فهو خير إلى خير.

(രണ്ടാം ഉമർ എന്നറിയപ്പെടുന്ന) ഉമർ ബിൻ അബ്ദുൽ അസീസ്‌ (റഹി) പറഞ്ഞു: പകലിൽ നോമ്പെടുക്കാലോ രാത്രിയിൽ നമസ്കരിക്കലോ അല്ല തഖ്‌വ. അതു രണ്ടിനും ഇടയിൽ കൂട്ടിക്കലർത്തലുമല്ല. അല്ലാഹുവിനുള്ള തഖ്‌വ എന്നാൽ അല്ലാഹു നിഷിദ്ധമാക്കിയത് ഒഴിവാക്കലും അവൻ നിർബ്ബന്ധമാക്കിയത് പ്രവർത്തിക്കലും ആകുന്നു. അതിനെ തുടർന്ന് ആർക്കെങ്കിലും നന്മ ലഭിച്ചാൽ അതു നന്മയുടെ മേലെയുള്ള നന്മയാകുന്നു.

قال الحسن: ما زالت التقوى بالمتقين حتى تركوا كثيراً من الحلال مخافة الحرام

ഹസനുൽ ബസരി(റഹി) പറഞ്ഞു: യഥാർത്ഥ മുത്തഖീങ്ങൾ, അവർ തഖ്‌വയെ ശരിയായ രൂപത്തിൽ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, ധാരാളം ഹലാലായ അഥവാ അനുവദിക്കപ്പെട്ട കാര്യങ്ങളെ ഉപേക്ഷിച്ചിരുന്നു. അത് ഹറാമാകുമോ എന്ന ഭയപ്പാട് കൊണ്ടായിരുന്നു അവർ അങ്ങനെ ചെയ്തിരുന്നത്. (ഹറാമാകുമോ എന്ന ഭയപ്പാടുള്ള വിഷയങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ, അതിനെ ഉപേക്ഷിക്കുന്നിടത്താണ് യഥാർത്ഥ തഖ്‌വ നിലകൊള്ളുന്നത് എന്നർത്ഥം)

ചുരുക്കത്തില്‍ തഖ്‌വയെ കുറിച്ച് ഇപ്രകാരം മനസ്സിലാക്കാം

  • ജീവിതത്തിലുടനീളം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വ
  • ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കലാണ് തഖ്‌വ
  • അല്ലാഹു നിർബ്ബന്ധമാക്കിയത് പ്രവർത്തിക്കലാണ് തഖ്‌വ
  • അല്ലാഹുവിനേയും അവന്റെ ശിക്ഷയേയും ഭയന്ന് ജീവിക്കലാണ് തഖ്‌വ
  • അല്ലാഹുവും അവന്റെ റസൂലും വിരോധിച്ചിട്ടുള്ളതില്‍ നിന്ന് പൂ൪ണ്ണമായും നില്‍ക്കലാണ് തഖ്‌വ
  • അല്ലാഹുവും അവന്റെ റസൂലും അനുവദിച്ചിട്ടുള്ള കാര്യങ്ങളില്‍ പരിമിതപ്പെടുത്തലാണ് തഖ്‌വ
  • പരലോക ജീവിതത്തിനായി തയ്യാറാകലാണ്തഖ്‌വ
  • ബിദ്അത്തില്‍ നിന്നും പൂ൪ണ്ണമായും വിട്ടു നില്‍ക്കലാണ് തഖ്‌വ
  • സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം തിട്ടപ്പെടുത്തലും സുന്നത്ത് കഴിവിന്റെ പരമാവധി ജീവിതത്തില്‍ പ്രാവ൪ത്തികമാക്കലുമാണ് തഖ്‌വ
  • അല്ലാഹുവിനെ തൊട്ട് അശ്രദ്ധമാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും എല്ലായ്പ്പോഴും അല്ലാഹുവിനെ ഓ൪ക്കലുമാണ്തഖ്‌വ
  • അല്ലാഹുവിനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കലാണ് തഖ്‌വ

ജീവിതത്തിന്റെ മുഴുവൻ മേഖലയിലും വേണ്ട ഒന്നാണ് തഖ്‌വ. കാരണം ഒരു നിമിഷം പോലും നാം റബ്ബിന്റെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാകുന്നില്ലല്ലോ.

നെഞ്ചിലേക്ക് വിരൽ ചൂണ്ടി നബി ﷺ പറഞ്ഞു:

التَّقْوَى هَا هُنَا

തഖ്‌വ ഇവിടെയാണ്. (മുസ്ലിം : 2564)

ഇമാം നവവി (റഹി) പറയുന്നു:

أن الأعمال الظاهرة لا يحصل بها التقوى ، وإنما تحصل بما يقع في القلب من عظمة الله تعالى وخشيته ومراقبته

പുറം മോടി കൊണ്ട് തഖ്‌വയുണ്ടാവില്ല. മനസ്സിൽ ആഴ്ന്നിറങ്ങിയ അല്ലാഹുവിനെ കുറിച്ചുള്ള മഹത്വബോധവും ഭയവും അവൻ എല്ലാം നിരീക്ഷിക്കുന്നു എന്ന ബോധവും കൊണ്ടു മാത്രമേ തഖ്‌വയുണ്ടാവൂ.

നമ്മുടെ രഹസ്യ ജീവിതത്തിൽ നാം എത്ര റബ്ബിനെ ഭയക്കുന്നുവോ അതാണ് നമ്മുടെ തഖ്’വയുടെ അളവ്. അതാണ് അതാണ്,  ചില അനുവദനീയമായ കാര്യങ്ങൾ പോലും അത് ഹറാമായിപ്പോകുമോ എന്ന ഭയം കാരണത്താൽ ഒരാൾ ഒഴിവാക്കുമ്പോഴാണ് തഖ്‌വ പൂർത്തിയാവുന്നതെന്ന് അബുദ്ദർദാഅ് (റ) പറഞ്ഞത്.

ഉമർ ബിൻ അബ്ദുൽ അസീസ് (റ) പറഞ്ഞു:

التقي ملجم لا يفعل كل ما يريد

തഖ്‌വയുള്ളവൻ കടിഞ്ഞാണുള്ളവനാണ്. ഉദ്ദേശിക്കുന്നതൊക്കെ ചെയ്യാൻ അവന് കഴിയില്ല.

തഖ്‌വ എന്ന പദം അഞ്ച് അർഥത്തിൽ ഖുർആനിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

(1)ഭയം

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.(ഖു൪ആന്‍:22/1)

(2)ആരാധന

يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ

തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്‍റെ കല്‍പനപ്രകാരം (സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങളെന്നെ സൂക്ഷിച്ച് കൊള്ളുവിന്‍ എന്ന് നിങ്ങള്‍ താക്കീത് നല്‍കുക. (എന്നത്രെ ആ സന്ദേശം) (ഖു൪ആന്‍:2/183)

(3)പാപങ്ങൾ വെടിയൽ

وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:2/189)

(4)തൗഹീദ്

إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധ൪മ്മനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌. (ഖു൪ആന്‍:49/3)

(5)ഇഖ്ലാസ്

ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ

അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍:22/32)

ഈ അഞ്ച് കാര്യങ്ങളും പൂർണമാകുമ്പോഴാണ് തഖ്‌വയും പൂർണ്ണമാവുന്നത്.

എങ്ങനെ നമുക്ക് തഖ്‌വ നേടിയെടുക്കാനാകും

1.അറിവ് നേടുക

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കലാണ് തഖ്‌വയെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് തഖ്‌വ നേടിയെടുക്കണമെങ്കില്‍ ‘അല്ലാഹുവിന്റെ വിധി വിലക്കുകള്‍’ എന്തെന്ന് അറിഞ്ഞിരിക്കണമല്ലോ.’അല്ലാഹുവിന്റെ വിധി വിലക്കുകള്‍’ എന്തൊക്കെയാണെന്ന് അറിയുന്നയാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകുകയുള്ളൂ.

2.അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുക.

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കലാണ് തഖ്‌വയെന്ന് പറയുമ്പോള്‍, അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുന്ന ഒരാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകുകയുള്ളൂ. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു.

وَلا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്‌. നിശ്ചയമായും അത്‌ ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗവുമാണ്‌. (ഖു൪ആന്‍:17/32)

ഇവിടെ വ്യഭിചരിക്കരുതെന്നല്ല , വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഒരു കാര്യത്തിലേക്കും അടുക്കരുതെന്നാണ് അല്ലാഹു പറയുന്നത്. വ്യഭിചാരത്തിലേക്കുള്ള ആദ്യ പടി അനാവശ്യ നോട്ടമാണ്.അതുകൊണ്ട് തന്നെ അനാവശ്യ നോട്ടത്തെ നിയന്ത്രിക്കുവാന്‍ അല്ലാഹു നി൪ദ്ദേശിക്കുന്നു.

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കു-ന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24/30)

…. ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَٰﺖِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ

സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷ-മാകുന്നതല്ലാതെ -വെളിപ്പെടുത്താതിരിക്കുവാനും പറയുക……… (ഖു൪ആന്‍ :24/31)

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് (റ)  പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (സുനനു അബൂദാവൂദ് :2149-  അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

ഇവിടെ അനാവശ്യ നോട്ടത്തേയും കേള്‍വിയേയും സംസാരത്തേയും ആഗ്രഹത്തേയും നിയന്ത്രിക്കലാണ് തഖ്‌വ.മേല്‍ പറഞ്ഞിട്ടുള്ള അല്ലാഹുവിന്റെ ആയത്തുകളും നബി ﷺ യുടെ ഹദീസും ജീവിതത്തില്‍ പ്രാവ൪ത്തികമാക്കാത്തവന് ഈ വിഷയത്തില്‍ തഖ്‌വ നേടിയെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അല്ലാഹുവിനേയും അവന്റെ റസൂലിനേയും പരിപൂ൪ണ്ണമായി അനുസരിക്കുന്ന ഒരാള്‍ക്ക് മാത്രമേ തഖ്‌വ നേടിയെടുക്കാനാകൂ എന്ന് പറയുന്നത്.

3.ശി൪ക്കില്‍ നിന്നും ഒഴിവായി തൌഹീദ് പൂ൪ണ്ണമായും അംഗീകരിക്കുക

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿٢١﴾‏ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ‎﴿٢٢﴾

മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ തഖ്‌വ യുള്ളവരായേക്കാം (സൂക്ഷ്മതയുള്ളവരായേക്കാം). ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു മേല്‍പുരയും ആക്കിത്തരികയും ,ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കി തന്നിട്ട് അതു മുഖേനെ നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ച് തരികയും ചെയ്ത (നാഥനെ), അതിനാല്‍ (ഇതെല്ലാം) അറിഞ്ഞും കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ 2:21-22)

തൗഹീദ് മനുഷ്യരുടെ പ്രകൃത്യാ ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

4.നോമ്പ്

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരുവാന്‍ വേണ്ടിയത്രെ അത്‌. (ഖു൪ആന്‍:2 /183)

5.ഖു൪ആന്‍ പഠിക്കുക, പാരായണം ചെയ്യുക, ജീവിതത്തില്‍ പക൪ത്തുക

وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ ‎﴿٢٧﴾‏ قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ ‎﴿٢٨﴾

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി. (ഖുർആൻ:39/27-28)

തഖ്‌വയോടെ ജീവിക്കുന്നവ൪ക്കുള്ള പ്രതിഫലം

തഖ്‌വയോടെ ജീവിക്കുന്നവ൪ക്ക് അല്ലാഹു ദുനിയാവിലും ആഖിറത്തിലും ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്.

1. പ്രതിസന്ധികളില്‍ അല്ലാഹു ഒരു പോംവഴി ഏ൪പ്പെടുത്തി തരും.

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ‎﴿٣﴾‏

… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും. (ഖു൪ആന്‍:65/2)

عن ابن عباس، قوله: ( وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا ) يقول: نجاته من كل كرب في الدنيا والآخرة،

ഇബ്നു അബ്ബാസ്  رضي الله عنه പറഞ്ഞു: (അതായത്) ദുനിയാവിലെയും പരലോകത്തെയും എല്ലാ ദുരിതങ്ങളിൽ നിന്നും അല്ലാഹു അവനെ രക്ഷിക്കുന്നതാണ്. (ത്വബ്രി)

 فَكُلُّ مَنِ اتَّقَى اللَّهَ تَعَالَى، وَلَازَمَ مَرْضَاتَهُ فِي جَمِيعِ أَحْوَالِهِ، فَإِنَّ اللَّهَ يُثِيبُهُ فِي الدُّنْيَا وَالْآخِرَةِ. وَمِنْ جُمْلَةِ ثَوَابِهِ أَنْ يَجْعَلَ لَهُ فَرَجًا وَمَخْرَجًا مَنْ كُلِّ شِدَّةٍ وَمَشَقَّةٍ، وَكَمَا أَنَّ مَنِ اتَّقَى اللَّهَ جَعَلَ لَهُ فَرَجًا وَمَخْرَجًا

അല്ലാഹുവിനെ സൂക്ഷിക്കുകയും, എല്ലാ സാഹചര്യങ്ങളിലും അവൻ്റെ തൃപ്തി മുറുകെ പിടിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കെല്ലാം ഇഹത്തിലും പരത്തിലും അവൻ പ്രതിഫലം നൽകുന്നതാണ്. അവന്റെ പ്രതിഫലങ്ങളിൽ പെട്ടതാണ്, എല്ലാ പ്രയാസങ്ങളിൽ നിന്നും അവന് ഒരു ആശ്വാസവും തുറവിയും നൽകുകയെന്നത്. (തഫ്സീറുസ്സഅ്ദി)

2. ഉപജീവനം ലഭിക്കും.

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ‎﴿٣﴾‏

… ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും, (മാത്രമല്ല) അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ് ……  (ഖു൪ആന്‍:65 /2,3)

3.പ്രയാസങ്ങളില്‍ അല്ലാഹു എളുപ്പം (സൌകര്യം) ഉണ്ടാക്കിക്കൊടുക്കും.

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا

……അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അല്ലാഹു എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്. (ഖു൪ആന്‍:65 /4)

قال الامام ابن القيم رحمه الله:- قال تعالى {ومن يتق الله يجعل له من أمره يسرا } فأخبر أنه ييسر على المتقي ما لا ييسر على غيره .

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : അല്ലാഹു പറഞ്ഞു : { വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌ } ഇതിനാൽ അറിയിച്ചിരിക്കുകയാണ് ; മറ്റുള്ളവർക്ക് എളുപ്പമാക്കി കൊടുക്കാത്ത (കാര്യങ്ങൾ) തഖ്‌വ കൈകൊള്ളുന്നവന് നിശ്ചയമായും എളുപ്പമാക്കിക്കൊടുക്കും എന്ന്. (التبيان ٣٦)

4.വമ്പിച്ച പ്രതിഫലം ലഭിക്കും.

ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳُﻜَﻔِّﺮْ ﻋَﻨْﻪُ ﺳَﻴِّـَٔﺎﺗِﻪِۦ ﻭَﻳُﻌْﻈِﻢْ ﻟَﻪُۥٓ ﺃَﺟْﺮًا

…അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോഅവന്റെ തിന്‍മകളെ അവന്‍ മാച്ച് കളയുകയും അവനുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍: 65 /5)

5.ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷ കിട്ടും.

وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًاۗ

..നിങ്ങള്‍ ക്ഷമിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതല്ല…. (ഖു൪ആന്‍:3 /120)

6.നാം ചെയ്യുന്ന ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കും.

ആദമിന്റെ (അ) രണ്ട് മക്കള്‍ ഒരു ബലി കര്‍മം നടത്തി. അപ്പോള്‍ ഒരാളില്‍ നിന്ന് അല്ലാഹു അത് സ്വീകരിച്ചു. മറ്റേ ആളില്‍ നിന്ന് അല്ലാഹു അത് സ്വീകരിച്ചില്ല. തഖ്‌വ ഉള്ള ആളില്‍ നിന്നാണ് അല്ലാഹു സ്വീകരിച്ചത്. തഖ്‌വ ഇല്ലാത്ത ആളില്‍ നിന്ന് അല്ലാഹു സ്വീകരിച്ചതുമില്ല.

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ

(നബിയേ) അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു ‘ഖുര്‍ബാന്‍’ [ബലികര്‍മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍ നിന്ന് അതു സ്വീകരിക്കപ്പെട്ടു; മറ്റേ ആളില്‍ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ (മറ്റേ ആള്‍) പറഞ്ഞു: ‘നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും’. അവന്‍ [ബലി സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: ‘സൂക്ഷ്മത പാലിക്കുന്നവരില്‍ [തഖ്‌വയുള്ളവ൪] നിന്നേ അല്ലാഹു സ്വീകരിക്കൂ. (ഖു൪ആന്‍:5 /27)

7.സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് അല്ലാഹു ഉണ്ടാക്കി തരും.
8.തിന്മകളെ അല്ലാഹു മായ്ച്ചു കളയും.
9. നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു തരും.

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം, അവന്‍ നിങ്ങള്‍ക്ക്‌ സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് ഉണ്ടാക്കി തരികയും; നിങ്ങളുടെ തിന്മകളെ അവന്‍ മായ്ച്ചു കളയുകയും, നിങ്ങള്‍ക്ക്‌ പൊറുത്തു തരികയും ചെയ്യും. അല്ലാഹുവാകട്ടെ, മഹത്തായ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനാകുന്നു. (ഖു൪ആന്‍:8 /29)

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിച്ചുകൊണ്ട്‌ അവനെ സൂക്ഷിക്കുന്നപക്ഷം, സത്യവും അസത്യവും ഇന്നതാണെന്നും നല്ലതും ചീത്തയും ഏതൊക്കെയാണെന്നും തിരിച്ചറിയുവാനുള്ള മാര്‍ഗദര്‍ശനവും വെളിച്ചവും നല്‍കി അവന്‍ അനുഗ്രഹിക്കുന്നതാണ്‌. പിന്നെ, നേര്‍മാര്‍ഗം കാണാതെയോ, രക്ഷാമാര്‍ഗം തിരിച്ചറിയാതെയോ നാം നട്ടം തിരിയേണ്ടി വരികയില്ല. നമ്മുടെ പക്കല്‍ വന്നുപോകുന്ന തിന്മകളെ അവന്‍ മായ്ച്ചു കളയുകയും തെറ്റു കുറ്റങ്ങളെ അവന്‍ പൊറുത്തു തരികയും ചെയ്യും.

10. വിലായത്ത് ലഭിക്കും.

ഒരാള്‍ക്ക് അല്ലാഹുവിന്റെ വലിയ്യ് ആകണമെങ്കില്‍ രണ്ട് യോഗ്യത ആവശ്യമാണ്.ഈമാനും തഖ്‌വയും ആണത്.ഈമാനോടും തഖ്’വയോടും കൂടി ജീവിക്കുന്നവ൪ക്ക് അല്ലാഹുവിന്റെ വലിയ്യ് ആകാന്‍ കഴിയും.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿٦٢﴾‏ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ‎﴿٦٣﴾

അറിയുക, തീ൪ച്ചയായും അല്ലാഹുവിന്റെ `വലിയ്യു’കള്‍ [മിത്രങ്ങള്‍] ആരോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിയും വരികയില്ല. (അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവ൪. (ഖു൪ആന്‍: 10/62,63)

11. വിജ്ഞാനം ലഭിക്കും.

وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാണ്. അല്ലാഹു, എല്ലാ കാര്യത്തക്കുറിച്ചും അറിയുന്നവനാകുന്നു. (ഖു൪ആന്‍: 2/282)

12. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും.

وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

എന്റെ കാരുണ്യമാകട്ടെ അത്‌ എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു. എന്നാല്‍ സൂക്ഷ്‌മത പാലിക്കുകയും, സക്കാത്ത്‌ കൊടുക്കുകയും നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഞാന്‍ അത്‌ (പ്രത്യേകമായി) രേഖപ്പെടുത്തുന്നതാണ്‌. (ഖു൪ആന്‍: 7/156)

13. ആകാശ ഭൂമികളില്‍ നിന്ന് അല്ലാഹുവിന്റെ ബറക്കത്ത് ലഭിക്കും.

وَلَوْ أَنَّ أَهْلَ الْقُرَ ىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ

(ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിക്കുകയും ചെയ്‌തിരുന്നെങ്കില്‍, നാം അവര്‍ക്ക്‌ ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും `ബറക്കത്തുകള്‍’ (അനുഗ്രഹങ്ങള്‍) തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ച് തള്ളുകയാണ് ചെയ്‌തത്‌; അപ്പോള്‍ അവ൪ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി. (ഖു൪ആന്‍:7/96)

14.ഐഹിക ജീവിതത്തിലും പരലോകത്തും സന്തോഷ വാ൪ത്ത ലഭിക്കും.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿٦٢﴾‏ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ‎﴿٦٣﴾‏ لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ‎﴿٦٤﴾‏

അറിയുക, തീ൪ച്ചയായും അല്ലാഹുവിന്റെ `വലിയ്യു’കള്‍ [മിത്രങ്ങള്‍] ആരോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ ദു:ഖിക്കേണ്ടിയും വരികയില്ല. (അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന-വരത്രേ അവ൪. അവര്‍ക്കത്രെ, ഇഹലോക ജീവിതത്തിലും, പരലോകത്തിലും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്റെ വാക്കുകള്‍ക്ക്‌ മാറ്റം വരുത്തലില്ല. അത് (സന്തോഷവാര്‍ത്ത) തന്നെയാണ്‌ മഹത്തായ ഭാഗ്യം. (ഖു൪ആന്‍:10/62-64)

15. വിജയികള്‍ ആകാം.

وَمَن يُطِعِ اللّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتّقْهِ فَأُولَـٰ ئِكَ هُمُ الْفَائِزُونَ

ആര്, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍: 24 /52)

16. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.

بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ

അതെ, ഏതൊരുവന്‍ തന്റെ കരാര്‍ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാല്‍, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍: 2 / 76)

ഇമാം ത്വബരി(റ) പറയുന്നു:

فإن الله يحب الذين يتقونه فيخافون عقابه ويحذرون عذابه، فيجتنبون ما نهاهم عنه وحرّمه عليهم، ويطيعونه فيما أمرهم به.

തീർച്ചയായും അല്ലാഹു, അവനെ സൂക്ഷിക്കുന്ന, അവന്റെ ശിക്ഷയെ ഭയന്ന് അവന്‍ വിരോധിച്ചതും ഹറാമാക്കിയതുമായ കാര്യങ്ങള്‍ വെടിയുകയും അവന്‍ കല്പിച്ച കാര്യങ്ങള്‍ പ്രവ൪ത്തിക്കുകയും ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു.

17. അല്ലാഹു തഖ്‌വയുള്ളവരോടൊപ്പമാണ്.

إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ

തീ൪ച്ചയായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോട് കൂടെയാകുന്നു; യാതൊരു കൂട്ടര്‍ സുകൃതം പ്രവര്‍ത്തിക്കുന്നവരാണോ അവരോടും കൂടിയാകുന്നു. (ഖു൪ആന്‍:16 / 128)

وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

….നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. (ഖു൪ആന്‍:2 / 194)

ഇമാം ഹസനുല്‍ ബസ്വരി(റ) പറയുന്നു.:(കാരണം) അവ൪ അല്ലാഹു ഹറാം ആക്കിയവയെ തൊട്ട് സൂക്ഷ്മത പുല൪ത്തി, അല്ലാഹു ഫ൪ള് ആക്കിയ കാര്യങ്ങള്‍ നന്നാക്കുകയും ചെയ്തു.

18. അല്ലാഹുവിന്റെ അടുക്കല്‍ ആദരവ് ലഭിക്കുന്നത് തഖ്‌വയുടെ അടിസ്ഥാനത്തിലാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻧَّﺎ ﺧَﻠَﻘْﻨَٰﻜُﻢ ﻣِّﻦ ﺫَﻛَﺮٍ ﻭَﺃُﻧﺜَﻰٰ ﻭَﺟَﻌَﻠْﻨَٰﻜُﻢْ ﺷُﻌُﻮﺑًﺎ ﻭَﻗَﺒَﺎٓﺋِﻞَ ﻟِﺘَﻌَﺎﺭَﻓُﻮٓا۟ ۚ ﺇِﻥَّ ﺃَﻛْﺮَﻣَﻜُﻢْ ﻋِﻨﺪَ ٱﻟﻠَّﻪِ ﺃَﺗْﻘَﻰٰﻛُﻢْ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺧَﺒِﻴﺮٌ

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ തഖ്‌വയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:.49/ 13)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : يَا أَيُّهَا النَّاسُ، أَلَا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى عَجَمِيٍّ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا أَحْمَرَ عَلَى أَسْوَدَ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى

നബിﷺ പറഞ്ഞു: ജനങ്ങളെ; നിങ്ങളുടെ റബ്ബ് ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, കറുത്തവന് വെളുത്തവനേക്കാളോ  തഖ്‌വ കൊണ്ടല്ലാതെ  അതൊരു ഒരു ശ്രേഷ്ഠതയുമില്ല. (മുസ്നദ് അഹ്മദ് : 23489)

19.തഖ്‌വയുള്ളവ൪ക്കേ അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കാന്‍ കഴിയൂ.

ﺫَٰﻟِﻚَ ﻭَﻣَﻦ ﻳُﻌَﻈِّﻢْ ﺷَﻌَٰٓﺌِﺮَ ٱﻟﻠَّﻪِ ﻓَﺈِﻧَّﻬَﺎ ﻣِﻦ ﺗَﻘْﻮَﻯ ٱﻟْﻘُﻠُﻮﺏِ

കാര്യമിതാണ്, വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍:.22 / 32)

20. തഖ്‌വയുടെ വഴി സ്വീകരിക്കലാണ് അല്ലാഹുവിങ്കല്‍ ഉത്തമം.

يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ

ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്‌നത മറക്കുന്ന വസ്‌ത്രവും, അലങ്കാര വസ്‌ത്രവും നാം നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിട്ടുണ്ട്‌. തഖ്‌വയാകുന്ന വസ്‌ത്രമാകട്ടെ, അതത്രെ (കൂടുതല്‍) ഉത്തമം.അവര്‍ [മനുഷ്യര്‍] ശ്രദ്ധിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍:7/ 26)

21.ഖു൪ആനിന്റെ സാന്‍മാ൪ഗ്ഗികത്വം മുത്തഖീങ്ങള്‍ക്കാണ് പ്രയോജനപ്പെടുക.

ذَٰلِكَ الْكِتَابُ لارَيْبَ ۛ فِيه ۛ هُدً ى لِلْمُتَّقِين

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെഅത്.(ഖു൪ആന്‍:2/ 2)

ഈ ഗ്രന്ഥം ആദ്യന്തം സന്‍മാ൪ഗ്ഗ ദ൪ശകമാണെങ്കിലും ഇതില്‍ നിന്ന് ഫലമെടുക്കുവാന്‍ മനുഷ്യനില്‍ ചില ഉല്‍കൃഷ്ട ഗുണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.അതില്‍ ഒന്നാമത്തേത് തഖ്‌വയാണ്.അവനില്‍ നന്‍മ തിന്‍മാ വിവേചനം ഉണ്ടായിരിക്കണം. തിന്‍മകളില്‍ നിന്ന് മാറി നില്‍ക്കാനും നന്‍മകള്‍ ധാരാളം ചെയ്യാനും ആഗ്രഹമുള്ളവനും ആയിരിക്കണം.

22. സന്‍മാ൪ഗ്ഗം കണ്ടെത്താനുള്ള വെളിച്ചം (മാ൪ഗ്ഗ ദ൪ശനം) ലഭിക്കും.മ വിജയം തഖ്വ‌

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻭَءَاﻣِﻨُﻮا۟ ﺑِﺮَﺳُﻮﻟِﻪِۦ ﻳُﺆْﺗِﻜُﻢْ ﻛِﻔْﻠَﻴْﻦِ ﻣِﻦ ﺭَّﺣْﻤَﺘِﻪِۦ ﻭَﻳَﺠْﻌَﻞ ﻟَّﻜُﻢْ ﻧُﻮﺭًا ﺗَﻤْﺸُﻮﻥَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്‌. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (ഖു൪ആന്‍:57/ 28)

23.മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ

أَنَّ أَبَا سَعِيدٍ الْخُدْرِيَّ ـ رضى الله عنه ـ حَدَّثَهُ قَالَ قِيلَ يَا رَسُولَ اللَّهِ، أَىُّ النَّاسِ أَفْضَلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مُؤْمِنٌ يُجَاهِدُ فِي سَبِيلِ اللَّهِ بِنَفْسِهِ وَمَالِهِ ‏”‏‏.‏ قَالُوا ثُمَّ مَنْ قَالَ ‏”‏ مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَتَّقِي اللَّهَ، وَيَدَعُ النَّاسَ مِنْ شَرِّهِ ‏”‏‏.‏

അബൂസഈദ്(رضي الله عنه) നിവേദനം: പ്രവാചകരേ! മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(ﷺ)അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും അവർ  ചോദിച്ചു. നബി(ﷺ) പ്രത്യുത്തരം നൽകി. ഏതെങ്കിലും മലഞ്ചെരുവിൽ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വർജ്ജിച്ചുകൊണ്ടും ജീവിക്കുന്ന വിശ്വാസി. (ബുഖാരി : 2786)

24. മരണ സമയത്ത് മലക്കുകളുടെ സ്വാഗതവും അനുമോദനവും ലഭിക്കും.

وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ ‎﴿٣٠﴾‏ جَنَّٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ ‎﴿٣١﴾‏ ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ‎﴿٣٢﴾

നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്‌.അതായത്‌, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. (ഖു൪ആന്‍:16/ 30-32)

25.അന്തിമ വിജയം തഖ്‌വയുള്ളവ൪ക്കാണ്.

ﻭَٱﻟْﻌَٰﻘِﺒَﺔُ ﻟِﻠْﻤُﺘَّﻘِﻴﻦَ

…..അന്തിമ വിജയം തഖ്‌വയുള്ളവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:28/ 83)

26.പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക്‌ (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്‌.

إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ

തീ൪ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക്‌ (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്‌ചയുള്ളവരാകുന്നു.(ഖു൪ആന്‍:7/201)

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുഷ്‌ഠിച്ചുകൊണ്ട്‌ അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തന്‍മാര്‍ വല്ലപ്പോഴും പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്ക്‌ വിധേയമായിത്തീരുന്ന പക്ഷം ഉടനെത്തന്നെ തങ്ങളുടെ പക്കല്‍ വന്നുപോയ അബദ്ധത്തെപ്പറ്റി അവര്‍ക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതില്‍ നിന്ന്‌ പിന്‍വാങ്ങുകയും മേലില്‍ അത്തരം വഞ്ചനകളില്‍ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലും ദീര്‍ഘദൃഷ്‌ടിയും അവര്‍ക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്‌മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും.

27. നരക മോചനം ലഭിക്കും.

നരകത്തില്‍ നിന്ന് അകറ്റി നി൪ത്തപ്പെടുകയും സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികള്‍.നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

എല്ലാ ദേഹവും [ആളും] മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയ൪ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂ൪ണ്ണമായി നല്‍കുകയുള്ളൂ. അപ്പോള്‍, ആര് നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/ 185)

തഖ്‌വയോട് കൂടി ജീവിക്കുന്നവരെ അല്ലാഹു നരകത്തില്‍ നിന്ന് രക്ഷപെടുത്തും.

وَإِنْ مِنْكُمْ إِلا وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَقْضِيًّا ﴿۷۱﴾ ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا ﴿۷۲

അതിനടുത്ത് [നരകത്തിനടുത്ത്] വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല, നിന്റെ രക്ഷിതാവിന്റെ ഖണ്ഢിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. പിന്നീടു സൂക്ഷ്മത പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായി കൊണ്ട് അതില്‍ തന്നെ വിട്ടേക്കുന്നതുമാണ്.(ഖു൪ആന്‍:24 /52)

എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സൂക്ഷ്മത പാലിച്ച് ജീവിച്ചവരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു.

ഈ ആയത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരെ നരകത്തില്‍ നിന്ന് രക്ഷപെടുത്തുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.

28. സ്വ൪ഗ്ഗം ലഭിക്കും.

നരകത്തില്‍ നിന്ന് അകറ്റി നി൪ത്തപ്പെടുകയും സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികള്‍. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

എല്ലാ ദേഹവും [ആളും] മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയ൪ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂ൪ണ്ണമായി നല്‍കുകയുള്ളൂ. അപ്പോള്‍, ആര് നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/ 185)

തഖ്‌വയോട് കൂടി ജീവിക്കുന്നവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിക്കും.മാത്രവുമല്ല, വിശുദ്ധ ഖു൪ആനില്‍ സ്വ൪ഗത്തെ കുറിച്ച് പരാമ൪ശിക്കുന്ന ഭാഗത്തെല്ലാം അത് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കു-ള്ളതാണെന്നാണ് പറയുന്നത്.

ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍: 3 /15)

تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا

നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് തഖ്’വയുള്ളവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19 / 63)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻣَﻘَﺎﻡٍ ﺃَﻣِﻴﻦٍ

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. (ഖു൪ആന്‍: 44/ 51)

ﺇِﻥَّ ﻟِﻠْﻤُﺘَّﻘِﻴﻦَ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖِ ٱﻟﻨَّﻌِﻴﻢِ

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖു൪ആന്‍:68/ 34)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﺟَﻨَّٰﺖٍ ﻭَﻧَﻬَﺮٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍:54/ 54)

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻇِﻠَٰﻞٍ ﻭَﻋُﻴُﻮﻥٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികളിലും ആയിരിക്കും. (ഖു൪ആന്‍: 77/ 41)

 إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ‎﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ‎﴿١٦﴾‏

തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ സ്വര്‍ഗ്ഗ തോപ്പുകളിലും, അരുവികളിലും ആയിരിക്കുംയിരിക്കും, അവ൪ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. (കാരണം) അവര്‍ അതിനുമുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു. (ഖു൪ആന്‍:51 / 15,16)

إِنَّ لِلْمُتَّقِينَ مَفَازًا ‎﴿٣١﴾‏ حَدَآئِقَ وَأَعْنَٰبًا ‎﴿٣٢﴾‏ وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾‏ وَكَأْسًا دِهَاقًا ‎﴿٣٤﴾‏ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا ‎﴿٣٥﴾‏ جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ‎﴿٣٦﴾

തീ൪ച്ചയായും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്ക് വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്. അതായത് (സ്വ൪ഗ്ഗത്തിലെ) തോട്ടങ്ങളും, മുന്തിരികളും, തുടുത്ത മാ൪വിടമുള്ള സമപ്രായക്കാരായ തരുണികളും, (ശുദ്ധമായ കള്ളിന്റെ) നിറഞ്ഞ പാന പാത്രങ്ങളും (ഉണ്ട്). അവിടെ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുകയില്ല. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും , കണക്കൊത്ത ഒരു സമ്മാനവും. (ഖു൪ആന്‍:78 / 31-36)

ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍:39/ 20)

ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﺃُﻛُﻠُﻬَﺎ ﺩَآﺋِﻢٌ ﻭَﻇِﻠُّﻬَﺎ ۚ ﺗِﻠْﻚَ ﻋُﻘْﺒَﻰ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮا۟ ۖ ﻭَّﻋُﻘْﺒَﻰ ٱﻟْﻜَٰﻔِﺮِﻳﻦَ ٱﻟﻨَّﺎﺭُ

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. (ഖു൪ആന്‍:13/ 35)

ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﻓِﻴﻬَﺎٓ ﺃَﻧْﻬَٰﺮٌ ﻣِّﻦ ﻣَّﺎٓءٍ ﻏَﻴْﺮِ ءَاﺳِﻦٍ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦ ﻟَّﺒَﻦٍ ﻟَّﻢْ ﻳَﺘَﻐَﻴَّﺮْ ﻃَﻌْﻤُﻪُۥ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﺧَﻤْﺮٍ ﻟَّﺬَّﺓٍ ﻟِّﻠﺸَّٰﺮِﺑِﻴﻦَ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﻋَﺴَﻞٍ ﻣُّﺼَﻔًّﻰ ۖ ﻭَﻟَﻬُﻢْ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ۖ ﻛَﻤَﻦْ ﻫُﻮَ ﺧَٰﻠِﺪٌ ﻓِﻰ ٱﻟﻨَّﺎﺭِ ﻭَﺳُﻘُﻮا۟ ﻣَﺎٓءً ﺣَﻤِﻴﻤًﺎ ﻓَﻘَﻄَّﻊَ ﺃَﻣْﻌَﺎٓءَﻫُﻢْ

സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍, അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ് കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌…….. (ഖു൪ആന്‍:47/ 15)

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ: تَقْوَى اللَّهِ وَحُسْنُ الْخُلُقِ

അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും നബി ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുവിനോടുള്ള തഖ്‌വയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യ സ്ഥാനവുമാണത്. എന്ന് നബി ﷺ അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി:2004)

29. തഖ്വയുള്ളവർ പരലോകത്ത് അല്ലാഹു വിന്റെ അതിഥികളാണ്

يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى  ٱلرَّحْمَٰنِ وَفْدًا

ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.(ഖു൪ആന്‍:19/ 85)

മുത്തഖീങ്ങളുടെ സ്വഭാവങ്ങള്‍

മുത്തഖീങ്ങളുടെ സവിശേഷമായ സ്വഭാവ ഗുണങ്ങള്‍ വിശുദ്ധ ഖു൪ആനില്‍ വിവരിക്കുന്നുണ്ട്.അവയില്‍ ചിലത് താഴെ ചേ൪ക്കുന്നു.

1.അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കും.
2.നമസ്‌കാരം മുറപ്രകാരം നി൪വ്വഹിക്കും.
3.അല്ലാഹു നല്‍കിയ സമ്പത്തിതില്‍നിന്ന് ചിലവഴിക്കും.
4.ഖു൪ആനിലും മുന്‍വേദഗ്രന്ഥങ്ങളിലും വിശ്വസിക്കും.
5.പരലോകത്തില്‍ ദൃഢമായി വിശ്വസിക്കും.

الٓمٓ ‎﴿١﴾‏ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ‎﴿٢﴾‏ ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣﴾‏ وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ‎﴿٤﴾‏ أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥﴾‏

അലിഫ്-ലാം-മീം. ഇതാകുന്നു ഗ്രന്ഥം, അതില്‍ സംശയമേ ഇല്ല, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്.(അതായത്) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുകയും, നമസ്‌കാരം മുറപ്രകാരം നി൪വ്വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍നിന്ന് ചിലവഴിക്കുകയും ,. (നബിയേ) താങ്കള്‍ക്ക് ഇറക്കപ്പെട്ടതിലും, താങ്കളുടെ മുന്‍ഗാമികള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവ൪ [സുക്ഷ്മത പാലിക്കുന്നവര്‍]. അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍ തന്നെയാണ് വിജയികളും (ഖു൪ആന്‍: 2/ 1-5)

6.സന്തോഷാവസ്ഥയിലും, വിഷമാവസ്ഥയിലും ദാനധ൪മ്മങ്ങള്‍ ചെയ്യും.
7. കോപം ഒതുക്കിവെക്കും.
8.മനുഷ്യര്‍ക്ക് മാപ്പ് നല്‍കും.
9. വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, ഉടന്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് പാപമോചനം തേടുകയും ചെയ്യും.
10.തങ്ങള്‍ ചെയ്ത തെറ്റില്‍ അറിഞ്ഞ് കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല.

 وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ‎﴿١٣٤﴾‏ وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ‎﴿١٣٥﴾

നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. അതായത്, സന്തോഷാവസ്ഥയിലും, വിഷമാവസ്ഥയിലും ദാനധ൪മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവ൪ക്ക് വേണ്ടി. അത്തരം, നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് പാപമോചനം തേടുകയും ചെയ്യുന്നവ൪ക്ക് വേണ്ടിയും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത് ? (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞ് കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ള മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗം ഒരുക്കിവെക്കപ്പെട്ടിരിക്കുന്നത്] (ഖു൪ആന്‍:3/ 133-135)

11.അല്ലാഹുവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരാണ്.
12.അന്ത്യനാളിനെപ്പറ്റി പേടിയോടെ ഓ൪ക്കുന്നവരാണ്.

 وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ ‎﴿٤٨﴾‏ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ ‎﴿٤٩﴾‏

മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, മുത്തഖീങ്ങള്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌. അവ൪ തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി പേടിയോടെ ഓ൪ക്കുന്നവരുമാണ്. (ഖു൪ആന്‍:21/ 48,49)

13.സുകൃതം ചെയ്യുന്നവരാണ്.
14.രാത്രിയില്‍ കൂടുതല്‍ സമയവും ഇബാദത്തുകളില്‍ മുഴുകുന്നവരാണ്.
15.രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരാണ്.
16.സ്വത്തുക്കളില്‍ നിന്ന് ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം നല്‍കുന്നവരാണ്.

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ‎﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ‎﴿١٦﴾‏ كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾‏ وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿١٩﴾

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരാ-യിരുന്നു. രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.(ഖു൪ആന്‍: 51/ 15-19)

17. ﺭَﺑَّﻨَﺎٓ ﺇِﻧَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻏْﻔِﺮْ ﻟَﻨَﺎ ﺫُﻧُﻮﺑَﻨَﺎ ﻭَﻗِﻨَﺎ ﻋَﺬَاﺏَ ٱﻟﻨَّﺎﺭِ (ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ) എന്ന് പ്രാ൪ത്ഥിക്കുന്നവരാണ്.
18.ക്ഷമ കൈക്കൊള്ളുന്നവരാണ്.
19.സത്യസന്ധരാണ്.
20.ഭയഭക്തിയുള്ളവരാണ്.

മുത്തഖീങ്ങളുടെ ഒരു പ്രാർത്ഥനയും അവരുടെ സ്വഭാവ സവിശേഷതകളും അല്ലാഹു പറയുന്നത് കാണുക:

ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ‎﴿١٦﴾‏ ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ ‎﴿١٧﴾

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (സൂക്ഷ്മത പാലിച്ച അല്ലാഹുവിന്റെ ദാസന്‍മാര്‍). (ഖു൪ആന്‍:3/16,17)

21.അല്ലാഹു അവതരിപ്പിച്ച എല്ലാ കാര്യങ്ങളിലും സംതൃപ്തരാണ്.

….ﻭَﻗِﻴﻞَ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻣَﺎﺫَآ ﺃَﻧﺰَﻝَ ﺭَﺑُّﻜُﻢْ ۚ ﻗَﺎﻟُﻮا۟ ﺧَﻴْﺮًا ۗ

നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. (ഖു൪ആന്‍:16/ 30)

സത്യവിശ്വാസികളെ, കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അതിനുള്ള തൗഫീഖിനായി അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക.

فَاتَّقُوا اللَّـه مَااسْتَطَعْتُمْ

അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍………(ഖുർആൻ:64/16)

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَقُولُ ‏ :‏ اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى‏.‏

ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, സന്മാര്‍ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാന്‍ ചോദിക്കുന്നു. (മുസ്‌ലിം:2721)

നബി ﷺ യുടെ മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا

അല്ലാഹുമ്മ ആതി നഫ്സീ തഖ്’വാഹാ വ സക്കീഹാ അന്‍ത ഹൈറു മന്‍ സക്കാഹാ അന്‍ത വലിയ്യുഹാ വ മവ്’ലാഹാ

അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ. അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *