ചിലയാളുകളെക്കൊണ്ട് മറ്റു ചിലയാളുകളുടെ ആദർശം പരിശോധിക്കൽ

ഈ കാലഘട്ടത്തിലുണ്ടായ നൂതനമായ ഒരു ബിദ്അത്തും ഫിത്‌നയുമാണ് അഹ്‌ലുസ്സുന്നയിൽപെട്ട ചിലയാളുകളെക്കൊണ്ട് മറ്റു ചിലയാളുകളുടെ ആദർശം പരിശോധിക്കൽ. ചിലപ്പോൾ ചിലയാളുകളോടുള്ള വെറുപ്പോ അല്ലെങ്കിൽ വേറെ ചിലയാളുകളോടുള്ള പ്രത്യേക ഇഷ്ടമോ ആയിരിക്കും ഇത്തരം പരിശോധനകൾക്കുള്ള കാരണം. ഇത്തരം പരിശോധന നടത്തുന്ന വ്യക്തി ആഗ്രഹിക്കുന്നതിനോട് യോജിക്കുന്ന വിധത്തിൽ മറുപടി നൽകുകയും നിലപാട് സ്വീകരിക്കുകയും ചെയ്താൽ വലിയ പ്രശംസയും അംഗീകാരവും സ്വീകാര്യതയുമൊക്കെയായിരിക്കും കിട്ടുക. അല്ലാത്തപക്ഷം ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും ബിദ്അത്തുകാരനെന്നു മുദ്രകുത്തലും ഒറ്റപ്പെടുത്തലും ശത്രുതയുമൊക്കെയായിരിക്കും ഫലം.

ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ رَحِمـهُ الله യെ തന്നെ നമുക്ക് ഉദ്ധരിക്കാൻ കഴിയും. മഹാനവർകൾ തന്റെ ‘മജ്മൂഉൽ ഫതാവാ’(3/413-414)യിൽ യസീദ്ബ്‌നു മുആവിയയുമായി ബന്ധപ്പെട്ട് പറയുന്നു:

والصواب هو ما عليه الأئمَّة، من أنَّه لا يُخَصُّ بمحبة ولا يلعن، ومع هذا فإن كان فاسقاً أو ظالماً فالله يغفر للفاسق والظالم، لا سيما إذا أتى بحسنات عظيمة، وقد روى البخاري في صحيحه عن ابن عمر رضي الله عنهما: أنَّ النَّبيَّ صلى الله عليه وسلم قال: “أوَّل جيش يغزو القسطنطينيَّة مغفورٌ له”، وأول جيش غزاها كان أميرهم يزيد بن معاوية، وكان معه أبو أيوب الأنصاري رضي الله عنه … فالواجب الاقتصاد في ذلك، والإعراض عن ذكر يزيد بن معاوية وامتحان المسلمين به؛ فإنَّ هذا من البدع المخالفة لأهل السنَّة والجماعة”.

ഈ വിഷയത്തിൽ ശരിയുടെ പക്ഷം ഇമാമുമാർ നിലകൊണ്ടതാണ്. അതായത്, അദ്ദേഹത്തോട് പ്രത്യേകമായ ഒരു സ്‌നേഹമോ വിരോധമോ ഉണ്ടാകേണ്ടതില്ല. ഇനി അദ്ദേഹം ഒരു തെമ്മാടിയോ അക്രമിയോ അധർമകാരിയോ ആണെങ്കിൽത്തന്നെ അല്ലാഹു അത്തരക്കാർക്ക് പൊറുത്തു കൊടുത്തേക്കുമല്ലോ; വിശിഷ്യാ ധാരാളം നന്മകൾ വേറെ ചെയ്തിട്ടുണ്ട് എങ്കിൽ. ഇമാം ബുഖാരി رَحِمـهُ الله തന്റെ സ്വഹീഹിൽ ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്ന് ഉദ്ധരിക്കുന്നു: ‘നിശ്ചയം, നബിﷺ പറഞ്ഞു: ‘കോൺസ്റ്റാന്റിനോപ്പിളിനോട് യുദ്ധം ചെയ്യുന്ന ആദ്യ സൈന്യത്തിന് പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’ കോൺസ്റ്റാന്റിനോപ്പിളിനോട് ആദ്യം യുദ്ധംചെയ്ത സൈന്യത്തിന്റെ നായകൻ യസീദ് ഇബ്‌നു മുആവിയ رَحِمـهُ الله ആയിരുന്നു. അദ്ദേഹത്തോടൊപ്പം പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ യും ഉണ്ടായിരുന്നു… അതിനാൽ ഈ വിഷയത്തിൽ ഒരു മധ്യമനിലപാട് സ്വീകരിക്കലാണ് കരണീയമായിട്ടുള്ളത്. യസീദ് ഇബ്‌നു മുആവിയയെ വെച്ചുകൊണ്ട് മുസ്‌ലിംകളെ പരീക്ഷിക്കുന്നതിൽനിന്ന് പിന്മാറുകയും വേണം. കാരണം, അത് അഹ്‌ലുസ്സുന്നക്കെതിരായ ബിദ്അത്തുകളിൽ പെട്ടതാണ്. (മജ്മൂഉൽ ഫതാവാ).

ശേഷം മൂന്നാം വാല്യം 415ാം പേജിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ رَحِمـهُ الله ഇത്രകൂടി പറയുന്നു:

وكذلك التفريق بين الأمَّة وامتحانها بما لم يأمر الله به ولا رسوله صلى الله عليه وسلم

അപ്രകാരംതന്നെ, അല്ലാഹുവോ റസൂലോﷺ കൽപിച്ചിട്ടില്ലാത്ത കാര്യങ്ങൾകൊണ്ട് സമുദായത്തെ പരീക്ഷിക്കലും അതിന്റെയടിസ്ഥാനത്തിൽ ചേരിതിരിവുണ്ടാക്കലും അഹ്‌ലുസ്സുന്നയുടെ രീതിയല്ല.

ശേഷം മറ്റൊരിടത്ത് (20/164) അദ്ദേഹം പറയുന്നു:

وليس لأحد أن ينصب للأمَّة شخصاً يدعو إلى طريقته، ويُوالي ويُعادي عليها غير النَّبيِّ صلى الله عليه وسلم، ولا ينصب لهم كلاماً يوالي عليه ويُعادي غير كلام الله ورسوله وما اجتمعت عليه الأمَّة، بل هذا من فعل أهل البدع الذين ينصبون لهم شخصاً أو كلاماً يفرِّقون به بين الأمة، يوالون به على ذلك الكلام أو تلك النسبة ويُعادون”.

നബിﷺ അല്ലാത്ത മറ്റേതെങ്കിലും ഒരു വ്യക്തിയെ ഉയർത്തിക്കാണിച്ച് അയാളുടെ മാർഗത്തിലേക്ക് ക്ഷണിക്കലും അതിന്റെയടിസ്ഥാനത്തിൽ സ്‌നേഹവും ശത്രുതയും പ്രഖ്യാപിക്കലും ഒരാളുടെ കാര്യത്തിലും ഉണ്ടാകാൻ പാടുള്ളതല്ല. അല്ലാഹുവിന്റെയോ റസൂലിന്റെയോ വാക്കുകളോ ഉമ്മത്ത് ഏകോപിച്ച് അഭിപ്രായപ്പെട്ട ഇജ്മാഇന്റെയോ അടിസ്ഥാനത്തിലല്ലാതെ ഒരാളുടെയും വാക്കിനെ അടിസ്ഥാനപ്പെടുത്തി ബന്ധം ചേർക്കലും ബന്ധം വിഛേദിക്കലും (അൽവലാഉ വൽബറാഅ്) ഉണ്ടാകാൻ പാടില്ല, ഇത് ബിദ്അത്തിന്റെ ആളുകളുടെ പ്രവർത്തനരീതിയാണ്. അവരാണ് ഏതെങ്കിലും ആളുകളെയോ ഏതെങ്കിലും വാക്കുകളോ ഉയർത്തിക്കാട്ടി അതിന്റെ അടിസ്ഥാനത്തിൽ സമുദായത്തിനിടയിൽ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കലും പിന്നീട് ആ വാക്കുകളിലെക്കോ വ്യക്തികളിലെക്കോ ചേർത്തിക്കൊണ്ട് ബന്ധവും ബന്ധവിഛേദവുമൊക്കെ നടത്തുന്നത്. (മജ്മൂഉൽ ഫതാവാ).

വീണ്ടും മറ്റൊരിടത്ത് (മജ്മൂഉൽ ഫതാവാ 28/15-16) അദ്ദേഹം പറയുന്നു:

فإذا كان المعلم أو الأستاذ قد أمر بهجر شخص أو بإهداره وإسقاطه وإبعاده ونحو ذلك نظر فيه: فإن كان قد فعل ذنباً شرعيًّا عوقب بقدر ذنبه بلا زيادة، وإن لم يكن أذنب ذنباً شرعيًّا لم يجز أن يُعاقب بشيء لأجل غرض المعلم أو غيره.

ഏതെങ്കിലും അധ്യാപകരോ ഗുരുനാഥന്മാരോ ആണ് മറ്റൊരു വ്യക്തിയെ ഉപേക്ഷിക്കാനും അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാനും അയാളിൽനിന്ന് അകലം പാലിക്കാനുമൊക്കെ പറയുന്നതെങ്കിൽ പോലും അക്കാര്യത്തിൽ സൂക്ഷ്മപരിശോധന ആവശ്യമാണ്. ആ വ്യക്തി മതപരമായ വല്ല അപരാധവും ചെയ്തയാളാണെങ്കിൽ അതിനനുസരിച്ച് മാത്രം അഥവാ യാതൊരുവിധ അന്യായവും കൂടാതെയായിരിക്കണം അദ്ദേഹത്തോടുള്ള നിലപാട് സ്വീകരിക്കേണ്ടത്. ഇനി മതപരമായി അയാൾ യാതൊരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ അധ്യാപകരുടെയോ മറ്റാരുടെയെങ്കിലുമോ താൽപര്യങ്ങൾക്കുവേണ്ടി അയാളെ ശിക്ഷിക്കുവാനോ അയാളോട് ശത്രുതപുലർത്തുവാനോ പാടുള്ളതല്ല.

ആളുകളെ കക്ഷിത്വത്തിലാക്കുന്നതും അവർക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. മറിച്ച് അവർ നന്മയിലും തക്വ്‌വയിലുമൊക്കെ പരസ്പരം സഹകരിക്കുന്ന ഉത്തമ സാഹോദര്യത്തിന്റെ മാതൃകകളാകണം. അല്ലാഹു പറഞ്ഞതുപോലെ;

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ

നിങ്ങൾ പുണ്യത്തിലും തക്വ്‌വയിലും പരസ്പരം സഹകരിക്കുക; പാപത്തിലും ശത്രുതയിലും പരസ്പരം സഹായിക്കരുത്. (ഖു൪ആന്‍ :5/2)

ഇക്കാലത്ത് ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിൽ ആളുകളെ പരീക്ഷിച്ച് അഹ്‌ലുസ്സുന്നയിൽ പെട്ടവരാണോ അല്ലയോ എന്ന് അളക്കാൻ പറ്റുമായിരുന്നുവെങ്കിൽ അതിന് ഏറ്റവും യോഗ്യനും അർഹനുമായ വ്യക്തിയാണ് ഇസ്‌ലാമിക ലോകത്തെ വലിയ പണ്ഡിതനും മുഫ്തിയും തന്റെ കാലഘട്ടത്തിലെ അഹ്‌ലുസ്സുന്നയുടെ ഇമാമും ആയ നമ്മുടെ പ്രിയ ഗുരുനാഥൻ ശൈഖ് അബ്ദുൽ അസീസ് ഇബ്‌നു അബ്ദില്ലാഹ് ഇബ്‌നു ബാസ് رَحِمـهُ الله. ഹിജ്‌റ 1420 മുഹർറം 27ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അല്ലാഹു അദ്ദേഹത്തിന് കരുണചൊരിയുകയും പാപങ്ങൾ പൊറുക്കുകയും മഹത്തായ പ്രതിഫലം നൽകുകയും ചെയ്യുമാറാകട്ടെ. പണ്ഡിതന്മാരും സാധാരണക്കാരും അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ പരപ്പും അദ്ദേഹത്തിന്റെ ധാരാളം നന്മകളും സത്യസന്ധതയും കനിവും അനുകമ്പയും ജനങ്ങൾ സന്മാർഗത്തിലാകാനുള്ള ഒടുങ്ങാത്ത അഭിവാഞ്ജയും അവർക്ക് നേരിന്റെവഴി പറഞ്ഞുകൊടുക്കലുമൊക്കെ പരക്കെ അറിഞ്ഞതും അംഗീകരിച്ചതുമാണ്. നമ്മളും അദ്ദേഹത്തെക്കുറിച്ച് അങ്ങനെയാണ് കരുതുന്നത്. അല്ലാഹുവിന്റെ തീർപ്പിനുപരിയായി നാം ഒരാളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നില്ല.

മഹാനവർകൾ മതപ്രബോധനത്തിന്റെ കാര്യത്തിലും ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലുമെല്ലാം അനുപമമായ മാതൃകയായിരുന്നു. തന്റെ ഉപദേശങ്ങളിലും മറ്റുള്ളവർക്കുള്ള ഖണ്ഡനങ്ങളിലുമെല്ലാം വിനയവും സൗമ്യതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അഹ്‌ലുസ്സുന്നയെ നേരെനടത്തുന്ന നേരായ മാർഗനിർദേശങ്ങളും രീതിശാസ്ത്രവുമല്ലാതെ അവരെ പ്രതിരോധത്തിലാക്കുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റെത്. അഹ്‌ലുസ്സുന്നയുടെ പേരിൽ അഭിമാനിക്കുകയും അവരുമായി പോരടിക്കാതിരിക്കുകയും അവരെ പ്രശംസിക്കുകയും ഒരിക്കലും ഇകഴ്ത്താതിരിക്കുകയും ചെയ്യുന്ന വ്യക്തിയിരുന്നു അദ്ദേഹം. ഐക്യത്തിന്റെയും അനുനയത്തിന്റെയും രീതിയായിരുന്നു അദ്ദേഹത്തിന്റെത്; ഭിന്നതയുടെയും വിഭാഗീയതയുടെയും രീതിയായിരുന്നില്ല. നേരായ വഴിയിലേക്ക് നയിക്കുകയല്ലാതെ ആളുകളെ ഭിന്നിപ്പിച്ച് നശിപ്പിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. ആളുകൾക്ക് ആശ്വാസമുണ്ടാക്കുകയല്ലാതെ; ഞെരുക്കമുണ്ടാക്കുകയായിരുന്നില്ല. പണ്ഡിതന്മാരും വിദ്യാർഥികളും അനുകരിക്കേണ്ടതായ എത്രനല്ല മാതൃകയാണത്! ഇക്കാലത്ത് അത് എത്രമാത്രം പ്രസക്തവും അത്യാവശ്യവുമാണ്! അതിലൂടെ മുസ്‌ലിം ഉമ്മത്തിന് ധാരാളം നന്മകൾ സ്വായത്തമാക്കാനും നിരവധി ഉപദ്രവങ്ങളെ തടുക്കുവാനും സാധിക്കുന്നതാണ്.

ഇത്തരം കുഴപ്പങ്ങളിലും പരീക്ഷണങ്ങളിലും പെട്ടുപോയ നേതാക്കന്മാർക്കും അനുയായികൾക്കും കരണീയമായിട്ടുള്ളത് അഹ്‌ലുസ്സുന്നയെ ഭിന്നിപ്പിക്കുകയും അവർക്കിടയിൽ പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുന്നതുമായ കാര്യങ്ങളിൽനിന്നും അകന്ന്, സുരക്ഷയുടെ മാർഗം സ്വീകരിക്കുക എന്നതാണ്. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ, അനുയായികൾ ആളുകളുടെ അടിസ്ഥാനത്തിൽ അഥവാ അവരെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവരെ ശത്രുക്കളും മിത്രങ്ങളുമായി ഗണിക്കുന്ന ഇത്തരം പരീക്ഷണങ്ങളും അതിനെ തുടർന്നുള്ള വെറുപ്പും വിദ്വേഷവും ബഹിഷ്‌കരണങ്ങളുമെല്ലാം അവസാനിപ്പിക്കണം. എന്നിട്ട് അഹ്‌ലുസ്സുന്നയുടെ എല്ലാവരും നന്മയിലും പുണ്യത്തിലും തക്വ്‌വയിലും പരസ്പരം സഹകരിച്ച് ഏകോദരസഹോദരങ്ങളായി വർത്തിക്കണം. നേതാക്കളാകട്ടെ, തങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയും അനുയായികളെ ശാസിക്കുകയും ചെയ്യണം. അത്തരം പ്രവർത്തനങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വേണം. അതോടുകൂടി ഈ വിപത്തിൽനിന്നും അതുമൂലം അവർക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന എല്ലാ ഉപദ്രവങ്ങളിൽനിന്നും എല്ലാവരും രക്ഷപ്പെടുകയും ചെയ്തുകൊള്ളും.

 

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حَفِظَهُ اللَّهُ യുടെ الحث على اتباع السنة والتحذير من البدع وبيان خطرها എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *