സുന്നത്തുകൾ പിൻ പറ്റുവാനും ബിദ്അത്തുകൾ കയ്യൊഴിയുവാനുമുള്ള ആഹ്വാനങ്ങൾ
നബിﷺ കൊണ്ടുവന്ന, അഥവാ അവിടുന്ന് പഠിപ്പിച്ച കാര്യങ്ങൾ പിൻപറ്റാൻ നിഷ്‌കർശിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ധാരാളം വചനങ്ങൾ കാണാം. അപ്രകാരംതന്നെ നബിﷺയുടെ അധ്യാപനങ്ങൾക്ക് എതിരാകുന്നതിനെ വിലക്കുന്നതും താക്കീത് ചെയ്യുന്നതുമായ വചനങ്ങളും അനവധിയുണ്ട്. ശിർക്ക്-ബിദ്അത്തുകളിലും മറ്റു പാപങ്ങളിലും ചെന്ന് ചാടുന്നതിനെ വിലക്കുന്ന വചനങ്ങളും അനേകമുണ്ട്.
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്. (ഖു൪ആന്‍:6/153)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
ഇബ്‌നു കസീർ رحمه الله ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
أي : عن أمْر رسول الله صلى الله عليه وسلم، وهو سبيله ومنهاجه وطريقته وسنته وشريعته، فتوزَن الأقوال والأعمال بأقواله وأعماله، فما وافق ذلك قُبل، وما خالفه فهو مردودٌ على قائله وفاعله كائناً من كان، كما ثبت في الصحيحين وغيرهما عن رسول الله صلى الله عليه وسلم أنَّه قال: “من عمل عملاً ليس عليه أمرنا فهو رد”، أي: فليحذر وليخش مَن خالف شريعة الرسول باطناً وظاهراً {أَنْ تُصِيبَهُمْ فِتْنَةٌ} أي: في قلوبهم من كفر أو نفاق أو بدعة، {أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ} أي: في الدنيا بقتل أو حدٍّ أو حبس أو نحو ذلك”.
അതായത്: അല്ലാഹുവിന്റെ തിരുദൂതരുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർ. അവിടുന്ന് പഠിപ്പിച്ച മാർഗവും രീതിശാസ്ത്രവും നിലപാടുകളും അവിടുത്തെ ചര്യകളും നിയമനിർദേശങ്ങളുമൊക്കെയാണത്. അതിനാൽ ഏതൊരാളുടെ വാക്കുകളും പ്രവൃത്തികളും അളന്നുനോക്കാനുള്ള മാനദണ്ഡമാണ് നബിﷺ യുടെ വാക്കുകളും പ്രവൃത്തികളും, അഥവാ സുന്നത്ത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കേണ്ടതും അതിനോട് എതിരാകുന്നവ ആരുതന്നെ പറഞ്ഞതും ചെയ്തതുമാണെങ്കിലും തള്ളിക്കളയേണ്ടതുമാണ്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും മറ്റുമൊക്കെ നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടുവന്നതും അതാണല്ലോ. അവിടുന്ന് പറഞ്ഞു: “നമ്മുടെ നിർദേശമില്ലാത്ത വല്ല കർമങ്ങളും (മതത്തിന്റെ പേരിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടെണ്ടതാണ്.’’ അതായത്, നബിﷺയുടെ മാർഗനിർദേശങ്ങളോട് പ്രത്യക്ഷത്തിലോ പരോക്ഷമായോ എതിരായി വല്ലതും പ്രവർത്തിക്കുന്നവൻ ഭയപ്പെടുകയും ജാഗ്രത പാലിക്കുകയും ചെയ്തുകൊള്ളട്ടെ എന്നർഥം. “അവർക്ക് വല്ല ‘ഫിത്‌ന’യും ബാധിക്കുന്നതിനെ’’ അഥവാ, അവരുടെ ഹൃദയങ്ങളിൽ കുഫ്‌റിന്റെയോ (അവിശ്വാസം) നിഫാക്വിന്റെയോ (കാപട്യം) ബിദ്അത്തിന്റെയോ (പുത്തനാശയം) വല്ലതും ബാധിക്കുന്നതിനെ. ‘അല്ലെങ്കിൽ വേദനയേറിയ ശിക്ഷ അവരെ ബാധിക്കുന്നതിനെ,’ അതായത് ഈ ജീവിതത്തിൽ ശിക്ഷാനടപടികളോ കൊലയോ തടവറയോ പോലുള്ള എന്തെങ്കിലും ബാധിക്കുന്നതിനെ. (തഫ്‌സീർ ഇബ്‌നു കസീർ).
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)
ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ رحمه الله പറയുന്നു:
هذه الآية الكريمة حاكمة على كلِّ مَن ادَّعى محبَّةَ الله وليس هو على الطريقة المحمدية، فإنَّه كاذبٌ في نفس الأمر حتى يتَّبع الشرعَ المحمدي والدِّينَ النَّبوي في جميع أقواله وأفعاله، كما ثبت في الصحيح عن رسول الله صلى الله عليه وسلم أنَّه قال: “من عمل عملاً ليس عليه أمرنا فهو رد”، ولهذا قال: {إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ}
അല്ലാഹുവിനോട് സ്‌നേഹമുണ്ടെന്ന് വാദിക്കുകയും എന്നിട്ട് മുഹമ്മദ് നബിﷺ പഠിപ്പിച്ച മാർഗത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന ഏതൊരാളുടെയും കാര്യത്തിൽ തീർപ്പുകൽപിക്കുന്നതാണ് ഈ വിശുദ്ധവചനം. അഥവാ, തന്റെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം നബിﷺ പഠിപ്പിച്ച മതനിയമങ്ങളും മാർഗനിർദേശങ്ങളും പിൻപറ്റുന്നതുവരേക്കും അയാൾ തന്റെ അവകാശവാദത്തിൽ വ്യാജവാദിയാണ്; നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതുപോലെ. അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും നമ്മുടെ നിർദേശമില്ലാതെ വല്ലതും (മതത്തിന്റെ ഭാഗമായി) അനുഷ്ഠിച്ചാൽ അത് തള്ളിക്കളയേണ്ടതാണ്.’ അതിനാലാണ് അല്ലാഹു ഇങ്ങനെ പറയാൻ നബിﷺയോട് പറഞ്ഞത്: ‘നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്നെ പിൻപറ്റുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും’’ (തഫ്‌സീർ ഇബ്‌നു കസീർ).
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍:2/38)
قَالَ ٱهْبِطَا مِنْهَا جَمِيعَۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ﴿١٢٤﴾
അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോകുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. എന്നാൽ എന്റെ പക്കൽനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ചുപോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്. (ഖു൪ആന്‍:20/123-124)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കി ൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)
ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ
നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത് വളരെ കുറച്ചുമാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:7/3)
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ﴿٣٦﴾ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴿٣٧﴾
പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്നപക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തിക്കൊടുക്കും. എന്നിട്ട് അവൻ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും . തീർച്ചയായും അവർ (പിശാചുക്കൾ) അവരെ നേർമാർഗത്തിൽനിന്ന് തടയും. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍:43/36-37)
وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏതു കാര്യത്തിലാവട്ടെ, അതിൽ തീർപ്പുകൽപിക്കാ നുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖു൪ആന്‍:42/10)
قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ
നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങൾക്ക് ബാധ്യതയുള്ളത് നിങ്ങൾ ചുമതല ഏൽപിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. (ഖു൪ആന്‍:24/54)
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖു൪ആന്‍:59/7)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/1)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ
നിങ്ങൾക്ക് ജീവൻനൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:8/24)
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥١﴾ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ﴿٥٢﴾
തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ. (ഖു൪ആന്‍:24/51-52)
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:46/13)
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: ‘നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട, നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞ് കൊള്ളുക. (ഖു൪ആന്‍:41/30)
أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَهُمْ عَذَابٌ أَلِيمٌ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധി കൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്. (ഖു൪ആന്‍:42/21)
ഒരുകൂട്ടം ജിന്നുകൾ ക്വുർആൻ ശ്രവിച്ചശേഷം അവരുടെ ജനങ്ങളിലേക്ക് ചെന്ന് പറഞ്ഞ കാര്യങ്ങൾ അല്ലാഹു ഉദ്ധരിക്കുന്നു:
قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴿٣٠﴾ يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴿٣١﴾ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ﴿٣٢﴾
അവര്‍ പറഞ്ഞു:ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്ന പക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍:46/30-32)
ഇതുപോലെ സുന്നത്ത് പിൻപറ്റാനും ബിദ്അത്തുകൾ കൈയൊഴിയാനും പഠിപ്പിക്കുന്നതും ബിദ്അത്തിന്റെ അപകടങ്ങൾ വിവരിക്കുന്നതുമായ ധാരാളം ഹദീസുകൾ നബിﷺയുടെ സുന്നത്തിലും കാണാം. അതിൽ ചിലത് കാണുക:
(ഒന്ന്)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه، فهو ردٌّ
നബിﷺ പറയുന്നു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം)
ഇമാം മുസ്‌ലിം (റ) ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാനുള്ളത്:
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നമ്മുടെ നിർദേശമില്ലാതെ ആരെങ്കിലും (മതത്തിന്റെ ഭാഗമായി) വല്ലതും പ്രവർത്തിച്ചാൽ അത് തള്ളപ്പെടുന്നതാണ്.
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഈ റിപ്പോർട്ടാണ് മറ്റു റിപ്പോർട്ടുകളെക്കാൾ വ്യാപകമായ ആശയമുൾകൊള്ളുന്നത്. കാരണം, ബിദ്അത്തുണ്ടാക്കിയവരെയും അതിനെ പിൻപറ്റി കർമങ്ങൾ ചെയ്യുന്നവരെയും ഈ വചനം ഉൾകൊള്ളുന്നുണ്ട്. കർമങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകളിൽ ഒന്നാണത്. അഥവാ, നബിﷺയെ പിൻപറ്റിക്കൊണ്ട് കർമങ്ങൾ ചെയ്യൽ. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാക്ഷിച്ചുകൊണ്ട് ചെയ്യുന്ന എതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:
ഒന്ന്: അല്ലാഹുവിന്റെ പ്രീതിമാത്രം കാക്ഷിച്ചു യാതൊരാളെയും പങ്കുചേർക്കാതെ അവന് നിഷ്‌കളങ്കമായി അഥവാ ഇഖ്‌ലാസോട് കൂടി സമർപ്പിക്കുന്നതായിരിക്കണം ആ കർമം. അതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യ വചനത്തിന്റെ തേട്ടം.
രണ്ട്: നബിﷺയെ പിൻപറ്റിക്കൊണ്ടായിരിക്കണം പ്രസ്തുത കർമം അനുഷ്ഠിക്കേണ്ടത്. അതാണ് മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ സത്യദൂതനാനെന്ന സാക്ഷ്യപ്രഖ്യാപനത്തിന്റെ താൽപര്യം.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (നിങ്ങളിൽ ഏറ്റവും നന്നായി കർമം ചെയ്യുന്നതാരെന്നു പരീക്ഷിക്കുവാൻവേണ്ടി-67:2) എന്ന ആയത്തിലെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫുദൈലുബ്‌നു ഇയാദ്(റ) പറയുന്നു:
{أخلصُه وأصوَبُه} قال: فإنَّ العملَ إذا كان خالصاً ولم يكن صواباً لم يُقبل، وإذا كان صواباً ولم يكن خالصاً لم يُقبل، حتى يكون خالصاً صواباً، والخالص أن يكون لله، والصواب أن يكون على السنَّة”،
ഒരു കർമം ഏറ്റവും ആത്മാർഥതയുള്ളതും (ഇഖ്‌ലാസ്) എന്നാൽ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലല്ലാതായിരിക്കുകയും ചെയ്താൽ അത് സ്വീകരിക്കപ്പെടുകയുമില്ല. അതുപോലെതന്നെ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലാവുകയും ഇഖ്‌ലാസ് നഷ്ടപ്പെടുകയും ചെയ്താലും പ്രസ്തുത കർമം സ്വീകരിക്കപ്പെടുകയില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതിമാത്രം ലക്ഷ്യമാക്കി ഇഖ്‌ലാസോടുകൂടിയും പ്രവാചക മാതൃക പിൻപറ്റി കുറ്റമറ്റ രീതിയിലും അനുഷ്ഠിക്കുന്നതായാൽ മാത്രമാണ് സ്വീകരിക്കപ്പെടുക. ഇഖ്‌ലാസോടുകൂടിയാവുക എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ മാത്രം തൃപ്തിയും പ്രതിഫലവും കാക്ഷിക്കലും, ശരിയായ വിധത്തിലാവുക എന്നു പറഞ്ഞാൽ സുന്നത്തനുസരിച്ചും ആയിരിക്കുക എന്നതാണ് വിവക്ഷ.
وقال ابن كثير في تفسير قوله تعالى: {فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً} قال: {فَلْيَعْمَلْ عَمَلاً صَالِحاً} أي: ما كان موافقاً لشرع الله، {وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً} وهو الذي يُراد به وجه الله وحده لا شريك له، وهذان ركنا العمل المتقبَّل، لا بدَّ أن يكون خالصاً لله صواباً على شريعة رسول الله صلى الله عليه وسلم”.
സൂറ:കഹ്ഫ് 110 ന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറയുന്നു: “സൽകർമം ചെയ്തുകൊള്ളട്ടെ’’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ നിയമനിർദേശങ്ങളോട് യോജിക്കുന്നത് എന്ന അർഥത്തിലാണ്. ‘തന്റെ രക്ഷിതാവിനുള്ള ഇബാദത്തിൽ ഒരാളെയും പങ്കുചേർക്കുകയുമരുത്’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ മാത്രം പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടുള്ള കർമമായിരിക്കണം എന്ന അർഥത്തിലുമാണ്. ഈ രണ്ട് കാര്യങ്ങളുമാണ് സ്വീകാര്യയോഗ്യമായ കർമങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ. അഥവാ അല്ലാഹുവിന് നിഷ്‌കളങ്കമായി സമർപ്പിച്ചതും നബിﷺയുടെ മാതൃകയനുസരിച്ചും ഉള്ളതായിരിക്കണം അത്. (മജ്മൂഉൽ ഫതാവാ, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, 18/250)
(രണ്ട്)
عن أبي نجيح العرباض بن سارية رضي الله عنه قال: ”وعظنا رسول الله صلى الله عليه وسلم موعظة بليغة وجلت منها القلوب وذرفت منها العيون، فقلنا: يا رسول الله كأنها موعظة مودع فأوصنا. قال: ”أوصيكم بتقوى الله ، والسمع والطاعة وإن تأمر عليكم عبد حبشي، وإنه من يعش منكم فسيرى اختلافاً كثيراً. فعليكم بسنتي وسنة الخلفاء الراشدين المهديين، عضوا عليها بالنواجذ، وإياكم ومحدثات الأمور فإن كل بدعة ضلالة”
ഇർബാദ് ഇബ്‌നു സാരിയ (റ) പറയുന്നു: “നബിﷺ ഞങ്ങളെ ഉപദേശിച്ചു, സാരവത്തായ ഒരു ഉപദേശമായിരുന്നു അത്. കണ്ണുകൾ നിറയുകയും ഹൃദയങ്ങൾ പിടയ്ക്കുകയും ചെയ്തു. അതുകേട്ട ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് ഒരു വിടവാങ്ങലിന്റെ ഉപദേശം പോലെ തോന്നുന്നു വല്ലോ, എന്താണ് അങ്ങേക്ക് ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്?’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കണമെന്നും നേതൃത്വത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നുമാണ്-അതൊരു എത്യോപ്യൻ അടിമയാണെങ്കിലും-ഞാൻ നിങ്ങളെ ഉപദേശിക്കുന്നത്. തീർച്ചയായും നിങ്ങളിൽനിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതായിരിക്കും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സച്ചരിതരായ ഖുലഫാഉകളുടെ സുന്നത്തും പിൻപറ്റണം. അവയെ നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൾകൊണ്ട് കടിച്ചു പിടിക്കുകയും വേണം. (മതത്തിൽ) പുതിയതായി നിർമിക്കപ്പെട്ട പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷി ക്കുകയും ചെയ്യുക. നിശ്ചയം! എല്ലാ പുത്തനാചാരങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ. തിർമുദി പറഞ്ഞു: ഈ ഹദീസ് ഹസനും സ്വഹീഹുമാണ്).
തന്റെ കാലഘട്ടത്തിനോടടുത്ത കാലത്തുതന്നെ ഭിന്നതകളുണ്ടാകുമെന്നു നബിﷺ അറിയിച്ചു. അത് ധാരാളമായി ഉണ്ടാകുമെന്നും സ്വഹാബികളുടെ കൂട്ടത്തിൽ ജീവിച്ചിരിക്കുന്നവർ അത് കാണുമെന്നും പറയുകയും ശേഷം അതിൽനിന്നുള്ള സുരക്ഷക്ക് വേണ്ട മാർഗനിർദേശങ്ങൾ അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. നബിﷺയുടെയും ഖുലഫാഉർറാഷിദുകളുടെയും സുന്നത്ത് പിൻപറ്റലാകുന്നു അത്. പുത്തനാശയങ്ങളെ കൈയൊഴിയാനും സുന്നത്ത് സ്വീകരിക്കാനും അവിടുന്ന് പ്രേരിപ്പിക്കുകയും ചെയ്തു.
(മൂന്ന്)
ജാബിർ ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘നബിﷺ ഒരു ജുമുഅ ദിവസം പ്രസംഗിക്കുകയായിരുന്നു. അപ്പോൾ പറഞ്ഞു:
فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ
‘നിശ്ചയം! സംസാരങ്ങളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ ഗ്രന്ഥം അഥവാ വിശുദ്ധ ക്വുർആനും മാതൃകകളിൽവെച്ച് ഏറ്റവും ഉത്കൃഷ്ടമായാത് മുഹമ്മദ് നബിﷺയുടെ മാതൃകയുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും ചീത്ത മതത്തിൽ പുതുതായുണ്ടാക്കിയ കാര്യങ്ങളാണ്. എല്ലാ പുതുനിർമിതികളും (ബിദ്അത്തുകൾ) വഴികേടാണ്’’(സ്വഹീഹു മുസ്‌ലിം).
(നാല്)
قال رسول الله صلى الله عليه وسلم: فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
നബിﷺ പറഞ്ഞു: ആരെങ്കിലും എന്റെ ചര്യയോട് (സുന്നത്തിനോട്) വെറുപ്പ് പ്രകടിപ്പിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല. (ബുഖാരി, മുസ്‌ലിം)
(അഞ്ച്)
قال رسول الله صلى الله عليه وسلم: يا أيُّها الناس! إنِّي تركتُ فيكم ما إن اعتصمتم به فلن تضلُّوا أبداً، كتاب الله وسنَّة نبيِّه صلى الله عليه وسلم
നബിﷺ പറഞ്ഞു: “അല്ലെയോ ജനങ്ങളേ, ഞാൻ നിങ്ങളിലേക്കിതാ ഒരുകാര്യം വിട്ടേച്ചുപോകുന്നു. നിങ്ങളത് മുറുകെപിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ക്വുർആനും നബിﷺയുടെ സുന്നത്തുമത്രെ അത്.
قال رسول الله صلى الله عليه وسلم: إنِّي قد تركتُ فيكم شيئين لن تضلوا بعدهما، كتاب الله وسنَّتي
ഞാൻ നിങ്ങളിലേക്ക് രണ്ട് കാര്യങ്ങൾ വിട്ടേച്ചുപോകുന്നു. അതിനുശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ ക്വുർആനും എന്റെ സുന്നത്തുമാണത്. (ഹാകിം)
ഹജ്ജത്തുൽ വദാഇൽവെച്ച് നബിﷺ പറഞ്ഞ ദീർഘമായ ഹദീസ് ജാബിർ(റ) നിവേദനം ചെയ്തത് സ്വഹീഹു മുസ്‌ലിമിൽ കാണാം:
وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنِ اعْتَصَمْتُمْ بِهِ كِتَابَ اللَّهِ . وَأَنْتُمْ تُسْأَلُونَ عَنِّي فَمَا أَنْتُمْ قَائِلُونَ ” . قَالُوا نَشْهَدُ أَنَّكَ قَدْ بَلَّغْتَ وَأَدَّيْتَ وَنَصَحْتَ . فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ” اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ” . ثَلاَثَ مَرَّاتٍ
തീർച്ചയായും ഒരു കാര്യം ഞാൻ നിങ്ങളിലേക്ക് വിട്ടുതന്നിട്ട് പോകുന്നു. അത് നിങ്ങൾ മുറുകെ പിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുർആനത്രെ അത്. പരലോകത്ത് നിങ്ങളോട് എന്നെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്തായിരിക്കും മറുപടി പറയുക?’ സ്വഹാബത്ത് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് കാര്യങ്ങൾ എത്തിച്ചുതരികയും വിശദമാക്കിത്തരികയും ഗുണകാക്ഷയോടെ വർത്തിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷി പറയും.’’ അപ്പോൾ നബിﷺ തന്റെ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷിയാണ്! അല്ലാഹുവേ, നീ സാക്ഷിയാണ്! നീ സാക്ഷിയാണ്!’’
(ആറ്)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى ”. قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ ” مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എന്റെ സമുദായം മുഴുവനായും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവരൊഴികെ.’ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിച്ചവർ?’ അവിടുന്ന് പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ, അയാൾ സ്വർഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അയാൾ വിസമ്മതിച്ചവനാണ്’ (ബുഖാരി).
(ഏഴ്)
عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: “مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ “.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ നിങ്ങളോട് വിരോധിച്ചതിൽനിന്ന് നിങ്ങൾ വിട്ടകന്നു നിൽക്കുക. ഞാൻ നിങ്ങളോട് കൽപിച്ച കാര്യങ്ങൾ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചുകളഞ്ഞത് അവരുടെ അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോട് എതിരാവലുമായിരുന്നു. (ബുഖാരി, മുസ്‌ലിം).
(എട്ട്)
قَالَ رَسُولُ اللَّهِ صلى الله عليه و سلم “لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ”.
നബിﷺ പറഞ്ഞു: “ഞാൻ കൊണ്ടുവന്ന ആശയാദർശങ്ങളോട് യോജിക്കുന്ന വിധത്തിൽ സ്വന്തം ഇച്ഛകളും ആയിത്തീരുന്നതുവരെ നിങ്ങളിലൊരാളും പരിപൂർണ വിശ്വാസിയാവുകയില്ല’’ (ഇമാം നവവി തന്റെ ‘നാൽപതു ഹദീസുകൾ’ എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലാഹിബ്‌നു അംറി(റ)ൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്).
قال الحافظ في الفتح (١٣/٢٨٩) : “وأخرج البيهقي في المدخل وابن عبد البر في بيان العلم عن جماعة من التابعين، كالحسن وابن سيرين وشريح والشعبي والنخعي بأسانيد جياد ذم القول بالرأي المجرَّد، ويجمع ذلك كلَّه حديثُ أبي هريرة “لا يؤمن أحدُكم حتى يكون هواه تبَعاً لِما جئتُ به”، أخرجه الحسن بن سفيان وغيره، ورجاله ثقات، وقد صححه النووي في آخر الأربعين”.
ഇബ്‌നു ഹജർ(റഹി) പറയുന്നു: “ബൈഹക്വി തന്റെ ‘അൽമദ്ഖലി’ലും ഇബ്‌നു അബ്ദിൽബിർറ് ‘ബയാനുൽ ഇൽമി’ലും ഒരുപറ്റം താബിഉകളിൽനിന്നും-ഹസൻ, ഇബ്‌നു സിരീൻ, ശുറൈഹ്, ശഅ്ബി, നഖഈ പോലുള്ളവരിൽനിന്ന്- (കേവലം അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനെ ആക്ഷേപിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ) നല്ല പരമ്പരയോടുകൂടി ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ടുകളെല്ലാം ഉൾകൊള്ളുന്നത് മേൽസൂചിപ്പിച്ച, അബൂഹുറയ്‌റ(റ) പറഞ്ഞ ഹദീസ്, ഹസനുബ്‌നു സുഫ്‌യാനും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ നിവേദകർ പ്രബലരാണ്. ഇമാം നവവി ‘നാൽപതു ഹദീസു’കളുടെ അവസാനത്തിൽ ഇത് സ്വഹീഹാനെന്നു പറയുകയും ചെയ്തിട്ടുണ്ട്’’ (ഫത്ഹുൽ ബാരി 13/289).
(ഒമ്പത്)
عَنْ عُمَرَ ـ رضى الله عنه ـ أَنَّهُ جَاءَ إِلَى الْحَجَرِ الأَسْوَدِ فَقَبَّلَهُ، فَقَالَ إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ.
ഉമർ(റ) ഹജറുൽ അസ്‌വദിന്റെ അടുക്കൽ ചെന്ന് അതിനെ ചുംബിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ല് മാത്രമാണ് നീയെന്ന് എനിക്ക് നന്നായറിയാം. നബിﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല’’(ബുഖാരി, മുസ്‌ലിം).
(പത്ത്)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സന്മാർഗകാര്യത്തിലേക്ക് ആരെയെങ്കിലും ക്ഷണിച്ചാൽ അയാളെ പിൻപറ്റുന്നവരുടെതിനു സമാനമായ പ്രതിഫലം ആ ക്ഷണിച്ചയാൾക്കും ഉണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുത്തുന്നതല്ല. അതുപോലെ ആരെങ്കിലും ഒരു വഴികേടിലേക്ക് മറ്റൊരാളെ ക്ഷണിച്ചാൽ അയാളെ പിൻപറ്റിയ എല്ലാവരുടെതിനും സമാനമായ പാപം അയാൾക്കുമുണ്ടായിരിക്കും. എന്നാൽ അത് അയാളുടെ പാപങ്ങളിൽ നിന്ന് യാതൊരു കുറവും വരുത്തുകയില്ല. (മുസ്ലിം)
സുന്നത്ത് പിൻപറ്റാൻ പ്രേരിപ്പിച്ചുകൊണ്ടും ബിദ്അത്തുകളിൽനിന്ന് താക്കീത് നൽകിക്കൊണ്ടും ധാരാളം ക്വുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും വന്നിട്ടുള്ളതുപോലെ, സ്വഹാബികളും താബിഉകളുമടങ്ങുന്ന സച്ചരിതരായ മുൻഗാമികളുടെ (സലഫുകളുടെ) ധാരാളം ഉദ്ധരണികളും (അസറുകൾ) ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതിൽ ചിലത് കാണുക:
١ ـ قال عبد الله بن مسعود رضي الله عنه: “اتِّبعوا ولا تبتدعوا؛ فقد كُفيتُم”
(1) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: “നിങ്ങൾ സുന്നത്തുകൾ പിൻപറ്റുക. മതത്തിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കരുത്. കാരണം ദീൻ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്’’ (ദാരിമി).
٢ ـ قال عثمان بن حاضر: “دخلتُ على ابن عباس، فقلت: أوصني، فقال: نعم! عليك بتقوى الله والاستقامة، اتَّبع ولا تبتدع”
(2) ഉസ്മാനുബ്‌നു ഹാദിർ(റ) പറയുന്നു: “ഞാനൊരിക്കൽ ഇബ്‌നുഅബ്ബാസി(റ)ന്റെ അടുക്കൽ ചെന്നിട്ട് പറഞ്ഞു: ‘എനിക്ക് വേണ്ട ഉപദേശം(വസ്വിയ്യത്ത്) തന്നാലും.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ശരി, നീ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് നേരെ ചൊവ്വെ നിലകൊള്ളുക, സുന്നത്ത് പിൻപറ്റുക, ബിദ്അത്തുകളുണ്ടാക്കാതെയിരിക്കുക’’ (ദാരിമി).
٣ ـ قال عبد الله بن مسعود: “مَن سرَّه أن يلقى اللهَ غداً مسلماً فليحافظ على هؤلاء الصلوات حيث يُنادى بهنَّ؛ فإنَّ الله شرع لنبيِّكم سنن الهدى، وإنَّهنَّ من سُنن الهدى، ولو أنَّكم صلَّيتُم في بيوتكم كما يُصلِّي هذا المتخلِّف في بيته لتركتُم سنَّة نبيِّكم، ولو تركتم سنَّة نبيِّكم لضللتُم … “
(3) അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞു: “ആരെങ്കിലും മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, നിർബന്ധ നമസ്‌കാരങ്ങൾ അതിനായി വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ (അഥവാ പള്ളികളിൽ വെച്ച് ജമാഅത്തായി) നിർവഹിക്കാൻ ശ്രദ്ധിച്ചുകൊള്ളട്ടെ! നിശ്ചയം, അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗചര്യകൾ മതമാക്കിയിരിക്കുന്നു. ഈ നമസ്‌കാരങ്ങൾ പ്രസ്തുത സന്മാർഗചര്യകളിൽ പെട്ടതാണ്. നിങ്ങളെങ്ങാനും (പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാതെ) നിങ്ങളുടെ വീടുകളിൽവെച്ചാണ് ഈ ഫർദു നമസ്‌കാരങ്ങൾ നിർവഹിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യയാണ് കയ്യൊഴിയുന്നത്. നിങ്ങളെങ്ങാനും നിങ്ങളുടെ പ്രവാചകന്റെ ചര്യകൾ കയ്യൊഴിച്ചാൽ വഴിപിഴച്ചതുതന്നെ!’’ (മുസ്‌ലിം).
٤ ـ قال عبد الله بن عمر رضي الله عنهما: “كلُّ بدعة ضلالة وإن رآها الناسُ حسنة”
(4) അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു: “എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും’’ (മുഹമ്മദ് ഇബ്‌നു നസ്വ‌്ർ അൽമർവസി തന്റെ ‘അസ്സുന്ന’യിൽ ഉദ്ധരിച്ചത്).
٥ ـ قال معاذ بن جبل رضي الله عنه: “فإيَّاكم وما يُبتدَع؛ فإنَّ ما ابتُدع ضلالة”
(5) മുആദുബ്‌നു ജബൽ(റ) പറയുന്നു: “മതത്തിൽ പുതുതായുണ്ടാക്കുന്ന (ബിദ്അത്തുകളെ) കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. കാരണം അവ വഴികേടാണ്’’ (അബൂദാവൂദ്).
٦ ـ كتب رجلٌ إلى عمر بن عبد العزيز يسأله عن القدر، فكتب: “أمَّا بعد، أوصيك بتقوى الله والاقتصاد في أمره واتِّباع سنَّة نبيِّه صلى الله عليه وسلم وترك ما أحدث المحدثون بعد ما جرت به سنته، وكُفوا مؤنته، فعليك بلزوم السنَّة؛ فإنها لك بإذن الله عصمة … “
(6) ‘ക്വദ്‌റി’നെ (വിധിയിലുള്ള വിശ്വാസത്തെ) കുറിച്ച് ചോദിച്ചുകൊണ്ട് ഒരാൾ ഉമറുബ്‌നു അബ്ദിൽ അസീസി(റഹി)ന് കത്തെഴുതി. അപ്പോൾ അദ്ദേഹം അയാൾക്ക് ഇപ്രകാരം മറുപടി നൽകി: “അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കണമെന്നും അതിൽ അതിരുവിടാതെ സൂക്ഷിക്കണമെന്നും ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. അപ്രകാരം തന്നെ നബിﷺയുടെ സുന്നത്തുകൾ പിൻപറ്റുകയും അതിനുപുറമെ ആളുകൾ മതത്തിൽ പുതുതായി കടത്തികൂട്ടിയ അനാചാരങ്ങളെ കയ്യൊഴിയുകയും വേണം. നിങ്ങളുടെ കടമ അതാണ്. പുതിയതായി ഒന്നും മതത്തിലേക്ക് ചേർക്കേണ്ടതില്ല. അതിനാൽ നിങ്ങൾ സുന്നത്തുകളെ കണിശമായി പിൻപറ്റുക. തീർച്ചയായും നിങ്ങൾക്കത് സുരക്ഷയായിരിക്കും’’ (അബൂദാവൂദ്).
٧ ـ قال سهل بن عبد الله التستري: “ما أحدث أحدٌ في العلم شيئاً إلاَّ سُئل عنه يوم القيامة، فإن وافق السنَّة سلِم، وإلاَّ فلا”
(7) സഹലുബ്‌നു അബ്ദില്ലാഹിത്തുസ്തുരി(റ) പറഞ്ഞു: “ആരെങ്കിലും (മത)വിജ്ഞാനങ്ങളിൽ പുതിയതായി വല്ലതും ഉണ്ടാക്കിയാൽ തീർച്ചയായും ക്വിയാമത്ത് നാളിൽ അയാളോട് അതിനെപ്പറ്റി ചോദിക്കുന്നതായിരിക്കും. അത് സുന്നത്തിനോട് യോജിക്കുന്നതും (ബിദ്അത്തല്ലാതിരിക്കുകയും ചെയ്താൽ) അയാൾ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അയാൾക്ക് രക്ഷയില്ല’’ (ഫത്ഹുൽ ബാരി).
٨ ـ قال أبو عثمان النيسابوري: “مَن أمَّر السنَّة على نفسه قولاً وفعلاً نطق بالحكمة، ومن أمَّر الهوى على نفسه قولاً وفعلاً نطق بالبدعة”
(8) അബൂ ഉസ്മാൻ അന്നൈസാബൂരി(റഹി) പറയുന്നു: “ആരെങ്കിലും തന്റെ വാക്കുകളിലും പ്രവൃത്തികളിലും സുന്നത്തിനെ നേതാവാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്നുവെങ്കിൽ യുക്തിഭദ്രമായ വിജ്ഞാനമായിരിക്കും അയാളിൽനിന്ന് പുറത്തുവരിക. നേരെമറിച്ച് ആരെങ്കിലും ദേഹേച്ഛയെയാണ് നേതാവാക്കി അനുസരിക്കുന്നതെങ്കിൽ അയാളുടെ വാക്കിലും പ്രവൃത്തികളിലും സുന്നത്തിനു വിരുദ്ധമായ ബിദ്അത്തായിരിക്കും ഉണ്ടാവുക’’ (ഹിൽയത്തുൽ ഔലിയാഅ്).
قال الإمام مالك رحمه الله: “مَن ابتدع في الإسلام بدعة يراها حسنة فقد زعم أنَّ محمداً خان الرسالة؛ لأنَّ الله يقول: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} ، فما لَم يكن يومئذ ديناً فلا يكون اليوم ديناً”
(9) ഇമാം മാലിക്(റഹി) പറഞ്ഞു: “ആരെങ്കിലും ഇസ്‌ലാമിൽ പുതിയതായി വല്ലതും ഉണ്ടാക്കുകയും അത് നല്ല കാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ, മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചനകാണിച്ചു എന്നാണ് അയാൾ അതിലൂടെ വിളിച്ചുപറയുന്നത്. കാരണം അല്ലാഹു പറയുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തീകരിച്ച് തന്നിരിക്കുന്നു…’(5:3). അതിനാൽ അന്നേദിവസം ദീനല്ലാത്ത ഒന്നും ഇന്നും ദീനായിരിക്കുകയില്ല’’ (ശാത്വിബിയുടെ അൽഇഅ്തിസ്വാം).
١٠ ـ قال الإمام أحمد رحمه الله: “أصول السنة عندنا التمسُّك بما كان عليه أصحاب رسول الله صلى الله عليه وسلم والاقتداء بهم، وترك البدع، وكل بدعة ضلالة”
(10) ഇമാം അഹ്‌മദ്(റഹി) പറയുന്നു: “നബിﷺയുടെ അനുചരന്മാർ നിലകൊണ്ട ആശയാദർശങ്ങൾ മുറുകെ പിടിച്ച് അവരെ പിൻപറ്റലും ബിദ്അത്തുകൾ കയ്യൊഴിക്കലുമാണ് സുന്നത്തിന്റെ വക്താക്കളുടെ അടിസ്ഥാനം. മതത്തിൽ ഉണ്ടാക്കപ്പെടുന്ന എല്ലാ പുതിയതും (ബിദ്അത്തും) വഴികേടാകുന്നു’’ (ലാലകാഇയുടെ ശർഹു ഉസ്വൂലി ഇഅ്തിക്വാദി അഹ്‌ലിസ്സുന്ന 317).
വിശ്വാസകാര്യങ്ങളിലെന്ന പോലെ മറ്റു കാര്യങ്ങളിലും സുന്നത്ത് പിൻപറ്റൽ അനിവാര്യം
വിശ്വാസകാര്യങ്ങളിൽ നബി ﷺയുടെ അധ്യാപനങ്ങൾ പിൻപറ്റൽ നിർബന്ധമാണ് എന്നപോലെത്തന്നെ ക്വുർആനും സുന്നത്തും പഠിപ്പിക്കുന്ന മറ്റു കാര്യങ്ങളിലും പ്രവാചകചര്യ പിൻപറ്റൽ അനിവാര്യമാണ്. നബിﷺ പറയുന്നു: “നിങ്ങളിൽ ആരെങ്കിലും എന്റെ കാലശേഷം ജീവിച്ചിരിക്കുന്നെങ്കിൽ ധാരാളം ഭിന്നതകൾ കാണാൻ കഴിയുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ ചര്യയും ഖുലഫാഉർറാശിദുകളുടെ ചര്യയും പിൻപറ്റുക.’’
തെളിവുകൾ വ്യക്തമാകുന്ന സന്ദർഭത്തിൽ ശാഖാപരമായ, ഇജ്തിഹാദിയായ കാര്യങ്ങളിലടക്കം സുന്നത്ത് പിൻപറ്റാനാണ് ഈ ഹദീസ് അറിയിക്കുന്നത്. ഈ സമുദായത്തിലെ സച്ചരിതരായ മുൻകാല പണ്ഡിതന്മാരടക്കം ഇക്കാര്യം ഉപദേശിച്ചിട്ടുണ്ട്. അതിൽ പ്രമുഖരാണ് ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം അശ്ശാഫിഈ (റഹി), ഇമാം അഹ്‌മദ്(റഹി) എന്നിവർ. തങ്ങൾ പറഞ്ഞതിനെതിരായി നബിﷺയിൽനിന്ന് വല്ല ഹദീസും സ്ഥിരപ്പെട്ടുവന്നാൽ തങ്ങളുടെ വാക്കുകൾ കയ്യൊഴിച്ചു പ്രസ്തുത തെളിവ് സ്വീകരിക്കാനാണ് അവരൊക്കെയും പറഞ്ഞത്.
ഇമാം മാലികി(റ)ന്റെ ഈ വാക്കുകൾ വളരെ പ്രസിദ്ധമാണ്:
كلٌّ يؤخذ من قوله ويُردُّ إلاَّ رسول الله صلى الله عليه وسلم”،
“നബിﷺയുടെതല്ലാത്ത ഏതൊരാളുടെയും വാക്കുകളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും’’
قال الإمام الشافعي رحمه الله: “أجمع الناسُ على أنَّ من استبانت له سنة رسول الله صلى الله عليه وسلم لم يكن له أن يَدَعها لقول أحد”
ഇമാം ശാഫിഈ(റഹി) പറയുന്നു: “നബിﷺയുടെ സുന്നത്ത് ഒരാൾക്ക് വ്യക്തമായിക്കഴിഞ്ഞാൽ പിന്നെ മറ്റൊരാളുടെ വാക്കിന്റെ പേരിൽ അത് കയ്യൊഴിക്കാൻ പാടുള്ളതല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാരുടെ ‘ഇജ്മാഅ്’ (ഏകോപിച്ച അഭിപ്രായം) ഉണ്ട്. (ഇബ്‌നുൽ ക്വയ്യിമിന്റെ ‘അർറൂഹ്’ എന്ന ഗ്രന്ഥം, പേജ് 395-396).
ഉപരിസൂചിത പണ്ഡിതവചനങ്ങൾ ഉദ്ധരിക്കുന്നതിന്റെ അൽപം മുമ്പ് ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്:
فمَن عرض أقوال العلماء على النصوص ووزَنَها بها وخالف منها ما خالف النصَّ لم يُهدِر أقوالَهم ولَم يهضِم جانبهم، بل اقتدى بهم؛ فإنَّهم كلَّهم أمروا بذلك، فمتَّبعُهم حقًّا مَن امتثل ما أوصوا به لا مَن خالفهم”.
“ആരെങ്കിലും പണ്ഡിതന്മാരുടെ വാക്കുകൾ ക്വുർആനിനോടും സുന്നത്തിനോടും ഒത്തുനോക്കുകയും എന്നിട്ട് പ്രമാണങ്ങളോട് എതിരായ പണ്ഡിതാഭിപ്രായങ്ങളോട് വിയോജിക്കുകയും ചെയ്താൽ അയാൾ ഒരിക്കലും ആ പണ്ഡിതന്മാരെ അവഹേളിച്ചവനോ അവരുടെ വാക്കുകളെ കയ്യൊഴിച്ചവനോ ആവുകയില്ല. മറിച്ച്, അയാൾ അവരെ ശരിയായ വിധത്തിൽ പിൻപറ്റിയവനാണ്. കാരണം, ആ പണ്ഡിതന്മാരൊക്കെയും ഉപദേശിച്ചതും നിർദേശിച്ചതും അതാണ്. അതിനാൽ അവരെ യഥാർഥത്തിൽ പിൻപറ്റിയവൻ അവരുടെ ഉപദേശങ്ങളെ പ്രയോഗവത്കരിച്ചവനാണ്; അല്ലാതെ അവരോട് എതിരായവനല്ല.’’
കർമശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന നാലു മദ്ഹബുകളിലെയും പണ്ഡിതന്മാരിൽ എത്രയോപേർ മദ്ഹബിലെ അഭിപ്രായങ്ങൾക്ക് എതിരായി പ്രമാണങ്ങൾ സ്ഥിരപ്പെട്ടുവരുമ്പോൾ തെളിവിനെ പിൻപറ്റി ഇമാമുകളുടെ വാക്കുകളെ ഉപേക്ഷിച്ച നിരവധി സംഭവങ്ങളുണ്ട്.
قال أصبغ بن الفرج: “المسح (يعني على الخفين) عن النَّبيِّ صلى الله عليه وسلم وعن أكابر أصحابه في الحضر أثبت عندنا وأقوى من أن نتَّبعَ مالكاً على خلافه”
അസബഗ് ഇബ്‌നു ഫറജ്(റഹി) പറയുന്നു: “നാട്ടിലുള്ള സന്ദർഭത്തിലും (അഥവാ യാത്രക്കാരനല്ലാത്ത അവസ്ഥയിലും) ഖുഫ്ഫയിന്മേൽ തടവാമെന്നത് നബിﷺയിൽനിന്നും പ്രമുഖരായ സ്വഹാബികളിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതിനെതിരിൽ ഇമാം മാലികി(റ)ന്റെ വാക്ക് പിൻപറ്റുന്നതിനെക്കാൾ നമ്മുടെ അടുക്കൽ ഏറ്റവും ശക്തവും പ്രബലവുമായത് പ്രസ്തുത പ്രമാണങ്ങളെ പിൻപറ്റലാണ്’’ (ഫത്ഹുൽ ബാരി 1/306).
قال الحافظ في الفتح (١/٢٧٦) : “المالكية لا يقولون بالتتريب في الغسل من ولوغ الكلب، قال القرافي منهم: قد صحَّت فيه الأحاديث، فالعجب منهم كيف لم يقولوا بها! “.
ഹാഫിദ്വ് ഇബ്‌നു ഹജർ(റഹി) ഫത്ഹുൽ ബാരിയിൽ പറയുന്നു: “നായ പാത്രത്തിൽ തലയിട്ടാൽ ശുദ്ധീകരിക്കുന്നതിന് ഏഴു പ്രാവശ്യം കഴുകുമ്പോൾ ഒന്നാമത് മണ്ണുകൊണ്ടായിരിക്കണമെന്ന ക്രമം (തർതീബ്) പരിഗണിക്കണമെന്ന് മാലികികൾ അഭിപ്രായപ്പെടുന്നില്ല, എന്നാൽ അവരുടെ കൂട്ടത്തിൽ പെട്ട ഖറാഫി(റഹി) പറയുന്നത് കാണുക: “ഈ വിഷയത്തിൽ ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നിട്ടും മദ്ഹബിലെ പണ്ഡിതന്മാർ അതനുസരിച്ച് തിരുത്തിപ്പറയാത്തതിലാണ് അത്ഭുതം!’’
قال ابن العربي المالكي: “قال المالكية: ليس ذلك ـ أي الصلاة على الغائب ـ إلاَّ لمحمد صلى الله عليه وسلم، قلنا: وما عمل به محمدٌ صلى الله عليه وسلم تعملُ به أمَّتُه؛ يعني لأنَّ الأصلَ عدم الخصوصية، قالوا: طُويت له الأرض وأُحضرت الجنازة بين يديه! قلنا: إنَّ ربَّنا عليه لقادر، وإنَّ نبيَّنا لأهلٌ لذلك، ولكن لا تقولوا إلاَّ ما رويتم، ولا تَخترعوا حديثاً من عند أنفسكم، ولا تحدِّثوا إلاَّ بالثابتات ودَعُوا الضِّعافَ؛ فإنَّها سبيل إتلاف إلى ما ليس له تلاف”
മാലികി പണ്ഡിതനായ ഇബ്‌നുൽ അറബി അൽമാലികി(റഹി) പറയുന്നു: “മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള ജനാസ നമസ്‌കാരം നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ളതാണ് എന്നാണ് മാലികി പണ്ഡിതന്മാർ പറയുന്നത്. എന്നാൽ നാം പറയട്ടെ, നബിﷺ ചെയ്ത കാര്യം ഉമ്മത്തിനും (അഥവാ മറ്റുള്ളവർക്കും) ചെയ്യാവുന്നതാണ്. അതായത്, നബിﷺക്ക് മാത്രം പ്രത്യേകമാണ് എന്ന് പറയാതിരിക്കലാണ് അടിസ്ഥാനം (അസ്വ‌്ൽ). അപ്പോൾ അവർ പറയും ‘നബിﷺക്ക് മുഅ്ജിസത്തിലൂടെ ഭൂമി ചുരുട്ടപ്പെടുകയും ജനാസ മുന്നിൽ ഹാജരാക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു’ എന്ന്. അതിന് നമുക്ക് പറയാനുള്ളത് ഇതാണ്: “നമ്മുടെ റബ്ബ് അതിന് കഴിവുള്ളവനാണ്. നമ്മുടെ പ്രവാചകൻﷺ അതിന് (ആ മുഅ്ജിസത്തിലൂടെ ആദരിക്കപ്പെട്ടതിനു) യോഗ്യനുമാണ്. എന്നാൽ നിങ്ങൾക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ സംസാരിക്കരുത്. നിങ്ങളുടെ സ്വന്തം വകയായി നിങ്ങൾ ഹദീസുണ്ടാക്കരുത്. സ്ഥിരപ്പെട്ട ഹദീസുകൾ വെച്ചല്ലാതെ നിങ്ങൾ സംസാരിക്കരൂത്. ദുർബലമായ റിപ്പോർട്ടുകളെ കയ്യൊഴിയുകയും ചെയ്യുക. കണ്ടെത്താൻ കഴിയാത്തത് നശിപ്പിക്കുന്ന ഒരു രീതിയാണത്’’ (ഫത്ഹുൽ ബാരി 3/189, ശൗക്കാനിയുടെ നൈലുൽ ഔത്വാർ 4/54).
‘സ്വലാത്തുൽ വുസ്ത്വാ’ (മധ്യമ നമസ്‌കാരം) ഏതാണെന്ന് നിർണയിക്കുന്ന വിഷയത്തിൽ ഹാഫിദ്വ് ഇബ്‌നു കസീർ(റഹി) പറയുന്നു:
وقد ثبتت السنة بأنَّها العصر، فتعيَّن المصيرُ إليها”
“അത് അസ്വ‌്ർ നമസ്‌കാരമാണെന്ന് സുന്നത്തിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാൽ ആ അഭിപ്രായത്തിലേക്ക് മടങ്ങൽ തീർച്ചപ്പെട്ടു.’’
എന്നിട്ട് ഇമാം ശാഫിഈ(റഹി)യുടെ ഈ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു:
ما قلتُ فكان عن النَّبيِّ صلى الله عليه وسلم بخلاف قولي مِمَّا يصح، فحديث النَّبيِّ صلى الله عليه وسلم أولَى، ولا تقلِّدوني،
“ഞാൻ പറഞ്ഞ എതൊരഭിപ്രായത്തിനും എതിരായി നബിﷺയിൽനിന്ന് സ്വീകാര്യയോഗ്യമായ (സ്വഹീഹായ) റിപ്പോർട്ട് വന്നാൽ നബിﷺയുടെ ഹദീസാണ് പിൻപറ്റേണ്ടത്. അല്ലാതെ എന്നെ നിങ്ങൾ ‘തക്വ്‌ലീദ്’ ചെയ്യരുത്.
ഇമാം ഇങ്ങനെയും പറഞ്ഞിട്ടുണ്ട്:
إذا صحَّ الحديث وقلتُ قولاً فأنا راجعٌ عن قولي وقائل بذلك”،
“നബിﷺയുടെ ഹദീസ് സ്ഥിരപ്പെടുകയും അതിനു വ്യത്യസ്തമായി ഞാൻ വല്ലതും പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ അഭിപ്രായത്തിൽനിന്ന് മടങ്ങുകയും നബിﷺയുടെ ഹദീസനുസരിച്ച് പറയുകയും ചെയ്തതായി മനസ്സിലാക്കുക.’’
ശേഷം ഇബ്‌നു കസീർ(റഹി) പറയുന്നു:
“فهذا من سيادته وأمانته، وهذا نفَسُ إخوانه من الأئمَّة رحمهم الله ورضي الله عنهم أجمعين، آمين، ومن هنا قطع القاضي الماوَردي بأنَّ مذهب الشافعي ـ رحمه الله ـ أنَّ صلاة الوسطى هي صلاة العصر ـ وإن كان قد نصَّ في الجديد وغيره أنَّها الصبح ـ لصحة الأحاديث أنَّها صلاةُ العصر، وقد وافقه على هذه الطريقة جماعة من محدِّثي المذهب، ولله الحمد والمنَّة”،
“ഇത് അദ്ദേഹത്തിന്റെ മഹത്ത്വവും വിശ്വസ്തതയുമാണറിയിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സമശീർഷരായ ഇമാമുമാരുടെയും നിലപാട്. അല്ലാഹു അവരെയെല്ലാവരെയും തൃപ്തിപ്പെടുകയും അവരിൽ കരുണ ചൊരിയുകയും ചെയ്യുമാറാകട്ടെ, ആമീൻ. ഇതിനാലാണ് ക്വാദി മാവർദി (റഹി) മധ്യമ നമസ്‌കാരം (സ്വലാത്തുൽ വുസ്ത്വാ) അസ്വ‌്ർ നമസ്‌കാരമാണെന്നു തന്നെയാണ് ഇമാം ശാഫിഈയുടെ അഭിപ്രായമെന്ന് തറപ്പിച്ചുപറഞ്ഞത്. ഇമാം ശാഫിഈ തന്റെ ജദീദായ ക്വൗലിലും (പുതിയ അഭിപ്രായം) മറ്റും അത് സുബ്ഹി നമസ്‌കാരമാണെന്നാണ് പറഞ്ഞിട്ടുള്ളത് എങ്കിൽ കൂടി- കാരണം മധ്യമ നമസ്‌കാരം അസ്വ‌്ർ നമസ്‌കാരമാണെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ (മാവർദിയുടെ) ഈ രീതിയോട് ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം യോജിച്ചിട്ടുമുണ്ട്. അല്ലാഹുവിന്നാകുന്നു സർവസ്തുതിയും’’ (തഫ്‌സീർ ഇബ്‌നു കസീർ, അൽബക്വറ സൂക്തം 238ന്റെ വിവരണം).
قال ابن حجر في الفتح (٢/٢٢٢) : “قال ابن خزيمة في رفع اليدين عند القيام من الركعتين: هو سنة وإن لم يذكره الشافعي، فالإسناد صحيح،وقد قال: قولوا بالسنَّة ودَعوا قولي”،
ഇബ്‌നുഹജർ (റഹി) ഫത്ഹുൽ ബാരിയിൽ പറയുന്നു: “രണ്ട് റകഅത്ത് പൂർത്തിയാക്കി മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റ് നിൽക്കുമ്പോൾ കൈകൾ രണ്ടും ഉയർത്തണം എന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതനായ ഇബ്‌നു ഖുസൈമ(റഹി) പറയുന്നു: ‘ഇമാം ശാഫിഈ(റഹി) പറഞ്ഞിട്ടില്ലായെങ്കിലും അതാണ് സുന്നത്ത്. കാരണം, ഹദീസ് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ) ഇങ്ങനെയാണല്ലോ പറഞ്ഞിട്ടുള്ളത്; നിങ്ങൾ സുന്നത്തനുസരിച്ച് വിധി പറയുക, എന്റെ വാക്ക് ഉപേക്ഷിക്കുക’’ (ഫത്ഹുൽ ബാരി 2/222).
وقال في الفتح أيضاً (٣/٩٥) : “قال ابن خزيمة: ويحرم على العالِم أن يخالف السنَّة بعد علمه بها”،
ഇബ്‌നു ഹജർ(റഹി) ഫത്ഹു ൽ ബാരിയിൽ തന്നെ ഉദ്ധരിക്കുന്നു: “ഇബ്‌നു ഖുസൈമ(റഹി) പറഞ്ഞു: ‘നബിﷺയുടെ സുന്നത്ത് ഇതാണെന്നു മനസ്സിലായശേഷം അതിന് എതിരു പറയൽ ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം ഹറാം(നിഷിദ്ധം) ആണ്’’ (3/95).
وقال في الفتح (٢/٤٧٠) : “روى البيهقي في المعرفة عن الربيع قال: قال الشافعي: قد روي حديث فيه أنَّ النساءَ يُتركن إلى العيدين، فإن كان ثابتاً قلتُ به، قال البيهقي: قد ثبت، وأخرجه الشيخان ـ يعني حديث أم عطية ـ فيلزم الشافعية القول به”،
“ഇമാം ശാഫിഈ(റഹി) പറഞ്ഞതായി റബീഇൽ നിന്നും ബൈഹക്വി തന്റെ ‘അൽമഅ്‌രിഫ’യിൽ ഉദ്ധരിക്കുന്നു: ‘രണ്ടു പെരുന്നാളുകൾക്കും സ്ത്രീകൾ (മുസ്വല്ലയിലേക്ക്) പുറപ്പെടണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതാണെങ്കിൽ ഞാനതനുസരിച്ച് പറയും.’ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അത് ഉദ്ധരിച്ചിട്ടുണ്ട്. അതായത്, ഉമ്മു അത്വിയ്യ(റ)യുടെ ഹദീസ്. അതിനാൽ ശാഫിഈ മദ്ഹബ് അംഗീകരിക്കുന്നവർക്ക് അതനുസരിച്ച് പറയൽ അനിവാര്യമായിരിക്കും’’ (ഫത്ഹുൽ ബാരി 2/470).
ഒട്ടകമാംസം ഭക്ഷിച്ചശേഷം ‘വുദൂഅ്’ ചെയ്യണമോ എന്ന വിഷയത്തിലെ വ്യത്യസ്ത പണ്ഡിതാഭിപ്രായങ്ങൾ പറഞ്ഞശേഷം ശർഹു മുസ്‌ലിമിൽ (4/49) ഇമാം നവവി(റഹി) പറയുന്നു:
“قال أحمد بن حنبل وإسحاق بن راهويه في هذا ـ أي الوضوء من لحم الإبل ـ حديثان: حديث جابر وحديث البراء، وهذا المذهب أقوى دليلاُ وإن كان الجمهور على خلافه”،
ഇമാം അഹ്‌മദും ഇസ്ഹാക്വ് ഇബ്‌നു റാഹവൈഹിയും പറയുന്നു: “ഈ വിഷയത്തിൽ അഥവാ ഒട്ടകമാംസം കഴിച്ചാൽ വുദൂഅ് ചെയ്യണമെന്ന വിഷയത്തിൽ രണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നതാണ്. ഈ അഭിപ്രായത്തിനാണ് ഏറ്റവും ശക്തമായ തെളിവുകളുടെ പിൻബലമുള്ളത്; ഭൂരിപക്ഷം അതിന് എതിരാണെങ്കിലും.’’
‘അല്ലാഹുവല്ലാതെ ആരധനക്കർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ യുദ്ധം ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു’ എന്ന, ഇബ്‌നു ഉമർ(റ) നിവേദനം ചെയ്ത ഹദീസിന്റെ വിവരണത്തിൽ, അബൂബക്‌റും(റ) ഉമറും(റ) തമ്മിൽ സകാത്ത് നൽകാൻ വിസമ്മതിക്കുന്നവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന വിഷയത്തിൽ നടന്ന ചർച്ചയും വാഗ്വാദങ്ങളും ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജർ(റഹി) പറഞ്ഞു:
وفي القصة دليلٌ على أنَّ السنَّة قد تخفى على بعض أكابر الصحابة، ويطَّلع عليها آحادهم، ولهذا لا يُلتفتُ إلى الآراء ـ ولو قويت ـ مع وجود سنة تخالفها،ولا يُقال: كيف خفي ذا على فلان؟! “
“സുന്നത്ത് അഥവാ ഹദീസുകൾ ചിലപ്പോൾ വലിയ പ്രമുഖരായ സ്വഹാബിമാർക്ക് ലഭിക്കാതിരിക്കുകയും സാധാരണക്കാരായ സ്വഹാബിമാർ അത് അറിയുകയും ചെയ്യാനും സാധ്യതയുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. അതിനാൽ സുന്നത്ത് സ്ഥിരപ്പെട്ടുവന്നശേഷം അതിനെതിരിൽ വന്ന അഭിപ്രായങ്ങൾ ആരുടെത് തന്നെയായാലും, എത്ര ശക്തമാണെങ്കിലും അവയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. ഇന്നയിന്ന മഹാന്മാർക്ക് അതെങ്ങനെ അറിയാതെപോയി എന്ന് അത്ഭുതം കൂറേണ്ടതുമില്ല’’ (ഫത്ഹുൽ ബാരി 1/76).
وقال أيضاً (٣/٥٤٤) : “وبذلك ـ أي بإشعار الهدي ـ قال الجمهور من السلف والخلف، وذكر الطحاوي في اختلاف العلماء كراهته عن أبي حنيفة، وذهب غيرُه إلى استحبابه للاتِّباع، حتى صاحباه محمد وأبو يوسف، فقالا: هو حسن”.
ഫത്ഹുൽ ബാരിയിൽ തന്നെ പറയുന്നു: “ഹജ്ജിന് ബലിയറുക്കാനുള്ള മൃഗങ്ങൾക്ക് അടയാളം വെക്കൽ അനുവദനീയമാണെന്ന് മുൻഗാമികളും പിൻക്കാലക്കാരുമായ ഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അത് വെറുക്കപ്പെട്ടതാണെന്നു (മക്‌റൂഹ്) ആണ്. അബൂഹനീഫ(റ) അഭിപ്രായമെന്ന് ഇമാം ത്വഹാവി ഉദ്ധരിക്കുന്നു. മറ്റു പണ്ഡിതന്മാർ നബിﷺയുടെ ചര്യയെ പിൻപറ്റികൊണ്ട് അങ്ങനെ അടയാളം വെക്കൽ സുന്നത്താണെന്നും അഭിപ്രായപ്പെടുന്നു. എത്രത്തോളമെന്നാൽ ഇമാം അബൂഹനീഫ (റ)യുടെ പ്രമുഖരായ രണ്ട് ശിഷ്യന്മാർ – മുഹമ്മദ്ബ്‌നുൽ ഹസനും അബൂയൂസുഫും വരെയും അത് നല്ലതാണെന്ന് പറയുന്നു’’ (ഫത്ഹുൽ ബാരി 3/544)
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حَفِظَهُ اللَّهُ യുടെ الحث على اتباع السنة والتحذير من البدع وبيان خطرها എന്ന ഗ്രന്ഥത്തിൽ നിന്നും
വിവർത്തനം: ശമീര്‍ മദീനി
www.kanzululoom.com