സുന്നത്ത് നമസ്‌കാരങ്ങൾ

നിർബന്ധമല്ലാത്ത എല്ലാ പുണ്യകർമങ്ങളും പൊതുവിൽ ‘തത്വവ്വുഅ്’ എന്ന് അറിയപ്പെടുന്നു.

മഹത്ത്വവും നിയമമാക്കിയതിലെ പൊരുളും

1. സുന്നത്തു നമസ്‌കാരത്തിന്റെ മഹത്ത്വം:

അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്, വിജ്ഞാനം തേടൽ എന്നിവയ്ക്കുശേഷം ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമമാണ് സുന്നത്തു നമസ്‌കാരങ്ങൾ. കാരണം അവ നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടുന്നത് തിരുനബി ﷺ പതിവാക്കിയിരുന്നു.

عن أبي هريرة – رضي الله عنه – قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: إن الله تعالى قال: من عادى لي ولياً فقد آذنته بالحرب، وما تقرَّب إليّ عبدي بشيء أحب إلي مما افترضته عليه، وما يزال عبدي يتقرب إلي بالنوافل حتى أحبه …

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു പറഞ്ഞു: ‘വല്ലവനും എന്റെ വലിയ്യിനോട് ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ എന്റെ ദാസന്റെ മേൽ നിർബന്ധമാക്കിയതിനെക്കാൾ എനിക്ക് ഇഷ്ടകരമായ യാതൊന്നുകൊണ്ടും എന്റെ ദാസൻ എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ദാസൻ സുന്നത്തുകൾകൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും; അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടുന്നതാണ്…’’ (وصححه الألباني (السلسلة الصحيحة برقم ١٦٤٠).)

2. സുന്നത്തു നമസ്‌കാരങ്ങളെ മതപരമായ കർമമാക്കിയതിലെ ഹിക്മത്ത്:

അടിയാറുകളോടുള്ള കാരുണ്യത്താലാണ് അല്ലാഹു ഐച്ഛിക കർമങ്ങളെ നിയമമാക്കിയത്. ഓരോ നിർബന്ധകർമത്തിനും അതേ വർഗത്തിൽപെട്ട ഐച്ഛിക കർമങ്ങളെ അവൻ നിശ്ചയിച്ചു; പ്രസ്തുത കർമങ്ങളിലൂടെ വിശ്വാസിയുടെ ഈമാൻ വർധിക്കുന്നതിനും പദവികളുയരുന്നതിനും നിർബന്ധകർമങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിനും വേണ്ടിയാണത്. അന്ത്യനാളിൽ ഐച്ഛികകർമങ്ങൾകൊണ്ടു നിർബന്ധകർമങ്ങളിലെ പോരായ്മകൾ പരിഹരിക്കപ്പെടുന്നതാണ്. കാരണം നിർബന്ധ കർമങ്ങളിൽ കുറവുകൾ സംഭവിച്ചേക്കും.

عن أبي هريرة – رضي الله عنه -، عن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إن أول ما يحاسب به العبد المسلم يوم القيامة الصلاة، فإن أتمها، وإلا قيل: انظروا هل له من تطوع؟ فإن كان له تطوع أكملت الفريضة منْ تطوُّعه، ثم يفعل بسائر الأعمال المفروضة مثل ذلك

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അന്ത്യനാളിൽ; മുസ്‌ലിമായ ദാസൻ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരത്തിന്റെ വിഷയത്തിലായിരിക്കും. അവൻ അതു പൂർത്തീകരിച്ചു നിർവഹിച്ചിട്ടുണ്ടെങ്കിൽ (അതു പൂർണമായി രേഖപ്പെടുത്തപ്പെടും). അവൻ അതു പൂർത്തീകരിച്ചു നിർവഹിച്ചിട്ടില്ലെങ്കിൽ പറയപ്പെടും: ‘അവനു വല്ല ഐച്ഛിക കർമങ്ങളുമുണ്ടോ എന്ന് നിങ്ങൾ നോക്കുക.’ അവന് വല്ല ഐച്ഛിക കർമങ്ങളുമുണ്ടെങ്കിൽ നിർബന്ധകർമം അതിനാൽ പൂർത്തീകരിക്കപ്പെടും. ശേഷം മറ്റു നിർബന്ധകർമങ്ങൾ കൊണ്ടും അപ്രകാരം ചെയ്യപ്പെടും. (അബൂദാവൂദ്, നസാഇ, ഇബ്നുമാജ)

സുന്നത്ത് രണ്ടുതരമുണ്ട്

ഒന്ന്) നിർണിത സമയങ്ങളുള്ള സമയബന്ധിതമായ നമസ്‌കാരങ്ങൾ:

ഇവയ്ക്ക് മുക്വയ്യദത്തായ നാഫിലത്തുകൾ എന്നു പറയുന്നു. ഇവയിൽ റവാതിബ് നമസ്‌കാരങ്ങൾ പോലെ ഫർദ് നമസ്‌കാരങ്ങളോട് അനുബന്ധമായവയുണ്ട്. വിത്ർ നമസ്‌കാരം, ദുഹാ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം പോലുള്ള, അവയല്ലാത്ത നമസ്‌കാരങ്ങളും ഈ വകുപ്പിലുണ്ട്.

രണ്ട്) നിർണിത സമയങ്ങളാൽ ബന്ധിതമല്ലാത്ത നമസ്‌കാരങ്ങൾ:

സുന്നത്തു നമസ്‌കാരങ്ങളിൽ ഒന്നാമത്തെ ഇനം വിവിധങ്ങളാണ്. അവയിൽ ചിലതു ചിലതിനെക്കാൾ പ്രബലമാണ്. അവയിൽ ഏറ്റവും പ്രബലമായത് ഗ്രഹണ നമസ്‌കാരവും പിന്നീട് വിത്‌റും ശേഷം മഴ തേടിയുള്ള നമസ്‌കാരവും അതിൽ പിന്നെ തറാവീഹു നമസ്‌കാരവുമാണ്.

എന്നാൽ രണ്ടാമത്തെ ഇനം രാത്രി മുഴുവനും, പകലിൽ നിരോധിക്കപ്പെട്ട സമയങ്ങളൊഴിച്ചുള്ള സമയം മുഴുവനും നിർവഹിക്കൽ മതപരമാകുന്നു. പകലിലെ നമസ്‌കാരത്തെക്കാൾ രാത്രി നമസ്‌കാരത്തിനാണ് കൂടുതൽ ശ്രേഷ്ഠത.

മൂന്ന്) ജമാഅത്ത് സുന്നത്താക്കപ്പെടുന്നവ: തറാവീഹ് നമസ്‌കാരത്തിനും മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനും ഗ്രഹണ നമസ്‌കാരത്തിനും ജമാഅത്ത് (സംഘടിതമായി നമസ്‌കരിക്കൽ) സുന്നത്താക്കപ്പെടും.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *