തഹ്മീദിന്റെ വചനം الْحَمْدُ للهِ അല്‍ഹംദുലില്ലാഹ് (സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം) എന്നാകുന്നു. حمد (ഹംദ്) എന്നാൽ സ്തുതി എന്നാണത്ഥം. അതില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ന്നപ്പോള്‍ സ്തുതിയുടെ ഇനത്തില്‍ പെട്ടതെല്ലാം അതിലുള്‍പ്പെടുന്നു. അതുകൊണ്ടാണ് الحمد എന്ന വാക്കിന് ‘സര്‍വസ്തുതിയും, സ്തുതി മുഴുവനും’ എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നത്.
സ്നേഹവും ആദരവും നിറഞ്ഞ മനസ്സോടെ അല്ലാഹുവിന്റെ പൂർണ്ണതയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതിനാണ് ഹംദ് (സ്തുതി) എന്ന് പറയുക. ഉദാഹരണത്തിന് അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിച്ചു കൊണ്ടും, അവനെ അങ്ങേയറ്റം ആദരിച്ചു കൊണ്ടും അല്ലാഹുവിന്റെ മഹത്വമോ കാരുണ്യമോ എടുത്തു പറയുകയും, അവനെ വാഴ്ത്തുകയും ചെയ്താൽ അത് ‘ഹംദ്’ (സ്തുതി) ആണ്.
ഒരു മുസ്ലിം ദിനേനെ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറ: ഫാതിഹയുടെ തുടക്കംതന്നെ ഹ്മീദാണ്.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
എല്ലാ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. (ഖുര്‍ആൻ:1/2)
എല്ലാ സ്തുതിയും അല്ലാഹുവിന് തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ പോരുന്ന അവന്റെ ചില ഉല്‍കൃഷ്ട ഗുണവിശേഷങ്ങളാണ് തുടര്‍ന്ന് ഈ ആയത്തിലും അടുത്ത രണ്ട് ആയത്തുകളിലും പ്രസ്താവിച്ചിരിക്കുന്നത്. رَبِّ الْعَالَمِينَ (ലോകരുടെ രക്ഷിതാവ്) الرَّحْمَـٰنِ (പരമകാരുണികന്‍) الرَّحِيمِ (കരുണാനിധി), مَالِكِ يَوْمِ الدِّينِ (പ്രതിഫലദിവസത്തിന്റെ ഉടമസ്ഥന്‍) ഇവയാണത്. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാരങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.
വിശുദ്ധ ഖുര്‍ആനിലെ അഞ്ച് സൂറത്തുകൾ الْحَمْدُ لِلَّـهِ (അല്ലാഹുവിനാണു സര്‍വ്വസ്‌തുതിയും) എന്നുള്ള ഹംദിന്റെ വാക്യം കൊണ്ടാണ് ആരംഭിക്കുന്നത്. സൂറ: ഫാതിഹ, അൻആം, അല്‍കഹ്‌ഫ്,സബ്അ്, ഫാത്വിര്‍ എന്നിവയാണവ. ഓരോന്നിലും ഈ വാക്യത്തെത്തുടര്‍ന്നു പ്രസ്‌താവിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍, സ്‌തുതികീര്‍ത്തനങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ അല്ലാഹു മാത്രമാണെന്നു തെളിയിക്കുന്ന അവന്റെ ചില സവിശേഷ ഗുണങ്ങളായിരിക്കും അവയെന്നു കാണാവുന്നതാണ്.
ചുരുക്കത്തിൽ ‘തഹ്മീദ്’ എന്നാല്‍ അല്ലാഹുവിന്റെ അസ്മാഉകളിലും സ്വിഫാത്തുകളിലും അഫ്ആലുകളിലും അവന് പരിപൂ൪ണ്ണതയുടെ മുഴുവന്‍ ഇനങ്ങളും സ്ഥാപിക്കലാണ്.
അല്ലാഹുവിനെ സ്തുതിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അവനെ മനുഷ്യനായി സൃഷ്ടിച്ചതിന്, ഹിദായത്ത് ലഭിച്ചതിന്, എണ്ണിയാലൊതുങ്ങാത്ത അനുഗ്രങ്ങൾ ലഭിച്ചതിന് തുടങ്ങി ധാരാളം കാര്യങ്ങൾക്ക്.
وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرَۢا
നീ പറയുക :’അല്‍ഹംദു ലില്ലാഹ്.’ സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമാണവൻ. അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (ഖു൪ആന്‍:17/111)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : مَا أَنْعَمَ اللَّهُ عَلَى عَبْدٍ نِعْمَةً فَقَالَ الْحَمْدُ لِلَّهِ . إِلاَّ كَانَ الَّذِي أَعْطَاهُ أَفْضَلَ مِمَّا أَخَذَ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അൽഹംദുലില്ലാഹ് എന്ന് പറയുക വഴി ഒരു ദാസൻ ആ അനുഗ്രഹങ്ങളേക്കാൾ വലിയ നന്മയാണ് നേടിയെടുക്കുന്നത്. (ഇബ്നുമാജ 3805)
عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الطُّهُورُ شَطْرُ الإِيمَانِ وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ
അബൂ മാലിക് അൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശുദ്ധി വിശ്വാസത്തിന്റെ പകുതിയാകുന്നു. ‘അല്‍ഹംദുലില്ലാഹ്’ എന്നത് തുലാസ് നിറക്കുന്നതാണ്. (മുസ്ലിം:223)
അല്ലാഹു ഹംദ് ഏറെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിനെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്ത അസ്വദ് ബ്നു സരീഅ് رَضِيَ اللَّهُ عَنْهُ എന്ന സ്വഹാബിയോട് നബി ﷺ പറഞ്ഞു:
أَمَا إِنَّ رَبَّكَ يُحِبُّ الْحَمْدَ
നിന്റെ റബ്ബ് ഹംദ് ഇഷ്ടപ്പെടുന്നു. (അദബുൽ മുഫ്രദ്:859)
عَنْ جَابِرِ بْنِ عَبْدِ اللَّهِ رضى الله عنهما قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: أَفْضَلُ الذِّكْرِ لاَ إِلَهَ إِلاَّ اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّهِ
ജാബിർ (رضي الله عنه വിൽ നിന്ന് നിവേദനം:നബി ﷺ പറയുന്നത് ഞാൻ കേട്ടു: ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ‘ലാഇലാഹ ഇല്ലല്ലാഹ്’ ആണ്. ദുആഇൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ‘അൽഹംദു ലില്ലാഹ്’ എന്നതുമാണ്. (തിർമിദി: 3383)
അല്ലാഹുവിനെ സ്തുതിച്ചു് കൊണ്ടാണ് പ്രാ൪ത്ഥന ആരംഭിക്കേണ്ടത്. നബി ﷺ പറയുന്നത് കാണുക:
إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ
നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും ചെയ്തുകൊണ്ട് ആരംഭിക്കട്ടെ. (തിർമിദി:3477)
عَنْ فَضَالَةَ بْنِ عُبَيْدٍ قَالَ: سَمِعَ رَسُولُ اللَّهِ صلى الله عليه وسلم رَجُلاً يَدْعُو فِي صَلاَتِهِ لَمْ يُمَجِّدِ اللَّهَ تَعَالَى وَلَمْ يُصَلِّ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ رَسُولُ اللَّهِ صلى الله عليه وسلم عَجِلَ هَذَا ” . ثُمَّ دَعَاهُ فَقَالَ لَهُ أَوْ لِغَيْرِهِ ” إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ رَبِّهِ جَلَّ وَعَزَّ وَالثَّنَاءِ عَلَيْهِ ثُمَّ يُصَلِّي عَلَى النَّبِيِّ صلى الله عليه وسلم ثُمَّ يَدْعُو بَعْدُ بِمَا شَاءَ ”
ഫളാലത്ത് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി ﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നിസ്കാരത്തില്‍ ദുആ ചെയ്യുന്ന ഒരാളെ നബി ﷺ കേട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: ഇവന്‍ (ദുആയ്ക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് ﷺ അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു: നിങ്ങളിലാരെങ്കിലും ദുആ ചെയ്യുകയാണെങ്കില്‍ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവന്‍ ദുആ ചെയ്യണ്ടേത്. (അബൂദാവൂദ്:1481)
ഏത് സമയത്തും അല്ലാഹുവിനെ സ്തുതിക്കാവുന്നതാണ്. അല്ലാഹുവിനെ സ്തുതിക്കാൻ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദര്‍ഭങ്ങളിൽ അല്ലാഹുവിനെ സ്തുതിക്കുന്നതിന് പ്രത്യകം പ്രാധാന്യമുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا عَطَسَ أَحَدُكُمْ فَلْيَقُلِ الْحَمْدُ لِلَّهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ തുമ്മിയാൽ അവൻ “അൽഹംദുലില്ലാഹ്” എന്ന് പറയട്ടെ. (ബുഖാരി:6224)
عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا
അനസ് ബ്‌നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഒരു അടിമ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്ത ശേഷം അല്ലാഹുവിനെ സ്തുതിച്ചാല്‍ അല്ലാഹു അവനെ തൃപ്തിപ്പെടുന്നതാണ്. (മുസ്ലിം:2734)
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ مَنْ أَكَلَ طَعَامًا ثُمَّ قَالَ الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ وَمَنْ لَبِسَ ثَوْبًا فَقَالَ الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ ” .
നബി ﷺ പറഞ്ഞു : ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
അല്‍ഹംദുലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസഖ്നീഹി മിന്‍ ഗയ്’രി ഹവ്’ലിന്‍ മിന്നി വലാ ഖുവ്വ
എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.
الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة
അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദാ (ഹാദസ്സൗബ) വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ’
എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. (അബൂദാവൂദ് : 4023 -അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال: إذا مات ولد العبد قالالله تعالى لملائكته: قبضتم ولد عبدي؟ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي؟ فيقولون: حمدك واسترجع،فيقول الله تعالى: ابنوا لعبدي بيتًا في الجنة،وسموه بيت الحمد .
അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക. (തിര്‍മിദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
kanzululoom.com