സ്വര്‍ഗത്തിലേക്കുള്ള വഴി

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ ദയയാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ ദയയുള്ളവനാകുന്നു. (ഖു൪ആന്‍ :57/21)

സ്വര്‍ഗ്ഗം എന്ന് പറയുന്നത് കേവലം ഒരു വമ്പിച്ച കെട്ടിടമോ വലിയ തോട്ടമോ അല്ല. അത് ആകാശഭൂമികളോളം വിസ്തൃതിയുള്ള അതിവിശാലമായ ഒരു മഹാലോകമാകുന്നു. പ്രസ്തുത സ്വര്‍ഗീയ ജീവിതം ലഭിക്കുവാനും, അതില്‍ പ്രവേശനം ലഭിക്കേണ്ടതിന് അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനം വഴി അര്‍ഹത നേടുവാനും ഓരോരുത്തരും ഞാന്‍ മുമ്പിലാവണമെന്ന ആവേശത്തോടെ മുമ്പോട്ടുവരണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. അഥവാ അതിനായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ദുഷ്ക്കര്‍മങ്ങള്‍ വെടിയുകയും ചെയ്യുന്നതില്‍ അമാന്തം വരുത്താതെ സദാ ഉത്സുകരായിരിക്കണം എന്ന് താല്‍പര്യം.

സൂ: ആലുഇംറാനില്‍ സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ ‎﴿١٣١﴾‏ وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ‎﴿١٣٢﴾‏سَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏

സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (ഖുര്‍ആൻ:3/131-133)

അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം നേടുവാനും, ഞാന്‍ മുമ്പിലാവണം ഞാന്‍ മുമ്പിലാവണം എന്ന വീറോടെ സല്‍കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ആകാശഭൂമികളോളം വിശാലവിസ്തൃതമായ സ്വര്‍ഗത്തില്‍ അനുഗൃഹീത ജീവിതം നേടുവാനും അല്ലാഹു സത്യവിശ്വാസികളെ ആവേശപ്പെടുത്തുന്നു.

അവിശ്വാസികള്‍ക്കായി തയ്യാറാക്കപ്പെട്ട നരകത്തില്‍ പ്രവേശിക്കുവാന്‍ ഇടയാകുന്നത് സൂക്ഷിക്കണമെന്ന് കല്‍പിച്ചതുപോലെ, സൂക്ഷ്മത പാലിക്കുന്ന ഭയഭക്തന്‍മാര്‍ക്കു വേണ്ടിയാണ് അത്രയും വിശാലമായ സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും, അതുകൊണ്ട് ഭയഭക്തന്‍മാരായി ജീവിച്ചുകൊണ്ട് ആ സ്വര്‍ഗം പ്രാപിക്കുവാന്‍ ഉത്സാഹിക്കണമെന്നും ഉപദേശിച്ചിരിക്കുന്നു.

അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയാണ് സ്വര്‍ഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് 57/21 ആയത്തിലും, ഭയഭക്തന്മാര്‍ക്കു വേണ്ടിയാണെന്ന് 3/133 ആയത്തിലും അല്ലാഹു പ്രസ്താവിച്ചു. നരകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് അവിശ്വാസികള്‍ക്കു വേണ്ടിയാണെന്ന് 3/131 ആയത്തിലും, 2/24 ലും പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, സത്യവിശ്വാസികളില്‍തന്നെ ശിക്ഷാര്‍ഹമായ പാപങ്ങള്‍ ചെയ്തവരുടെ സ്ഥിതി എന്തായിരിക്കും?. അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുത്തില്ലെങ്കിൽ ആ പാപങ്ങള്‍ക്ക്‌ ശിക്ഷ അവര്‍ നരകത്തില്‍ വെച്ച് അനുഭവിക്കേണ്ടിവരികയും, അതവസാനിച്ചശേഷം അവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ ജീവിതം നല്‍കപ്പെടുകയും ചെയ്യുന്നതാണ്. 3/133 ആയത്തില്‍ ‘ഭയഭക്തന്‍മാര്‍ക്കുവേണ്ടി’ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും, 57/21 ‘അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കുവേണ്ടി’ എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡം സത്യവിശ്വാസമാണെന്നും, സത്യവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് – അവര്‍ പാപികളാണെങ്കിലും – തങ്ങളുടെ ശിക്ഷാവിധിക്കു ശേഷം സ്വര്‍ഗം ലഭിക്കാതിരിക്കുകയില്ലെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.

മറ്റൊരു സംഗതിയും ഇതിൽ നിന്നും മനസ്സിലാക്കാം. സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്നത് അല്ലാഹുവിന്റെ മേല്‍ നിര്‍ബന്ധമുള്ളതോ, അവനോട് ഹേമിച്ചുവാങ്ങുവാന്‍ അവകാശപ്പെട്ടതോ അല്ല. {അത് അല്ലാഹുവിന്‍റെ ദയയാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ ദയയുള്ളവനാകുന്നു (57/21)}

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ ‏”‏ ‏.‏ قَالُوا وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ ‏”‏ وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِيَ اللَّهُ مِنْهُ بِفَضْلٍ وَرَحْمَةٍ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാളെയും അവന്റെ കര്‍മങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ കാര്യവും അങ്ങനെ തന്നെയാണോ? അവിടുന്ന് പറഞ്ഞു: ഞാനും പ്രവേശിക്കില്ല, അല്ലാഹു തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ. (മുസ്ലിം:2816)

സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കുമെന്നും, ശിക്ഷയില്‍നിന്നു രക്ഷകിട്ടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് ശരിയാണ്. അതവന്‍ തികച്ചും നിറവേറ്റുകയും ചെയ്യും. അത് തന്റെ ബാധ്യതയാണെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. അതില്‍ സംശയമേ ഇല്ല. എന്നാല്‍, മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ നമുക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഒരു പക്ഷേ, സ്വീകാര്യമായില്ലെന്നു വരാം. അതുകൊണ്ടാണ് “ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളില്‍ നിന്നു സ്വീകരിക്കേണമേ” (رَبَّنَا تَقَبَّلْ مِنَّا) എന്നതുപോലുള്ള പ്രാര്‍ത്ഥനകള്‍ നാം ചെയ്യുന്നതും, ചെയ്യേണ്ടിവന്നതും, മാത്രമല്ല, ലോകസൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് ജീവിക്കുകയെന്നത് നമ്മുടെമേല്‍ നിര്‍ബന്ധമായ ഒരു കടമയുമാണല്ലോ. എനി, ഒരാള്‍ എത്രതന്നെ പരിശുദ്ധമായ ജീവിതം നയിച്ചാലും അതു കേവലം ഒരു പരിമിതമായ അളവിലും കാലത്തിലുമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളാകട്ടെ, ഐഹികജീവിതത്തെ അതുമായി താരതമ്യം ചെയ്യാന്‍ പോലും സാധ്യമല്ല. അത്രയും വമ്പിച്ചതും കാലാകാലം നിലനില്‍ക്കുന്നതുമാണ്.

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا

‏‏സഹ്‌ലുബ്‌നു സഅ്ദിസ്സാഇദിയ്യ് رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു ചാട്ടവെക്കുവാനുള്ള സ്ഥലം ഈ ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു’. (ബുഖാരി:3250)

ചുരുക്കിപ്പറഞ്ഞാല്‍, സജ്ജനങ്ങള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുകയും, അവരെ നരകത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യും.’ എന്നാലത്, അവന്റെ വാഗ്ദാനമെന്ന നിലക്കും, അവന്റെ ഔദാര്യവും, ദയവും, അനുഗ്രഹവും എന്ന നിലക്കുമാണ്. അവന്റെ മേലുള്ള നിര്‍ബന്ധകടമ എന്ന നിലക്കല്ല. അവനോട് അവകാശം പറഞ്ഞോ നിര്‍ബന്ധപൂര്‍വ്വമോ അതു വാങ്ങുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവും, കഴിവും ഇല്ല.

 

അവലംബം: അമാനി തഫ്സീര്‍

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *