شَعِيرَة (ശഈറത്ത്) എന്ന വാക്കിന്‍റെ ബഹുവചനമാണ് شَعَائِرِ (ശആഇര്‍). അടയാളം, ചിഹ്നം എന്നാണ് വാക്കര്‍ത്ഥം. ഏതെങ്കിലും ഒരു മതത്തിന്റെയോ, സംഘടനയുടെയോ, സംസ്‌കാരത്തിന്റെയോ പ്രത്യേക അടയാളമായി കണക്കാക്കപ്പെടുന്നതെല്ലാം അതിന്റെ شَعَائِر (ചിഹ്നങ്ങള്‍) ആകുന്നു. ഇസ്‌ലാമിന്റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് شَعَائِرَ اللَّـهِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍).
ഒരു കൂട്ടരുടെ പ്രത്യേക ചിഹ്നങ്ങളെ ആദരിക്കുന്നത്, ആ കൂട്ടരോടുള്ള പ്രത്യേക ബഹുമാനംകൊണ്ടോ അനുഭാവം കൊണ്ടോ ആണെന്നും, അതിനെ അനാദരിക്കുന്നതും, ധിക്കരിക്കുന്നതും അവരോടുള്ള വെറുപ്പുകൊണ്ടാണെന്നും വ്യക്തമാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ഒരുവന്‍ ബഹുമാനിക്കുന്നത് കണ്ടാല്‍, അതു് അല്ലാഹുവിനോടുള്ള അയാളുടെ തഖ്‌വയുടെ ലക്ഷണമാണ്.
وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ
വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)
ഏതെങ്കിലും ഒരു മതത്തിന്റെയോ ഭരണകൂടത്തിന്റെയോ മറ്റോ നിയമങ്ങളെ ലംഘിക്കുന്നതിനെക്കാള്‍ ഗൗരവപ്പെട്ട ഒരു കുറ്റമായിട്ടാണ് അതിന്റെ ചിഹ്നങ്ങളെ അനാദരിക്കല്‍ കണക്കാക്കപ്പെടുക. ഇസ്‌ലാമിലും അതങ്ങിനെതന്നെ. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَٰٓئِرَ ٱللَّهِ
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്….. (ഖു൪ആന്‍:5/2)
ഈ തത്വം, ഇക്കാലത്തെ മുസ്‌ലികൾ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. ‘ഏകസംസ്കാരാ’ദിവാദങ്ങളില്‍ അറിഞ്ഞും അറിയാതെയും – വാക്കുകൊണ്ടല്ലെങ്കില്‍ പ്രവൃത്തികൊണ്ടെങ്കിലും – മനുഷ്യന്‍ ലയിച്ചു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ദുരുദ്ദേശത്തോട് കൂടിയല്ലെങ്കിലും, അനിസ്ലാമിക ചിഹ്നങ്ങള്‍ സ്വീകരിച്ചു വരികയും, ഇസ്‌ലാമിക ചിഹ്നങ്ങളെ – അവ ചെറുതോ വലുതോ ആക്കട്ടെ – അവഗണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് മുസ്‌ലിമിനെ ക്രമേണ അമുസ്ലിമാക്കി തീര്‍ക്കുവാനുള്ള പൈശാചിക പ്രേരണയാണെന്നു് ഓര്‍ക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവാക്കള്‍ – പാമരന്മാര്‍ മാത്രമല്ല ചില പണ്ഡിതരും – ഇന്നത്തെ ആധുനിക പരിഷ്കാരലഹരി പിടിപെട്ടും, അനിസ്‌ലാമിക സംസ്കാരത്തിന്റെ ബാഹ്യമായ മോടിയില്‍ ആകൃഷ്ടരായും കൊണ്ട് ഇസ്‌ലാമിക ശിക്ഷണ വലയത്തിന് പുറത്തുപോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ച മതഭക്തിയുള്ള ഏതൊരു മുസ്‌ലിം ഹൃദയത്തെയും വ്യസനിപ്പിക്കാതിരിക്കയില്ല. വേഷഭൂഷാദികളില്‍ നിന്നാരംഭിക്കുന്ന ഈ അനുകരണ വാഞ്ഛ ക്രമേണ ആചാരാനുഷ്ഠാനങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുകയും ഒടുക്കം നാമത്തിലും പ്രസംഗവേദികളിലും മാത്രം മുസ്‌ലിമായിത്തീരുകയുമാണ് ഇതിന്റെ അനന്തരഫലം (مَعَاذَ اللَّـهِ). മനഃശാസ്ത്രം പഠിപ്പിച്ചുതരുന്ന ഈ പരമാര്‍ത്ഥത്തെയാണ് നബി ﷺ യുടെ ഒരു ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.
مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം സ്വീകരിച്ചാല്‍ അവന്‍ അവരില്‍ ഉള്‍പ്പെട്ടവനാകുന്നു. (അഹ്മദ്,അബൂദാവൂദ്)
ഓരോ സമുദായത്തിനും ചില ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്, അതുപോലെ ഇസ്‌ലാമിനും ചിലതെല്ലാം ഉണ്ടെന്നല്ലാതെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെന്താണ് ഇത്ര വിശേഷത? എന്നൊരു സംശയം വല്ലവര്‍ക്കും തോന്നുവാന്‍ അവകാശമുണ്ട്. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ (شَعَائِرُ اللَّـهِ) എന്നും, ‘അല്ലാഹുവിന്റെ അലംഘ്യവസ്തുക്കള്‍’ (حُرُمَاتِ اللَّهِ) എന്നുമുള്ള പ്രയോഗംതന്നെ അതിനുള്ള മറുപടിയാകുന്നു. അതായത്: അല്ലാഹു നിശ്ചയിച്ചതും, അവന്‍ ഇഷ്ടപ്പെടുന്നതുമായ ചിഹ്നങ്ങളേതോ അതാണ് ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍; മറ്റുള്ളതെല്ലാം സൃഷ്ടികളുടെ നിശ്ചയങ്ങളും ഇഷ്ടങ്ങളുമാണ് എന്നു സാരം.
ഹജ്ജ്, ഉംറഃ കര്‍മ്മങ്ങളോടും, മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളെ വിശുദ്ധ ഖുര്‍ആൻ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ
തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. (ഖു൪ആന്‍ :2/158)
കഅ്ബഃയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ചെറിയ കുന്നുകളാണ് സ്വഫായും മര്‍വഃയും. ഹജ്ജും ഉംറഃയും ചെയ്യുന്നവര്‍ അവ രണ്ടിനുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം നടക്കേതുണ്ട്. ഇബ്‌റാഹീം عليه السلام ഹാജറിനെയും ഇസ്മാഈല്‍ എന്ന കുഞ്ഞിനെയും മക്കയില്‍ കൊണ്ടുവന്നാക്കി തിരിച്ചുപോയശേഷം, തനിക്കും തന്‍റെ കുഞ്ഞിനും വെള്ളമില്ലാതെ ഹാജര്‍ عليه السلام വിഷമിച്ചു. ദാഹം കഠിനമായപ്പോള്‍, വല്ല വഴിയാത്രക്കാരും ആ വഴിക്കു പോകുന്നത് കണ്ടാല്‍ അവരോട് വെള്ളം ചോദിച്ചു നോക്കാമെന്ന് കരുതി ഇസ്മാഈലിനെ ഒരു സ്ഥലത്ത് കിടത്തി അവര്‍ ആ കുന്നുകളില്‍ ഓരോന്നിലും കയറി നോക്കുകയുണ്ടായി. രണ്ടിനുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം അവര്‍ നടക്കുകയുണ്ടായി. ആരെയും കണ്ടുകിട്ടിയില്ല.പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെ അരികിലേക്ക് തിരിച്ചു. കുഞ്ഞ് കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ഒരു നീരുറവ. അല്ലാഹു ജിബ്‌രീൽ عليه السلام യെ കുഞ്ഞിന്റെയരികിലേക്ക് അയച്ചിരുന്നു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ജിബ്‌രീല്‍ തന്റെ ചിറക് കൊണ്ട് അടിക്കുകയും അല്ലാഹു തീരുമാനിച്ചതനുസരിച്ച് അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. അവ൪ വെള്ളമെടുത്ത് കുഞ്ഞിന് നല്‍കി. അതാണം സംസം ചരിത്രത്തിന്റെ ചുരുക്കം.
وَٱلْبُدْنَ جَعَلْنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ ۖ
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. (ഖു൪ആന്‍ :22/36)
അല്ലാഹുവിന്‍റെ ചിഹ്നങ്ങള്‍ എന്ന് പറയുമ്പോള്‍, മതകല്‍പനകളും മതസിദ്ധാന്തങ്ങളും അനുഷ്ഠിക്കുകയും മാനിക്കുകയും ചെയ്യുന്നതിന്‍റെ പ്രത്യക്ഷ അടയാളമായി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
ഒരു വസ്തുത പ്രത്യേകം ഓര്‍ത്തിരിക്കേതുണ്ട്. ഏതെങ്കിലും പുണ്യസ്ഥലങ്ങളെ പ്പറ്റി അവ അല്ലാഹുവിന്‍റെ ചിഹ്നങ്ങളാണെന്നോ, അവയെ ബഹുമാനിക്കേണ്ടതാ ണെന്നോ പറയുന്നതിന്‍റെ അര്‍ത്ഥം, ആ സ്ഥലത്തെ മണ്ണിനോ കല്ലിനോ മറ്റോ ഒരു തരം ദിവ്യത്വമുണ്ടെന്നോ, അവ തൊട്ടുതടവിയോ മറ്റോ വല്ല കാര്യങ്ങളും സാധിപ്പിക്കാമെന്നോ അല്ല. ആ സ്ഥലങ്ങളില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുവാന്‍ നിയമിക്കപ്പെട്ട കര്‍മങ്ങള്‍ യഥാവിധി ഭയഭക്തിയോടെ അനുഷ്ഠിക്കുകയും, അവയെ ഒരു വിധത്തിലും അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കുകയും എന്നാണുദ്ദേശ്യം. ആ സ്ഥലങ്ങളില്‍വെച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതുമാകുന്നു. (അമാനി തഫ്സീര്‍)
www.kanzululoom.com