നമസ്കാരത്തില്‍ സുത്റയുടെ പ്രാധാന്യം

നമസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നതില്‍ മുസ്ലിം സമൂഹം അശ്രദ്ധ കാണിക്കുന്നതുപോലെ, അശ്രദ്ധ കാണിക്കുന്ന മറ്റൊരു കാര്യമാണ് നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുന്ന കാര്യം. നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്’ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത്‌ നിന്നും ഏതാണ്ട്‌ ഒരു മുഴം മാറി നമസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു ‘മറ’യാണ്‌ സുത്‌റ.

വിശാലമായ പള്ളിയില്‍ കയറി പള്ളിയിലെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്നുകൊണ്ട് മുമ്പിൽ യാതൊരു മറയും ഇല്ലാതെ നമസ്ക്കരിക്കുന്നത്‌ ഇന്നൊരു പതിവ്‌ കാഴ്ചയാണ്‌.നബിയിൽ(സ്വ) നിന്നും സ്വഹാബത്ത്‌ മനസ്സിലാക്കിയത്‌ പോലെ സുത്‌റയുടെ പ്രാധാന്യം നാം മനസ്സിലാക്കാതെ പോയതാണ്‌ ഈ വിഷയത്തിൽ നാം അർഹിക്കുന്ന ഗൗരവം നൽകാതെ പോയതിന്റെ കാരണം.

നബി(സ്വ) ചിലപ്പോള്‍ തന്റെ പള്ളിയിലുള്ള തൂണിനടുത്ത സ്ഥലം നമസ്കരിക്കാന്‍ വേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുമായിരുന്നു.(ബുഖാരി)

حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ كُنْتُ آتِي مَعَ سَلَمَةَ بْنِ الأَكْوَعِ فَيُصَلِّي عِنْدَ الأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ‏.‏ فَقُلْتُ يَا أَبَا مُسْلِمٍ أَرَاكَ تَتَحَرَّى الصَّلاَةَ عِنْدَ هَذِهِ الأُسْطُوَانَةِ‏.‏ قَالَ فَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى الصَّلاَةَ عِنْدَهَا

യസീദ് ബിന്‍ അബീ ഉബൈദ് (റ)പറയുന്നു : ഞാൻ സലമത് ബ്നുൽ അക്’വഇന്റെ കൂടെ വരുമ്പോൾ മുസ്വ്ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത് ? അദ്ദേഹം പറഞ്ഞു: ‘നിശ്ചയം, നബി (സ്വ) അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ‘ (ബുഖാരി:502 )

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ الْمُؤَذِّنُ إِذَا أَذَّنَ قَامَ نَاسٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يَبْتَدِرُونَ السَّوَارِيَ حَتَّى يَخْرُجَ النَّبِيُّ صلى الله عليه وسلم وَهُمْ كَذَلِكَ يُصَلُّونَ الرَّكْعَتَيْنِ قَبْلَ الْمَغْرِبِ، وَلَمْ يَكُنْ بَيْنَ الأَذَانِ وَالإِقَامَةِ شَىْءٌ‏

അനസ്(റ)ൽ നിന്ന് : പ്രവാചകൻ(സ്വ)യുടെ പ്രഗത്ഭരായ അനുചരന്മാർ മഗ്’രിബിന്റെ സമയത്ത് തൂണുകളുടെ സമീപത്തേക്ക് (സുന്നത്ത് നമസ്കരിക്കാൻ) ഓടിചെല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി: 625)

പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മാത്രമല്ല, പെരുന്നാൾ ദിവസങ്ങളിലെ മൈതാനത്ത് വെച്ചുള്ള നമസ്കാരത്തിനും, യാത്രയിലെ നമസ്കാരത്തിനുമെല്ലാം നബി(സ്വ) സുത്റ സ്വീകരിച്ചിരുന്നു.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ يَوْمَ الْعِيدِ أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا وَالنَّاسُ وَرَاءَهُ، وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ، فَمِنْ ثَمَّ اتَّخَذَهَا الأُمَرَاءُ

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം : പെരുന്നാൾ ദിവസം നബി(സ്വ) (നമസ്കാരത്തിനായി) പുറപ്പെട്ടാൽ കുന്തം കൊണ്ടുവരാൻ കൽപിക്കുകയും അങ്ങിനെ അത് അദ്ധേഹത്തിന്റെ മുമ്പിൽ വെക്കപ്പെടുകയും അതിലേക്കു അദ്ദേഹം തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അദ്ധേഹത്തിന്റെ പിന്നിൽ ജനങ്ങളുണ്ടാവും. അദ്ദേഹം യാത്രയിലും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഉമറാക്കളും അങ്ങിനെ ചെയ്യാൻ തുടങ്ങി. (ബുഖാരി: 494)

സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച് നമസ്കരിക്കുകയാണെങ്കില്‍ പോലും നബി(സ്വ) എന്തെങ്കിലും വസ്തു സുത്റയായി സ്വീകരിച്ച് നമസ്കരിക്കുമായിരുന്നു

(സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച്) നമസ്കരിക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരു ചെറിയ കുന്തം നാട്ടിവെച്ച് അതിലേക്ക് തിരിഞ്ഞ് അവിടുന്ന് നമസ്കരിക്കും. ജനങ്ങള്‍ പിന്നിലുണ്ടാകുകയും ചെയ്യും.(ബുഖാരി, മുസ്ലിം, ഇബ്നുമാജ)

ഒരിക്കല്‍ നബി(സ്വ) ഒരു മരത്തിന്റെ നേ൪ക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിച്ചു.(നസാഇ, അഹ്മദ്)

عن ابن عمر رضي الله عنه أنه إذا لم يجد ما يستتر به قال لنافع رحمه الله ولني ظهرك

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം : സുത്റയാക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹം നാഫിഇനോട്(റ) പുറം തിരിഞ്ഞു നിൽക്കാൻ പറയുമായിരുന്നു. (മുസ്വന്നഫ് ഇബ്നു അബീശൈബ)

ഫ൪ളോ സുന്നത്തോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കേണ്ടതാണ്‌. നമസ്കരിക്കുന്നവന്റെ മുമ്പിൽ സുജൂദു ചെയ്യുന്ന ഭാഗത്താണ് സുത്റയുടെ സ്ഥാനം. സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ. സുത്റ, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ദൂരെ എവിടെയെങ്കിലും ആയാൽ പോര എന്നർത്ഥം. സുത്റയോട് അടുത്ത് നിൽക്കണമെന്നതാണ് നബിയുടെ(സ്വ) കൽപന.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

നബി(സ്വ) സുത്റയുടെ അടുത്തായി നിൽക്കുമായിരുന്നു.എത്രത്തോളമെന്നാല്‍ അദ്ധേഹത്തിനും ചുമരിനും ഇടയില്‍ മൂന്നു മുഴം (അകലം) മാത്രമേ ഉണ്ടായിരുന്നുള്ളൂ.(ബുഖാരി, അഹ്മദ്)

عَنْ سَهْلٍ، قَالَ كَانَ بَيْنَ مُصَلَّى رَسُولِ اللَّهِ صلى الله عليه وسلم وَبَيْنَ الْجِدَارِ مَمَرُّ الشَّاةِ‏.‏

സഹ്ൽ(റ) പറയുന്നു: റസുലിൻ്റെ മുസ്വല്ലയുടെയും ചുമരിന്റെയും ഇടയ്ക്ക് ഒരു ആടിന് നടക്കാനുള്ള വഴി വിശാലത ഉണ്ടായിരുന്നു. (ബുഖാരി:496)

എന്തൊക്കെയാണ്‌ സുത്‌റയാക്കുവാൻ ഉപയോഗിക്കാവുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. അതേപോലെ സുത്‌റയായി ഉപയോഗിക്കുന്നത്‌ വസ്തുവിന്റെ ഉയരവും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ فِي غَزْوَةِ تَبُوكَ عَنْ سُتْرَةِ الْمُصَلِّي فَقَالَ : كَمُؤْخِرَةِ الرَّحْلِ

ആയിശയില്‍ നിന്ന് നിവേദനം : ഉഹ്ദു യുദ്ധദിവസം നമസ്കരിക്കുന്ന ആളുടെ സുത്റയെ കുറിച്ച് നബി (സ്വ)ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : അത് ഒട്ടകക്കട്ടിലിന്റെ പിന്നറ്റം (ഒട്ടകപ്പുറത്ത് ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു മരക്കഷണം) പോലെയുള്ളതാണ്‌. (മുസ്‌ലിം:500)

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ സുത്റക്ക് ഏതാണ്ട് ഒരു മുഴമെങ്കിലും ഉയരമുണ്ടായിരിക്കണമെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്.

ഒറ്റക്ക് നമസ്കരിക്കുന്ന ആളുടെ മുമ്പിൽ അത് ഏത് നമസ്കാരമാണെങ്കിലും എവിടെ വെച്ച് നി൪വ്വഹിക്കുകയാണെങ്കിലും ഒരു മറ ഉണ്ടായിരിക്കണമെന്ന് ചുരുക്കം.

എന്നാല്‍ ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതിയാകുന്നതാണ്. “ഇമാമിൻറെ മറ ഇമാമിൻറെ മറ ഇമാമിന്റെ പിറകിലുള്ളവർക്കുമുള്ള മറയാണ്” എന്ന ശീർഷകത്തിൽ ആണ് ഇമാം ബുഖാരി (റഹി) താഴെപ്പറയുന്ന ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ يَوْمَ الْعِيدِ أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا وَالنَّاسُ وَرَاءَهُ، وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ، فَمِنْ ثَمَّ اتَّخَذَهَا الأُمَرَاءُ‏.‏

ഇബ്നു‌ ഉമർ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ്വ) പെരുന്നാൾ ദിനത്തിൽ (മുസ്വല്ല) യിലേക്ക് പുറപ്പെട്ടാൽ ഒരു ചാട്ടുളി കൂടി എടുക്കാൻ നിർദ്ദേശിക്കും. എന്നിട്ട് തൻ്റെ മുമ്പിൽ അത് കുത്തിനിർത്തി അതിൻ്റെ നേരെ തിരിഞ്ഞു നമസ്ക്‌കരിക്കും. ജനങ്ങൾ അദ്ദേഹത്തിൻ്റെ പിറകിലുമുണ്ടാകും. ഇപ്രകാരം യാത്രയിലും ചെയ്യും. അക്കാരണത്താൽ ആ നടപടി അമീർമാരും സ്വീകരിച്ചു. (ബുഖാരി:494)

എന്നാല്‍ സുത്റയായി നമസ്കരിക്കുന്നവന്റെ മുമ്പിൽ ഒരു വരയെങ്കിലും ഉണ്ടായാൽ സുത്റയായി എന്ന് ചിലർ പറയാറുണ്ട്‌. അതിന് തെളിവായി സ്വഹീഹായ ഹദീസുകളൊന്നും ലഭ്യമല്ല. നമസ്കാര സ്ഥലവും സുത്റയും തമ്മിൽ മൂന്ന് മുഴം അകലമുണ്ടായിരിക്കണം.

ശൈഖ് നാസ്വിറുദ്ധീൻ അൽബാനി (റഹിമഹുല്ലാഹ്) പറയുന്നു: നബിﷺ നമസ്കരിക്കുമ്പോൾ മറയോട് അടുത്ത് നിൽക്കുകയാണ് ചെയ്തിരുന്നത്. നബിﷺയുടെയും മറയുടെയും ഇടയിൽ ഉണ്ടായിരുന്നത് മൂന്ന് മുഴം ദൂരമായിരുന്നു. (ബുഖാരി: 506) നബിﷺ സുജൂദ് ചെയ്ത് കഴിഞ്ഞാൽ പിന്നെ, മറയുടെ ഇടയിൽ ഉണ്ടായിരുന്നത് ഒരു ആടിന് നടന്നുപോകാൻ കഴിയുന്ന വിടവായിരുന്നു. (മുസ്‌ലിം: 508) (https://bit.ly/3FLhAAd)

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരും കടന്നുപോകരുത്. ഇക്കാര്യം പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

عَنْ بُسْرِ بْنِ سَعِيدٍ، أَنَّ زَيْدَ بْنَ خَالِدٍ، أَرْسَلَهُ إِلَى أَبِي جُهَيْمٍ يَسْأَلُهُ مَاذَا سَمِعَ مِنْ، رَسُولِ اللَّهِ صلى الله عليه وسلم فِي الْمَارِّ بَيْنَ يَدَىِ الْمُصَلِّي فَقَالَ أَبُو جُهَيْمٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَوْ يَعْلَمُ الْمَارُّ بَيْنَ يَدَىِ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ ‏”‏‏.‏ قَالَ أَبُو النَّضْرِ لاَ أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً‏.‏

അബൂജഹ്മ്‌(റ) നിവേദനം: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച്‌ തിരുമേനി(സ) പ്രസ്താവിച്ചത്‌ എന്താണെന്ന്‌ അന്വേഷിച്ചു കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നവന്‍റെ പേരിലുള്ള കുറ്റമെന്തെന്ന്‌ അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത്‌ നില്‍ക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂല്‍നള്‌റ്‌ പറയുന്നു. നാല്‍പത്‌ ദിവസമാണോ അതല്ല നാല്‍പത്‌ മാസമാണോ അതല്ല നാല്‍പത്‌ കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല.(ബുഖാരി:510)

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരെങ്കിലും കടന്നുപോകുന്നുവെങ്കില്‍ നമസ്കരിക്കുന്ന ആളിന് അയാളെ തടയാവുന്നതാണ്.

നബി(സ്വ) തന്റേയും മറയുടേയും ഇടയില്‍കൂടി ഒന്നിനേയും കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് നമസ്കരിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ആട് അദ്ധേഹത്തിന്റെ മുന്നിലേക്ക് ഓടിയടുത്തു. അപ്പോള്‍ (ആട് മുന്നിലെത്തുന്നതിന് മുമ്പുതന്നെ) അവിടുന്ന് തന്റെ ഉദരം ചുമരിലേക്ക് ചേ൪ത്തിവെക്കും വരെ ധൃതിയില്‍ മുന്നോട്ട് നടന്നു.(അങ്ങനെ ആട് നബിയുടെ(സ്വ) പിന്നിലൂടെ കടന്നുപോയി) (സ്വഹീഹ് ഇബ്നു ഖുസൈമ:1/95/1 – ത്വബ്റാനി :3/14/3 – ഹാകിം സ്വഹീഹാണെന്ന് പറഞ്ഞു : ദഹബി അതിനേട് യോജിച്ചു)

നബി(സ്വ) പറയുമായിരുന്നു:മറ സ്വീകരിച്ചുകൊണ്ടല്ലാതെ നിങ്ങൾ നമസ്കരിക്കരുത്. നിങ്ങളുടെ മുമ്പിലൂടെ ആരെയും കടന്നുപോകാന്‍ അനുവദിക്കുകയും അരുത്.(തടയുമ്പോള്‍) ആരെങ്കിലും ചെറുത്തു നിന്നാല്‍ അവനുമായി മല്ലിടുക.കാരണം അവനോടൊപ്പം ഒരു കൂട്ടാളി (ശൈത്വാന്‍) ഉണ്ട്. (സ്വഹീഹ് ഇബ്നു ഖുസൈമ:1/93/1)

عَنْ أَبِي سَعِيدِ الخُدْرِيِّ رَضِيَ اللَّهُ عَنْهُ : أَنَّهُ كَانَ يُصَلِّي فِي يَوْمِ جُمُعَةٍ يُصَلِّي إِلَى شَىْءٍ يَسْتُرُهُ مِنَ النَّاسِ، فَأَرَادَ شَابٌّ مِنْ بَنِي أَبِي مُعَيْطٍ أَنْ يَجْتَازَ بَيْنَ يَدَيْهِ فَدَفَعَ أَبُو سَعِيدٍ فِي صَدْرِهِ، فَنَظَرَ الشَّابُّ فَلَمْ يَجِدْ مَسَاغًا إِلاَّ بَيْنَ يَدَيْهِ، فَعَادَ لِيَجْتَازَ فَدَفَعَهُ أَبُو سَعِيدٍ أَشَدَّ مِنَ الأُولَى، فَنَالَ مِنْ أَبِي سَعِيدٍ، ثُمَّ دَخَلَ عَلَى مَرْوَانَ فَشَكَا إِلَيْهِ مَا لَقِيَ مِنْ أَبِي سَعِيدٍ، وَدَخَلَ أَبُو سَعِيدٍ خَلْفَهُ عَلَى مَرْوَانَ فَقَالَ مَا لَكَ وَلاِبْنِ أَخِيكَ يَا أَبَا سَعِيدٍ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ إِذَا صَلَّى أَحَدُكُمْ إِلَى شَىْءٍ يَسْتُرُهُ مِنَ النَّاسِ، فَأَرَادَ أَحَدٌ أَنْ يَجْتَازَ بَيْنَ يَدَيْهِ فَلْيَدْفَعْهُ، فَإِنْ أَبَى فَلْيُقَاتِلْهُ، فَإِنَّمَا هُوَ شَيْطَانٌ ‏”‏‏.‏

അബൂസഈദിൽ ഖുദ്രിയ്യ്(റ) വിൽ നിന്ന് നിവേദനം: ജനങ്ങളിൽ നിന്ന് തന്നെ മറക്കുന്ന ഒരു വസ്തു‌വിലേക്ക് തിരിഞ്ഞ് വെള്ളിയാഴ്‌ച അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിൻ്റെ മുമ്പിലൂടെ കടന്നുപോകാൻ ബനൂഅബീമുഈത്വ് വംശത്തിലെ ഒരു യുവാവ് ഉദ്ദേശിച്ചു. അപ്പോൾ അബൂ സഈദ് അദ്ദേഹത്തിൻ്റെ നെഞ്ചിലേക്ക് തട്ടി നടക്കുന്നത് തടഞ്ഞു. അപ്പോൾ യുവാവ് നടക്കാൻ മറ്റു വഴി നോക്കി. അദ്ദേഹത്തിൻ്റെ മുമ്പിലൂടെയല്ലാതെ സൗകര്യം കണ്ടില്ല. വീണ്ടും അദ്ദേഹത്തിൻ്റെ മുമ്പിലൂടെ പോകാൻ ഉദ്ദേശിച്ചു തിരിച്ചുവന്നു. അപ്പോൾ ആദ്യത്തേക്കാൾ ശക്തിയോടെ യുവാവിനെ തള്ളി. അപ്പോൾ അയാൾ അബുസഈദിനെ ശകാരിച്ചു. ആ യുവാവ് മർവാൻ്റെയടുത്തെത്തി അബുസഈദ് (റ) വിൽ നിന്നുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പരാതിപ്പെട്ടു. അയാളുടെ പിന്നാലെ അബുസഈദും മർവാൻ്റെ അടുത്തെത്തി. മർവാൻ ചോദിച്ചു: അബുസഈദ്, താങ്കൾക്കും, താങ്കളുടെ സഹോദരപുത്രനും തമ്മിലെന്താണ് പ്രശ്‌നം? അദ്ദേഹം പറഞ്ഞു: നബി (സ്വ) ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്: നിങ്ങളാരെങ്കിലും ജനങ്ങളിൽ നിന്ന് മറ വെച്ച് നമസ്‌കരിക്കുമ്പോൾ. ആരെങ്കിലും തൻ്റെ മുമ്പിലൂടെ നടന്നുപോകാൻ ഉദ്ദേശിച്ചാൽ അവനെ തടയട്ടെ, എന്നിട്ടവൻ വിസമ്മതിച്ചാൽ അവനോട് യുദ്ധം ചെയ്യട്ടെ. അവൻ പിശാചാണ്. (ബുഖാരി:509)

ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ കൃത്യമായ അകലത്തില്‍ സുത്റ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടുള്ളൂ. എന്നാല്‍ നമസ്കരിക്കുമ്പോള്‍ സുത്റ സ്വീകരിക്കാതിരിക്കുകയും അല്ലെങ്കില്‍ അകലം വ൪ദ്ധിപ്പിച്ച് സുത്റ സ്വീകരിക്കുകയാണെങ്കില്‍ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടില്ല. ജമാഅത്ത് നമസ്കാരം നടന്നുകൊണ്ടിരിക്കെ ആരെങ്കിലും വുളൂ നഷ്ടപ്പെട്ടോ മറ്റോ പുറത്തേക്ക് നമസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കുകയാണെങ്കില്‍ അവനേയും തടയാന്‍ പാടില്ല.

നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുന്നത് വാജിബ്‌ (നി൪ബന്ധം) ആണെന്നാണ് ഇമാം മാലിക്‌(റഹി), ഇമാം അഹ്മ്മദ്‌(റഹി), ഇമാം ശൗകാനി(റഹി), ഇമാം നാസ്വിറുദ്ദീൻ അൽബാനി(റഹി) എന്നിവരുടെ അഭിപ്രായം. സുത്റയില്ലാതെ നമസ്കരിക്കുന്നത് നബി(സ്വ) വിലക്കിയതും യാത്രയിലോ അല്ലാത്ത സമയത്തോ, പള്ളിയിലോ പുറത്തു വെച്ചോ നമസ്കരിച്ചപ്പോഴും സുത്റ സ്വീകരിചിരുന്നുവെന്നതും അതിനുള്ള തെളിവാണ്. സുത്റ ഇല്ലാതെ നബി (സ്വ) ഒരിക്കൽ പോലും നമസ്കരിച്ചതായി യാതൊരു രേഖയുമില്ല.

നബിയുടെ(സ്വ) നമസ്കാരത്തെ കുറിച്ച് വിവരിക്കുന്ന ശൈഖ് നാസിറുദ്ദീൻ അല്‍ബാനിയുടെ(റഹി) ‘സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ’ എന്ന ഗ്രന്ഥത്തില്‍ നമസ്കരിക്കുന്നവന്റെ മുന്നിലെ മറയും അതിന്റെ അനിവാര്യതയും എന്നൊരു ശീ൪ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ ധാരാളം ഹദീസുകള്‍ അദ്ദേഹം എടുത്തു കൊടുത്തിട്ടുള്ളതായി കാണാം.

كان أحيانا يتحرى الصلاة عند الأسطوانة التي في مسجده

അദ്ദേഹം ചിലപ്പോള്‍ തന്റെ പള്ളിയിലുള്ള തൂണിന്റെ അരികിൽ വെച്ച് നമസ്കരിക്കുവാൻ ജാഗ്രത കാണിച്ചിരുന്നു.(ബുഖാരി, മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് അൽബാനി (റഹി) പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നു: വലിയ പള്ളിയിലാണെങ്കിൽ പോലും, ഇമാമിനും ഒറ്റയ്ക്ക് നമസ്കരിക്കുന്നവനും സുത്റ അനിവാര്യമാണ്. ഇമാം അഹ് മദിൽ നിന്നുള്ള മസാഇലിൽ(1/66) ഇബ്നു ഹാനി പറഞ്ഞു: ഒരു ദിവസം ഞാന്‍ മുന്നില്‍ മറയെന്നും കൂടാതെ നമസ്കരിക്കുന്നത് അബൂഅബ്ദില്ല (അതായത്ഇമാം അഹ് മദ് ബിന്‍ ഹമ്പൽ (റ)) കാണാനിടയായി. ഞാന്‍ അന്ന് അദ്ദേഹത്തോടൊപ്പം ജുമുഅ നടക്കുന്ന (വലിയ) പള്ളിയിലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തെങ്കിലും ഒരു വസ്തു കൊണ്ട് സുത്റ സ്വീകരിക്കുക. അങ്ങിനെ ഞാൻ ഒരാളെ സുത് റയായി സ്വീകരിച്ചു. സുത്റ സ്വീകരിക്കുന്ന വിഷയത്തിൽ വലിയ പള്ളിയെന്നോ, ചെറിയ പള്ളിയെന്നോയുള്ള വേ൪തിരിവ് ഇമാം അഹ്മദ് സ്വീകരിച്ചിട്ടില്ല എന്നൊരു സൂചന ഇതിലുണ്ട്. അതാണ്‌ സത്യവും. ഇക്കാര്യത്തിൽ ഇമാമുമാരും അല്ലാത്തവരുമടക്കം, നമസ്കരിക്കുന്നവരിൽ ഭൂരിഭാഗം പേരും വീഴ്ച വരുത്തുന്ന ഒരു സംഗതിയാണിത്. ഞാന്‍ സന്ദ൪ശിച്ച എല്ലാ നാടുകളിലും അവിടെയുള്ള പള്ളികളിലെ ഇമാമുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ഈ വർഷം (ഹിജ്റ 1410 ) റജബ് മാസത്തിൽ ഞാന്‍ സന്ദ൪ശിച്ച സഊദി അറേബ്യ പോലും ഇതില്‍ നിന്ന് ഒഴിവല്ല.അതിനാൽ പണ്ഢിതന്‍മാ൪ ഇതിനെ കുറിച്ച് – സുത്റയുടെ പ്രാധാന്യം – ജനങ്ങളെ ഉണ൪ത്തുകയും അതിനുവേണ്ടി ജനങ്ങളെ പ്രേരിപ്പിക്കുകയും അതിന്റെ വിധികള്‍ വ്യക്തമാക്കി കൊടുക്കുകയും വേണം. ഇക്കാര്യത്തില്‍ പവിത്രമായ രണ്ട് ഹറമുകളും(മക്ക, മദിന) ഉള്‍പ്പെടും.(സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ)

നമസ്കാരത്തിലെ സുത്റയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടും അത് അവഗണിക്കുന്നവ൪ നബിയുടെ(സ്വ) ഈ ഹദീസ് കൂടി ഓ൪ക്കേണ്ടതാണ്.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

ഞാന്‍ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നമസ്കരിക്കുവിൻ.(ബുഖാരി:6008)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *