സ്വഹാബികളുടെ ഉപമ തൗറാത്തിലും ഇഞ്ചീലിലും

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمَۢا

മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ റുകൂഅ് ചെയതും സുജൂദ് ചെയ്തും  നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖുര്‍ആൻ:48/29)

{മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു} അല്ലാഹു തന്റെ നബിയെ കുറിച്ച് പറഞ്ഞതാണ് ഇത്.

{അദ്ദേഹത്തോടൊപ്പമുള്ളവര്‍} മുഹാജിറുകളും അന്‍സ്വാറുകളുമായ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അനുചരര്‍. അവര്‍ ഉന്നത ഗുണങ്ങളുള്ളവരും മഹത്ത്വമുള്ളവരുമാണ്.

{സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു} അവര്‍ അങ്ങേയറ്റം അതിന് പരിശ്രമിക്കുന്നു. കഠിനതയും പരുഷതയും മാത്രമെ ശത്രുക്കള്‍ അവരില്‍നിന്ന് കാണൂ. അതുകൊണ്ടാണ് ശത്രുക്കള്‍ അവര്‍ക്ക് കീഴ്‌പ്പെടുന്നതും പരാജയപ്പെടുന്നതും മുസ്‌ലിംകള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയുന്നതും.

{അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു} പരസ്പരം സ്‌നേഹിക്കുന്നവരും കരുണ ചെയ്യുന്നവരും അലിവ് കാണിക്കുന്നവരുമാണ്. ഒരു ശരീരം പോലെ തനിക്ക് ഇഷ്ടപ്പെടുന്നതെന്തും തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നു. ഇത് പടപ്പുകളോടുള്ള അവരുടെ പെരുമാറ്റ രീതി.

മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതുപോലെ:

أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ

അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഖു൪ആന്‍ :5/54)

അവിശ്വാസികളെ കാണുമ്പോഴേക്കും നീതികേടോ, കയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. യുദ്ധവേളകളിലും, സന്ദര്‍ഭം ആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടും എന്നുദ്ദേശ്യം. അപ്രകാരംതന്നെ, സത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍ കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നും ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. നേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും.

ജനങ്ങളോടു സഹാബികളുടെ പെരുമാറ്റരീതിയാണു മുകളില്‍ പറഞ്ഞത്. എന്നാല്‍, അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്? അല്ലാഹു പറയുന്നു:

{അവര്‍ റുകൂഅ് ചെയതും സുജൂദ് ചെയ്തും  നമസ്കരിക്കുന്നതായി നിനക്ക് കാണാം} അവര്‍ ധാരാളം നമസ്‌കരിക്കുന്നവരാണ്. കാരണം നമസ്‌കാരത്തിന്റെ പ്രധാന ഭാഗങ്ങളാണ് റുകൂഉം സുജൂദും.

 {അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്} ഇതാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി നേടുക, അവന്റെ പ്രതിഫലത്തിലേക്ക് എത്തുക. ഇതല്ലാതെ, അതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലും കാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ല.

{സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്} അധികരിച്ചതും ശരിയായതുമായ ആരാധന അവരുടെ മുഖങ്ങളില്‍ അടയാളമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ അത് പ്രകാശിക്കുന്നു. നമസ്‌കാരംകൊണ്ട് അവരുടെ ഉള്ളുകള്‍ പ്രകാശിക്കുന്നതോടൊപ്പം തന്നെ. മഹത്ത്വംകൊണ്ട് അവരുടെ ബാഹ്യവും പ്രകാശിക്കുന്നു. അതാണ് ഈ പറഞ്ഞതെല്ലാം.

സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹു വിവരിച്ചിട്ടുള്ളത്. നബി ﷺ യുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷവാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. തൌറാത്തില്‍ മാത്രമല്ല, ഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. 

ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു:

{ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു.} അതായത്, അതിന്റെ മുള പുറത്തുവന്നു, എന്നിട്ട് അത് നിവര്‍ന്നു നില്‍ക്കാന്‍ ശക്തിപ്രാപിച്ചു.

{അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു} ഒരു കൃഷിയുടെ പൂര്‍ണതയും നിവര്‍ന്നുനില്‍ക്കുന്ന ഭംഗിയും പുഷ്ടിയും.

ഇഞ്ചീലില്‍ സ്വഹാബികളെ ഒരു വിളയോട് ഉപമിച്ചിരിക്കുകയാണ്. മുളയില്‍തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയും, ചിനച്ച്‌ തടിച്ചു വളര്‍ന്നു തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍.

സ്വഹാബത്തും ഈ കൃഷിയെപ്പോലെ തന്നെയാണ്. ജനങ്ങള്‍ക്ക് അവരിലേക്കുള്ള ആവശ്യത്തിലും പടപ്പുകള്‍ക്കുള്ള പ്രയോജനത്തിലും. കൃഷിയുടെ വേരിന്റെയും കാണ്ഡത്തിന്റെയും ഉറപ്പുപോലെയാണ് അവരുടെ വിശ്വാസത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ശക്തി.

ഇസ്‌ലാമാകുന്ന വിള നബി ﷺ ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയും തറ്റയുമായ സഹാബികളായിരുന്നു. പിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നു. അങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു.

ചെറിയവരും പിന്നീട് ഇസ്‌ലാമിലേക്ക് വന്നവരും ഈ മുമ്പുള്ള വലിയവരോടൊപ്പം ചേരുന്നു. ദീനിനെ നിലനിര്‍ത്താനും ദീനിലേക്ക് പ്രബോധനം ചെയ്യാനും അദ്ദേഹത്തെ പിന്തുണച്ചവരും സഹായിച്ചവരും ഒരു വിളയെപ്പോലെയാണ്. അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, എന്നിട്ടത് കരുത്താര്‍ജിച്ചു. അതാണ് അല്ലാഹു പറഞ്ഞത് {അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കുവാന്‍ വേണ്ടി} വിശ്വാസികളുടെ ഐക്യവും ദീനിലുള്ള കണിശതയും കണ്ടപ്പോള്‍ യുദ്ധരംഗങ്ങളിലും മുഖാമുഖം ഏറ്റുമുട്ടുമ്പോഴുമുള്ള പോര്‍ക്കളങ്ങളിലും ഏറ്റുമുട്ടിക്കൊണ്ടിരിക്കുമ്പോഴും.

{അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു} വിശ്വാസവും സൽകർമ്മങ്ങളും ഒരുമിപ്പിച്ചവരാണ് സ്വഹാബികള്‍. അല്ലാഹു അവരെ ഒരുമിപ്പിച്ചതാകട്ടെ അത് അനിവാര്യമാക്കിത്തീര്‍ക്കുന്ന പാപമോചനത്തെയും ഇഹപര ജീവിതത്തിലുള്ള സകല ദോഷങ്ങളില്‍നിന്നുമുള്ള സംരക്ഷണവും മഹത്തായ പ്രതിഫലവുമാണ്.

 

അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍

 

 

www.kanzululoom.com

 

 

 

Leave a Reply

Your email address will not be published. Required fields are marked *