സുന്നത്ത് നോമ്പുകള്‍

ഇസ്ലാമിലെ ഏറെ മഹത്തരമായ ഒരു ആരാധനാ കർമ്മമാണ് നോമ്പ്. അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് നോമ്പെടുക്കുന്ന ഒരു സത്യവിശ്വാസിക്ക് വമ്പിച്ച പ്രതിഫലമാണ് ലഭിക്കന്നത്. അവരെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ പുകഴ്ത്തുകയും അവ൪ക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ﺇِﻥَّ ٱﻟْﻤُﺴْﻠِﻤِﻴﻦَ ﻭَٱﻟْﻤُﺴْﻠِﻤَٰﺖِ ﻭَٱﻟْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَٱﻟْﻘَٰﻨِﺘِﻴﻦَ ﻭَٱﻟْﻘَٰﻨِﺘَٰﺖِ ﻭَٱﻟﺼَّٰﺪِﻗِﻴﻦَ ﻭَٱﻟﺼَّٰﺪِﻗَٰﺖِ ﻭَٱﻟﺼَّٰﺒِﺮِﻳﻦَ ﻭَٱﻟﺼَّٰﺒِﺮَٰﺕِ ﻭَٱﻟْﺨَٰﺸِﻌِﻴﻦَ ﻭَٱﻟْﺨَٰﺸِﻌَٰﺖِ ﻭَٱﻟْﻤُﺘَﺼَﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺘَﺼَﺪِّﻗَٰﺖِ ﻭَٱﻟﺼَّٰٓﺌِﻤِﻴﻦَ ﻭَٱﻟﺼَّٰٓﺌِﻤَٰﺖِ ﻭَٱﻟْﺤَٰﻔِﻈِﻴﻦَ ﻓُﺮُﻭﺟَﻬُﻢْ ﻭَٱﻟْﺤَٰﻔِﻈَٰﺖِ ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ

(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.(ഖു൪ആന്‍ :33/35)

عَنْ أَبِي أُمَامَةَ أَنَّهُ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الْعَمَلِ أَفْضَلُ قَالَ:‏ عَلَيْكَ بِالصَّوْمِ فَإِنَّهُ لاَ عِدْلَ لَهُ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് ചോദിച്ചു:ഏറ്റവും ശ്രേഷ്ടകരമായ ക൪മ്മം ഏതാണ്? നബി(സ്വ) പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതിന് തുല്യമായി മറ്റൊന്നുമില്ല. (നസാഇ:2222)

عَنْ أَبِي أُمَامَةَ  قَالَ قُلْتُ يَا رَسُولَ اللَّهِ مُرْنِي بِأَمْرٍ يَنْفَعُنِي اللَّهُ بِهِ قَالَ ‏:‏ عَلَيْكَ بِالصِّيَامِ فَإِنَّهُ لاَ مِثْلَ لَهُ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല്‍ എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്‍പ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അക്കാരണത്താല്‍ അവന്‍ നരകത്തില്‍ നിന്നും അകറ്റുപ്പെടുന്നതാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:നബി ﷺപറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ عَزَّ وَجَلَّ بَاعَدَ اللَّهُ مِنْهُ جَهَنَّمَ مَسِيرَةَ مِائَةِ عَامٍ ‏

ഉഖ്ബത്തബ്നു ആമിറില്‍ (റ) നിന്നും നിവേദനം:നബി ﷺപറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ നൂറ് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (നസാഇ: 2254)

عَنْ أَبِي أُمَامَةَ الْبَاهِلِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ جَعَلَ اللَّهُ بَيْنَهُ وَبَيْنَ النَّارِ خَنْدَقًا  كَمَا بَيْنَ السَّمَاءِ وَالأَرْضِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: :ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അവനും നരകത്തിനും ഇടയില്‍ ആകാശഭൂമികള്‍ക്കിടയിലെ അകലത്തോളം വിശാലമായ ഒരു കിടങ്ങ് അല്ലാഹു തീ൪ക്കുന്നതാണ്. (തി൪മിദി:1624)

നോമ്പ് നോല്‍ക്കുന്നത് ശരീരത്തേയും മനസ്സിനേയും പിടിച്ച് നി൪ത്താനും ദേഹേച്ഛയുടെ കാഠിന്യം കുറക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ الصِّيَامُ جُنَّةٌ ، يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ

നബി ﷺപറഞ്ഞു: നോമ്പ് ഒരു പരിചയാണ്. നോമ്പുകാരൻ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു.(അഹ്മദ് 3/241 3/296 )

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ

നബി ﷺ പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു വികാരശമനിയാകുന്നു. (മുസ്ലിം: 1400)

അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് നോമ്പ് നോല്‍‌ക്കുന്നവ൪ക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്. എല്ലാറ്റിനും ഉപരിയായി സ്വ൪ഗ്ഗപ്രവേശനവും.

عَنْ أَبِي هُرَيْرَةَ، – رضى الله عنه –  قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ يَوْمَئِذٍ وَلاَ يَسْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ ‏.‏ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ مِنْ رِيحِ الْمِسْكِ وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ بِفِطْرِهِ وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: മനുഷ്യന്റെ എല്ലാ പ്രവ൪ത്തികളും അവനുള്ളതാണ് (അവക്ക് നി൪ണ്ണിതമായ ഫലങ്ങള്‍ ലഭിക്കുന്നതാണ്). എന്നാല്‍ നോമ്പ് എനിക്ക്(മാത്രം) ഉള്ളതാണ്. അതിനാല്‍ ഞാന്‍ തന്നെ അതിന് പ്രതിഫലം നല്‍കുന്നതാണ്. നോമ്പ് ഒരു പരിചയാണ്. നിങ്ങളില്‍ ആരും നോമ്പ് ദിനത്തില്‍ വഴക്ക് ഉണ്ടാക്കുകയോ അശ്ലീലഭാഷണത്തില്‍ ഏ൪പ്പെടുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പുള്ളവനാണെന്നവൻ  പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ (ആ അല്ലാഹുവിനെ തന്നെയാണെ) സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്. നോമ്പുകാരന് സന്തോഷിക്കത്തക്ക രണ്ട് ആനന്ദവേളകളുണ്ട്. നോമ്പ് മുറിക്കുന്ന വേളയില്‍ അവന്‍ സന്തോഷിക്കുന്നു. തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന ദിനത്തില്‍ നോമ്പിന്റെ പ്രതിഫലം കണ്ടും അവന്‍ സന്തോഷിക്കുന്നു. (മുസ്ലിം:1151)

ഇമാം ബുഖാരിയുടെ റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടി കാണാം.

يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِي بِهِ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَ

അവൻ അന്നപാനീയങ്ങളും ദേഹേച്ഛയും എനിക്കു വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം.(ബുഖാരി: 1894)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ

നബി ﷺ പറഞ്ഞു: നോമ്പും ഖു൪ആനും അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാ൪ശക്കാരായി വരുന്നതാണ്. നോമ്പ് പറയും : നാഥാ, ഞാന്‍ ഇയാളെ പകലില്‍ അന്നപാനീയങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും തടഞ്ഞു നി൪ത്തി. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ എന്റെ ശുപാ൪ശ സ്വീകരിച്ചാലും…… (അഹ്മദ് – ശൈഖ് അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

عَنْ سَهْلٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ

സഹ്’ലില്‍‌(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി: 1896)

മറ്റൊരു റിപ്പോ൪ട്ടില്‍ ഇങ്ങനെ കാണാം:

فَإِذَا دَخَلَ آخِرُهُمْ أُغْلِقَ ، فَمَنْ دَخَلَ مِنْهُ شَرِبَ شَرْبَةً ، وَمَنْ شَرِبَ مِنْهُ لَمْ يَظْمَأْ أَبَدًا

അതിലൂടെ പ്രവേശിക്കുന്നവന്‍ (ഒരു പ്രത്യേകതരം) പാനീയം കുടിക്കുന്നതാണ്. അത് കുടിച്ചവ൪ പിന്നീട് ഒരിക്കലും ദാഹം അനുഭവിക്കുകയില്ല. (സ്വഹീഹ് ഇബ്നുഖുസൈമ:1903)

മുസ്ലിംകളെല്ലാവരും റമളാനില്‍ ഈ പുണ്യക൪മ്മം നി൪വ്വഹിക്കുന്നവരാണ്. എന്നാല്‍ ഈ പുണ്യക൪മ്മത്തിന് അടുത്ത റമളാന്‍ വരെ കാത്തിരിക്കണമെന്നാണ് അധികമാളുകളും വിചാരിച്ചിട്ടുള്ളത്. നോമ്പ് എന്ന സല്‍ക൪മ്മം ഏത് കാലത്തും നി൪വ്വഹിക്കാവുന്നതാണ്. നബി ﷺ അത് നമുക്ക് പ്രത്യേകം സുന്നത്താക്കി തന്നിട്ടുമുണ്ട്.

1.തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാഴ്ച്ചയിൽ രണ്ടു പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും. (മുസ്‌ലിം:2565)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)

عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّرَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ الاِثْنَيْنِ فَقَالَ ‏: فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَىَّ ‏

അബീ ഖതാദത്തല്‍ അന്‍സാരിയില്‍(റ) നിന്നും നിവേദനം:തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു: അപ്പോൾ നബി ﷺ മറുപടി പറഞ്ഞു: അന്നേ ദിവസമാണ് എന്നെ പ്രസവിച്ചത്.(മുസ്ലിം:1162)

2. മാസത്തില്‍ മൂന്ന് ദിവസം

عَنْ أَبِي هُرَيْرَةَ، قَالَ أَوْصَانِي خَلِيلِي صلى الله عليه وسلم بِثَلاَثٍ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَىِ الضُّحَى وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റക്അത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്‌റ് നമസ്‌കരിക്കുവാനും എന്റെ കൂട്ടുകാരന്‍ നബി ﷺ എന്നോട് ഉപദേശിച്ചിരുന്നു. (മുസ്ലിം:721)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ صَوْمُ ثَلاَثَةِ أَيَّامٍ صَوْمُ الدَّهْرِ كُلِّهِ

അംറ് ബ്നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഓരോ മാസത്തിലും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുന്നത് വർഷം മുഴുവൻ വ്രതമനുഷ്ഠിക്കുന്നതിന് തുല്യമാണ്. (ബുഖാരി: 1979)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :صَوْمُ شَهْرِ الصَّبْرِ وَثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصَّدْرِ

നബി ﷺ പറഞ്ഞു: ക്ഷമയുടെ മാസത്തിലെയും(റമദാൻ മാസത്തില്‍) എല്ലാ മാസത്തെ മൂന്ന് ദിവസത്തിലെയും നോമ്പ് നെഞ്ചിലെ പകയെ ഇല്ലായ്മ ചെയ്യും.(അഹ്മദ്: 23070)

ഒരു മാസത്തില്‍ മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യം ഇതില്‍ നിന്ന് വ്യക്തമാണ്. അതില്‍ തന്നെയും 13,14,15 തീയതികളില്‍ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേകം സുന്നത്തുണ്ട്. ഈ ദിവസങ്ങളിലെ രാവുകൾ ചന്ദ്രപ്രകാശത്താൽ വെളുത്തതും, പകലുകൾ സൂര്യപ്രകാശത്താൽ വെളുത്തതുമായിരിക്കും.ഈ ദിവസങ്ങളിലെ നോമ്പാണ് അയ്യാമുല്‍ ബീള് എന്ന് അറിയപ്പെടുന്നത്.

عَنِ ابْنِ مِلْحَانَ الْقَيْسِيِّ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْمُرُنَا أَنْ نَصُومَ الْبِيضَ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

ഇബ്നു മിൽഹാന അൽ കൈസ് (റ) തന്റെ പിതാവിൽ നിന്ന് നിവേദനം: അയ്യാമുൽ ബീളിൽ (അതായത് മാസത്തിൽ) പതിമൂന്നിലും പതിനാലിലും, പതിനഞ്ചിലും നോമ്പനുഷ്ഠിക്കുവാൻ നബി ﷺ ഞങ്ങളോട് കൽപ്പിക്കുമായിരുന്നു. (അബൂദാവൂദ്:2449)

عَنْ مُوسَى بْنِ طَلْحَةَ، قَالَ سَمِعْتُ أَبَا ذَرٍّ، بِالرَّبَذَةِ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا صُمْتَ شَيْئًا مِنَ الشَّهْرِ فَصُمْ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും, പതിനഞ്ചിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (നസാഇ:2424)

عَنْ مُوسَى بْنِ طَلْحَةَ، قَالَ سَمِعْتُ أَبَا ذَرٍّ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ يَا أَبَا ذَرٍّ إِذَا صُمْتَ مِنَ الشَّهْرِ ثَلاَثَةَ أَيَّامٍ فَصُمْ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹേ അബൂദ൪റ്, താങ്കല്‍ മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും, പതിനഞ്ചിലും  നോമ്പനുഷ്ഠിച്ചുകൊള്ളുക. (തി൪മിദി:761)

ശൈഖ് ഇബ്നു ഉസൈമീൻ رَحِمَـﮧُ اللَّـﮧُ പറഞ്ഞു:  മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുക എന്നത് സുന്നത്താണ്. നബി ﷺ മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുന്നത് കൊല്ലം മുഴുവൻ നോമ്പെടുക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അയ്യാമുൽ ബീദിൽ അഥവാ 13,14,15 ദിവസങ്ങളിൽ എടുക്കുന്നതാണ് ഉത്തമം. ഇനി ഒരാൾക്ക് യാത്രയോ രോഗമോ അല്ലെങ്കിൽ അതിഥി ഉണ്ടാകുകയോ സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുകയോ പോലുള്ള കാരണങ്ങൾ കൊണ്ട് മറ്റു ദിവസങ്ങളിൽ നോമ്പ് എടുത്താലും അവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്.

ആയിഷ(റ) പറഞ്ഞു: “നബി ﷺ എല്ലാ മാസവും മൂന്ന് നോമ്പ് അനുഷ്ഠിക്കാറുണ്ട്. അവിടുന്ന് അത് അതിന്റെ ആദ്യത്തിലാണെന്നോ മധ്യത്തിലാണെന്നോ അവസാനത്തിലാണെന്നോ ഗൗനിക്കാറില്ല.”

അതിനാൽ ഇതൊരു വിശാലമായ വിഷയമാണ്. ഒരാൾക്ക് മാസത്തിന്റെ ആദ്യത്തിലോ മധ്യത്തിലോ അവസാനത്തിലോ നോമ്പെടുക്കാം. എന്നാൽ അയ്യാമുൽ ബീദിലാകുക എന്നതാണ് ഉത്തമം. ഇനി പതിവായി നോമ്പെടുക്കുന്ന ആരെങ്കിലും എന്തെങ്കിലും ഒരു ഒഴിവുകഴിവ്‌ കൊണ്ടോ മറ്റ്‌ ആവശ്യം കാരണത്താലോ അത് ഒഴിവാക്കിയാൽ അയാൾക്ക് അതിനുള്ള പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. പക്ഷെ, അവൻ ഉപേക്ഷിച്ചത് ഒരു ഒഴിവ്കഴിവ് ഉണ്ടായത് കൊണ്ടാവണം.(ഫതാവ നൂറുൻ അലാ ദർബ്)

ഈ ഹദീസുകളെ അഹ്ലുസ്സുന്നയുടെ പണ്ഢിതന്‍മാ൪ വിശദീകരിച്ചതിന്റെ ചുരുക്കം ഇപ്രകാരമാണ്.

  1. മാസത്തില്‍ മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുന്നത് വർഷം മുഴുവൻ വ്രതമനുഷ്ഠിക്കുന്നതിന് തുല്യമാണ്. ഇത് മാസത്തിലെ ഏത് ദിവസവും തുട൪ച്ചയായോ അല്ലാതെയോ നോല്‍ക്കാവുന്നതാണ്.
  2. എല്ലാ മാസവും 13,14,15 തീയതികളില്‍ നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകം സുന്നത്താണ്.
  3. എല്ലാ മാസവും 13,14,15 തീയതികളില്‍ നോമ്പനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ഏതെങ്കിലും നോമ്പ് നോല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അയ്യാമുല്‍ ബീളിലെ നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. അയാള്‍ ആ മസത്തില്‍ തന്നെ മറ്റൊരു ദിവസം, വിട്ടുപോയ നോമ്പ് നോറ്റാല്‍ മതി. കാരണം മാസം മുഴുവന്‍ അയാള്‍ക്ക് മൂന്ന് നോമ്പിന് അവസരം ഉണ്ട്. ഖളാഇന്റെ പ്രശ്നം ഉദിക്കുന്നില്ല.
3.അറഫ നോമ്പ്

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ

നബി ﷺ പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. (മുസ്‌ലിം: 1162)

4.ആശൂറാഅ്, താസൂറാഅ് ദിവസങ്ങളില്‍
ആശൂറാഅ് (മുഹറം:10)

ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യത്തില്‍ (അജ്ഞാനകാലം) പോലും ഖുറൈശികള്‍ മുഹറം മാസത്തില്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ഠിക്കുവാനായി നബി ﷺ ജനങ്ങളോട് കല്‍പിച്ചിരുന്നു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ، وَكَانَ النَّبِيُّ صلى الله عليه وسلم يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ، فَلَمَّا نَزَلَ رَمَضَانُ كَانَ رَمَضَانُ الْفَرِيضَةَ، وَتُرِكَ عَاشُورَاءُ، فَكَانَ مَنْ شَاءَ صَامَهُ، وَمَنْ شَاءَ لَمْ يَصُمْهُ

ആഇശ(റ) പറയുന്നു: ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇന്റെ (മുഹറം 10) നോമ്പ് അനുഷ്ഠിച്ചിരുന്നു. നബി ﷺ  യുo അത് അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ നബി ﷺ അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു.(ബുഖാരി:4504).

ആശൂറാഅ് എന്ന നോമ്പിന് മൂസാ നബിയുടെ(അ) ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ഈ ദിവസത്തിലാണ് മൂസാ നബിയേയും(അ) ബനൂ ഇസ്റാഈല്യരേയും അല്ലാഹു ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയത്.ഇതിന് നന്ദി എന്നോണം ആ ദിവസം മൂസാ നബി(അ) നോമ്പ് അനുഷ്ടിച്ചിരുന്നു.

ഹിജ്റക്കുശേഷം മദീനയിലെ ജൂതന്‍മാരും ഈ ദിവസം നോമ്പെടുക്കുന്നതായി കണ്ടപ്പോള്‍ ആ ദിവസത്തിന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചതിന് മറുപടിയായി അവര്‍ നബി ﷺ  യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

فَصَامَهُ مُوسَى شُكْرًا فَنَحْنُ نَصُومُهُ

അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസാ (അ) ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു.(മുസ്‌ലിം)

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ”

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം:നബി ﷺ മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്തിന് (ആശൂറാഅ്) നോമ്പെടുക്കുന്നതായികണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ? അവര്‍ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോമ്പ് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ( ബുഖാരി: 1865)

وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ

നബി ﷺ പറഞ്ഞു: ……….. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.(മുസ്‌ലിം: 1162)

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി ﷺ ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം.( ബുഖാരി: 1862)

താസൂറാഅ് (മുഹറം:9)

മുഹറം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്.ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഅ് നോമ്പും കൂടി (മുഹറം 9) നോല്‍ക്കല്‍ സുന്നത്താണ്.

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു:നബി ﷺ  ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ് അത് ജൂത ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഇന്‍ഷാഅല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് നബി ﷺ  വഫാത്തായിരുന്നു. ( മുസ്‌ലിം: 1916)

ഇമാം ബൈഹഖിയുടെ (റഹി) റിപ്പോ൪ട്ടില്‍ നിങ്ങള്‍ ഒമ്പതിനും പത്തിനും നോമ്പ് നോറ്റ് ജൂതന്മാരോട് എതിരാകുക എന്നും കാണാവുന്നതാണ്. (ബൈഹഖി:4/287)

ആശൂറാഅ്, താസൂആഅ് നോമ്പുകള്‍ക്ക് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَفْضَلُ الصِّيَامِ بَعْدَ صِيَامِ شَهْرِ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി:’റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്. (തി൪മിദി:740)

5.ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍

أفضل أيام الدنيا أيام العشر

ജാബിര്‍ (റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘ഇഹലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹജ്ജിലെ) ആദ്യത്തെ 10 ദിനങ്ങളാകുന്നു’.(സ്വഹീഹ് ജാമിഅ് :1133)

ഈ ദിവസങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടമുള്ള കാര്യമാണ്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏”‏ مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ‏”‏‏.‏ قَالُوا وَلاَ الْجِهَادُ قَالَ ‏”‏ وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ ‏”‏‏.‏

ഇബ്നു അബ്ബാസില്‍ (റ)  നിന്നും നിവേദനം:  നബി ﷺ പറഞ്ഞു:'(ദുല്‍ഹജ്ജിലെ) 10 ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല (അഥവാ മറ്റേത് ക൪മ്മങ്ങളേക്കാളും അല്ലാഹുവിന് ഇഷ്ടം ഈ ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളാണ്). അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ .(ബുഖാരി :969)

സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഏറ്റവും ശ്രേഷ്ടകരമായ സമയമാണ് ദുല്‍ഹിജ്ജയിലെ ആദ്യ 10 ദിവസങ്ങള്‍ എന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. ഏറ്റവും വലിയസല്‍ക൪മ്മങ്ങളില്‍ പെട്ടതാണ് നോമ്പ്. ഈ ദിവസങ്ങളിലെല്ലാം നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.

‘ദുല്‍ഹിജ്ജ പത്തും’ എന്നത് നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റ് സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ദുല്‍ഹിജ്ജ ഒന്‍പതു’ വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് . കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കും. അന്ന് നോമ്പ് അനുഷ്ഠിക്കുന്നത് നിഷിദ്ധമാണുതാനും. കഴിയുന്നവ൪ക്ക് ദുല്‍ഹിജ്ജ 1 മുതല്‍ 9 വരെയുള്ള എല്ലാ ദിവസവും നോമ്പ് നോല്‍ക്കാവുന്നതാണ്

6.ശവ്വാലിലെ ആറ് നോമ്പ്

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:  مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ റമദാൻ നോമ്പനുഷ്ഠിക്കുകയും അതേ തുടർന്ന്, ശവ്വാലിൽ നിന്ന് ആറ് ദിവസം നോമ്പനുഷ്ഠിക്കുകയും ചെയ്‌താൽ അത് (ഫലത്തിൽ) വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചതിന് സമാനമായി.(മുസ്‌ലിം: 1164)

7.ശഅബാനിലെ ഭൂരിഭാഗം ദിവസങ്ങളില്‍

റമളാന്‍ കഴിഞ്ഞാല്‍ നബി ﷺ  ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്.

عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ‏.‏ قَالَ ‏ “‏ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ‏”

ഉസാമ ബ്ന്‍ സൈദ്‌(റ) പറഞ്ഞു: ഞാന്‍ (നബി ﷺ യോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، – رضى الله عنها – أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ ‏.‏ وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ ‏.‏ وَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلاَّ رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശയില്‍ (റ) നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ( മുസ്ലിം:1156)

8.കൂടുതല്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍

عَنْ عَبْدِ اللَّهِ بْنِ عَمْرٍو – رضى الله عنهما – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ أَحَبَّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ وَأَحَبَّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ عَلَيْهِ السَّلاَمُ كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ وَكَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا

അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി ﷺ പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബിയുടെ(അ) നമസ്‌കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ(അ) നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (മുസ്‌ലിം:1159)

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1.സുന്നത്ത് നോമ്പിൻ്റെ നിയ്യത്ത് സുബ്ഹിക്ക് ശേഷവും ആകാവുന്നതാണ്

ഫർള് നോമ്പിന്റെ നിയ്യത് രാത്രിയില്‍ തന്നെ വെച്ചിരിക്കണം. സുബ്ഹി ബാങ്കിന്  ശേഷം നിയ്യത് വെച്ചാല്‍ കാര്യമില്ല. മറിച്ച്, അതിന് മുന്‍പ് തന്നെ നിയ്യത് ഉണ്ടായിരിക്കണം.എന്നാല്‍ സുന്നത് നോമ്പുകള്‍ക്ക് മേല്‍ പറഞ്ഞ ഈ നിയമം ബാധകമല്ല. ഒരാള്‍ രാവിലെ സുബഹിന് ശേഷം ഒന്നും കഴിക്കാതിരിക്കുകയും, കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് നോമ്പെടുക്കണം എന്ന് മനസ്സില്‍ തോന്നുകയും ചെയ്‌താല്‍; അത് മുതല്‍ അയാള്‍ക്ക് നോമ്പെടുക്കാം. അത് സുന്നത്ത് നോമ്പായി പരിഗണിക്കപ്പെടും.

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، قَالَتْ دَخَلَ عَلَىَّ النَّبِيُّ صلى الله عليه وسلم ذَاتَ يَوْمٍ فَقَالَ ‏”‏ هَلْ عِنْدَكُمْ شَىْءٌ ‏”‏ ‏.‏ فَقُلْنَا لاَ ‏.‏ قَالَ ‏”‏ فَإِنِّي إِذًا صَائِمٌ ‏”‏ ‏.‏

ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)  പറഞ്ഞു: (ഒരിക്കൽ) നബി ﷺ എന്റെ അടുക്കൽ വന്നിട്ട് ചോദിച്ചു: “നിങ്ങളുടെ അടുക്കൽ (കഴിക്കാൻ) എന്താണ് ഉള്ളത്?” ആയിശാ (റ) പറഞ്ഞു: “ഒന്നുമില്ല.” അപ്പോൾ നബിﷺ പറഞ്ഞു: “എങ്കിൽ ഞാൻ നോമ്പുകാരനാണ്.” (മുസ്‌ലിം: 1154)

2.തുടങ്ങി വെച്ച സുന്നത്ത് നോമ്പ് പൂർത്തീകരിക്കാനും, ഇടക്ക് വെച്ച് നിർത്താനും സ്വാതന്ത്രമുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ الصَّائِمُ الْمُتَطَوِّعُ أَمِينُ نَفْسِهِ إِنْ شَاءَ صَامَ وَإِنْ شَاءَ أَفْطَرَ ‏

നബിﷺ പറഞ്ഞു: സുന്നത്തുനോമ്പ് എടുക്കുന്നവന് തന്നെയാണ് അവന്റെ ശരീരത്തിന്റെ അധികാരമുള്ളത്. അവൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന് നോമ്പ് പൂർത്തിയാക്കാം; അതല്ലെങ്കിൽ അത് മുറിക്കുകയും ചെയ്യാം. (തിർമിദി: 732)

عَنْ أُمِّ هَانِئٍ، أَنَّ رَسُولَ اللهِ -ﷺ- دَخَلَ عَلَيْهَا، فَدَعَا بِشَرَابٍ، فَشَرِبَ، ثُمَّ نَاوَلَهَا فَشَرِبَتْ، فَقَالَتْ: يَا رَسُولَ اللهِ، أَمَا إِنِّي كُنْتُ صَائِمَةً، فَقَالَ رَسُولُ اللهِ -ﷺ-: الصَّائِمُ الْمُتَطَوِّعُ أَمِيرُ نَفْسِهِ، إِنْ شَاءَ صَامَ، وَإِنْ شَاءَ أَفْطَرَ

ഉമ്മു ഹാനിഅ് (റഹി)  പറഞ്ഞു: നബി -ﷺ- ഒരിക്കൽ എന്റെ അടുത്ത് പ്രവേശിച്ചു. അങ്ങനെ അവിടുന്ന് കുറച്ച് പാനീയം കൊണ്ട് വരാൻ ആവശ്യപ്പെടുകയും, അത് കുടിക്കുകയും ചെയ്തു. ശേഷം ഞാൻ അത് എടുത്തു കൊണ്ട് കുടിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ഞാൻ നോമ്പുകാരിയായിരുന്നു.” അപ്പോൾ നബി -ﷺ- പറഞ്ഞു: “സുന്നത്ത് നോമ്പ് എടുത്തവൻ തന്റെ കാര്യത്തിൽ സ്വാതന്ത്രമുള്ളവനാണ്. അവൻ ഉദ്ദേശിച്ചാൽ നോമ്പ് പൂർത്തീകരിക്കാം. അവൻ ഉദ്ദേശിച്ചാൽ നോമ്പ് മുറിക്കാം.” (അഹ്മദ്: 26353)

ഇളവൊന്നുമില്ലാതെ, ചെറിയ കാരണങ്ങളുടെ പേരിൽ സുന്നത്ത് നോമ്പ് മുറിക്കാൻ പാടുണ്ടോ?

ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു:

إذا كان الصوم نافلة فله الفطر، له الفطر مطلقاً، لكن الأفضل ألا يفطر إلا لأسباب شرعية، مثل: شدة الحر، مثل: ضيف نزل به، مثل: جماعة لزموا عليه يحضر … زواج أو غيره يجبرهم بذلك فلا بأس، النبي ﷺ: أتى بيت عائشة ذات يوم فقال: هل عندكم شيء؟ قالوا: لا. قال: فإني -إذاً- صائم، ثم أتى في يوم آخر، فقال: هل عندكم شيء؟ قالوا: نعم. فقربوه إليه فأكل وقال: لقد أصبحت صائماً، فأكل عليه الصلاة والسلام، فالأمر فيه سعة، لكن الأفضل له أن يتم الصوم إذا كان ما هناك سبب واضح، هذا الأفضل، نعم.

സുന്നത്ത് നോമ്പെടുത്ത ഒരാൾക്ക് ഉപാധികളൊന്നുമില്ലാതെ അത് മുറിക്കാവുന്നതാണ്. എന്നാൽ, ‘വിവാഹസദ്യക്ക് പങ്കെടുക്കാൻ നിർബന്ധിക്കുക, വീട്ടിൽ അതിഥി വരുക, കഠിനമായ ചൂട് അനുഭവപ്പെടുക’ തുടങ്ങിയ ന്യായമായ കാരണങ്ങളൊന്നുമില്ലാതെ, സുന്നത്തായ നോമ്പ് മുറിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരിക്കൽ ആഇശാ ബീവി(റ)യുടെ വീട്ടിൽ വന്ന് നബിﷺ ചോദിച്ചു: “നിങ്ങളുടെ അടുക്കൽ (കഴിക്കാൻ) എന്താണ് ഉള്ളത്?” ആയിശാ (റ) പറഞ്ഞു: “ഒന്നുമില്ല.” അപ്പോൾ നബിﷺ പറഞ്ഞു: “എങ്കിൽ ഞാൻ നോമ്പുകാരനാണ്.” (മുസ്‌ലിം: 1154) മറ്റൊരിക്കൽ, ആയിശാ(റ)യോട് നബിﷺ ചോദിച്ചു: “നിന്റെയടുക്കൽ വല്ലതും കഴിക്കാനുണ്ടോ?” ആയിശാ(റ) “അതെ” എന്ന് പറഞ്ഞപ്പോൾ നബിﷺ ആ ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് ഭക്ഷിക്കുകയും ചെയ്തു. ശേഷം നബിﷺ പറഞ്ഞു: “ഞാൻ നോമ്പുകാരനായിരുന്നു.” (മുസ്‌ലിം: 1154) അതിനാൽ, സുന്നത്തുനോമ്പ് എടുക്കുന്ന ഒരാൾക്ക് അത് മുറിക്കാനും മുറിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. എങ്കിലും ന്യായമായ കാരണങ്ങൾ ഒന്നുമില്ലെങ്കിൽ, ആ നോമ്പ് പൂർത്തിയാക്കുന്നതാണ് ഏറ്റവും ഉത്തമം.

3.ഒരു സ്ത്രീയും അവളുടെ ഭർത്താവ് സന്നിഹിതനായിരിക്കെ അയാളുടെ അനുമതിയില്ലാതെ (സുന്നത്ത്) നോമ്പ് എടുക്കരുത്.

عَنِ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِﷺ: لَا تَصُومُ الْمَرْأَةُ وَزَوْجُهَا حَاضِرٌ، إِلَّا بِإِذْنِهِ

അബൂ ഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സ്ത്രീയും അവളുടെ ഭർത്താവ് സന്നിഹിതനായിരിക്കെ അയാളുടെ അനുമതിയില്ലാതെ (സുന്നത്ത്) നോമ്പ് എടുക്കരുത്. (അഹ്മദ്: 9986)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *